Friday, 28 March 2014

105.SNOWPIERCER(ENGLISH/KOREAN,2013)

105.SNOWPIERCER(ENGLISH/KOREAN,2013),|Sci-Fi|Action|Drama|,Dir:-Joon-ho Bong,*ing:-Kang Ho Song,Chris EvansTilda SwintonJamie Bell

ഹോളിവുഡ് sci-fi സിനിമകളുടെ ഇടയില്‍ കൊറിയയില്‍ നിന്നും വന്ന അതെ ജോനരില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് "Snowpiercer".മഞ്ഞിനെ കീറി മുറിക്കുക എന്ന അര്‍ത്ഥത്തില്‍ പേര് വരുന്ന ഈ സിനിമ അതി ശൈത്യക്കാലത്ത് അവയെ കീറി മുറിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന കുറച്ചാളുകളുടെ കഥയാണ് അവതരിപ്പിക്കുന്നത്‌.ആഗോളതാപനം ഭാവിയില്‍ വളരെയധികം കൂടുകയും അതിനെ കുറയ്ക്കാന്‍ വേണ്ടി ലോകരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് CW7 എന്ന പദാര്‍ത്ഥം അന്തരീക്ഷത്തില്‍ പ്രയോഗിക്കുന്നു.എന്നാല്‍ അതിന്‍റെ ഫലമായി ഭൂമി മുഴുവന്‍ മഞ്ഞു മൂടുന്നു.അതില്‍ നിന്നും രക്ഷപ്പെടാന്‍ ബൈബിളിലെ നോഹ നിര്‍മ്മിച്ച പെട്ടകം പോലെ ഒരു ട്രെയിന്‍ Wilford എന്നയാള്‍ നിര്‍മ്മിക്കുന്നു.ഭൂമിയില്‍ അവസാനമുള്ള മനുഷ്യരെ അതില്‍ ഉള്‍ക്കൊള്ളിക്കുന്നു.എന്നാല്‍ ഈ ട്രെയിനില്‍ ഉള്ള മനുഷ്യരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ധനം അനുസരിച്ചായിരുന്നു.തന്‍റെ കച്ചവട കണ്ണില്‍ Wilford ആളുകളുടെ വില നിശ്ചയിക്കുന്നു.പതിനേഴ്‌ വര്ഷം കഴിഞ്ഞു പതിനെട്ടാം വര്‍ഷത്തിലേക്ക് യാത്ര തിരിക്കുന്ന ആ ട്രെയിനിന്‍റെ പിന്‍ഭാഗം ദരിദ്രരും ദുഷ്ക്കരമായ സൌകര്യങ്ങളോടെ ജീവിക്കുന്നവരും ആണ്.പിന്നീട് ഓരോ ഭാഗം മുന്നോട്ടു പോകുമ്പോള്‍ അവരവരുടെ വിലയ്ക്കനുസരിച്ചുള്ള സൌകര്യങ്ങള്‍ ലഭിക്കുന്നു.

