Wednesday, 31 January 2024

1763. Philip's (Malayalam, 2023)

1763. Philip's (Malayalam, 2023)



⭐⭐⭐½ /5


  ഒരു മോട്ടിവേഷണൽ പുസ്തകത്തിൽ ഉള്ള കഥ പോലെ ഒരു സിനിമ. അതാണ്‌  Philip's. ഫിലിപ് ഭാര്യ മരിച്ചതിനു ശേഷം അയാളുടെ മൂന്നു മക്കളുടെ ഒപ്പം ഉള്ള സന്തോഷപൂർവം ആയ ലോകത്തിൽ ആണ് ജീവിക്കുന്നത്. അവരുടെ ആ ജീവിതത്തിൽ ചെറിയ രസകരമായ പിണക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവിചാരിതമായി ഒരു സംഭവം അവരുടെ ജീവിതത്തെ മാറ്റുന്നു. ആ സംഭവം അവരുടെ എല്ലാം ഇടയിൽ ഉള്ള സ്നേഹത്തിന്റെയും കരുതലിന്റെയും എല്ലാം പരീക്ഷണം ആയി മാറുകയാണ്. ആ പരീക്ഷണം അവരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആയിരിക്കും കൊണ്ട് വന്നിരിക്കുന്ന?


 മുകേഷ് ആണ് ഫിലിപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ഥിരം മുകേഷ് മാനറിസങ്ങൾ ഉള്ള ആളാണ്‌ ഫിലിപ്. ഇത്തരത്തിൽ ഒരു കഥാപാത്രത്തെ മടുപ്പിക്കാതെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട് മുകേഷ്. ഇന്നസെന്റിന്റെ കഥാപാത്രം ഒരു പക്ഷെ അദ്ദേഹത്തെ സ്‌ക്രീനിൽ കാണാൻ ഉള്ള അവസാന അവസരം ആയിരുന്നിരിക്കണം. ബാംഗ്ലൂരിൽ ഉള്ള പുതിയ കാലത്തെ ഒരു കുടുംബം. അവർ പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നത് ഒരു ഫീൽ ഗുഡ് രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.


എനിക്ക് സിനിമ ഇഷ്ടമായി. ഒന്ന് കണ്ടു നോക്കുന്നതിൽ കുഴപ്പം ഇല്ലാത്ത സിനിമ.



Tuesday, 30 January 2024

1762. Animal (Hindi, 2023)

 


1762. Animal (Hindi, 2023)

        Streaming on Netflix


⭐⭐⭐⭐/5


യുവതയെ വഴിതെറ്റിക്കുന്ന, പുരുഷ മേധാവിത്വത്തിന്റെ, കലിപ്പനും കാന്താരിയുടെയും, അത് പോലെ ആൽഫ മെയിലിന്റെ പുണ്യ പുരാണ സിനിമ എന്ന നിലയിൽ കുപ്രസിദ്ധിയാർജിച്ച Animal എനിക്ക് നല്ല പോലെ ഇഷ്ടമായി. ചിലപ്പോൾ ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ട് ആണെന്ന് വരെ ചിന്തിച്ചു പോകേണ്ടി വരും ഈ സിനിമ കണ്ടു കഴിഞ്ഞ് എന്ന് പറയുന്ന ധാരാളം ആളുകളെ കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര.



ഇന്ന് ഒരു വീഡിയോയിൽ സിനിമയിലെ Pappa Count 196 പ്രാവശ്യം ആണെന്ന് കണ്ടിരുന്നു. സിനിമയുടെ മുഖ്യ പ്രമേയവും അതാണ്‌. സ്വന്തം പിതാവിനെ ലോകത്തിൽ എന്തിനേക്കാളും ഇഷ്ടപ്പെടുന്ന, അയാൾ അൽപ്പ നേരം  അവനെ മനസ്സിലാക്കി അവന്റെ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു രൺവിജയ് സിംഗിന്റെ കഥയാണ് Animal. ശരിക്കും അവനൊക്കെ മൃഗത്തെ സമൂഹത്തിലേക്കു കൊണ്ട് വരുന്നത് അവന്റെ അന്ധമായ ഈ സ്നേഹം ആണ്. എന്നാൽ അവന്റെ പിതാവായ ബൽബീർ അത് മനസിലാക്കാതെ പോകുന്നു.


