Wednesday, 30 September 2020

1283. I See You(English, 2019)

 1283. I See You(English, 2019)

          Mystery



   സൈക്കിൾ ഓടിച്ചു കൊണ്ടു കാടിന്റെ അടുത്തുള്ള പാതയിലൂടെ പോയിരുന്ന പത്തു വയസ്സുകാരനെ കാണാതായി.കേസന്വേഷണം നടത്തുന്ന ഗ്രെഗ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ്.ഇതേ സമയം അയാളുടെ വീട്ടിലും ചില പ്രശ്നങ്ങൾ നടക്കുക ആയിരുന്നു.കുടുംബ പ്രശ്നങ്ങൾക്ക് ഒപ്പം തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവവും കൂടി ഉണ്ടായിരുന്നു അതിനു അകമ്പടിയായി.ഇതിന്റെ ഇടയിൽ ആണ് മറ്റൊരു വിവരം പുറത്തു വരുന്നത്.വർഷങ്ങൾക്കു മുൻപ് നടന്ന സമാനമായ കുട്ടികളുടെ തിരോധാനവും ആയി ഇപ്പോഴത്തെ സംഭവത്തിനു ഉള്ള ബന്ധം.ഇതു കേസിനെ കുറിച്ചുള്ള ദുരൂഹത കൂട്ടി.എന്നാൽ അന്നത്തെ കേസിലെ പ്രതിയെ  പോലീസ് പിടികൂടുകയും, അയാൾ ഇപ്പോൾ ജയിലിലും ആണ്.ഒരു കോപ്പി ക്യാറ്റ് കുറ്റവാളിയുടെ സാന്നിധ്യം ഉണ്ടോ ഇവിടെ?അതോ മറ്റെന്തെങ്കിലും?



  ഒരു ഹാർലാൻ കൊബേൻ സിനിമ/പരമ്പര കാണുന്നത് പോലെ ആയിരുന്നു സിനിമയുടെ കാഴ്ചാനുഭവം.സിനിമയിലുടനീളം കേൾക്കുന്ന eerie music സിനിമയുടെ മൂഡ് നല്ല രീതിയിൽ പ്രേക്ഷകനിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്.കഥാപരമായി നേരത്തെ പറഞ്ഞ പോലെ കുടിമ്പ ബന്ധങ്ങളിലൂടെ, അവയിലെ ദുരൂഹതകളിലൂടെ ഉണ്ടാക്കിയെടുക്കുന്ന സസ്പെന്സും ട്വിസ്റ്റും എല്ലാം നന്നായി തോന്നി.


  ക്ളൈമാക്സിലേക്കി പോകുന്നതിനു മുന്നേ രണ്ടാമതൊരു കഥ കൂടി വന്നതോടെ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ട്വിസ്റ്റിൽ നിന്നും കഥ മാറുകയാണ്.ഒരു പക്ഷെ സിനിമയിൽ പലയിടത്തും വന്ന ചില ചോദ്യങ്ങൾക്ക് മറുപടി കൂടി ആയി മാറി അതു.


  Phrogging എന്താണെന്ന് അറിയാമോ?ചില സിനിമകളിൽ കണ്ടിട്ടുണ്ടാകും പലരും ഈ ഒരു സാഹചര്യം.എന്തായാലും സിനിമ കാണുമ്പോൾ കുറേക്കൂടി പ്രേക്ഷകന് ലഭിക്കും.അതു പോലെ ആ കുട്ടിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അറിയണ്ടേ?? Amazon Prime ൽ സിനിമ ലഭ്യമാണ്.


   എനിക്ക് മൊത്തത്തിൽ ചിത്രം ഇഷ്ടമായി.Prime ൽ സിനിമ ഉണ്ടോ എന്ന് നോക്കാതെ ടെലിഗ്രാമിൽ നിന്നും ഡൌൺലോഡ് ചെയ്തു കണ്ടു തുടങ്ങിയത് വേറെ ഏതോ പടമായിരുന്നു.അതു കൊണ്ടു തന്നെ എങ്ങനെ എങ്കിലും കാണണം എന്ന ആഗ്രഹം ആണ് Prime ൽ എത്തിച്ചത്. സിനിമ കണ്ടതിനു ശേഷം അഭിപ്രായം പറയണേ.

Sunday, 27 September 2020

1282. The Adventures of Tintin: The Secret of the Unicorn (English, 2011)

 1282. The Adventures of Tintin: The Secret of the Unicorn (English, 2011)

         Adventure, Mystery, Action, Animation


  Tintin ചെറുപ്പം മുതലേ ഇഷ്ട കഥാപാത്രം ആയിരുന്നു. The Week ൽ വരുന്ന ഒറ്റ പേജ് കാർട്ടൂണിനായി അതിറങ്ങുന്ന ദിവസം കാത്തിരിക്കുമായിരുന്നു.വായനയുടെ ലോകത്തിൽ Tintin എന്ന Hergeയുടെ വിഖ്യാതമായ കഥാപാത്രത്തിന് വലിയ ഒരു പങ്കുണ്ടായിരുന്നു. പൂമ്പാറ്റ, ബാലരമ തുടങ്ങിയവയുടെ കളർ അല്ലാത്ത പേജുകളിൽ ആണ് വായന തുടങ്ങിയത്.അന്നത്തെ  പേജുകളുടെ മണം പോലും വലിയ നൊസ്റ്റാൾജിയ ആണ്.എണ്പതുകളിൽ ജനിച്ചു തൊണ്ണൂറുകളിൽ സ്ക്കൂളിൽ പോയിരുന്നവർക്ക്  ഒക്കെ മറക്കാൻ പറ്റാത്ത അത്ര നൊസ്റ്റാൾജിയ ആണ് ഇവയൊക്കെ.