   ഏറ്റവും മുന്നിലാണ് "പരിശുദ്ധം" എന്ന് പറയപ്പെടുന്ന ട്രെയിനിന്‍റെ എഞ്ചിന്‍.അവിടെയാണ് Wilford താമസിക്കുന്നത്.Wilford ന്‍റെ അനുചരന്മാര്‍ക്ക് അയാള്‍ പുന്യാത്മാവും ദൈവവും ആണ്.അയാള്‍ ക്രൂരമായ അയാളുടെ ആജ്ഞകള്‍ നിറവേറ്റുന്നു.അതിനിടെ കര്‍ട്ടിസ് എന്നയാളുടെ നേതൃത്വത്തില്‍ ട്രെയിനിന്‍റെ പിന്‍ഭാഗം മുതല്‍ ഒരു കലാപം ആരംഭിക്കുന്നു.ക്രൂരമായ പീഡനങ്ങളും മോശമായ ജീവിത സാഹചര്യങ്ങളും അവരെ കലാപകാരികള്‍ ആക്കി മാറ്റുന്നു.അവരുടെ കൂടെ നാംഗൂമ്ഗ് എന്ന വാതില്‍ തുറക്കല്‍ വിദഗ്ദ്ധനും അയാളുടെ മകള്‍ യോണയും കൂടുന്നു.ഓരോ വാതില്‍ തുറക്കുന്നതിനും പകരമായി അവര്‍ക്ക് ക്രോനാല്‍ എന്ന മയക്കുമരുന്ന് നല്‍കാന്‍ ആവശ്യപ്പെടുന്നു.അങ്ങനെ മുന്നോട്ട് ഓരോ വാതിലും തുറന്നു പോയ കര്ട്ടിസ്സിന്റെ നേതൃത്വത്തില്‍ പോയ കലാപക്കാരികള്‍ നേര്ടെണ്ടി വന്നത് വലിയ അപകടങ്ങള്‍ ആണ്.അടിമകളായി ജീവിക്കപ്പെടെണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരോട് സമ്പന്നര്‍ നടത്തുന്ന ക്രൂരതകള്‍ സിനിമയില്‍ ഉടനീളം അവതരിപ്പിക്കുന്നുണ്ട്.അവരുടെ യാത്ര അവസാനിക്കുന്നത് ധാരാളം രഹസ്യങ്ങളുടെ വാതില്‍ തുറന്നുകൊണ്ടാണ്.എന്താണ് ആ രഹസ്യങ്ങള്‍?കര്ട്ടിസിനും കൂട്ടര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കുമോ?ഇതൊക്കെ ആണ് ബാക്കി ഉള്ള സിനിമ.

   കഴിഞ്ഞ വര്‍ഷത്തെ കൊറിയയിലെ പണം വാരി പദങ്ങളില്‍ ഒന്നാണ് Snowpiercer.കൊറിയന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന കാംഗ് -ഹോ-സോംഗ് ആണ് നാമൂമ്ഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.കൊറിയയിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ആയ ഹോസ്റ്റ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജൂണ്‍-ഹോ-ബോംഗ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.അധികം തരക്കേടില്ലാത്ത അനിമേഷന്‍ രംഗങ്ങള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.പുറംലോകത്തു നിന്നും അകന്ന് അടയ്ക്കപ്പെട്ട ട്രെയിനിന്‍റെ ഉള്ളില്‍ കൃമി കീടങ്ങളെ പോലെ കഴിയുന്ന മനുഷ്യരുടെ ജീവിതം ചിലപ്പോള്‍ ഒക്കെ നൊമ്പരം ഉളവാക്കും.എങ്കിലും ഒരു ആക്ഷന്‍/sci-fi വിഭാഗത്തില്‍ പെടുന്ന ചിത്രം ആയതു കൊണ്ട് അതിന്‍റെ തീവ്രതയ്ക്ക് അധികം സാധ്യത നല്‍കുന്നില്ല.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ www.movieholicviews.blogspot.com

Monday, 24 March 2014

104.INSOMNIA (NORWEGIAN,1997)

104.INSOMNIA(NORWEGIAN,1997),|Mystery|Drama|Thriller|,Dir:- Erik Skjoldbjærg,*ing:-Stellan SkarsgårdMaria MathiesenSverre Anker Ousdal

