Thursday, 5 January 2023

1633. No Date, No Signature (Persian, 2017)

 1633. No Date, No Signature (Persian, 2017)

           Mystery, Drama.


പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ടി വന്ന മൃതദേഹത്തിന്റെ പേര് കണ്ടപ്പോൾ ആണ് ഡോ. നരിമാൻ അത് എവിടെയോ പരിചയം ഉള്ളതാണല്ലോ എന്നു സംശയിച്ചത്. അയാളുടെ സംശയം ശരി ആയിരുന്നു താനും. പക്ഷേ ഈ ഒരു ചിന്ത ഫോറൻസിക് പത്തോളജിസ്റ്റ് ആയ നരിമാന്റെ ജീവിതവും മാറുകയായിരുന്നു. ഇതേ സമയം മൂസ എന്നയാളുടെ ജീവിതവും മാറുകയായിരുന്നു. ഒരേ സംഭവം തന്നെ രണ്ടു മനുഷ്യരുടെ ജീവിതത്തിനെ ആകെ മൊത്തം മാറ്റി മറിയ്ക്കുമ്പോൾ പ്രേക്ഷകനും ചോദിക്കും ഇവിടെ ആരാണ് ശരി ആരാണ് തെറ്റ് എന്ന്. ആ ഒരു ചോദ്യം ചിന്തകൾ ആയി വരുമ്പോൾ സിനിമയുടെ ക്ലൈമാക്സ് പോലും പൂർണ സംതൃപ്തി തരില്ല. അത് മോശം ആയത് കൊണ്ടല്ല. പകരം ആ കഥാപാത്രങ്ങൾ കടന്നു പോയ മാനസിക സംഘർഷവും , അതിൽ ആർക്കെങ്കിലും ഒരാൾക്ക് എങ്കിലും ആശ്വാസം ലഭിക്കുമോ എന്ന ചിന്തയും ആകാം. ക്ലൈമാക്സിൽ നിന്നും ഒരുമ്പക്ഷെ നമ്മൾ ഇതിലും കൂടുതൽ പ്രതീക്ഷിരുന്നിരിക്കണം.

ഈ സിനിമയിലെ മിസ്റ്ററി എന്നു പറയുന്നത് അതാണ്. സിനിമയിലെ അവസാന സംഭാഷണം പോലും നമുക്ക് പിടി തരില്ല. പകരം വീണ്ടും ചോദ്യങ്ങൾ ചോദിപ്പിക്കും. ഡോ. നരിമാനും മൂസയും വിഭിന്ന ജീവിത നിലവാരത്തിൽ ഉള്ളവരാണ്. എന്നാൽ അവർ രണ്ടു പേരും സ്വയം ശിക്ഷിക്കാൻ ഒരുങ്ങുകയും അതിന്റെ ഫലങ്ങൾ രണ്ടു പേർക്കും സമാനമായി വരുമ്പോൾ ആകെ ഒരു വിഷമം. ശരിക്കും മനസ്സിൽ കെട്ടി കിടക്കുന്നുണ്ട് ഈ കഥാപാത്രങ്ങൾ. രണ്ട് സാധാരണ മനുഷ്യർ അസാധാരണമായ സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ ഉള്ള അവരുടെ അവസ്ഥ നല്ലത് പോലെ അവതരിപ്പിച്ചിട്ടുണ്ട്, അതിനു ആവശ്യമായ വേഗതയോടെ.

ഒരു മിസ്റ്ററി ചിത്രം എന്നതിൽ നടക്കുന്ന അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തം ആണ് ഇതിന്റെ കഥ എങ്കിലും, ഏതൊരു മിസ്റ്ററി ചിത്രം പ്രേക്ഷകനിൽ ഉളവാക്കുന്ന അറിയുവാനുള്ള ആകാംക്ഷ ഈ ചിത്രത്തിൽ ഏറെ കൂടുതലാണ്. 2017 ലെ ഇറാനിൽ നിന്നുമുള്ള ഓസ്ക്കാർ നോമിനേഷൻ ആയിരുന്നു No Date, No Signature. മികച്ച ഒരു സിനിമ ആണെന്നുള്ള അഭിപ്രായം തന്നെയാണ് സിനിമ കണ്ടു കഴിഞ്ഞും മനസ്സിൽ ഉള്ളത്. മൂസയും ഡോ. നരിമാനും നല്കിയ നൊമ്പരം ഇപ്പോഴും അവിടെ തന്നെയുണ്ട്. കാൽപ്പനികമായി എഴുതിയത് അല്ല. ആ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകനിൽ അത് പോലെ സ്വാധീനം ഉണ്ടാക്കും. പേർഷ്യൻ സിനിമകൾ കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ തുടങ്ങിയത് മുതൽ വേറെ ഒരു ഫീൽ ആണ്.