സിനിമാറ്റിക് രീതിയിൽ അത് ഒരു chaos ആയി മാറുകയാണ്. ധാരാളം ചോരക്കളികൾ, രൺവീർ സിംഗിന്റെ ഫ്രസ്‌ട്രേഷൻ, അത് അനുഭവിക്കുന്ന അവന്റെ ചുറ്റും ഉള്ളവർ, ആ കഥാപാത്രം ഗംഭീരം ആയി അവതരിപ്പിച്ചപ്പോൾ അത് ഇഷ്ടം ഇല്ലാത്ത പ്രേക്ഷകരും അത് ഇഷ്ടപ്പെടുന്ന ആളുകളും. ഈ സിനിമക്ക് അങ്ങനെ ഒരു പ്രത്യേകത കൂടി കാണും. ഒരു പക്ഷെ ഈ സിനിമയെ മൊത്തമായി വെറുക്കുന്ന ആളുകളും അല്ലെങ്കിൽ അത് പോലെ ഇഷ്ടപ്പെടുന്നവരും.അതിനു കാരണം രൺബീർ കപൂറിന്റെ കഥാപത്രമായി ആയി മാറാൻ ഉള്ള ഗംഭീര കഴിവ് ആയിരുന്നു.


രൺവിജയ് സിംഗ് നല്ലവൻ ഒന്നും അല്ലായിരുന്നു. അയാളുടെ എന്തെങ്കിലും നല്ല വശം അയാൾക്ക്‌ പിതാവിനോട് ഉള്ള സ്നേഹം ആയിരുന്നു. എന്നാൽ ടോക്സിക് പേരന്റിങ്ങിനു ഒപ്പം തന്നെ അതെ പോലെ അസഹനീയം ആയ ഒരു ബന്ധം ആയിരുന്നു അവനു അയാളോട് ഉണ്ടായിരുന്നതും.അയാൾ ചെയ്തു കൂട്ടുന്നത് പുറത്തിറങ്ങി ആരെങ്കിലും ചെയ്താൽ മാനസിക പ്രശ്നം ഉള്ള ആളാണെന്നു പറഞ്ഞ് ഒരു പക്ഷെ ചികിത്സ കൊടുത്തേനെ.


പക്ഷെ ഇത് ഒരു സിനിമയാണ്. ആ സിനിമയിലെ ഇങ്ങനത്തെ ഒരു കഥാപാത്രത്തിനെ നെഗറ്റീവ് ആയി എങ്കിലും ലാർജർ താൻ ലൈഫ് എന്ന് പറഞ്ഞ് വയ്ക്കുന്നത്ര നന്നായി രൺബീർ ചെയ്തു.ചിലർക്കൊക്കെ ചെറുതായി തങ്ങളുടെ ജീവിതവും ആയി കണക്റ്റ് ചെയ്യാൻ പറ്റുമായിരിക്കും ഇതിലെ അച്ഛൻ - മകൻ ബന്ധം. മൂന്നു മണിക്കൂറിൽ ഏറെയുള്ള സിനിമ കാണുന്ന ആളുടെ ചായക്കപ്പ് ആണെങ്കിൽ ഒറ്റ ഇരുപ്പിന് കണ്ടു തീർക്കും. സ്വന്തം അനുഭവം ആണ്.


 വലിയ ക്യാൻവാസിൽ ഉള്ള ഫൈറ്റ് സീനുകൾ എല്ലാം ഗംഭീരം ആയിരുന്നു. ബോബി ഡിയോളിന്റെ സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും ഉള്ള സമയം കിടിലം ആക്കിയിട്ടുണ്ട്. അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കഥയ്ക്ക് വഴി തുറന്ന് ഇട്ടു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. അത് കണ്ടത് വച്ച് അടുത്ത ഭാഗം ഇതിലും മാരകം ആകാൻ സാധ്യത ഉണ്ട്.