   "ഇന്‍സോമനിയ" ശരിയായ അളവില്‍ ഉറക്കം കിട്ടാത്ത ആളുകളില്‍ കാണപ്പെടുന്ന മാനസികാവസ്ഥയെ ഇങ്ങനെ വിളിക്കാം.ഇത്തരത്തില്‍ ഉള്ള പ്രമേയങ്ങള്‍ക്ക്സിനിമ പലപ്പോഴും പ്രധാന തീമും ആയിട്ടുണ്ട്‌.Fight Club,Machinsit,Insomnia(2002) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രം.നോളന്റെ 2002 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം ഈ നോര്‍വീജിയന്‍ ചിത്രത്തെ ആസ്പദമാക്കി ആയിരുന്നു."ഇന്‍സോമനിയ " എന്ന ഈ ചിത്രം പറയുന്നത് നോര്‍വയില്‍ ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന ജോനാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണവും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയും ആണ്.അതീവ ശ്രദ്ധയോടെ നടത്തിയ ഒരു കൊലപാതകം ആയിരുന്നു ടാന്യ എന്ന പെണ്ക്കുട്ടിയുടെത്.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ ആ കൊലപാതകത്തില്‍  പെണ്‍ക്കുട്ടിയുടെ മുടി പോലും കഴുകിയിരുന്നു തെളിവുകള്‍ നശിപ്പിക്കുവാന്‍ വേണ്ടി.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാത്ത ബുദ്ധിപൂര്‍വമായ കൊലപാതകം എന്ന് വിളിക്കാവുന്ന ഒന്നായിരുന്നു അത്.

    അന്വേഷണം ആരംഭിച്ചത് ടാന്യയുടെ കാമുകനായ എയ്ലേര്‍ട്ട്‌ എന്ന ചെറുപ്പക്കാരനില്‍ ആയിരുന്നു.ജോനാസിന്‍റെ സഹ പ്രവര്‍ത്തകനായ വിക് ആയിരുന്നു അന്വേഷണത്തില്‍ പങ്കാളി.കൊലപാതകിയെ കുടുക്കുവാനായി നടത്തിയ ശ്രമത്തില്‍ വിക് വെടിയേറ്റ് കൊല്ലപ്പെടുന്നു.പാതിരാത്രിക്കും സൂര്യന്‍ ഉദിക്കുന്ന ആര്‍ട്ടിക് പ്രദേശത്ത് താമസിച്ചിരുന്ന ജോനാസിനു ശരിയായ രീതിയില്‍ ഉറക്കം ലഭിക്കുന്നില്ല.അതയാളെ അസ്വസ്ഥനാക്കുന്നു.അതിനൊപ്പം വിക്കിന്‍റെ കൊലപാതകം അയാളെ കൂടുതല്‍ തളര്‍ത്തുന്നു.വിക്കിന്‍റെ കൊലപാതകം നടത്തിയത് ടാന്യയുടെ കൊലപാതകി തന്നെ ആണെന്നുള്ള നിഗമനത്തില്‍ ആ കേസ് അന്വേഷിക്കാനായി ഹില്‍ടെ എന്ന അന്വേഷണ ഉദ്യോഗസ്ഥ വരുന്നു.സമാന്തരമായ രണ്ടു കേസുകളുടെ അന്വേഷണവും  നടക്കുന്നതിന്റെ ഇടയില്‍ ടാന്യയുടെ കൊലയാളിയെ കുറിച്ച് പ്രധാനമായ വിവരങ്ങള്‍ ലഭിക്കുന്നു.ആ കൊലയാളിയെ പിന്തുടര്‍ന്ന് പോയ ജോനാസ് അയാളെ പിടിക്കുമ്പോള്‍ അയാള്‍ ഒരു രഹസ്യം ജോനാസിനോട് വെളിപ്പെടുത്തുന്നു.ജോനാസിനെ കുറിച്ചുള്ള ഒരു രഹസ്യം അയാള്‍ക്കറിയാം.താന്‍ പോലീസ് പിടിയില്‍ ആയാല്‍ അത് വെളിപ്പെടുത്തും എന്ന് അയാള്‍ ജോനാസിനെ അറിയിക്കുന്നു.തന്റെ നിലനില്‍പ്പും  ദൌത്യ നിര്‍വഹണവും തമ്മില്‍ ഉണ്ടാകുന്ന പൊരുത്തക്കേട് അയാളുടെ മാനസിക നില അപ്പാടെ മാറ്റുന്നു.ജോനാസ് ആ അവസ്ഥയെ എങ്ങനെ മറികടക്കും?ആരാണ് ടാന്യയുടെ കൊലപാതകി?ജോനാസിനു ആയ കൊലയാളിയെ കുരുക്കാന്‍ കഴിയുമോ?ഇതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

