Tuesday, 27 September 2016

704.THE TUNNEL(KOREAN,2016)

704.THE TUNNEL(KOREAN,2016).|Thriller|Drama|,Dir:-Seong-hun Kim,*ing:-Doona Bae, Jung-woo Ha, Dal-su Oh.


   ജീവിതത്തില്‍  ഭയം  മനുഷ്യനെ കീഴ്പ്പെടുത്തുന്ന  അവസരങ്ങള്‍ ധാരാളം  ഉണ്ട്.വൈകാരികം ആയും സ്വന്തം  നിലനില്‍പ്പിനു  വരെ  അപകടകരമായ സാഹചര്യം  ഉണ്ടാക്കുന്നവ ആണ്  അതില്‍ ഏറ്റവും  ഭീകരം.ഇതേ തീമില്‍  പലപ്പോഴും  ചിത്രങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.ഈ  തീം  എന്ന്  പറയുന്നത്  അടയ്ക്കപ്പെട്ട /അടച്ചു  വച്ച  മുറി  അല്ലെങ്കില്‍ അത്തരം  ഒരു  സാഹചര്യം.ഈ  സിനിമയിലും  അത്തരം  ഒരു  സാഹചര്യം  ആണ്  ഉള്ളത്.തകര്‍ന്ന ഒരു  തുരങ്കം.അതില്‍  ഒറ്റപ്പെട്ടു  പോയ  മനുഷ്യന്‍.അയാള്‍ക്ക്‌  പുറം  ലോകവും ആയി  ഉള്ള  ബന്ധം ഒരു  മൊബൈല്‍  ഫോണ്‍  മാത്രം.നീളം  ഉള്ള  തുരങ്കത്തില്‍  അയാളുടെ  സ്ഥാനം  പോലും  കൃത്യമായി  നിര്‍ണയിക്കാന്‍  കഴിയാതെ വിഷമിക്കുന്ന Rescue Team.

   അതിനോടൊപ്പം  ഒരാളുടെ  ജീവന്  വേണ്ടി  ബലി  കഴിപ്പിക്കേണ്ടി  വരുന്ന  പണം അതിനായി  അധ്വാനിക്കുന്നവരുടെ  പ്രയത്നം.അവസാനം  എത്തി  ചേരുന്ന  പണത്തെ  ആസ്പദം  ആക്കിയുള്ള  സര്‍ക്കാര്‍  ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍/സാധാരണ  ഇത്തരം  ചിത്രങ്ങളില്‍  വരുന്ന  ധൈര്യവാനായ  എന്തും  ചെയ്യാന്‍  കഴിവുള്ള  നായകന്‍  അല്ല  ലീ ജുംഗ് സൂ.അയാള്‍ക്ക്‌  ഭയം  ഉണ്ട്.ഇരുട്ട്  അടഞ്ഞ  ആ  തകര്‍ന്ന  തുരങ്കത്തില്‍  വെളിച്ചം  ഇല്ലാതെ  ഉറങ്ങാന്‍  അയാള്‍ക്ക്‌  ഭയം  ആണ്.കയ്യില്‍  ഉള്ള  രണ്ടു  ചെറിയ  കുപ്പികളിലെ  വെള്ളം  തീര്‍ന്നു  പോകാം  എന്നും  അയാള്‍  ഭയപ്പെടുന്നു.കൂടെ  അല്‍പ്പം  ദിവസത്തിന്   ശേഷം  കണ്ടു  മുട്ടിയ  മറ്റൊരു  സ്ത്രീയുടെ  വിഷമങ്ങള്‍  അയാളെ  സാധാരണ മനുഷ്യനും  ആക്കുന്നുണ്ട്‌.സ്വാര്‍ത്ഥത  ഉള്ള  ശരാശരി  മനുഷ്യന്‍.

