Sunday 30 July 2023

1714. Maamannan (Tamil, 2023)


1714. Maamannan (Tamil, 2023)

         Streaming on Netflix





 ⭐⭐/5


      'ചക്കിന് വച്ചത് കൊക്കിന് കൊണ്ടു ' എന്നൊരു പഴഞ്ചൊല്ല് പോലെ ആയി മാമന്നൻ സിനിമയുടെ OTT റിലീസിന് ശേഷം എന്നതാണ് അവസ്ഥ. സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതിന് മുന്നേ അത് പറയാം എന്ന് തോന്നുന്നു. ധനികനും, ഉയർന്ന ജാതിയിലും ഉള്ള ക്രൂരൻ വില്ലൻ കഥാപാത്രമായ രത്നവേലൂ ഇപ്പോൾ നേടുന്ന കൾട് ഫോളോയിങ് മാറി സെൽവരാജിന്റെ സിനിമ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ആണ്‌ വന്നത്. ഒരു പക്ഷെ നായകൻ കഥാപാത്രങ്ങളെ സൈഡ് ആക്കി വില്ലൻ ഇത്ര മേൽക്കോയ്മ നേടുന്നതും ഇന്ത്യൻ സിനിമയിൽ സ്വാഭാവികം അല്ലാത്ത കാര്യവും ആണ്‌. എന്നാൽ ഇവിടെ ജാതി വ്യവസ്ഥയ്ക്കു എതിരെ അവതരിപ്പിച്ച സിനിമയിൽ മേൽജാതിക്കാരൻ ആയ വില്ലൻ സ്ക്കോർ ചെയ്തത് കൂടി ആയപ്പോൾ ദുരന്തം ആയി മാറി മാരിയുടെ സിനിമ പൊളിറ്റിക്സ്.


  അതിനു എനിക്ക് തോന്നിയത് മൂന്നു കാരണം ആണ്‌. ഒന്ന്, ട്രെയിലറിൽ വളരെ ശക്തൻ എന്ന് തോന്നിച്ച വടി വേലുവിന്റെ കഥാപാത്രം സിനിമയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ കോമഡി റോളുകളുടെ ഒരു extended സീരിയസ് വേർഷൻ മാത്രം ആയി മാറി എന്നതാണ്. സിനിമയിലെ രണ്ട് രംഗങ്ങൾ ; കാറിൽ വച്ച് തോക്ക് എടുക്കുന്ന രംഗം, പിന്നെ ക്ലൈമാക്‌സിലെ രത്ന വേലുവിനെ കാണുന്ന സന്ദർഭം ഒഴികെ മാസ് സീൻ ഒന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നതാണ് പരിതാപകരം. ട്രെയിലർ കണ്ടപ്പോൾ എന്താണ് പ്രതീക്ഷിച്ചതു അതിന്റെ അടുത്ത് പോലും എത്തുന്ന ഒന്നും ഇല്ലായിരുന്നു. തീരെ ദുർബലൻ ആയ 'വയ്യാത്ത ' ഒരു കഥാപാത്രം.നമ്മുടെ ഇന്ദ്രൻസ് പോലും ഒരു സൈക്കോ കൊലയാളി ആയി വന്നപ്പോൾ കണ്ടത് ആണ്‌ എത്ര സ്ട്രോങ്ങ്‌ ആയിട്ടാണ് ആ ട്രാൻസ്‌ഫോർമേഷൻ വന്നത് എന്ന്. ഇവിടെ വടി വേലുവിനെ കൊണ്ടൊന്നും ഇത് പറ്റാത്ത റോൾ ആണെന്ന് തോന്നി.


  രണ്ടാമതായി ഉദയനിധി. ഇടയ്ക്ക് ചില സിനിമകൾ കൊള്ളാം എന്ന് തോന്നിയെങ്കിലും ആദ്യമായി ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്ന, അഭിനയം അറിയാതെ പകച്ചു പോകുന്ന ഒരാളായി ആണ്‌ സ്‌ക്രീനിൽ അതിവീരനെ കണ്ടപ്പോൾ തോന്നിയത്. മാസ് സീനുകൾ ഒക്കെ elevate ചെയ്യേണ്ട സ്ഥലത്തു 'ഇതെന്തു കുന്തം 'എന്ന ഭാവത്തിൽ നിന്നു പോയി അതിവീരൻ. ധനുഷിനെ പോലെയോ അല്ലെങ്കിൽ അത്യാവശ്യം ഇത്തരം രംഗങ്ങൾ ഒക്കെ ചെയ്യാൻ കഴിയുന്ന ഏതെങ്കിലും നടൻ വേണമായിരുന്നു. അത് വിശാൽ ആയാൽ പോലും നല്ലതായിരുന്നു. പ്രത്യേകിച്ചും നായകൻ മാർഷ്യൽ ആർട്സ് ഒക്കെ അറിയാവുന്ന ആൾ ആണെങ്കിൽ 'മുക്കി കരഞ്ഞു' കൊണ്ടു ഫൈറ്റ് ചെയ്യുന്ന അതിവീരനെ അണ് ഉദയനിധി കാണിച്ച് തന്നത്. ഇയാൾ എന്തിനാണോ മാർഷ്യൽ ആർട്സ് ഒക്കെ പഠിച്ചത് എന്ന് തോന്നി പോയി. ഇനി ഇവരാരും അല്ലെങ്കിൽ പോലും 'തമിഴൻ ഡാ ' എന്ന് പറഞ്ഞ് നടക്കുന്ന ഏതു നടനും പൂ പറിക്കുന്ന ലാഘവത്തിൽ അവതരിപ്പിക്കാൻ പറ്റുന്ന കഥാപാത്രം ആണ്‌ ഉദയനിധി 'സരോജ് കുമാർ സ്റ്റൈലിൽ ' അവതരിപ്പിച്ചു കുളം ആക്കിയത്.


