Wednesday, 12 July 2017

764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985)

764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985),|Mystery|Crime|,Dir:- K.N. Sasidharan,*ing:-Gopi, Jayabharati, Mammootty.

കുറ്റാന്വേഷണ സിനിമകൾ സ്ഥിരമായി പിന്തുടരുന്ന ഒരു ഫോർമാറ്റ് ഉണ്ട്.കഥാപാത്രങ്ങളെ കുറിച്ചുള്ള ആമുഖം സിനിമയുടെ കഥയുമായി അധികം ബന്ധമില്ലാത്ത സന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുക.പ്രത്യേകിച്ചും അന്വേഷണം നടത്തുന്ന ആളുകളുടെ സ്വഭാവം വരച്ചു കാട്ടുന്ന രീതിയിൽ.

  എന്നാൽ ഇതൊന്നും ഇല്ലാതെ അവതരിപ്പിക്കാൻ ഉദ്ദേശിച്ച കഥ ആദ്യ സീൻ മുതൽ പറഞ്ഞു തുടങ്ങുന്ന ചിത്രമാണ് 'കാണാതായ പെണ്കുട്ടി'.ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ചും സ്ഥിരമായി ഉപയോഗിക്കുന്ന formula യിൽ നിന്നും വ്യതിചലിച്ച ,കാലത്തിനു മുൻപ് സഞ്ചരിച്ച ചിത്രം എന്നു വിശേഷിപ്പിക്കാം എന്നു തോന്നുന്നു ഇതിന്റെ അവതരണ രീതി.

  സ്ക്കൂളിൽ നിന്നും ടൂർ പോകുന്ന പതിനഞ്ചു വയസുള്ള പെണ്കുട്ടിയെ കാണാതാകുന്നു.ടൂറിന് പോകുന്ന വഴി ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചുവെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ട പെണ്കുട്ടി സ്ക്കൂളിൽ നിന്നും വീട്ടിലേക്കു പോയി എന്നാണ് അധ്യാപകരും സുഹൃത്തുക്കളുടെയും ഭാഷ്യം.എന്നാൽ മകൾ വീട്ടിലേക്കു വന്നിട്ടില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്.

  ഈ കേസിന്റെ അന്വേഷണം ആദ്യം പെണ്കുട്ടിയുടെ പ്രായം കാരണം ആരുടെയെങ്കിലും കൂടെ പോയതായിരിക്കും എന്ന അഭിപ്രായം വന്നു കഴിയുമ്പോൾ ആണ് റെയിൽവേ ട്രാക്കിൽ അടുത്തു ഒരു ശവ ശരീരം കാണപ്പെട്ടു എന്ന വാർത്ത വരുന്നത്.അതവൾ ആയിരുന്നു. "കാണാതായ പെണ്കുട്ടി".അവൾക്കു അന്ന് എന്താണ് സംഭവിച്ചത്?എങ്ങനെ ആണവൾ കൊല്ലപ്പെട്ടത്?സ്ക്കൂളിൽ നിന്നും വീട്ടിലേക്കു പോയ വഴിയിൽ എന്താണ് അവൾക്കു സംഭവിച്ചത്?തെളിവുകൾ അധികം ഇല്ലാതിരുന്ന ഈ മരണം കൊലപാതകം ആണോ അതോ മറ്റെന്തെങ്കിലും? കൂടുതൽ അറിയാൻ ചിത്രം കാണുക.

  അക്കാലത്തെ നല്ലൊരു താര നിര തന്നെ ഉണ്ടായിരുന്നു ചിത്രത്തിൽ.ഭരത് ഗോപി,ജയഭാരതി,തിലകൻ തുടങ്ങി തുടക്കക്കാരൻ ആയ മമ്മൂട്ടി വരെ നീളുന്ന നിര.എന്നാൽ ശ്രീരാമൻ,രാമചന്ദ്രൻ തുടങ്ങിയവർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.തികച്ചും കഥയ്ക്ക് മാത്രം പ്രാമുഖ്യം കൊടുത്തു കൊണ്ടു ഒരു കുറ്റാന്വേഷണ സിനിമ ഇക്കാലത്തു പോലും എത്ര മാത്രം പ്രായോഗികം ആണ് എന്നതു ഓർക്കുക.

  എന്തായാലും അധികം ഗിമിക്കുകൾ,നായക പ്രശംസകൾ ഒന്നുമില്ലാതെ ഒരു ചെറിയ ഗ്രാമത്തിൽ ലഭ്യമായ അന്വേഷണ സൗകര്യങ്ങൾ ഉപയോഗിച്ചു എടുത്ത നല്ലൊരു കുറ്റാന്വേഷണ ചിത്രമായി തോന്നി കെ എൻ ശശിധരൻ സംവിധാനം ചെയ്ത ബാബു മാത്യു രചന നിർവഹിച്ച ഈ കൊച്ചു ചിത്രം.

More movie suggestions @www.movieholicviews.blogpot.ca

Tuesday, 11 July 2017

763.13B:FEAR HAS A NEW ADDRESS(HINDI,2009)

763.13B:FEAR HAS A NEW ADDRESS(HINDI,2009),|Horror|Thriller|Mystery|,Dir:-Vikram K. Kumar,*ing:-Madhavan, Neetu Chandra, Poonam Dhillon.


