Thursday, 6 July 2017

757.MEA CULPA(FRENCH,2014)

757.MEA CULPA(FRENCH,2014),|Crime|Thriller|,Dir:-Fred Cavayé,*ing:-Vincent Lindon, Gilles Lellouche, Nadine Labaki.


  നല്ല സൗഹൃദങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്.മോശം സമയത്ത് പോലും നല്ല സൌഹൃദങ്ങള്‍ ഒരു കൈ താങ്ങ് ആയിരിക്കും.സൈമണ്‍ ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ ആണ്.കുടുംബ ജീവിതം തകര്‍ന്ന്,ഒരു അപകടത്തില്‍ തന്‍റെ ജോലിയില്‍ പ്രശ്നം ഉണ്ടാവുകയും അതിനോട് അനുബന്ധിച്ച് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നൂ അയാള്‍ക്ക്‌.അയാള്‍ ഉണ്ടാക്കിയ അപകടം ഇന്നും ഒരു ദു:സ്വപ്നം  പോലെ അയാളെ വേട്ടയാടുന്നുണ്ട്‌.ഇപ്പോള്‍ ജീവിതത്തില്‍ ആകെ ഉള്ള ആശ്വാസം മകന്‍ മാത്രം ആണ്.

  എന്നാല്‍ സൈമണിനെ എന്നും ഒപ്പം നിന്ന് സഹായിക്കാന്‍ ഒരു സുഹൃത്തുണ്ട് ഫ്രാങ്ക്.സൈമണ്‍ ,ഫ്രാങ്കിന്റെ അടുക്കല്‍ നിന്നും മാറാന്‍ ശ്രമിക്കുമ്പോഴും ഒരു അദൃശ്യ ശക്തി ആയി അയാളുടെ എല്ലാ പ്രവര്‍ത്തിയിലും ഫ്രാങ്കും ഉണ്ട്.ഫ്രാങ്കും പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.നഗരത്തില്‍ പലയിടത്തായി കാണപ്പെട്ട മൃത ദേഹങ്ങള്‍ പോലീസിനു തലവേദന ആയി മാറുന്നു.പരമ്പര കൊലപാതകങ്ങള്‍ നടക്കുന്നത് മൊത്തം മാഫിയയുടെ പേരില്‍ ആയിരുന്നു.

 നഗരം അടക്കി വാഴാന്‍ തുടങ്ങുന്ന ഒരു ക്രൈം സിണ്ടിക്കേറ്റ് അവിടെ ശക്തം ആയി തുടങ്ങിയിരുന്നു.ആകസ്മികം ആയാണ് സൈമണിന്റെ മകന്‍ ഒരിക്കലും കാണരുതാത്ത ആ കാഴ്ച കാണുന്നത്.അത് അവന്റെ ജീവന് തന്നെ ഭീഷണി ആകുന്നു.എന്നാല്‍ ഉത്തരവാദിത ബോധം ഉണ്ടായിരുന്ന ഒരു പോലീസുകരനില്‍ നിന്നും തനിക്കു ഇപ്പോഴും മാറ്റം ഇല്ല എന്ന് തെളിയിച്ചു കൊണ്ട് തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ സൈമണ്‍ മുന്നോട്ടു ഇറങ്ങുന്നു.കൂട്ടിനു ഫ്രാങ്കും ഉണ്ട്.അവര്‍ക്ക് നേരിടേണ്ടി വരുന്നത് അപകടകാരികള്‍ ആയ ഒരു കൂട്ടം ആളുകളെ ആയിരുന്നു.

  അവരുടെ അതിജീവനത്തിന്റെ ആ കഥയാണ് ബാക്കി ഉള്ള സിനിമ.ഒരിക്കല്‍ സൈമണ്‍ ഫ്രാങ്കിനോട് ചോദിക്കുന്നുണ്ട് (അയാള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും) എന്തിനാണ് ഇപ്പോഴും ഫ്രാങ്ക് അയാളെ സഹായിക്കുന്നതെന്ന്.ഫ്രാങ്കിന് അതിനു ഉത്തരം ഇല്ലായിരുന്നു.എന്നാല്‍ ചിത്രത്തില്‍ അതിനു മറ്റൊരു ഭാഷ്യം നല്‍കുന്നുണ്ട്.കഥയുടെ വഴിത്തിരിവ് ഉണ്ടാകുന്നത് മുതല്‍ ചിത്രം ചടുലം ആയാണ് സഞ്ചരിക്കുന്നത്.പ്രത്യേകിച്ചും ചേസിംഗ് രംഗങ്ങള്‍ ഒക്കെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.തരക്കേടില്ലാത്ത ഫ്രഞ്ച് ക്രൈം/ത്രില്ലര്‍ ആണ് Mea Culpa.

More movie suggestions @www.movieholicviews.blogspot.ca

756.NIGHTFALL(2012,CANTONESE)

756.NIGHTFALL(2012,CANTONESE),|Crime|Mystery|,Dir:- Roy Hin Yeung Chow,*ing:-Nick Cheung, Simon Yam, Janice Man.