   സ്വന്തം  മകളുടെ  പിറന്നാളിന്  കേക്കും  ആയി  പോകുന്ന  ഒരു  അച്ഛന്‍ ഒരിക്കലും  തന്റെ  ഏറ്റവും  ഭയാനകം  ആയ  സ്വപ്നങ്ങളില്‍  പോലും  കാണാത്തത്  ആണ്  അന്ന്  കാണുന്നത്.അയാള്‍  പോയിക്കൊണ്ടിരുന്ന തുരങ്കം  തകര്‍ന്നു  വീഴുന്നു.ജീവിതത്തില്‍  ഇനി  ഇത്  പോലെ  ഒരു  തുരങ്കത്തിലൂടെ  പോകുമ്പോള്‍  തീര്‍ച്ചയായും  ഈ  സംഭവം  ഓര്‍മ  വരും.കൊറിയന്‍  സിനിമകള്‍  ഇത്തരം  സാധാരണം ആയ  ഹോളിവുഡ്  തീമുകളെ  തങ്ങളുടേതായ  രീതിയില്‍  കൈകാര്യം  ചെയ്യുന്നത്  കാണാന്‍  തന്നെ  നല്ല  രസമുണ്ട്.ഒരു  പക്ഷെ  പഴകിയ  പ്രമേയങ്ങളില്‍ പുതുമ  കണ്ടെത്താന്‍  ഉള്ള  കഴിവ്.

  ലോജിക്കല്‍  ആയി  കുറച്ചു  തെറ്റുകള്‍  തോന്നിയിരുന്നു.പ്രത്യേകിച്ചും  ഫോണിന്‍റെ  കാര്യത്തില്‍.അത്  മാറ്റി  നിര്‍ത്തിയാല്‍ നല്ല  ഒരു  ചിത്രം  ആയി  തോന്നി  The Tunnel

More Movie suggestions @www.movieholicviews@blogspot.ca

Tuesday, 13 September 2016

703.24 HOURS TO DIE(KOREAN,2008)

703.24 HOURS TO DIE(KOREAN,2008),|Mystery|Thriller|,Dir:-Hyeong-jin Kwon,*ing:-Yeong Bang, Cheong-ja Choi, Gyo-sik Choi.


  "മനുഷ്യമനസ്സും  സാഹചര്യങ്ങളും" പരസ്പ്പര പൂരകം  ആണ്.സാഹചര്യങ്ങള്‍ക്ക്  അനുസരിച്ച്  മാറാന്‍  ഉള്ള  കഴിവ്  തന്നെ  ആയിരിക്കും  മനുഷ്യന്റെ  ഏറ്റവും  വലിയ  ശക്തി.അനുകൂലം  ആയ  സാഹചര്യങ്ങള്‍   ഒരാളുടെ  അന്തര്‍ലീനം  ആയ  കഴിവുകളെ മറച്ചു  പിടിക്കും  എന്ന്  തന്നെ  പറയാം.ഒരു  പക്ഷെ  ലോകം  മുഴുവന്‍  ദുര്‍ബലന്‍  എന്ന്  വിളിച്ചേക്കാവുന്ന  മനുഷ്യന്‍  പലപ്പോഴും  അത്തരം  സാഹചര്യങ്ങളുടെ  അടിമ  ആയിരിക്കും.ചുല്‍-മിന്‍  അത്തരത്തില്‍  ഒരാളായിരുന്നു  എന്ന്  വേണം  കരുതാന്‍.കാരണം  സാധരണ  ജീവിതം  നയിച്ചിരുന്ന ഒരു  ട്രക്ക്  ഡ്രൈവര്‍  എന്നതില്‍  ഉപരി  അയാള്‍  ഒന്നും  അല്ലായിരുന്നു.

