Monday, 12 February 2024

1774. Lover, Stalker, Killer (English, 2024)



1774. Lover, Stalker, Killer (English, 2024)

         Crime Documentary

        Streaming on Netflix



⭐⭐⭐½ /5


ഒരു ക്രൈം ഡോക്യൂമെന്ററി എന്ന നിലയിൽ കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ട്വിസ്റ്റും, പിന്നെ ഇതെങ്ങോട്ടേക്കാ പോകുന്നത് എന്ന് സ്വയം ചോദിക്കുന്ന രീതിയിൽ ത്രില്ലും മിസ്റ്ററിയും എല്ലാം ഉള്ള ത്രികോണ പ്രണയ കഥ ആയി മാറുകയാണ് Lover, Stalker, Killer. ഇതിലെ പ്രണയം എന്നൊക്കെ പറഞ്ഞാൽ പെർഫെക്റ്റ് ക്രൈം സെറ്റപ്പിലേക്കു മാറുകയാണ് . പെർഫെക്റ്റ് ക്രൈം ആണെന്ന് വിചാരിക്കുമെങ്കിലും ഉപേക്ഷിക്കപ്പെട്ട രീതിയിൽ കിട്ടുന്ന കുറച്ചു തെളിവുകൾ, അത് എന്താണെന്ന് മനസ്സിലാക്കാൻ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവ് ഒക്കെ ഇതിൽ പ്രധാനം ആണ്.


ഡേറ്റിങ് സൈറ്റുകളിൽ നിന്നും നിഗൂഢമായ മനസ്സിന്റെ അറിയപ്പെടാത്ത ഭ്രാന്തൻ ചിന്തകളിലേക്ക് പോകുമ്പോൾ അതൊരു സിനിമ ആണെങ്കിൽ നമ്മൾ ത്രില്ലോടെ കണ്ടിരുന്നേനെ. എന്നാൽ ഇവിടെ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവം ആണ് .ഡേവ് കോർപ എന്ന മെക്കാനിക്ക് അയാളുടെ ആദ്യ ഭാര്യയും ആയി പിരിഞ്ഞതിനു ശേഷം ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട രണ്ടു സ്ത്രീകളും ആയി പ്രണയത്തിൽ ആകുന്നു. മറ്റൊരു ദീർഘ കാല ബന്ധത്തിന് താൽപ്പര്യം ഇല്ലാതിരുന്ന ഡേവിനോട് കാരി അത്തരം ഒരു ബന്ധത്തിന് നിർബന്ധിക്കുന്നു. എന്നാൽ ഇതിനു സമ്മതം ഇല്ലാതിരുന്ന ഡേവിന് പിന്നീട് അനുഭവിക്കേണ്ടി വന്നത്, അതയാളെ എത്ര മാത്രം ബാധിക്കുന്ന എന്നതൊക്കെ ആണ് കഥയുടെ ചുരുക്കം.


 വെറും പൈങ്കിളി ആണെന്ന് തോന്നാം. പക്ഷെ മനുഷ്യ മനസ്സു ചിന്തിച്ചു വച്ചിരിക്കുന്ന ഭ്രാന്തിന്റെ, പോസസീവനസ്സിന്റെ തലങ്ങൾ ഉണ്ട്. അതാണിവിടെ ത്രില്ലും മിസ്റ്ററിയും ആയി മാറുന്നത്.കണ്ടു നോക്കൂ. നഷ്ടം ആകില്ല. ഏതൊരു മിസ്റ്ററി ത്രില്ലർ സിനിമ പോലെ ആണ് ഈ ഡോക്യുമെന്ററിയും അവതരിപ്പിച്ചിരിക്കുന്നത്. നഷ്ടം ആകില്ല സമയം.