പിന്നെ ക്‌ളാസിക് കലിപ്പന്റെ കാ‍ന്താരി സെറ്റപ്പ് ആയിരുന്നു സിനിമയിലെ സോ കോൾഡ് പ്രണയ രംഗങ്ങൾ മൊത്തം. ഇങ്ങനെ ആഗ്രസിവ് ആയ കഥാപാത്രത്തിൽ നിന്നും വേറെ എന്ത് പ്രതീക്ഷിക്കാൻ ആണ്? സിനിമ റിയാലിറ്റി ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം ഇതിൽ ഉള്ളത് ഒന്നും റിയൽ ലൈഫിൽ നടക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളും ആണ്. ഒരു പക്ഷെ രൺവിജയ് സിംഗ് കുട്ടിക്കാലത്തു താഴെ തെന്നി വീണ് കോമയിൽ വല്ലോം ആയി പിന്നീട് എപ്പോഴെങ്കിലും ഇമാജിൻ ചെയ്യുന്ന കാര്യവും ആയിരിക്കാം ഇതിന്റെ മൊത്തം കഥയും.


പക്ഷെ മികച്ച അവതരണം, അത് പോലെ സിനിമയിലെ ലാർജർ താൻ ലൈഫ് കഥാപാത്രങ്ങൾ എല്ലാം കൂടി ചേരുമ്പോൾ ഇഷ്ടപ്പെടേണ്ടവർക്ക് ഇഷ്ടപ്പെടാം. അല്ലാത്തവർക്ക് 10 മിനിറ്റിൽ ടി വി നിർത്തി പോകാം എന്ന് പറയുന്ന സിനിമ ആണ് Animal.


Waiting for Animal Park!!



  

Wednesday, 10 January 2024

1761. Lake Mungo ( English, 2008)

1761. Lake Mungo ( English, 2008)




⭐⭐⭐½ /5


ആലിസ് പാമർ മംഗോ താടാകത്തിൽ വീണു മരിക്കുമ്പോൾ അവളുടെ പ്രായം പതിനാറ്. അവളുടെ മരണ ശേഷം അവളുടെ കുടുംബം, അവരുടെ വീട്ടിൽ വിചിത്രമായ പലതും അനുഭവിക്കാൻ തുടങ്ങി. പലപ്പോഴും ആലിസ് അവിടെ ഉള്ളത് പോലെ തോന്നുമായിരുന്നു. പിന്നീട് ചില ഫോട്ടോകളിൽ പോലും മരണ ശേഷം ആലീസിന്റെ സാന്നിധ്യം കണ്ടതോടെ എല്ലാവരും സംശയത്തിൽ ആയി. മംഗോ താടാകത്തിൽ നിന്നും ലഭിച്ചത് അവളുടെ മൃത ശരീരം ആണോ എന്ന് പോലും ഉള്ള സംശയങ്ങൾ.


 എന്നാൽ പിന്നീട് ഈ സംഭവം കൂടുതൽ സങ്കീർണം ആവുകയാണ് ചെയ്തത്. ആലീസിന് മറ്റാരും അറിയാത്ത ഒരു ജീവിതം. ഒരു പക്ഷെ അവളുടെ മരണത്തിനു ശേഷം അവൾക്കു എന്തെങ്കിലും പറയാൻ ഉണ്ടോ? അതോ അവൾ ജീവിച്ചിരിപ്പുണ്ടോ?ഒരു പതിനാറ് വയസ്സുകാരിയുടെ ആരും അറിയാത്ത ജീവിതവും മാനസികാവസ്ഥയും ഇല്ല കൂടി ചേരുമ്പോൾ ഒരു നല്ല സൈക്കോളജിക്കൽ ത്രില്ലറിനുള്ള വഴി ഒരുങ്ങുകയാണ് 


 ഫൗണ്ട് ഫുട്ടേജ് വീഡിയോകളുടെയും ഫോട്ടോകളിലൂടെയും ആണ് ആലീസിന്റെ ജീവിതം അനാവരണം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഒന്നും അറിയാതെ, ഒരു ഹൊറർ ചിത്രം ആണ് കാണാൻ ഇരുന്നത് എന്നത് കൊണ്ട് തന്നെ സിനിമയുടെ തുടക്കത്തിൽ ഉള്ള അവതരണം കണ്ടപ്പോൾ ഇതൊരു യഥാർത്ഥ ഡോക്യുമെന്ററി ആണോ എന്ന് പോലും സംശയിച്ചു. അത്രയും മികച്ച പെർഫെക്ഷൻ.