   ഭക്ഷിക്കാന്‍  ആയി  പന്നിയെ  വെട്ടുമ്പോള്‍  പോലും  അയാളുടെ മനസ്സില്‍  വരുന്നത്  ഭയം  ആയിരുന്നു.ജന്മന  ഉള്ള  ഹൃദയ  വൈകല്യം  മരണപ്പെട്ട   അമ്മയില്‍  നിന്നും  ലഭിച്ച  ഒരു  മകള്‍  ആയിരുന്നു  അയാളുടെ  ഏക  സമ്പാദ്യം.എന്നാല്‍  ഒരു  ദിവസം  പെട്ടന്ന്  സ്വന്തം  മകളുടെ  ചികിത്സയ്ക്ക്  ,അവളുടെ  ജീവന്‍  രക്ഷിക്കാന്‍  ഒരു  വന്‍  തുക  വേണമെന്ന്  പറഞ്ഞപ്പോള്‍  സാധാരണക്കാരില്‍  സാധാരണ  മനുഷ്യന്‍  ആയ ചുല്‍  മിന്‍ ആദ്യം  പകച്ചു  പോകുന്നതും.പിന്നീട്  അയാള്‍  സഞ്ചരിച്ചത്  ഒരു  ശുദ്ധ  ഗതിക്കാരന്  പോകാന്‍  പറ്റുന്ന  വഴികളില്‍  കൂടി  അല്ലായിരുന്നു.ചൂതാട്ടം,പിന്നീട്  ,  തെറ്റായ  സമയത്ത്  എത്തിപ്പെടരുതാത്ത സ്ഥലത്ത്  എത്തിപ്പെടുന്ന  അയാള്‍ക്ക്‌ മറ്റു  ചിലരുടെ   രക്തക്കറ  മായ്ച്ചാല്‍  തന്റെ  ലക്‌ഷ്യം  നിറവേറാം  എന്ന  വിശ്വാസം  ഉണ്ടാകുന്നു.

   എന്നാല്‍  തന്റെ  ആ യാത്രയ്ക്കിടയില്‍  അവിചാരിതമായി  കണ്ടു  മുട്ടിയ അപകടകാരി  ആയ  അപരിചിതന്‍  കൂടി ആകുമ്പോള്‍  ഒരു  രാത്രി  കൊണ്ട്  മരണത്തിനെ  പലപ്പോഴായി  നേരില്‍ കണ്ട  അവസ്ഥയില്‍  ആകുന്നു  അയാള്‍.ചുല്‍  മിന്നിന്റെ  അന്നത്തെ  ഒരു  ദിവസം .മരണവും  ജീവിതവും  തമ്മില്‍  ഉള്ള  ദൂരം  അന്നത്തെ  രാത്രിക്ക്  മാത്രം  അവകാശപ്പെട്ട  കണക്കാണ്.ആ  കണക്കു  കൂട്ടലുകള്‍  പിഴച്ചാല്‍  അയാള്‍ക്ക്‌  നഷ്ടം  ആകുന്നത്‌  പ്രിയപ്പെട്ട  പലതും  ആണ്.24  Hours To Die  എന്ന  ചിത്രം  കൊറിയന്‍  ചിത്രങ്ങളുടെ  തനതായ  ഇരുണ്ട  വെളിച്ചത്തില്‍  മഴയുടെ  അകമ്പടിയോടെ പ്രേക്ഷകനില്‍  ത്രില്‍  എന്ന  X-factor  നല്‍കാന്‍  തക്ക രീതിയില്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍  ത്രില്ലര്‍  ചലച്ചിത്ര  പ്രേമികള്‍ക്ക്  ഇഷ്ടമാകും  ഈ  ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

702.TRAIN TO BUSAN(KOREAN,2016)

702.TRAIN TO BUSAN(KOREAN,2016),|Horror|Thriller|,Dir:-Sang-ho Yeon,*ing:-Yoo Gong, Soo-an Kim, Yu-mi Jeong .


