Monday, 17 April 2017

739.NEXT TIME I'LL AIM FOR THE HEART(FRENCH,2014)

739.NEXT TIME I'LL AIM FOR THE HEART(FRENCH,2014),|Crime|Drama|,Dir:-Cédric Anger,*ing:-Guillaume Canet, Ana Girardot, Jean-Yves Berteloot


         "അലന്‍ ലമേര്‍" 1978 മുതല്‍ 1979 വരെ ഉള്ള ഒരു വര്‍ഷക്കാലം ഫ്രഞ്ച് ജനതയെ ഭീതിയിലാഴ്ത്തിയ കൊലയാളി ആയിരുന്നു.ഇതിലെ പ്രധാനപ്പെട്ട വസ്തുത അയാള്‍ ഒരു Gendarme (സൈനിക വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍) ആയിരുന്നു എന്നതായിരുന്നു.സ്ത്രീകളെ  മോഷ്ടിച്ച കാറുകളില്‍ കയറ്റി കൊണ്ട് പോയി വെടി വച്ച് കൊല്ലാന്‍ ശ്രമിക്കുന്ന കൊലയാളിയെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരും കഷ്ടപ്പെട്ടൂ.ഈ  സംഭവങ്ങള്‍ക്കിടയില്‍ നടന്ന ഒരു അപകടം പോലീസിനോടൊപ്പം സേന വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസും അന്വേഷണത്തില്‍ പങ്കാളികള്‍ ആകുന്നു.കൊലയാളി ആയ അലന്‍ അന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ അയാളെ ഒരു പരിധി കുറ്റവാളി എന്ന് മുദ്ര കുത്തുന്നതില്‍ നിന്നും രക്ഷിച്ചിരുന്നു.തന്‍റെ കൃത്യങ്ങള്‍ക്കിടയില്‍ അയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തിരുന്ന കുറിപ്പുകളില്‍ നിന്നും അയാള്‍ ഒരു Gendarme ആണെന്നുള്ള സൂചന ലഭിച്ചിരുന്നു.

   എന്നാല്‍ സേന വിഭാഗത്തിന് വരുത്താവുന്ന നാണക്കേട്‌ കാരണം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആ സംശയങ്ങള്‍ക്ക് കാത് കൊടുത്തില്ല.അലന്റെ കുറ്റകൃത്യങ്ങള്‍ എല്ലാം ഒരേ തരത്തില്‍ ഉള്ളവ ആയിരുന്നു.ഒരു പ്രത്യേക രീതി പിന്തുടര്‍ന്ന കുറ്റകൃത്യങ്ങള്‍ ആയിരുന്നു അവ.ഏകയായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആയിരുന്നു അയാളുടെ സ്ഥിരം ഇരകള്‍.അലന്‍ ഉപയോഗിച്ചിരുന്ന 9 mm Beretta തിരകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പലയിടത്തായി നടന്ന ഈ കുറ്റകൃത്യങ്ങളില്‍ സമാനമായ വസ്തുതകള്‍ ഉണ്ടെന്നു മനസ്സിലാക്കുവാന്‍ സഹായിച്ചു.വെടി ഉതിര്‍ക്കുമ്പോള്‍ തന്‍റെ ഇരയുടെ മുഖത്തിന്‌ നേരെ നോക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും ഉന്നം തെറ്റി അവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.ചിത്രത്തില്‍ അലന്റെ കഥാപാത്രം ആയ ഫ്രാങ്ക് ഒരിക്കല്‍ പറയുന്നുണ്ട് "അടുത്ത തവണ ഹൃദയത്തിലേക്ക്പ തന്നെ താന്‍ നിറയൊഴിക്കും എന്ന്ത".കൊലപാതകി തന്നെ കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന വിരോധാഭാസം കൊണ്ട് തന്നെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴികളില്‍ നിന്നും രൂപപ്പെടുത്തിയ രേഖാ ചിത്രങ്ങള്‍ അലനോട് സാദൃശ്യം ഉണ്ടായിട്ട് പോലും അയാളുടെ സ്വഭാവത്തില്‍ ഉള്ള മതിപ്പ് കാരണം ആരും ശ്രദ്ധിച്ചില്ല എന്നതും ശ്രദ്ധേയം ആയ ഒരു കാര്യമാണ്.ചിത്രത്തില്‍ ഒരു രംഗം ഉണ്ട് തന്‍റെ മുഖത്തോട് സാദൃശ്യം ഉള്ള രേഖാ ചിത്രവും ആയി അന്വേഷണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും കയറി "ഇയാളെ അറിയാമോ?" എന്ന് ചോദിക്കുന്നു.ചിലര്‍ക്കെങ്കിലും "ഇത് താന്‍ തന്നെ അല്ലെ" എന്ന് ചോദിക്കണം എന്ന് തോന്നിയിട്ട് പോലും ഉണ്ടാകാം.എന്നാല്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനോട് അങ്ങനെ ചോദിയ്ക്കാന്‍ ഉള്ള വിമുഖത പലരിലും ഉണ്ടായിരുന്നിരിക്കാം.തന്‍റെ ജോലി അയാളെ ഒരു പരിധി വരെ രക്ഷിച്ചിരുന്നു എന്നതും സത്യം ആണ്.

     അലന്റെ കുറ്റകൃത്യങ്ങള്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് സിനിമ ആക്കിയപ്പോള്‍ അലന്‍ എന്ന പേര് ഫ്രാങ്ക് ആയി മാറി.സെട്രിക്അന്ജെര്‍ സംവിധാനം ചെയ്ത "Next Time I'll Aim For The Heart", അലന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലേക്ക് ഉള്ള ഒരു എത്തി നോട്ടം കൂടി ആയി മാറുന്നു.താന്‍ എന്താണ് എന്ന് സ്വയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട വ്യക്തിത്വം ആയിരുന്നു അയാളുടെ.പ്രകടമായിരുന്നു ഈ സ്വഭാവ വൈചിത്ര്യം.പ്രത്യേകിച്ചും സ്ത്രീകളോട് അയാള്‍ക്ക്‌ ഉണ്ടായിരുന്ന സമീപനം.നല്ല കുടുംബം,ജോലി എന്നിവ ഉണ്ടായിരുന്നിട്ടു കൂടി തന്‍റെ ലൈംഗികാഭിമുഖ്യം എന്താണ് എന്നറിയാതെ അയാള്‍ കുഴങ്ങിയിരുന്നു.ചിത്രത്തില്‍ പലപ്പോഴും ഒരു സ്വവര്‍ഗാനുരാഗി ആണോ അയാള്‍ എന്ന സംശയം പോലും അയാള്‍ക്ക്‌ ഉണ്ടായിരുന്നതായി അവതരിപ്പിക്കുന്നുണ്ട്.സ്ത്രീകളെ സ്നേഹിക്കാന്‍ അയാളുടെ മനസ്സ് പലപ്പോഴും സമ്മതിക്കുന്നില്ലയിരുന്നു.അയാള്‍ക്ക്‌ പ്രണയം തോന്നിയ സോഫിയയോട് പോലും മുടിയിഴകള്‍ ചീപ്പില്‍ കാണുമ്പോള്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന വെറുപ്പ്‌ അയാളുടെ സ്വഭാവ വൈചിത്ര്യത്തിനു നല്ല ഒരു ഉദാഹരണം ആണ്.ആ സംഭവം കാരണം അയാള്‍ സോഫിയയെ അവളോട്‌ പറയാതെ ഉപേക്ഷിക്കാന്‍ കാരണം ആകുന്നു.