Friday, 9 February 2024

1773. Frozen Lake /Der Tote am Teich (German, 2015)




1773. Frozen Lake /Der Tote am Teich (German, 2015)

        Mystery

        Streaming on Tubi TV/ Amazon Prime



⭐⭐⭐½ /5


 തണുത്തുറുത്ത താടാകത്തിൽ ആണ് മുൻ പോലീസ് ഉദ്യോഗസ്ഥനായ സെപ്പ് ആ മൃതദേഹം കണ്ടെത്തിയത്. കേർലിംഗ് സ്റ്റോൺ കൊണ്ട് തലയ്ക്കടിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിൽ ഈ കേസ് അന്വേഷിക്കാൻ ആയി ഗ്രെട്ട് , ലിസ എന്നീ ഓഫീസർമാർ ആണെത്തിയത്. പിന്നീട്, കൊല ചെയ്യപ്പെട്ടത് അവിടെ വിനോദ സഞ്ചാരി ആയി വന്ന ആൾ ആണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഒരു കൊലപാതകം നടന്നതിന്റെ ഗൗരവം ഒന്നും ആ ഗ്രാമത്തിൽ ഉള്ളവർക്ക് ഉണ്ടായിരുന്നില്ല.കേസ് അന്വേഷണം മുറുകുമ്പോൾ സെപ്പിന്റെ കുടുംബക്കാരും അറിയാവുന്നവരും ആണ് കേസിൽ ഓരോ ഘട്ടത്തിലും അതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. എന്തായാലും സെപ്പ് അയാളുടേതായ അന്വേഷണത്തിന് ഇറങ്ങുന്നു.


 ഓസ്ട്രിയൻ ചിത്രമായ Frozen Lake ന്റെ കഥാ സന്ദർഭം ഇതാണ്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അതത്ര വലിയ ട്വിസ്റ്റ് അല്ലെങ്കിൽ പോലും പ്രേക്ഷകന് അത് വരെ ആ ഗ്രാമത്തിൽ ഉള്ളവരുടെ സ്വഭാവം വച്ച് മെനഞ്ഞെടുത്ത മുൻവിധികൾ ഉണ്ടാകും അതിനോട് ചേർന്ന് പോവുകയും മൊത്തത്തിൽ തൃപ്തി തരുകയും ചെയ്യുന്നുണ്ട് Frozen Lake. അതിനു പ്രധാന കാരണം സിനിമ അവതരിപ്പിച്ചിരിക്കുന്ന സ്ഥലം ആണ്. ശൈത്യ കാലത്തിലെ ഒരു ഓസ്ട്രിയൻ ഗ്രാമം. അതിന്റേതായ ഭംഗി ഉള്ളത് പോലെ തന്നെ സ്വഭാവത്തിൽ വൈചിത്ര്യം തോന്നിക്കുന്ന കുറേ ആളുകളും.


വളരെ ചെറിയ ഒരു ടി വി മൂവി ആണ്. ഏകദേശം ഒന്നര മണിക്കൂറിൽ തീരുന്ന ഒന്ന്. ഡൗൺലോഡ് ലിങ്ക് എവിടെയും കണ്ടില്ല. ചിത്രം Tubi TV യിലും Amazon Prime ളും ലഭ്യമാണ്.


ലിങ്കുകൾ താഴെ കാണാം.





Tubi Link : https://tubitv.com/movies/683372/frozen-lake-subbed


Amazon Prime Link: https://www.primevideo.com/dp/amzn1.dv.gti.afbdfa94-56d5-4769-8458-e7ccd886b204?autoplay=0&ref_=atv_cf_strg_wb