    തന്നെ വേട്ടയാടുന്ന തന്‍റെ തന്നെ  ഭൂതക്കാലം ഏതൊരു കുറ്റവാളിയുടെയും നിലനില്‍പ്പിനെ,അയാള്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു ഇറങ്ങിയാല്‍ പോലും സാരമായി ബാധിക്കും.അയാളുടെ ഭൂതക്കാലം മറക്കാന്‍ കഴിയാത്ത ആളുകള്‍ അയാള്‍ സ്വതന്ത്രന്‍ ആയി വരുന്ന പരിസരങ്ങളില്‍ ഉണ്ടാകും.തന്‍റെ ചെയ്തികളുടെ തീക്ഷണത അനുസരിച്ച് സമൂഹത്തിനു അയാളോട് ഉള്ള കാഴ്ചപ്പാടിലും ഏറ്റക്കുറചിലുകള്‍ ഉണ്ടാകാം.തേങ്ങ മോഷണ കേസിലെ പ്രതിയെ പോലെ അല്ല കൊലയാളിയെ കാണുന്ന സമൂഹം എന്ന് ചുരുക്കത്തില്‍ പറയാം.എന്നാല്‍ തന്‍റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം താന്‍ അല്ല ചെയ്തത് എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും തെളിവുകളുടെ പിന്‍ബലത്തില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഒരാളുടെ അവസ്ഥയോ?

    യൂന്‍ തന്‍റെ പത്തൊമ്പതാം വയസ്സില്‍,ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റ കൃത്യത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം പുറത്തു ഇറങ്ങുന്നു.ജയിലില്‍ അധികം ആരോടും സംസാരിക്കാതെ ജീവിച്ചിരുന്ന അയാള്‍ പുറത്തു ഇറങ്ങുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ ലക്ഷ്യത്തോടെ ആണ് കഴിഞ്ഞിരുന്നതും.ഇടയ്ക്ക് ശല്യം ചെയ്യാന്‍ വന്നവരോട് അയാള്‍ പ്രതികരിക്കുകയും ചെയ്തു ജയിലില്‍.

  പുറത്തിറങ്ങിയ അയാള്‍ ആദ്യം ചെയ്തത് ഹാന്‍ ട്സൂയി,അയാളുടെ മകള്‍ സോയി എന്നിവരെ അവര്‍ അറിയാതെ നിരീക്ഷിക്കുക എന്നതായിരുന്നു.ഹാന്‍ ട്സൂയി പ്രശസ്തന്‍ ആയ സംഗീത വിദ്വാന്‍ ആയിരുന്നു.തന്‍റെ മകളായ സോയിയെ അയാള്‍ കര്‍ക്കശമായ ചിട്ടകളോടെ,എന്നാല്‍ ക്രൂരമായ രീതിയില്‍ ആണ് വളര്‍ത്തിയിരുന്നത്.ട്സൂയിയുടെ മകള്‍ ആയ ഇവയെ കൊലപ്പെടുത്തിയതിനു ആണ് യൂന്‍ ജയിലില്‍ ആകുന്നതു.യൂന്‍ അയാളുടെ ബംഗ്ലാവിനു എതിര്‍വശം ആയി വരുന്ന രീതിയില്‍ ഒരു വീട് എടുത്തു താമസിക്കുന്നു,ഒപ്പം അയാളെ നിരീക്ഷിക്കാന്‍ ഉള്ള വഴികള്‍ കൂടി ഉപയോഗിച്ചുക്കൊണ്ട്.

     എന്നാല്‍ ഒരു ദിവസം ട്സൂയിയുടെ മരണ വാര്‍ത്ത ആണ് അവിടെ ഉള്ളവര്‍ അറിഞ്ഞത്.കടല്‍ക്കരയില്‍ കാണപ്പെട്ട മൃത ദേഹം തെളിവുകള്‍ ഇല്ലാതെ പോലീസിനെ കുഴക്കി.ജോര്‍ജ് ലാം എന്ന പോലീസ് ഉദ്യോഗസ്ഥന് ആയിരുന്നു കേസിന്‍റെ ചുമതല.തന്‍റെ ജോലിയില്‍ കണിശതയും ആത്മാര്‍ഥതയും ഉള്ള ജോര്‍ജ് എന്നാല്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ വേട്ടയാടുന്ന ആളാണ്‌.കേസന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് യൂന്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിവരം അറിയുന്നതും കേസന്വേഷണം അയാളിലേക്ക് നീങ്ങുന്നതും.

   എന്നാല്‍ ജോര്‍ജ് ലാമിനെ കാത്തിരുന്നത് നിഗൂഡതകളുടെ ഒരു കലവറ ആയിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങളുടെ ബാധ്യതയോട് ഒപ്പം ഇപ്പോഴത്തെ സംഭവങ്ങളും കൂട്ടി ഇനക്കുകയും വ്യക്തികളെ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് കൊണ്ട് വരുകയും ചെയ്യേണ്ട ഒരു വലിയ പ്രക്രിയ.കേസിന്‍റെ തുമ്പുകള്‍ ഓരോന്നായി അഴിയുമ്പോള്‍ അനാവരണംചെയ്യപ്പെടുന്നത് അപ്രതീക്ഷിതം ആയ കഥകള്‍ ആണ്.ഒരു പക്ഷെ അപസര്‍പ്പക കഥകള്‍ ആണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്ന കഥകള്‍.രഹസ്യങ്ങള്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ ആര്‍ക്കും തോന്നാവുന്ന സാഹചര്യങ്ങള്‍. ജോര്‍ജ് ലാമിന്റെ കേസിന്‍റെ കൂടെ പ്രേക്ഷകന് സഞ്ചരിക്കാം.ഒപ്പം അയാളോടൊപ്പം അത്ഭുതത്തോടെ കാണാവുന്ന അഴിയാക്കുരുക്കുകളുടെയും ആരൊക്കെയോ തയ്യാറാക്കിയ മിഥ്യകളുടെ ലോകത്തിലേക്കും.

  ഹോംഗ് കോംഗ് ചിത്രമായ Nightfall നല്ല ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആണ്.പ്രേക്ഷകന്റെ മുന്നില്‍ ഒരു കഥ അവതരിപ്പിക്കുകയും യാതാര്‍ത്ഥ്യം ഓരോ ഭാഗമായി പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അതിവിദഗ്ധം ആയി അവതരിപ്പിക്കുകയും ചെയ്യുന്നു.ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം ആകുന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് Nightfall.