   ഉന്നത ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ പോലും പോലീസ് വിഭാഗത്തില്‍ ഉണ്ടായിരുന്നവരിലേക്ക് നീണ്ട സംശയത്തിന്‍റെ മുനകള്‍ കൃത്യം നടന്ന സമയത്ത് ഫ്രാങ്കിനെ തങ്ങളോടൊപ്പം കാണുന്നില്ല എന്ന വസ്തുതയും ആയി കൂട്ടി വായിച്ചപ്പോള്‍ ആണ് കേസിന് നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുന്നത്.അറസ്റ്റില്‍ ആയെങ്കിലും പ്രതിക്ക്  "Schizophrenia" ആണെന്ന കാരണത്താല്‍ കോടതി അയാളെ കുറ്റ  വിമുക്തന്‍ ആക്കി ജീവിതക്കാലം മുഴുവന്‍ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയാന്‍ വിധിക്കുക ഉണ്ടായി."വാസിലെ കൊലപാതകി " എന്ന് അറിയപ്പെട്ടിരുന്ന അലന്റെ കഥ പ്രമേയം ആക്കി സിനിമകള്‍ പിന്നീട് വന്നിട്ടുണ്ട്.കേസന്വേഷണം നടത്തുന്ന കുറ്റവാളി എന്ന കഥാപാത്രം അലനെ കേന്ദ്രീകരിച്ചു ആയിരുന്നു അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്.

   കുറ്റവാളികള്‍ ആയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ള ഏറ്റവും വലിയ രക്ഷാകവചം അവരുടെ ജോലിയില്‍ നിന്നും ലഭിക്കുന്ന സമൂഹത്തിലെ ഉന്നത സ്ഥാനം ആണ്.കാലിക പ്രസക്തി ഉള്ള പ്രമേയം ആണ് ഈ ചിത്രം എന്നുള്ളത് സേനാവിഭാഗങ്ങളില്‍ നിന്നും തന്നെ ഉള്ളവര്‍ പ്രതികള്‍ ആയി വരുമ്പോള്‍ നമ്മളെ ഓര്‍മപ്പെടുത്തുന്നു.ഒരാളുടെ മനസ്സില്‍ ഉള്ള കുറ്റ കൃത്യങ്ങളോട് ഉള്ള ആഭിമുഖ്യം മാത്രം ആണ് അയാളെ ക്രൂരതയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തന്‍ ആക്കുന്നത്.അയാളുടെ സമൂഹത്തില്‍ ഉള്ള സ്ഥാനമാനങ്ങള്‍ ഒന്നും അതില്‍ വരുന്നില്ല.സേനാവിഭാഗങ്ങളില്‍ കൂടി വരുന്ന കുറ്റവാളികളുടെ കാര്യവും ഇത് തന്നെ.ഇവിടെ അലന് തന്‍റെ മാനസിക പ്രശ്നങ്ങള്‍ വച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ന്യായീകരണം പറയാമയിരുന്നെങ്കില്‍ പോലും മറ്റുള്ളവരുടെ അവസ്ഥയും അത് തന്നെ ആണോ എന്നുള്ളതും പരിശോധിക്കേണ്ടത് ആണ്.

http://www.mathrubhumi.com/crime-beat/crime-flick/crimenews-1.1858924

Friday, 7 April 2017

738.ELEVATOR TO THE GALLOWS(FRENCH,1958)

738.ELEVATOR TO THE GALLOWS(FRENCH,1958),|Crime|Thriller|,Dir:-Louis Malle,*ing:-Jeanne Moreau, Maurice Ronet, Georges Poujouly .


   "If you want to kill someone, you'd better pull off a perfect crime. Our security lies in the fact that that's damnably hard to do." .

  പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ആയ ക്ലോഡ് ലെലോയുടെ "Perfect Crime" നെ കുറിച്ചുള്ള പ്രശസ്തമായ വാക്കുകള്‍  ആണിത്.ഒരാളെ കൊല്ലണം  എങ്കില്‍ പൂര്‍ണത ഉള്ള ഒരു കൊലപാതകം ചെയ്യുക എന്നത് ആയിരിക്കും  ഓരോ കൊലയാളിയുടെയും ലക്‌ഷ്യം.നിയമത്തിന്റെ കണ്ണില്‍ അയാള്‍ തെറ്റുകാരന്‍ ആകുന്നതു വരെ അത് ഒരു പരിപൂര്‍ണ വിജയം ആയ കുറ്റകൃത്യം ആയി മാറുന്നു.എന്നാല്‍ പലപ്പോഴും കുറ്റകൃത്യം ചെയ്ത ആള്‍ ബാക്കി വയ്ക്കുന്ന ചെറിയ ഒരു അശ്രദ്ധ മതിയാകുംഅയാളുടെ പ്രവൃത്തിക്ക് കളങ്കം ചാര്‍ത്താന്‍.മനുഷ്യനാല്‍ ഏറെക്കുറെ അസാധ്യം ആയ ഒന്നാണെന്ന് പറയാം തെളിവില്ലാതെ ഒരു കുറ്റകൃത്യം ചെയ്യുക എന്നത്."Elevator To the Gallows " എന്ന ഫ്രഞ്ച് ചലച്ചിത്രം പ്രതിനിധീകരിക്കുന്നത് ഇത്തരം സങ്കീര്‍ണം ആയ ആശയത്തെ ആണ്;ഒപ്പം അതിന്റെ പാളിച്ചകളെയും.

 
   ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.ഫ്ലോറന്‍സ് കരാല ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നും തന്‍റെ കാമുകന്‍ ആയ ജൂലിയനും  ആയുള്ള സംഭാഷണത്തിലാണ്.വൈകിട്ട് അവര്‍ തമ്മില്‍ കാണാം എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ ക്രൂരമായ ഒരു കൊലപാതകത്തിന് അരങ്ങൊരുങ്ങുന്നു.ഫ്ലോരന്സിന്റെ ഭര്‍ത്താവും പ്രശസ്ത ആയുധ വ്യാപാരിയും ആയ കരാലയെ അന്ന് ജൂലിയന്‍ കൊല ചെയ്യാന്‍ തീരുമാനിക്കുന്നു.ജൂലിയന്‍ കരാലയുടെ വിശ്വസ്തനായ ജോലിക്കാരന്‍ ആണ്.സൈനിക സേവനം അനുഷ്ഠിച്ച ജൂലിയന്  ആത്മഹത്യ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കൃത്യം നടത്താന്‍ സാധിക്കുന്നു.ഓഫീസില്‍ വച്ച് കൊല നടത്തിയതിനു ശേഷം ജൂലിയന്‍ തന്‍റെ കാറിന്റെ അടുക്കലേക്കു പോകുന്നു.

   ചിത്രത്തിന്‍റെ നേരത്തെ സൂചിപ്പിച്ച അപ്രതീക്ഷിതം ആയ "അശ്രദ്ധ" ഇവിടെ ആരംഭിക്കുന്നു.കൊലപാതകം നടത്താന്‍ വേണ്ടി കരാലയുടെ ഓഫീസിലേക്ക് കയറാന്‍ ജൂളിയനെ സഹായിച്ച കയര്‍ അയാള്‍ അവിടെ നിന്നും മാറ്റാന്‍ മറന്നു പോയി.ഒരു വലിയ അശ്രദ്ധ തന്നെ ആയിരുന്നു അത്.ഒരു പക്ഷെ ഒരിക്കലും തെളിയാതെ പോകുമായിരുന്ന കേസില്‍ പ്രധാന ഭാഗം ആ കയറിനു കൈ വരുന്നു.തന്‍റെ കാറില്‍ ഇരുന്നു കൊണ്ട് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ ആടുന്ന ആ കയര്‍ കണ്ട ജൂലിയന്‍ അതെടുക്കാന്‍ ആയി വെപ്രാളത്തില്‍ തിരിച്ചു കയറുന്നു.ഓഫീസിലെ ലിഫ്റ്റില്‍ കയറിയ ജൂലിയന്റെ വിധി അവിടെ മാറുന്നു.ഓഫീസ് അടയ്ക്കാന്‍ നേരം വൈദ്യുതി നിലയ്ക്കുമ്പോള്‍ അയാള്‍ അവിടെ അകപ്പെട്ടു പോകുന്നു.പുറത്തിറങ്ങാന്‍ ഒരു വഴിയും ഇല്ലാതെ ആയ ജൂലിയന്‍ അവിടെ അകപ്പെടുന്നു."തൂക്കു കയറിലേക്ക് ഉള്ള അയാളുടെ യാത്ര അവിടെ ആരംഭിക്കുന്നു".