തീർച്ചയായും കാണാൻ മറക്കരുത്. നല്ലൊരു അനുഭവം ആയിരിക്കും. സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ആണ് സിനിമ വികസിക്കുന്നതും . സിനിമ കാണുമ്പോൾ അത്തരത്തിൽ ഒരു മൂഡിൽ തന്നെ കാണുക.  സിനിമ കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കണം, കാണാൻ സാധിച്ചാൽ!!

സിനിമയുടെ ഡൌൺലോഡ് ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.

എന്റെ റേറ്റിംഗ്: 4.5/5


1632. Ini Utharam (Malayalam, 2022)

1632. Ini Utharam (Malayalam, 2022)



താൻ ഒരാളെ കൊന്നൂ എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ എത്തുന്നു. അവർക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കരുതി അവരെ മുഖവിലയ്ക്ക് എടുക്കുന്നില്ല പോലീസുകാർ. എന്നാൽ പിന്നീട് അവരുടെ വെളിപ്പെടുത്തലുകൾ ഈ സംഭവത്തിന്റെ രീതി തന്നെ മാറ്റുകയാണ്. ഇതിനു ശേഷം സിനിമ ഒരു പിടി ട്വിസ്റ്റും സസ്പെൻസും എല്ലാം കാണാൻ സാധിക്കും.


 പ്രതീക്ഷിക്കാത്ത രീതിയിൽ പോയ കഥയാണെങ്കിലും ഇടയ്ക്കൊക്കെ സിനിമയുടെ ട്വിസ്റ്റുകൾ സങ്കീർണം ആയി തോന്നി. എന്നാൽ ക്ലൈമാക്സിൽ ഇതിനെല്ലാം ഉത്തരം കിട്ടുന്നത്തോട് കൂടി ഇനി ഉത്തരം നല്ല രീതിയിൽ തന്നെ അവസാനിക്കുന്നു.


എനിക്ക് തകരക്കേടില്ലാത്ത ഒരു സിനിമയായി ആണ്‌ ഇനി ഉത്തരം അനുഭവപ്പെട്ടത്. ലോജിക്കൽ ആയുള്ള പ്രശ്നങ്ങൾ ധാരാളം തുടക്കത്തിൽ തോന്നുമെങ്കിലും തൃപ്തികരമായ രീതിയിൽ പലതിനും ഉത്തരം നൽകാൻ സാധിച്ചു എന്നത് കൊണ്ടും കൂടിയാണ് ചിത്രം ഇഷ്ടപ്പെട്ടത്.


 എന്റെ റേറ്റിങ് 3.5/5.


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?


1632. Ini Utharam (Malayalam, 2022)

          Streaming on Zee5

Wednesday, 4 January 2023

1631. The Killer: A Girl Who Deserves to Die(Korean, 2022)

 

1631. The Killer: A Girl Who Deserves to Die(Korean, 2022)
        Action , Thriller.




തന്റെ ഭാര്യയുടെ സുഹൃത്തിന്റെ മകളെ അവരുടെ അസാന്നിധ്യത്തിൽ സംരക്ഷിക്കുക എന്നതായിരുന്നു പഴയക്കാല വാടക കൊലയാളി ആയ യൂയി ഗാങ്ങിന്റെ ജോലി. കിം യുൻ ജി എന്ന പതിനേഴുകാരി അവളുടെ പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഒപ്പിക്കും എന്ന് കരുതിയിടത്തു നിന്നും ആണ്‌ യൂയി ഗാങ്ങിനു വലിയ പ്രശ്നങ്ങളിലേക്ക് പോകേണ്ടി വരുന്നത്. അതെന്താണ് എന്നാണ് The Killer: A Girl Who Deserves to Die അവതരിപ്പിക്കുന്നത്.

