Thursday, 19 October 2017

782.SLEEP TIGHT(SPANISH,2011)

782.SLEEP TIGHT(SPANISH,2011),|Mystery|Thriller|,Dir:-Jaume Balagueró,*ing:-Luis Tosar, Marta Etura, Alberto San Juan.

 
  പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ തനിക്കു ലഭിക്കാതെ പോയ സന്തോഷങ്ങള്‍ മറ്റാര്‍ക്കും കിട്ടരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍.എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അയാള്‍ക്ക്‌ തോന്നുന്നവരില്‍ വിപരീത ചിന്തകള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.പരിപൂര്‍ണമായ സാഡിസ്റ്റ് ചിന്താഗതികള്‍ ആയിരുന്നു അയാളെ നിയന്ത്രിച്ചിരുന്നത്.ധാരാളമാളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിപ്പുകാരന്‍ ആയി ജോലി ചെയ്തിരുന്ന അയാള്‍ക്ക്‌ ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവരില്‍ പലരും മടങ്ങി വരുന്നത് വരെയുള്ള ഭാവവ്യത്യസങ്ങള്‍ അറിയാമായിരുന്നു.

   അയാള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയാത്ത സന്തോഷം എന്ന വികാരം അവരില്‍ പലരില്‍ നിന്നും അകത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നു.ലൂയി ടോസ്സാര്‍ അവതരിപ്പിച്ച സീസര്‍ എന്ന കഥാപാത്രം ഇത്തരത്തില്‍ ഒരു വൈകൃത സ്വഭാവത്തിന് അടിമയായിരുന്നു.അയാളുടെ സന്തോഷത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,മറ്റുള്ളവരില്‍ അയാള്‍ അത് കാണുമ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ നിസഹായ ആയി ആശുപത്രി കിടക്കയില്‍ കഴിയുന്ന അമ്മയോട് വിവരിക്കുമായിരുന്നു.പ്രതികരണ ശേഷി ഇല്ലാത്ത അവരോടു മാത്രമേ അയാള്‍ക്ക്‌ തന്‍റെ രഹസ്യങ്ങള്‍ പറയാന്‍ കഴിയുമായിരുന്നുള്ളൂ.കാരണം അത്ര മാത്രം നീചമായ പ്രവൃത്തികള്‍ ആയിരുന്നു അയാള്‍ ചെയ്തിരുന്നത്.

  ക്ലാര ,അയാളുടെ നേരെ വിപരീതമായ സ്വഭാവം ഉള്ളവളായിരുന്നു.ആ കെട്ടിടത്തിലെ താമസക്കാരി ആയ ക്ലാര ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചിരിച്ച മുഖത്തോടെ നേരിടാന്‍ ശ്രമിച്ചിരുന്നു.സീസര്‍ അവളെ തന്‍റെ ഇരയാക്കി ആത്മസംതൃപ്തിയോടെ ദിവസങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു.തന്‍റെ ദൈനംദിന ജീവിതം അവസാനിക്കുന്നത്‌ എങ്ങനെ ആണെന്ന് പോലും അറിയാതെ അവള്‍ നിദ്രയെ പുല്‍കുമ്പോള്‍ സീസര്‍ ഒരു വിജയിയെ പോലെ തന്‍റെ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു.അയാളുടെ നീക്കങ്ങളെ എല്ലാം തെറ്റിച്ച് കൊണ്ട് ഒരു ദിവസം അപ്രതീക്ഷമായി ഒരു അതിഥി വന്നെത്തി.സീസര്‍ കുറച്ചു ദിവസങ്ങളായി കണ്ടെത്തിയിരുന്ന ആത്മസംതൃപ്തി അതോടെ അവസാനിക്കുന്നു.

  എന്നാല്‍ സീസര്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറാകുന്നില്ല.അയാളുടെ ഭ്രാന്തമായ ചിന്തകള്‍ അതിന്റെ നശീകരണ വശം കാണിച്ചു തുടങ്ങി.പിന്നീട് നടന്നതെല്ലാം പ്രേക്ഷകന്‍റെ മനസ്സില്‍ സീസറിനോട് ഉള്ള വെറുപ്പ്‌ കൂട്ടുന്നവയായിരുന്നു.സീസര്‍ എന്ന കഥാപാത്രം സിനിമ അവസാനിക്കുമ്പോഴും അയാള്‍ ക്ലാരയോട്‌ ചെയ്തത് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകനെ ഒരല്‍പം ശ്വാസം മുട്ടിക്കും എന്ന് തീര്‍ച്ച.വില്ലന്‍ കഥാപാത്രങ്ങളില്‍ ഇത്രയേറെ വെറുക്കാന്‍ കഴിയുന്നത്ര രീതിയിലുള്ള കഥാപാത്ര സൃഷ്ടി തന്നെ അപൂര്‍വ്വം ആയിരിക്കും.സീസര്‍ അണിഞ്ഞിരുന്ന മുഖമൂടി അയാളുടെ ചിന്തകളുടെ മേലെ ഉള്ള ഒരു രക്ഷാകവചം ആയിരുന്നു.

  സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ ശരിക്കും പ്രേക്ഷകനെ ഭയപ്പെടുത്തും.സ്വന്തം താമസ സ്ഥലത്ത് സുരക്ഷിത ആണെന്ന് കരുതി ദിവസങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരാള്‍ പിന്നിലുണ്ടാകും എന്ന് ആരും കരുതുന്നില്ലല്ലോ.സീസറിന് ക്ലാര എന്ന വ്യക്തി അല്ലായിരുന്നു പ്രശ്നം.അവളുടെ ജീവിതത്തിലെ സന്തോഷം ആയിരുന്നു അയാളെ ഭയപ്പെടുത്തിയിരുന്നത്‌.സ്പാനിഷ് ത്രില്ലറുകളില്‍ മികച്ച ഒന്നായി പരിഗണിക്കാന്‍ കഴിയുന്ന ചിത്രമാണ് Sleep Tight.