     ഇനി ഇതിനു സമാന്തരം ആയി മറ്റൊരു കഥ കൂടി നടക്കുന്നു.ജൂലിയന്റെ വിലപ്പിടിപ്പ് ഉള്ള കാറില്‍ ആകൃഷ്ടന്‍ ആയ ചെറിയ കുറ്റകൃത്യങ്ങളും ആയി നടക്കുന്ന ലൂയിസും അവന്റെ കാമുകി വെറോനിക്കയും ആ കാര്‍ മോഷ്ടിച്ച് യാത്ര തുടങ്ങുന്നു.ഒരു പക്ഷെ പിടിക്കപ്പെടും  എന്ന ഉറപ്പു ഉണ്ടായിരുന്നിട്ടു കൂടി അത്ര വിലപ്പിടിപ്പ് ഉള്ള കാറില്‍ യാത്ര ചെയ്യാന്‍ ഉള്ള അവരുടെ ആഗ്രഹം ആയിരുന്നു അവരെ കൊണ്ട് അത് ചെയ്യിച്ചത്.അവരുടെ യാത്രയില്‍ കണ്ടു മുട്ടുന്ന ബെന്ക്കര്‍-ഫ്രീഡ ദമ്പതികളും ആയി അവര്‍ ചങ്ങതത്തില്‍ ആകുന്നു.ലൂയിസിന്‍റെ പേര് മാറ്റി ജൂലിയന്‍ എന്ന പേരാണ് അവര്‍ അവിടെ ഉപയോഗിച്ചത്.എന്നാല്‍ അന്ന് നടന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവസാനിക്കുന്നത്‌  ബെന്ക്കര്‍-ഫ്രീഡ ദമ്പതികളുടെ കൊലപാതകത്തില്‍ ആയിരുന്നു.ജൂലിയന്റെ കാര്‍ അവിടെ ഉപേക്ഷിച്ച്  ലൂയിസും വെറോനിക്കയും മരണപ്പെട്ടവരുടെ കാറില്‍ തിരിച്ചു എത്തുന്നു.തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തിന് ശിക്ഷ ലഭിക്കും എന്ന് ഭയന്ന അവര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു.

     പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പുള്ള ചിത്രത്തിന്റെ കഥ ഇതാണ്.നേരിട്ട് പരിചയം ഇല്ലാത്ത വ്യക്തികള്‍ ചെയ്യുന്ന 3 കൊലപാതകങ്ങള്‍.എന്നാല്‍ ജിഗ്സോ പസിലില്‍ ചേര്‍ത്ത് വയ്ക്കുന്ന പരസ്പര പൂരകങ്ങള്‍ ആയ  വിടവുകള്‍ പോലെ അവരുടെ ഇടയില്‍ ഒരു ബന്ധം ഉണ്ട്.അന്ന് ഈ മൂന്നു പേരുടെയും അവസ്ഥയ്ക്ക് പ്രധാന കഥാപാത്രം ആയ കാര്‍.മോട്ടലില്‍ കൊലപാതക സമയത്ത് ഉപയോഗിച്ച കാര്‍ ജൂലിയനെ ബെന്ക്കര്‍-ഫ്രീഡ ദമ്പതികളുടെ കൊലയാളി ആയി മാറ്റുന്നു.അവിടെ അവര്‍ ഉപയോഗിച്ച പേരും ജൂലിയന്‍ എന്നായിരുന്നു.ജൂലിയന്‍ ചെയ്യാത്ത കുറ്റകൃത്യത്തില്‍ അയാള്‍ പ്രതിയാകുന്നു.അയാള്‍ പിറ്റേദിവസം  ലിഫ്റ്റില്‍ നിന്നും പുറത്തു വരുമ്പോള്‍ പോലീസ് പിടിയില്‍ ആകുന്നു.

  ആത്മഹത്യക്ക് ശ്രമിച്ച ലൂയിസിനെയും വെറോനിക്കയെയും ഫ്ലോറന്‍സ് കണ്ടെത്തുന്നു.തലേ ദിവസം രാത്രി തന്‍റെ കാമുകന്റെ ഒപ്പം എത്തി ചേരാന്‍ കൊതിച്ച ഫ്ലോറന്‍സ് ജൂലിയന്റെ കാറില്‍ യാത്ര ചെയ്യുന്ന വെറോനിക്കയെ കണ്ടു ഇടയ്ക്ക് തെറ്റിദ്ധരിക്കുന്നുണ്ട്.എന്നാല്‍ മോട്ടലില്‍ നടന്ന കൊലപാതകത്തിന്റെ പിന്നില്‍ ഉള്ള രഹസ്യം അറിയാന്‍ ഉള്ള അവരുടെ ത്വര ആണ് അവളെ അവിടെ എത്തിക്കുന്നത്.ഇവിടെ ആണ് അടുത്ത തെളിവ് വില്ലന്‍ ആകുന്നതു.ജൂലിയന്റെ പോക്കറ്റ് ക്യാമറ.കരാലയുടെ മരണം ആത്മഹത്യ ആണെന്ന് കരുതിയ പോലീസിനു അടുത്ത പിടി വള്ളി ആയി അത് മാറുന്നു.ആ ഫോട്ടോയില്‍ കണ്ടെത്തുന്ന തെളിവുകളോടെ ചിത്രം അവസാനിക്കുന്നു.നേരത്തെ പൂരിപ്പിക്കാന്‍ കഴിയാതെ ഇരുന്ന സമസ്യ അവിടെ തീരുന്നു.ഒരു പക്ഷെ തെളിവുകളുടെ അഭാവത്തില്‍ ജൂലിയനും,ലൂയിസ്-വെറോണിക്ക എന്നിവര്‍ക്കും ഒപ്പം ഈ കേസുകളില്‍ വരാന്‍ സാധ്യത പോലും ഇല്ലാതിരുന്ന ഫ്ലോറന്‍സ് പോലും അവിടെ അകപ്പെടുന്നു.,


  ഇവിടെ വിധി മാറുന്നത് അവസാനം 4 വ്യക്തികളുടെ ആണ്.കുറ്റകൃത്യം ചെയ്യുമ്പോള്‍ അവര്‍ വിചാരിക്കുന്നത് തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുക ഇല്ല എന്ന് തന്നെ ആണ്.ആത്മഹത്യക്ക് ശ്രമിച്ച ലൂയിസും വെറോനിക്കയും പോലുംചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അങ്ങനെ തന്നെ കരുതി.എന്നാല്‍ "ദൈവത്തിന്റെ കരങ്ങള്‍" എന്ന് വിശേഷിക്കപ്പെടുന്ന നിര്‍ണായക തെളിവുകള്‍,അത് ഒളിപ്പിച്ചു വയ്ക്കാന്‍ തക്ക കഴിവ് ഓരോരുത്തരുടെയും പ്രവൃത്തികളുടെ ശേഷിപ്പുകള്‍ ആയി ചുറ്റും ഉണ്ട് എന്നതാണ് ഒരു വസ്തുത.തങ്ങളുടെ ബാക്കി ഉള്ള ജീവിതത്തില്‍ വര്‍ഷങ്ങള്‍ ഇരുട്ട് മുറിയില്‍ പകല്‍ എന്നോ രാത്രി  എന്നോ അറിയാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന അവരുടെ വിധിയിലേക്ക് നയിച്ച കാര്യങ്ങള്‍ ഒരു സിനിമ എന്ന നിലയില്‍ ആസ്വദിച്ചു തന്നെ കാണണം.യാഥാസ്ഥിക കൊലപാതക ചിത്രങ്ങളില്‍ നിന്നും മാറി കഥാപാത്രങ്ങളില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതം ആയ സംഭവങ്ങളിലൂടെ പോകുന്ന ചിത്രത്തിലെ പല രംഗങ്ങളും ഊഹിക്കവുന്നതിന്റെ അപ്പുറം ആണ്.അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ ഈ ചിത്രം അവതരിപ്പിച്ചാല്‍ പോലും സുപ്രധാനം ആയി മാറുന്ന തെളിവുകള്‍ അവരെ തേടി എത്തുന്നതായി കാണാം.