1772. The Ghostwriter (English, 2010)




1772. The Ghostwriter (English, 2010)

          Thriller, Mystery




⭐⭐⭐⭐/5


   ചിലപ്പോഴൊക്കെ കാണണം എന്ന് കരുതി വച്ചിട്ട് എന്തൊക്കെയോ കാരണങ്ങൾ കാരണം കാണാൻ മറന്ന കിടിലം സിനിമകൾ എല്ലാവർക്കും ഉണ്ടാകുമല്ലോ? അങ്ങനെ ഉള്ള കുറേ സിനിമകളിൽ ഒന്നാണ് എനിക്ക് The Ghostwriter. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദം ലാങ്ങിന്റെ ഓർമക്കുറിപ്പുകൾ അദ്ദേഹം ആണ് എഴുതിയത് എന്ന രീതിയിൽ എഴുതാൻ വന്ന ആളാണ്‌ പേരില്ലാത്ത ഒരു പ്രേത എഴുത്തുകാരൻ. എന്നാൽ ആദമിന്റെ കഥയും ആയി മുന്നോട്ട് പോകുമ്പോൾ ആണ് അയാളുടെ കുടുംബ ജീവിതത്തിലും രാഷ്ട്രീയത്തിലും സൗഹൃദത്തിലും എല്ലാം ഉള്ള പ്രശ്നങ്ങൾ എഴുത്തുകാരൻ മനസിലാക്കുന്നത്.


ഇതിന്റെ ഇടയിൽ ആദമിന്റെ പേരിൽ ഭരിച്ചിരുന്ന മാളത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് കുറ്റാരോപണം കൂടി വരുന്നു. ഇവിടെ നിന്ന് കഥയുടെ ഗതി തന്നെ മാറുകയാണ്. അധികം ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്നു. പക്ഷെ ഇവിടെ പ്രേക്ഷകന്റെ കണ്മുന്നിൽ തന്നെ കഥയുടെ ഗതി മാറുകയാണ്. അത് ക്ലൈമാക്സ്‌ ആകുമ്പോൾ കഥയുടെ ഒരു പോക്കുണ്ട്. മികച്ചത് എന്ന് തന്നെ പറയണം. റോമൻ പൊളൻസ്കി മാജിക് എന്ന് തന്നെ പറയാം. സിനിമ കണ്ടു തന്നെ നോക്കേണ്ടതാണ് ഇതറിയാൻ.


 ബെറ്റർ ലേറ്റ് താൻ നെവർ എന്നാണല്ലോ പറയുന്നത്? വൈകി ആണെങ്കിലും The Ghostwriter കാണാൻ സാധിച്ചു. ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ മനസ്സും നിറച്ചു. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും കാണാൻ പോകുന്നത് എന്ന് കരുതിയിരുന്നിടത്തു അതിന്റെ അവസരം മാക്സിമം മുതലെടുത്തു അവസാനം മികച്ച, ഒരു പക്ഷെ പ്രതീക്ഷിക്കാത്ത ഒരു അവസാനവും.


 സിനിമ ഭൂരിഭാഗം ആളുകളും കണ്ടിരിക്കും. കാണാത്തവർക്ക് t.me/mhviews1 ൽ ലിങ്ക് ലഭ്യമാണ്.



Tuesday, 6 February 2024

1771. Premonition (Japanese, 2004)

1771. Premonition (Japanese, 2004)

        Horror, Fantasy

     



⭐⭐⭐½ /5


  ഒരു യാത്രയിൽ ആയിരുന്നു ഹിടേക്കി സടോമിയും കുടുംബവും. ഫോൺ ഉപയോഗിച്ച് ഡയൽ - അപ് കണക്ഷൻ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന കാലഘട്ടം. ജോലി സംബന്ധമായ ഒരു ഫയൽ അപ്‌ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോൺ ബൂത്തിൽ കയറിയ ഹിടേക്കി ആകസ്മികമായി അവിടെ ഒരു പത്ര കടലാസ് കാണുന്നു. അതിൽ അയാളുടെ മകൾ നാന കാർ ആക്സിഡന്റിൽ മരണപ്പെട്ട വാർത്ത ആണുണ്ടായിരുന്നത്. അയാൾ പെട്ടെന്ന് തന്നെ കാറിൽ ഇരുന്ന മകളുടെ അടുത്തേക്ക് പോകാൻ നോക്കിയെങ്കിലും ആ പത്ര കടലാസ്സിൽ എഴുതിയത് പോലെ തന്നെ സംഭവിച്ചു. വിചിത്രം. അല്ലെ?