    കഴിഞ്ഞ ദിവസം വീട്ടിൽ മകൻ പുസ്തകം വായിക്കൻ ഉള്ള താല്പര്യം പറഞ്ഞപ്പോൾ ആണ് Tintin കോമിക്‌സ് എവിടെയെങ്കിലും കിട്ടുമോ എന്നു അന്വേഷണം തുടങ്ങിയത്.നോക്കിയപ്പോൾ ടോറന്റിൽ മുഴുവനും കിടക്കുന്നു.എന്തായാലും എനിക്ക് വായിക്കാൻ ആയി.അവനു പുസ്തകം ആയി തന്നെ ഒപ്പിച്ചു കൊടുക്കണം.എന്തായാലും ആ അന്വേഷണത്തിന്റെ സമയത്താണ് Tubi TV യിൽ സ്പീൽബെർഗിന്റെ 2011 ലെ സിനിമ കിടക്കുന്നത് കണ്ടത്.നേരത്തെ കണ്ടതാണെങ്കിലും ഒന്നൂടി കണ്ടു.


    സ്പീൽബർഗ് 15%  ലൈവ് ആക്ഷനും 85% അനിമേഷനും ആണെന്ന് പറഞ്ഞു അവതരിപ്പിച്ച ചിത്രത്തിലെ ആനിമേഷൻ ആണ് Up നോടൊപ്പം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.Herge യുടെ രണ്ടു ഭാഗങ്ങൾ ഉള്ള കഥയിലെ ആദ്യ ഭാഗവും ,Zootopia യും ഈ ഒരു വിഭാഗത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ആനിമേഷൻ ചിത്രങ്ങൾ.


  Tintin  '90 കളുടെ തുടക്കത്തിൽ ഒക്കെ ആണെന്ന് തോന്നുന്നു ഇൻഡ്യയിൽ കൂടിത്തൽ പരിചിതം ആയത്.ബംഗാളിയിൽ Tintin വളരെ പ്രശസ്തനും ആയിരുന്നു.രണ്ടു പ്രാവശ്യം ഇന്ത്യ Tintin കോമിക്സിൽ വന്നിട്ടും ഉണ്ട് . എന്തായാലും ഇൻഡ്യയിൽ അത്ര അപരിചിതൻ അല്ലായിരുന്നു Tintin.ഇടയ്ക്കു Tintin നോടുള്ള ആരാധന മൂത്ത് ഹെയർ സ്റ്റൈൽ അതു പോലെ ആക്കാൻ നോക്കിയെങ്കിലും നാട്ടുകാർ "പച്ചക്കുതിര" യിലെ ആകാശ് മോൻ വിളി തുടങ്ങിയപ്പോൾ നിർത്തേണ്ടി വന്നതാണ് ജീവിതത്തിൽ ഉള്ള Tintin സ്വാധീനം.


  നേരത്തെ പറഞ്ഞ പോലെ Herge ന്റെ രണ്ടു ഭാഗങ്ങൾ ഉള്ള കഥയിലെ ആദ്യ ഭാഗം ആണ് സിനിമ ആയി വന്ന  The Adventures of Tintin: The Secret of the Unicorn. രണ്ടാം ഭാഗത്തിന്റെ പേര് Red Rackham's Treasure എന്നുമാണ്.യാദൃച്ഛികമായി ഒരു കപ്പലിന്റെ miniature വാങ്ങിയ Tintin എന്നാൽ അവൻ അറിയാതെ തന്നെ വലിയ ഒരു ലെഗസിയുടെ ഭാഗം ആവുകയായിരുന്നു.അതിന്റെ ഭാഗമായി അവനെ തപ്പി ആളുകൾ വന്നു തുടങ്ങി.Tintin ലെ അന്വേഷണ കുതുകി ഉണർന്നു.സ്നോയി കൂടി കൂടിയപ്പോൾ മികച്ച ഒരു സാഹസിക കഥ കൂടി ആയി മാറി കഥ. Tintin ന്റെ ഉറ്റ സുഹൃത്തായ ക്യാപ്റ്റൻ Haddock നെ പരിചയപ്പെടുന്നതും ഈ കഥയിലൂടെ ആണ്.


  ബെല്ജിയൻ ആയ Tintin അവരുടെ സംസ്ക്കാരത്തിന്റെ ഭാഗം കൂടി ആയിരുന്നു.കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്ന ബോംബ് ആക്രമണ സമയത്തു ആയിരുന്നു എന്ന് തോന്നുന്നു പല പോസ്റ്ററുകളും Tintin ആയിരുന്നു കഥാപാത്രം.സിനിമയെ കുറിച്ചു അധികം ഒന്നും പറയുന്നില്ല. Tintin-Herge- Spielberg.ഇതിന്റെ അപ്പുറം എന്താണ് പറയേണ്ടത് അല്ലെ?സിനിമ കാണാത്തവർ വളരെ കുറവായിരിക്കാം.കണ്ടില്ലേൽ തീർച്ചയായും കാണണം. സിനിമ അത്ര മികച്ചതായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.കുട്ടികളെ കാണിച്ചു തുടങ്ങൂ.അവർക്കും ഇഷ്ടം ആകും.ഒപ്പം Tintin കഥകളും, സാഹസികതയും, കുറ്റാന്വേഷണവും ഒക്കെ അടങ്ങിയ വലിയ ഒരു ലോകത്തിലേക്ക്‌ കയറി ചെല്ലാൻ inspire ചെയ്യും അതു.


 Tubi TV യിൽ ഫ്രീ ആയും Netflix സബ്സ്ക്രിപ്ഷനോടും ഒപ്പം സിനിമ കാണാൻ സാധിക്കും.

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews ൽ ലഭിയ്ക്കും.