  ഒരു ബ്ലാക്ക് & വൈറ്റ് ചിത്രം എന്ന നിലയില്‍ അവഗണിക്കണ്ട ചിത്രം അല്ല Elevator of the Gallows.കാരണം ഇതിലെ വര്‍ണമില്ലായ്മ കൂട്ടിച്ചേര്‍ക്കുന്നത് പ്രേക്ഷകനില്‍ സങ്കീര്‍ണം എന്ന് തോന്നിപ്പിക്കുന്ന കൊലപതങ്ങളിലെ തീക്ഷണതയിലേക്ക് ആണ്.ഫ്രഞ്ച് സിനിമകളില്‍ മാറ്റത്തിന്റെ അലയടികള്‍ തുടങ്ങിയ സമയത്ത് അവതരിപ്പിച്ച ഈ ചിത്രം ഇന്നത്തെ പരിതസ്ഥിതികളില്‍ പോലും പുതുമയേറിയ വിഷയം ആണ്.കാമുകന്‍/കാമുകിയും  ആയി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവ്/ഭാര്യയെ കൊല്ലുന്ന എത്രയോ കേസുകള്‍ മിക്കപ്പോഴും വായിക്കുന്നു മാധ്യമങ്ങളിലൂടെ.ആ കുറ്റകൃത്യങ്ങളില്‍ എല്ലാം ഇത് പോലെ തന്നെ അശ്രദ്ധമായ തെളിവുകള്‍ പടര്‍ന്നു കിടക്കുന്നുണ്ടാകാം.എത്ര മറച്ചാലും ഒളിച്ചാലും കുറ്റാന്വേഷണ സമയത്ത് അപ്രതീക്ഷിതമായി വരുന്ന തെളിവുകള്‍.Elevator to the Gallows ലെ കാറും,ക്യാമറയും പോലെ.


More movie suggestions @www.movieholicviews.blogspot.ca

Friday, 31 March 2017

737.LA RANCON DE LA GOIRE(FRENCH,2014)

737.LA RANCON DE LA GOIRE(FRENCH,2014),|Crime|Comedy|,Dir:-Xavier Beauvois,*ing:-Benoît Poelvoorde, Roschdy Zem, Séli Gmach.


      "La Rancon De La Goire/The Price of Fame (2014)-അസാധാരണമായ ഒരു കുറ്റകൃത്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം "

        കുറ്റകൃത്യങ്ങള്‍  പ്രധാന പ്രമേയം  ആയി  വരുന്ന സിനിമകള്‍ക്ക്‌ പൊതുവായി ഒരു അവതരണ രീതി കാണപ്പെടാറുണ്ട്.Protagonist അഥവാ കഥയിലെ മുഖ്യ  കഥാപാത്രത്തിന്റെ വീക്ഷണങ്ങള്‍ ആണ് പൊതുവേ സിനിമ ആയി അവതരിപ്പിക്കുന്നത്‌.ഇതില്‍ Protagonist പലപ്പോഴും  നന്മയുടെ വക്താക്കള്‍  ആയിരിക്കും.തിന്മയെ അതിജീവിച്ചു  നന്മ വിജയിക്കുന്നു  എന്ന  പ്രതീതി ഉളവാക്കുന്ന ചിത്രങ്ങള്‍.എന്നാല്‍  ലോകത്തിനെ  തന്‍റെ  നിശബ്ദ ചിത്രങ്ങളിലൂടെ  ചിരിപ്പിക്കുകയും അത് പോലെ തന്നെ കണ്ണിലെ ചെറു  നനവോടെ  തന്‍റെ  കാലഘട്ടത്തിലെ സാമൂഹിക  വ്യവസ്ഥ  അവതരിപ്പിച്ച ചാര്‍ളി  ചാപ്ലിന്‍  എന്ന  ഐതിഹാസിക  നടന്‍റെ  ജീവിതത്തിലെ  അവസാന  അദ്ധ്യായം  കുറിച്ചിടുന്ന  നാടകീയത നിറഞ്ഞ സംഭവങ്ങള്‍  സിനിമ ആയി  അവതരിപ്പിക്കപ്പെട്ടപ്പോള്‍ സംഭവിച്ചത്  മറിച്ചാണ്.


       La Rancon De La Goire/Price of Fame എന്ന ഫ്രഞ്ച്  ചലച്ചിത്രം അവതരിപ്പിക്കപ്പെടുന്നത്  യഥാര്‍ത്ഥ  സംഭവങ്ങളിലൂടെ ആണ്.1977 ലെ ഒരു  ക്രിസ്തുമസ് ദിനത്തില്‍  അന്തരിച്ച ചാര്‍ളി  ചാപ്ലിന്റെ   മൃതദേഹം മോഷണം  പോയതുമായി  ബന്ധപ്പെട്ട  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.പണത്തിനു  വേണ്ടി  ഉള്ള  തട്ടിക്കൊണ്ടു പോകലുകള്‍ പ്രമേയം  ആയി  വളരെയധികം സിനിമകള്‍ വന്നിട്ടുണ്ട്.എന്നാല്‍  ജീവനില്ലാത്ത ശരീരം മോഷ്ടിച്ച് കൊണ്ട്  പോയി  വില  പേശുക  എന്ന  നാടകീയത  ചാര്‍ളി  ചാപ്ലിന്റെ  ജീവിതത്തിന്റെ അവസാനം  ഉണ്ടായി.ഇവിടെ  കഥ അവതരിപ്പിച്ചിരിക്കുന്നത് കുടിയേറ്റക്കാര്‍  ആയ  എഡി,ഒസ്മാന്‍  എന്നിവരുടെ  വീക്ഷണത്തില്‍  കൂടി  ആണ്.ഒരു പക്ഷെ ഇത്തരം ഒരു ചിത്രത്തില്‍ Antagonist ആയി   സ്വാഭാവികമായും  പ്രതി സ്ഥാനത്ത് നില്‍ക്കുന്നവര്‍ ഇവരായിരിക്കും.എന്നാല്‍ 2014 ല്‍ ചാപ്ലിന്റെ  മകന്‍ ആയ യൂജിന്‍ ചാപ്ലിന്‍ ,കൊച്ചുമകള്‍ ഡോലോരാസ് ചാപ്ലിന്‍ എന്നിവര്‍ ചെറിയ വേഷം അവതരിപ്പിച്ച സേവ്യര്‍ ബ്യോവോയുടെ La Rancon De La Gore എന്ന ഫ്രഞ്ച് സിനിമയില്‍ ആ   അവസ്ഥയെ  തമാശയോടൊപ്പം  കലര്‍ത്തി  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.