 ആകാശിക് റെക്കോർഡ്സ് എന്ന് കേട്ടിട്ടുണ്ടോ? അനന്തതയിൽ എവിടെയോ സർവ ജീവജാലങ്ങളുടെയും ഭൂത- വർത്തമാന - ഭാവി കാലം എല്ലാം എഴുതി വച്ചിരിക്കുന്നതിനെ ആണ് ആകാശിക് റെക്കോർഡ്സ് എന്ന് പറയുന്നത്. തിയോസഫി എന്ന ഹൈന്ദവ - ബൗദ്ധ മതത്തിന്റെ സ്വാധീനത്താൽ ഉണ്ടായ മതത്തിലെ ഒരു ആശയം ആണത്. അതിൽ നിന്നും "ഭീകരതയുടെ പത്രം" എന്ന് വിളിക്കുന്നതിൽ ഉള്ള ഒരു പേജ് ആണ് ഹിടെക്കി കാണുന്നത്.


എന്നാൽ ആ സംഭവത്തിന്‌ ശേഷം ധാരാളം കാര്യങ്ങൾ അയാളുടെ ജീവിതത്തിൽ ഉണ്ടായി. അയാൾ പറഞ്ഞ പത്ര കടലാസ്സിനെ കുറിച്ച് വിശ്വസിക്കാൻ ആരും ഇല്ലായിരുന്നു താനും.എന്നാൽ അയാളുടെ ഭാര്യ അയാൾ പറഞ്ഞതിൽ എന്ത് മാത്രം സത്യം ഉണ്ടെന്നു അന്വേഷിക്കുന്നു. കഥ കൂടുതൽ സങ്കീർണം ആകുന്നതു ഇവിടെയാണ്‌. Premonition എന്ന പേരിൽ ഒരു ഇംഗ്ലീഷ് ചിത്രം കൂടി ഉണ്ട്. എന്നാൽ ഇതിലെ ചെറിയ ഒരു പ്രമേയം മാത്രം എടുത്തു വൈകാരികമായ ഒരു റൂട്ട് ആണ് ആ ചിത്രത്തിന് ഉള്ളത്. പക്ഷെ അവസാന ചില സ്ഥലങ്ങളിൽ The Butterfly Effect നോട് കൂടുതൽ സാമ്യം തോന്നി ഈ ചിത്രത്തിന്.


 Premonition ഒരു കൺസപ്റ്റിനെ ആധികാരമാക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. ഇത്തരം പ്രമേങ്ങൾ ഇഷ്ടം ഉള്ളവർക്ക് ഒരു കൗതുകത്തിന് വേണ്ടി കണ്ടു നോക്കാവുന്നതാണ്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

Monday, 5 February 2024

1770. Leave the World Behind (English, 2023)

1770. Leave the World Behind (English, 2023)

         Horror, Drama

         Streaming on Netflix




⭐⭐⭐½ /5


  സ്ഥിരം ഇംഗ്ലീഷ് സിനിമകളിൽ ഉള്ളത് പോലെ തന്നെയാണ് Leave the World Behind ന്റെയും തുടക്കം. ഒഴിവുക്കാലം ആഘോഷിക്കാനായി പോകുന്ന കുടുംബം തന്നെ. അവർ ഒരു വലിയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു. പിന്നീട് ബീച്ചിൽ അവർ പോയപ്പോൾ ഒരു വലിയ ഓയിൽ ടാങ്കർ കപ്പൽ കരയിലേക്ക് വന്നു നിൽക്കുന്നത് കാണുന്നു. പിന്നെയും ചില വിചിത്രമായ കാഴ്ചകൾ കാണുന്നു അവർ. അന്ന് രാത്രി അവർ വാടകയ്ക്ക് താമസിക്കാൻ എടുത്ത വീടിന്റെ ഉടമയും അയാളുടെ മകളും അവിടെ എത്തുന്നു. പലയിടത്തും ബ്ളാക് ഔട്ട്‌ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു അവർ പറയുന്നു. പിന്നീട് ആണ് ടി വിയും ഇന്റർനെറ്റും ഫോണും ജി പി എസും ഒന്നും പ്രവർത്തിക്കുന്നില്ല എന്ന സത്യം എല്ലാവരും മനസിലാകുന്നത്.


