Thursday, 29 June 2017

753.VILLAGE OF NO RETURN(MANDARIN,2017)




753.VILLAGE OF NO RETURN(MANDARIN,2017),|Fantasy|Mystery|,Dir:-Yu-Hsun Chen,*ing:-Qi Shu, Qianyuan Wang, Hsiao-chuan Chang


 ഫാന്റസി ചിത്രങ്ങൾ മികച്ചതാകുന്നത് അതു സൃഷ്ടിക്കുന്ന മായിക ലോകത്തിൽ യാഥാർഥ്യങ്ങൾക്കു അപ്പുറം ഉള്ള  കാഴ്ചകൾ പ്രേക്ഷകനിൽ ആസ്വാദ്യകരമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ്.മുത്തശി കഥകൾക്ക് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടും ക്ഷാമം ഇല്ലാത്തതായിരുന്നു ഇത്തരം കഥകൾ.പ്രത്യേകിച്ചും ഇതിഹാസ പുരാണങ്ങൾ സംസ്ക്കാരവും ആയി ബന്ധിക്കപ്പെട്ട ജനങ്ങളുടെ ഇടയിൽ കേട്ടറിഞ്ഞ് പഴകിയ കഥകൾ പിന്നീട് വെറും കഥകൾക്കും അപ്പുറം ആചാരങ്ങൾ പോലും ആയി മാറിയിട്ടും ഉണ്ട്.ഇത്തരം കഥകളുടെ പ്രത്യേകതയും അതാണ്.അവ ജനങ്ങളിൽ നിർമിക്കുന്ന നന്മ-തിന്മകളുടെ വിവേചന ബുദ്ധി.

    "Village Of No Return" എന്ന തായ്‌വാൻ ചിത്രം മേൽപ്പറഞ്ഞ രീതിയിൽ നിർമിച്ച ഒന്നാണ്.യാഥാർഥ്യങ്ങൾക്കും അപ്പുറം ഉള്ള ഒരു മായിക ലോകവും അവിടെ നടക്കുന്ന ചില സംഭവങ്ങളും ബ്ളാക് ഹ്യൂമറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും ആ ഗ്രാമത്തിൽ പുതുതായി വരാൻ പോകുന്ന ട്രെയിനുകൾ പ്രതീക്ഷിച്ചു ഇരിക്കുന്ന ഗ്രാമ തലവൻ.ആദ്യമായി ആ ഗ്രാമത്തിൽ എത്തിപ്പെട്ടത് കൊണ്ടു മാത്രം ആണ് അയാൾ ആ പദവിയിൽ എത്തിയത്.

  ക്വീങ് സാമ്രാജ്യത്തിന്റെ അവസാനം ചൈനീസ് റിപബ്ലിക് സ്ഥാപിതം ആകുന്ന കാലഘട്ടം.സ്വപ്നങ്ങളുടെ ആ ഗ്രാമത്തിൽ നിധി ശേഖരം ഉണ്ടെന്ന ധാരണയിൽ ഒരു പൗര മുഖ്യൻ അവിടം തന്റെ നിയന്ത്രണത്തിൽ ആക്കാൻ ശ്രമിക്കുന്നു.അതിനായി അയാൾ കണ്ടെത്തിയത് ആ ഗ്രാമത്തിലെ ബിഗ് പൈ എന്ന ഒറ്റുകാരനെ ആയിരുന്നു.തന്റെ കൃത്യ നിർവഹണത്തിനു ശേഷം നഗരത്തിൽ ജീവിക്കാൻ ഉള്ള അവസരം ആയിരുന്നു അതിനു അയാളെ പ്രേരിപ്പിച്ചത്.


     തിരികെ ഗ്രാമത്തിൽ അയാൾ എത്തി ചേരുമ്പോൾ ട്രെയിൻ അങ്ങോട്ടു വരുന്നു എന്ന് ഉള്ള വാർത്തയും ആയി പോകുന്ന സന്ദേശ വാഹകൻ ആണ് അയാളെ വരവേറ്റത്.ഗ്രാമം ആഘോഷ തിമിർപ്പിൽ ആകുന്നു.എന്നാൽ അന്ന് രാത്രി ബിഗ് പൈ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.ആകെ ആശയകുഴപ്പത്തില്‍ ആയ ഗ്രാമവാസികള്‍ അയാളുടെ ഭാര്യയെ സംശയിക്കുന്നു.ആ  സമയം  ആണ് തന്‍റെ കയ്യില്‍ മനുഷ്യന്റെ ദുഃഖങ്ങള്‍ മാറ്റാന്‍ കഴിവുള്ള ഒരു യന്ത്രം ഉണ്ടെന്നു പറഞ്ഞു കൊണ്ട് ഒരാള്‍ വരുന്നത്.

  ചിത്രത്തിന്റെ ഫാന്റസി എന്ന ഭാഗം ഇവിടെ ആരംഭിക്കും.മനുഷ്യന്റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള യന്ത്രങ്ങള്‍,ഒരു പക്ഷേ കൂടുതല്‍ ഉപയോഗം വരുക രാഷ്ട്രീയത്തില്‍ ആയിരിക്കും.മറവികള്‍ ആണ് പലപ്പോഴും അനുഗ്രഹം ആയി തീരുകയും ചെയ്യുന്നത്."Brain Washing" ഒരു ചെറിയ കൂട്ടം ജനങ്ങളില്‍ വരുത്തുന്ന മാറ്റം ഒരു പക്ഷെ അവരുടെ സ്വത്വ ബോധത്തെ പോലും ചോദ്യം ചെയ്യാം.അതിനൊപ്പം വീര സാഹസിക നായകന്‍ ആയി സ്വയം അവരോധിക്കുന്ന ഭരണാധികാരി കൂടി ആകുമ്പോള്‍ ?ഈ ചിത്രത്തിലും സമാനമായ സന്ദര്‍ഭങ്ങള്‍ ഒരു മുത്തശി കഥ പോലെ അവതരിപ്പിച്ചിരിക്കുന്നു.ഇനി ചിത്രം അവശേഷിപ്പിക്കുന്നത് കുറച്ചു ചോദ്യങ്ങള്‍ ആണ്. അന്ന് രാത്രി വന്ന ആള്‍ ആയിരുന്നു?എന്തായിരുന്നു അയാളുടെ ലക്‌ഷ്യം?അവിടെ എന്താണ് സംഭവിക്കുന്നത്‌? ഈഈ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം ആണ് ബാക്കി ചിത്രം.