   സ്വിറ്റ്സര്‍ലന്‍ഡ്  പോലീസിനെ  കുഴക്കിയ  ഒരു  കേസ് ആയിരുന്നു  അത്.ചെറുകിട  കള്ളന്മാര്‍  ആയ എഡി,ഒസ്മാന്‍  എന്നിവര്‍  അവരുടെ  പഴയക്കാല  ജീവിതത്തില്‍ നിന്നും  വഴി  മാറി  സഞ്ചരിക്കാന്‍  തുടങ്ങിയപ്പോള്‍ ആണ് ഒസ്മാന്റെ ഭാര്യയുടെ ചികിത്സ ചിലവ്  മുതല്‍ ഉള്ള  കണക്കുകള്‍  അവരുടെ  നിലപ്പാടുകള്‍  മാറ്റിയത്.ചാപ്ലിന്റെ  മരണ  ശേഷം  അദ്ധേഹത്തിന്റെ  ആസ്ഥിയെ കുറിച്ചുള്ള  വാര്‍ത്തകള്‍  അവരെ  വേറെ  ഒരു  രീതിയില്‍ ചിന്തിക്കാന്‍ ആണ് പ്രേരിപ്പിച്ചത്.മോഷ്ടിച്ച ശവ ശരീരവും ആയി  അവര്‍ ചാപ്ലിന്റെ വിധവ ഊനയോട് നടത്തിയ വില പേശലുകള്‍ക്ക് എന്നാല്‍ അവര്‍ വഴങ്ങുന്നില്ല.പോലീസ് ഈ കേസില്‍ ആദ്യം മുതല്‍ താല്‍പ്പര്യത്തോടെ തന്നെ മുന്‍പോട്ടു പോയി.എന്നാല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

  ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചവര്‍ റോഷി,ബെനോ എന്നീ നടന്‍മാര്‍ ആയിരുന്നു.ചിത്രത്തില്‍ സ്വാഭാവികം അയ തമാശകള്‍ കൂടി വന്നിട്ടുണ്ട്.സാഹചര്യങ്ങളിലൂടെ വഴി മാറി വന്നവ. ചിത്രത്തില്‍ യഥാര്‍ത്ഥ മോഷ്ടാക്കളുടെ പേര് മാറ്റി ആണ് അവതരിപ്പിചിര്‍ക്കുന്നത്.പോളണ്ടുകാരന്‍ ആയ റോമന്‍ വര്‍ദാസ്,ബള്‍ഗേറിയന്‍ ആയ ഗനേവ് എന്നിവര്‍ ആയിരുന്നു യഥാര്‍ത്ഥ പ്രതികള്‍.കുറ്റകൃത്യത്തില്‍ ഉള്ള കൗതുകം പോലെ തന്നെ പോലീസ് അന്വേഷണവും പരിചിതമായ സാഹചര്യങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ വളരെ ഉദ്വേകജനകവും അല്ലായിരുന്നു.പതിവ് രീതികളിലൂടെ സഞ്ചരിക്കാന്‍ മാത്രമേ അവര്‍ക്കും സാധിച്ചുള്ളൂ.ഒരു ക്രൈം ചിത്രം എന്നതില്‍ ഉപരി ഈ ചിത്രത്തെ ശ്രദ്ധേയം ആക്കുന്നത് അതില്‍ ഉള്‍പ്പെട്ട ആളും അതിലെ "കൗതുക"കരമായ കുറ്റകൃത്യവും ആണ്.ഒരു പക്ഷെ തന്‍റെ അഭിനയത്തിലൂടെ ലോകത്തിന് മുന്നില്‍ പ്രശസ്തന്‍ ആയ ഒരാളുടെ അന്ത്യത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ നാടകീയത ആയിരുന്നു ഈ ചിത്രം.

"അതെ,ചാപ്ലിന്‍ അഭിനയിക്കുക ആയിരുന്നു തന്‍റെ കല്ലറയില്‍ പോലും."

More movie suggestions @www.movieholicviews.blogspot.ca
    

Sunday, 26 March 2017

736.GOD TOLD ME TO(ENGLISH,1976)

736.GOD TOLD ME TO(ENGLISH,1976),|Mystery|Crime|,Dir:-Larry Cohen,*ing:-Tony Lo Bianco, Deborah Raffin, Sandy Dennis



   Chariots of God എന്ന എറിക് വോന്റെ പുസ്തകത്തെ കുറിച്ച് പലരും കേട്ടിരിക്കും.ദൈവ സങ്കല്‍പ്പത്തിന്റെ വാദങ്ങള്‍ക്ക് പുതിയ  മുഖം  നല്‍കിയ ഒരു തിയറി ആയിരുന്നു ദൈവം  എന്നുള്ളത്  പണ്ട്  ഭൂമിയില്‍ വന്ന അന്യഗ്രഹ ജീവികള്‍  എന്നും.അവര്‍  അന്ന്  നിര്‍മിച്ച പല വസ്തുക്കളും  ഇപ്പോഴും  മനുഷ്യ  കുലത്തിന്  ഒരു പ്രഹേളിക  ആയി  തുടരുന്നു  എന്നൊക്കെ  ഉള്ള  വാദം  ആയിരുന്നു  അതില്‍.ഒരു  ഫിക്ഷന്‍  എന്ന  നിലയില്‍ Siva Trilogy യും  അതിനു ശേഷം ഇന്ത്യന്‍  എഴുത്തുകാരില്‍  ബാധിച്ച  എഴുത്തിന്റെ   രീതിയും  ഒക്കെ Chariots of God പോലെ  ദൈവ  വിശ്വാസത്തിനു  പുതിയ  മാനങ്ങള്‍  നല്‍കുന്നു.എന്നാല്‍  Chariots of God മുന്നോട്ടു  വച്ച  ആശയം   ഒരു  പുസ്തകം  എന്ന  നിലയില്‍  നിന്നും  പല  വാദ-പ്രതി  വാദങ്ങള്‍ക്കും  വേദി  ആയിരുന്നിട്ടും  ഉണ്ട്.


  ഇജിപ്തിലെ  പിരമിഡുകള്‍  മുതല്‍  ദല്‍ഹിയിലെ ഉരുക്ക്  സ്തൂപം  പോലെ  ഉള്ള  പല  നിര്‍മാണങ്ങളും  ആ പുസ്തകത്തില്‍  വിഷയം  ആയിട്ടുണ്ട്‌.പലതും  ശാസ്ത്രജ്ഞന്മാര്‍  ശാസ്ത്രീയ  വിശകലനം  നല്‍കുകയും  ചെയ്തു.ഇനി  ഈ  സിനിമയും  ഈ വാദങ്ങളും  തമ്മില്‍  ഉള്ള  ബന്ധത്തെ കുറിച്ച്  പറയാം.ചിത്രത്തില്‍  ഒരു സീനില്‍ ഈ  വാദത്തെ  കുറിച്ച്  നേരിട്ട്  അല്ലാതെ  പരാമര്‍ശിക്കുന്നുണ്ട്,ഒരു  സംഭാഷണത്തില്‍.മാത്രമല്ല സിനിമയുടെ  മുഖ്യ  പ്രമേയം  പോലും  ഈ  ഒരു വാദത്തില്‍  നിന്നും  ആണ്.അമേരിക്കയില്‍  പലയിടത്തായി  നടക്കുന്ന  കൊലപാതകങ്ങളും അവ  ചെയ്തവര്‍  ദൈവം  പറഞ്ഞിട്ടാണ്  അത്  ചെയ്തതെന്ന  മൊഴിയും  ആണ്  കുറ്റാന്വേഷണ  വിദഗ്ധരെ  കുഴക്കിയത്.കേസ്  അന്വേഷിക്കുന്നത് പീറ്റര്‍ എന്ന ഉദ്യോഗസ്ഥന്‍ ആണ്.അയാള്‍ അന്വേഷണത്തിന്റെ  ഇടയില്‍ തന്‍റെ  കുടുംബ പ്രശ്നങ്ങളും  എല്ലാം  ആയി  വല്ലാത്ത  ഒരു  സാഹചര്യത്തിലും  ആണ്.തങ്ങളെ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി അവരുടെ ഇടയില്‍ തന്നെ ഒളിച്ചു താമസിക്കുന്നു എന്ന വിവരം മറ്റു സാമൂഹിക അസ്ഥിരതകളിലെക്കും വഴി തുറന്നു.