 വിചിത്രമായ ഒരു കഥ. അല്ലെ? അതെ. ഇത്തരത്തിൽ വിചിത്രമായ പല സംഭവങ്ങളും അവർ അനുഭവിക്കുകയാണ്. പ്രത്യേകിച്ച് അവരുടെ അറിവിൽ കാരണങ്ങൾ ഒന്നും ഇല്ലാത്ത സംഭവങ്ങൾ. ഇവിടെ സിനിമ ഒരു  സൈക്കോളജിക്കൽ ഹൊറർ ആയി മാറുകയാണ്. ചില അവസരങ്ങളിൽ കഥാപാത്രങ്ങൾ പല സ്ഥലങ്ങളിൽ ആണെങ്കിലും ഒരേ സമയം അവരെല്ലാം പ്രക്ഷുബ്ധമായ അവസ്ഥകളിലേക്ക് എത്തി ചേരുന്നത് കാണാം. ഇവിടെ എല്ലാം പ്രേക്ഷകനും ഒരു തരത്തിൽ clueless ആണ് കഥാപാത്രങ്ങൾക്ക് ഒപ്പം .


ഇവിടെ ഉണ്ടാക്കപ്പെടുന്ന നിഗൂഢതയുടെയും ഹോററിന്റെയും ഒരു ഫ്ലേവർ ഉണ്ട്. അതാണ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടത് അതിനൊപ്പം കഥാപാത്രങ്ങൾ തമ്മിൽ ഉള്ള സംഘർഷങ്ങൾ കൂടി ആകുമ്പോൾ സിനിമയുടെ മൊത്തത്തിൽ ഉള്ള പിരി മുറുക്കം കൂടുകയും ചെയ്യുന്നു. ഒരു പക്ഷെ സിനിമയുടെ ക്ലൈമാക്സിൽ പോലും അത് കാണാനും സാധിക്കും.അതും നല്ല രീതിയിൽ ഇഷ്ടപ്പെട്ടൂ. സാധാരണ ഇത്തരം ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഭയാനകത ഇവിടെ സൃഷ്ടിക്കാൻ കഴിച്ചിട്ടുണ്ട്.


 സിനിമ കാണണം എന്നേ ഞാൻ പറയൂ. കണ്ടു നോക്കുക. സിനിമയുടെ ലിങ്ക് t.me/mhviews1 ലഭ്യമാണ്.



1769. The Abandoned (Mandarin, 2022)

1769. The Abandoned (Mandarin, 2022)

          Streaming on Netflix



⭐⭐⭐½ /5


ഒരു പുഴയിൽ നിന്നും ആണ് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടുന്നത്. അത് ആദ്യം കാണുന്നത് ഡിറ്റക്റ്റീവ് വുങ് ചീയും. അവൾ അവിടെ അന്ന് എത്താൻ ആയി ഒരു കാരണം ഉണ്ടായിരുന്നു. ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങൾ കാരണം ആത്മഹത്യ ചെയ്യാൻ ആയിരുന്നു അവൾ അന്നവിടെ എത്തിയത്. എന്നാൽ മരണത്തെ പുൽകുന്നതിനു മുന്നേ ഉള്ള ഒരു സമയത്തിൽ അവൾ ഈ മൃതദേഹം കണ്ടെത്തുന്നു. ഒരു വിരൽ നഷ്ടപ്പെട്ട, കൈ രേഖകൾ മായ്ച്ചു കളഞ്ഞു, ശരീരത്തിലെ രക്തം ഒഴുക്കി കളഞ്ഞതിനു ശേഷം ഹൃദയം എടുത്തു മാറ്റപ്പെട്ട നിലയിൽ കണ്ട മൃതദേഹം. ഇവിടെ തീർച്ചയായും സംശയങ്ങൾ ഉണ്ടാകുമല്ലോ?


