Friday 28 April 2023

1700. In My Father's Den (English, 2004)

 1700. In My Father's Den (English, 2004)

          Mystery, Drama.


⭐️⭐️⭐️⭐️½ /5

  ഒരു സിനിമ കണ്ടു കഴിയുമ്പോൾ പെട്ടെന്നൊരു ഷോക്ക് അടിച്ചത് പോലെ തോന്നാറുണ്ടോ? അത്തരത്തിൽ ഒരു സിനിമ ആണ്‌ In My Father's Den. ഒരു പക്ഷെ കണ്ടു കൊണ്ടിരുന്ന കഥയിൽ ഇത്തരം ഒരു ട്വിസ്റ്റ് പ്രേക്ഷകന് എന്ത് തരം അനുഭവം ആണ്‌ നൽകുക? സിനിമ എന്ന നിലയിൽ അതിനെ ഇഷ്ടപ്പെടുമോ അതോ സിനിമയുടെ പ്രമേയത്തിനെ കുറിച്ച് ചർച്ച ചെയ്യാൻ തോന്നുമോ? ഇത്തരം ഒരു അനുഭവവും ചോദ്യങ്ങളും ആയിരുന്നു എനിക്ക് ന്യൂസിലാണ്ടിൽ നിന്നും ഉള്ള ഈ ചിത്രം നൽകിയത്.

അതേ. മിസ്റ്ററി സിനിമകളിൽ സിനിമാറ്റിക് ആയ ട്വിസ്റ്റുകൾ ധാരാളം സിനിമകൾ ഉണ്ടെങ്കിൽ ഷോക്ക് തന്ന കുറച്ചു സിനിമകൾ ഉണ്ട്. ആ ഒരു ഗണത്തിൽ ആണ്‌ In My Father's Den  ഉം എന്നേ സംബന്ധിച്ച്. സിനിമകൾ ഏതാണ് എന്ന് പറയുന്നില്ല. ഒരു പക്ഷെ അത്തരം ഊഹങ്ങൾ പോലും ഈ സിനിമയുടെ വലിയ സ്പോയിലർ ആയി മാറാം.

പോൾ തിരിച്ചു തന്റെ നാട്ടിലേക്ക് വരുന്നത് അയാളുടെ പിതാവിന്റെ ശവ സംസ്‌കാരത്തിനു ആണ്‌. മാധ്യമ ലോകത്തിൽ പ്രശസ്തൻ ആയ പോൾ, എന്നാൽ താൻ ജനിച്ചു വളർന്ന ചെറിയ ടൗണിൽ അൽപ്പം ഓർമകളും അയവിറക്കി ജീവിക്കുക ആണ്‌. കാരണം, അയാളുടെ ഓർമകളിൽ ബാക്കി ആയ പല കാര്യങ്ങളും അവിടെയുണ്ട്. പല വ്യക്തികൾ ഉണ്ട്. പല സംഭവങ്ങൾ ഉണ്ട്. എന്നാലും എല്ലാത്തിൽ നിന്നും ഒളിച്ചോടി അപരവ്യക്തിത്വം ആയി ജീവിച്ച അയാളുടെ വേരുകളിലേക്ക് എത്തി നോക്കുമ്പോൾ അയാളുടെ അവിടെ ഉണ്ടായിരുന്ന ജീവിതത്തെ കുറിച്ച് ഒരു ഏകദേശ ധാരണ പ്രേക്ഷകനും ലഭിക്കും.

ഇതിന്റെ അപ്പുറം എന്തായിരിക്കും ഈ സിനിമയെ ഇത്തരത്തിൽ വർണിക്കാൻ കാരണം ആയതു എന്നൊരു ചോദ്യം മനസ്സിൽ ഉയരുന്നുണ്ടോ?ഉണ്ടെങ്കിൽ സിനിമ കാണുക. സാധാരണ വേഗതയിൽ ചലിക്കുന്ന സിനിമയാണ്. ഈ കഥ ആവശ്യപ്പെടുന്നതും അതാണ്‌. കഥയിലേക്കും കഥാപാത്രത്തിലേക്കും പ്രേക്ഷകന് എത്താൻ കഴിയുന്ന രീതിയിൽ ആണ്‌ അവതരണം.