    ടെലിവിഷന്‍ ഒരു ആര്‍ഭാടം എന്ന നിലയില്‍ നിന്നും മാറി എല്ലാ വീട്ടിലും സാധാരണയായി കാണുന്ന വസ്തുവായി മാറിയിട്ട് കാലം ഏറെ ആയി.ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം തുടങ്ങിയതോട് കൂടി ഇന്ത്യയിലെ ഓരോ വീടിന്റെയും ഭാഗമായി മാറിയ ടി വി പിന്നീട് വന്ന കേബിള്‍ കണക്ഷനിലൂടെ കൂടുതല്‍ ജനകീയമായി മാറി.ദൂരദര്‍ശന്റെ ഏകാധിപത്യം അവസാനിച്ചതിന് ശേഷം ഉള്ള ലോകത്തില്‍ നിന്നും ഏറെ മാറി ആണ് ഇപ്പോള്‍ ടെലിവിഷന്‍ ഉള്ളത്.സാദ്ധ്യതകള്‍ ഏറെ ഉള്ള ഒരു ഇലക്ട്രോണിക് ഉപകരണം ആയി മാറി അതിന്റെ ഓരോ പടവുകളിലും.

  13B (യാവരും നലം :തമിഴ്) അവതരിപ്പിച്ചത് ടെലിവിഷന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു ഹൊറര്‍ സിനിമ ആയാണ്.ഹൊറര്‍ പരമ്പരയായ Ring ല്‍ ടെലിവിഷന്‍ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ ഉള്ള ശ്രമം വിജയകരമായി നടന്നിരുന്നു.അതില്‍ നിന്നും മാറി ചിന്തിച്ചുള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിന് ഉള്ളത്.


  മനോഹറും കുടുംബവും പുതുതായി താമസം മാറി വന്നതാണ് ആ സ്ഥലത്തേക്ക്.ജിവിതത്തില്‍ ഇനി സമ്പാദിക്കുന്ന പണം മുഴുവനും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തിലേക്ക് ചിലവഴിക്കാന്‍ ജ്യേഷ്ഠനും ആയി തീരുമാനിച്ചതിന്റെ ഫലം ആണ് 13 ആം നിലയില്‍ ഉള്ള ആ അപാര്ട്ട്മെന്റ്റ്.ആര്‍ക്കും അസൂയ തോന്നി പോകുന്നത്ര ഐക്യം ഉള്ള കുടുംബാംഗങ്ങള്‍,സമൂഹത്തില്‍ മാന്യത ഉള്ള ജോലി,ചുറ്റുപാടുകള്‍.ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച് എല്ലാം ആയി എന്ന് പറയാവുന്ന സ്ഥിതി വിശേഷം.

   സാധാരണ ഇന്ത്യന്‍ വീടുകളിലെ പോലെ അവിടത്തെ സ്ത്രീകളും സീരിയലുകളുടെ ആരാധകര്‍ ആയിരുന്നു.The Great Indian Soaps ന്‍റെ ആരാധകര്‍ ആയ അവരുടെ അടുക്കലേക്കു ആണ് ആ പുതിയ ചാനല്‍ വരുന്നത്.ഉച്ചയ്ക്ക് ഒരു മണിക്ക് പതിമൂന്നാം ചാനലില്‍ അവര്‍ ആ സീരിയല്‍ കാണാന്‍ തുടങ്ങി.Sab Khairiyat എന്ന ആ സീരിയലിനു രണ്ടു പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

1.ആ സീരിയല്‍ അവരുടെ ടി വിയില്‍ മാത്രം ആയിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്.
2.ആ സീരിയലില്‍ അവതരിപ്പിക്കുന്ന കഥ. (?)

  എന്തായിരുന്നു ആ സീരിയലിന്റെ കഥ?ഒരു ഹൊറര്‍ ചിത്രം ആയി ഈ ചിത്രം എങ്ങനെ മാറുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കാരണം സിനിമയുടെ ആരംഭം മുതല്‍ അതില്‍ കാത്തു സൂക്ഷിച്ച മൂഡ്‌ ഒരു കുടുംബ ചിത്രം എന്ന നിലയില്‍ ആയിരുന്നു ഭൂരിഭാഗവും.

  ഇന്ത്യന്‍ കുടുംബങ്ങളിലെ ആദ്യ കാഴ്ച്ചയുടെ ശീലങ്ങള്‍ മുതല്‍ വര്‍ത്തമാന കാലം വരെ ഉള്ള കാഴ്ച്ചയുടെ വ്യത്യാസങ്ങള്‍ സൂക്ഷ്മമായി ചിത്രത്തില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.ഒപ്പം ചിത്രം പറയുന്ന കഥ ഹൊറര്‍ ആണെങ്കിലും ആവശ്യത്തിനു മിസ്റ്ററി/സസ്പന്‍സ് elements കൂടി ചേര്‍ത്താണ് അവതരിപ്പിച്ചത്.

 കണ്ടു മടുത്ത,കേട്ട് പഴകിയ ഇന്ത്യന്‍ ഹൊറര്‍ സിനിമകളില്‍ നിന്നും ഒരു ആശ്വാസം ആയിരുന്നു ഈ ചിത്രം.പ്രമേയത്തിലെ പുതുമയും പ്രേക്ഷകനില്‍ തങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് ഒരു ഹൊറര്‍ ചിത്രം ആണ് എന്ന് തോന്നിപ്പിക്കാന്‍ അധികം ഗ്രാഫിക്കല്‍ ഗിമിക്കുകള്‍ ഉപയോഗിക്കാതെ സാഹചര്യങ്ങളിലൂടെ (ലിഫ്റ്റ്,മൊബൈല്‍ ക്യാമറ....തുടങ്ങിയവയിലൂടെ) സൂചനകള്‍ നല്‍കിയാണ്‌ അവതരിപ്പിച്ചത്.