  ചില  മനുഷ്യരുണ്ട്‌, ജീവിതത്തില്‍ അവര്‍  സ്വാര്‍ത്ഥത കാണിക്കുന്നതില്‍  എന്നും  മുന്‍പ്പന്തിയില്‍  ആയിരിക്കും.സ്വന്തം  നേട്ടങ്ങള്‍  മാത്രം  മനസ്സില്‍  കണ്ടു  ജീവിക്കുന്നവര്‍.എന്നാല്‍  അവര്‍  ചിലപ്പോഴെങ്കിലും  ചില  തിരിച്ചറിവുകളില്‍  കൂടി  കടന്നു  പോകേണ്ടാതായും  വരും.സിയോക്  വൂ  എന്ന  ഫണ്ട്  മാനേജറും  അത്തരത്തില്‍  ഉള്ള  ഒരാളായിരുന്നു.എന്നാല്‍  ജീവിതത്തില്‍  അയാള്‍ക്കുണ്ടാകുന്ന  അത്തരം  അനുഭവങ്ങള്‍ അയാളുടെ  ഏറ്റവും  മോശം  സ്വപ്നത്തില്‍  പോലും  കാണാത്ത  അത്ര  ഭീകരം  ആയ  സംഭവങ്ങളുടെ  പിന്‍പ്പറ്റി  ആണ്  ഉണ്ടാകുന്നത്.Train  to  Busan  എന്ന  കൊറിയന്‍-സോമ്പി  ചിത്രം ഒരു  പക്ഷെ  ആ  genre  ല്‍  വന്ന  ചിത്രങ്ങളിലെ  മാസ്റ്റര്‍പ്പീസ്  ആയി  മാറുന്നത്തില്‍ ഇത്തരത്തില്‍ ഉള്ള  കഥയുടെ  അവതരണ  രീതി  മുഖ്യ  പങ്കു  വഹിക്കുന്നുണ്ട്.

   പലപ്പോഴും  വേഷം  കെട്ടല്‍  ആയി  മാറുന്ന  സോമ്പി  ചിത്രങ്ങളില്‍  നിന്നും  വ്യത്യസ്തം  ആണ്  Train to  Busan.ഭൂരിപക്ഷ  പ്രേക്ഷകനു  ആസ്വദിക്കാന്‍  കഴിയുന്നതിനോടൊപ്പം ചിത്രം  കാത്തു സൂക്ഷിച്ച  നിലവാരവും  കാരണം  ആണ്.സിയോക്  വൂ  മകളുടെ  നിര്‍ബന്ധം  കാരണം അവളുടെ  പിറന്നാളിന്  തന്റെ  മുന്‍  ഭാര്യയെ  കാണാന്‍  ബുസാനിലേക്ക്  മകളോടൊപ്പം  യാത്ര  പോകുന്നു.അന്ന് ഉണ്ടായ അപകടകരമായ  സാഹചര്യങ്ങളെ  അവര്‍  എങ്ങനെ  അതി  ജീവിക്കാന്‍  ശ്രമിച്ചു  എന്നതാണ്  ചിത്രത്തിന്റെ  രത്ന  ചുരുക്കം. ഹോളിവുഡ്  ചിത്രങ്ങളില്‍  പലപ്പോഴും  സോമ്പി  ചിത്രങ്ങള്‍ നായക  കഥാപാത്രങ്ങളുടെ  ഹീറോയിസത്തിലേക്ക്  ക്യാമറ  തിരിക്കുമ്പോള്‍  ജീവിതത്തില്‍  പലപ്പോഴും  അന്യമാകുന്ന  ചില മനുഷ്യ  സ്വഭാവങ്ങളിലേക്കും   ചിത്രം  വെളിച്ചം  വീശുന്നു.സോമ്പി-വൈറസ്  എന്നിവയുടെ  ശാസ്ത്ര  മുഖം  ചിത്രത്തില്‍  പ്രാധാന്യം  തീരെ  ഇല്ലാതെ  കാണിച്ചതില്‍  നിന്നും അത്തരം  കണ്ടു  പഴകിയ  ദൃശ്യാവിഷ്ക്കാരം ചിത്രത്തിന്റെ  അണിയറ  പ്രവര്‍ത്തകര്‍  മനപ്പൂര്‍വം മാറ്റി  എഴുതിയതാണെന്ന് പ്രേക്ഷകന്  തോന്നാം.

