753.VILLAGE OF NO RETURN(MANDARIN,2017),|Fantasy|Mystery|,Dir:-Yu-Hsun Chen,*ing:-Qi Shu, Qianyuan Wang, Hsiao-chuan Chang
ഫാന്റസി ചിത്രങ്ങൾ മികച്ചതാകുന്നത് അതു സൃഷ്ടിക്കുന്ന മായിക ലോകത്തിൽ യാഥാർഥ്യങ്ങൾക്കു അപ്പുറം ഉള്ള കാഴ്ചകൾ പ്രേക്ഷകനിൽ ആസ്വാദ്യകരമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ്.മുത്തശി കഥകൾക്ക് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടും ക്ഷാമം ഇല്ലാത്തതായിരുന്നു ഇത്തരം കഥകൾ.പ്രത്യേകിച്ചും ഇതിഹാസ പുരാണങ്ങൾ സംസ്ക്കാരവും ആയി ബന്ധിക്കപ്പെട്ട ജനങ്ങളുടെ ഇടയിൽ കേട്ടറിഞ്ഞ് പഴകിയ കഥകൾ പിന്നീട് വെറും കഥകൾക്കും അപ്പുറം ആചാരങ്ങൾ പോലും ആയി മാറിയിട്ടും ഉണ്ട്.ഇത്തരം കഥകളുടെ പ്രത്യേകതയും അതാണ്.അവ ജനങ്ങളിൽ നിർമിക്കുന്ന നന്മ-തിന്മകളുടെ വിവേചന ബുദ്ധി.
"Village Of No Return" എന്ന തായ്‌വാൻ ചിത്രം മേൽപ്പറഞ്ഞ രീതിയിൽ നിർമിച്ച ഒന്നാണ്.യാഥാർഥ്യങ്ങൾക്കും അപ്പുറം ഉള്ള ഒരു മായിക ലോകവും അവിടെ നടക്കുന്ന ചില സംഭവങ്ങളും ബ്ളാക് ഹ്യൂമറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും ആ ഗ്രാമത്തിൽ പുതുതായി വരാൻ പോകുന്ന ട്രെയിനുകൾ പ്രതീക്ഷിച്ചു ഇരിക്കുന്ന ഗ്രാമ തലവൻ.ആദ്യമായി ആ ഗ്രാമത്തിൽ എത്തിപ്പെട്ടത് കൊണ്ടു മാത്രം ആണ് അയാൾ ആ പദവിയിൽ എത്തിയത്.
ക്വീങ് സാമ്രാജ്യത്തിന്റെ അവസാനം ചൈനീസ് റിപബ്ലിക് സ്ഥാപിതം ആകുന്ന കാലഘട്ടം.സ്വപ്നങ്ങളുടെ ആ ഗ്രാമത്തിൽ നിധി ശേഖരം ഉണ്ടെന്ന ധാരണയിൽ ഒരു പൗര മുഖ്യൻ അവിടം തന്റെ നിയന്ത്രണത്തിൽ ആക്കാൻ ശ്രമിക്കുന്നു.അതിനായി അയാൾ കണ്ടെത്തിയത് ആ ഗ്രാമത്തിലെ ബിഗ് പൈ എന്ന ഒറ്റുകാരനെ ആയിരുന്നു.തന്റെ കൃത്യ നിർവഹണത്തിനു ശേഷം നഗരത്തിൽ ജീവിക്കാൻ ഉള്ള അവസരം ആയിരുന്നു അതിനു അയാളെ പ്രേരിപ്പിച്ചത്.
തിരികെ ഗ്രാമത്തിൽ അയാൾ എത്തി ചേരുമ്പോൾ ട്രെയിൻ അങ്ങോട്ടു വരുന്നു എന്ന് ഉള്ള വാർത്തയും ആയി പോകുന്ന സന്ദേശ വാഹകൻ ആണ് അയാളെ വരവേറ്റത്.ഗ്രാമം ആഘോഷ തിമിർപ്പിൽ ആകുന്നു.എന്നാൽ അന്ന് രാത്രി ബിഗ് പൈ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.ആകെ ആശയകുഴപ്പത്തില്‍ ആയ ഗ്രാമവാസികള്‍ അയാളുടെ ഭാര്യയെ സംശയിക്കുന്നു.ആ സമയം ആണ് തന്‍റെ കയ്യില്‍ മനുഷ്യന്റെ ദുഃഖങ്ങള്‍ മാറ്റാന്‍ കഴിവുള്ള ഒരു യന്ത്രം ഉണ്ടെന്നു പറഞ്ഞു കൊണ്ട് ഒരാള്‍ വരുന്നത്.