  ഇന്ത്യന്‍ ഹൊറര്‍ സിനിമകളിലെ നല്ല ഹൊറര്‍ ചിത്രങ്ങളില്‍ എന്നും 13B ഉണ്ടാകും.കാരണം ചിത്രം ചെറിയ രീതിയില്‍ സാമ്പ്രദായികമായ അച്ചില്‍ നിന്നും ഉള്ള മാറ്റത്തിന് ശ്രമിച്ചു എന്നത് തന്നെ.ചിത്രത്തിന്റെ അവസാനം ചെറിയ ട്വിസ്ട്ടുകളിലൂടെ അവസാനിക്കുമ്പോള്‍ അധികം മോശമല്ലാത്ത ഈ genre ല്‍ ഉള്ള ചിത്രം കണ്ട സംതൃപ്തി ഉണ്ടാകും.

More movie suggestions @www.movieholicviews.blogspot.ca

762.ROYAL BENGAL RAHASYA(BENGALI,2011)


762.ROYAL BENGAL RAHASYA(BENGALI,2011),|Mystery|Thriller|,Dir:-Sandip Ray,*ing:-Sabyasachi Chakraborty, Saheb Bhattacharjee, Bibhu Bhattacharya



"Old man in the hollow of people's tree.
Five times a dozen,less 2 and 3.
Face the rising sun,and walk the left point.
Where Arjuna waits with his palms joint.
Amidst them,search a thing.
Make a dind to stagger,even a King".


    പ്രദോഷ് സി മിതർ അഥവാ Feluda എന്ന സത്യജിത് റേയുടെ ഫിക്ഷൻ കഥാപാത്രമായ കുറ്റാന്വേഷകൻ, മഹിതോഷ് സിംഗ റോയ് എന്ന ധനികന്റെ ക്ഷണപ്രകാരം ഭൂട്ടാൻ അതിർത്തിയിൽ ഉള്ള ആ ഗ്രാമത്തിൽ എത്തിയപ്പോൾ കൊടുത്ത സമസ്യ ആണ്.Royal Bengal Rahasya സംവിധാനം ചെയ്തത് സന്ദീപ് റേ ആണ് .സത്യജിത് റേയുടെ ഒരേ ഒരു മകൻ.

   സത്യജിത് റേ രൂപം കൊടുത്ത "ഷെർലോക് ഹോംസ്" എന്നു വിളിക്കാം പ്രദോഷ് എന്ന കഥാപാത്രത്തെ.സന്ദേശ് എന്ന കുട്ടികളുടെ മാസികയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ കഥാപാത്രം പിന്നീട് ഒട്ടേറെ സിനിമകളിലൂടെയും നാടകങ്ങളിലൂടെയും പ്രേക്ഷകന്റെ മുന്നിൽ എത്തി.Sonar Kella,Baba Felunath എന്നീ സിനിമകൾ സത്യജിത് റേ നേരിട്ട് സംവിധാനം ചെയ്യുകയും പിന്നീട് സന്ദീപ് റേ അതൊരു ഫ്രാഞ്ചൈസി ആക്കി മാറ്റുകയും ആണ് ഉണ്ടായായത്‌.

 ഹോംസിന് വാട്സൻ എന്ന പോലെ പ്രദോഷിന് ബന്ധുവായ തപേഷ് ഉണ്ടായിരുന്നു.ഒപ്പം പിന്നീട് അവതരിപ്പിച്ച ജടായൂ എന്ന എഴുത്തുകാരനും.

21 Rajani Sen Road,
Ballygunge ,Kolkata എന്ന മേൽവിലാസം തന്റെ കഥാപാത്രത്തിന് റേ നൽകുകയുണ്ടായി. (221ബി ബേക്കർ സ്ട്രീറ്റ് പോലെ).ബംഗാളി സിനിമ പരമ്പരയിൽ Feluda കഥാപാത്രത്തെ അവതരിപ്പിച്ച ഏഴാമത്തെ ചിത്രം ആണ് Royal Bengal Rahasya.


   മനുഷ്യഭോജികൾ ആയ കടുവകൾ ഉള്ള കാടിനു അടുത്തായിരുന്നു ആ വലിയ ബംഗ്ളാവ്.ദുരൂഹതകളും ചരിത്രവും ഉറങ്ങുന്ന അവിടെ മഹിതോഷ്,അയാളുടെ സെക്രട്ടറി ആയ താരിത്,സുഹൃത്തായ ശശാങ്ക,പിന്നെ മഹിതോഷിന്റെ സഹോദരൻ എന്നിവർ ആണ് ഉണ്ടായിരുന്നത് മറ്റു ജോലിക്കാരോടൊപ്പം.

  തന്റെ പൂർവികരുടെ വീര കഥകൾ പറയാൻ ആഗ്രഹിക്കുന്ന മഹിതോഷ് തന്റെ കുടുംബ ചരിത്രം എഴുതാൻ ഉള്ള ശ്രമത്തിൽ ആണ്.താരിത് ആണ് അതിനു സഹായിക്കുന്നത്.