  സ്വപ്നം കണ്ടു ജീവിക്കുന്ന കുറെ മനുഷ്യര്‍,സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ .ഒരു ശരാശരി സമൂഹത്തിലെ എല്ലാ സാമ്പിളും ഈ മണ്ടാരിന്‍ ഭാഷയില്‍ ഉള്ള ചിത്രത്തില്‍ കാണാന്‍ സാധിക്കും.ചിത്രം അവതരിപ്പിച്ചിരിക്കുന്ന രീതി അഭിനന്ദനീയം ആണ്.പ്രത്യേകിച്ചും ബ്ലാക്ക് ഹ്യൂമര്‍ ഉപയോഗിച്ചിരിക്കുന്ന വിധം.ഉദാഹരണം പറഞ്ഞാല്‍,ചിത്രത്തിലെ രണ്ടു ആത്മഹത്യ ശ്രമങ്ങള്‍.ശരിക്കും മറ്റൊരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ ആ മൂഡ്‌ തന്നെ വേറെ ആയേനെ.എന്നാല്‍ അത് ഉപയോഗിച്ച വിധം രസകരം ആയിരുന്നു.എടുത്തു പറയേണ്ടത് സിനിമയുടെ ഫ്രെയിമുകള്‍ ആണ്.ദൃശ്യ ഭംഗി അതി വിദഗ്ധമായി ഒപ്പിയെടുത്തിരിക്കുന്നു.ഗ്രാമത്തിന്റെ സൗന്ദര്യം,ഒരു പക്ഷെ ആ രംഗങ്ങള്‍ കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ ആയിരുന്നു.

   ഏഷ്യന്‍ സിനിമകളിലെ ചില സ്ഥിരം കാഴ്ചകള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും ഫാന്ടസിയില്‍ തീര്‍ത്ത നിഗൂഡതകള്‍ ഏറെ ഉള്ള ചിത്രം ആണ് Village of No Return.തീരെ മുഷിപ്പിക്കാത്ത നല്ലൊരു ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

Wednesday, 28 June 2017

752.BOY MISSING(SPANISH,2016)

752.BOY MISSING(SPANISH,2016),|Thriller|Crime|,Dir:-Mar Targarona,*ing:-Blanca Portillo, Antonio Dechent, Vicente Romero.


ലോകത്തു ഏറ്റവും അധികം "Compromise" വേണ്ടി വരുന്ന ഉത്തരവാദിത്തം ആകും അമ്മമാർക്ക് ഉള്ളത്.ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചാണെങ്കിലും ഭൂരിഭാഗം അമ്മമാരും തങ്ങളുടെ ശരീരത്തിന്റെ ഭാഗമായിരുന്നതും പിന്നീട് വേർപ്പെട്ടതും ആയ 'ജീവനോട്' ഒരു പ്രത്യേക മമത എന്നും കാണിക്കുന്നുണ്ടായിരുന്നിരിക്കും.

  പട്രീഷ്യ എന്ന പ്രശസ്തയായ അഭിഭാഷകയും തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത് അവരുടെ മകനാണ്.ഒരു ദിവസം ആക്രമിക്കപ്പെട്ട നിലയിൽ ഒരു തരം മരവിപ്പോടെ വഴിയിൽ അലഞ്ഞു നടന്ന ബാലനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവൻ ആരാണ് എന്നോ എന്താണ് അവനു സംഭവിച്ചത് എന്നോ പൊലീസിന് മനസ്സിലാകുന്നില്ല.

   സംസാരിക്കാൻ വിമുഖത കാണിച്ച അവനെ കുറിച്ചുള്ള വിവരങ്ങൾ തേടി എടുത്തപ്പോൾ ആണ് പട്രീഷ്യയുടെ മകൻ ആയ വിക്റ്റർ ആണത് എന്നു മനസ്സിലാക്കുന്നത്.തനിക്ക് സംഭവിച്ച അപകടം അവനെ ഭയപ്പെടുത്തിയിരുന്നു.പട്രീഷ്യ എത്തിയപ്പോൾ ആണ് അവൻ ജന്മനാ സംസാര ശേഷി നഷ്ടപ്പെട്ട കുട്ടി ആണെന്ന് പൊലീസിന് മനസ്സിലാകുന്നത്.

  തനിക്കെന്തു സംഭവിച്ചൂ എന്നു അവൻ അമ്മയുടെ മുന്നിൽ വച്ചു ആംഗ്യ ഭാഷയിൽ പറയുന്നു.സ്ക്കൂളിൽ വച്ചു അജ്ഞാതൻ ആയ ഒരാൾ അവനെ തട്ടിക്കൊണ്ടു പോയി എന്നും അയാളിൽ നിന്നും രക്ഷപ്പെട്ടു പോയ അവനെ ആരോ അവിടെ എത്തിച്ചൂ എന്നും ആയിരുന്നു അത്.

  കുറ്റവാളിയുടെ രൂപരേഖ അവന്റെ നിർദേശപ്രകാരം വരച്ചെടുത്ത പോലീസിന് മുൻകുറ്റവാളി ആയ ചാർളിയും ആയാണ് സാദൃശ്യം തോന്നിയത്.ചാർളി അറസ്റ്റിൽ ആകുന്നു..

**************************************

ഡ്രാമ വിഭാഗത്തിൽ പെടുത്താം എന്നു കരുതിയിരുന്ന ഒരു ചിത്രം മുൻ പറഞ്ഞ പോയിന്റിൽ നിന്നും വളരെ പെട്ടന്ന് മാറുന്നു.അപ്രതീക്ഷിതം ആയിരുന്നു പിന്നീട് കഥാഗതിയിൽ ഉണ്ടായ വഴിത്തിരിവുകൾ.ഇനി ഒരു ചെയിൻ റിയാക്ഷൻ പോലെ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും പുതുതായി വരുന്ന വഴിത്തിരിവുകൾ ചിത്രത്തെ വളരെ നല്ല വേഗതയിലേക്ക് മാറ്റുന്നു.