More movie suggestions @www.movieholicviews.blogspot.ca

755.THE ADVOCATE:A MISSING BODY(KOREAN,2015)

755.THE ADVOCATE:A MISSING BODY(KOREAN,2015),|Thriller|Mystery|Crime|,Dir:-Jong-ho Huh,*ing:-Sun-kyun Lee, Go-eun Kim, Hyeong-seong Jang.


   പ്രാഥമികമായി കുറ്റകൃത്യം നടന്നൂ എന്ന് തന്നെ വിശ്വസിക്കാവുന്ന സാഹചര്യങ്ങള്‍.ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും മരണ കാരണം ആകുന്ന രീതിയില്‍ രക്തം നഷ്ടം ആയിരിക്കുന്നു.കൊലപാതകി എന്ന് സംശയിക്കാവുന്ന ആള്‍,ആകസ്മികം ആയി കൃത്യം നടന്ന സ്ഥലത്ത് എത്തപ്പെട്ട സാക്ഷി.ഒരു കേസ് സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാതെ അവസാനിപ്പിച്ച്‌ കൊലപാതകി എന്ന് കരുതാവുന്ന ആള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കാവുന്ന സാഹചര്യം ആണ് ഉള്ളത്.

  എന്നാല്‍ ഇവിടെ നഷ്ടമായ ഒന്നുണ്ട്.കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളുടെ മൃതദേഹം.മിന്‍ ജുംഗ് എന്ന യുവതി ആണ് അവളുടെ കാമുകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ജുംഗ് ഹ്വാന്റെ കൈകളാല്‍ കൊല്ലപ്പെട്ടു എന്ന് പോലീസ് വിശ്വസിക്കുന്നു.എന്നാല്‍ അവളുടെ മൃത ദേഹം എവിടെ ആണ് അപ്രത്യക്ഷം ആയതു?ഹോ സുംഗ് എന്ന അഭിഭാഷകന്‍ ഈ കേസില്‍ എത്തിപ്പെടുന്നത് യാദൃചികം ആയിട്ടായിരുന്നു.മൂണ്‍ എന്ന ധനികനും വന്‍കിട മരുന്ന് കമ്പനിയുടെ ഉടമയുടെ ഡ്രൈവര്‍ ആണ് കുറ്റാരോപിതന്‍ ആയ ജുംഗ് ഹ്വാന്‍.മൂണ്‍,തന്‍റെ വിശ്വസ്തനു വേണ്ടി അടുത്തക്കാലത്ത് അയാളുടെ കമ്പനി നടത്തിയ മരുന്ന് പരീക്ഷണങ്ങളില്‍ ജീവന്‍ നഷ്ടമാകാന്‍ പോകുന്ന യുവതിക്ക് എതിരെ വാദിച്ചു അവിശ്വസനീയമായ വിജയം നേടിയിരുന്നു കോടതിയില്‍.അത് കൊണ്ട് തന്നെ ഈ കേസ് ഹോ സുംഗിനെ ഏല്‍പ്പിക്കുന്നു.


   ജുംഗ് ഹ്വാന്റെ കാമുകി ആണെന്ന് പറഞ്ഞ യുവതിയും അയാളുമായും ഉള്ള ബന്ധം ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം.മൃതദേഹം അപ്രത്യക്ഷം ആയതു കൊണ്ട് തന്നെ പോലീസ് അന്വേഷണവും എങ്ങും എത്തുന്നില്ല.തന്‍റെ കക്ഷിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉള്ള വഴികള്‍ കണ്ടു പിടിക്കുക ഹോ സുംഗിനു എളുപ്പം ആയിരുന്നു.എന്നാല്‍ ഹോ സുംഗ് വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.കേസ് അത്ര എളുപ്പം അല്ലായിരുന്നു.മൃതദേഹത്തിന്റെ തിരോധനത്തോട്‌ അനുബന്ധിച്ച്  ധാരാളം കുരുക്കുകള്‍ അഴിക്കാന്‍ ഉണ്ടായിരുന്നു.ആഴിയും തോറും മുറുകുന്ന കുരുക്കുകള്‍.

  ഹോ സുംഗിന്റെ ജൂനിയര്‍ ആയി നിയമ ബിരുദം ചെയ്ത ജിന്‍ സുന്‍ മി പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ആയി വന്നതോടെ കഴിവുകള്‍ തമ്മില്‍ ഉള്ള മത്സരം കൂടി ആയി മാറി ആ കേസ്.രണ്ടു അഭിഭാഷകരും വിജയത്തിനായി ശ്രമിക്കുന്നു.എന്നാല്‍ അവരെ കാത്തിരുന്ന ദുരൂഹത എന്താണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വളരെ ചടുലമായി പോകുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.ഒപ്പം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ത്രില്ലര്‍ കൂടി ആയി മാറുമ്പോള്‍ കൊറിയന്‍ സിനിമകളില്‍ ഇഷ്ടപ്പെടാവുന്ന ഒരു ക്രൈം/ത്രില്ലര്‍ ആയി മാറുന്നു The Advocate:A missing Body.

754.LUCID DREAM(KOREAN,2017)

754.LUCID DREAM(KOREAN,2017),|Thriller|Crime|Sci-Fi|,Dir:-Kim Joon-Sung,*ing:-Ho-jin Chun, Soo Go, Suk-ho Jun.