പ്രദോഷിന് തന്റെ മുത്തച്ഛൻ എഴുതി വച്ച സമസ്യ കണ്ടു പിടിക്കാൻ അയാൾ 6 ദിവസം ആണ് നൽകിയിരിക്കുന്നത്.പ്രദോഷിന് വളരെ കൗതുകം തോന്നി ആ സമസ്യയിൽ.അദ്ദേഹം അതിനു പുറകെ പോകുമ്പോൾ ആണ് എന്ന് രാത്രി അവിടെ അതു സംഭവിച്ചത്.താരിത് ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.പോലീസ് അയാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആണെന്ന് വിധിയെഴുതാൻ പോകുമ്പോൾ ആണ് പ്രദോഷ് അസാധാരണമായ ഒന്നു അവിടെ കണ്ടെത്തുന്നത്.

സമസ്യയുടെ ഉത്തരം കണ്ടെത്താൻ വന്ന പ്രദോഷ് അങ്ങനെ മറ്റൊരു സാഹസികതയിൽ കൂടി പങ്കാളിയാകുന്നു.ആ സാഹസികതയുടെ കഥ ആണ് Royal Bengal Tiger അവതരിപ്പിക്കുന്നത്.താരിത് എങ്ങനെ ആണ് കൊല്ലപ്പെടുന്നത്?ആ വലിയ ബംഗ്ളാവിനെ ചൂഴ്ന്നു നിൽക്കുന്ന രഹസ്യം എന്താണ്?എന്തായിരുന്നു പ്രദോഷിന് ഉത്തരം കണ്ടെത്തേണ്ട സമസ്യയുടെ രഹസ്യം?കൂടുതൽ അറിയാൻ ചിത്രം കാണുക.

  ചിത്രം കാണുമ്പോൾ മനസ്സിൽ വന്നത് പണ്ട് തൊണ്ണൂറുകളിൽ ബാലരമ,പൂമ്പാറ്റ തുടങ്ങിയവയിൽ ഒക്കെ വായിക്കുമ്പോൾ ലഭിക്കുന്ന അക്കാലത്തെ ഇന്നത്തെ നിറങ്ങൾ ഇല്ലാത്ത കഥാപാത്രങ്ങളുടെ അവതരണ ശൈലി ആയിരുന്നു.കഥ ഇന്നത്തെ സാഹചര്യങ്ങളിലേക്കു മാറ്റിയെങ്കിലും കഥാവതരണം ഏറെ പുറകിൽ ഉള്ള അന്നത്തെ വായനയുടെ ഓർമകളിലേക്ക് കൊണ്ടു പോയി.

 ഒരു കുറ്റാന്വേഷകന്റെ സ്ഥായിയായ നിരീക്ഷണ പാടവവും സാമർത്ഥ്യവും ഒരു പോലെ യോജിപ്പിച്ച കഥാപാത്ര സൃഷ്ടി പ്രേക്ഷകനിൽ കൂടുതൽ താൽപ്പര്യം ഉണ്ടാക്കും.പഴയ കാലത്തിന്റെ രഹസ്യങ്ങളും ചരിത്രവും ഒരു മുത്തശ്ശി കഥ പോലെ ലാളിത്യത്തോടെ അവതരിപ്പിക്കുകയും അതു സിനിമ എന്ന മീഡിയ വഴി ഇന്നത്തെ പ്രേക്ഷകനിലും കഥാപാത്രങ്ങളിലൂടെ ആ കാലം ഒക്കെ അവതരിപ്പിക്കുന്നത് തീർത്തും പ്രശംസനീയം ആണ്.

  ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങൾ,പുസ്തകങ്ങൾ എന്നിവ ഒരു പക്ഷെ വന്നത് ബംഗാളിയിൽ നിന്നും ആകാം.അതു കൊണ്ടു തന്നെയാകാം ഒരു കാലത്തിന്റെ ഓർമകൾ വീണ്ടും തിരികെ നൽകാൻ ഇത്തരം ചിത്രങ്ങൾക്ക് കഴിയുന്നതും.മികച്ച എഴുത്തുകാരുടെ സാന്നിധ്യം ആയിരിക്കും ഇതിനു കാരണം.ഒരു സിനിമ എന്ന നിലയിൽ ഒരു ഇന്ത്യൻ കുറ്റാന്വേഷണ നോവൽ വായിക്കുന്ന സുഖത്തിൽ കാണാം ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

Monday, 10 July 2017

761.HOUSE OF THE DISAPPEARED(KOREAN,2017)

761.HOUSE OF THE DISAPPEARED(KOREAN,2017),|Thriller|Mystery|Fantasy|,Dir:-Dae-wung Lim,*ing:-Do-bin Baek, Jae-yoon Jo, Yunjin Kim.



   താന്‍ ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ള കുറ്റത്തിന് ഉത്തരവാദിത്തം തന്നില്‍ നിക്ഷേപിച്ച് ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുന്ന 'പ്രതിയുടെ' അവസ്ഥ എന്താകും?പക്ഷേ കുറ്റ കൃത്യം നടന്ന പരിസരങ്ങളില്‍ തെളിവായി ആ 'പ്രതിയുടെ' അടയാളങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു എങ്കില്‍ ലഭ്യമായ തെളിവുകളുടെ,അതും വ്യക്തമായ തെളിവുകള്‍ ലഭ്യമായ നീതിന്യായ വ്യവസ്ഥയില്‍ ഒരാളെ കുറ്റവാളി ആയി മാത്രമേ പരിഗണിക്കൂ.