നല്ല സ്പീഡിൽ പോകുന്ന ഒരു ആക്ഷൻ ത്രില്ലർ ആണ്‌ The Killer: A Girl Who Deserves to Die.കഥയൊക്കെ നോക്കിയാൽ പഴയ അടി - വെടി രക്ഷകൻ കഥയൊക്കെ തന്നെ. സമാനമായ കഥകൾ Leon : The Professional, The Man From Nowhere ൽ ഒക്കെ കണ്ടിട്ടുള്ളതാണ്. The Killer: A Girl Who Deserves to Die അത്രയ്ക്ക് ഒന്നും ഇല്ല. എന്നാലും നല്ല സ്പീഡിൽ അവതരിപ്പിച്ച ത്രില്ലർ എന്ന നിലയിൽ മോശവും അല്ല. ആക്ഷൻ രംഗങ്ങളും നന്നായിരുന്നു. ചുമ്മാതെ ഇരുന്നു കാണാവുന്ന ഒരു സിനിമ എന്ന് പറയാം.

സിനിമയ്ക്ക് എന്റെ റേറ്റിങ് :3/5

സിനിമയുടെ ലിങ്ക് t.me/mhviews1  ൽ ലഭ്യമാണ്.

1630. Butterfly Swimming (Persian, 2020)

 1630. Butterfly Swimming (Persian, 2020)

          Mystery, Crime.



 ഒരു മിസ്റ്ററി / ക്രൈം ചിത്രം എന്ന നിലയിൽ മികച്ചു നിൽക്കുന്ന ചിത്രമാണ് Butterfly Swimming.മികച്ച ട്വിസ്റ്റും സസ്പെൻസും കലർന്ന ഒരു ചിത്രം ആണ്‌ Butterfly Swimming . സ്വിമ്മിംഗ് പൂളിലെ തന്റെ ചിത്രങ്ങൾ ആരോ പുറത്തു ചോർത്തി ഇട്ടത് കാരണം സമൂഹത്തിൽ അഭിമതയായ പാർവാനയെ അവളുടെ ഭർത്താവ് തന്നെ കൊല്ലുന്നു. വധശിക്ഷ ഉറപ്പായ കുറ്റത്തിൽ നിന്നും അയാളെ രക്ഷിക്കാൻ പാർവാനയുടെ പിതാവിന് സാധിക്കും. എന്നാൽ തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ ആളോട് അനുകമ്പ കാണിക്കാതെ ഇരുന്ന അയാൾ ഒരു നിബന്ധന മുന്നോട്ട് വയ്ക്കുന്നു. തന്റെ മകളുടെ മരണത്തിനു കാരണമായ വീഡിയോ പ്രചരിപ്പിച്ച ആളെ കണ്ടെത്തിയാൽ മറിച്ചു ചിന്തിക്കാം എന്ന്.


  പാർവാനയുടെ ഭർത്താവ് ഹാഷേമിന്റെ സഹോദരൻ ഹോജാത് അതിനായി ഉള്ള ശ്രമങ്ങൾ തുടങ്ങുകയാണ്. ഹോജാതിനു പാർവാനയുടെ മരണത്തിനു കാരണം ആയ ആളെ കണ്ടെത്താൻ കഴിയുമോ? അതാണ്‌ സിനിമയുടെ ബാക്കി കഥ.


 ഹോജാതിനെ അവതരിപ്പിച്ച ജാവേദ് ഇസാതിയുടെ ആരാധകൻ ആയി ഒറ്റ ചിത്രം കൊണ്ട് തന്നെ മാറി എന്ന് പറയുന്നതാകും ശരി. മികച്ച അഭിനയം ആണ്‌ ജാവേദ് ഇതിൽ കാഴ്ച വച്ചിരിക്കുന്നത്. വളരെയധികം ഇമോഷണൽ ആയ ഒരു കഥാപാത്രം. സ്ഥിരം കുറ്റവാളികൾ ആയ സഹോദരനെയും ബന്ധുക്കളെയും വച്ച് നോക്കുമ്പോൾ പാവത്താനായ ഹോജാത്, എന്നാൽ കുടുംബത്തിന് വേണ്ടി തന്റെ സ്വഭാവ രീതികൾ മാറ്റുകയാണ്. സ്വന്തമായി പ്രശ്നങ്ങൾ ധാരാളം ഉള്ള ഹോജാത് എന്നാൽ തന്റെ സഹോദരന്റെ ഭാര്യയുടെ ജീവിതം തകർത്ത ആളെ കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ നടത്തുമ്പോൾ മറ്റൊരാളായി മാറുകയാണ്.