Saturday, 14 October 2017

781.VANISHING TIME:A BOY WHO RETURNED(KOREAN,2016)

781.VANISHING TIME:A BOY WHO RETURNED(KOREAN,2016),|Mystery|Fantasy|,Dir:-Tae-hwa Eom,*ing:-Dong-won Gang, Lee Hyo-Je, Hee-won Kim.


  തെളിവുകള്‍ കുറ്റവാളിയെയും നിരപരാധിയേയും തിരഞ്ഞെടുക്കുന്നു സംവിധാനം ആണ് നിയമവ്യവസ്ഥ ആയി സാധാരണ എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നത്.കെട്ടുക്കഥകള്‍ എത്ര മെനഞ്ഞാലും അതില്‍ നിന്നും എല്ലാം സത്യം പുറത്തു വരും എന്നുള്ള വിശ്വാസം ആണ് ജനങ്ങളെ നിയമവ്യവസ്ഥിതിയോടു ഒത്തു ചേര്‍ന്ന് പോകാന്‍ പ്രാപ്തരാക്കുന്നത്‌.Vanishing Time:A Boy Who Returned പറയുന്ന കഥ മാനുഷികമായ ബുദ്ധി വൈഭവത്തെ ചോദ്യം ചെയ്യുന്ന ഒരു കഥയുമായി സുപ്രധാനമായ ഒരു കേസില്‍ ഇത്തരം ഒരു കഥ പറയുന്ന സൂ-റിന്‍ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ്.

  ഒരു അപകടത്തില്‍ അമ്മ നഷ്ടപ്പെട്ട സൂ-റിന്‍ രണ്ടാനച്ഛനോടൊപ്പം ആണ് ജീവിക്കുന്നത്.ജോലി സംബന്ധമായ കാരണങ്ങളാല്‍ ഒരു ചെറിയ ഗ്രാമത്തില്‍ അയാള്‍ക്ക്‌ പോകേണ്ടി വന്നപ്പോള്‍ സൂ-റിന്നും അയാളോടൊപ്പം പോയി.അധികം സുഹൃത്തുക്കള്‍ ഒന്നും ഇല്ലാതിരുന്ന അവള്‍ ബ്ലോഗിലൂടെ ഭ്രാന്തമായ,കാല്‍പ്പനികത നിറഞ്ഞ അവളുടെ ചിന്തകള്‍ അവതരിപ്പിച്ചിരുന്നു.അത്തരത്തില്‍ സ്വയം നിര്‍മിതമായ ഒരു ലോകത്തില്‍ ജീവിച്ചിരുന്ന അവള്‍ക്കു ആകസ്മികമായി ലഭിച്ച സുഹൃത്തായിരുന്നു സുംഗ്-മിന്‍.സൌഹൃദത്തിനും അപ്പുറം അവരുടെ ബന്ധം വളര്‍ന്നു.

  ഒരു ദിവസം മറ്റു രണ്ടു കൂട്ടുകാരോടും ഒപ്പം പോയ അവരില്‍ സൂ-റിന്‍ മാത്രമാണ് തിരിച്ചു വന്നത്.എന്നാല്‍ അവള്‍ പറഞ്ഞ കഥകള്‍ വിശ്വാസങ്ങള്‍ക്കും അപ്പുറം ഉള്ള മുത്തശി കഥകളിലെ പോലെ ഒരു വിവരണം ആയിരുന്നു.അവളുടെ ഭാഗത്ത്‌ നിന്നും ഒരു മുത്തശി കഥ പോലെ ആരംഭിക്കുകയും പിന്നീട് കൂടുതല്‍ സങ്കീര്‍ണം ആവുകയും ചെയ്ത ആ കഥ പുസ്തക രൂപത്തില്‍ ആക്കാന്‍ വന്ന സ്ത്രീയോട് വിശദമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

   സൂ-റിന്‍ പറഞ്ഞ കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും യാഥാര്‍ത്യത്തില്‍ നിന്നുമുള്ള അകലം കൂടുതലായിരുന്നു.ഒരു പക്ഷെ അവളുടെ ജീവിത സാഹചര്യങ്ങളും അവള്‍ ബ്ലോഗില്‍ കുറിക്കുന്ന സാങ്കല്‍പ്പിക ലോകം ഒക്കെ അവളില്‍ മാനസികമായ മാറ്റങ്ങള്‍ വരുത്തിയരിക്കാം.ഒരു പക്ഷെ അവളുടെ മുന്നില്‍ വന്ന കഥാപാത്രം പറഞ്ഞ കഥ അവള്‍ വിശ്വസിച്ചതും ആകാം.പ്രായത്തിന്റെ പക്വത ഇവിടെ ഒരു ഘടകം ആണ്.കഥയുടെ മറ്റൊരു കാഴ്ച്ചപ്പാടില്‍ ഒരു പരമ്പര കൊലപാതകിയുടെ സാന്നിധ്യം ആയിരിക്കും നിയമത്തിന്റെ വഴിയില്‍ കാണാന്‍ ആവുക.സാധാരണ സങ്കീര്‍ണം ആയ പ്രമേയങ്ങള്‍ വരുന്ന ചിത്രങ്ങള്‍ക്ക് പ്രേക്ഷകന് മുന്നില്‍ സ്വന്തം ഹിതം അനുസരിച്ച് കഥ മെനഞ്ഞെടുക്കാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്.എന്നാല്‍ സൂ-റിന്‍ ആണ് ശരി എന്നുള്ള സമ്മതത്തോടെ ചിത്രം അവസാനിക്കുമ്പോള്‍ അവളുടെ ഭാവന അവതരിപ്പിക്കുന്ന ചിത്രം ആയി മാറുന്നു Vanishing Time:A Boy Who Returned.