എന്നാൽ നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ   മോക്യുമെന്ററി ആണെന്ന് പിന്നീട് മനസിലായതോടെ കൂടുതൽ ഇഷ്ടമായി. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റി. വീഡിയോ ക്ലിപ്പുകൾ പോലും അത്ര ക്ലിയർ അല്ലാതെ ആക്കിയത് ഒറിജിനാലിറ്റി കൂട്ടിയിട്ടുണ്ട് . ജമ്പ് സ്കെയർ ഹൊറർ സിനിമകൾ ഇഷ്ടമല്ലെങ്കിലും അവിചാരിതമായി സിനിമയിലെ ഒന്ന് രണ്ടു സീനുകൾ ആ രീതിയിൽ മികച്ചതായി തോന്നി. മൊത്തത്തിൽ ഭീതിയുടെ ആമ്പിയൻസ് നൽകി നല്ല രീതിയിൽ ആലീസിന്റെ ജീവിതത്തിന്റെ നിഗൂഢത ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കൂ.


ലിങ്ക് ഇവിടെ ലഭ്യമാണ് : t.me/mhviews1


1761. Lake Mungo ( English, 2008)

         Mystery, Horror.

Saturday, 6 January 2024

1760. 800 (Tamil, 2023)

1760. 800 (Tamil, 2023)

         Streaming on Amazon Prime.



⭐⭐⭐/5


 മുരളീധരന്റെ എണ്ണൂറാം ടെസ്റ്റ് വിക്കറ്റ് എടുത്ത അദ്ദേഹത്തിന്റെ അവസാന ടെസ്റ്റിന്റെ സമയം മുകുന്ദൻ സദാശിവം എന്ന സ്പോർട്സ് റിപ്പോർട്ടർ മറ്റൊരു റിപ്പോർട്ടറും ആയി നടത്തുന്ന സംഭാഷണത്തിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. മുത്തയ്യ മുരളീധരന്റെ ക്രിക്കറ്റ് ജീവിതം പൂർണമായും ഫോളോ ചെയ്തിരുന്ന മുകുന്ദൻ മുരളിയുടെ ജീവിതം ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിലൂടെയും മറ്റും കടന്നു പോകുന്നതും പിന്നീട് ബൗളിംഗ് ആക്ഷൻ കാരണം ഉണ്ടായ വിവാദങ്ങളും അത് പോലെ രാഷ്ട്രീയ സംഭവങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകളും എല്ലാം സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.


  സിനിമ മൊത്തത്തിൽ കൊള്ളാമായിരുന്നു. ഇടയ്ക്ക് ചില നല്ല മൊമെൻറ്സ് എല്ലാം ചിത്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്രയേറെ വിക്കറ്റുകൾ എടുത്ത ആളുടെ ജീവിതത്തിൽ പ്രതീക്ഷിക്കാവുന്ന അത്ര വൗ മൊമെൻറ്സ് ഒന്നും ചിത്രത്തിൽ ഇല്ലായിരുന്നു എന്നത് നിരാശജനകം ആയിരുന്നു. പകരം ജീവിതത്തിൽ പലപ്പോഴും ഏതു ഭാഗത്തു നിൽക്കും എന്ന് സംശയിച്ചു നിൽക്കുന്ന ഒരു മുരളിയെ ആണ് കാണാൻ കഴിഞ്ഞത്. ഒരു സ്പോർട്ട്സ് ബയോപിക്കിൽ നിന്നും ലഭിക്കുന്ന പോസിറ്റീവ് ആയ ഫീലും മിസ്സായതായി തോന്നി.


ഏറ്റവും ഇഷ്ടപ്പെട്ടത് സിനിമയിലെ രണതുംഗ ആണ്.ശ്രീലങ്കയുടെ ഏറ്റവും മഹാനായ ക്യാപ്റ്റൻ മുരളിയുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ അമ്പയറുമാരും ആയി നടന്ന വിവാദങ്ങൾ നടന്ന സംഭവങ്ങൾ ഒക്കെ നന്നായിട്ടുണ്ടായിരുന്നു.


 സിനിമയുടെ അണിയറ പ്രവർത്തകർക്ക് ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ എന്ത് നിലപാട് എടുക്കണം എന്നതിൽ സംശയം ഉള്ളതായി തോന്നി. മുരളിയുടെ നിലപാടുകൾ ഒരു പക്ഷെ തമിഴൻ എന്ന നിലയിൽ പ്രതീക്ഷിക്കാവുന്നതും അല്ലായിരുന്നല്ലോ?