      വ്യത്യസ്തമായ Zombie-Survival  ചിത്രത്തില്‍  മനുഷ്യര്‍  തമ്മില്‍  ചില  പ്രത്യേക  സാഹചര്യങ്ങളില്‍  പരസ്പ്പരം  സഹായിക്കുക  എന്നതിന്റെ  പ്രസക്തി,ജീവിതത്തില്‍  നഷ്ടപ്പെടുന്ന  കൊച്ചു  കൊച്ചു  സന്തോഷങ്ങളും  അവയുടെ  നഷ്ടബോധവും  ഒക്കെ ഒരു  social-commentary അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും  ക്ലൈമാക്സ്.കൊറിയന്‍  സിനിമയുടെ  തനതായ  ശൈലിയില്‍ ഒരു  പക്ഷെ  അവരുടെ  ചിത്രങ്ങളിലെ ആ  ഒരു  വശം പ്രേക്ഷകന്  ഒരു  നൊമ്പരം   ആയി  മാറാം.തന്റെ  മകളുടെ  മുഖം  ആദ്യമായി  കാണുന്ന  പിതാവ് ,അയാള്‍  ഒരു  പക്ഷെ  ആ  നിമിഷത്തില്‍  ആയിരിക്കും  പിന്നീട്  തന്റെ  ഓര്‍മകളിലൂടെ  തലോടിയിട്ടുണ്ടാവുക.

  കൊറിയന്‍  സിനിമയിലെ  ഈ  വര്‍ഷത്തെ  തരംഗം  ആയി  മാറിക്കൊണ്ടിരിക്കുന്ന  ഈ  ചിത്രം ഏറെ  വൈകാതെ  ഏറ്റവും  വലിയ  പണം  വാരി  ചിത്രങ്ങളുടെ  പട്ടികയില്‍  ഒന്നാം  സ്ഥാനത്ത്  എത്തും  എന്നാണു പ്രവചനങ്ങള്‍ .കഴിഞ്ഞ  ദിവസം  ചിത്രത്തിന്  ഒരു  രണ്ടാം  ഭാഗം  വരുന്നതായി  മുഖ്യ  കഥാപാത്രങ്ങളില്‍   ഒന്നിനെ  അവതരിപ്പിച്ച   മാ  ഡോംഗ്  സിയോക്  സൂചനകള്‍  നല്‍കിയിരുന്നു.Seoul  Station  എന്ന  animated  prequel  ചിത്രം  ഇറങ്ങിയതിനു  ശേഷം  റിലീസ്  ആയിരുന്നു.കൊറിയന്‍  സിനിമ  പ്രേമികള്‍ക്ക്  എന്ന്  മാത്രമല്ല എല്ലാ തരം  സിനിമകളെയും  ഇഷ്ടപ്പെടുന്ന  പ്രേക്ഷകര്‍ക്ക്‌  ഒരു  നല്ല  അനുഭവം  ആകും ഈ  ചിത്രം.കാരണം പതിവ്  ചേരുവകകളില്‍  നിന്നും  മാറി  ഒരു  പക്ഷെ  28  Days later പോലുള്ള  ചിത്രങ്ങളോട്  കിടപ്പിടിക്കുന്ന  നിലവാരം  ഉള്ളതാണ്  Train  to  Busan.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്.


More movie suggestions @www.movieholicviews.blogspot.ca

Sunday, 11 September 2016

701.CHEF(ENGLISH,2014)

701.CHEF(ENGLISH,2014),|Drama|Comedy|,Dir:-Jon Favreau,*ing:-Jon Favreau, Robert Downey Jr., Scarlett Johansson.