   സിനിമയില്‍  മേല്‍പ്പറഞ്ഞ  ആശയത്തോട്  ചേര്‍ന്ന്  നില്‍ക്കുന്ന  അവതരണ  രീതിയോടൊപ്പം  അപ്രധാനം  എന്ന്  തോന്നിയിരുന്നു  പീറ്ററിന്റെ  കുടുംബ  ജീവിതം  ഒക്കെ  കഥയില്‍  സ്വാധീനം  ചെലുത്തുന്നു  എന്ന്  പിന്നീട്  മനസ്സിലാകുമ്പോള്‍ അവഗണിക്കേണ്ട  ചിത്രം  അല്ല  ഇതെന്ന്  നിസംശയം പറയാം.എഴുപതുകളുടെ അവസാനത്തില്‍ റിലീസ് ആയ ചിത്രം ,അന്നത്തെ സംസ്ക്കാരം എല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.മേല്‍പ്പറഞ്ഞ ആശയം കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഉള്ളവര്‍ക്ക് കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയും ഈ ചിത്രത്തിലെ പ്രമേയം എന്ന് വിശ്വസിക്കുന്നു!!


More movie suggestions @www.movieholicviews.blogspot.ca

Monday, 13 March 2017

735.NOCTURNAL ANIMALS(ENGLISH,2016)

735.NOCTURNAL ANIMALS(ENGLISH,2016),|Drama|Thriller|,Dir:-Tom Ford,*ing:-Amy Adams, Jake Gyllenhaal, Michael Shannon.


   ജീവിതത്തിലെ  ശരികള്‍;അതായത്  വ്യക്തിപരമായ  ശരികള്‍  എന്താണ്  എന്ന്  അന്വേഷിച്ചു  ഒരു  ആയുസ്സ്  മൊത്തം തീര്‍ക്കുന്നവര്‍  ആണ്  മനുഷ്യര്‍.ശരികള്‍  പലപ്പോഴും സാഹചര്യങ്ങള്‍ക്കും  കാലങ്ങള്‍ക്കും  അനുസരിച്ച്  വ്യത്യാസപ്പെടാറും  ഉണ്ട്.അങ്ങനെ  ഒരു  ജീവിതത്തിലൂടെ  ആണ്  പ്രശസ്ത  ചിത്രകാരി  ആയ സൂസന്‍  മോറോയും.അവരുടെ  ഒരു  പ്രായത്തില്‍  തോന്നിയ  ശരി എതിര്‍പ്പുകള്‍  ഏറെ  ഉണ്ടായിരുന്നിട്ടും കുറച്ചു  കാലങ്ങള്‍ക്ക്  ഇടയില്‍  അവളില്‍  ഉണ്ടായ  മാറ്റങ്ങള്‍  അവളുടെ  ശരികള്‍  തെറ്റാണെന്ന്  അവള്‍ക്കു  പോലും  തോന്നി  തുടങ്ങി.അവള്‍  കണ്ടെത്തിയ  പുതിയ  ശരികള്‍  ആകട്ടെ അതിലെ  തെറ്റുകള്‍  നോക്കാതെ  അധികം  സാധ്യതകള്‍  ഇല്ലാതെ  അവളുടെ  ജീവിതം  ആയി  മാറി.

  Nocturnal Animals അഥവാ രാത്രിക്കാല  ജീവികള്‍  എന്ന  പദം  ഇന്നത്തെ  ലോകത്തില്‍ നമ്മളില്‍  പലരെയും  വിശേഷിപ്പിക്കാവുന്ന  പദം  ആണെന്ന്  കരുതുന്നു.രാത്രികളിലെ  ഉറക്കം  പലര്‍ക്കും  പല  കാരണങ്ങള്‍  മൂലം  അന്യം  ആകുന്നു.  ചിത്രത്തിലെ  നായിക  ആമി  ആദംസ്  അവതരിപ്പിച്ച  സൂസനും  അത്തരത്തില്‍  ഒരാളാണ്.രാത്രി  സമയങ്ങളില്‍  അവള്‍ക്കു  ഉറക്കം  കുറവാണ്.സമ്പന്നതയുടെ  നടുവില്‍  ഒരിക്കല്‍  ആഗ്രഹിച്ചത്‌  പോലെ  ഉള്ള  ജീവിതം  ലഭിച്ചപ്പോള്‍ അവള്‍ക്കു  നഷ്ടം  ആയ  പലതും  ഉണ്ട്.അത്തരം  ഒരു  സാഹചര്യത്തില്‍  ആണ്  അവളുടെ  മുന്‍  ഭര്‍ത്താവായിരുന്ന എഡ്വാര്‍ഡ്  അയാള്‍  എഴുതിയ  ,സൂസന്  വേണ്ടി  സമര്‍പ്പിച്ച  നോവല്‍   അയച്ചു  കൊടുക്കുന്നത്.സിനിമയിലെ  യാഥാര്‍ത്യ  ലോകത്തിനു  താല്‍ക്കാലിക  വിരാമം  ഇട്ടു  കൊണ്ട്  പിന്നെ  എഡ്വാര്‍ഡ്  എഴുതിയ  നോവലിലേക്ക്  ആണ് പ്രേക്ഷകന്റെ  ശ്രദ്ധ  കൊണ്ട്  പോകുന്നത്.

   കുടുംബം  ആയി  യാത്രയ്ക്ക്  പോകുന്ന  ടോണി  ഹേസ്റ്റിങ്ങ്സ്  അന്ന്  രാത്രി  ഒരു  അപകടത്തില്‍  പെടുന്നു.അയാള്‍ക്ക്‌  അന്ന്  തന്റേതായ  എല്ലാം  നഷ്ടം  ആയി.പിന്നീട്  സംഭവിച്ചത് എല്ലാം  സാധരണ ഒരു  മനുഷ്യന്റെ  ചെയ്തികള്‍  മാത്രം  ആയി  കരുതാം.എന്നാല്‍ ഈ  കഥ  സൂസന്  അയച്ചതിലൂടെയും  കഥാപാത്രത്തിന്റെ  അവതരണതിലൂടെയും  എഡ്വാര്‍ഡ്  ഉന്നം  പിടിച്ച  ഒരാള്‍  ഉണ്ടായിരുന്നു.ഒരു  കഥ  മാത്രം  ആയി  അവതരിപ്പിക്കപ്പെടുമ്പോഴും  സൂസന്‍ അതിനു  മറു  കഥ രചിക്കുന്നുണ്ടായിരുന്നു.അവിടെ  അനാവരണം  ചെയ്യപ്പെടുന്ന  ഒരു  ജീവിതവും  ഉണ്ട്.ആമി  ആദംസ്,ജെയ്ക് ഗില്ലെന്ഹാല്‍ ,മൈക്കില്‍ ഷാനോന്‍  എന്നിവരുടെ  മികച്ച  അഭിനയം  ചിത്രത്തിന്  മുതല്‍ക്കൂട്ട്  ആയിരുന്നു.ചുരുങ്ങിയ  കഥാപാത്രങ്ങള്‍ ,പ്രതികാരത്തിനു ഒരു  സൈക്കോ  ത്രില്ലര്‍  പോലെ പരിവേഷം  നല്‍കി  കൊണ്ട്  വരുമ്പോള്‍  ഒരു  പക്ഷെ  ക്ലൈമാക്സില്‍  ആ  കഥയ്ക്ക്‌ ഒരു  ഭാഷ്യം  ചമയ്ക്കാന്‍  പ്രേക്ഷകന്  അവസരം  ലഭിക്കുന്നും  ഉണ്ട്  ചിത്രത്തില്‍.ഒരു  പക്ഷെ  പ്രേക്ഷകന്റെ  മാനസികാവസ്ഥ  അനുസരിച്ച് പോസിറ്റീവ്/നെഗറ്റീവ് എന്ന  വേര്‍തിരിവ്  നല്‍കാന്‍  സാധിക്കുന്ന  കഥ.

  ഒരു  പക്ഷെ  മൈക്കില്‍  ഷാനോനിനു  ഓസ്ക്കാറില്‍  ലഭിച്ച  മികച്ച  സഹ നടന്റെ  നോമിനെഷനോട്  ഒപ്പം  അര്‍ഹിച്ചിരുന്ന   മറ്റു  മികച്ച  രണ്ടു  കഥാപാത്രങ്ങള്‍  ആയിരുന്നു  ആമിയുടെയും  ജെയ്ക്കിന്റെയും.