  ഇനി സൂ-റിന്‍ പറഞ്ഞ കഥ മാത്രമായി നോക്കാം.മികച്ച ഒരു ഫാന്റസി കഥ ആയി തോന്നും.മുത്തശി കഥകളും മായിക ലോകവും,സമയത്തിന്‍റെ ഗതി വേഗം മാറി പോകുന്നതും ഒക്കെ ചിത്രത്തിന്‍റെ ഴോന്രെയോടു ഇഴകി ചേരുന്നുണ്ട്.ഒരു മിസ്റ്ററി/ക്രൈം ചിത്രം ഇത്തരത്തില്‍ ഒരു കഥാപാത്രത്തിന്റെ മാത്രം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും,അതിനോട് താതാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന ചെയ്യുന്ന രീതിയില്‍ യാതാര്‍ത്ഥ്യം എന്താണെന്ന് നേരിട്ട് അവതരിപ്പിക്കുന്ന കഥയുടെ കൗതുകം തന്നെ നല്ലൊരു കാഴ്ച്ചയാണ്.



  

Wednesday, 11 October 2017

780.HERMANO(SPANISH,2010)

780.HERMANO(SPANISH,2010),|Sports|Crime|,Dir:-Marcel Rasquin,*ing:-Fernando Moreno, Eliú Armas, Alí Rondón.


  When Soccer Meets "City of God",it's Hermano from Venenzula.

 മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരു പക്ഷെ അതിശയോക്തി ആയി തോന്നാം.ബ്രസീലിയന്‍ തെരുവുകളിലെ "കുട്ടി കുറ്റവാളികള്‍" പ്രമേയമായി വരുന്ന City of God പോലെ ഒരു ചിത്രം ഇനിയുണ്ടാവുക അസംഭവ്യം ആയിരിക്കും.പ്രത്യേകിച്ചും അത്രയും വൈകാരികമായി ആകും പ്രേക്ഷകനെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവുക.Hermano അത്തരത്തില്‍ ഒരു ചിത്രമാണ്.എന്നാല്‍ സ്പോര്‍ട്സിനു പ്രാധാന്യം കൊടുക്കുകയും,അതില്‍ സഹോദര സ്നേഹം കൂടുതല്‍ വിശദമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ക്രിമിനലുകളുടെ ലോകത്തിലേക്ക്‌ എത്തി നോക്കുന്നുണ്ടെങ്കിലും സിനിമ പൂര്‍ണം ആകുന്നതു ആ ലോകത്തില്‍ ആണ്.

   തനിക്കു വളര്‍ത്തുവാന്‍ ഒരു പൂച്ചക്കുട്ടിയെ വേണം എന്ന് വാശി പിടിച്ച കൊച്ചു ജൂലിയോ ആരോ ഉപേക്ഷിച്ച് പോയ ആയ കുഞ്ഞിന്റെ കരച്ചില്‍ ഒരു പൂച്ചക്കുട്ടിയുടെ ആയാണ് തോന്നിയത്.അവനെ എടുത്തു വീട്ടില്‍  എടുത്തു കൊണ്ട് പോകാന്‍ അമ്മ ആദ്യം സമ്മതിക്കുന്നില്ലെങ്കിലും അവരുടെ സഹജമായ മാതൃസ്നേഹം ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോകാന്‍ നിര്‍ബന്ധിതയാക്കി.വര്‍ഷങ്ങള്‍ക്കു ശേഷം യൗവന കാലത്തിലേക്ക് എത്തി ചേര്‍ന്ന ജൂലിയോയുടെ സഹോദരനും സുഹൃത്തും എല്ലാം അന്ന് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ ഡാനിയല്‍ ആണ്.

  ഫുട്ബോള്‍ ഒരു വികാരമായി കരക്കാസിലെ തെരുവുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഡാനിയല്‍ അവിടത്തെ ലോക്കല്‍ ക്ലബിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ ആണ്.ജൂലിയോ ടീമിന്‍റെ ക്യാപ്റ്റനും.ജൂലിയോ-ഡാനിയല്‍ കൂട്ടുക്കെട്ട് മികച്ച വിജയം ആയി മാറുകയും അവരുടെ ക്ലബ് ആ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു.തെരുവുകളില്‍ നിന്നും മികച്ച പ്രതിഭകളെ കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രൊഫഷനല്‍ ക്ലബുകളിലേക്ക് അവര്‍ക്ക് രണ്ടു പേര്‍ക്കും കോച്ചിന്റെ സഹായത്തോടെ ട്രയലുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നു.


  ചെറുപ്പത്തിന്റെ ചോര തിളപ്പില്‍ ജൂലിയോ അവിടെ ഉള്ള ഏതൊരു യുവാവിനെ പോലെയും മാഫിയകളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.എന്നാല്‍ ഡാനിയലിന് ഫുട്ബോള്‍ മാത്രമായിരുന്നു ജീവ.അവന്‍ തികച്ചും പാവത്താനും ആയിരുന്നു.ആഘോഷിച്ചും സന്തോഷിച്ചും പൊയ്ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തില്‍ ഒരു ദിവസം ആ സംഭവം ഉണ്ടാകുന്നു.അവരുടെ അമ്മ വെടിയേറ്റ്‌ മരിക്കുന്നു.കൊലപാതകിയെ കണ്ടെത്തി പ്രതികാരം ചെയ്യാന്‍ ജൂലിയോ തീരുമാനിക്കുന്നു.എന്നാല്‍ അതിനു പിന്നിലെ രഹസ്യം സ്വയം സൂക്ഷിക്കുന്ന ഡാനിയല്‍ ,ജൂലിയോ പ്രതികാരത്തിനു പോയാല്‍ അവനു നഷ്ടമാകാവുന്ന ഫുട്ബോളിലൂടെ ഉള്ള ജീവിതം മുന്നില്‍ക്കണ്ട് രഹസ്യം തന്നില്‍ സൂക്ഷിക്കുന്നു.