  വിക്റ്ററിന് സംഭവിച്ചതെന്ത് എന്നുള്ള പ്രേക്ഷകന്റെ ആകാംക്ഷയുടെ ഒപ്പം ഉയർന്നു വരുന്ന ചോദ്യങ്ങൾ അനേകം ആണ്.പ്രത്യേകിച്ചും പ്രത്യേകതകൾ ഇല്ലാത്ത ഒരു കഥയിൽ വിദഗ്ധമായി അവതരിപ്പിക്കപ്പെട്ട ട്വിസ്റ്റുകൾ!!

ഒരു പക്ഷെ കഥാപാത്രങ്ങൾക്കും അപ്പുറം പോയ കഥാഗതി.ത്രില്ലർ ചിത്രങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഉള്ള എല്ലാ ചേരുവകകളും ഉൾപ്പെടുത്തി ഉള്ള ഈ ചിത്രം പ്രേക്ഷകനെ നിരാശരാക്കില്ല..

More movie suggestions @www.movieholicviews.blogspot.ca

751.GET OUT(ENGLISH,2017)


751.GET OUT(ENGLISH,2017),|Crime|Horror|Mystery|,Dir:-Jordan Peele,*ing:-Daniel Kaluuya, Allison Williams, Bradley Whitford



   "കറുപ്പിന് ഏഴഴക് ആണ്. മോൻ/മോൾ വിഷമിക്കാതെ".ഇരുണ്ട നിറമുള്ള ഓരോ മലയാളിയും കുട്ടിക്കാലത്ത് തന്റെ നിറത്തെ ആളുകൾ പരിഹസിക്കുമ്പോൾ പ്രിയപ്പെട്ടവർ പറയുന്ന 'ആശ്വാസ വചനം' ആകുമിത്.എന്നാൽ "ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണ്" എന്നു മറുപടി നൽകുന്ന സമൂഹമാണ് അന്നുമിന്നും ഉള്ളത്.

  എക്കാലവും കറുപ്പിന് അതിന്റെതായ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.നെൽസൻ മണ്ടേല,മാർട്ടിൻ ലൂഥർ കിംഗ്‌ ജൂനിയർ തുടങ്ങിയ പലരും തങ്ങളെ പ്രതിധാനം ചെയ്യുന്ന ജനതയുടെ ശബ്ദം ആയി മാറിയത് ചരിത്രം.എന്നാൽ 'ആദി ദ്രാവിഡ സംസ്ക്കാരം' ചർച്ചയായ തമിഴ്നാട്ടിൽ കറുപ്പു നിറത്തിന് ആ വാദങ്ങളിൽ ഒരു സ്ഥാനം നേടാനുമായി.രാഷ്ട്രീയവും സിനിമയും ഇഴചേരുന്ന ആ സമൂഹത്തിൽ കറുപ്പിന് തനതായ വില നൽകുകയും ചെയ്തു."സൂപ്പർ സ്റ്റാർ","കറുപ്പു എം ജി ആർ" എന്നു വിശേഷണം സ്വയം ചാർത്തിയ വിജയകാന്ത് എന്നിവരെല്ലാം ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതു ആണ്.അതിലേക്കു കൂടുതൽ കടക്കുന്നില്ല.

  എന്നാൽ അതിനുമപ്പുറം ഉള്ള ലോകത്തിൽ പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിൽ സാമൂഹികമായ അന്തരം വർണത്തെ ആശ്രയിച്ച് നിലനിന്നിരുന്നു ഒരു കാലത്തു.ചരിത്രം എന്നാൽ അതിനെല്ലാം പലപ്പോഴായി മറുപടി നൽകുകയും ചെയ്തു.വർണ വിവേചനം ഇന്ന് പല രാജ്യങ്ങളിലും വലിയ കുറ്റങ്ങളിൽ ഒന്നാണ്.എന്നാൽ തലമുറകളായി പിന്തുടരുന്ന ഒന്നുണ്ട്.സായിപ്പിന്റെ കണ്ണിൽ എന്നും "ബ്രൗണ്" ആയ ഏഷ്യൻ വംശജർ,"ബ്ളാക്ക്" ആയ ആഫ്രിക്കൻ വംശജർ.

  വംശീയാധിക്ഷേപ/വിവേചനം അപരിഷ്കൃതവും,വിദ്യാഭ്യാസ-ലോക പരിചയം എന്നിവയുടെ അഭാവം മൂലം ആണെന്നുള്ള ചിന്താഗതി കാലങ്ങളായി ഉണ്ടായ മാറ്റങ്ങളിലൂടെ ഭൂരി ഭാഗം ആളുകളെയും അതിൽ നിന്നും പിന്തിരിപ്പിച്ചൂ.എന്നാൽ സമൂഹം അത്തരം വിവേചനങ്ങളിൽ നിന്നും മോചിതരായോ?"Get Out" എന്ന ഇംഗ്ലീഷ് ചിത്രം ചർച്ച ചെയ്യുന്നത് ഇത്തരം ഒരു പ്രമേയമാണ്.

    റോസ് അത്തവണ നഗരത്തിൽ നിന്നും വീട്ടിലേക്കു പോകുമ്പോൾ ഒരു പ്രത്യേകതയുണ്ട്.കറുത്ത വർഗ്ഗക്കാരൻ ആയ അവളും കാമുകൻ ക്രിസ് ,റോസിന്റെ കുടുംബത്തെ പരിചയപ്പെടാൻ യാത്ര തിരിക്കുന്നു.തന്നെ റോസിന്റെ കുടുംബം എങ്ങനെ സ്വീകരിക്കും എന്ന ക്രിസിന്റെ സംശയങ്ങൾ തെറ്റാണെന്ന് തെളിയിച്ചു കൊണ്ടാണ് റോസിന്റെ പിതാവും ന്യൂറ സർജനുമായ ഡീൻ,സൈക്കാട്രിസ്റ്റ് ആയ 'അമ്മ മിസി,സഹോദരൻ ജെറമി എന്നിവർ അയാളോട് പെരുമാറിയത്.അവിടെ ജോലിക്കാരായി നിൽക്കുന്നവർ രണ്ടു  പേരും കറുത്ത വർഗക്കാർ ആണെന്ന വസ്തുത ചൂണ്ടിക്കാട്ടി അവരെല്ലാം വിശ്വസിക്കാവുന്നവർ ആണെന്നായിരുന്നു അവരുടെ നിലപാട്.