 ഇതിനു ശേഷം നടന്ന അന്വേഷണത്തിൽ കേസ് മറ്റൊരു തലത്തിലേക്കു ആണ് പോയത്. അതിനു ശേഷം ചില കൊലപാതകങ്ങൾ കൂടി നടക്കുമ്പോൾ ഒരു സീരിയൽ കില്ലറിന്റെ പങ്കും സംശയിച്ചു തുടങ്ങുന്നു. കൊല്ലപ്പെട്ടവർ തമ്മിൽ എന്താണ് ബന്ധം? എന്താണ് ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഉള്ള കാരണം?ആരാണ് കൊലപാതകി?ഇതിനുള്ള ഉത്തരങ്ങൾ ആണ് The Abandoned എന്ന തയ്‌വാൻ ചിത്രം അവതരിപ്പിക്കുന്നത്.


 ഓൾഡ് സ്കൂൾ കുറ്റാന്വേഷണ ചിത്രമാണ് The Abandoned. സ്വകാര്യ പ്രശ്നങ്ങളാൽ വിഷമത അനുഭവിക്കുന്ന നായിക തുടങ്ങി പലതും ഇതിലുണ്ട്. എന്നാലും ഒരു തയ്‌വാൻ ചിത്രം എന്ന നീലയിൽ ക്ലാസിക് കൊറിയൻ മിസ്റ്ററി ത്രില്ലർ രീതിയിൽ ഉള്ള ഒരു മെയ്ക്കിങ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.അതിന്റേതായ മികവ് മൊത്തത്തിൽ ഉള്ള മെയ്‌ക്കിങ്ങിൽ കാണുന്നുണ്ട്.അതിനൊപ്പം തയ്‌വാൻ പോലുള്ള രാജ്യങ്ങൾ നേരിടുന്ന സാമൂഹികപരമായ ഒരു പ്രശ്നം കൂടി ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.


തരക്കേടില്ലാത്ത ചിത്രം തന്നെയാണ് The Abandoned. താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കുക. ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Sunday, 4 February 2024

1768. Black Box (French, 2021)

1768. Black Box (French, 2021)




⭐⭐⭐⭐/5

  300 ആളുകളുടെ മരണത്തിനു ഇടയാക്കിയ ഫ്‌ളൈറ്റ് അപകടം നടന്നതിനു ശേഷം അതിന്റെ ബ്ലാക്‌ബോക്സ് വിശകലനം നടത്തിയ മാത്യു എന്ന ബ്ലാക്‌ബോക്സ് അനലിസ്റ്റ് അസാധാരണമായ ഒരു വാക്ക് അപകടത്തിനു മുന്നേ നടന്ന ശബ്ദങ്ങളിൽ നിന്നും കേട്ടൂ. ഒരു പക്ഷെ വിസ്‌ഫോടനകരമായ  സ്ഥിതി വിശേഷം ഉണ്ടാക്കാവുന്ന, എന്തിനു ഒരു യുദ്ധം തന്നെ തുറന്നിടാൻ സാധ്യത ഉള്ള കാര്യം ആയിരുന്നു അത്.എന്നാൽ പിന്നീട് താൻ കേട്ടതിൽ എന്തോ നിഗൂഢത ഉണ്ട് എന്ന് തോന്നിയ മാത്യു അതിന്റെ പിന്നിൽ ഉള്ള യാഥാർഥ്യം കണ്ടെത്താൻ ശ്രമിക്കുന്നു. അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ആണ് മികച്ച രീതിയിൽ അവതരിപ്പിച്ച ഈ ഫ്രഞ്ച് ത്രില്ലറിൽ ഉള്ളത്.