  അത്തരം ഒരു അവസ്ഥയിലൂടെ ആണ് ആ സ്ത്രീ കടന്നു പോകുന്നത്.ജീവിതത്തില്‍ ഒന്നൊഴിയാതെ അവരെ ദുരന്തങ്ങള്‍ പിന്തുടരുന്നു.അവസാനം നടന്നത് അന്ന് രാത്രി നടന്ന ആ കൊലപാതകവും തിരോധാനവും ആണ്.കൊല്ലപ്പെട്ടത് മി ഹീ എന്ന യുവതിയുടെ ഭര്‍ത്താവ്.ദുരൂഹമായി അപ്രത്യക്ഷനായത് അവരുടെ മകനും.ഭര്‍ത്താവിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയിലും എല്ലാം അവശേഷിച്ചത് അവരുടെ വിരല്‍പ്പാടുകള്‍ മാത്രം.

 ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ ശിക്ഷ അവസാനിച്ച അവര്‍ വീണ്ടും ആ പഴയ വീട്ടില്‍ വരുന്നു.വിവാഹം കഴിഞ്ഞ സമയത്ത് അവര്‍ക്ക് താമസിക്കാനായി തുച്ഛമായ വിലയ്ക്ക് വാങ്ങിച്ച ആ വീട്ടിലേക്കു.അവര്‍ അന്ന് രാത്രി നടന്ന സംഭവങ്ങളെ കുറിച്ച് പറയുന്നത് കേട്ടാല്‍ ആരും വിശ്വസിക്കില്ല.പ്രത്യേകിച്ചും വാതിലിനപ്പുറം ഉള്ള അടയ്ക്കപ്പെട്ട ചുമരിലൂടെ അപ്രത്യക്ഷന്‍ ആയ മകനെ കുറിച്ച്.അവരുടെ തിരിച്ചു വരവില്‍ അവര്‍ക്ക് ഒരു വിശ്വാസം ഉണ്ട്.കാണാതായ മകനെ കണ്ടെത്തും എന്ന് ഒരു വിശ്വാസം.വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു.അവര്‍ വൃദ്ധയായി .എങ്കിലും അവരില്‍ പ്രതീക്ഷകളുടെ ഒരു വലിയ വെളിച്ചം ഒപ്പം ഉണ്ട് അതിനോടൊപ്പം ഭയവും.അജ്ഞാതനായ ആ ശക്തിയെ കുറിച്ചുള്ള ഭയം.


  മി ഹൂ അവരെ ഇത്രയും കാലം വിഷമിപ്പിച്ച സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തുമോ?അന്ന് രാത്രി എന്താണ് സംഭവിച്ചത്?മി ഹൂവിന്റെ ഭാഷ്യത്തില്‍ ഉള്ള സംഭവ വിവരണത്തില്‍ അതിശയോക്തിയുടെ അപ്പുറം ഉള്ള യാഥാര്‍ത്ഥ്യം എന്തെങ്കിലും ഉണ്ടായിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   വളരെയധികം പ്രേക്ഷകനെ കുഴപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രമാണ്‌ House of the Disappeared.ഒരു ഹൊറര്‍ ചിത്രമെന്ന പൂര്‍ണ ബോധ്യത്തിലേക്ക് കഥ മാറുമ്പോള്‍ ആണ് കൗതുകകരമായ ആ ട്വിസ്റ്റ് ഉണ്ടാകുന്നത്.സമയത്തില്‍ അകപ്പെട്ടു മുന്നോട്ടു പോകാതെ അവശേഷിക്കുന്നവര്‍.ആ ഭാഗത്തിലേക്ക് വരുമ്പോള്‍ ചിത്രം ആദ്യം സഞ്ചരിക്കും എന്ന് കരുതിയ ഹൊറര്‍ എന്ന ചട്ടക്കൂട്ടില്‍ നിന്നും വളരെ ഫ്രഷ് ആയ ഒരു പ്രമേയത്തിലേക്ക്  നീങ്ങുന്നു.പ്രശസ്തമായ പല സിനിമകളിലും ഉപയോഗിച്ചിട്ടുള്ള ഈ രീതി എന്നാല്‍ മേല്‍പ്പറഞ്ഞ കഥയുമായി യോജിക്കുമ്പോള്‍ മികച്ച ഒന്നായി മാറുന്നുണ്ട്.അതാണ്‌ പുതുമ എന്ന് ഉദ്ദേശിച്ചതും.ഒപ്പം ആദ്യം പ്രതീക്ഷിച്ച ഹൊറര്‍ സിനിമയേക്കാളും ഭീതിദമായ ഒരു അന്തരീക്ഷത്തിലേക്ക്.പ്രത്യേകിച്ചും ക്ലൈമാക്സ്‌ ഒക്കെ പ്രേക്ഷകനില്‍ വിഷമവും സൃഷ്ടിക്കുന്നു.കൊറിയന്‍ സിനിമയിലെ മിസ്റ്ററി എന്ന ഘടകം താല്‍പ്പര്യമുള്ള പ്രേക്ഷകര്‍ക്ക്‌ ചിത്രം ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.

  The House at the End of Time എന്ന Venezuelan  ചിത്രത്തില്‍ നിന്നും ഉള്ള പ്രചോദനം ഈ ചിത്രത്തിനുണ്ട്.


More movie suggestions @www.movieholicviews.blogspot.ca

Saturday, 8 July 2017

760.THE INVISIBLE GUEST(SPANISH,2016)




760.THE INVISIBLE GUEST(SPANISH,2016),|Crime|Mystery|Thriller|,Dir:-Oriol Paulo,*ing:-Mario Casas, Ana Wagener, José Coronado .