  എന്തിന്റെ പേരിലാണെങ്കിലും തന്റെ ഭാര്യയെ തല്ലി കൊന്ന ഹാഷേമിനോട് യോജിക്കാൻ സാധിക്കില്ല. അഭിമാന കൊല ആണ്‌ അയാൾ നടത്തിയത് എന്ന് നിസംശയം പറയാൻ കഴിയും.സിനിമയുടെ ക്ലൈമാക്സ്‌ ഒക്കെ ആകുമ്പോൾ ആകെ ഒരു അവസ്ഥയിൽ ആയിട്ടുണ്ടാകും . പാർവാനയുടെ മരണത്തിനു പിന്നിൽ ഉള്ള ആളെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നടക്കുന്ന അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങൾ ചിലപ്പോഴെങ്കിലും മനസ്സിനെ മരവിപ്പിക്കുന്നതും ആണ്‌.


 എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ Butterfly Swimming. മറ്റേതു ഭാഷയിലും റീമേക് ചെയ്യാൻ കഴിയുന്ന ഒരു ത്രെഡ് സിനിമയ്ക്ക് ഉണ്ടെന്നും തോന്നി. കഴിയുമെങ്കിൽ കാണുക. ഞാൻ ഈ അടുത്ത് കണ്ടത്തിൽ അപ്രതീക്ഷിതമായി ഏറെ ഇഷ്ടപ്പെട്ട ചിത്രവും ആണ്‌ Butterfly Swimming. കണ്ടിട്ട് അഭിപ്രായം പറയണേ.


എന്റെ റേറ്റിങ് 4/5



സിനിമയുടെ ഡൌൺലോഡ് ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.

Tuesday, 3 January 2023

1629. Gatta Kusthi (Tamil, 2022)

 1629. Gatta Kusthi (Tamil, 2022)

         Streaming on Netflix.



 കഴിഞ്ഞ വർഷത്തെ മലയാള സിനിമകളിൽ ഏറ്റവും ഹിറ്റ് ആയ 4x ജയ ഹേയുടെ മറ്റൊരു  വേർഷൻ ആണ്‌ ഈ ചിത്രം. 4x ജയ ഹേ എനിക്ക് പേഴ്സണലി ഇഷ്ടപ്പെടാതെ ഇരുന്നത്, ടോക്സിക് ആയ, ഒരിക്കലും മാറാൻ ശ്രമിക്കാത്ത ഭൂരിഭാഗം കഥാപത്രങ്ങൾ കാരണം ആയിരുന്നു അത് . അതിലെ ക്ലൈമാക്സ്‌ മാത്രം ആണ്‌ അത് കൊണ്ട് ഇഷ്ടപ്പെട്ടതും. ഗാട്ടാ ഗുസ്തിയും ഒരു സ്ത്രീ പക്ഷ സിനിമ ആണ്‌.പക്ഷെ ഇവിടെ ഈ പറഞ്ഞ രീതി വച്ച് നോക്കുമ്പോൾ സമാനമായ ടോക്സിക് ആയ കഥാപത്രങ്ങൾ പലരും മാറുന്നതും അതിനോടൊപ്പം അവരുടെ തെറ്റുകൾ മനസ്സിലാക്കാൻ ഉള്ള സമയവും സിനിമയിൽ കൊടുത്തൂ എന്നതാണ്.


 15 വർഷമായി ഗുസ്തി പഠിക്കുന്നു എന്ന രീതിയിൽ അവതരിപ്പിച്ച ഐശ്വര്യയുടെ കീർത്തി എന്ന കഥാപാത്രം അത് കൊണ്ട് തന്നെ ആദ്യ പകുതിയിൽ ചെയ്ത ഫൈറ്റ് സീൻ നന്നായി തോന്നി. ടിപ്പിക്കൽ മാസ് മസാല പടങ്ങളുടെ രീതി ആയിരുന്നെങ്കിലും നന്നായി തന്നെ അവർ അത് ചെയ്തു. സിനിമയുടെ ഏറ്റവും പ്ലസ് പോയിന്റും അതായിരുന്നു. അത് പോലെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു വിശാലും കൊള്ളാമായിരുന്നു. ഇടയ്ക്കൊക്കെ ഷഹീദ് കപൂറിനെ പോലെ തോന്നി വിഷ്ണുവിനെ കാണുമ്പോൾ.