 More movie suggestions @www.movieholicviews.blogspot.ca

1281. My Friend Dahmer(English, 2017)

 

1281. My Friend Dahmer(English, 2017)
          Drama, Biography, Horror

"The End is the Beginning"

Synopsis:

    ജെഫ്രി ഡാമർ ഒരു പ്രത്യേകതരം ടീനേജർ ആയിരുന്നു.വഴിയിൽ ചത്തു കിടക്കുന്ന മൃഗങ്ങളെ എടുത്തു ആസിഡിൽ മുക്കി വച്ചു, മാംസത്തിന്റെ ഉള്ളിലായി എന്താകും ഉണ്ടാവുക എന്ന ചോദ്യം ആയിരുന്നു അവനെ ഹരം പിടിപ്പിച്ചത്.സുഹൃത്തുക്കൾ അധികം ഇല്ലാതിരുന്ന അവൻ പിന്നീട് അവന്റെ കോമാളിത്തരം ഉപയോഗിച്ചു സുഹൃത്തുക്കളെ നേടി.അവന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു.പിന്നീട് മദ്യത്തിന് അടിമപ്പെടുകയും, പുരുഷന്മാരോട് അഭിനിവേശം ഉണ്ടാവുകയും ചെയ്തു.

  പറഞ്ഞു വരുന്നത് ഡാമറിന്റെ കഥയാണ്.ചുരുങ്ങിയ കാലം കൊണ്ട് 17 പുരുഷന്മാരെ കൊലപ്പെടുത്തിയ, അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധൻ ആയ പരമ്പര കൊലയാളികളിൽ ഒരാളുടെ കഥ.




My Views:

ഡാമറിന്റെ സ്ക്കൂൾ സുഹൃത്തായ  ഡർഫ് അവതരിപ്പിച്ച ഗ്രാഫിക് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 'ഒരു സീരിയൽ കില്ലറുടെ കുട്ടിക്കാലം" എന്നു ധൈര്യമായി പേരു നൽകാൻ പറ്റിയ ചിത്രം.സുഹൃത്തുക്കളെ നേടാൻ ആയി കോമാളി ആയി മാറുന്ന, അസുഖങ്ങൾ ഉള്ള ആളുകളെ പോലെ പെരുമാറുന്ന, അവരെ വികലമായി അവതരിപ്പിച്ചു കയ്യടി നേടാൻ ശ്രമിക്കുന്ന എത്ര ആളുകളെ നമുക്കറിയാം?ചുരുക്കം ആയി ഉണ്ടെങ്കിൽ പോലും അതു ഒരു മാനസിക വൈകൃതം ആയിരിക്കും.

സമൂഹം ആണ് ജെഫ്രിയെ ഇങ്ങനെ ആക്കി തീർത്തത് എന്നു പൂർണമായും പറയാൻ കഴിയില്ല.ഒരു പക്ഷെ അങ്ങനെ ആണെങ്കിലും പ്രായത്തിന്റെ രസത്തിൽ ഇരയാക്കപ്പെട്ട ആൾ എന്നു വിളിക്കാം.അവന്റെ ചിന്തകൾ, അവന്റെ താൽപ്പര്യങ്ങൾ ഒക്കെ നമ്മൾ നോർമൽ എന്നു വിളിക്കാവുന്ന ഒരു രീതിയിൽ അല്ലായിരുന്നു.പ്രോം നൈറ്റിന് കൊണ്ടു പോയ പെണ്കുട്ടിയുടെ കാര്യം നോക്കുക.

  ഇത്തരത്തിൽ ഉള്ള ആളുകളെ കുറിച്ചു പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് സൂക്ഷ്മമായി പഠിക്കാൻ ഉള്ള ഒരു സ്റ്റഡി മെറ്റീരിയൽ ആയി ഈ ചിത്രത്തെ കാണാവുന്നതാണ്.പ്രത്യേകിച്ചും ഇത്തരത്തിൽ ഉള്ള സ്വഭാവങ്ങൾ ഉള്ള കുട്ടികളുമായി ജോലിയുടെ ഭാഗമായി കണ്ടു മുട്ടേണ്ടി വന്നിട്ടുള്ളത് കൊണ്ടു തന്നെ അവിശ്വസനീയമായി ഡാമറിന്റെ കഥ തോന്നിയില്ല.ഗ്രാഫിക് നോവൽ എന്ന നിലയിൽ ഉള്ള സ്വാതന്ത്ര്യം കഥയിൽ എടുത്തിട്ടുണ്ട് എന്നു പറഞ്ഞാൽ പോലും അസാധാരണം അല്ല ഇത്തരം സ്വഭാവം എന്നു തോന്നുന്നു.

  പതിഞ്ഞ താളത്തിൽ ആണ് ചിത്രം പോകുന്നത്.ജെഫ്രിയെ അവതരിപ്പിച്ച റോസ് ലിഞ്ച് ശരിക്കും ഞെട്ടിച്ചു.ആ ഒരു ശരീര ഭാഷ സിനിമയിലുടനീളം മറക്കാതെ അവതരിപ്പിച്ചു എന്നത് തന്നെ കൗതുകകരം ആയിരുന്നു.

  ആദ്യം പറഞ്ഞ പോലെ; ഈ സിനിമയുടെ അവസാനം ആണ് ചില കാര്യങ്ങളുടെ തുടക്കം.ക്ളൈമാക്സിലേക്കു പോകുമ്പോൾ റേഡിയോയിൽ ഒരു പാട്ട് കേൾക്കുന്നുണ്ട് പശ്ചാത്തലത്തിൽ. ക്രിസ്റ്റഫർ ബ്ലൂവിന്റെ " It's Not Too Late". അതിലെ ഒരു വരിയുണ്ട്.' It's Not Too Late My Friend' എന്നു.പ്രണയത്തെ കുറിച്ചു ഉള്ള പാട്ടാണെങ്കിലും ജെഫ്രി ഡാമറിന്റെ ജീവിതത്തിൽ അതു വരെ കാത്തിരുന്ന രക്തം കൊണ്ടു ചുവന്ന, മാംസത്തിന്റെ ഉള്ളിൽ എന്താണ് ഉള്ളത് എന്നു അറിയാൻ ഉള്ള അവന്റെ ജിജ്ഞാസ ആയിരിക്കണം അവിടെ പ്രണയം ആയി മാറുന്നത്.ഒപ്പം അവൻ കാമുകനും ആയി മാറുന്നു!!