ചിത്രത്തിന്റെ ഫാന്റസി എന്ന ഭാഗം ഇവിടെ ആരംഭിക്കും.മനുഷ്യന്റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള യന്ത്രങ്ങള്‍,ഒരു പക്ഷേ കൂടുതല്‍ ഉപയോഗം വരുക രാഷ്ട്രീയത്തില്‍ ആയിരിക്കും.മറവികള്‍ ആണ് പലപ്പോഴും അനുഗ്രഹം ആയി തീരുകയും ചെയ്യുന്നത്."Brain Washing" ഒരു ചെറിയ കൂട്ടം ജനങ്ങളില്‍ വരുത്തുന്ന മാറ്റം ഒരു പക്ഷെ അവരുടെ സ്വത്വ ബോധത്തെ പോലും ചോദ്യം ചെയ്യാം.അതിനൊപ്പം വീര സാഹസിക നായകന്‍ ആയി സ്വയം അവരോധിക്കുന്ന ഭരണാധികാരി കൂടി ആകുമ്പോള്‍ ?ഈ ചിത്രത്തിലും സമാനമായ സന്ദര്‍ഭങ്ങള്‍ ഒരു മുത്തശി കഥ പോലെ അവതരിപ്പിച്ചിരിക്കുന്നു.ഇനി ചിത്രം അവശേഷിപ്പിക്കുന്നത് കുറച്ചു ചോദ്യങ്ങള്‍ ആണ്. അന്ന് രാത്രി വന്ന ആള്‍ ആയിരുന്നു?എന്തായിരുന്നു അയാളുടെ ലക്‌ഷ്യം?അവിടെ എന്താണ് സംഭവിക്കുന്നത്? ഈഈ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം ആണ് ബാക്കി ചിത്രം.
സ്വപ്നം കണ്ടു ജീവിക്കുന്ന കുറെ മനുഷ്യര്‍,സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ .ഒരു ശരാശരി സമൂഹത്തിലെ എല്ലാ സാമ്പിളും ഈ മണ്ടാരിന്‍ ഭാഷയില്‍ ഉള്ള ചിത്രത്തില്‍ കാണാന്‍ സാധിക്കും.ചിത്രം അവതരിപ്പിച്ചിരിക്കുന്ന രീതി അഭിനന്ദനീയം ആണ്.പ്രത്യേകിച്ചും ബ്ലാക്ക് ഹ്യൂമര്‍ ഉപയോഗിച്ചിരിക്കുന്ന വിധം.ഉദാഹരണം പറഞ്ഞാല്‍,ചിത്രത്തിലെ രണ്ടു ആത്മഹത്യ ശ്രമങ്ങള്‍.ശരിക്കും മറ്റൊരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ ആ മൂഡ് തന്നെ വേറെ ആയേനെ.എന്നാല്‍ അത് ഉപയോഗിച്ച വിധം രസകരം ആയിരുന്നു.എടുത്തു പറയേണ്ടത് സിനിമയുടെ ഫ്രെയിമുകള്‍ ആണ്.ദൃശ്യ ഭംഗി അതി വിദഗ്ധമായി ഒപ്പിയെടുത്തിരിക്കുന്നു.ഗ്രാമത്തിന്റെ സൗന്ദര്യം,ഒരു പക്ഷെ ആ രംഗങ്ങള്‍ കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ ആയിരുന്നു.
ഏഷ്യന്‍ സിനിമകളിലെ ചില സ്ഥിരം കാഴ്ചകള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും ഫാന്ടസിയില്‍ തീര്‍ത്ത നിഗൂഡതകള്‍ ഏറെ ഉള്ള ചിത്രം ആണ് Village of No Return.തീരെ മുഷിപ്പിക്കാത്ത നല്ലൊരു ചിത്രം.
More movie suggestions @www.movieholicviews.blogspot.ca