    "Lucid Dream" ഡച്ച്‌ മനശാസ്ത്രജ്ഞന്‍ ആയ "ഫ്രെദ്രിക് വാന്‍", ' A Study of Dreams' എന്ന ലേഖനത്തില്‍ ആണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.അരിസ്റ്റോട്ടില്‍ മുതല്‍ പലരും വളരെ പണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.ബുദ്ധ മതത്തിലും ഇതിനെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു.യോഗ നിദ്രയിലൂടെ ഇന്ത്യയിലും ഈ പ്രതിഭാസത്തെക്കുറിച്ച് സൂചനകള്‍ ഉണ്ടായിട്ടുണ്ട്.(Source:Wiki).ഈ പ്രക്രിയയില്‍ സ്വപ്നം കാണുന്ന ആള്‍ ചില സംഭവങ്ങളില്‍ കഥാപാത്രങ്ങള്‍,സ്ഥലങ്ങള്‍ എന്നിവയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമത്രേ!!പലപ്പോഴും നമ്മള്‍ സാധാരണ കാണുന്ന സ്വപ്നങ്ങളില്‍ നിയന്ത്രണം ഉണ്ടാവുകയില്ലെങ്കിലും Lucid Dreams ല്‍ ഈ നിയന്ത്രണം സ്വപ്നം കാണുന്ന ആള്‍ക്ക് ഉണ്ടാകും.

  കൊറിയന്‍ കുറ്റാന്വേഷണ സിനിമ ആയ Lucid Dream ഇത്തരം ഒരു പ്രതിഭാസതിന്റെ അകമ്പടിയോടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.മൂന്നു വര്‍ഷങ്ങള്‍ക്കു തന്‍റെ കണ്‍ മുന്നില്‍ വച്ച് കാണാതായ സ്വന്തം മകനെ കണ്ടെത്താന്‍ ഡേ ഹോ എന്ന പത്രപ്രവര്‍ത്തകന്‍ തന്നാലാകും വിധം ശ്രമിച്ചു.എന്നാല്‍ തന്‍റെ ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് പോലും മനസ്സിലാകാതെ അയാള്‍ നിരാശയിലേക്ക് ആണ്ടു പോവുകയാണ് ഉണ്ടായത്.കുട്ടിയെ കാണാതായ സ്ഥലത്ത് വച്ച് അയാളെ ആരോ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയില്‍ ആക്കിയിരുന്നു.ഒരിക്കലും തട്ടി കൊണ്ട് പോയവര്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലവും അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചതും ഇല്ല.സ്വന്തം മകന്‍ മരിച്ചോ അതോ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിയാതെ അയാള്‍ കുഴങ്ങിയ സമയത്താണ് അയാള്‍ Lucid Dream നെ കുറിച്ച് അറിയുന്നത്.

   പരിചയക്കാരിയായ ഡോക്റ്റര്‍ സോ-ഹ്യൂന്റെ സഹായം അയാള്‍ അഭ്യര്‍ത്ഥിക്കുന്നു.ഇന്റര്‍നെറ്റില്‍ നിന്നും ഈ പ്രക്രിയയെ കുറിച്ച് അറിഞ്ഞ ഡേ ഹോ അവസാന ശ്രമം എന്ന നിലയില്‍ Lucid Dream ല്‍ വിശ്വാസം കാണിക്കുന്നു.എന്നാല്‍ ഇതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് അധികം ഉറപ്പു ഇല്ലാതിരുന്ന സോ-ഹ്യൂ മനസ്സിലാമാനസ്സോടെ അവരുടെ അറിവില്‍ ഉള്ള അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവാനാക്കി കൊണ്ട് തന്നെ ഡേ ഹോയുടെ ശ്രമങ്ങള്‍ക്ക് സഹായം ചെയ്യാന്‍ തീരുമാനിക്കുന്നു.

  ഇതേ സമയം പോലീസും ആ കേസ് പതുക്കെ മറന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.ഒരു വിധം ആത്മ വിശ്വാസം നഷ്ടപ്പെട്ട പോലെ.എന്നാല്‍ ഡേ ഹോയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ ബാംഗ് സബ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായി.പിന്നീട് Lucid Dream ലൂടെ അവര്‍ അന്നത്തെ സംഭവങ്ങളിലെ ദുരൂഹതകളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നു.ഡേ ഹോയുടെ മകന് എന്താണ് സംഭവിച്ചത്?എന്ത് കൊണ്ടാണ് ആ തിരോധാനത്തിനു ശേഷം ആരും അയാളെ ബന്ധപ്പെടാതെ ഇരുന്നത്?ബാക്കി അറിയാന്‍ ചിത്രം കാണുക.


  യാഥാര്‍ത്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു പ്രക്രിയ ആണ് Lucid Dreaming .എന്നാല്‍ വിദഗ്ധമായി ഈ ചിത്രത്തിന് ആവശ്യമായ രീതിയില്‍ നിഗൂഡതകള്‍ ഒക്കെ ഒളിപ്പിച്ചു കൊണ്ട് ആണ് കിം ജൂന്‍ തന്‍റെ പ്രഥമ സംവിധാന സംരംഭത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളുടെ സ്ഥിരം മുഖമുദ്ര ആയ ട്വിസ്റ്റുകള്‍ ഈ ചിത്രത്തിലും അന്യമല്ല.കഥയുടെ രീതി തന്നെ ഒരു പക്ഷെ പ്രേക്ഷകന്‍ മനസ്സില്‍ വിചാരിക്കുന്ന കഥയില്‍ നിന്നും മാറുന്നുണ്ട്.കൊറിയന്‍ ത്രില്ലര്‍ സിനിമ ആരാധകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത ഉള്ള ഒരു കുറ്റാന്വേഷണ കഥയാണ് ചടുലമായി അവതരിപ്പിച്ച ഈ Sci-Fi ചിത്രത്തില്‍ ഉള്ളത്.