  ഊഷ്മളമായ വരവേൽപ്പിനിടയിലും എന്തൊക്കെയോ ദുരൂഹത ആ വീടിനെ ചുറ്റിപ്പറ്റി ക്രിസിന് തോന്നിയിരുന്നു.എന്നാൽ റോസ് അതെല്ലാം അയാളുടെ തോന്നലുകൾ ആണെന്നും തന്റെ കുടുംബക്കാർ എല്ലാം ഒത്തു ചേരുന്ന ദിവസം ക്രിസിനെ എല്ലാവർക്കും പരിചയപ്പെടുത്താം എന്നും പറയുന്നു.അവസാനം ആ ദിവസം വന്നെത്തി...ക്രിസിന്റെ ജീവിതത്തിലെ അപ്രതീക്ഷിതം ആയ ദിവസം!!

   അയാളെ കാത്തിരുന്നത് അയാളുടെ മോശം സ്വപ്നങ്ങളിൽ പോലും കാണാത്ത സംഭവങ്ങൾ ആയിരുന്നു.ഊഹിക്കാവുന്നതിനുപ്പുറം ദുരൂഹത നിറഞ്ഞ സംഭവങ്ങൾ.പ്രമേയപരമായ ഭീകരത ചിത്രത്തെ ഹൊറർ ഴോൻറെയിൽ ഉള്ള ഒന്നാക്കി മാറ്റിയെങ്കിലും മനുഷ്യരാശിക്ക് തന്നെ അതിന്റെ നാൾ വഴികളിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണ് അവിടെ അരങ്ങേറിയത്.മാനസികമായി ഒരാളെ തളർത്തി അയാളെ അപർഷകത ബോധത്തിന് അടിമയാക്കുന്നതിലും തീവ്രത ഉള്ള കുറ്റകൃത്യം. "Mississippi Burning" പോലെ ഉള്ള ചിത്രങ്ങൾ യഥാർത്ഥ സംഭവ വികാസങ്ങളെ അവതരിപ്പിച്ചപ്പോൾ ഫിക്ഷന്റെ  സഹായത്തോടെ ഭീകരമായ ഒരു പ്രമേയം ആണ് ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്.

ഒരു പക്ഷേ വിവരണത്തെക്കാൾ അധികം പ്രേക്ഷകന്റെ കാഴ്ച പതിയേണ്ട ഭാഗങ്ങൾ ആണെന്നതിനാൽ ബാക്കി സിനിമ കാണുക.ഈ ചിത്രം തീർച്ചയായും ഭയപ്പെടുത്തും രക്തം വാർന്നൊലിക്കുന്ന രംഗങ്ങൾ,അപ്രതീക്ഷിതമായ ചലനങ്ങൾ തുടങ്ങിയ സ്ഥിരം ഗിമിക്കുകളിൽ കൂടി അല്ലാതെ പ്രമേയപരമായ ഭീകരതയിലൂടെ.

   ചെറിയ ബഡ്ജറ്റിൽ അവതരിപ്പിക്കുകയും ലോകമെമ്പാടും ഉള്ള പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം പ്രമേയം കൊണ്ടു തന്നെ സംസാര വിഷയം ആയി മാറി.ഒരു പക്ഷെ മനുഷ്യ മനസ്സിൽ തലമുറകളായി പകർന്നു നൽകുകയും എന്നാൽ ഉള്ളിന്റെയുള്ളിൽ പുറത്തു വരാൻ വെമ്പുന്ന ഭീകര സ്വത്വം മനുഷ്യരാശിയുടെ എല്ലാ പുരോഗതിയെയും പരിഹസിച്ചു കൊണ്ടു നിൽക്കുന്നു എന്ന സത്യം അവശേഷിക്കുന്നു ചിത്രം അവസാനിക്കുമ്പോഴും!!

More movie suggestions @www.movieholicviews.blogspot.ca

Sunday, 28 May 2017

750.FRENZY(ENGLISH,1972)

750.FRENZY(ENGLISH,1972),|Crime|Mystery|,Dir:-Alfred Hitchcock,*ing:- Jon Finch, Barry Foster, Barbara Leigh-Hunt .


      മുന്‍ കോപി ആയ റിച്ചാര്‍ഡ് തന്‍റെ സ്വഭാവം കാരണം ജീവിതത്തില്‍ ഏറെ പഴി കേട്ട ആളാണ്‌.അയാളുടെ കുടുംബ ,ഔദ്യോഗിക ജീവിതത്തില്‍ എല്ലാം അയാളുടെ ഈ സ്വഭാവം വിനയായി.പില്‍ക്കാലത്ത് ഏറെ നിഗൂഡത ഉള്ള ഒരു കേസില്‍ പ്രതി ആകാനും അയാളുടെ ഈ സ്വഭാവം കാരണമായി.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് അവതരിപ്പിച്ച Frenzy എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ആണ് റിച്ചാര്‍ഡ് ബ്ലേനി.ബ്രിട്ടനിലെ വ്യോമ സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന റിച്ചാര്‍ഡ് ഒരു ബാറില്‍ ആണ് ജോലി ചെയ്യുന്നത്.അയാളില്‍ നിന്നും വിവാഹ മോചനം നേടിയ ഭാര്യ കൂടി ആയപ്പോള്‍  ജീവിതത്തിലെ ദുരിതം പൂര്‍ണമായി.എന്നാല്‍ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്‌.അപ്രതീക്ഷിതം ആയ ഏതൊരു സംഭവവും ജീവിതത്തെ മാറ്റി മറിക്കാം.എന്നാല്‍ റിച്ചാര്‍ഡിന്റെ കാര്യത്തില്‍ കുറച്ചു ദിവസങ്ങള്‍ താന്‍ ഇത് വരെ അനുഭവിച്ച ജീവിതത്തില്‍ നിന്നും കൂടുതല്‍ ദുരിത പൂര്‍ണം ആകുന്നു.