ഇനി ധാരാളം സിനിമകൾ കാണുന്ന ഒരാൾ ആണെങ്കിൽ സിനിമ കണ്ടു കഴിയുമ്പോൾ ഇങ്ങനെയും തോന്നാം. "അയ്യേ! ഇതാണോ ഇത്ര കൊട്ടിഘോഷിച്ച ട്വിസ്റ്റ്? ഇത് ഞാൻ 'മറ്റേ' സിനിമകളിൽ കണ്ടത് ആണല്ലോ" എന്ന്. അങ്ങനെ ചിന്തിക്കുന്നവരോട് ക്ഷമ ചോദിക്കുന്നു ഈ സിനിമ സജസ്റ്റ് ചെയ്യുന്നതിൽ.കാരണം, ഈ സിനിമ നിങ്ങൾക്ക് വേണ്ടി ഉള്ളതായിരുന്നില്ല.

എന്തായാലും സിനിമ കാണാത്തവർ ഉണ്ടെങ്കിൽ ലിങ്ക് t.me/mhviews1 ൽ ഇടാം.


Thursday 13 April 2023

1699. Viduthalai Part 1 (Tamil, 2023)

 1699. Viduthalai Part 1 (Tamil, 2023)




⭐️⭐️⭐️⭐️½ /5


       ' വിടുതലൈ ' കണ്ടു തുടങ്ങിയത് മുതൽ മക്കൾ പടൈ എന്ന സായുധരായ തീവ്രവാദികളുടെ പ്രവർത്തനങ്ങളിൽ പോസിറ്റിവ് ആയി ഒന്നും ഇല്ലല്ലോ എന്നാണ് ചിന്തിച്ചത്. അവർ ചെയ്യുന്നത് എന്ന് കാണിക്കുന്ന പല കാര്യങ്ങളും അത്തരത്തിൽ ആയിരുന്നു. ഇതേ സമയം പോലീസ് ആണെങ്കിൽ അവരെ സഹായിക്കുന്നു എന്ന പേരിൽ ഗ്രാമീണരോട് കാണിക്കുന്ന ചെയ്തികളിലും ഇങ്ങനെ തന്നെ ആണ്‌ തോന്നിയത്. രണ്ട് ഭാഗത്തും ശരി ഏതു തെറ്റ് ഏതു എന്നറിയാത്ത കഥാ ഘടന ആണ്‌ സിനിമയ്ക്ക് ഉള്ളത്.


  എന്നാൽ കോൺസ്റ്റബിൾ കുമരേശൻ എന്ന സൂരിയുടെ കഥാപാത്രം മികച്ചു നിന്നു. കഥയിൽ, ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അത്ര നന്നായിട്ടു ആയിരുന്നു. താൻ ചെയ്യുന്ന ശരികളിൽ ഉറച്ച വിശ്വാസം ഉള്ള മനുഷ്യൻ തന്റെ ശരികൾ തെറ്റാണു എന്ന് തന്റെ തലപ്പത്തു ഉള്ള ഓഫീസർ പറഞ്ഞാൽ പോലും മാറാത്ത പ്രകൃതം. സൂരിയ്ക്കു തന്റെ സിനിമ ജീവിതത്തിൽ ലഭിച്ച മികച്ച കഥാപത്രമായി മാറുകയാണ് കോൺസ്റ്റബിൾ കുമരേശൻ.വിജയ് സേതുപതിയുടെ കഥാപാത്രം യഥാർത്ഥത്തിൽ എന്താണ് എന്ന് ഈ ഭാഗത്തിൽ ഉത്തരം നൽകിയിട്ടില്ല. രണ്ടാം ഭാഗം അതിനായി ഉള്ളതാണെന്ന് കരുതുന്നു. നിലവാരം ഇല്ലാത്ത റോളുകൾ കുറെ ചെയ്ത വിജയ് സേതുപതി പഴയ ഫോമിലേക്ക് പോകുന്നതിന്റെ സൂചനകൾ സിനിമ നൽകുന്നുണ്ട്.