More movie suggestions @www.movieholicviews.blogspot.ca

 
:

734.ORPHAN(ENGLISH,2009)

734.ORPHAN(ENGLISH,2009),|Mystery|Thriller|,Dir:-Jaume Collet-Serra,*ing:-Vera Farmiga, Peter Sarsgaard, Isabelle Fuhrman.


 *****Spoilers Ahead****

   Orphan എന്ന ചിത്രം ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയില്‍ വളരെ പ്രശസ്തം ആണ്.ചിത്രത്തിലെ എസ്തര്‍ എന്ന പെണ്‍ക്കുട്ടി സിനിമ കഴിയുമ്പോഴും ക്രൂരതയുടെ പര്യായം ആയി  മാറുന്നത് എങ്ങനെ ആണെന്ന് കണ്ടറിയുമ്പോള്‍ പ്രേക്ഷകനില്‍ അവിശ്വസനീയത തോന്നാറുണ്ട്.സമാനമായ ഒരു വികാരം  ആണ് 2009 ല്‍ Orphan ഇറങ്ങിയ വര്ഷം റിലീസ് ആയ Murderer എന്ന ഹോംഗ്കോംഗ് ചിത്രം  കാണുമ്പോഴും ഉണ്ടാവുക.ആകസ്മികമായി  ഒരേ  വര്ഷം ഒരേ മാസം റിലീസ് ആയ രണ്ടു ചിത്രങ്ങള്‍.ഒന്ന് ഒരു  സൈക്കോ ത്രില്ലര്‍,മറ്റേത് പ്രതികാര  കഥയും.എന്നാല്‍ സിനിമയിലെ സംഭവികാസങ്ങള്‍  എല്ലാം കൊണ്ടെത്തിക്കുന്നത് ഒരേ ഒരു കഥയില്‍  അഥവാ  "രോഗത്തില്‍".

  Hypopituitarism എന്ന  അപൂര്‍വ്വം  ആയ രോഗം ഹോര്‍മോണുകളുടെ അസ്വാഭാവികമായ പ്രവര്‍ത്തനം മൂലം ചിലരില്‍ ഉണ്ടാകുന്ന രോഗാവസ്ഥ  ആണ്.ഈ  രണ്ടു  ചിത്രങ്ങളിലും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളും  ഈ  ഒരു  രോഗം   കാരണം  അവരുടെ സാധാരണ  ജീവിതം  എന്ന അവസ്ഥയെ ബാധിക്കപ്പെട്ടവര്‍  ആണ്.Murderer ലെ യുവാവും  Orphan ലെ എസ്തര്‍ എന്നിവര്‍  തങ്ങളുടെ  ജീവിതത്തിലെ നഷ്ടങ്ങളെ  നേരിടാന്‍ തിരഞ്ഞെടുത്ത വഴികള്‍ എന്നാല്‍  ഒന്നാണ്  എന്ന്  കാണാം.ലിങ്ങിന്റെ  ഭാര്യയോടു  ഉള്ള  സമീപനം  Murderer   ലും എസ്തര്‍  തന്‍റെ  പിതാവിന്റെ  സ്ഥാനത്  കാണേണ്ട  ആളോട് പെരുമാറുന്നത് Orphan ലും അസ്വഭാവികം  ആയ  സാമ്യം  ആയി  തന്നെ  നിലനില്‍ക്കുന്നു.

  Murderer  എന്ന  ചിത്രത്തോട്  വളരെ  അടുത്ത്  നില്‍ക്കുന്ന  ഒരു  മലയാള  ചിത്രം  ഉണ്ട്.മുംബൈ  പോലീസ്  എന്ന  ചിത്രത്തിന്റെ ആദ്യ പകുതിയും  ഈ  ചിത്രവും  ആയി  വളരെയധികം  സാമ്യം  കാണാന്‍  സാധിക്കും.ഒരു  പക്ഷെ  അവിശ്വസനീയം  ആയ  ക്ലൈമാക്സ്  ആയിരിക്കും  മലയാളത്തില്‍  ആ പ്ലോട്ട്  അത്  പോലെ  പറിച്ചു  നടാതെ  ഇരിക്കാന്‍  കാരണം  എന്ന്  തന്നെ  വിശ്വസിക്കുന്നു.ഒരു  പക്ഷെ അത്തരം  ഒരു  ക്ലൈമാക്സ്  വിശ്വസിക്കാന്‍  ഉള്ള പ്രേക്ഷകന്റെ  വൈമുഖ്യതയെ  സിനിമയുടെ  അണിയറ  പ്രവര്‍ത്തകര്‍  നേരത്തെ  തന്നെ മനസ്സിലാക്കിയിട്ടും  ഉണ്ടാകാം.Homosexuality അതിലും കൂടുതല്‍  ആളുകളില്‍  വിശ്വാസ്യം  ആക്കം  എന്നൊരു  ധാരണ  ഉണ്ടാകും  എന്ന്  ചുരുക്കം.Murderer  എന്ന  ഏഷ്യന്‍  ചിത്രത്തിനും  സംഭവിച്ചത്  ഇതാണ്.Orphan  ലെ എസ്തര്‍ എന്ന  ചിത്രത്തിന്റെ  ക്രൂരതയുടെ  ആഴം  തന്നെ  ആകാം ഒരു  പക്ഷെ Murderer ലെ  കഥാപാത്രത്തിനും  ഉള്ളത്.എന്നാല്‍  പരിചിതം  അല്ലാത്ത  ഒരു  കഥാഗതി  ചിത്രത്തിന്  Orphan ഉ ലഭിച്ച  സ്വീകാര്യത  നേടി  കൊടുത്തില്ല  എന്ന്  മാത്രം.പ്രത്യേകം  ശ്രദ്ധിക്കേണ്ടതുണ്ട് Murderer  ഒരു  പ്രതികാര  കഥ  ആഎന്നുള്ള  കാര്യം.വ്യത്യസ്തമായ  പ്രതികാരം  എന്നേ  അതിനെ  കുറിച്ച് പറയാനും  സാധിക്കൂ.

   കഥയുടെ  credits  ല്‍  ഒന്നും  സമാനമായ പേരുകള്‍  കാണാന്‍ സാധിച്ചില്ല.എന്നാല്‍ കൂടി  ഒരേ  വര്ഷം  ഒരേ  മാസം  രണ്ടു  ആഴ്ചകളുടെ  വ്യത്യാസത്തില്‍  ലോകത്തിന്റെ  രണ്ടു  ഭാഗങ്ങളില്‍  നിന്നും  ഇറങ്ങിയ  ചിത്രങ്ങളുടെ  ഒരേ  കഥാഗതിയും  അമ്പരപ്പ്  ഉണ്ടാക്കുന്നുണ്ട്.രണ്ടു  ചിത്രങ്ങളും  ആദ്യം  കണ്ടപ്പോള്‍  തോന്നിയ അത്ഭുതം  ഇന്നും  ഉണ്ട്.ചിത്രങ്ങള്‍ക്ക്  ഉണ്ടായ  സാദൃശ്യം  അത്ര  മാത്രം  ആയിരുന്നു.കാരണം  അവിശ്വസനീയം  ആയ  ക്ലൈമാക്സ്.Orphan എന്ന  ചിത്രം  കാണാത്തവര്‍  ഉണ്ടെന്നു  തോന്നുന്നില്ല.അതിന്റെ  ഒപ്പം  തന്നെ  ഒരു  ശ്രമം  Murderer  നു  നല്‍കുന്നതില്‍  തെറ്റില്ല  എന്ന്  തോന്നുന്നു.


More movie suggestions @www.movieholicviews.blogspot.ca

  

Saturday, 11 February 2017

733.എസ്ര(മലയാളം,2017)

733.എസ്ര(മലയാളം,2017),സംവിധാനം:-ജയ്‌ കെ,*ing:-പ്രിത്വിരാജ്,പ്രിയ ആനന്ദ്‌.