 എന്നാല്‍ എല്ലാ രഹസ്യങ്ങളും സ്ഥായിയായ രഹസ്യങ്ങള്‍ ആയിരിക്കില്ല.അതിന്റെ ആവിര്‍ഭാവത്തോടെ നഷ്ടമാകുന്നത് സ്ഥിരതയോടെ പോയിരുന്ന പലതുമാകാം.ജീവിതം,സൗഹൃദം,ജീവന്‍ അങ്ങനെ പലതും.ഒരു പ്രതികാര കഥയിലൂടെ അല്ലാതെ ചിത്രം പിന്നീട് സഞ്ചരിക്കുന്നത് മറ്റു വഴികളിലൂടെ ആണ്.സ്പോര്‍ട്സ് സിനിമ എന്ന നിലയില്‍ ഉള്ള ക്ലീഷേകള്‍ അല്‍പ്പം ഉണ്ടെങ്കിലും ചിത്രം അവതരിപ്പിക്കുന്നതില്‍ മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ്‌.ജീവിതം എന്ത് മാത്രം ക്രൂരം ആണെന്ന് തോന്നിപ്പോകും.എല്ലാം തന്നിലേക്ക് തന്നെ വന്നെത്തുന്ന സമയത്ത് ജീവിതം ഒരു ട്വിസ്റ്റ് ആയിരിക്കും നല്‍കാന്‍ ഉദ്ദേശിച്ചത്.Hermano അഥവാ സഹോദരന്‍ എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വെനിന്‍സ്വോലയിലെ വിധി വൈപരത്യതിന്റെ കഥയിലൂടെ ആണ്.

Sunday, 8 October 2017

779.ATTRACTION(RUSSIAN,2017)

779.ATTRACTION(RUSSIAN,2017),|Sci-Fi|Romance|,Dir:-Fedor Bondarchuk,*ing:-Irina Starshenbaum, Alexander Petrov, Rinal Mukhametov.

.
   വിദേശ സിനിമകള്‍ കാണാന്‍ തുടങ്ങുമ്പോള്‍ ആദ്യ കാഴ്ചകളില്‍ ഒന്ന് ഹോളിവുഡ് അന്യഗ്രഹ ജീവി  സിനിമകള്‍ ആകും.പ്രശസ്തമായ ധാരാളം അന്യഗ്രഹജീവികള്‍ കഥാപാത്രങ്ങളായി വരുന്ന ധാരാളം സിനിമകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്.ഭൂമിയെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹ ജീവികളും അവയില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കുന്ന നായക കഥാപാത്രം/കഥാപാത്രങ്ങള്‍ എന്ന സ്ഥിരം ഫോര്‍മാറ്റില്‍ ആണ് പലപ്പോഴും ഈ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.ഇടയ്ക്കിടെ വ്യത്യസ്തമായ ചിത്രങ്ങളും വന്നിരുന്നു.എന്നിരുന്നാലും ഒരു സ്ഥിരം ശൈലി ഈ ചിത്രങ്ങള്‍ പിന്തുടര്‍ന്നിരുന്നു.അത് കൊണ്ടൊക്കെ ആകും വ്യത്യസ്തമായ പ്രമേയങ്ങള്‍ കൂടുതലായി ഈ ഴോന്രെയില്‍ ഉള്ള ചിത്രങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു.Arrival പോലുള്ള ഒക്കെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും മാറി വൈകാരികമായ ഒരു രീതിയില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ ആയിരുന്നു.\

   പക്ഷെ സാധാരണ പ്രേക്ഷകര്‍ തമാശയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.എന്ത് കൊണ്ട് സൂപ്പര്‍ ഹീറോകള്‍,അന്യഗ്രഹജീവികള്‍ എന്നിവ അമേരിക്കയില്‍ കൂടുതലായി കാണപ്പെടുന്നു?രസകരമായ ചോദ്യം ആണെങ്കിലും മറ്റു ഭാഷകളില്‍ വിരളമായി മാത്രമേ ഇത്തരം സിനിമകള്‍ സംഭവിക്കാറുള്ളൂ.ഒരു പക്ഷെ നിര്‍മാണ ചിലവ് ആയിരിക്കും മുഖ്യ കാരണം.ഇത്തരത്തില്‍ ഉള്ള ചോദ്യത്തിന് ഉത്തരമായി റഷ്യയില്‍ നിന്നും വന്ന ചിത്രമാണ് Attraction.

  മേല്‍പ്പറഞ്ഞ ക്ലീഷേ കഥാഗതിയില്‍ നിന്നും അല്‍പ്പം മാറ്റം ഈ ചിത്രത്തില്‍ കാണാം.സിനിമയുടെ ആരംഭം സ്ഥിരം ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മിപ്പിച്ചു എങ്കിലും പിന്നീട്ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ  ജൂലിയ രഹസ്യങ്ങള്‍ തേടി ഇറങ്ങുമ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ സിനിമയുടെ രീതി തന്നെ മാറ്റി.ഭൂമിയെ ആക്രമിക്കാന്‍ എത്തി എന്ന് കരുതിയ മോസ്ക്കോയില്‍ വന്ന അന്യഗ്രഹ ജീവികളുടെ പേടകം ആദ്യം നാശം,ജീവഹാനി എന്നിവയിലൂടെ ഭയപ്പെടുത്തിയെങ്കിലും പിന്നീട് അവരുടെ ഉദ്ദേശ്യ ലക്‌ഷ്യം മനസ്സിലാക്കിയ സൈനിക മേധാവിയുടെ മകള്‍ ജൂലിയ അവളുടെ ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നു.