വളരെ raw ആയ കഥാപശ്ചാത്തലം ആണ്‌ 'തുണൈവൻ ' എന്ന ചെറുകഥയിൽ ബി. ജയമോഹൻ അവതരിപ്പിച്ചിട്ടുണ്ടാവുക. അല്ലാതെ ഇത്തരം ഒരു ഡീറ്റൈലിങ് എങ്ങനെ ആകും സിനിമയ്ക്ക് ലഭിക്കുക? മികച്ച എഴുത്ത് ആണ്‌ സിനിമയിൽ ഉള്ളത്. കൊമേഴ്‌സ്യൽ ഘടകങ്ങൾ ഏറെ ഇല്ലാത്ത ഒരു കഥയെ പ്രേക്ഷകന്റെ മുന്നിൽ ഇത്ര നന്നായി അവതരിപ്പിച്ച വെട്രിമാരൻ മാജിക് ആണ്‌ സിനിമയുടെ നട്ടെല്ല്. പ്രതീക്ഷയോടെ കാത്തിരിക്കാൻ ഉള്ള രണ്ടാം ഭാഗത്തിന്റെ ശകലങ്ങൾ സിനിമയുടെ അവസാനം കാണിക്കുമ്പോൾ കുറെ ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കും എന്ന് തോന്നി. എന്തായാലും പ്രതീക്ഷയോടെ കാത്തിരിക്കാൻ ഒരു രണ്ടാം ഭാഗം ആണ്‌ വിടുതലൈ ആദ്യ ഭാഗത്തിലൂടെ കിട്ടുന്നത്.


മികച്ച ഒരു സിനിമയാണ് വിടുതലൈ.

Tuesday 11 April 2023

1698.Creed 3 (English, 2023)

 1698.Creed 3 (English, 2023)

          Sports, Drama



⭐️⭐️½ /5

  റോക്കി സീരീസിന്റെയും ക്രീഡിന്റെ ആദ്യ രണ്ട് ഭാഗത്തിന്റെയും ആരാധകൻ എന്ന നിലയിൽ അൽപ്പം നിരാശ സമ്മാനിച്ച ചിത്രമാണ് Creed 3. മോശം ആണെന്ന് അല്ല ഉദ്ദേശിച്ചത്. പക്ഷെ പ്രതീക്ഷ അനുസരിച്ചു ഉയർന്നും ഇല്ല.റോക്കി 3 ന്റെ ചെറിയ സാമ്യങ്ങൾ ക്രീഡ് 3 യിൽ കാണാൻ സാധിക്കും. റിട്ടയർ ചെയ്ത നായകന്മാർ പ്രത്യേക സാഹചര്യത്തിൽ വീണ്ടും റിങ്ങിലേക്ക് വരുന്നു എന്നത്. എന്നാൽ അപ്പോളോ ക്രീഡ് കൂടി വന്ന റോക്കി 3 എന്റെ പ്രിയപ്പെട്ട സിനിമയിൽ ഒന്നാണ് ഈ സിനിമ പരമ്പരയിൽ.

പക്ഷെ എനിക്ക് തോന്നുന്നത് ഒരു പക്ഷെ ക്രീഡ് എന്ന പേരാകും ഇനി ഈ സിനിമ പരമ്പര മുന്നോട്ടു കൊണ്ട് പോവുക എന്നതാണ്. അതിനു സൂചന നൽകി കൊണ്ടുള്ള രംഗങ്ങൾക്ക് സിനിമയിൽ നല്ലത് പോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഒരു പക്ഷെ അങ്ങനെ ഒരു മാറ്റത്തിന് പാലം ഇട്ട് കൊടുക്കൽ കൂടി ആകും ക്രീഡ് 3. സിനിമ അങ്ങനെ വന്നാൽ കുറെ കൂടി interesting ആയിരിക്കും. കാരണം ഞാൻ പറയുന്നില്ല. സിനിമ കണ്ടാൽ മനസ്സിലാകും.

മൈക്കിൾ ബി ജോർദാൻ തന്നെ സംവിധാനം ചെയ്ത സിനിമയിൽ, വർഷങ്ങൾക്കു ശേഷം തന്നെ സഹോദരനായി കണ്ടിരുന്ന ഡാമിയൻ തിരികെ വരുന്നതും അതിനെ തുടർന്നു കുറച്ചു സംഭവങ്ങളും ഉണ്ടാകുന്നതാണ് കഥ. ഡാമിയന്റെ ആദ്യ ഫൈറ്റിൽ ശരിക്കും ബീസ്റ്റ് മോഡിൽ ആയിരുന്നു. പക്ഷെ രണ്ടാം പകുതി എന്തോ തിരക്ക് പോലെ പെട്ടെന്നു തീർത്തതായി തോന്നി. ഡാമിയൻ അവിടെ കോമഡി പീസ് ആയതു പോലെ തോന്നി.

എനിക്ക് ആ ഭാഗങ്ങളിൽ മറ്റുള്ള റോക്കി പരമ്പരയിലെ രംഗങ്ങൾ തന്ന ഫീൽ കിട്ടിയതും ഇല്ല . റോക്കിയും ആയി അത്തരം ഒരു ബന്ധം സിനിമയിൽ പ്രേക്ഷകനും ആയി ഉണ്ടാക്കിയിരുന്നു. അത് നഷ്ടം ആയതാണ് ഈ സിനിമയിൽ അത്ര ഇഷ്ടപ്പെടാത്ത കാര്യം.