  അവസരം കിട്ടിയാൽ കാണുക.!!!

  ചിത്രം ഫ്രീ ആയി Tubi TV യിൽ കാണാവുന്നതാണ്.നിങ്ങൾ താമസിക്കുന്ന സ്ഥലത്തു Tubi TV കിട്ടുന്നുണ്ടെങ്കിൽ അതു ഉപയോഗിക്കുക.ഫ്രീ ആണ്.കുഴപ്പമില്ലാത്ത സിനിമ കലക്ഷനും ഉണ്ട്.ലീഗലും ആണ്.

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.

Saturday, 26 September 2020

1280. Colombiana ( English,2011)

 1280. Colombiana ( English,2011)

          Action, Thriller


Story:


   ഒമ്പതാം വയസ്സിൽ എതിർ ഗ്യാങിന്റെ കൈകളാൽ സ്വന്തം മാതാപിതാക്കൾ കൊല്ലപ്പെടുമ്പോൾ കാറ്റലേയ എന്ന കുട്ടിയുടെ ഉള്ളിൽ പ്രതികാരത്തിനു വേണ്ടി ഉള്ള ആഗ്രഹം നന്നായി ഉണ്ടായിരുന്നു.അവൾ പിന്നീട് അമേരിക്കയിലേക്ക് പോയി അവളുടെ അങ്കിളിനൊപ്പം താമസിക്കാൻ തുടങ്ങിയെങ്കിലും അവളുടെ ഒരേ ഒരു ആഗ്രഹം അവളെ ഒരു വാടക കൊലയാളി ആക്കി മാറ്റി.എന്നാൽ അവൾ അപ്പോഴും അവളുടെ ഉള്ളിൽ ഉള്ള പക കാത്തു സൂക്ഷിച്ചു.അതു അവൾ അടയാളങ്ങൾ ആയി അയച്ചു കൊണ്ടിരുന്നു.അവളുടെ പ്രതികാരത്തിന്റെ കഥയാണ് Colombiana.




My View:


  മികച്ച ആക്ഷൻ സിനിമകളുടെ കൂട്ടത്തിൽ ആണ് കൊളംബിയാന ഇപ്പോഴും ഉള്ളത്.വർഷങ്ങൾക്കു മുന്നേ ആദ്യം കാണുമ്പോൾ ഉള്ള ഇഷ്ടം ഇപ്പോൾ Netflix ൽ കണ്ടപ്പോഴും മാറിയില്ല.സോയുടെ കാറ്റലേയ എന്ന കഥാപാത്രം സാധാരണയായി ഇത്തരം സിനിമകളിൽ വരുന്ന femme fatale ടൈപ്പ് അല്ലായിരുന്നു. അത്തരം ഒരു രീതിയിലേക്ക് മാറാൻ സ്കോപ് ഉണ്ടായിരുന്നെങ്കിലും ചെറിയ ഒരു പ്രണയത്തിൽ, അതും ഒരു സാധാരണക്കാരനെ കൊണ്ടു അവതരിപ്പിച്ചു.


 വയലന്സിന് തന്നെ ആയിരുന്നു കഥയിൽ പ്രാമുഖ്യം.പ്രതികാരം നിഴലിക്കുന്ന കാറ്റലെയായുടെ ഓരോ നീക്കവും ഒരു ത്രില്ലർ സിനിമയ്ക്ക് യോജിച്ചത് തന്നെ ആയിരുന്നു.മൊത്തത്തിൽ ഒരു സോ ഷോ തന്നെ ആയിരുന്നു Colombiana.ചിത്രം കാണാത്തവർ അധികം ഉണ്ടാകുമെന്ന് തോന്നുന്നില്ല.കണ്ടിട്ടില്ലേൽ കാണാൻ ശ്രമിക്കുക.


  ചിത്രം Netflix ൽ ലഭ്യമാണ്.


ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mviews യിൽ ലഭ്യമാണ്.

Friday, 25 September 2020

1279. Aapla Manus (Marathi,2018)

 1279. Aapla Manus (Marathi,2018)

          Mystery, Drama



  Synopsis:  


    മഴയുള്ള ഒരു രാത്രി എന്തോ വീഴുന്ന ശബ്ദം കേട്ടു പോയി നോക്കിയ സെക്യൂരിറ്റി ഗാർഡ് കണ്ടത് അപ്പാർട്മെന്റുകളിൽ ഒന്നിൽ താമസിക്കുന്ന വൃദ്ധൻ നിലത്തു വീണു കിടക്കുന്നതാണ്.അയാൾ വിസിലൂതി ആൾക്കാരെ അറിയിക്കുന്നു.എന്നാൽ അപകടം ആണെന്ന് കരുതിയ ഈ സംഭവത്തെ കുറിച്ചു അന്വേഷിക്കാൻ അടുത്ത ദിവസം ഒരാൾ സീനിലേക്കു വരുന്നു.ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഇൻസ്‌പെക്‌ടർ നാഗർഗോജെ.ഈ സംഭവത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നുള്ളതാണ് സിനിമയുടെ ബാക്കി കഥ അന്വേഷിക്കുന്നത്.





  My View: 


   ഒരു അപകടത്തെ കുറിച്ചുള്ള മൂന്നു വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ ആണ് സിനിമയുടെ കഥ വികസിക്കുന്നത്.പുറമെ നിന്നും നോക്കിയാൽ ഉള്ളതിൽ നിന്നും വിഭിന്നമായ അവസ്ഥ ആയിരുന്നു ആ വീട്ടിൽ.അഭിഭാഷകൻ ആയ മകന്റെയും അധ്യാപിക ആയ മരുമകളുടെയും ഒപ്പം ജീവിച്ചിരുന്ന ആൾ ആയിരുന്നു ആഭ ഗോഖലെ .പുറമെ നിന്നും നോക്കിയാൽ നല്ല ജീവിതം എന്നു തോന്നുമെങ്കിലും കഥാപാത്രങ്ങളിലൂടെ കഥ വികസിക്കുമ്പോൾ അവിടം അത്ര ശാന്തം അല്ലെന്ന് മനസ്സിലാകും.


