Thursday, 20 April 2017

740.CITIZEN X(ENGLISH,1995)

740.CITIZEN X(ENGLISH,1995),|Crime|Biography|,Dir:-Chris Gerolmo,*ing:-Stephen Rea, Donald Sutherland, Max von Sydow


  “The Soviet Union doesn’t have serial killers! It is a decadent, western phenomenon.”

പ്രതിച്ഛായ ബാധ്യത ആയി തീര്‍ന്ന ഭരണക്കൂടത്തിന്റെ ഒരു വക്താവിന്റെ വാക്കുകള്‍ ആണിവ.പരമ്പര കൊലപാതകികളുടെ ഇരകളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കൊലയാളിയുടെ 52 ഇരകള്‍ക്ക് കാരണമായ സമീപനം മേല്‍പ്പറഞ്ഞ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.മിഖായേല്‍ ഗോര്‍ബചോവിന്റെ "ഗ്ലാസ്നോസ്റ്റ്‌" നയങ്ങള്‍ നില നിന്നിരുന്ന റഷ്യ ആണ് പശ്ചാത്തലം.പരമ്പര കൊലപാതകികള്‍ എന്നത് വൈദേശികമായ ഒരു മിഥ്യാധാരണ ആണെന്ന നിലപാട് ആണ് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.അതിനോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം ശരി ആണെന്ന് ലോകത്തോട്‌ വിളിച്ചു പറയുന്നതിന്‍റെ ഭാഗമായി പൊതു ജനമദ്ധ്യത്തില്‍ നിന്നും മറച്ചു വയ്ക്കേണ്ടി വരുന്നു ആ കൊലപാതകങ്ങള്‍.ഒപ്പം തങ്ങളുടെ സാങ്കേതിക വളര്‍ച്ചയെ കുറിച്ചുള്ള അമിതമായ ആത്മവിശ്വാസവും കൊണ്ടെത്തിക്കുന്നത് "ചിക്കാറ്റിലോ" യില്‍ ആണ്.

   എണ്‍പതുകളുടെ തുടക്കം മുതല്‍ അവസാനം വരെ റഷ്യന്‍ പോലീസിനെ കുരുക്കിയ പരമ്പര കൊലപാതകിയുടെ കഥ അവതരിപ്പിക്കുക ആണ് HBO യുടെ ടെലിവിഷന്‍ സിനിമ ആയ Ctizen X ലൂടെ.പാടം ഉഴുന്നതിന്റെ ഇടയില്‍ ആണ് ആദ്യ മൃത ദേഹം ലഭിക്കുന്നത്.ആ ഭാഗത്ത്‌ തന്നെ തെളിവുകള്‍ കാണും എന്ന് പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരെ അയക്കുന്ന പോലീസ് ഫോറന്‍സിക് വിദഗ്ധന്‍ ബുറക്കോവിനായി അവര്‍ അന്ന് കൊണ്ട് വന്നത് ഏഴു മൃതദേഹങ്ങള്‍ കൂടി ആയിരുന്നു.ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം മനസ്സിലായ ബുറക്കോവ്ഉന്നത കമ്മിറ്റിയുടെ മുന്നില്‍ തന്‍റെ സംശയം അവതരിപ്പിക്കുന്നു.ഒരു രാത്രിയില്‍ വിശ്രമം ഇല്ലാതെ 8 മൃതദേഹങ്ങളുടെ പരിശോധന നടത്തിയത് ബുറക്കോവിന്റെ മടുക്കാത്ത മനസ്സിന്‍റെ കഴിവ് ആണെന്ന് മനസ്സിലാക്കിയ കേണല്‍ ഫെറ്റിസോവ് കുറ്റാന്വേഷണത്തില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും അയാളെ കൊലപാതകങ്ങളുടെ അന്വേഷണ ചുമതല നല്‍കി.