   ഇംഗ്ലീഷില്‍ ഇറങ്ങിയ റീമേക്കുമായി ഇതിനെ താരതമ്യപ്പെടുതേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഈ ചിത്രത്തിന്.ഹോളിവുഡ് എന്ന ഭീമാകാരന്റെ ഭാഗമായി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ആളുകളില്‍ ഈ സിനിമ എത്തിയിരുന്നു എന്നുള്ളത് സത്യമാണ്.എങ്കില്‍ പോലും ഉറക്കമില്ലാത്ത പാതിരാത്രിയില്‍ പോലും സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന നോര്‍വയുടെ പശ്ചാത്തലത്തില്‍ ഈ ചിത്രം കൂടുതല്‍ വിശ്വസനീയം ആകുന്നുണ്ട്.പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സിനിമയുടെ മൊത്തത്തില്‍ ഒരു ഫീല്‍ പ്രേക്ഷകന് നല്‍കുന്നുമുണ്ട്.ഒരു പക്ഷെ എനിക്ക് നോളന്റെ സിനിമയേക്കാളും ഈ സിനിമ ഇപ്പോള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് പോലെ തോന്നുന്നു.അഭിപ്രായങ്ങള്‍ മാറിയേക്കാം.എന്നാലും അന്വേഷണ-ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്പ്പെടുന്നവര്‍ ഈ ചിത്രം കാണുവാന്‍ ശ്രമിക്കുക.ഒന്നുമ്മില്ലാതെ നോളന്‍ ഈ ചിത്രം റീമേക്ക് ചെയ്യുവാനായി എടുക്കില്ലല്ലോ.ഈ  ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്  7.5/10!!

More movie reviews @ www.movieholicviews.blogspot.com


Sunday, 16 March 2014

103.THESIS ON A HOMICIDE (SPANISH,2013)

103.THESIS ON A HOMICIDE(SPANISH,2013),|Mystery|Crime|Thriller|,Dir:-Hernán Goldfrid,*ing:-Ricardo DarínNatalia SantiagoAlberto Ammann.

  നിയമ സംഹിതയുടെ  അടിത്തറ എന്ന് പറയുന്നത് നിയമങ്ങള്‍ ജനങ്ങളില്‍ തുല്യതയോടെ പ്രയോഗിക്കപ്പെടുമ്പോള്‍ ആണ്.നിയമം നല്‍കുന്ന പരിരക്ഷ പലതരത്തില്‍ ആകുമ്പോള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നു.അത് കൊണ്ട് തന്നെ കഴിയുന്നതും കുറ്റമറ്റ നിയമവ്യവസ്ഥകള്‍ മെനഞ്ഞെടുക്കാന്‍ ആണ് വിദഗ്ദ്ധരായ നിയമജ്ഞര്‍ ശ്രമിക്കുന്നത്.അത്തരത്തില്‍ നിയമത്തെ കുറിച്ച് അഗാധമായ പഠനം നടത്തുന്ന ഒരു നിയമ അദ്ധ്യാപകന്‍ ആണ് മധ്യവയസ്ക്കനായ ആല്‍ബര്‍ട്ടോ.നിയമത്തിന്റെ അടിത്തറയെ കുറിച്ചുള്ള പുസ്തകങ്ങള്‍ അക്കാദമിക് നിലവാരത്തില്‍ ഉള്ളത് പ്രസിദ്ധീകരിച്ച അദ്ദേഹം തന്‍റെ തന്റെ മുഴുവന്‍ സമയവും പഠനത്തിനായാണ് ചിലവാക്കിയിരുന്നത്.ഒരിക്കല്‍ നിയമവ്യവസ്ഥയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് എതിരഭിപ്രായം ഒരു തീസിസ്ന്റെ രൂപത്തില്‍,എന്നാല്‍ പ്രായോഗിക തലത്തില്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിക്കപ്പെടുന്നു.