  രഹസ്യങ്ങളുടെ കെട്ടു തുറക്കുമ്പോഴും കഥ കയ്യിൽ തരാതെ പോവുകയാണ്.ഒരു പക്ഷെ ക്ളൈമാക്സിലേക്കു എത്തുമ്പോൾ എത്ര പേർക്ക് സിനിമ ഇഷ്ടമാകും എന്നും സംശയമാണ്.ത്രില്ലിംഗ് ആയ കുറ്റാന്വേഷണ കഥയിലൂടെ പറയാൻ വന്ന പ്രധാനപ്പെട്ട ഒരു സന്ദേശം സിനിമയെ ആ രീതിയിൽ ബാധിച്ചേക്കാം. എന്നാലും പറയാൻ വന്ന കാര്യത്തിന്റെ പ്രാധാന്യം പ്രേക്ഷകന് എങ്ങനെ സ്വീകരിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു സിനിമ ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ളത്.


  പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.നാലാമത്തെ കഥാപാത്രം ഒരു പക്ഷെ ഇൻസ്പെക്കറ്ററുടെ കാഴ്ചപ്പാടിൽ രൂപം കൊള്ളുന്ന മുഖമായി മാറുന്നുണ്ട്.നാനാ പടേക്കർ ആണ് സിനിമയുടെ നട്ടെല്ല് എന്നു പറയാം.മികച്ച അഭിനയം.ശരിക്കും ആരാധന കൂടും അദ്ദേഹത്തിന്റെ ഇത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾ കാണുമ്പോൾ.കഥാപാത്രങ്ങളുടെ അഭിപ്രായം എല്ലാം പ്രേക്ഷകന് ഇഷ്ടമായിക്കൊള്ളണം എന്നില്ല എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.പ്രത്യേകിച്ചും ബന്ധങ്ങളിൽ ഉണ്ടാക്കുന്ന കാർക്കശ്യമായ ആവശ്യങ്ങൾ, അതിനോട് ആളുകൾ പ്രതികരിക്കുന്ന രീതി ഒക്കെ ചില സ്റ്റീരിയോടൈപ്പുകളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ കഥ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്ക് വരാൻ അതു അനിവാര്യം ആയിരുന്നു.ശരിയും തെറ്റും പ്രേക്ഷകന്റെ മനസ്സിൽ തന്നെ തീരുമാനിക്കാം.


   നേരത്തെ പറഞ്ഞ പോലെ ക്ളൈമാക്‌സ് എങ്ങനെ സ്വീകരിക്കുന്നു എന്നത് അനുസരിച്ചു ആയിരിക്കും ചിത്രത്തിനോട് മൊത്തത്തിൽ ഉള്ള ഇഷ്ടം ഉണ്ടാവുക.ആ നിലയിൽ ആദ്യം ഒന്നമ്പരുന്നു എങ്കിലും കഥ അവതരിപ്പിച്ച രീതി ഇഷ്ടമായത് കൊണ്ടു തന്നെ സിനിമയും ഇഷ്ടമായി.കണ്ടു നോക്കൂ, ഇഷ്ടമായേക്കാം!!

 


  സിനിമ Netflix ൽ ലഭ്യമാണ്.


More movie suggestions @www.movieholicviews.blogspot.ca


  


  

Thursday, 24 September 2020

1278. Enola Holmes ( English,2020)

 1278. Enola Holmes ( English,2020)

           Mystery


   


ഷെർലോക് ഹോംസിനെ സർ. ആർതറിന്റെ കഥകൾക്കും അപ്പുറം പല രൂപത്തിൽ നമ്മൾ കണ്ടതാണ്.പലപ്പോഴും ഷെർലോക്കിന്റെ പരിസരങ്ങൾ വലിയ രീതിയിൽ മാറ്റപ്പെട്ടിട്ടും ഉണ്ട്.നാൻസി സ്പ്രിൻഗറിന്റെ ഷെർലോക്കിന്റെ സഹോദരിയുടെ കഥ ആണ് എനോള ഹോംസിലൂടെ Netflix പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്.


  ഫിക്ഷണൽ കഥാപാത്രമായ ഷെർലോക്കിന്റെ കുടുംബം എന്ന concept ൽ നിന്നും ആണ് കഥാപാത്രങ്ങളും മറ്റു സംഭവങ്ങളും എല്ലാം അവതരിപ്പിച്ചിരിക്കുന്നത്.തന്റെ സഹോദരന്മാർ അവരുടെ വഴിയ്ക്ക് പോയതോടെ അമ്മയുടെ ഒപ്പം ജീവിക്കുന്ന എനോല ഇപ്പോൾ ഒറ്റയ്ക്കാണ്.അവളെ ഒറ്റയ്ക്കാക്കി 'അമ്മ എങ്ങോട്ടോ പോയിരിക്കുന്നു.എനോല അമ്മയെ കണ്ടെത്താൻ ഒരുങ്ങുമ്പോൾ ആണ് പല സംഭവങ്ങളും ഉണ്ടാകുന്നത്.അവൾ അമ്മയെ കണ്ടു പിടിക്കുമോ എന്നതിലുപരി ആ കാലഘട്ടത്തിലെ ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കു ആണ് കഥ കൂടുതൽ നീങ്ങുന്നത്.




  ഇതിലൂടെ ഉണ്ടാകുന്നത് മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ചിത്രം പ്രേക്ഷകനെ തീരെ ത്രിൽ അടുപ്പിക്കുന്നില്ല എന്നതാണ്.എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കു, തങ്ങളുടെ ശബ്ദം കേൾക്കണം എന്നു ആഗ്രഹിക്കുന്നവരിലൂടെ ആണ് കഥ മുന്നോട്ട് അവതരിപ്പിക്കുന്നത്.ട്രെയിലറും സിനിമയുടെ പേരും മറ്റും നൽകിയ പ്രതീക്ഷ എന്നാൽ കുറ്റാന്വേഷണ സിനിമ പ്രേമികൾക്ക് ഇതിലൂടെ അന്യമായി.