    കുപ്രസിദ്ധമായ ക്രിസ്റ്റിയുടെ "10 Rillington Place" ലെ കൊലപാതകങ്ങള്‍ക്ക് ശേഷം ഉള്ള കാലഘട്ടം ആണ് ഹിച്ച്കോക്ക് ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തത്."Neck-Tie Murders" എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പരമ്പര കൊലപാതകങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നു.തെളിവുകള്‍ ശാസ്ത്രീയമായ  അവലോകനം ചെയ്യാന്‍ ഉള്ള സാങ്കേതികത വളര്‍ന്നിട്ടില്ലാത്ത കാലഘട്ടം.പീഡനങ്ങള്‍ക്ക് വിധേയയായ ശേഷം ടൈ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുന്ന സ്ത്രീകളുടെ മൃത ദേഹങ്ങള്‍ പോലീസിനു തല വേദന ആയി മാറി.പ്രതിയിലേക്ക് എത്തി ചേരാന്‍ ഉള്ള തെളിവുകളുടെ അഭാവം തന്നെ കാരണം.എന്നാല്‍ റിച്ചാര്‍ഡ് ,തന്‍റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലേക്ക് ഉള്ള യാത്രയില്‍ ആയിരുന്നു.മോഷണം ആരോപിക്കപ്പെട്ട അയാള്‍, ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും പുറത്താക്കപ്പെട്ടൂ.ബാര്‍ മാനേജറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും റിച്ചാര്‍ഡിന്റെ ആരെയും കൂസാത്ത പ്രകൃതവും കൂടി ചേര്‍ന്നപ്പോള്‍ അയാളില്‍ അവിടെ കുറ്റം ആരോപിക്കപ്പെടുകയായിരുന്നു.

   ജോലി നഷ്ടപ്പെട്ട അയാള്‍ തന്‍റെ സുഹൃത്തും വ്യാപാരിയുമായ റസ്ക്കിന്റെ അടുക്കല്‍ പോകുന്നു.അയാള്‍ സഹായം ചെയ്യാന്‍ ഉള്ള മനസ്സ് കാണിച്ചുവെങ്കിലും റിചാര്‍ഡിലെ ദുരഭിമാനി അതിനു വഴങ്ങുന്നില്ല.പിന്നീട് തന്‍റെ മുന്‍ ഭാര്യയുടെ അടുക്കല്‍ പോയ അയാള്‍ അവരുടെ ഓഫീസില്‍ വച്ച് ചെറിയ രീതിയില്‍ വാഗ്വാദങ്ങള്‍ ഉണ്ടാകുന്നു.ഇവിടെയും കാരണം അയാളുടെ മുന്‍ കോപം ആയിരുന്നു.ഭാര്യയുടെ സെക്രട്ടറി ഇതെല്ലം കാണുന്നുമുണ്ടായിരുന്നു.അവര്‍ തമ്മില്‍ പിന്നീട് രമ്യതയില്‍ ആയി. എന്നാല്‍ അടുത്ത ദിവസം അവര്‍ കൊല്ലപ്പെടുമ്പോള്‍ അവരെ കാണാന്‍ കഴിയാതെ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്ന റിച്ചാര്‍ഡിനെ സെക്രട്ടറി കാണുന്നു.തലേ ദിവസത്തെ സംഭവങ്ങളും സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട റിച്ചാര്‍ഡും കൊലപാതകത്തിലെ മുഖ്യ പ്രതിയായി അയാളെ മാറ്റുന്നു.സത്യം മറ്റൊന്ന് ആണെങ്കിലും "തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിയ " ആളായിരുന്നു റിച്ചാര്‍ഡ്.പോലീസില്‍ നിന്നും രക്ഷപ്പെട്ടു തന്‍റെ ഇപ്പോഴത്തെ കാമുകിയുമായി സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിച്ചുവെങ്കിലും കാമുകിയും സമാനമായ രീതിയില്‍ കൊല്ലപ്പെടുന്നു.അയാളില്‍ കുറ്റാരോപിതമായ കൊലപാതകങ്ങള്‍ രണ്ടും നടന്നത് ഒരേ രീതിയില്‍ ആയിരുന്നു.വ്യക്തമായി പറഞ്ഞാല്‍ "Neck-Tie" കൊലപാതകങ്ങളുടെ അതെ രീതിയില്‍.റിച്ചാര്‍ഡ് ആണ് പരമ്പര കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുന്നു.

    കൊലപാതകി മാനസികമായ പ്രശ്നങ്ങള്‍ ഉള്ള ആളാണെന്നുള്ള നിഗമനത്തില്‍ ആയിരുന്നു പോലീസ്.റിച്ചാര്‍ഡ് കടന്നു പോകുന്ന ജീവിതം മതിയായിരുന്നു പോലീസിനു അയാളില്‍ മാനസിക പ്രശ്നങ്ങള്‍ ആരോപിക്കപ്പെടുന്ന കുറ്റവാളി ആകാന്‍.എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യന്‍ ആയ മറ്റൊരാള്‍ ആയിരുന്നു കൊലയാളി.ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ മാന്ത്രിക സ്പര്‍ശം ഇവിടെ ആണ് അവതരിപ്പിക്കപ്പെടുന്നത്.കൊലയാളി ആയ റോബര്‍ട്ട് റസ്ക്കിനെ അയാളുടെ കൊലപാതകം നടത്തുന്ന രംഗവും ആയി അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രേക്ഷകനില്‍ നിഗൂഡത അവശേഷിപ്പിക്കുന്നു.കൊലപാതകങ്ങള്‍ ഒരാളില്‍ ആരോപിക്കപ്പെടുന്നെങ്കിലും യഥാര്‍ത്ഥ കൊലയാളി വിദഗ്ദ്ധമായി രക്ഷപ്പെടുകയും തന്‍റെ ജീവിതം തുടര്‍ന്ന് പോവുകയും ചെയ്യുന്നു.റോബര്‍ട്ട് റസ്ക്കിലേക്ക് പോലീസ് എത്തി ചേരുന്നത് ചെറിയ സംശയങ്ങളുടെ പേരില്‍ ആയിരുന്നു."ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌" എന്ന് കരുതുന്ന ഓക്സ്ഫോര്‍ഡ് എന്ന അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയ സംശയങ്ങളില്‍ ആയിരുന്നു.ഈ സമയം കൊലപാതകി ആരാണെന്നു മനസ്സിലായ റിച്ചാര്‍ഡ് പോലീസ് വലയത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നു.കുറ്റാരോപിതനും യഥാര്‍ത്ഥ കൊലയാളിയും തമ്മില്‍ ഉള്ള അന്തരം എത്രത്തോളം കുറയുന്നു എന്ന് ബാക്കി ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

  ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് സിനിമകള്‍ തലമുറകളെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നു.അവാച്യമായ പുതുമ ഓരോ സിനിമയിലും അനുഭവപ്പെടാറുണ്ട്.സാമാന്യ യുക്തിയിലേക്ക് എത്തി ചേരാന്‍ അവതരിപ്പിക്കപ്പെടുന്ന അസാധാരണമായ സംഭവങ്ങള്‍ ഒരുക്കിയിട്ടുള്ള അവതരണ രീതി അദ്ദേഹത്തിന്റെ ചിത്രങ്ങളെ എക്കാലവും സമാനമായ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ക്ക് റഫറന്‍സ് ആയി മാറുന്നു എന്ന് നിസംശയം പറയാം.കാഴ്ചകളിലൂടെ ലഭിക്കുന്ന ക്രൈം  സിനിമയുടെ ത്രില്‍,അത് അനുഭവിച്ചു തന്നെ അറിയണം.Frenzy അത്തരം ഒന്നാണ്.പ്രേക്ഷകന് കാഴ്ച്ചയുടെ നിഗൂഡത നല്‍കുന്ന ഒന്ന്.


  More movie suggestions @www.movieholicviews.blogspot.ca

Tuesday, 23 May 2017

749.THE BOSTON STRANGLER(ENGLISH,1968)


749.THE BOSTON STRANGLER(ENGLISH,1968),|Crime|Drama|,Dir:- Richard Fleischer,*ing:-Tony Curtis, Henry Fonda, George Kennedy.

"It wasn't as dark and scary as it sounds.I had a lotto fun...Killing somebody's a funny experience"

    -Albert Desalvo (The Boston Strangler)

    വളരെയധികം ദുരൂഹമായ ഒരു കൊലപാതക പരമ്പര ആയിരുന്നു '60 കളിൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന 13 സ്ത്രീകളുടെ മരണം.ജൂണ് 14,1962 നും ജനുവരി 4,1964 നും ഇടയിൽ നടന്ന കൊലപാതക പരമ്പര വർഷങ്ങൾക്കു ശേഷവും അന്വേഷണ വിധേയം ആയി മാറുകയുണ്ടായി;വ്യത്യസ്തമായ കണ്ടെത്തലുകളിലൂടെ.കൊലപാതകങ്ങൾ നടത്തിയ രീതികൾ സാദൃശ്യം പുലർത്തിയിരുന്നു.അതു കൊണ്ട് തന്നെ കേസിന്റെ തുടക്കം ഒരാൾ തന്നെ ആണ് ബോസ്റ്റണിലെ കൊലപാതകി എന്നു പോലീസ് വിധി എഴുതി.പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ ഒരേ രീതിയിൽ ഉള്ള കുരുക്കുകൾ കൊണ്ടു ബന്ധിപ്പിക്കപ്പെട്ടത്തിനു ശേഷം കൊലപ്പെടുത്തുക ആയിരുന്നു.

      മരണപ്പെട്ടവർ 19 നും 85 നും ഇടയ്ക്കു പ്രായം ഉള്ളവർ ആയിരുന്നു.ഒരിക്കലും ബലം പ്രയോഗിച്ചു ഒരാൾ കൊല്ലപ്പെട്ട സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്തു കടന്നു കയറിയത് എന്നു പൊലീസിന് മനസ്സിലായി.രണ്ടു കാരണങ്ങൾ ആയിരുന്നു പോലീസ്  അതിനു വിശദീകരണം ആയി നൽകിയത്.

1.മരണപ്പെട്ടവർക്കു പരിചയം ഉള്ള ആൾ കൊലപാതകി ആകാൻ ഉള്ള സാധ്യത.

2.മരണപ്പെട്ടവരെ ഏതെങ്കിലും രീതിയിൽ വിശ്വസിപ്പിച്ചു അകത്തു കയറിയ ആൾ.ഉദാ:കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ വന്ന ആൾ.

      ശാസ്ത്രീയമായ അവലോകനം കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നത്ര സാങ്കേതിക വളർച്ച അന്ന് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ കേസന്വേഷണം കൂടുതൽ സങ്കീർണവും ആയിരുന്നു.പോലീസ് പ്രതികൾ എന്നു സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം തുടങ്ങി.സമാനമായ കേസുകളിൽ പണ്ട് ഉൾപ്പെട്ട ആളുകൾ ആയിരുന്നു പലരും.എന്നാലും ഇരുട്ടിൽ തപ്പുന്ന പോലീസ് ജനങ്ങളുടെ ഇടയിൽ ഉള്ള ഭീതി കൂട്ടി.പലരും തങ്ങളെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞുള്ള ഫോണ് വിളികൾ കൊണ്ടു പോലീസിനെ കൂടുതൽ കുഴപ്പിച്ചൂ.

  ബോസ്റ്റണിലെ കൊലയാളിയെ കണ്ടെത്താൻ പുതിയ സ്‌ക്വാഡ് വരെ രൂപീകരിച്ചൂ.കേസന്വേഷണത്തിൽ വഴി മുട്ടി പോലീസ് നിൽക്കുന്ന സമയം ഹർക്കോസ് എന്ന സൈക്കിക്കിനെ അന്വേഷണത്തിൽ സഹായിക്കാൻ സമീപിച്ചത് ഒക്കെ പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു.കൊലയാളിയെ സംബന്ധിച്ചു ഒരു ചെറു സൂചന എങ്കിലും ലഭിക്കാൻ വേണ്ടി ഏതു അറ്റം വരെ പോകാനും അവർ തയ്യാറും ആയിരുന്നു.എന്നാൽ ആകസ്മികം ആയി ആൽബർട്ട് ഡെസൾവോ ആണ് ബോസ്റ്റണിലെ കൊലയാളി എന്നു പൊലീസിന് വിവരം ലഭിക്കുന്നു.പിടിയിൽ ആയെങ്കിലും തുടക്കത്തിൽ അയാളിൽ നിന്നും ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.കുടുംബസ്ഥൻ ആയ ആൽബർട്ട് ഇത്തരം കൃത്യങ്ങളിൽ പ്രതി ആകും എന്നു അയാളെ അറിയാവുന്ന ആരും വിശ്വാസിച്ചിരുന്നുമില്ല.സിനിമ റിലീസ് ആയ സമയത്തെ വിവരങ്ങൾ പ്രകാരം അയാൾ തന്റെ കുറ്റ കൃത്യങ്ങൾ ഏറ്റു പറയുന്നതായും പിന്നീട് അയാളുടെ ചെയ്തികൾ മാനസിക നിലയിൽ ഉള്ള വ്യതിയാനം ആയാനും അവതരിപ്പിക്കുന്നത്."മൾട്ടിപ്പിൾ പേഴ്സണലിറ്റി ഡിസോർഡർ" ആണ് ഇവിടെ രോഗ കാരണം.ഈ കാരണങ്ങളാൽ അയാളെ കൂടുതൽ മനോരോഗ ചികിത്സയ്ക്കായി അയക്കുന്നതായി ചിത്രം ക്ളൈമാക്സിൽ അവതരിപ്പിക്കുന്നു.