  കൗമാരക്കാലത്തെ കുസൃതികള്‍ക്കും അപ്പുറം അവള്‍ക്കു ഉണ്ടാകുന്ന പ്രണയം,അതിഥികളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവ അവളെ ഏറെ കുഴപ്പിച്ചിരുന്നു.എന്നാല്‍ Chariots of Gods ല്‍ ഒക്കെ പറയുന്നത് പോലെ മനുഷ്യ രാശിയെക്കാളും വികാസം പ്രാപിച്ച മറ്റൊരു ലോകത്തിലെ മനുഷ്യര്‍,അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്നിവ മനസ്സിലാകുമ്പോള്‍ മാറുന്നു.എന്നാല്‍ അതിനു തയ്യാറല്ലായിരുന്നു പലരും.കുറെ സംഭവങ്ങളും തീര്ച്ചയില്ലാതെ ഫലങ്ങളെ വിധി എന്ന പേരിട്ടു നമ്മള്‍ വിളിക്കുമ്പോള്‍ അത്ഭുതങ്ങള്‍ ഏറെ സംഭവിക്കാം.കാരണം പലതരം ഉത്തരങ്ങള്‍ക്കു ഉള്ള സാധ്യത ഏറെയാണ്‌.

   ഗ്രാഫിക്സ് മേഖലയില്‍ അധികം മുഷിപ്പിക്കാതെ മികച്ച നിലവാരത്തില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചതായി കാണാം സിനിമയില്‍ ഉടന്നീളം.കഥയിലും സമാനമായ നിലവാരം കാത്തു സൂക്ഷിച്ചുവെങ്കിലും ഒരു സയന്‍സ് ഫിക്ഷന്‍ എന്ന നിലയില്‍ നിന്നും മാറി ഇടയ്ക്ക് മാനുഷികമായ വികാരങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തിട്ടും ഉണ്ട്.പ്രത്യേകിച്ചും പ്രണയം,ചിന്താക്കുഴപ്പത്തില്‍ ആയ ചെറുപ്പക്കാര്‍,സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളില്‍ എങ്ങനെ ഇടപ്പെടുന്നു എന്നിവയിലൂടെ.


  പശ്ചാത്തല സംഗീതം നന്നായിരുന്നു.പ്രത്യേകിച്ചും ഇത്തരം ഒരു ചിത്രത്തിന് യോജിക്കുന്ന രീതിയില്‍ തന്നെ അത് അവതരിപ്പിച്ചിരുന്നു.മൊത്തത്തില്‍ വലിയ ക്യാന്‍വാസില്‍ തന്നെയാണ് അധികം നിലവറ തകര്‍ച്ച ഇല്ലാതെ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഹോളിവുഡ് അന്യഗ്രഹ ജീവ സിനിമകള്‍ ഒരു Bench Mark നേരത്തെ തന്നെ പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിച്ചതിനാലും ഇഷ്ടക്കുറവുകള്‍ നേടി എടുക്കാന്‍ ആയിരുന്നു സാധ്യത ഏറെയും.എന്നാല്‍ Attraction നല്‍കിയത് നല്ലൊരു ദൃശ്യാനുഭവം ആയിരുന്നു.

    ഒരു അന്യഗ്രഹ ജീവി ചിത്രം എന്നതില്‍ നിന്നും മറ്റൊരു ശ്രദ്ധേയ ഘടകം കൂടി ഈ ചിത്രത്തിന് ഉണ്ട്.2013ലെ  Biryulyovo കലാപത്തില്‍ വിദേശ പൗരന്റെ കൈകളാല്‍ കൊല്ലപ്പെട്ട റഷ്യക്കാരന് വേണ്ടി ആളുകള്‍ കലാപം നടത്തിയിരുന്നു.അത്തരത്തില്‍ സാദൃശ്യം തോന്നുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തിലും ഉണ്ടായിരുന്നു.അതായത് സാമൂഹിക പ്രസക്തമായ ഒരു കഥ കൂടി അന്തര്‍ലീനമായിരുന്നു ഈ ചിത്രത്തില്‍ എന്ന് ചുരുക്കം.വിദേശ പൗരന്റെ സ്ഥാനം അന്യഗ്രഹ ജീവികള്‍ ഏറ്റെടുത്തു എന്ന് മാത്രം.


More movie suggestions @www.movieholicviews.blogspot.ca


  

Friday, 6 October 2017

778.YEOUIDO(KOREAN,2010)

778.YEOUIDO(KOREAN,2010),|Crime|Mystery|,Dir:- Song Jung-Woo,*ing:-Kim Tae-Woo,Park Sung-Woong,Hwang Su-Jeong.


  തങ്ങളുടെ കാഴ്ചപ്പാടില്‍ ഉള്ള   അനീതിക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകും പലരും.എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ കാരണവും ,പ്രതികരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ഓര്‍ത്തു പലപ്പോഴും അതില്‍ സമന്വയം പാലിക്കുകയും ജീവിതചര്യകള്‍ ആയി പോവുകയും ചെയ്യുക ആണ് പതിവ്.അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ഉള്ള ലോക മാര്‍ക്കറ്റ് കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നതാണ് സത്യം.അതിനു ഒരു കാരണം ഇത്തരം അനീതികള്‍ക്കെതിരെ പൊരുതുന്ന അവരുടെ പ്രതിച്ഛായ ആകും.തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് സ്ക്രീനില്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് തോന്നുന്ന ആരാധന.പൊതുവായുള്ള ഒരു അഭിപ്രായം ആയി അതിനെ പറയുന്നില്ലെങ്കിലും കുറച്ചു പേര്‍ക്കെങ്കിലും അങ്ങനെ തോന്നാന്‍ സാധ്യതയുണ്ട്.