More movie suggestions @www.movieholicviews.blogspot.ca

Thursday, 29 June 2017

753.VILLAGE OF NO RETURN(MANDARIN,2017)




753.VILLAGE OF NO RETURN(MANDARIN,2017),|Fantasy|Mystery|,Dir:-Yu-Hsun Chen,*ing:-Qi Shu, Qianyuan Wang, Hsiao-chuan Chang


 ഫാന്റസി ചിത്രങ്ങൾ മികച്ചതാകുന്നത് അതു സൃഷ്ടിക്കുന്ന മായിക ലോകത്തിൽ യാഥാർഥ്യങ്ങൾക്കു അപ്പുറം ഉള്ള  കാഴ്ചകൾ പ്രേക്ഷകനിൽ ആസ്വാദ്യകരമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ്.മുത്തശി കഥകൾക്ക് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടും ക്ഷാമം ഇല്ലാത്തതായിരുന്നു ഇത്തരം കഥകൾ.പ്രത്യേകിച്ചും ഇതിഹാസ പുരാണങ്ങൾ സംസ്ക്കാരവും ആയി ബന്ധിക്കപ്പെട്ട ജനങ്ങളുടെ ഇടയിൽ കേട്ടറിഞ്ഞ് പഴകിയ കഥകൾ പിന്നീട് വെറും കഥകൾക്കും അപ്പുറം ആചാരങ്ങൾ പോലും ആയി മാറിയിട്ടും ഉണ്ട്.ഇത്തരം കഥകളുടെ പ്രത്യേകതയും അതാണ്.അവ ജനങ്ങളിൽ നിർമിക്കുന്ന നന്മ-തിന്മകളുടെ വിവേചന ബുദ്ധി.

    "Village Of No Return" എന്ന തായ്‌വാൻ ചിത്രം മേൽപ്പറഞ്ഞ രീതിയിൽ നിർമിച്ച ഒന്നാണ്.യാഥാർഥ്യങ്ങൾക്കും അപ്പുറം ഉള്ള ഒരു മായിക ലോകവും അവിടെ നടക്കുന്ന ചില സംഭവങ്ങളും ബ്ളാക് ഹ്യൂമറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും ആ ഗ്രാമത്തിൽ പുതുതായി വരാൻ പോകുന്ന ട്രെയിനുകൾ പ്രതീക്ഷിച്ചു ഇരിക്കുന്ന ഗ്രാമ തലവൻ.ആദ്യമായി ആ ഗ്രാമത്തിൽ എത്തിപ്പെട്ടത് കൊണ്ടു മാത്രം ആണ് അയാൾ ആ പദവിയിൽ എത്തിയത്.

  ക്വീങ് സാമ്രാജ്യത്തിന്റെ അവസാനം ചൈനീസ് റിപബ്ലിക് സ്ഥാപിതം ആകുന്ന കാലഘട്ടം.സ്വപ്നങ്ങളുടെ ആ ഗ്രാമത്തിൽ നിധി ശേഖരം ഉണ്ടെന്ന ധാരണയിൽ ഒരു പൗര മുഖ്യൻ അവിടം തന്റെ നിയന്ത്രണത്തിൽ ആക്കാൻ ശ്രമിക്കുന്നു.അതിനായി അയാൾ കണ്ടെത്തിയത് ആ ഗ്രാമത്തിലെ ബിഗ് പൈ എന്ന ഒറ്റുകാരനെ ആയിരുന്നു.തന്റെ കൃത്യ നിർവഹണത്തിനു ശേഷം നഗരത്തിൽ ജീവിക്കാൻ ഉള്ള അവസരം ആയിരുന്നു അതിനു അയാളെ പ്രേരിപ്പിച്ചത്.


     തിരികെ ഗ്രാമത്തിൽ അയാൾ എത്തി ചേരുമ്പോൾ ട്രെയിൻ അങ്ങോട്ടു വരുന്നു എന്ന് ഉള്ള വാർത്തയും ആയി പോകുന്ന സന്ദേശ വാഹകൻ ആണ് അയാളെ വരവേറ്റത്.ഗ്രാമം ആഘോഷ തിമിർപ്പിൽ ആകുന്നു.എന്നാൽ അന്ന് രാത്രി ബിഗ് പൈ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.ആകെ ആശയകുഴപ്പത്തില്‍ ആയ ഗ്രാമവാസികള്‍ അയാളുടെ ഭാര്യയെ സംശയിക്കുന്നു.ആ  സമയം  ആണ് തന്‍റെ കയ്യില്‍ മനുഷ്യന്റെ ദുഃഖങ്ങള്‍ മാറ്റാന്‍ കഴിവുള്ള ഒരു യന്ത്രം ഉണ്ടെന്നു പറഞ്ഞു കൊണ്ട് ഒരാള്‍ വരുന്നത്.

  ചിത്രത്തിന്റെ ഫാന്റസി എന്ന ഭാഗം ഇവിടെ ആരംഭിക്കും.മനുഷ്യന്റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള യന്ത്രങ്ങള്‍,ഒരു പക്ഷേ കൂടുതല്‍ ഉപയോഗം വരുക രാഷ്ട്രീയത്തില്‍ ആയിരിക്കും.മറവികള്‍ ആണ് പലപ്പോഴും അനുഗ്രഹം ആയി തീരുകയും ചെയ്യുന്നത്."Brain Washing" ഒരു ചെറിയ കൂട്ടം ജനങ്ങളില്‍ വരുത്തുന്ന മാറ്റം ഒരു പക്ഷെ അവരുടെ സ്വത്വ ബോധത്തെ പോലും ചോദ്യം ചെയ്യാം.അതിനൊപ്പം വീര സാഹസിക നായകന്‍ ആയി സ്വയം അവരോധിക്കുന്ന ഭരണാധികാരി കൂടി ആകുമ്പോള്‍ ?ഈ ചിത്രത്തിലും സമാനമായ സന്ദര്‍ഭങ്ങള്‍ ഒരു മുത്തശി കഥ പോലെ അവതരിപ്പിച്ചിരിക്കുന്നു.ഇനി ചിത്രം അവശേഷിപ്പിക്കുന്നത് കുറച്ചു ചോദ്യങ്ങള്‍ ആണ്. അന്ന് രാത്രി വന്ന ആള്‍ ആയിരുന്നു?എന്തായിരുന്നു അയാളുടെ ലക്‌ഷ്യം?അവിടെ എന്താണ് സംഭവിക്കുന്നത്‌? ഈഈ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം ആണ് ബാക്കി ചിത്രം.