വക്കീലിനോടും ഡോക്ക്റ്ററോടും കള്ളം പറയരുത് എന്നു എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.രണ്ടു പേരുടെയും സേവനം ആവശ്യമായ ആൾ ഒരു പക്ഷെ നേരിടുന്നത് ജീവിതത്തിലെ ഏറ്റവും നിർണായകം ആയ കാര്യങ്ങളിൽ ആയിരിക്കും.പ്രത്യേകിച്ചും കുറ്റവാളി എന്നു സംശയിക്കപ്പെടുന്ന ആൾ.ഓരോ രാജ്യത്തേയും നിയമ സംഹിത അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ട അവസാന നിമിഷങ്ങളിൽ അയാളെ രക്ഷിക്കാൻ കഴിയുക അയാൾക്കായി വാദിക്കുന്ന വക്കീലിന് മാത്രം ആകും.

  കുറ്റകൃത്യം നടന്നാൽ പോലും നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി സ്വന്തം കക്ഷിയെ രക്ഷിക്കാൻ ,അയാളെ വാദ മുഖങ്ങളിൽ കൂടുതൽ അപകടത്തിലേക്ക് തള്ളി വിടാതെ സംരക്ഷിക്കാൻ വക്കീലിന് കഴിഞ്ഞാൽ, തെറ്റിന്റെയും ശരിയുടെയും നിലപാടുകളിൽ നിന്നും വീക്ഷിക്കാതെ അവിടെ വക്കീലിന് വിജയം ആയിരിക്കും.

  വിര്ജീനിയ ഗുഡ്‌മാൻ തന്റെ കരിയറിലെ അവസാന കേസ് വാദിക്കാൻ പോവുകയാണ്.വിജയങ്ങളുടെ നിറം ചാലിച്ച അവരുടെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാൻ ഒരു വിജയം മാത്രമേ അവരെ തൃപ്തിപ്പെടുത്തൂ.അവര്‍ക്ക് ലഭിച്ച അവസാന കേസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്‌.ബിസിനസ് മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത അഡ്രിയാന്‍ ഡോരിയ ഇന്ന് ഒരു കൊലപാതക കേസിലെ പ്രതിയാണ്.കാമുകിയെ ഒരു ഹോട്ടല്‍ റൂമില്‍ വച്ച് കൊല്ലപ്പെടുത്തി എന്ന രീതിയില്‍ ഉള്ള തെളിവുകള്‍ അയാള്‍ക്ക്‌ എതിരെ ഉണ്ട്.എന്നാല്‍ അജ്ഞാതന്‍ ആയ ഒരാളുടെ നിര്‍ദേശപ്രകാരം ആ ഹോട്ടലില്‍ എത്തിയ അഡ്രിയാന്‍ ,അയാളുടെ കാമുകി ലോറ എന്നിവരെ കുടുക്കാന്‍ വേണ്ടി ചെയ്തതാണ് എന്ന് മൊഴി നല്‍കുന്നു.അഡ്രിയാനെ തലയ്ക്കടിപ്പിച്ചു ബോധം കെടുതിയത്തിനു ശേഷം ആണ് ലോറയെ കൊല്ലപ്പെടുത്തിയത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.

   എന്നാല്‍ അകത്തു കയറിയ ഒരാള്‍ക്ക്‌ എളുപ്പം പുറത്തു കടക്കാന്‍ ആകാത്ത രീതിയില്‍ ആണ് ആ മുറിയുടെ രൂപ കല്‍പ്പന.അഡ്രിയാന്‍ ആണോ അതോ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ പ്രതിയാക്കിയ പോലീസ് ആണോ  ശരി?The Invisible Guest എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌ ആ കഥയാണ്.

  ഒരു സിനിമ എന്ന നിലയില്‍ കഥാപരമായി സങ്കീര്‍ണത നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ ആണ് വിര്‍ജീനിയ അയാളെ കാണാന്‍ എത്തുന്നത്‌.അവര്‍ അയാളോട് സത്യമായ കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നു.ആദ്യം അഡ്രിയാന്‍ താന്‍ ആദ്യം മുതല്‍ പറയുന്ന കഥയില്‍ ഉറച്ചു നില്‍ക്കുന്നെങ്കിലും ഈ കേസിലെ നിര്‍ണായകമായ ഒരു തെളിവ് വിര്‍ജീനിയ അയാളുടെ മുന്നില്‍ വയ്ക്കുന്നു.അയാള്‍ കഥ പറയാന്‍ തുടങ്ങുന്നു.

   ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അങ്ങനെയാണ് സ്വന്തം കാര്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവരുടെ വേറൊരു മുഖം പുറത്തെടുക്കാനും ശ്രമിക്കും.അഡ്രിയാന് അങ്ങനെ ഒരു കഥ പറയാന്‍ ഉണ്ട്.എന്നാല്‍ ആ കഥ സത്യമോ മിഥ്യയോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ എന്ന നിലയില്‍ ആ genre നോട് പരമാവധി നീതി പുലര്‍ത്തി ഈ ചിത്രം.ക്ലൈമാക്സ്‌ വരെ നില നിര്‍ത്തിയ പിരിമുറുക്കം ധാരാളം ട്വിസ്ട്ടുകളിലൂടെയും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആകുന്നുണ്ട്."El Cuerpo" യുടെ സംവിധായകന്‍ ഒറിയോല്‍ പോളോയുടെ രണ്ടാമത്തെ ചിത്രമാണ് The Invisible Guest.അദ്ധേഹത്തിന്റെ രണ്ടാമത്തെ സംരംഭവും പ്രേക്ഷകനെ നിരാശരാക്കില്ല.


