Thursday 25 May 2023

1705. Investigation of a Citizen Above Suspicion (Italian, 1970)

 1705. Investigation of a Citizen Above Suspicion (Italian, 1970)


          Psychological Thriller, Murder Investigation.

⭐️⭐️⭐️⭐️/5

  ഹോമിസൈഡ്  വിഭാഗത്തിന്റെ ചീഫ് ആയി ഉള്ള അവസാന ദിവസം ആണ് നമുക്ക് 'ചീഫ് ' എന്നു വിളിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥന് ഒരു തോന്നൽ ഉണ്ടായത്. തന്റെ അധികാരത്തിന്റെ ശക്തി  എത്രത്തോളം ഉണ്ട് എന്നു മനസ്സിലാക്കണമായിരുന്നു ആയാൾക്ക്. സമൂഹത്തിലെ മറ്റ് പൌരന്മാരിൽ നിന്നും ആയാൾക്ക് ഉള്ള സമൂഹത്തിലെ സ്വാധീനം , ശക്തി എന്നിവ കണ്ടെത്തുക ആയിരുന്നു ഉദ്ദേശം. അതിനായി  അയാൾ ചെയ്തത് ഒരു കൊലപാതകം ആയിരുന്നു. തന്റെ രഹസ്യ കാമുകിയുടെ കഴുത്ത് അറുത്ത് അവരെ കൊലപ്പെടുത്തുന്നു. അവരെ കൊലപ്പെടുത്തിയത്തിന് ശേഷം അയാൾ അവളെ കൊന്ന സ്ഥലത്ത്  തന്നിലേക്ക് കുറ്റാന്വേഷകർ വന്നെത്താന് ഉള്ള എല്ലാ തെളിവുകളും മനപ്പൂർവം അവശേഷിപ്പിക്കുന്നു. ഇത്രയും തെളിവുകൾ നൽകിയാൽ തന്നെ ആരെങ്കിലും കുറ്റവാളി ആയി കണ്ടെത്തുമോ എന്നതായിരുന്നു ആയാൾക്ക് അറിയേണ്ടിയിരുന്നത്?

പെർഫക്റ്റ് ക്രൈം ആധാരമാക്കിയുള്ള സിനിമകൾ ധാരാളം നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ അതിന്റെ നേർ  വിപരീതം ആണ് Investigation of a Citizen Above Suspicion. ആരാലും കണ്ടെത്താൻ കഴിയാത്ത രീതിയിൽ കൊലപാതകം നടത്തുന്നതും, എന്നാൽ തന്റെ നേരെ താൻ ചെയ്ത കൊലപാതകത്തിന് നേരെ വിരൽ  ചൂണ്ടും എന്ന പ്രതീക്ഷയിലും ഉള്ള കേന്ദ്ര കഥാപാത്രം ആണ് ഈ ചിത്രത്തിൽ ഉള്ളത്. വളരെയധികം ലെയറുകൾ ഉള്ള ചിത്രം ആണ് Investigation of a Citizen Above Suspicion. ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയിലും സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിലും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സിനിമ ഒരു ഘട്ടം കഴിയുമ്പോൾ കേന്ദ്ര കഥാപാത്രമായ ചീഫിന് തന്റെ അധികാര ശക്തി നല്കിയ ഇറ്റലിയിലെ അന്നത്തെ രാഷ്ട്രീയ ഇടനാഴികളിലേക്ക്  ശ്രദ്ധ തിരിയുന്നുണ്ട്.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഫാന്റസി ആയി ഒരു കൊലപാതകം മാറുന്ന രീതിയിൽ അയാളെ ചിന്തിപ്പിച്ചതും ആയാൾക്ക് അധികാരം നൽകിയ ശക്തി ആയിരുന്നു. അതിൽ അയാൾ ഉന്മാദം കൊള്ളുകയും ചെയ്യുന്നുണ്ട്. പിന്നീട് അയാളുടെ മാനസികാവസ്ഥ മാറുകയും  ഒരു അവസരത്തിൽ കൊലയാളി മറ്റൊരാൾ ആയി കണ്ടെത്തി പോലീസ് ഒരാളെ കുറ്റവാളി ആക്കാൻ ശ്രമിക്കുമ്പോൾ ചീഫിന്റെ ഉള്ളിൽ  ഉള്ള  ഈഗോ പുറത്തു വരുന്നതും കാണാം. സിനിമയിൽ ഇത് പോലെ ഉള്ള പല അവസരങ്ങളിലും ചീഫ് തന്നെ കണ്ടെത്താൻ വേണ്ടി പുതു തെളിവുകൾ നൽകുന്നും  ഉണ്ട്. ഇത്തരത്തിൽ ഒരു കഥയ്ക്ക് എന്തായിരിക്കും ക്ലൈമാക്സ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ Investigation of a Citizen Above Suspicion കാണുക.

നമുക്ക്  പരിചിതമായ ഒരു പ്രമേയം അല്ല ചിത്രത്തിന് ഉള്ളത്. നേരത്തെ പറഞ്ഞത് പോലെ ഉള്ള ലെയറുകൾ ചിത്രത്തിന് മോടി കൂട്ടുന്നുണ്ട് എങ്കിലും അതിനും അപ്പുറം മനുഷ്യന്റെ ഇഗോ എന്ന വികാരത്തിൽ  ആണ് സംവിധായകൻ എലിയോ പെട്രി കൂടുതൽ ശ്രദ്ധ കൊടുത്തത് എന്നത് മനസിലാകും. അത് പോലെ അതായത് കാലത്ത് ഉള്ള രാഷ്ട്രീയ സാഹചര്യങ്ങൾ എങ്ങനെ എല്ലാം സമൂഹത്തിൽ ശക്തരായ ആളുകൾ  ദുരുപയോഗം ചെയ്തു എന്നതും വ്യക്തമാകും.ഏത് കാലഘട്ടത്തിലും പ്രസക്തി ഉള്ള സിനിമയാണ്.

സിനിമയുടെ ലിങ്ക് https://movieholicviews.blogspot.com/?m=1 ൽ ലഭ്യമാണ്.

സിനിമ കണ്ടവർ അഭിപ്രായങ്ങൾ പങ്ക് വയ്ക്കണേ.


No comments:

Post a Comment

1818. Lucy (English, 2014)