1091.Oru Kuprasidha Payyan(Malayalam,2018)
ആരും ചോദിക്കാനോ അന്വേഷിക്കാനോ ഇല്ലാത്ത ഒരാളെ കേസിൽ കുടുക്കിയാൽ പ്രത്യേകിച്ചു പ്രശ്നം ഒന്നുമില്ല എന്നും കേസ് തെളിഞ്ഞത് തന്റെ ജോലിയിൽ ഒരു നേട്ടം ആകും എന്നു കരുതി കാണും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.കാരണം അത്രയ്ക്കും ഉണ്ടായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ ഉള്ള സമ്മർദ്ദം.അവരുടെ profiling നു ചേരുന്ന ഒരാളെ പ്രതിയായി മുന്നിൽ കാണാൻ കഴിഞ്ഞപ്പോൾ ഒന്നും നോക്കിയില്ല.അയാൾ ആയി കൊലപാതകി.ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ കൊലപാതകി.
"ഒരു കുപ്രസിദ്ധ പയ്യൻ" എന്ന ചിത്രത്തിലെ അജയൻ യഥാർത്ഥത്തിൽ ഉള്ള ജയേഷ് ആണെന്നുള്ള അവസ്ഥ വച്ചു നോക്കുമ്പോൾ ആണ് റീൽ ലൈഫും റിയൽ ലൈഫും തമ്മിൽ എത്ര മാത്രം ബന്ധം ഉണ്ടെന്നു മനസ്സിലാവുക.ഒരു അഭിമുഖത്തിൽ വായിച്ചിരുന്നു യഥാർത്ഥ സംഭവങ്ങളും ആയുള്ള ബന്ധം."അമ്മിണി പിള്ള കൊലക്കേസ്" എങ്ങനെ ആണ് ക്രൈം ബ്രാഞ്ച് കണക്കിലെടുത്തതെന്നു ഇപ്പോഴും പ്രതികളെ കിട്ടാത്ത കേസ് ആയി അവശേഷിക്കുമ്പോൾ മനസ്സിലാകും.
ടോവിനോ ഈ വേഷത്തിന് ഇൻട്രോയിലെ കാളയെ മലർത്തിയടിക്കുന്ന സീനിൽ,ജയിൽ ഫൈറ്റിൽ ഒക്കെ തിളങ്ങിയെങ്കിലും ഒരു പാവത്താൻ ഇമേജ് തീരെ യോജിച്ചില്ല.ഇടയ്ക്കുള്ള അഭിനയം കണ്ടപ്പോൾ ഇനി അജയൻ ആണോ കൊലപാതകി എന്നു പ്രേക്ഷകൻ സംശയിച്ചു പോലും സംശയിച്ചു പോകും.ഞാൻ ശരിക്കും ക്ളൈമാക്‌സ് ഒക്കെ കഴിഞ്ഞു ഒരു കള്ള ചിരിയോടെ എല്ലാവരെയും പറ്റിച്ചേ എന്ന ഭാവത്തിൽ നിൽക്കുന്ന സൈക്കോ ആയ അജയനെ ആണ് പ്രതീക്ഷിച്ചതും.എന്നാൽ അതാണോ ചിത്രം പറയാൻ ശ്രമിച്ചത് എന്നു ചോദിച്ചാൽ ഗൗരവപൂര്ണമായ ഒരു സാമൂഹിക പ്രശ്നം ആണെന്ന് പറയേണ്ടി വരും.ആരും ഇല്ലാത്തവന്റെ മേൽ ഉള്ള അധികാര ശക്തി നിയമപാലകർ ഉപയോഗിച്ചു എന്നതാണ്.നിമിഷയുടെ വക്കീൽ വേഷം,ദുര്ബലയിൽ നിന്നും സീനിയറിന്റെ മുന്നിൽ ജയിക്കാൻ ഉള്ള ആഗ്രഹം പോലുള്ള സിനിമാറ്റിക് ഘടകങ്ങളിലൂടെ ചിത്രത്തിന്റെ പ്രധാന ഭാഗമായി മാറി.
മൊത്തത്തിൽ നോക്കിയാൽ തരക്കേടില്ലാത്ത ഒരു കോർട്ട് റൂം ഡ്രാമ എന്നു പറയാം ചിത്രത്തെ കുറിച്ചു.തമിഴ് ചിത്രം "വിസാരണയ്" യുടെ ഒപ്പം ഒക്കെ വരാൻ ഉള്ള കാലിബർ പ്രമേയപരമായി ഉണ്ടായിരുന്നെങ്കിലും അത്രയ്ക്കൊന്നും ശ്രമിച്ചില്ല മധുപാലും കൂട്ടരും എന്നു തോന്നി പോയി സിനിമ അവസാനിക്കുമ്പോൾ.എങ്കിൽക്കൂടിയും നേരത്തെ പറഞ്ഞതു പോലെ തരക്കേടില്ലാത്ത ചിത്രം തന്നെയാണ് "ഒരു കുപ്രസിദ്ധ പയ്യൻ".
More movie suggestions @www.movieholicviews.blogspot.ca