   ഒരു ശരാശരി മനുഷ്യന്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ജോലിക്ക് പോകുന്നത് മുതല്‍ അയാളുടെ കാഴ്ചപ്പാടില്‍ ഉള്ള അന്നേ ദിവസം ഉള്ള അനീതികള്‍ ആരംഭിക്കുന്നു.തന്‍റെ ജോലിയില്‍ ഉള്ള കഴിവിനെ അംഗീകരിക്കാത്ത മേധാവി.കൂടെ നിന്നു സ്വകാര്യ ലാഭങ്ങള്‍ക്കായി അയാളെ വില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍,അവഗണനകള്‍ അങ്ങനെ തുടങ്ങുന്നു ഒരാളുടെ സാധാരണ ദിവസം.അതിനൊപ്പം ജീവിതത്തിലെ ചിലവുകള്‍ ചില സമയം പ്രതീക്ഷകള്‍ക്ക് അപ്പുറം പോകുമ്പോള്‍ കടം എടുക്കേണ്ടി വരുന്ന ഒരു ശരാശരി മനുഷ്യന്‍.പണം കൊടുത്തവരില്‍ നിന്നുമുള്ള സമ്മര്‍ദം.അവര്‍ ജീവിതത്തില്‍ പോലും ഭീഷണി ആയി നിലനില്‍ക്കുന്നു.


 സ്റ്റോക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന വൂ-ജിന്‍ ഇത്തരം അവസ്ഥകളെ ദിവസേന കാണുന്ന ഒരാളാണ്.നന്നായി ജോലി ചെയ്തിട്ടും കമ്പനിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം ജോലി പോകുന്നത് അയാളുടെ ആണെന്ന് അറിയുന്നു.തന്‍റെ പരിശ്രമങ്ങള്‍ക്ക് വില ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും പോലെ അയാളും നിരാശന്‍ ആകുന്നു.അതിനൊപ്പമാണ്‌ പിതാവിന്റെ ചികിത്സ ചിലവുകള്‍ക്കായി വാങ്ങിയ പണം കൊള്ളപ്പലിശ കാരണം അയാള്‍ക്ക്‌ അടയ്ക്കാന്‍ കഴിയാത്ത രീതിയില്‍ കൂടുന്നത്.അയാളുടെ കാഴ്ചപ്പാടില്‍ തന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അനീതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല.

  ഒരു ദിവസം സഹപ്രവര്‍ത്തകന്റെ വിജയാഘോഷം നടത്തിയ ബാറില്‍ വച്ച് അയാള്‍ എത്ര മാത്രം പരിഹസിക്കപ്പെടുന്നു എന്ന് വൂ ജിന്‍ മനസ്സിലാക്കുന്നു.പലിശയ്ക്കു വാങ്ങിച്ച പണം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് അയാളുടെ ഭാര്യയും ഭീഷണികള്‍ നേരിടുന്നു.അന്ന് രാത്രി വൂ ജിന്നെ കാണാന്‍ ഒരു അതിഥി എത്തുന്നു.വൂ ജിന്‍റെ സൂപ്പര്‍മാന്‍.അടുത്ത ദിവസം പുലരുന്നത് വൂ ജിന്നെ ചതിച്ച സുഹൃത്തിന്റെ കൊലപാതക വാര്‍ത്തയോടെആണ്.വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നു.വൂ-ജിന്‍റെ ശത്രുക്കള്‍ ആണ് കൊല്ലപ്പെടുന്നതും.ഈ കൊലകള്‍ക്ക് പിന്നില്‍ ഉള്ള രഹസ്യം എന്താണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ഇരുണ്ട പശ്ചാത്തലത്തില്‍ ഈ ചിത്രം പലപ്പോഴും പിന്തുടരുന്നത് അധികം  വേഗത ഇല്ലാത്ത അവതരണ ശൈലി ആണ്.നിര്‍വികാരതയോടെ ജീവിക്കുന്ന നായകനും.എന്നാല്‍ പിന്നീട് ചിത്രം പുതിയ സംഭവ വികാസങ്ങളോടെ വേഗത കൈവരിക്കുന്നു.സൈക്കോ -ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം കൂടുതലും ശ്രദ്ധ ചെലുത്തുന്നത് മനുഷ്യ ജീവിതത്തിലെ പ്രതീക്ഷകളിലേക്ക് ആണ്.വൂ ജിന്നും അത്തരം ഒരു പ്രതീക്ഷ ലഭിക്കുന്നു.

More movie suggestions @www.movieholicviews.blogspot.ca

Tuesday, 3 October 2017

777.SINGLE RIDER(KOREAN.2017)

777.SINGLE RIDER(KOREAN.2017),|Mystery|Drama|,Dir:-Zoo Young Lee,*ing:-Byung-hun Lee, Hyo-jin Kong, Sohee.


  പ്രവചനാതീതം ആണ് ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും.ജീവിതത്തില്‍ എല്ലാം നേടാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കുടുംബം,സൗഹൃദം എന്നിവയെല്ലാം ചിലപ്പോഴെങ്കിലും മറക്കാനുള്ള മനസ്സ് കൂടി വേണം ഈ ഓട്ടപന്തയത്തില്‍ വിജയിക്കാന്‍.അങ്ങനെയുള്ള ഒരു ഓട്ടത്തില്‍ ആയിരുന്നു ജേ-ഹൂന്‍.സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു കൊറിയന്‍ കമ്പനിയിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു അയാള്‍.തന്‍റെ ജോലിയിലെ മികവിലൂടെ സ്വപ്നം കണ്ട ഒരു ജീവിതം ആസ്വദിക്കുകയായിരുന്നു.