   "എല്‍ ഓറ" എന്ന സ്പാനിഷ് ക്രൈം ത്രില്ലര്‍ സിനിമയിലെ നായകന്‍ റിക്കാര്‍ഡോ ടാരിന്‍ അഭിനയിച്ച മറ്റൊരു വിദഗ്ദ്ധമായ ക്രൈം ത്രില്ലര്‍ ആണ് "തീസിസ് ഓണ്‍ എ ഹോമിസയഡ്"."എല്‍ ഓറ" സംവേധിച്ചത് പൂര്‍ണതയുള്ള കുറ്റകൃത്യത്തെ കുറിച്ചായിരുന്നു.സമാനഗതിയില്‍ ആണ് ഈ ചിത്രവും സഞ്ചരിക്കുന്നത്.എന്നാല്‍ ഇവിടെ അക്കാദമിക് ആയ പല ചോദ്യങ്ങളും "എല്‍ ഓറ"യിലെ നായകനെക്കാളും അധികം ഇവിടെ നായകന്‍ നേരിടുന്നുണ്ട്.ഉന്നത പഠനത്തിന്റെ ഭാഗമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സെമിനാര്‍ എടുത്തിരുന്ന ആല്‍ബര്‍ട്ടോ പഠനത്തിന്‍റെ അവസാനം അവരോട് ഒരു കേസിനെക്കുറിച്ചുള്ള തീസിസ് അവതരിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.ഒരു കുറ്റകൃത്യത്തിന്റെ പൂര്‍ണമായ പഠനം ആണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.ആല്‍ബര്‍ട്ടോ പഠിപ്പിക്കുന്ന ക്ലാസ്സില്‍ അയാളുടെ ഉറ്റ സുഹൃത്തിന്‍റെ മകന്‍ ഗോണ്‍സാലോ വിദ്യാര്‍ഥി ആയി വരുന്നു.അതിമിടുക്കനും നിയമവ്യവസ്ഥയെ കൂടുതല്‍ അടുത്തറിയുന്ന ആളുമാണ് ഗോണ്‍സാലോ.അല്‍പ്പ ദിവസത്തിന് ശേഷം ആ കോളജ് ക്യാമ്പസ്സില്‍ ഒരു പെണ്‍ക്കുട്ടി അതിദാരുണമായി കൊല്ലപ്പെടുന്നു.എന്നാല്‍ കുറ്റകൃത്യം നടത്തിയത് അതിവിധഗ്ദ്ധമായി ആയിരുന്നു.അതിനാല്‍ തന്നെ പ്രതികളെക്കുറിച്ച് ഒന്നും ലഭിച്ചില്ല.തന്‍റെ കണ്മുന്നില്‍ നടന്ന കൊലപാതകത്തെ കുറിച്ച് ആല്‍ബര്‍ട്ടോ അന്വേഷണം ആരംഭിക്കുന്നു.പ്രത്യേകിച്ചും പ്രത്യേകതകള്‍ ഉള്ള ഒരു കേസ് ആയി അദ്ദേഹത്തിന് അത് തോന്നുന്നു.എന്നാല്‍ ആ അന്വേഷണം തനിക്കും തന്റെ വിശ്വാസങ്ങള്‍ക്കും കഴിവുകള്‍ക്കും എതിരെ ഉള്ള ഒരു മത്സരം പോലെയായി പിന്നീട് മാറുന്നു.ആ കൊലപാതകം യഥാര്‍ത്ഥത്തില്‍ നടന്നത് എന്തിനാനെന്നുള്ള ആല്‍ബര്‍ട്ടോ കണ്ടുപ്പിടിക്കുമ്പോള്‍ കഥ കൂടുതല്‍ സങ്കീര്‍ണ്ണം ആകുന്നു.ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ പിന്നീട് കഥ മുന്നോട്ടു നീങ്ങുന്നു.ആ കൊലപാതകത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു?ആല്‍ബര്‍ട്ടോ എങ്ങനെ തന്റെ ലക്ഷ്യങ്ങളുടെ അടുത്തേക്ക് എത്തുന്നു?കൊലപാതകിയുമായുള്ള ആ മത്സരത്തില്‍ ആല്‍ബര്‍ട്ടോ ജയിക്കുമോ??ഇതാണ് ബാക്കി ഉള്ള കഥ.