  സാധാരണ ഇത്തരം നടന്ന സംഭവങ്ങൾ അവതരിപ്പിക്കുന്ന സിനിമകളിൽ നിന്നും വിഭിന്നമായി ഒരു ഡോക്യൂ-സിനിമ നിലവാരത്തിൽ നിന്നും വാണിജ്യ ചേരുവകൾ കൂടി ഉൾപ്പെടുത്തി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഹെൻറി ഫോണ്ടാ,ടോണി കുർട്ടീസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചൂ.Neo-noir രീതിയിൽ ഉള്ള അവതരണ ശൈലി ചിത്രത്തിന് ആസ്വാദ്യകരമായ ഒരു രൂപം നൽകുന്നുണ്ട്.

"സിനിമയ്ക്കപ്പുറം ബോസ്റ്റണിലെ കൊലപാതകി"

  എന്നാൽ സിനിമ അവസാനിച്ചതിൽ നിന്നും കേസ് പിന്നീടുള്ള വർഷങ്ങളിൽ വളരെയധികം മുന്നോട്ടു പോയി.പല അനുമാനങ്ങളും കടന്നു വന്നൂ.ഡസൾവോ പിന്നീട് തടവറയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടിയിലായി.ജയിലിൽ വച്ചു തന്നെ അയാൾ കുത്തി കൊല്ലപ്പെട്ടൂ.കൊലപാതകിയെ കണ്ടെത്താൻ കഴിഞ്ഞും ഇല്ല.2013 ൽ ഡെസൾവോയുടെ ഡി എൻ ഏ ബന്ധുവിന്റെ സാമ്പിളും മരണപ്പെട്ടവരിൽ നിന്നും ലഭിച്ചവയും വച്ചു താരതമ്യം നടത്തിയപ്പോൾ പൂർണമായും അതു അയാളുടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.ജീവിതത്തിൽ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കാൻ വേണ്ടി അയാൾ സ്വയം കൊലപാതക കുറ്റം ഏറ്റെടുക്കുക ആയിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടൂ.കൊലപാതകികൾ ഒന്നിൽ കൂടുതൽ കാണും എന്നുള്ള അഭിപ്രായവും ശക്തപ്പെട്ടൂ.കാരണം അവസാന കൊലപാതകങ്ങളുടെ Modus Operandi വ്യത്യസ്തമായിരുന്നു എന്നതായിരുന്നു ഒരു വാദം.കേസിൽ നിർണായകം ആയർക്കാവുന്ന പല കാര്യങ്ങളും പിന്നീട് ആണ് ലഭിച്ചത് എന്നത് കൊണ്ട് തന്നെ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ച വസ്തുതകളെ  "ഫിക്ഷൻ" വിഭാഗത്തിൽ ഉള്ള ഒരു കഥ വായിച്ച ലാഘവത്തോടെ കാണാൻ മാത്രമേ സാധിക്കൂ.

More movie suggestions @www.movieholicviews.blogspot.ca

Friday, 12 May 2017

748.THE UNKNOWN GIRL(FRENCH,2016)



748.THE UNKNOWN GIRL(FRENCH,2016),|Crime|Mystery|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Adèle Haenel, Olivier Bonnaud, Jérémie Renier

    Dardenne  Brothers എന്നത്തേയും പോലെ കഥയെഴുതി സംവിധാനം ചെയ്ത ബെല്ജിയൻ-ഫ്രഞ്ച് ചിത്രമാണ് The Unknown Girl.ചിത്രം അവതരിപ്പിക്കുന്ന കഥ ഒരു പക്ഷെ മറ്റൊരു തരത്തിൽ സജ്ജീകരിച്ച ശേഷം crime/mystery genre ൽ ഉള്ള ചിത്രം ആക്കാൻ ഉള്ള സാധ്യതകൾ ഏറെ ആയിരുന്നു.എന്നാൽ Dardenne സഹോദരന്മാർ പ്രേക്ഷകനോട് പറയാൻ ശ്രമിച്ചത് അതിലും ഗൗരവ പൂർണമായ മറ്റൊരു വിഷയം ആയിരുന്നു.

    ലോകത്തിലെവിടെയും ഇന്നത്തെ സാഹചര്യത്തിൽ കണ്ടു വരുന്ന അനധികൃത കുടിയേറ്റം,ക്രൈം സിന്ഡിക്കേറ്റുകൾ,തൊഴിലില്ലായ്മ,ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയവ എല്ലാം ഇവിടെ പരാമർശിക്കപ്പെടുന്നു.ഇനി സിനിമയുടെ കഥയിലേക്ക്.ജെന്നി എന്ന യുവ ഡോക്റ്റർ അന്ന് രാത്രി ക്ളീനിക് അടച്ചതിനു ശേഷം intercom ൽ സഹായത്തിനായി അഭ്യർത്ഥിച്ച യുവതിയെ കാര്യമായി എടുക്കുന്നില്ല.പിറ്റേന്ന് മ്യൂസ്‌ നദിയുടെ സമീപം കണ്ടെത്തിയ മൃതദേഹം ജെന്നിയോട് സഹായം അഭ്യർത്ഥിച്ച യുവതിയുടെ ആണെന്ന് പോലീസ് അന്വേഷണത്തിൽ മനസിലായപ്പോൾ അവൾക്കു ഉണ്ടായ ദുഃഖത്തേക്കാൾ ഉപരി കുറ്റബോധത്തിന്റെയും കൂടി ആയിരുന്നു.

  ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആ യുവതിയുടെ പിന്നിൽ ഉള്ള കഥ അറിയാൻ അവൾ ശ്രമം തുടങ്ങുന്നു.ഒരു പക്ഷെ കുറ്റബോധത്തിൽ നിന്നും ഉടലെടുത്ത ചിന്തകൾ ആയിരിക്കാം അന്നവൾ എന്തിനാണ് തന്നോട് സഹായം അഭ്യര്ഥിച്ചത് എന്നുള്ളത് കണ്ടു പിടിക്കാൻ ഉള്ള ത്വര ഉണ്ടാക്കിയത്.ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള സ്വഭാവം മാറിയത് ഇവിടെ ആയിരുന്നു.

    ജെന്നിയുടെ അന്വേഷണം അവളെ കൊണ്ടെത്തിക്കുന്നത് തീരെ പരിചിതം അല്ലാത്ത ഒരു ഇരുണ്ട ലോകത്തിൽ ആയിരുന്നു.എന്നാൽ സിനിമകളിൽ ഉള്ള സ്ഥിരം നാടകീയതകൾ മാറ്റി വച്ചു reality ക്കു പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുന്നുണ്ട് .പതിഞ്ഞ താളത്തിൽ പോകുന്ന ഒരു ചിത്രം ആയി മാറാൻ ഉള്ള മുഖ്യ കാരണം മേൽപ്പറഞ്ഞത് ആയിരിക്കും.എന്നാൽക്കൂടി എന്തിനാണ് അവൾ അന്ന് രാത്രി സഹായം അഭ്യർഥിച്ചു ജെന്നിയുടെ വാതിൽക്കൽ വന്നത്‌ എന്നുള്ള ചോദ്യം പ്രേക്ഷകനെയും അലട്ടുന്ന വിഷയം ആക്കി മാറ്റുന്നുണ്ട്.അവിടെയാണ് വ്യത്യസ്തം ആയ രീതിയുടെ ഒരു effect ഉണ്ടാകുന്നത്.ഒരു പക്ഷെ അന്വേഷണം വേറെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിൽ അവതരിപ്പിച്ചിരുന്നെങ്കിൽ കഥയുടെ സ്വഭാവം തന്നെ മാറിയേനെ!!

More movie suggestions @www.movieholicviews.blogspot.ca

747.DAGLICHT(DUTCH,2013)





747.DAGLICHT(DUTCH,2013),|Mystery|Thriller|,Dir:-Diederik Van Rooijen,*ing:-Derek de Lint, Fedja van Huêt, Maartje van de Wetering

       മരിയോൻ പോയുടെ നോവലിനെ  ആസ്പദമാക്കി അവതരിപ്പിച്ച ഡച്ച് ചിത്രമാണ് Daglicht.താൻ കണ്മുന്നിൽ കണ്ട ജീവിതം അല്ല പലരും മെനഞ്ഞെടുത്ത ഒരു മായിക ലോകം ആയിരുന്നു താൻ ഇതു വരെ ജീവിച്ച ജീവിതം എന്നു ഐറിസ് മനസ്സിലാക്കുന്നത് അവളുടെ മകന്റെ രോഗാവസ്ഥയുടെ സമയത്താണ്.ഐറിസ് പ്രശസ്തയും പ്രഗത്ഭയുമായ ഒരു അഭിഭാഷകയാണ്.ഒരു വലിയ Law Firm ൽ ജോലി ചെയ്യുന്നു.

   ധനികനായ ബിസിനസ്സ് കുടുംബത്തിലർ മകന്റെ ഒരു "കുസൃതി" നിയമത്തിന്റെ മുന്നിൽ അയാളെ കുറ്റവാളി ആക്കിയപ്പോൾ അയാൾക്ക്‌ വേണ്ടി കോടതിയിൽ വാദിക്കാൻ ഐറിസ് നിയോഗപ്പെടുന്നു.തന്റെ ദാമ്പത്യ ജീവിതത്തിലെ തകർച്ചയും മകന്റെ രോഗവും അവരെ തളർത്തിയ സമയം ആയിരുന്നു അത്.ഐറിസ് തന്റെ തിരക്കുകൾക്കിടയിൽ മകനെ നോക്കാനായി തന്റെ അമ്മയെ സമീപിക്കുന്നു.ഒരു പക്ഷെ ജീവിതത്തിൽ ,താൻ യഥാർത്ഥത്തിൽ ആരാണ് എന്നുള്ള ഐറീസിന്റെ കണ്ടെത്തലുകൾ അവിടെ ആരംഭിക്കുന്നു.

   ഈ അവസരത്തിൽ ആണ് അവൾ ആദ്യമായി ആ രഹസ്യത്തിന്റെ ഒരു അറ്റം അറിയുന്നത്.ഐറിസിന്റെ മൂത്ത സഹോദരനെ പോലെ ആണ് അവളുടെ മകനും എന്ന വീട്ടിൽ വന്ന ആളുടെ സംസാരം ഐറീസിനെ കുഴപ്പിച്ചൂ.കാരണം,അവളുടെ ഓർമയിൽ അങ്ങനെ ഒരു സഹോദരൻ അവർക്കില്ല.അതു കൊണ്ടു തന്നെ അജ്ഞാതനായ തന്റെ ആഹോദരനെ കണ്ടെത്താൻ ഉള്ള ശ്രമം അവൾ ആരംഭിക്കുന്നു.

  ചിത്രത്തിന്റെ മുഖ്യ കഥ ഇവിടെ നിന്നും തുടങ്ങുന്നു.ചില കുടുംബങ്ങളിൽ കാണും ഇത്തരം കഥകൾ.ഒരു പക്ഷെ നല്ലതിന് വേണ്ടി മറച്ചു വയ്‌ക്കേണ്ട കഥകൾ.പ്രേക്ഷകനെ ത്രസിപിപ്പിക്കുന്ന സസ്പെൻസുകളും തിരിച്ചറിവുകളും ആണ് പിന്നീട് ചിത്രം മുഴുവൻ.താൻ ആരാണെന്നുള്ള ഐറീസിന്റെ കണ്ടെത്തലുകൾ പ്രേക്ഷകനും ആസ്വാദ്യകരമാകും.


www.movieholicviews.blogspot.ca

1995. Drop ( English, 2025)