  എന്നാല്‍ അപ്രതീക്ഷിതമായി കമ്പനിയ്ക്ക് നഷ്ടങ്ങള്‍  സംഭവിക്കുകയും,അയാളെ വിശ്വസിച്ചു പണം മുടക്കിയ ക്ലൈന്റുകള്‍ അയാളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.താന്‍ നേടിയതെല്ലാം കൈ വിട്ടു പോകുന്നതായി അയാള്‍ക്ക്‌ തോന്നുന്നു.ജോലി കഴിഞ്ഞു തിരികെ എത്തിയ അയാള്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിക്കുന്നു.ജേ-ഹൂന്‍റെ ഭാര്യയും മകനും അവിടെയാണ് ഉള്ളത്.സംഗീതത്തില്‍ താല്‍പ്പര്യം ഉള്ള ഭാര്യ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായാണ് ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നത്.ജേ-ഹൂന്‍ അവരെ അറിയിക്കാതെ തന്‍റെ കുടുംബത്തെ കാണാനായി യാത്ര തിരിച്ചു.


   ഓസ്ട്രേലിയയില്‍ എത്തിയ ജേ-ഹൂന്‍ കണ്ട സംഭവങ്ങള്‍ അയാളുടെ പ്രതീക്ഷകളുടെ അപ്പുറത്ത് ഉള്ളവയായിരുന്നു.അവിടെ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്ക് എല്ലാം താനും ഉത്തരവാദി ആണെന്നുള്ള ബോധ്യം ഉള്ളത് കൊണ്ടായിരിക്കണം അയാള്‍ മൂകനായ ഒരു കാഴ്ചക്കാരനെ പോലെ അവിടെ നിന്നത്.അകലെ നിന്ന് തന്‍റെ പ്രിയപ്പെട്ടവരേ അയാള്‍ നോക്കി കണ്ടൂ.അസുഖം ബാധിച്ച മകന്റെ അവസ്ഥ,ഭാര്യ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതം എല്ലാം അയാളില്‍ നിരാശ കൂട്ടിയാതെ ഉള്ളൂ.

  മേല്‍പ്പറഞ്ഞ കഥ കേള്‍ക്കുമ്പോള്‍ സാധാരണ ഒരു കുടുംബ കഥ ആയി മാത്രം തോന്നാം ഈ ചിത്രം.എന്നാല്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് മാറ്റം വന്നത് പോലെ ജേ-ഹൂനും മാറ്റം വന്നിരുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ പോലും മനസിലാകാന്‍ കഴിയാത്ത മാറ്റം.ജീവിതത്തില്‍ ഒറ്റപ്പെട്ട അയാള്‍ക്ക്‌ പുതുതായി ലഭിച്ച സൗഹൃദം,പരിചയങ്ങള്‍ എന്നിവ അയാള്‍ക്ക്‌ ചെറിയ രീതിയില്‍ ആശ്വാസമായിരുന്നു.എന്നാല്‍ തന്നില്‍ തന്നെ വന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ അയാള്‍ വൈകി പോയി.എന്ത് മാറ്റം ആണ് ജേ-ഹൂന് സംഭവിച്ചത്?ആ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  നവാഗതന്‍ ആയ സൂ യംഗ് ലീ പറയാന്‍ ഉദ്ദേശിച്ച കഥയ്ക്ക്‌ അല്‍പ്പം പുതുമ അവകാശപ്പെടാം.പ്രത്യേകിച്ചും അധികം സൂചനകള്‍  ഒന്നും നല്‍കി പ്രേക്ഷകനെ കുഴപ്പിക്കാതെ ഒരു രഹസ്യത്തിലേക്ക് അടുക്കുന്ന രീതിയില്‍,പ്രതീക്ഷിക്കുന്ന കഥയില്‍ നിന്നും വിഭിന്നം ആയുള്ള ഒരു കഥ അവതരിപ്പിച്ചതിന്.പ്രത്യേകിച്ചും അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങളിലൂടെ  ആണ് പ്രേക്ഷകന് ചിത്രത്തിന്‍റെ അവസാന ഭാഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുക.മനുഷ്യ ശരീരം നശ്വരമായ ഒന്നാണ്.എന്നാല്‍ അതിന്റെ ശേഷിപ്പുകള്‍?

More movie suggestions @www.movieholicviews.blogspot.ca

Sunday, 1 October 2017

776.MILLION DOLLAR BABY(ENGLISH,2004)

776.MILLION DOLLAR BABY(ENGLISH,2004),|Drama|Sport|,Dir:-Clint Eastwood,*ing:-Clint Eastwood,Hilary Swank,Morgan Freeman.

   ഏറ്റവും അധികം ക്ലീഷേ ഉള്ള ഴോന്രെ സ്പോര്‍ട്സ് പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ആണെന്ന് തോന്നുന്നു.ഒരേ കഥാഗതി ആയിരിക്കും ഇവയ്ക്കെല്ലാം.താഴ്ന്ന നിലയില്‍ നിന്നും വരുന്ന നായകന്‍/നായിക-നല്ല കോച്ചിന്റെ കീഴില്‍ കഴിവ് തെളിയിക്കുന്നു-ചതി/അപകടം സംഭവിക്കുന്നു-ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു വരുന്നു.ഇതെല്ലം മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ കാണാന്‍ പോകുന്ന ചിത്രത്തിലെ കഥാഗതി ഇതാണ് എന്ന് അറിഞ്ഞിട്ടും കാണുന്നതിനു ഒരു കാരണം സ്പോര്‍ട്സ് നല്‍കുന്ന ആവേശം ആയിരിക്കും.പ്രത്യേകിച്ചും ക്ലൈമാക്സ്‌ രംഗങ്ങളുടെ അവതരണത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടി വരുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് എവിടെയെങ്കിലും പിഴച്ചാല്‍ തീരും ആ സിനിമയുടെ വിധി.