 4x ജയ ഹേയുടെ അതേ ഫോർമാറ്റിൽ ആണ്‌ കഥ പോകുന്നത്. പക്ഷെ കീർത്തിയുടെ വീട്ടുകാർ ജയയുടെ വീട്ടുകാരുടെ അത്ര ടോക്സിക് അല്ലായിരുന്നു. വലിയ വിദ്യാഭ്യാസം ഇല്ലാത്ത നായകനും അയാളുടെ കുടുംബവും ഒക്കെ അത് പോലെ തന്നെ. പക്ഷെ അവിടെ കാര്യങ്ങൾ സംസാരിക്കാൻ എങ്കിലും കഴിയുന്ന ആളുകളും ഉണ്ടായിരുന്നു. ജയയുടെ അത്ര കഷ്ടപ്പാട് അല്ലായിരുന്നു കീർത്തിക്കു ഉണ്ടായിരുന്നത് എന്നതും കൂട്ടി വായിക്കണം.


ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഭാഷയ്ക്കും ദേശത്തിനും അപ്പുറം നടക്കുന്നവ തന്നെയാണ്. പക്ഷെ അത് സിനിമ ആയി വരുമ്പോൾ ഫുൾ നെഗറ്റിവിറ്റി മാത്രം എല്ലാവരിലും കൊണ്ട് വരരുത് എന്നുള്ള അഭിപ്രായം ഉള്ള ആളാണ്‌ ഞാൻ. 4x ജയ ഹേ ഇഷ്ടപ്പെടാത്തതിന് ഉള്ള കാരണവും അതായിരുന്നു. ഒരു ഡോക്യുമെന്ററിയിൽ കാണാൻ കഴിയുന്ന കാര്യങ്ങൾ സിനിമയെ എന്റർടൈൻമെന്റ് ആയി കാണുന്ന എനിക്ക് അത്ര ഇഷ്ടപ്പെടില്ല.


ഗാട്ട ഗുസ്തി മൊത്തത്തിൽ patriarchal പ്രശ്നങ്ങൾ എല്ലാം തമിഴ് മാസ് മസാല സിനിമ ആയി അവതരിപ്പിച്ച തരക്കേടില്ലാത്ത എന്റെർറ്റൈൻർ ആണ്‌ എന്നാണ് അഭിപ്രായം. ഒരു വട്ടം കണ്ടു മറക്കാവുന്ന സിനിമ ആണ്‌ ഗാട്ടാ ഗുസ്തി. സ്ഥിരം തീം ആയതു കൊണ്ട് മടുപ്പു ഉണ്ടാകുന്നുണ്ട്.


എന്റെ റേറ്റിങ് : 2.5/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

1628. The Teacher (Malayalam, 2022)

 1628. The Teacher (Malayalam, 2022)

           Streaming on Netflix.



അൽപ്പം സീരിയസ് ആയ ഒരു പ്രമേയം മേക്കിങ്ങിൽ വന്ന പോരായ്മകൾ കാരണം മോശം ആയി പോയ അനുഭവം ആണ്‌ ദി ടീച്ചർ എന്ന മലയാള സിനിമ നൽകിയത്. തന്റെ ജീവിതത്തിൽ സംഭവിച്ചു എന്ന് കരുതുന്ന ഒരു കാര്യത്തെ കുറിച്ച് ആകുലയായ ഒരു അധ്യാപിക അത് സത്യമാണോ അതോ തോന്നലാണോ എന്ന് അന്വേഷിച്ചു പോകുന്ന സിനിമ തുടക്കത്തിൽ നല്ലതായി തന്നെയാണ് തോന്നിയത്.