  സിനിമ ഇറങ്ങിയ ദിവസം കാണുമ്പോൾ മേൽപ്പറഞ്ഞ മനസ്സോടെ ആണ് ചിത്രം കാണാൻ ഇരുന്നത്.പ്രൊഡക്ഷൻ വശം ഒന്നും മോശം തോന്നിയില്ല എന്നു മാത്രമല്ല കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മിലിയുടെ അഭിനയം നന്നായി ഇഷ്ടമാവുകയും ചെയ്തു.അവരുടെ ഒറ്റയാൾ ഷോ ആയിരുന്നു സിനിമ.എന്നാൽ സിനിമ പ്രൊമോട്ട് ചെയ്ത ഹോംസ് എന്ന ഘടകം ഈ സിനിമക്ക് ബാധ്യതയാവുക ആണ് ഉണ്ടായതെന്ന് തോന്നുന്നു.ഹെൻറി കാവിലിന്റെ ഷെർലോക്, സാമിന്റെ മൈക്രോഫ്റ്റ് എല്ലാം നന്നായിരുന്നെങ്കിലും കഥാഗതി പ്രതീക്ഷകൾ തെറ്റിച്ചു എന്നു പറയാം.ഒരു കുറ്റാന്വേഷണ ചിത്രമായി കാണാൻ ഉള്ള കഥ ഇല്ലാത്തതും പോരായ്മ ആണ്.


  എന്നാൽക്കൂടിയും സിനിമ ബോർ ആണെന്ന് തോന്നിയില്ല.എനോളയുടെ coming-of-age എന്ന നിലയിൽ തുടങ്ങി ഒരു സിനിമ പരമ്പരയായി വന്നാൽ നന്നായിരുന്നു എന്ന അഭിപ്രായം ആണ്.ശക്തമായ കഥയും ഷെർലോക്കും മൈക്രോഫ്റ്റും ഒക്കെ അങ്ങനെ വന്നാൽ ശരിക്കും തീ പാറും.ഇപ്പോൾ ചുമ്മാ കണ്ടിരിക്കാവുന്ന ഒരു ചിത്രം മാത്രമായി വിലയിരുത്താം ഷെർലോക്കിന്റെ സഹോദരിയുടെ കഥയെ.


More movie suggestions @www.movieholicviews.blogspot.ca

1277. JL50 (Hindi, 2020)

 1277. JL50 (Hindi, 2020)

          Fantasy, Sci- fi, Mystery


  തീവ്രവാദികൾ വിമാനം തട്ടി കൊണ്ടു പോയി മോചന ദ്രവ്യമായി അവരുടെ നേതാവിനെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു.അവർ യാത്രക്കാരെ ബന്ധികൾ ആക്കി വച്ചിരിക്കുക ആണ്.ആ സമയത്തു വെസ്റ്റ് ബംഗാളിൽ യാത്രക്കാരുമായി ഒരു വിമാനം തകർന്നു വീഴുന്നു. തീവ്രവാദികൾ കടത്തി കൊണ്ടു പോയ വിമാനം ആകും എന്നു കരുതി സർക്കാരിൽ നിന്നും രഹസ്യമായി ഉന്നത തല അന്വേഷണം തുടങ്ങുന്നു.എന്നാൽ അവിടെ അവരെ കാത്തിരുന്നത് വിചിത്രമായ ഒരു വിവരമായിരുന്നു.സാമാന്യ യുക്തിക്കു ദഹിക്കാൻ ആകാത്ത ഒരു സംഭവം.അതെന്താണ് എന്നാണ് Sony Liv റിലീസ് ചെയ്ത അര മണിക്കൂർ വീതം ഉള്ള 4 എപ്പിസോഡുകളിലൂടെ JL50 പറയുന്നത്.


  ഇന്ത്യൻ സിനിമ/സീരിയൽ അധികമായി കൈ വായിക്കാത്ത ടൈം ട്രാവൽ ആണ് ഈ പരമ്പരയ്ക്കു ആധാരം.ഈ അടുത്തായി ഇത്തരം ഒരു രീതിയിൽ.സിനിമകളും ചിന്തകളും വരുന്നുണ്ട്.കുറഞ്ഞ സമയത്തിനുള്ളിൽ സങ്കീർണമായ ഒരു കഥ നന്നായി അവതരിപ്പിച്ചതായി തോന്നി.അഭയ ഡിയോൾ അവതരിപ്പിച്ച സി ബി ഐ ഓഫീസറുടെ കഥാപാത്രം ഈ സംഭവങ്ങളും ആയി കൂടുതൽ ഇഴ ചേരുന്നതാണ് ക്ളൈമാക്സിലേക്കു എത്തുമ്പോൾ കാണാൻ സാധിക്കുക.



  ഒരു ത്രില്ലർ എന്ന നിലയിൽ നന്നായിരുന്നു.ഒപ്പം  സങ്കീർണതകൾ ഇല്ലാതെ ടൈം ട്രാവലിനെ കുറിച്ചു വിശദീകരണം നൽകിയത് എല്ലാം സീരിസിന്റെ നല്ല വശം ആയിരുന്നു.കഥ പല വിദേശ സിനിമകളിലും കണ്ട് പോയതായി തോന്നുമെങ്കിലും ഇത്തരത്തിൽ ഒരു പ്രമേയത്തിൽ സാധ്യമാകുന്ന രീതിയിൽ തന്നെ കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നിലവാരം ഉള്ള നല്ലൊരു പ്രൊഡക്ഷൻ ആണ് JL50.