  സമാനമായ ചിന്താഗതിക്കാര്‍ ആയിരുന്നു ബുറക്കോവും കേണല്‍ ഫെറ്റിസോവും.ബുറക്കോവ് അല്‍പ്പം കൂടി വൈകാരികതയ്ക്ക് അടിമപ്പെട്ടു പോകുന്ന ആള്‍ ആയിരുന്നു എന്ന് മാത്രം.തന്‍റെ മേല്‍ ഉദ്യോഗസ്ഥര്‍ ശകാരിക്കുമ്പോള്‍ കരയുകയും ,തന്നെ കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ സന്തോഷത്താല്‍ കരയുകയും ചെയ്തിരുന്ന ബുറക്കോവ് എന്നാല്‍ വര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോഴും തന്‍റെ ലക്ഷ്യമായ പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു.തന്‍റെ ആവശ്യങ്ങള്‍ കമ്മിറ്റി പലപ്പോഴും നിരാകരിച്ചു കൊണ്ടിരുന്നപ്പോള്‍ പോലും.ഒരിക്കല്‍ സംശയത്തിന്‍റെ പേരില്‍ ചിക്കാറ്റിലോയെ പിടിക്കൂടിയപ്പോള്‍ പോലും പാര്‍ട്ടി അംഗം ആണെന്ന കാരണത്താല്‍ വിട്ടയക്കുക ആണ് ഉണ്ടായിരുന്നത്.ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മാറാതിരുന്ന സാങ്കേതിക വിദ്യയും അന്ന് വിനയായി.

  ഇനി ആരാണ് ചിക്കാറ്റിലോ?ഒരു പക്ഷെ അമ്പതിലേറെ കൊലപാതകങ്ങള്‍ നടത്താനും മാത്രം ശക്തന്‍ ആണോ അയാള്‍ എന്ന് സംശയിക്കാവുന്ന രൂപത്തോട് കൂടിയ ആത്മവിശ്വാസം ഇല്ലാത്ത,കിടപ്പറയില്‍ പരാജയമായ,ജോലി സ്ഥലത്ത് പരിഹസിക്കപ്പെട്ടിരുന്ന ഒരാള്‍ ആയിരുന്നു കുടുംബസ്ഥന്‍ ആയ ചിക്കാറ്റിലോ.മുന്‍ അധ്യാപകന്‍ ആയിരുന്ന അയാള്‍ ലൈംഗിക ആരോപണങ്ങള്‍ കാരണം ആ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നു.തന്‍റെ ദിവസേന ഉള്ള  ജീവിതത്തിലെ പരാജയങ്ങള്‍ അയാള്‍ മറന്നിരുന്നത് കൊലപാതകങ്ങളിലൂടെ ആയിരുന്നു.ലൈംഗിക ആയി പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടികള്‍,ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ആണ്‍ കുട്ടികള്‍ എന്നിവ അയാള്‍ക്ക്‌ തന്നില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ള "വസ്തുക്കള്‍" മാത്രം ആയിരുന്നു.മരിച്ചതിനു ശേഷവും ഇരകളുടെ മേല്‍ തന്‍റെ ലൈംഗിക അഭിനിവേശം തീര്‍ക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു.

  റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആയിരുന്നു അയാള്‍ തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്.ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ദുര്‍ബലരായ ആളുകള്‍ ആയിരുന്നു അയാളുടെ ലക്‌ഷ്യം.തന്‍റെ 52 ഇരകളില്‍ 35 പേരും 17 നു വയസ്സില്‍ താഴെ ഉള്ളവര്‍ ആയിരുന്നു എന്നതിലൂടെ തന്നെ അയാളുടെ കൊലപാതകങ്ങളിലെ സുപ്രധാനമായ ഒരു സാദൃശ്യം ബുറക്കോവ് മനസ്സിലാകുന്നു.റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസിനെ നിയോഗിച്ചെങ്കിലും മേല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊലയാളി സ്വവര്‍ഗാനുരാഗി ആണെന്ന "കണ്ടെത്തല്‍" കാരണം അത്തരം ആളുകളുടെ വേട്ടയായി മാറ്റപ്പെട്ടു.എന്നാല്‍ 8 വര്‍ഷത്തോളം തന്‍റെ കണ്ടെത്തലുകളില്‍ വിശ്വസിച്ച ബുറക്കോവ് അവസാനം ലക്‌ഷ്യം കാണുന്നു.മാറപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്ഥാനക്കയറ്റം ലഭിച്ച ഫെറ്റിസോവും ബുറക്കോവും കുറ്റാന്വേഷണത്തില്‍ ശാസ്ത്രീയം ആയ രീതികളിലേക്ക് അന്വേഷണം മാറ്റുന്നു.അമേരിക്കയുടെ FBI സഹായം വരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു.