 എന്നാൽ അതിനു ശേഷം പ്രസ്തുത സ്ത്രീ പക്ഷ സിനിമ മറ്റെന്തൊക്കെയോ പറഞ്ഞ് വയ്ക്കാൻ ശ്രമിച്ചതായി തോന്നി. ഒന്നിനും കൊള്ളാത്ത ഭർത്താവ്, പിന്നെ അതിനോട് അനുബന്ധിച്ചു അവർ എടുക്കുന്ന തീരുമാനങ്ങൾ ഒക്കെ. സ്ത്രീ ലാംബടനായ സുഹൃത്തിനോട് സ്വന്തം ഭാര്യയുടെ രഹസ്യം പങ്ക് വയ്ക്കുന്ന ഭർത്താവ് ഒക്കെ കാണുമ്പോൾ ആണ്‌ നാട്ടിലെ ആണുങ്ങൾ ഒക്കെ ഇത്രയും ബോറന്മാർ ആണോ എന്ന് തോന്നുന്നത്. അതിന്റെ കൂടെ അത്യാവശ്യം ടോക്സിക് കൂടി ആയാൽ ഇപ്പോഴത്തെ സിനിമകളിലെ സ്ഥിരം പുരുഷ കഥാപാത്രവും  ആയി. പൊതു ബോധവും ഇപ്പോൾ അങ്ങനെ ആണല്ലോ അല്ലെങ്കിലും?


 എന്നാലും സിനിമ മോശമായി തോന്നാൻ ഉള്ള കാരണം ഇത്തരത്തിൽ ഒരു വിഷയത്തെ സമീപിച്ച രീതി മാത്രം അല്ലായിരുന്നു ആയിരുന്നു. കഥാപരമായി കുഴപ്പം ഇല്ലാത്ത സിനിമ ആണെങ്കിലും അവതരിപ്പിച്ച രീതി ഒരു ഇമ്പാക്റ്റും പ്രേക്ഷകനിൽ ഉണ്ടാക്കിയതായി തോന്നിയില്ല. 22 ഫീമെയിൽ കോട്ടയം പോലെ ഉള്ള സിനിമയിൽ ഒക്കെ ഉപയോഗിച്ച സമാനമായ കഥയിൽ അത് നൽകിയ ഗൗരവം ഒന്നും ഈ ചിത്രത്തിൽ കണ്ടില്ല. ഇത്തരത്തിൽ ഉള്ള സിനിമകൾ ധാരാളം വിദേശ ഭാഷകളിൽ ഇറങ്ങുന്നത് കൊണ്ടും അതൊക്കെ കണ്ടവർക്ക് പ്രത്യേകിച്ച് നിർവികാരത ആണ്‌ സിനിമ കാണുമ്പോൾ ഉണ്ടാവുക.വിഷയത്തിന്റെ തീക്ഷണത അവതരണത്തിൽ കണ്ടില്ല.


 സിനിമയുടെ റേറ്റിങ് :2/5


സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമല്ലോ?

Monday, 2 January 2023

1627. Gold ( Malayalam, 2022)

 1627. Gold ( Malayalam, 2022)

        Streaming on Amazon Prime.

        


ഫോണിൽ ഒരു ഫോട്ടോയോ വീഡിയോ എടുത്താൽ ഫിൽറ്റർ ഇട്ടു അടിപൊളി ആക്കാൻ നമ്മൾ ശ്രമിക്കാറില്ലേ? അത് പോലെ അൽഫോൻസ് പുത്രൻ പുതിയ ഏതോ ഫോൺ വാങ്ങി ഫിൽറ്റർ ഒക്കെ മാറ്റി മറിച്ചു ഇട്ടു അവതരിപ്പിച്ച സിനിമ ആണ്‌ ഗോൾഡ് എന്നാണ് തോന്നിയത് .കല്യാണത്തിന് വീഡിയോ എടുക്കുന്നവരുടെ മുന്നിൽ ഒരു എൻസൈക്ലോപീഡിയ ആയിരിക്കും ഇനി മുതൽ ഗോൾഡ് എന്ന് കരുതുന്നു.അത്രയ്ക്കും ഉണ്ടായിരുന്നു കളം കളം എഫെക്റ്റ് ഒക്കെ.അതിന്റെ അപ്പുറം സിനിമ എന്ന നിലയിൽ നല്ല ബോർ തന്നെയായിരുന്നു ഗോൾഡ്.