ഒരു പക്ഷെ പല സിനിമകളിലും കണ്ടിട്ടുള്ള ഒരു അടിസ്ഥാന പ്രമേയം തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളതും. എന്നാൽ കള്ളം ഓരോ ഇതൾ ആയി മാറ്റപ്പെടുമ്പോൾ എത്തി ചേർന്ന യാഥാർഥ്യം അവതരിപ്പിച്ചിരിക്കുന്നത് വിശ്വസനീയം ആയ രീതിയിൽ ആണ്. ഒരു വിസിൽ ബ്ലോവർ ആയി മാത്യു മാറാം എന്ന അവസരത്തിൽ സിനിമ ഭയാനകമായ ഒരു വഴിതിരിവ് എടുക്കുന്നുണ്ട്.

മികച്ച ഒരു ഫ്രഞ്ച് ചിത്രം  തന്നെയാണ് Blackbox. കഴിയുമെങ്കിൽ കാണുക.

സിനിമയുടെ ലിങ്ക് ആവശ്യം ഉള്ളവർ t.me/mhviews1 ലേക്ക് പോവുക.



1767. Thanksgiving (English, 2023)

 

1767. Thanksgiving (English, 2023)


⭐⭐⭐½ /5


  Thanksgiving ആഘോഷത്തിന്റെ ആരംഭ സ്ഥലമായ അമേരിക്കയിലെ പ്ലിമത്തിൽ ഒരു ബ്ളാക് ഫ്രൈഡേ ദിവസം ഒരു വലിയ അപകടം നടക്കുന്നു.റൈറ്റ് മാർട്ട് എന്ന സ്റ്റോറിന്റെ മുന്നിൽ കാത്ത് നിന്ന ആളുകൾ അവിടെ പെട്ടെന്നുണ്ടായ ചില സാഹചര്യങ്ങൾ മൂലം  അക്രമാസക്തർ ആവുകയും അതിന്റെ തുടർന്ന് അവിടെ ചില മരണങ്ങൾ നടക്കുകയും ചെയ്യുന്നു. അതിനു ഒരു വർഷത്തിന് ശേഷം മറ്റൊരു ബ്ളാക് ഫ്രൈഡേ ദിനം ഒരു യുവതി കൊല്ലപ്പെടുന്നു. ഇതിനു ശേഷം പല കൊലപാതകങ്ങളും നടക്കുന്നു.പ്ലിമത്തിലെ ആദ്യ ഗവർണർ ആയ ജോൺ ക്രാവറിന്റെ മുഖംമൂടി അണിഞ്ഞ ഒരാൾ ആയിരുന്നു ഈ കൊലപാതകങ്ങൾ നടത്തുന്നത്.ഇതിനു പിന്നിൽ ഉള്ള രഹസ്യം എന്താണ്? അതാണ്‌ Thanksgiving എന്ന ചിത്രം അവതരിപ്പിക്കുന്നത്.


 മെയ്ക്കിങ് വച്ച് സ്ലാഷർ/ ഹൊറർ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് Thanksgiving. പ്രത്യേകിച്ചും സിനിമയിലെ മിസ്റ്ററിയും കൂടി ആകുമ്പോൾ ഇതിന്റെ ഴോന്രയോട് നീതി പുലർത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിൽ പ്രതിപാദിക്കുന്ന കൊലപാതകങ്ങൾ എന്ത് കൊണ്ട് ആണെന്ന് പെട്ടെന്ന് പിടി തരില്ല. എന്നാലും പല സിനിമകളിലും ഉപയോഗിച്ചിരിക്കുന്ന ഒരു സ്ഥിരം ഫോർമാറ്റ് ഇവിടെയും അവസാനം കാണാൻ സാധിക്കും. ഒരു പക്ഷെ ഇതിലെ നിഗൂഢത കണ്ടു കഴിയുമ്പോൾ ഇതായിരുന്നോ എന്ന് ഒരു പക്ഷെ തോന്നിയേക്കാം.


എന്നാലും മൊത്തത്തിൽ നല്ല ഒരു ഹൊറർ / സ്ലാഷർ / മിസ്റ്ററി ത്രില്ലർ ചിത്രം ആണ് Thanksgiving.