എന്തായാലും തരക്കേടില്ലാത്ത ഒരു സ്പോർട്ട്സ് ബയോപിക് ആണ് മൊത്തത്തിൽ 800. ഒരു പക്ഷെ ശ്രീലങ്കയിൽ നിന്ന് തന്നെ ഇത് സിനിമ ആയിരുന്നെങ്കിൽ ഒരു പക്ഷെ അവരുടെ വിജയങ്ങൾ കൂടുതൽ ആവേശം ഉണർത്തുന്ന രീതിയിൽ ചിത്രത്തിൽ വന്നേനെ.



1759. Arlington Road (English, 1999)

 1759. Arlington Road (English, 1999)

         Crime/ Thriller.





⭐⭐⭐⭐/5


തന്റെ അയൽവാസികൾ ഭീകരവാദികൾ ആണോ എന്ന് ആണ് കോളേജ് അദ്ധ്യാപകൻ ആയ മൈക്കിളിനു സംശയം. എഫ് ബി ഐയിൽ ജോലി ചെയ്തിരുന്ന ഭാര്യ മരണപ്പെട്ടത്തോടെ സമൂഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയ മൈക്കിളിന്റെ സംശയങ്ങൾ ആരും ഗൗരവം ആയി എടുത്തില്ല. എന്നാൽ അയാളുടെ സംശയങ്ങൾ ശരിയായിരുന്നോ അതോ തോന്നൽ മാത്രം ആയിരുന്നോ എന്നതാണ് Arlington Road എന്ന ചിത്രം അവതരിപ്പിക്കുന്നതു.


ഒരു സിനിമ കണ്ടു കഴിഞ്ഞിട്ട് അയ്യോ ഇതെന്ത് കഥ എന്ന് വിചാരിച്ചിരുന്നത് Arlington Road കണ്ടിട്ടാണെന്ന് തോന്നുന്നു.ആദ്യമായി Arlington Road കാണുന്നത് രണ്ടായിരത്തിന്റെ തുടക്കത്തിലാണ്. അന്നത്തെ സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാട് വച്ച് വളരെയധികം വിഷമം തോന്നിൻസിനിമ മുഴുവൻ കഴിഞ്ഞിട്ടും. അന്നത്തെ എന്നിലെ സിനിമ ആസ്വാദകനെ അവസാനം കുഴപ്പിച്ച ഒരു സിനിമ ആയിട്ടാണ് തോന്നിയത്.ഇത്തരത്തിൽ ഉള്ള സിനിമ genre യേ എന്ത് പേരിട്ടു വിളിക്കണം എന്ന് പോലും അറിയില്ലായിരുന്നു.


 വർഷങ്ങൾക്കു ശേഷം പലപ്പോഴും സോഷ്യൽ മീഡിയയിൽ സിനിമ ഗ്രൂപ്പുകളിൽ പലപ്പോഴും ഈ സിനിമയുടെ നിരൂപണങ്ങൾ കണ്ടിരുന്നു. എന്നാൽ ആ സമയത്ത് സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയെങ്കിലും സിനിമ വീണ്ടും കാണാൻ തോന്നിയില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ സിനിമയെ കുറിച്ചുള്ള പോസ്റ്റ് കണ്ടപ്പോൾ വീണ്ടും കണ്ടൂ.


ഒന്നും പറയാൻ ഇല്ല. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആദ്യ പ്രാവശ്യം കണ്ട അതെ അവസ്ഥ. എന്നാൽ ഇത്തവണ അത്തരത്തിൽ ഒരു സംഭവത്തിലേക്കു ആ കഥ കൊണ്ടെത്തിച്ച മികവിനെ കുറിച്ചാണ് ഓർത്തത്‌. തുടക്കത്തിൽ തീരെ പിടി കിട്ടാതെ പോകുന്ന ചിത്രം അവസാന അര മണിക്കൂർ മികച്ച ഒരു ത്രില്ലർ ആയി മാറുന്നുണ്ട്. പ്രത്യേകിച്ചും ക്ലൈമാക്സ്. ഇപ്പോഴും എനിക്ക് എന്തോ പോലെ തോന്നുന്നു. ഒരു തരാം ശ്വാസം മുട്ടൽ എന്ന് പറഞ്ഞാലും കൂടി പോകില്ല. അങ്ങനെ ഒരു എഫെക്റ്റ് ആയിരുന്നു.