  സ്വപ്നം കണ്ടു ജീവിക്കുന്ന കുറെ മനുഷ്യര്‍,സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ .ഒരു ശരാശരി സമൂഹത്തിലെ എല്ലാ സാമ്പിളും ഈ മണ്ടാരിന്‍ ഭാഷയില്‍ ഉള്ള ചിത്രത്തില്‍ കാണാന്‍ സാധിക്കും.ചിത്രം അവതരിപ്പിച്ചിരിക്കുന്ന രീതി അഭിനന്ദനീയം ആണ്.പ്രത്യേകിച്ചും ബ്ലാക്ക് ഹ്യൂമര്‍ ഉപയോഗിച്ചിരിക്കുന്ന വിധം.ഉദാഹരണം പറഞ്ഞാല്‍,ചിത്രത്തിലെ രണ്ടു ആത്മഹത്യ ശ്രമങ്ങള്‍.ശരിക്കും മറ്റൊരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ ആ മൂഡ്‌ തന്നെ വേറെ ആയേനെ.എന്നാല്‍ അത് ഉപയോഗിച്ച വിധം രസകരം ആയിരുന്നു.എടുത്തു പറയേണ്ടത് സിനിമയുടെ ഫ്രെയിമുകള്‍ ആണ്.ദൃശ്യ ഭംഗി അതി വിദഗ്ധമായി ഒപ്പിയെടുത്തിരിക്കുന്നു.ഗ്രാമത്തിന്റെ സൗന്ദര്യം,ഒരു പക്ഷെ ആ രംഗങ്ങള്‍ കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ ആയിരുന്നു.

   ഏഷ്യന്‍ സിനിമകളിലെ ചില സ്ഥിരം കാഴ്ചകള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും ഫാന്ടസിയില്‍ തീര്‍ത്ത നിഗൂഡതകള്‍ ഏറെ ഉള്ള ചിത്രം ആണ് Village of No Return.തീരെ മുഷിപ്പിക്കാത്ത നല്ലൊരു ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

Wednesday, 28 June 2017

752.BOY MISSING(SPANISH,2016)

752.BOY MISSING(SPANISH,2016),|Thriller|Crime|,Dir:-Mar Targarona,*ing:-Blanca Portillo, Antonio Dechent, Vicente Romero.


ലോകത്തു ഏറ്റവും അധികം "Compromise" വേണ്ടി വരുന്ന ഉത്തരവാദിത്തം ആകും അമ്മമാർക്ക് ഉള്ളത്.ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചാണെങ്കിലും ഭൂരിഭാഗം അമ്മമാരും തങ്ങളുടെ ശരീരത്തിന്റെ ഭാഗമായിരുന്നതും പിന്നീട് വേർപ്പെട്ടതും ആയ 'ജീവനോട്' ഒരു പ്രത്യേക മമത എന്നും കാണിക്കുന്നുണ്ടായിരുന്നിരിക്കും.

  പട്രീഷ്യ എന്ന പ്രശസ്തയായ അഭിഭാഷകയും തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത് അവരുടെ മകനാണ്.ഒരു ദിവസം ആക്രമിക്കപ്പെട്ട നിലയിൽ ഒരു തരം മരവിപ്പോടെ വഴിയിൽ അലഞ്ഞു നടന്ന ബാലനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവൻ ആരാണ് എന്നോ എന്താണ് അവനു സംഭവിച്ചത് എന്നോ പൊലീസിന് മനസ്സിലാകുന്നില്ല.

   സംസാരിക്കാൻ വിമുഖത കാണിച്ച അവനെ കുറിച്ചുള്ള വിവരങ്ങൾ തേടി എടുത്തപ്പോൾ ആണ് പട്രീഷ്യയുടെ മകൻ ആയ വിക്റ്റർ ആണത് എന്നു മനസ്സിലാക്കുന്നത്.തനിക്ക് സംഭവിച്ച അപകടം അവനെ ഭയപ്പെടുത്തിയിരുന്നു.പട്രീഷ്യ എത്തിയപ്പോൾ ആണ് അവൻ ജന്മനാ സംസാര ശേഷി നഷ്ടപ്പെട്ട കുട്ടി ആണെന്ന് പൊലീസിന് മനസ്സിലാകുന്നത്.

  തനിക്കെന്തു സംഭവിച്ചൂ എന്നു അവൻ അമ്മയുടെ മുന്നിൽ വച്ചു ആംഗ്യ ഭാഷയിൽ പറയുന്നു.സ്ക്കൂളിൽ വച്ചു അജ്ഞാതൻ ആയ ഒരാൾ അവനെ തട്ടിക്കൊണ്ടു പോയി എന്നും അയാളിൽ നിന്നും രക്ഷപ്പെട്ടു പോയ അവനെ ആരോ അവിടെ എത്തിച്ചൂ എന്നും ആയിരുന്നു അത്.