More movie suggestions @www.movieholicviews.blogspot.ca

759.2:22(ENGLISH,2017)

759.2:22(ENGLISH,2017),|Thriller|Fantasy|,Dir:-Paul Currie,*ing:-Teresa Palmer, Michiel Huisman, Sam Reid.


  ഓസ്‌ട്രേലിയൻ-അമേരിക്കൻ സംരംഭം ആയ ഈ ചിത്രത്തിൽ നായകൻ ആയ Dylan പൈലറ്റ് ആകാൻ ഉള്ള പഠനം കഴിഞ്ഞെങ്കിലും അതു തന്റെ മേഖല അല്ല എന്ന് തീരുമാനിച്ചു പകരം വ്യോമമേഖലയോട് അടുത്തു നിൽക്കുന്ന Air Traffic Conttoller ആയി ജോലി ചെയ്യുന്നു.സ്ഥിരം Pattern കൾ ഓരോന്നിലും കാണുന്ന അയാൾക്ക്‌ എന്നാൽ ഒരു പ്രത്യേക സമയത്തു തന്റെ ജോലിയിലെ മികവ് പുറത്തെടുക്കാൻ ആയില്ല.അപകടകരമായ ആ അവസ്ഥയ്ക്ക് കാരണക്കാരൻ ആയ അയാളെ അവിടെ നിന്നും സസ്പെൻഡ് ചെയ്യുന്നു.

 Dylan പിന്നീട് സാറയെ കണ്ടു മുട്ടുന്ന അവസരത്തിൽ ആണ് താൻ അടുത്തായി കാണുന്ന pattern കളും ,ആവർത്തിക്കപ്പെടുന്ന സമയ രേഖകളും എല്ലാം തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്.Dylan റെ കണ്ടു പിടുത്തം അയാളെ സംബന്ധിച്ചു അപകടകരം ആയിരുന്നു.

  New York ലെ Grand Central Station ൽ അവസാനിക്കുന്ന ,ആവർത്തിക്കപ്പെടുന്ന സംഭവങ്ങളുടെ രഹസ്യം തേടി അയാൾ ഇറങ്ങുന്നു.അയാളുടെ ജീവിതത്തിലെ ആ രഹസ്യം ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്.


   ജീവിതത്തിലെ രണ്ടാം അവസരങ്ങളെ കുറിച്ചുള്ള സിനിമകൾ ധാരാളം വന്നിട്ടുണ്ട്.പലപ്പോഴും ടൈം ട്രാവലിലൂടെ ഭൂത/ഭാവി കാലത്തേക്ക് യാത്ര ചെയ്തു ജീവിതം മറ്റൊരു രീതിയിൽ ആക്കുന്ന കഥാപാത്രങ്ങൾ ഉള്ളവയാകും ഇതിൽ പലതിലും.അൽപ്പം cliche ആയി ഇത്തരം പ്രമേയങ്ങൾ മാറി എങ്കിലും പലപ്പോഴും ലഭിച്ചിരിക്കുന്ന ക്യാൻവാസിൽ ഫാന്റസി element വൃത്തിയായി ഉപയോഗിക്കുമ്പോൾ ഇത്തരം ചിത്രങ്ങൾ ആസ്വാദ്യകരം ആകും.

  Back to the Future പരമ്പര,Butterfly Effect പോലെ multiple chances അവതരിപ്പിച്ച ചിത്രങ്ങൾ ,Donnie Darko പോലെ കുറച്ചും കൂടി സങ്കീർണമായ ചിന്തകൾ ഉള്ള ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ നിര തന്നെ ഉണ്ട് ഈ ശാഖയിൽ.എന്നാൽ 2 22 അവതരിപ്പിച്ചത് Groundhog Day,12:01 എന്നിവ പോലുള്ള ചിത്രങ്ങളിൽ അവതരിപ്പിച്ച തരം ടൈം ലൂപ്പും ഒപ്പം ഭൂത-വർത്തമാന-ഭാവി കാലങ്ങളിലൂടെ ഉള്ള സൂചനകളിലൂടെ ആയിരുന്നു.

  ഈ തീം ചില പ്രാദേശിക സിനിമകളിലൂടെ പരിചിതം ആയിരിക്കണം പലർക്കും.മയിൽപ്പീലിക്കാവ്,മഗധീര  ആണ് ഓർമയിൽ പെട്ടന്ന് വരുന്ന ഇന്ത്യൻ ചിത്രങ്ങൾ.ഇന്ത്യൻ സിനിമകളിലെ പുന:ജന്മ സിനിമകളിൽ പലതിലും ഇത്തരം ഒരു കഥ ആയിരിക്കും.വർത്തമാന കാലത്തു അധികം പ്രശ്നങ്ങൾ ഇല്ലാത്ത കഥാപാത്രം ക്രൂരനും വില്ലനും ആയിരിക്കാം പഴയ കാലത്തു.തെറ്റിദ്ധരിക്കപ്പെട്ട നായകൻ,നായിക അങ്ങനെ കുറെ cliche.


  2 22 എന്ന ചിത്രം എന്നാൽ തൊട്ടു മുകളിൽ അവതരിപ്പിച്ച ഒറ്റ dimension ൽ കൂടി മാത്രം അല്ല സഞ്ചരിക്കുന്നത്.പകരം ചിത്രത്തിൽ ടൈം ലൂപ്പിന് കൂടി ചെറുതായ സ്ഥാനം നൽകിയിരിക്കുന്നു.മേൽപ്പറഞ്ഞ സിനിമകളുടെ പ്രമേയം ഇഷ്ടം ആയവർക്കു ഈ ചിത്രം നിരാശർ ആക്കില്ല.സങ്കീർണതകൾ അധികം ഇല്ലെങ്കിലും ചില സ്ഥലങ്ങളിൽ കഥാപാത്രങ്ങളെ കുറിച്ചുള്ള വ്യക്തതയില്ലായ്മ ചിത്രത്തിന്റെ നിലവരത്തിൽ കല്ലു കടി ആകുന്നുണ്ട്.