   ഒരു മികച്ച ക്രൈം ത്രില്ലര്‍ എന്ന് തന്നെ അര്‍ജന്റീനയില്‍ നിന്നും വന്ന ഈ സ്പാനിഷ് ചിത്രത്തെ വിളിക്കാം.പെര്‍ഫെക്റ്റ് ക്രൈം എന്ന കണ്സപ്റ്റ് ഇവിടെയും ചര്‍ച്ചാവിഷയം ആകുന്നുണ്ട്..പുസ്തകത്തില്‍ എഴുതപ്പെട്ട നിയമവും പ്രായോഗികമായ നിയമവ്യവസ്ഥകളും തമ്മില്‍ നടക്കുന്ന ഉരസലുകള്‍ പ്രകടമാക്കുന്ന ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 4/5!!

 More reviews @ www.movieholicviews.blogspot.com!!

Friday, 14 March 2014

102.HIGHWAY(HINDI,2014)

102.HIGHWAY(HINDI,2014),Dir:-Imtiaz Ali,*ing:- Alia BhattRandeep Hooda

  ഹൈവേ ഒരു യാത്രയുടെ കഥയാണ്.ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലൂടെ ഉള്ള യാത്ര.സ്ത്രീ എവിടെയും സുരക്ഷിത അല്ല.കഴുകന്റെ കണ്ണുകളുമായി മാധുര്യമുള്ള ഭാഷയില്‍ സംസാരിക്കുന്ന ചെന്നായകള്‍ അവള്‍ക്കു ചുറ്റും എന്നുമുണ്ട്.അത് വീടിനുള്ളിലായാലും പുറത്തായാലും.സമ്പന്നതയോ ദാരിദ്ര്യമോ ഒന്നും അതിന് പിന്ബലമേകുന്നില്ല.അത് കൊണ്ട് തന്നെ കാമത്തിന്‍റെ കണ്ണുകളോടെ തന്നെ നോക്കാത്ത ഏതൊരു മനുഷ്യനോടും അവള്‍ക്കു ഒരിഷ്ടം തോന്നി പോവുക സ്വാഭാവികം.അവള്‍ക്കു അതൊരു അഭയസ്ഥാനം ആണ്.സ്വന്തം ആകുലതകളില്‍ നിന്നും സ്വയം രക്ഷയിലേക്കുള്ള ഒരു അഭയസ്ഥാനം.സമ്പന്നതയുടെ കൊടുമുടിയില്‍ ആയാല്‍ പോലും അവള്‍ അത്തരം അവസ്ഥകളില്‍ കുടിലിനെ ആശ്രയിക്കുന്നു.ഇത്തരം പ്രമേയവുമായി ധാരാളം സിനിമകള്‍ വന്നിട്ടുമുണ്ട്.സമ്പന്നയായ നായികയ്ക്ക് അവള്‍ക്കു വീരപുരുഷനായി തോന്നുന്ന നായകനോടുള്ള പ്രണയം.എന്നാല്‍ ഇവിടെ പ്രണയം ഉണ്ടെങ്കിലും അതൊരിക്കലും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നില്ല.അതാണ്‌ ഈ റോഡ്‌ മൂവിയുടെ  പ്രത്യേകതയും.