  കുറ്റവാളിയുടെ രൂപരേഖ അവന്റെ നിർദേശപ്രകാരം വരച്ചെടുത്ത പോലീസിന് മുൻകുറ്റവാളി ആയ ചാർളിയും ആയാണ് സാദൃശ്യം തോന്നിയത്.ചാർളി അറസ്റ്റിൽ ആകുന്നു..

**************************************

ഡ്രാമ വിഭാഗത്തിൽ പെടുത്താം എന്നു കരുതിയിരുന്ന ഒരു ചിത്രം മുൻ പറഞ്ഞ പോയിന്റിൽ നിന്നും വളരെ പെട്ടന്ന് മാറുന്നു.അപ്രതീക്ഷിതം ആയിരുന്നു പിന്നീട് കഥാഗതിയിൽ ഉണ്ടായ വഴിത്തിരിവുകൾ.ഇനി ഒരു ചെയിൻ റിയാക്ഷൻ പോലെ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും പുതുതായി വരുന്ന വഴിത്തിരിവുകൾ ചിത്രത്തെ വളരെ നല്ല വേഗതയിലേക്ക് മാറ്റുന്നു.

  വിക്റ്ററിന് സംഭവിച്ചതെന്ത് എന്നുള്ള പ്രേക്ഷകന്റെ ആകാംക്ഷയുടെ ഒപ്പം ഉയർന്നു വരുന്ന ചോദ്യങ്ങൾ അനേകം ആണ്.പ്രത്യേകിച്ചും പ്രത്യേകതകൾ ഇല്ലാത്ത ഒരു കഥയിൽ വിദഗ്ധമായി അവതരിപ്പിക്കപ്പെട്ട ട്വിസ്റ്റുകൾ!!

ഒരു പക്ഷെ കഥാപാത്രങ്ങൾക്കും അപ്പുറം പോയ കഥാഗതി.ത്രില്ലർ ചിത്രങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഉള്ള എല്ലാ ചേരുവകകളും ഉൾപ്പെടുത്തി ഉള്ള ഈ ചിത്രം പ്രേക്ഷകനെ നിരാശരാക്കില്ല..

More movie suggestions @www.movieholicviews.blogspot.ca

751.GET OUT(ENGLISH,2017)


751.GET OUT(ENGLISH,2017),|Crime|Horror|Mystery|,Dir:-Jordan Peele,*ing:-Daniel Kaluuya, Allison Williams, Bradley Whitford



   "കറുപ്പിന് ഏഴഴക് ആണ്. മോൻ/മോൾ വിഷമിക്കാതെ".ഇരുണ്ട നിറമുള്ള ഓരോ മലയാളിയും കുട്ടിക്കാലത്ത് തന്റെ നിറത്തെ ആളുകൾ പരിഹസിക്കുമ്പോൾ പ്രിയപ്പെട്ടവർ പറയുന്ന 'ആശ്വാസ വചനം' ആകുമിത്.എന്നാൽ "ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണ്" എന്നു മറുപടി നൽകുന്ന സമൂഹമാണ് അന്നുമിന്നും ഉള്ളത്.

  എക്കാലവും കറുപ്പിന് അതിന്റെതായ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.നെൽസൻ മണ്ടേല,മാർട്ടിൻ ലൂഥർ കിംഗ്‌ ജൂനിയർ തുടങ്ങിയ പലരും തങ്ങളെ പ്രതിധാനം ചെയ്യുന്ന ജനതയുടെ ശബ്ദം ആയി മാറിയത് ചരിത്രം.എന്നാൽ 'ആദി ദ്രാവിഡ സംസ്ക്കാരം' ചർച്ചയായ തമിഴ്നാട്ടിൽ കറുപ്പു നിറത്തിന് ആ വാദങ്ങളിൽ ഒരു സ്ഥാനം നേടാനുമായി.രാഷ്ട്രീയവും സിനിമയും ഇഴചേരുന്ന ആ സമൂഹത്തിൽ കറുപ്പിന് തനതായ വില നൽകുകയും ചെയ്തു."സൂപ്പർ സ്റ്റാർ","കറുപ്പു എം ജി ആർ" എന്നു വിശേഷണം സ്വയം ചാർത്തിയ വിജയകാന്ത് എന്നിവരെല്ലാം ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതു ആണ്.അതിലേക്കു കൂടുതൽ കടക്കുന്നില്ല.

  എന്നാൽ അതിനുമപ്പുറം ഉള്ള ലോകത്തിൽ പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിൽ സാമൂഹികമായ അന്തരം വർണത്തെ ആശ്രയിച്ച് നിലനിന്നിരുന്നു ഒരു കാലത്തു.ചരിത്രം എന്നാൽ അതിനെല്ലാം പലപ്പോഴായി മറുപടി നൽകുകയും ചെയ്തു.വർണ വിവേചനം ഇന്ന് പല രാജ്യങ്ങളിലും വലിയ കുറ്റങ്ങളിൽ ഒന്നാണ്.എന്നാൽ തലമുറകളായി പിന്തുടരുന്ന ഒന്നുണ്ട്.സായിപ്പിന്റെ കണ്ണിൽ എന്നും "ബ്രൗണ്" ആയ ഏഷ്യൻ വംശജർ,"ബ്ളാക്ക്" ആയ ആഫ്രിക്കൻ വംശജർ.