ഇതിന്റെ ബാക്കി ആകും മുന്നോട്ടുള്ള സീരീസും. അത് കൊണ്ട് കാണാം എന്ന് മാത്രം.


Monday 10 April 2023

1697. Champions (English, 2023)

1697. Champions (English, 2023)

        Sports, Comedy



 ⭐️⭐️⭐️½ /5



സാധാരണ സ്പോർട്സ് സിനിമകളുടെ അതേ ഫോർമാറ്റിൽ പോകാതെ, ക്ലൈമാക്സിൽ പോലും ചെറിയ ഒരു ട്വിസ്റ്റ് നൽകി, എന്നാൽ അതിനെ മനോഹരമായി അവതരിപ്പിച്ച ചിത്രമാണ് Champions.മദ്യപിച്ചു വണ്ടി ഓടിച്ച് പോലീസ് പിടിച്ച ബാസ്കറ്റ് ബോൾ കോച്ച് ആയ മാർക്കസിനോട് കമ്യൂണിറ്റി സർവീസ് നടത്താൻ ആണ്‌ കോടതി ഉത്തരവിട്ടത്. Intellectual disabilities ഉള്ള ഒരു കൂട്ടം ബാസ്ക്കറ്റ് ബോൾ കളിക്കാർ ഉള്ള ടീമിനെ കോച്ചിങ് കൊടുക്കാൻ മാർക്കസിനു തുടക്കം വൈമുഖ്യം ഉണ്ടായിരുന്നു.കാരണം, അയാളുടെ സ്വപ്‌നങ്ങൾ മറ്റൊന്നായിരുന്നു.


 എന്നാൽ, സ്പെഷ്യൽ ഒളിമ്പിക്സിനു കളിക്കാൻ തക്ക കഴിവ് ഉള്ള ആ കളിക്കാരുടെ ഒപ്പം, അവരുടെ രസകരമായ ജീവിതവും കൂടി ചേരുമ്പോൾ നടക്കുന്നത് മറ്റൊന്നാണ്. അവരെ കളിയിൽ കേമൻമാർ ആക്കാൻ വന്ന മാർക്കസിനു ആണ്‌ എന്നാൽ മാറ്റം വന്നത്. ഒരു മനുഷ്യൻ എന്ന നിലയിൽ.അതിനൊപ്പം പല അവസരങ്ങളിലും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലും അയാൾക്ക്‌ മാറ്റം ഉണ്ടാകുന്നു.


നന്മ നിറഞ്ഞ ഒരു ചിത്രം ആകാൻ ഉള്ള എല്ലാ സാധ്യതയും ഉള്ള കഥയിൽ എന്നാൽ അതിനു മുതിരാതെ, പല സന്ദർഭങ്ങളിലും രസകരമായി ഒരു കൂട്ടം ആളുകളുടെ കഥ അവതരിപ്പിച്ചിട്ടുണ്ട് ഇവിടെ. ഇടയ്ക്ക് ചില സീനുകളിൽ പ്രേക്ഷകന് സന്തോഷം തോന്നുകയും ചെയ്യും. ജീവിതത്തിൽ ദുഃഖം മാത്രം ആയിരിക്കും ഉള്ളത് എന്ന് പല സിനിമകളിലും അവതരിപ്പിക്കുന്ന ആളുകളുടെ അവരുടെ രസകരമായ വശം ആണ്‌ സിനിമയിൽ ഉള്ളത്.


ഇതേ പേരിലുള്ള സ്പാനിഷ് ചിത്രത്തിന്റെ റീമേക് ആണ്‌ ഈ വുഡി ഹാർലസൻ ചിത്രം. എനിക്ക് നന്നായി ഇഷ്ടമായി. പ്രത്യേകിച്ചും ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും കൂടുതൽ ഭംഗിയായി അവതരിപ്പിച്ചു എന്ന കാരണം കൊണ്ട് തന്നെ.സമയം കിട്ടുമെങ്കിൽ, ഒരു ലൈറ്റ് മൂഡ് സിനിമ കാണണം എന്ന് തോന്നിയാൽ Champions തരക്കേടില്ലാത്ത ഒരു ചോയിസ് ആണ്‌.


സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.