സിനിമ കണ്ടിട്ടില്ലാത്തവർ കുറവായിരിക്കും. ഇനി എങ്ങാനും കണ്ടില്ലെങ്കിൽ കണ്ടു നോക്കൂ.


ലിങ്ക് t.me/mhviews1 ൽ ലഭിക്കും.





1758. Udal (Malayalam, 2022)

1758. Udal (Malayalam, 2022)

        Streaming on Saina Play



⭐⭐⭐/5


ഇന്റർവ്യൂ സ്റ്റാറിന്റെ തുണ്ട് പടം എന്ന് ആദ്യം പറഞ്ഞ് കേട്ട സിനിമ മലയാള സിനിമയിലെ ഏറ്റവും വലിയ വയലൻസ് സിനിമകളിൽ ഒന്നായി മാറുന്നതാണ് ഉടൽ എന്ന സിനിമയിൽ കണ്ടത്. ധ്യാനിന്റെ കഥാപാത്രം ശരിക്കും ഊള ആണോ എന്ന് കരുതിയ സ്ഥലത്തു നിന്ന് പോലും കിരൺ എന്ന കഥാപാത്രം പോലും തരക്കേടില്ലാതെ പ്രകടനം നടത്തി അവസാനം  ദുർഗയുടെയും ഇന്ദ്രൻസിന്റെയും മികച്ച കഥാപാത്രങ്ങളിലൂടെ ഉടൽ വേറിട്ട ഒരു അനുഭവം ആയി മാറി.


 അവിഹിതം, അതിൽ നിന്നും ഉരിത്തിരിയുന്ന കഥ എന്നതിൽ ഉപരി ഇതിൽ ആത്മാർത്ഥമായ ഒരു പ്രണയം ഉണ്ട്. കിടന്ന കിടപ്പിൽ ആയി പോയ ഭാര്യയെ നോക്കുന്ന ഒരു മനുഷ്യൻ. അയാൾക്ക്‌ എന്നാൽ അതിനായി മറ്റൊരാളുടെ സഹായവും ആവശ്യം ആയിരുന്നു. എന്നാൽ മരുമകൾ ആയ അവൾക്കു അവളുടെ പല ആവശ്യങ്ങൾക്കും മറ്റുള്ളവരുടെ സഹായം വേണമായിരുന്നു. ഒരു പക്ഷെ അന്ന് രാത്രി ഇതെല്ലാം കൂടി ഒരുമിച്ചു വരുകയും അതിന്റെ പരിണിത ഫലവും ആണ് ഉടൽ.


ഉടൽ ഒരു ടിപ്പിക്കൽ മലയാള സിനിമ അല്ല. വിദേശ ഭാഷ ചിത്രങ്ങളിൽ കാണുന്നത് പോലെ അത്ര എക്സ്ട്രീം അല്ലെങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള മൂഡിൽ പെർഫെക്റ്റ് വയലൻസ് ചിത്രമാണ്.




Thursday, 4 January 2024

1757. Conjuring Kannappan (Tamil, 2023)

1757. Conjuring Kannappan (Tamil, 2023)

        Streaming on Netflix



⭐⭐⭐/5


  മോട്ടർ പണി മുടക്കിയത് മൂലം വീട്ടിലെ അടച്ചിട്ട കിണറ്റിൽ നിന്നും വെള്ളം കോരേണ്ടി വന്ന യുവാവിന് സംഭവിച്ചത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. അതാണ്‌ ഈ സിനിമയുടെ കഥ. ആ യുവാവ് അബദ്ധത്തിൽ മറ്റൊരു ലോകത്തിൽ എത്തുക ആണ്. അതും പ്രേതങ്ങളുടെ ലോകത്തിൽ. ഉറങ്ങുന്ന സമയം ആണ് ഇത് സംഭവിക്കുക. അവന്റെ കൂടെ പിന്നെ പലരും പോയി.