ഇനി മൂന്നാമതായി. ഫഹദ് ഫാസിൽ. അധികം ഒന്നും എഴുതണം എന്ന് തോന്നുന്നില്ല. ഒറ്റയ്ക്ക് ക്രൂരനായ, ഒരു നല്ല വശവും ഇല്ലാത്ത ആ വില്ലനെ നന്നായി തന്നെ അവതരിപ്പിച്ചു. ഫഹദിന്റെ ഏറ്റവും നല്ല വേഷം ഒന്നും അല്ല ഇതിൽ ഉള്ളത്.പക്ഷെ ഈ സിനിമയിൽ എതിരെ നിൽക്കാൻ ആരും ഇല്ലാത്തത് പോലത്തെ ഗംഭീര അഭിനയം.


ഇതെല്ലാം കൂടി വരുമ്പോൾ രണ്ടാം ഭാഗത്തിലെ ഇലക്ഷൻ ഒക്കെ ഉറപ്പായും നായക കഥാപത്രങ്ങൾ തോൽക്കും എന്ന് തന്നെ ആണ്‌ കരുതിയത്. സ്വന്തം ജാതിക്കാർ പോലും ചതിക്കുമ്പോൾ മാറി സെൽവരാജിന്റെ ജാതി പൊളിറ്റിക്സ് ഇതിൽ അവതരിപ്പിച്ചത് എന്താണ് എന്ന് പോലും എന്തായാലും ഒന്നും മിണ്ടാതെ ഒരു സൈഡിലൂടെ പോകാം. മാരി സീരിയസ് ആയി എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാകും.


' പരിയേറും പെരുമാൾ ',' കർണ്ണൻ ' തുടങ്ങിയ മാരി ചിത്രങ്ങൾ ഇഷ്ടപ്പെട്ട സിനിമകളാണ്. ഇപ്പോഴും പ്ളേ ലിസ്റ്റിൽ ഉള്ള പാട്ടുകൾ ആണ്‌ ഈ ചിത്രത്തിൽ ഉള്ളത്. റഹ്മാൻ മാരിയുടെ സിനിമയിൽ വരുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയിരുന്നു. ഇടയ്ക്കുള്ള ബി ജി എമ്മും ഏൻഡ് ക്രെഡിറ്റ്സിൽ റഹ്മാൻ പാടുന്ന പാട്ടും ഒഴികെ ഒന്നും ഇഷ്ടമായില്ല സിനിമയിൽ. എന്റെ ഭാര്യയ്ക്ക് അതിലെ വേറെ ഏതോ ഒരു പാട്ട് ഇഷ്ടപ്പെട്ടൂ എന്ന് തോന്നുന്നു.


എന്തായാലും തിയറ്ററിൽ ഉറപ്പായും കാണണം എന്ന് കരുതി ഇരുന്നിട്ട് അവസാനം ഇവിടെ റിലീസ് ഇല്ലാത്തത് കൊണ്ടു കാണാതെ ഇരുന്ന പടം ആണ്‌ മാമന്നൻ. വരാത്തത് നന്നായി എന്ന് തോന്നുന്നു എന്തായാലും. എന്നാലും രത്ന വേലു എന്ന വില്ലൻ കഥാപാത്രത്തിനു കിട്ടുന്ന കയ്യടി കണ്ടിട്ട് ആണോ ഫെഫ്സി തമിഴ് നടൻമാർ അല്ലാത്തവർ തമിഴ് സിനിമകളിൽ അഭിനയിക്കേണ്ട എന്ന് പറഞ്ഞത് എന്ന് തോന്നുന്നു.


ആരോടും കാണാൻ ഒന്നും പറയാൻ തോന്നിക്കാത്ത സിനിമ ആണ്‌ മാമന്നൻ എനിക്ക്. ആകെ മൊത്തം നിരാശ നല്ല രീതിയിൽ അവതരിപ്പിക്കാവുന്ന ഒരു സിനിമ കുളം ആക്കി എന്നതാണ്. പ്രത്യേകിച്ചും ട്രെയിലർ തന്ന എഫെക്റ്റ് പറ്റിച്ചു എന്ന് തന്നെ പറയാം.




No comments:

Post a Comment

1818. Lucy (English, 2014)