സിനിമയുടെ ലിങ്ക് ആവശ്യം ഉള്ളവർ t.me/mhviews1 ലേക്ക് പോവുക.



Thursday, 1 February 2024

1764. The Beekeeper (English, 2024)

1764. The Beekeeper (English, 2024)

          Action, Thriller



 ⭐⭐⭐/5


തനിക്കു പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോൾ, പ്രത്യേകിച്ചും അതിനു കാരണക്കാർ ഉണ്ടെങ്കിൽ അവരോടു പ്രതികാരം ചെയ്യുന്ന കഥാപാത്രങ്ങളെ എത്രയോ തവണ സിനിമകളിൽ കണ്ടതാണ്? അതിന്റെ എക്സ്ട്രീം ലെവൽ ആയിരുന്നു ജോൺ വിക്ക് ഒക്കെ. അത്തരത്തിൽ ഉള്ള ഒരു പ്രതികാര ചിത്രമാണ് The Beekeeper.


 ജോൺ വിക്കിന്റെ ഒപ്പം ഒന്നും എത്തുന്നില്ലെങ്കിലും The Beekeeper ന്റെ പ്രമേയം തുടക്കത്തിൽ പറയുന്ന സംഭവം ഇപ്പോൾ വളരെയധികം പ്രസക്തി ഉള്ളതാണ്. കമ്പ്യൂട്ടർ പരിജ്ഞാനം ദിവസേന ഉള്ള ഉപയോഗത്തിനും അപ്പുറം അതിലെ ചതിക്കുഴികളെ കുറിച്ച് അറിവില്ലാത്ത പ്രായം ആയ ആളുകളെ പറ്റിച്ചു അവരുടെ പണം അടിച്ചു മാറ്റിയ കഥകൾ എത്ര കേട്ടിരിക്കുന്നു? അതാണ്‌ ഇവിടെയും.


അതിനു ശേഷം നടക്കുന്നത് ഒരു പക്ഷെ സിനിമയിലെ കിൽ കൗണ്ടിനേക്കാളും എതിർഭാഗത്തു ഉള്ള ആളുകൾ ആരാണെന്ന് വരുമ്പോൾ ആണ് സിനിമ ലാർജർ താൻ ലൈഫ് ആയി മാറുന്നത്. എന്നാൽ ജോൺ വിക്കിനോട് തോന്നിയ ഒരിഷ്ടം Beekeeper അഥവാ അലക്സ് ക്ലെയോട് തോന്നിയില്ല. അത് ജെസൻ സ്റ്റാതം മോശം ആയതു കൊണ്ടല്ല. ഇതിനും മുകളിൽ നിൽക്കുന്ന ഇത്തരം കഥാപാത്രങ്ങളെ കൂടുതൽ പ്രേക്ഷകനോട് കണക്റ്റ് ചെയ്ത് അവതരിപ്പിച്ച മറ്റ് വലിയ സിനിമകൾ കണ്ടത് കൊണ്ടാണ്.


The Beekeeper മോശം ചിത്രം ഒന്നും അല്ല. കിടിലം ആക്ഷൻ സീനുകൾ ഉള്ള ഒരു നല്ല ആക്ഷൻ ത്രില്ലർ ആണ്. ഒറ്റ പോരായ്മ നേരത്തെ പറഞ്ഞതാണ്. ഇതിലും വലിയ സിനിമകൾ ഇതേ പ്രമേയത്തിൽ നേരത്തെ വന്നിരുന്നു എന്നത് ആണ്. പ്രതീക്ഷയോടെ, അടുത്ത ഒരു ഭാഗം The Beekeeper ന് ഉണ്ടാകും എന്ന് കരുതുന്നു. ഒരു കഥാപാത്രം എന്ന നിലയിൽ Beekeeper establish ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ.


ആക്ഷൻ സിനിമകൾ ഇഷ്ടപ്പെട്ടവർക്ക് കണ്ടു നോക്കാവുന്ന ഒരു ചിത്രമാണ് The Beekeeper.