  "അവതരണ മികവും ആയി എസ്ര "

    ഹോളിവുഡ് ചിത്രങ്ങള്‍,ജാപ്പനീസ്,തായ് ഹൊറര്‍  സിനിമകള്‍ പലപ്പോഴും ഒരു അത്ഭുതം  ആയി  തോന്നാറുണ്ട് ഇന്ത്യന്‍ ഹൊറര്‍ സിനിമകളും ആയി ഉള്ള താരതമ്യത്തില്‍.പ്രാചീന ഇന്ത്യന്‍ സിനിമ കാലം മുതല്‍ ഉള്ള വെള്ള സാരി, "വട" യക്ഷി ഒക്കെ ആയി മാറ്റങ്ങള്‍  അധികം വരുത്താന്‍ ഇന്ത്യന്‍ സിനിമ ലോകം വിമുഖത കാണിച്ചിരുന്നു.ഒറ്റപ്പെട്ട സിനിമകള്‍  ഇല്ല  എന്നല്ല.മലയാളത്തില്‍  തന്നെ  ദേവദൂതന്‍,മണിച്ചിത്രത്താഴ്,മൂന്നാമതൊരാള്‍ ഒക്കെ  ഒരു  പരിധി  വരെ വ്യത്യസ്ത  സിനിമ അനുഭവങ്ങള്‍  ആയിരുന്നു.ഇതില്‍  മണിച്ചിത്രത്താഴ്  പൂര്‍ണമായും ഒരു ഹൊറര്‍ ചിത്രം  അല്ലായിരുന്നു.എന്നാല്‍ ഒരു  നിലാവരം  മുന്നോട്ടു  വച്ചിരുന്നു.

  ഇനി  എസ്രയിലേക്ക്.എസ്ര  വ്യത്യസ്തം  ആകുന്നതു  എന്ത്  കൊണ്ടാണ്  എന്ന  ചോദ്യത്തിന്  ഉത്തരം   ആയി  പറയാവുന്നത്  അതിന്റെ  അവതരണ  രീതി  തന്നെയാണ്.വിദേശ  സിനിമകളില്‍  കാണുന്ന തരത്തില്‍  ഉള്ള  അവതരണ  രീതി  പ്രേക്ഷകര്‍ക്ക്‌  പരിചിതം ആണെങ്കിലും മലയാളത്തില്‍  ആദ്യമായാണ്‌  എന്ന്  പറയാന്‍  ആകും.ഒരിക്കലും  ചിത്രം അത് ഉള്‍പ്പെടുന്ന  വിഭാഗത്തില്‍ നിന്നും  പുറത്തു പോകാന്‍  ശ്രമിച്ചിട്ടില്ല.കുത്തിതിരുക്കിയ  തമാശ രംഗങ്ങള്‍  പോലും  ഇല്ലായിരുന്നു.സിനിമയില്‍ ഉടന്നീളം ഭയം  എന്ന വികാരം  പ്രേക്ഷകനില്‍  എത്തിക്കാന്‍  ശ്രമിച്ചിരുന്നു.ശ്രദ്ധേയം  ആയ  ഒരു  കാര്യം  ആണ് ഭയപ്പെടുത്തുന്ന  സീനുകള്‍ക്ക്  മുന്‍പ് അത്  പ്രേക്ഷകന്‍  ശ്രദ്ധിക്കാന്‍ വേണ്ടി  പ്രിയയെ  ഉപയോഗിച്ച രീതി.മനപ്പൂര്‍വം അല്ലായിരുന്നു  എങ്കില്‍  പോലും ഭയപ്പെടുത്താന്‍  ഉള്ള  രംഗങ്ങള്‍ അധികം  ആര്‍ക്കും നഷ്ടമായില്ല  എന്ന്  തോന്നുന്നു.പുതുമുകങ്ങള്‍  ആയ  സംവിധായകന്‍ ജയ്‌ തിരക്കഥകൃത്തു മനു  ഗോപാല്‍  ഒക്കെ  നല്ലത്  പോലെ  ചിത്രത്തിനായി  ഹോം വര്‍ക്ക്  നടത്തിയതായി  തോന്നി.

   പ്രണയിച്ചു  വിവാഹം  ചെയ്ത രഞ്ജന്‍-പ്രിയ ദമ്പതികള്‍  കൊച്ചിയില്‍   എത്തുമ്പോള്‍  അപ്രതീക്ഷിതം  ആയി  അവരുടെ  ഒപ്പം  കൂടുന്ന പുത്തന്‍  അതിഥി അവരുടെ ജീവിതത്തില്‍ വരുത്തുന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്‍റെ പ്രമേയം .വിജയരാഘവന്‍,ടോവിനോ,ബാബു  ആന്റണി,സുജിത് തുടങ്ങിയ  ഒരു  താരനിരയും ചിത്രത്തില്‍ ഉണ്ട്.ജൂത  പശ്ചാത്തലത്തില്‍ അവതരിപ്പിച്ച  ഈ  ഹൊറര്‍  ചിത്രം അതിന്‍റെ  ക്ലൈമാക്സും  നല്ലതാക്കി.മലയാളികള്‍ക്ക്  ട്വിസ്റ്റ്  വേണം  എന്നുള്ള അഭിപ്രായം  ആയിരിക്കാം  ഇതിനു  കാരണം  എന്ന്  തോന്നുന്നു.എല്ലാം ഒത്തിണങ്ങിയ അന്തസ്സും  മാന്യതയും  ഉള്ള  പ്രേക്ഷകരുടെ  ഒപ്പം  ഇരുന്നാണ്  ചിത്രം  കാണുന്നതെങ്കില്‍ ഒരു  പക്ഷെ  ചിത്രം  അല്‍പ്പം  കൂടി  ഭയപ്പെടുത്തിയേനെ  എന്ന്  തോന്നി  പോയി.എന്നാല്‍  കൂടി  ചിത്രം  ഇഷ്ടം  ആയി.എന്റെ  റേറ്റിംഗ്  3.5/5


     ഒരു ചെറിയ  കുറിപ്പ് :-കോട്ടയം  അനുപമ  തിയറ്ററില്‍  ആദ്യത്തെ  ദിവസത്തെ  ഫസ്റ്റ്  ഷോയില്‍ C6 സീറ്റിന്റെ  അപ്പുറത്ത് (ഇടതു  വശം)  ഇരുന്ന,സിനിമ  തുടങ്ങുന്നതിനു  മുന്‍പ്  കൂട്ടുകാരോട്  ക്ലൈമാക്സ്  പറഞ്ഞു  ബെറ്റ്  വച്ച  ആ  മഹാനുഭാവന്റെ  പിതാമഹന്‍  ഇന്നലെ  എത്ര  വട്ടം  തുമ്മി  എന്ന്  അറിയില്ല.അത് പോലെ  തന്നെ  സിനിമയുടെ  ഇടയ്ക്ക് ഊള ചളി  അടിച്ച  അതിന്‍റെ  മുന്നില്‍  ഇരുന്ന  3  തരുണീമണികളും (ഇരുട്ട്  ആയതു  കൊണ്ട്  വദനം  കണ്ടില്ല).ഒപ്പം സിനിമയ്ക്ക്  മുഴുവനും അവനവന്‍റെ ജനുസ്സില്‍  ഉള്‍പ്പെടുന്ന  മൃഗങ്ങളുടെ ശബ്ദം  അനുകരിച്ചവര്‍ക്കും  പ്രത്യേക  അഭിനന്ദനങ്ങള്‍.(പ്രിത്വി,ടോവിനോ,ബാബു  ആന്റണി  എന്നിവരെ  കാണിച്ചപ്പോള്‍  കയ്യടിച്ചവരെ ഒന്നും  ഇതില്‍  കൂട്ടിയിട്ടില്ല!!)


More movie suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)