 തരക്കേടില്ലാത്ത ഒരു കഥയാണ് Conjuring Kannappan ന് ഉള്ളത്. കുറച്ചു തമാശകളും ഉണ്ട്. ലോജിക് പ്രശ്നം ഒക്കെ പലയിടത്തും ഉണ്ട്. പേടിപ്പിക്കാൻ വേണ്ടി എടുത്ത പടം അല്ലാതെ ഹൊറർ കോമഡി ആയിട്ടാണ് എടുത്തത്. അത് കൊണ്ട് തന്നെ ലൈറ്റ് ആയി തന്നെ കഥ പോകുന്നു. പിന്നെ പ്രേതങ്ങളുടെ ആത്മനൊമ്പരങ്ങളുടെയും സഹനത്തിന്റെയും തെറ്റിദ്ധാരണയുടെ എല്ലാം കഥ പറഞ്ഞ് കോംപ്രമൈസ് ഒക്കെ ആക്കുന്ന സ്ഥിരം ഫോർമാറ്റും ആണ്.


എന്നാലും കുഴപ്പമില്ലാത്ത സ്പീഡിൽ പോകുന്നത് കൊണ്ട് ബോറടി ഒന്നുമില്ല. ചിലപ്പോൾ ചില കാര്യങ്ങളുടെ ഒക്കെ ഉത്തരം പെട്ടെന്ന് തന്നെ വരുമ്പോൾ ഇത് പറയാൻ വേണ്ടി തന്നെ ആളെ വച്ചതു കൊണ്ട് സ്പീഡ് നല്ലത് പോലെ കൂടിയതായി തോന്നി. ചുമ്മാ കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ചിത്രം ആണ്.



1756. Tholvi F. C. (Malayalam, 2023)

1756. Tholvi F. C. (Malayalam, 2023)

          Streaming on Amazon Prime.





⭐⭐½ /5


  തോൽവി ഫാമിലി ക്ലബ് എന്ന് പേരിടേണ്ട ഒരു കുടുംബം. ആ വീട്ടിലെ ആര് എന്ത് ചെയ്താലും എല്ലാം തോൽവികൾ മാത്രം. അങ്ങനങ്ങനെ അവർ തോൽ‌വിയിൽ നിന്നും തിരിച്ചു വരുന്നത് എങ്ങനെ ആണെന്ന് കാണിക്കുന്ന ഒരു സിനിമ ആണ് തോൽവി എഫ്. സി.


  സിനിമ മോശം ആണെന്ന് അല്ല. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ. കുറെ കഥാപാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വരുന്നു പോകുന്നു എന്നല്ലാതെ പ്രേക്ഷകൻ എന്ന നിലയിൽ വലിയ കാര്യമായി ഒന്നും തോന്നിയില്ല.ഒരു ചെറിയ വെബ് സീരീസ് പോലെ തോന്നി. പ്രധാനമായും കഥാപാത്രങ്ങൾ പലരും കണക്റ്റ് ആകുന്നില്ലായിരുന്നു.


ചിലപ്പോഴൊക്കെ സ്കിറ്റ് ലെവലിൽ കുറച്ചു തമാശകൾ ഉണ്ട്.വെറുതെ കണ്ടു കൊണ്ടിരിക്കാം എന്നുള്ള ചിത്രം. ഫീൽ ഗുഡ് ടൈപ് അവസാനം ആണെങ്കിലും അതും വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കിയില്ല.പിന്നെ ഷറഫുദീൻ ഒരു ഫാമിലി ഹീറോ എന്ന നിലയിലേക്ക് മാറാൻ ഉള്ള ശ്രമങ്ങൾ തുടരുക ആണെന്ന് തോന്നി. ശരിക്കും അങ്ങനെ ഒരു സ്‌പേസ് ഇപ്പോൾ മലയാള സിനിമയിൽ ഉണ്ട്.


മോശം ആണെന്നുള്ള അഭിപ്രായം നേരത്തെ പറഞ്ഞത് പോലെ ഇല്ല. ഒരു ആവറേജ് പടം. കണ്ടാലും കണ്ടില്ലേലും കുഴപ്പമില്ല എന്ന് പറയാവുന്ന ഒന്ന്. ചുമ്മാ കുറച്ചു സമയം ഉണ്ടേൽ ഇരുന്നു കാണാം.


പിന്നെ കാനഡയിൽ ആമസോൺ പ്രൈമിൽ സിനിമ കിട്ടുന്നില്ല. സ്ട്രീമിങ് പ്രൈമിൽ ആണെന്ന് കണ്ടൂ എന്ന് മാത്രം.





1890. Door (Japanese, 1988)