  വംശീയാധിക്ഷേപ/വിവേചനം അപരിഷ്കൃതവും,വിദ്യാഭ്യാസ-ലോക പരിചയം എന്നിവയുടെ അഭാവം മൂലം ആണെന്നുള്ള ചിന്താഗതി കാലങ്ങളായി ഉണ്ടായ മാറ്റങ്ങളിലൂടെ ഭൂരി ഭാഗം ആളുകളെയും അതിൽ നിന്നും പിന്തിരിപ്പിച്ചൂ.എന്നാൽ സമൂഹം അത്തരം വിവേചനങ്ങളിൽ നിന്നും മോചിതരായോ?"Get Out" എന്ന ഇംഗ്ലീഷ് ചിത്രം ചർച്ച ചെയ്യുന്നത് ഇത്തരം ഒരു പ്രമേയമാണ്.

    റോസ് അത്തവണ നഗരത്തിൽ നിന്നും വീട്ടിലേക്കു പോകുമ്പോൾ ഒരു പ്രത്യേകതയുണ്ട്.കറുത്ത വർഗ്ഗക്കാരൻ ആയ അവളും കാമുകൻ ക്രിസ് ,റോസിന്റെ കുടുംബത്തെ പരിചയപ്പെടാൻ യാത്ര തിരിക്കുന്നു.തന്നെ റോസിന്റെ കുടുംബം എങ്ങനെ സ്വീകരിക്കും എന്ന ക്രിസിന്റെ സംശയങ്ങൾ തെറ്റാണെന്ന് തെളിയിച്ചു കൊണ്ടാണ് റോസിന്റെ പിതാവും ന്യൂറ സർജനുമായ ഡീൻ,സൈക്കാട്രിസ്റ്റ് ആയ 'അമ്മ മിസി,സഹോദരൻ ജെറമി എന്നിവർ അയാളോട് പെരുമാറിയത്.അവിടെ ജോലിക്കാരായി നിൽക്കുന്നവർ രണ്ടു  പേരും കറുത്ത വർഗക്കാർ ആണെന്ന വസ്തുത ചൂണ്ടിക്കാട്ടി അവരെല്ലാം വിശ്വസിക്കാവുന്നവർ ആണെന്നായിരുന്നു അവരുടെ നിലപാട്.

  ഊഷ്മളമായ വരവേൽപ്പിനിടയിലും എന്തൊക്കെയോ ദുരൂഹത ആ വീടിനെ ചുറ്റിപ്പറ്റി ക്രിസിന് തോന്നിയിരുന്നു.എന്നാൽ റോസ് അതെല്ലാം അയാളുടെ തോന്നലുകൾ ആണെന്നും തന്റെ കുടുംബക്കാർ എല്ലാം ഒത്തു ചേരുന്ന ദിവസം ക്രിസിനെ എല്ലാവർക്കും പരിചയപ്പെടുത്താം എന്നും പറയുന്നു.അവസാനം ആ ദിവസം വന്നെത്തി...ക്രിസിന്റെ ജീവിതത്തിലെ അപ്രതീക്ഷിതം ആയ ദിവസം!!

   അയാളെ കാത്തിരുന്നത് അയാളുടെ മോശം സ്വപ്നങ്ങളിൽ പോലും കാണാത്ത സംഭവങ്ങൾ ആയിരുന്നു.ഊഹിക്കാവുന്നതിനുപ്പുറം ദുരൂഹത നിറഞ്ഞ സംഭവങ്ങൾ.പ്രമേയപരമായ ഭീകരത ചിത്രത്തെ ഹൊറർ ഴോൻറെയിൽ ഉള്ള ഒന്നാക്കി മാറ്റിയെങ്കിലും മനുഷ്യരാശിക്ക് തന്നെ അതിന്റെ നാൾ വഴികളിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണ് അവിടെ അരങ്ങേറിയത്.മാനസികമായി ഒരാളെ തളർത്തി അയാളെ അപർഷകത ബോധത്തിന് അടിമയാക്കുന്നതിലും തീവ്രത ഉള്ള കുറ്റകൃത്യം. "Mississippi Burning" പോലെ ഉള്ള ചിത്രങ്ങൾ യഥാർത്ഥ സംഭവ വികാസങ്ങളെ അവതരിപ്പിച്ചപ്പോൾ ഫിക്ഷന്റെ  സഹായത്തോടെ ഭീകരമായ ഒരു പ്രമേയം ആണ് ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്.

ഒരു പക്ഷേ വിവരണത്തെക്കാൾ അധികം പ്രേക്ഷകന്റെ കാഴ്ച പതിയേണ്ട ഭാഗങ്ങൾ ആണെന്നതിനാൽ ബാക്കി സിനിമ കാണുക.ഈ ചിത്രം തീർച്ചയായും ഭയപ്പെടുത്തും രക്തം വാർന്നൊലിക്കുന്ന രംഗങ്ങൾ,അപ്രതീക്ഷിതമായ ചലനങ്ങൾ തുടങ്ങിയ സ്ഥിരം ഗിമിക്കുകളിൽ കൂടി അല്ലാതെ പ്രമേയപരമായ ഭീകരതയിലൂടെ.

   ചെറിയ ബഡ്ജറ്റിൽ അവതരിപ്പിക്കുകയും ലോകമെമ്പാടും ഉള്ള പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം പ്രമേയം കൊണ്ടു തന്നെ സംസാര വിഷയം ആയി മാറി.ഒരു പക്ഷെ മനുഷ്യ മനസ്സിൽ തലമുറകളായി പകർന്നു നൽകുകയും എന്നാൽ ഉള്ളിന്റെയുള്ളിൽ പുറത്തു വരാൻ വെമ്പുന്ന ഭീകര സ്വത്വം മനുഷ്യരാശിയുടെ എല്ലാ പുരോഗതിയെയും പരിഹസിച്ചു കൊണ്ടു നിൽക്കുന്നു എന്ന സത്യം അവശേഷിക്കുന്നു ചിത്രം അവസാനിക്കുമ്പോഴും!!

More movie suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)