  ഓരോ സീനിലും വന്നു പോകുന്ന ധാരാളം കഥാപത്രങ്ങൾ, എന്തിനു നയൻതാര പോലും കാമിയോ ആയിട്ട് ആണ്‌ സിനിമയിൽ അഭിനയിച്ചത് എന്ന് തോന്നി. കൂടുതൽ സ്ക്രീൻ പ്രസൻസ് പ്രിത്വിരാജ് കഴിഞ്ഞാൽ ഉള്ളത് ഉറുമ്പിനും, പുഴുവിനും, പൂവിനും, പഴുതാരയ്ക്കും ഒക്കെ ആയിരുന്നു. സിനിമയിൽ പൃഥ്വിയും നയൻ‌താരയും കണ്ടു മുട്ടാത്ത തരത്തിൽ അൽഫോൻസ് പുത്രന്റെ ബ്രില്യൻസ് ഉണ്ടായിരുന്നു.

 

സിനിമയുടെ തുടക്കം കൊള്ളാമായിരുന്നു. സ്വപ്നം കാണാൻ പറ്റിയ സംഭവം. ഒരു വണ്ടി നിറയെ സ്വർണം സ്വന്തം വീടിന്റെ മുന്നിൽ ആരെങ്കിലും വച്ചിട്ട് പോയാൽ? എന്റമ്മോ!!വഴിയിൽ കിടന്നു ഒരു പെട്ടി നിറയെ കാശ് കിട്ടിയാൽ എന്തൊക്കെ ചെയ്യാം എന്ന് കരുതി ഇരിക്കുന്ന ആളാണെങ്കിൽ അത് ഇഷ്ടപ്പെടും. അത് കൊണ്ട് എനിക്കും അത് ഇഷ്ടപ്പെട്ടൂ.


 അൽഫോൻസിന്റെ തന്നെ നേരം എന്ന സിനിമ പോലെ എടുക്കാൻ ശ്രമിച്ചെങ്കിലും നല്ലത് പോലെ പാളി പോയ സിനിമ ആയിട്ടാണ് ഗോൾഡ് തോന്നിയത്. നല്ല ബോർ പാട്ടുകൾ.അതിന്റെ കൂടെ ഒരു ഐഡിന്റിറ്റിയും ഇല്ലാത്ത കഥാപാത്രങ്ങൾ കൂടി വരുമ്പോൾ എല്ലാം പൂർണമായി.


 എനിക്ക് സിനിമ തീരെ ഇഷ്ടപ്പെട്ടില്ല. അൽഫോൻസ് പ്രേമം സിനിമ എടുത്തതിനു ശേഷം ആകെ പഠിച്ചത് വീഡിയോയിൽ ഫിൽറ്റർ കയറ്റാൻ മാത്രം ആണെന്ന് തോന്നുന്നു.അത് കൊണ്ട് ഒരു സിനിമ ആയി പോലും കണക്കിലെടുക്കാൻ പറ്റാത്ത ഒരു മിനി മലയാളം സീരിയൽ എന്ന് വിളിക്കാം സിനിമ ആണെന്ന് പറഞ്ഞ് വന്ന ഗോൾഡിനെ. ഇതിലും നന്നായി വടക്കൻ കേരളത്തിൽ നിന്നും വരുന്ന ഹോം വീഡിയോകൾക്ക് നിലവാരമുണ്ട്.


പിന്നെ ഇമ്മാതിരി ഫിൽറ്റർ ഇട്ട എഡിറ്റിങ് ആണ്‌ സിനിമ കണ്ടു അഭിപ്രായം പറയാൻ വേണ്ട യോഗ്യത എങ്കിൽ അത് എനിക്കും ചെയ്യാൻ പറ്റും എന്ന് ഉറപ്പായി ഗോൾഡ് കണ്ടപ്പോൾ . എന്റെ കയ്യിൽ ഉള്ള ഫോണിലും ഇതു ഒക്കെ നടക്കും എന്ന് തോന്നുന്നു.


സിനിമയുടെ റേറ്റിങ് ഒന്നും കൊടുക്കാൻ പോലും തോന്നുന്നില്ല. 0/5 എന്നൊക്കെ ഇട്ടാൽ മോശമാകില്ലേ?


സിനിമ കണ്ടവരുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?

1995. Drop ( English, 2025)