തന്റെ കല്യാണത്തിന്റെ തലേന്ന് രാത്രി വീര ത്രിപാഠി എന്ന പെണ്‍ക്കുട്ടിയെ അപഹരിക്കുന്നു മഹാബീര്‍ ഭട്ടി എന്ന ഗുണ്ടയുടെ ആളുകള്‍.സമൂഹത്തില്‍ വളരയധികം ഉന്നത ബന്ധങ്ങള്‍ ഉള്ള ത്രിപാഠിയുടെ മകളെ തട്ടി കൊണ്ട് വന്നതില്‍ സ്വന്തം സംഘാംഗങ്ങള്‍ വരെ മഹാബീര്‍ ഭട്ടിയ്ക്ക് എതിരാകുന്നു.എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന മഹാബീര്‍ വീരയെയും കൊണ്ട് തന്റെ ലക്‌ഷ്യം നേടാന്‍ യാത്ര തിരിക്കുന്നു.ഇവിടെ ഇരയും വേട്ടക്കാരനും തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു.സ്റ്റോക്ഹോം സിന്ദ്രോം എന്ന പേരില്‍ അറിയപ്പെടുന്ന മാനസികാവസ്ഥയാണ് പിന്നെ ഈ സിനിമയെ നയിക്കുന്നത്.ഉറ്റവരുടെ അടുക്കല്‍ നിന്നും ലഭിക്കുന്ന സംരക്ഷണം തനിക്ക്പോര എന്നുള്ള തോന്നലില്‍ വേട്ടക്കരനോട് തോന്നുന്ന ഒരുതരം മാനസികാവസ്ഥ..ഒരു ഹൈവേയിലൂടെ തന്റെ യാത്ര ആരംഭിക്കുന്ന വീര എന്ന പെണ്‍ക്കുട്ടിയും മഹാബീര്‍ എന്ന ഗുണ്ടയും തമ്മില്‍ ഉള്ള ബന്ധത്തിനെ പ്രണയത്തിന്‍റെ നിറം മാത്രം നല്‍കി നിര്‍വചിക്കാന്‍ കഴിയില്ല.കാരണം ആ ബന്ധം അതിലും അപ്പുറം ആണ്.അവരുടെ ബന്ധത്തെ തീവ്രമാക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം രണ്ടാം പകുതിയില്‍ മറ്റൊരു ദിശയിലേക്കു മാറുന്നു.അവരുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കോര്‍ത്തിണക്കി ആ യാത്രയുടെ അന്ത്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ബാക്കി ചിത്രം.

  ഇംതിയാസ് അലി " റോക്ക്സ്റ്റാര്‍" എന്ന പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയില്‍ നിരാശപ്പെടുത്തിയെങ്കിലും ,അഭിനയിക്കാന്‍ അറിയാവുന്ന ഒരു നടിയെ ആലിയ ഭാട്ടിലൂടെ ലഭിച്ചത് മൂലം മികച്ചൊരു ചിത്രം നല്‍കാന്‍ സാധിച്ചു.രണ്ദീപ് ഹൂട എന്ന മുഖത്ത് വികാരങ്ങള്‍ വരാത്ത മോഡല്‍ നടന് ഈ ചിത്രത്തിലൂടെ തന്റെ ഉള്ളിലും ഒരു നല്ല നടന്‍ ഉണ്ടെന്ന് കാണിച്ചു തരാന്‍ കഴിഞ്ഞു.സംഗീത സാമ്രാട്ടായ റഹ്മാന്‍ജിയുടെ വ്യത്യസ്തമായ സംഗീതം ഈ റോഡ്‌ മൂവിയ്ക്ക് മികച്ച അടിത്തറ നല്‍കി.കഥാഗതി ആവശ്യപ്പെടുന്ന ഇഴച്ചിലുകള്‍ പലയിടത്തും സിനിമയ്ക്കുണ്ടായിരുന്നു.എങ്കിലും സ്ഥിരം മസാല ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും എല്ലാം വ്യത്യസ്തമായി വന്ന ഒരു രത്നം ആണ് ഈ ചിത്രം എന്നതില്‍ സംശയമില്ല.ഇത്തരം ചിത്രങ്ങള്‍  കോടികളുടെ  ക്ലബ്ബില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിക്കാന്‍ ഉള്ള സാധ്യത കുറവാണ്.എങ്കിലും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തൃപ്തിപ്പെടുത്തും ഈ ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5!!

  More reviews @ www.movieholicviews.blogspot.com