   2004 ലെ ഓസ്ക്കാര്‍ വേദിയില്‍ 7 വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിക്കുകയും മികച്ച ചിത്രം-സംവിധായകന്‍-നായിക-സഹ നടന്‍ എന്നീ മുഖ്യ മേഖലകളില്‍ അവാര്‍ഡ് നേടിയ ചിത്രം ആണ് Million Dollar Baby.അഭിനയ-സംവിധാന മേഖലകളില്‍ തന്‍റെ പ്രായത്തെ പോലും വെല്ലു വിളിച്ചുക്കൊണ്ട് ലോക സിനിമയിലെ  ഇതിഹാസമായി മാറിയ ക്ലിന്റ് ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച ഈ ചിത്രം സ്പോര്‍ട്സ്/ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.

  എന്നാല്‍ തുടക്കത്തില്‍ പറഞ്ഞ ക്ലീഷേകളില്‍ നിന്നും ചിത്രം വളരെയേറെ മാറുന്നും ഉണ്ട്.മാഗി എന്ന് വിളിപ്പേരുള്ള ആ യുവതി രെസറ്റൊരന്റില്‍ ആണ് ജോലി ചെയ്യുന്നത്.തന്‍റെ ജീവിതം ആരോരും അറിയാതെ അവസാനിക്കും എന്ന തോന്നലാകും അവളെ ബോക്സിംഗ് വേദിയില്‍ എത്തിക്കുന്നത്.ജിമ്മില്‍ ചേര്‍ന്ന അവള്‍ ബോക്സിംഗ് പരിശീലനത്തിനായി ഫ്രാങ്കിയെ സമീപിച്ചപ്പോള്‍ താന്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാറില്ല എന്നതായിരുന്നു ഉത്തരം.എന്നാല്‍ അവള്‍ അവിടെ തോറ്റ് പിന്മാറാന്‍ തയ്യാറായില്ല.അവള്‍ കാത്തിരുന്നു,കഠിനമായി പരിശ്രമിച്ചു.33 ആം വയസ്സില്‍ അവള്‍ ഫ്രാങ്കിയുടെ ശിഷ്യ ആയി ചില ഉപാധികളോടെ മാറുമ്പോള്‍ അവളുടെ മികവിനെ കുറിച്ച് ഫ്രാങ്കിക്ക് പോലും ഉറപ്പു ഉണ്ടായിരുന്നില്ലയിരിക്കാം.

  എന്നാല്‍ തന്നോട് തര്‍ക്കിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത് എന്നുള്ള ഫ്രാങ്കിയുടെ നിര്‍ദേശം നില്‍ക്കുമ്പോള്‍ താനെ അയാളുടെ ഉപദേശങ്ങള്‍ തന്റെതായ രീതിയില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച മാഗി പെട്ടന്ന് തന്നെ റിങ്ങില്‍ താരമായി മാറി.ആരാധകരുടെ പ്രിയപ്പെട്ട "Mo chúisle"ആയി മാറി.പല രാജ്യങ്ങളിലും അവളുടെ വിജയം ആഘോഷിച്ചു.എന്നാല്‍ ഈ സമയത്താണ് അപ്രതീക്ഷിതമായി ആ ദുരന്തം സംഭവിക്കുന്നത്‌.

  ഈ ഒരു കഥാഗതിയില്‍ നിന്നും ചിത്രം എങ്ങോട്ടായിരിക്കും പോവുക എന്നത് ഊഹിക്കാന്‍ ആര്‍ക്കും സാധിക്കും.എന്നാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ് Million Dollar Baby യെ അവതരിപ്പിക്കുന്നത്‌ കൂടുതല്‍ വൈകാരികമായ ,drama elements നു പ്രാമുഖ്യം നല്‍കിയാണ്‌.ഇടയ്ക്കൊക്കെ മാഗിയുടെ ചോദ്യങ്ങള്‍ ഫ്രാങ്കിയെ കുഴപ്പിചിരുന്നെങ്കിലും അവളുടെ ജീവിതം തന്നെ അയാളുടെ മുനില്‍ ഒരു ചോദ്യ ചിഹ്നം ആയി മാറുന്നു.മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വം ആണ് പിന്നീടുള്ള രംഗങ്ങള്‍.കുടുംബാംഗങ്ങളുടെ പെരുമാറ്റം മുതല്‍ ജീവിതത്തില്‍ ഇനി എന്ത് എന്ന ചോദ്യം പല കഥാപാത്രങ്ങളിലും ഉളവാക്കുന്ന ഒരു അവസ്ഥ.

  ഹിലാരി സ്വന്ക്,മോര്‍ഗന്‍ ഫ്രീമാന്‍,ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നിവരുടെ പക്വതയേറിയ അഭിനയം ഈ കഥാപാത്രങ്ങള്‍ ആയി മാറുവാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് തന്നെ തോന്നിപ്പിച്ചു.പ്രത്യേകിച്ചും ഹിലാരിയുടെ മാഗി.തുടക്കത്തില്‍ നിസഹായതയും ഒപ്പം നിഷ്ക്കളങ്കവും ആയ മാഗി പിന്നീട് തന്‍റെ വിജയങ്ങള്‍ നേടുമ്പോഴും കാത്തു സൂക്ഷിച്ച ,വിജയത്തില്‍ അധികം മതി മറക്കാതെ കത്ത് സൂക്ഷിച്ച വ്യക്തിത്വം,അവസാനം അവള്‍ ഒന്നിനും സാധിക്കാതെ കഴിയും എന്ന അവസ്ഥയില്‍ ഉണ്ടായ നിസഹായവസ്ഥ എന്നിവ പ്രേക്ഷകന്റെ അമന്‍സ്സില്‍ ചിത്രം കഴിഞ്ഞാലും അവശേഷിക്കും.മികച്ച സിനിമകളില്‍ ഒന്നാണ് Million Dollar Baby,ഒരു പ്രത്യേക ഴോന്രെയുടെ ചട്ടക്കൂട്ടില്‍ നിര്‍ത്താതെ ആസ്വദിക്കാവുന്ന ചിത്രം.

More movie suggestions @www.movieholicviews.blogspot.ca


   

1995. Drop ( English, 2025)