More movie suggestions @www.movieholicviews.blogspot.ca

Friday, 18 September 2020

1276. The Sheriff in Town (Korean,2017)

 1276. The Sheriff in Town (Korean,2017)

           Action, Comedy, Mystery



  തന്റെ പോലീസ് ആയുള്ള കരിയർ തന്നെ തകർത്ത സംഭവത്തിന്റെ ഇടയിൽ ആണ് ഡേ- ഹോ അയാളെ ആദ്യമായി കാണുന്നത്.തന്റെ കഷ്ടപ്പാടുകൾ  കാരണം ബലിയാടായി മാറേണ്ടി വന്ന ആളോട് ഡേ-ഹോ അനുകമ്പ കാണിക്കുന്നു.വർഷങ്ങൾക്കു അപ്പുറം ഡേ-ഹോ അയാളെ വീണ്ടും കാണുക ആണ്.എന്നാൽ ഇത്തവണ അയാളുടെ നിരാശജനകമായ ജീവിതതിൽ നിന്നും ഉയിർത്തെഴുന്നേറ്റു അയാൾ വിജയകമരമായി ബിസിനസ് നടത്തുന്ന ഒരാളായി മാറിയിരുന്നു.




   എന്നാൽ കാലക്രമേണ ഡേ- ഹോയ്ക്കു അയാളെ കുറിച്ചു സംശയം തോന്നുന്നു.യഥാർത്ഥത്തിൽ സമൂഹത്തിൽ നല്ല രീതിയിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള അയാൾക്ക് ഒരു പൊയ്മുഖം ഉണ്ടോ? ഡേ-ഹോ അന്വേഷണം തുടങ്ങുക ആണ്.ഡേ-ഹോയുടെ അന്വേഷണം അയാളെ കൊണ്ടെത്തിക്കുന്നത് ചില രഹസ്യങ്ങളുടെ മറ നീക്കിയാണ്.അതു എന്താണ് എന്നറിയാൻ ചിത്രം കാണുക.


   ക്ളീഷേ കഥയായി തോന്നാമെങ്കിലും നല്ല വേഗതയിൽ ഉള്ള അവതരണവും ആക്ഷൻ, കോമഡി രംഗങ്ങൾ ഒക്കെ വർക് ഔട്ട് ആയ ഒരു കൊമേർഷ്യൽ കൊറിയൻ ചിത്രമാണ് The Sherrif in Town.ഒരു കാലത്തെ ഇന്ത്യൻ സിനിമയ്ക്ക് ഒഴിച്ചു കൂട്ടാൻ ആകാത്ത നായകനും സിൽബന്ധികളും എന്ന ഒരു ഫോർമാറ്റിൽ ആണ് കഥ വികസിക്കുന്നത്.ആ ടൗണിലെ എല്ലാമെല്ലാമായ നായകനെ നമ്മൾ ധാരാളം സിനിമകളിൽ കണ്ടതും ആണ്.ഈ ക്ളീഷേകൾക്ക് ഇടയിലും നേരത്തെ പറഞ്ഞ അവതരണ രീതി ചിത്രത്തെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്.


   തരക്കേടില്ലാത്ത ഒരു സിനിമ അനുഭവം ആണ് The Sherrif in Town.ഒരു Must Watch എന്ന അഭിപ്രായം ഇല്ലെങ്കിലും കണ്ടത് കൊണ്ടു വലിയ നഷ്ടമില്ലാത്ത ഒരു ചിത്രം.


 സിനിമയുടെ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.

Tuesday, 8 September 2020

1275. Time Freak (English, 2018)

 1275. Time Freak (English, 2018)

           Sci-Fi, Romance, Fantasy

   നിങ്ങൾ ഭാര്യയുടോ, കാമുകിയോടോ, സുഹൃത്തുക്കളോടൊ, വീട്ടുകാരോടോ ഒക്കെ വഴക്കിടാറുണ്ടോ എപ്പോഴെങ്കിലും?വഴക്കിടാറുണ്ട് എങ്കിൽ, വഴക്കിട്ടതിന് ശേഷം അതു വേണ്ടായിരുന്നു എന്നു തോന്നുക സ്വാഭാവികം ആയിരിക്കും.പലപ്പോഴും തുറന്നു സംസാരിക്കാൻ ഉള്ള മടി കൊണ്ടു തന്നെ ഏതെങ്കിലും ഒരു ഭാഗത്തു ഉള്ളവർ ആ വഴക്ക് മറക്കുന്നത് വരെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകാൻ ഉള്ള സാധ്യതയും കൂടുതലാണ്.


  ഇതൊക്കെ ഒഴിവാക്കാൻ ഒരു ടൈം മെഷീൻ ഉണ്ടാക്കിയാലോ?ടൈം മെഷീൻ ഉപയോഗിച്ചു കളയണം എന്നു തോന്നിയ സമയങ്ങളിൽ എല്ലാം പോയി എന്ന് ആവർത്തിച്ച സംഭവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞാലോ?നടക്കുന്ന കാര്യം ഒന്നും അല്ല യഥാർത്ഥത്തിൽ. എന്നാൽ സിനിമയുടെ ഭാവന ലോകത്തു അസംഭവ്യം അല്ല ഇതൊന്നും.എന്നാൽ ഇങ്ങനെ ഉള്ള തിരുത്തി എഴുത്തു ആരോഗ്യകരമായ ഒന്നാണോ?


 ഫിസിക്സിൽ അസാധാരണമായ അറിവുള്ള സ്റ്റിൽമാൻ എന്ന വിദ്യാർത്ഥി തന്റെ പ്രണയിനിയെ കൂടെ നിർത്താൻ ഒരു ടൈം മെഷീൻ തന്നെ അങ്ങു കണ്ടു പിടിച്ചു.അതിനു കാരണമായ ഒരു സംഭവവും ഉണ്ടായി.ജീവിതം ടെക്‌നോളജി ഉപയോഗിച്ചു പുനരവതരിപ്പിക്കുന്ന സ്റ്റിൽമാൻ എന്നാൽ മനുഷ്യന്റെ പ്രഥമമായ ചില കാര്യങ്ങളിൽ നിന്നും മുഖം തിരിക്കുന്നുണ്ട്.വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ ആയി അവ മാറുന്നുണ്ട്.