More movie suggestions @www.movieholicviews.blogspot.ca

758.LENS(MALAYALAM,2017)

758.LENS(MALAYALAM,2017),|Thriller|,Dir:-Jayaprakash Radhakrishnan,*ing:-Jayaprakash Radhakrishnan, Misha Ghoshal, Ashwathy Lal, Kulothungan Udayakumar, Anand Sami.


'അയാളെ' തേടി അന്ന് ആ അതിഥി എത്തി.ജീവിതത്തിൽ അയാൾ അനുഭവിച്ച "സുഖത്തിന്റെ" കണക്കെടുപ്പിന് വന്ന അതിഥി.ക്ഷണിക്കപ്പെടാതെ,മുൻകൂട്ടി അറിയിക്കാതെ വന്ന ആ അതിഥിക്കു 'അയാളോട്' പറയാൻ ഏറെ ഉണ്ടായിരുന്നു.ഒരു പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാളുടെ വില സ്വയം 'അയാൾ' തന്നെ മനസ്സിലാക്കുന്ന അപൂർവ സന്ദർഭം ആയിരുന്നത്.അതിഥിക്കു ചോദിക്കാൻ ചോദ്യങ്ങളും 'അയാൾക്ക്‌' അതിന്റെ ഉത്തരങ്ങൾ നൽകുകയും വേണം.ഒരു പക്ഷെ അയാളുടെ ജീവിതത്തിലെ ഏറ്റവും കാഠിന്യം ഉള്ള ചോദ്യാവലി ആണ് അതിഥിയുടെ അടുക്കൽ ഉള്ളത്.

  "ലെൻസ്" എന്ന സിനിമയുടെ കഥ മേൽപ്പറഞ്ഞ രീതിയിൽ സംഗ്രഹിക്കുക ആണ് എളുപ്പം.കാരണം 'കാഴ്ച്ച' ആണ് ഈ സിനിമ ആവശ്യപ്പെടുന്നത്.പ്രേക്ഷകന്റെ ഉള്ളിൽ ഈ ചിത്രം സൃഷ്ടിക്കുന്ന വികാരം എന്താണ് എന്ന് സ്വയം ചിന്തിക്കണം.ചിലർക്ക് ഭയം ആയിരിക്കും തോന്നുക.മറ്റു ചിലർക്ക് പശ്ചാത്താപം.മറ്റു ചിലർക്ക് മാറി ചിന്തിക്കാൻ ഉള്ള അവസരം.ഓരോ ആൾക്കും വ്യത്യസ്തം ആകും ഈ സിനിമ.

  ലോകം വിരൽത്തുമ്പിൽ access ചെയ്യാൻ ഉള്ള സാങ്കേതികത മനുഷ്യൻ സ്വയത്തം ആക്കിയപ്പോൾ ലൈംഗികതയിൽ പോലും സ്വയം പര്യാപ്തത നേടാൻ ഉള്ള അവസരം അവനുണ്ടായി.അടയ്ക്കപ്പെട്ട മുറികളിൽ virtual ആയ ലോകത്തു സ്വന്തം identity മാറ്റി വച്ചുള്ള സാഹസികതകളുടെ ആരാധകർ ആണ് പലരും.എന്നാൽ സിനിമയിൽ അവതരിപ്പിച്ചത് പോലെ ഉള്ള ഒരു അതിഥി ഒരിക്കൽ അപ്രതീക്ഷിതം ആയി പ്രത്യക്ഷപ്പെട്ടാൽ തീരാവുന്ന സാഹസികത മാത്രമേ ഇപ്പോഴും സ്വന്തം ആയുള്ളൂ.

 സംവിധായകൻ ആയ ജയപ്രകാശ് രാധാകൃഷ്ണൻ തന്നെ കഥയെഴുതി നിർമിച്ച സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായി സ്‌ക്രീനിൽ നിറയുകയും ഉണ്ടായി.ആനന്ദ് സാമി ആണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇടക്കാലത്ത് ഇംഗ്ലീഷ് ആദിയായ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ട Social Networking ഉമായി ബന്ധപ്പെട്ട സിനിമകളിൽ നിന്നും വളരെയധികം മുന്നേറിയിട്ടുണ്ട് അവതരണത്തിലും പ്രമേയത്തിലും ഈ ചിത്രം എന്നു തോന്നി.

 ബഹുഭാഷാ ചിത്രം ആയി അവതരിപ്പിക്കപ്പെട്ട 'ലെൻസ്'  പ്രമേയപരമായി ഭാഷയുടെയും അതിർത്തികളുടെയും വേലിക്കെട്ടുകൾക്കും അപ്പുറം സ്വീകാര്യവും എളുപ്പം മനസിലാകാവുന്ന ഒന്നാണ്.കാരണം ഈ സിനിമയിൽ ആദ്യം പറഞ്ഞ 'അയാൾ' ഒറ്റപ്പെട്ട ഒരു മനുഷ്യൻ അല്ല.ഓരോരുത്തരുടെ ഉള്ളിലും കാണാൻ സാധിക്കും 'അയാളെ'.


More movie suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)