   അല്‍പ്പ ദിവസത്തിന് ശേഷം ചിക്കാറ്റിലോ ആകസ്മികം ആയി പിടിയിലാകുമ്പോള്‍ അയാള്‍ തന്‍റെ 52 മത്തെ ഇരയെ വകവരുത്തിയിട്ടുണ്ടായിരുന്നു.എട്ടു വയസ്സുള്ള ഒരു പെണ്‍ക്കുട്ടി.അവളുടെ ബന്ധുവായ പോലീസുകാരന്‍ ആ മൃത ശരീരം കണ്ടപ്പോള്‍ അല്‍പ്പം നേരത്തെ അയാളെ പിടിക്കൂടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നിരിക്കാം.അധികാരത്തിന്റെ വടം വലിയില്‍ ഉള്ള ഈഗോ ഈ കേസില്‍ അവസാനം വരെ വില്ലന്‍ ആയി.അശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ട ചിക്കാറ്റിലോ തന്‍റെ കുറ്റകൃത്യങ്ങള്‍ നീണ്ട ഏഴു ദിവസം സമ്മതിക്കുന്നില്ല.കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കില്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ പുറത്തു വിടേണ്ട ദിവസം നാടകീയ സംഭവങ്ങള്‍ക്ക് ആണ് സാക്ഷ്യം വഹിക്കുന്നത്. അവസാനം ബുറക്കോവ്, ബുക്കാനോവ്സ്ക്കി എന്ന "മനശാസ്ത്ര വിദഗ്ദ്ധനെ" രംഗത്തിറക്കുന്നു.കൊലപാതക രീതികള്‍ ഉപയോഗിച്ച് കൊലപാതകിയെ കുറിച്ച് അദ്ദേഹം നേരത്തെ തന്നെ വിശദമായ പഠനം നടത്തിയിരുന്നു.റഷ്യയില്‍ ആദ്യമായി കൊലപാതക കൃത്യങ്ങളെ പ്രതികളുടെ മനോനില അനുസരിച്ച് തെളിയിക്കുന്ന രീതികളുടെ തുടക്കം ആയിരുന്നു അതെന്ന് പറയാം.കുറ്റം ഏറ്റു പറയുന്ന ചിക്കാറ്റിലോ അതെങ്ങനെ നടപ്പാക്കി എന്ന് വിശദീകരിക്കുന്നു അവസാനം.

  തന്‍റെ കുറ്റകൃത്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാം ഒരു ഇരുമ്പ് കൂടില്‍ അടയ്ക്കപ്പെട്ട അയാളെ പിന്നീട് ശിക്ഷ ആയി വെടി വച്ച് കൊല്ലാന്‍ ഉത്തരവിടുക ആയിരുന്നു നീതി പീഠം അവസാനം.റോബര്‍ട്ട് കല്ലന്‍ രചിച്ച ""The Killer Department" എന്ന പുസ്തകത്തെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ടെലിവിഷന്‍ ചിത്രം എന്ന നിലയില്‍ ആണ് HBO ഈ ചിത്രം അവതരിപ്പിച്ചതെങ്കിലും പരമ്പര കൊലപാതകികളെ കുറിച്ചുള്ള സിനിമകളിലെ അധികം ശ്രദ്ധിക്കാതെ കിടക്കുന്ന മാണിക്യം ആണ് "Citizen X"എന്നത് ബുക്കാനോവസ്ക്കി,തന്‍റെ അജ്ഞാത കൊലയാളി കഥാപാത്രത്തിന് നല്‍കിയ പേര് ആണത്.വിലക്കുകള്‍ മൂലം പൊതു ജനങ്ങള്‍ക്ക്‌ ഇത്തരം ഒരു സംഭവത്തെ കുറിച്ച് സൂചന ഇല്ലാതിരുന്നതും ഒരു കേസ് അന്വേഷണത്തില്‍ ഭരണക്കൂട നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുണ്ടാകും എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് ചിക്കാറ്റിലോയും അയാളുടെ 52 ഇരകളും.എട്ടു വര്‍ഷത്തോളം സ്വവര്‍ഗാനുരാഗികളെ കണ്ടത്താന്‍ ബുറക്കോവ് ചവിട്ടി തുറക്കുന്ന വാതിലുകളില്‍ നിന്നും തന്‍റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അയാള്‍ക്ക്‌ അവസരം വരുന്നതിലൂടെ ആണ് കേസ് അന്വേഷണം പൂര്‍ത്തി ആകുന്നതു എന്ന് വേണമെങ്കില്‍ പറയാം.

No comments:

Post a Comment