  ടൈം ലൂപ്പിന്റെ ശാസ്ത്രീയ സങ്കീർണതകൾ ഒന്നും ഇല്ലാതെ ചുമ്മാ ഒരു ആപ് വഴി ടൈം ട്രാവൽ ചെയ്യാൻ കഴിയുക.അവിടെ ഒരു ലൂപ്പ് സൃഷ്ടിച്ചു കൊണ്ടു പൊളിച്ചഴുത്തൽ ആണ് Time Freak ൽ.എന്നാൽ സ്റ്റിൽമാന്റെ ചിന്തകൾ ശാരിയായിരുന്നോ എന്നു  അറിയണ്ടേ?ചിത്രം കാണുക. റൊമാന്റിക് കോമഡി എന്ന നിലയിൽ നോക്കിയാലും ചിത്രം തരക്കേടില്ല. കണ്ടു നോക്കുക.


 സ്റ്റിൽമാൻ എന്ന കഥാപാത്രം Simp വിളികൾ ധാരാളം കേട്ടിരുന്നു.


 ചിത്രം Prime Video ചാനൽ ആയ Super Channel ൽ ലഭ്യമാണ്.


  ചിത്രത്തിന്റെ ലിങ്ക്  @mhviews എന്ന ടെലിഗ്രാം സെർച്ചിൽ  ലഭ്യമാണ്.

1274. Palm Springs (English, 2020)

 1274. Palm Springs (English, 2020)

           Sci- Fi, Romance, Fantasy


   അയാൾ അതിനു മുന്നേയും ഒരാളെ തന്റെ കൂടെ കൂട്ടിയിട്ടുണ്ട്.ഇപ്പോൾ അയാൾ അവന്റെ വലിയ ശത്രു ആണ്.ഈ പ്രാവശ്യം അവൻ അവളോട്‌ തന്റെ കൂടെ വരരുത് എന്നാണ്.എന്നാലും അവൾ പോയി അവന്റെ പുറകെ.എത്തി ചേർന്നത് വലിയ ഒരു അപകടത്തിലേക്ക് ആയിരുന്നു.ഒരു ദിവസം തന്നെ വീണ്ടും വീണ്ടും ജീവിച്ചു തീർക്കുക എന്ന അപകടത്തിലേക്ക്.


  ഒരു ടൈം ലൂപ്പ് അവിടെ വീണ്ടും സൃഷ്ടിക്കപ്പെടുക ആണ്.ഇത്തവണ നൈൽസിന് ഒരു കൂട്ടും ഉണ്ട്.സാറ.അപരിചിതരായ അവർ ഒരു കല്യാണ ചടങ്ങിന്റെ ഇടയിൽ ആണ് പരിചയപ്പെടുന്നത്.പല ജീവിത പ്രശ്നങ്ങൾ ഉണ്ടായിരുന്ന സാറയ്ക്കു എന്നാൽ ജീവിതത്തെ കുറിച്ചു പുതിയ ഒരു കാഴ്ചപ്പാട് ലഭിക്കുക ആയിരുന്നു ആ സമയത്തു. അതിന്റെ പ്രധാന കാരണം അവൾ അകപ്പെട്ടു പോയ പുതിയ ജീവിത പ്രഹേളികയും.


   ജീവിതത്തിൽ ഇത്തരത്തിൽ ഒരു അവസ്ഥയിൽ പെട്ടു പോയാൽ അവസരങ്ങളുടെ പെരു മഴ ആയിരിക്കും എന്നാണ് തോന്നുക.എന്തൊക്കെ കാര്യങ്ങൾ ശരിയാക്കാം അല്ലെ?അതേ, നൈൽസും സാറയും ജീവിതം ആസ്വദിക്കുക ആണ്, ഒരു അന്തവും ഇല്ലാതെ.അപ്പോഴാണ് ചില കാര്യങ്ങൾ സംഭവിക്കുന്നത്. 





  ഒരു സാധാരണ ടൈം ലൂപ്പ് കഥയിൽ നിന്നും മറ്റു ചില കാര്യങ്ങളിലേക്ക് കഥാപാത്രങ്ങൾ മാറുകയാണ്.ചില കൊച്ചു രഹസ്യങ്ങൾ ഒക്കെ പുറത്തു വരുന്നും ഉണ്ട്.കണ്ടു നോക്കൂ.നഷ്ടം ആകില്ല.ടൈം ലൂപ്പിന്റെ സങ്കീർണതകളിലേക്കു കഥ അധികം പോകുന്നില്ല.ഒരു ഫാന്റസി ചിത്രമെന്ന മാനം അത് കൊണ്ടു സിനിമയ്ക്ക് ലഭിക്കുന്നതായി തോന്നി.


  ഓരോ ഉറക്കത്തിനും മരണത്തിനും നമ്മളെ ഒക്കെ ഇതു പോലെ ജീവിതം വീണ്ടും എഴുതാൻ ഉള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ എന്തു രസം ആയേനെ? എന്തായാലും ജീവിതത്തിൽ നേരിട്ടു നടക്കില്ല എങ്കിലും സിനിമ കാണുമ്പോൾ ചിന്തിക്കാമല്ലോ അല്ലെ?എനിക്ക് നന്നായി ഇഷ്ടപ്പെട്ടു Palm Springs.കഴിയുമെങ്കിൽ കാണുക.നല്ല നിരൂപക പ്രശംസയും ലഭിച്ചിരുന്നു ചിത്രത്തിന്.


  ചിത്രം Hulu ൽ ഉണ്ട്.


  സിനിമയുടെ ലിങ്കിനായി  @mhviews എന്നു ടെലിഗ്രാമിൽ സെർച്ച ചെയ്യുക.