    Chef-  ഈ  ചിത്രം  കാര്‍ള്‍  കാസ്പ്പര്‍  എന്ന  പാചകക്കാരന്റെ  കഥയാണ്;ഒപ്പം  നമ്മളില്‍  പലരുടെയും .മറ്റുള്ളവരുടെ  രുചികള്‍  കണ്ടെത്താന്‍  സാമര്‍ത്ഥ്യം  ഉള്ള  പാചകക്കാരന്‍.അടുക്കളയുടെ ചുവരുകള്‍ക്ക്  അപ്പുറം  ഉള്ള  ജീവിതത്തിനു  അയാള്‍  അധികം  പ്രാധാന്യം  നല്‍കിയിരുന്നില്ല.വിവാഹ മോചിതന്‍,ആഴ്ചയില്‍  ഒരിക്കല്‍ ഒരു  ചടങ്ങ്  എന്ന  പോലെ  സ്വന്തം  മകനെ  കണ്ടിരുന്ന  ആള്‍,ഒപ്പം  ചുറ്റും  നടക്കുന്ന  സാങ്കേതിക  വളര്‍ച്ചയുടെ ഒന്നും  ശ്രദ്ധിക്കാത്ത  മനുഷ്യന്‍.അയാളുടെ  ജീവിതം  അടുക്കളയില്‍  പുതിയ  രുചിക്കൂട്ടുകള്‍  ഉണ്ടാക്കുന്നതില്‍ ആയിരുന്നു ശ്രദ്ധ  ചെലുത്തിയിരുന്നത്‌.പാചകത്തെ  ഒരു  കലയായി  തന്നെ  സമീപിച്ച  കാര്‍ള്‍  കാസ്പ്പര്‍ ജോലി  ചെയ്തിരുന്ന  രെസ്റ്റൊരന്റില്‍  മെനു  തന്റെ  അഭിരുചികള്‍ക്ക്  അനുസരിച്ച്  വേണം  എന്ന്  വാശി  പിടിച്ചിരുന്നു.

   എന്നാല്‍  അന്ന്  രെസ്റ്റൊരന്റ്റ്  ഉടമയുടെ  വാശി  മൂലം അവിടത്തെ രുചിക്കൂട്ടുകളെ  കുറിച്ച്  നിരൂപിക്കാന്‍  പ്രമുഖനായ ബ്ലോഗര്‍  എത്തുന്ന ദിവസം ഉടമയുടെ  ഇഷ്ടാനിഷ്ടങ്ങള്‍  അനുസരിച്ച്  അത്  തയ്യാറാക്കുന്നു .കാര്‍ള്‍  കാസ്പ്പരുടെ  ജീവിതം  അവിടെ  മാറുന്നു.അയാളുടെ  ജീവിതത്തില്‍  ഉണ്ടായ  ബാക്കി  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.കാര്‍ള്‍  കാസ്പ്പാര്‍  എന്ന  വ്യക്തിത്വം  ഒരു  പക്ഷെ  നമ്മ്മുടെ  ചുറ്റും  ഉള്ള  ഓരോ  ആളിലും  കാണാന്‍  സാധിക്കുന്നതാണ്.പ്രത്യേകിച്ചും സ്വയം  വിഭാവനം  ചെയ്ത  ഒരു  ലോകത്തില്‍  അതില്‍  നിന്നും  ഉള്ള  അറിവില്‍  ആനന്ദം  കൊള്ളുന്നവര്‍,സ്വന്തം  കാര്യത്തിനു  മാത്രം  താല്‍പ്പര്യം  നല്‍കുന്നവര്‍  എന്ന  ചീത്ത  പേര്  ഇക്കൂട്ടര്‍ക്ക്  ഉണ്ടാകുമെങ്കിലും  അവരുടെ  ഇഷ്ടപ്പെട്ട  കാര്യങ്ങളില്‍   അവര്‍  എടുക്കുന്ന പരിശ്രമം  വലുതായിരിക്കും.


     കാര്‍ള്‍  കാസ്പ്പാര്‍  ഒരു  ഭര്‍ത്താവ്,പിതാവ്  ,മനുഷ്യന്‍  എന്ന  നിലയില്‍  ഒക്കെ  പരാജയപ്പെട്ടത്  ഇത്തരം  കാരണം  കൊണ്ടായിരിക്കും.എന്നാല്‍  അയാള്‍ക്ക്‌  പുന:ചിന്തനതിനു  അവസരം  കിട്ടിയപ്പോള്‍  അയാളുടെ  ജീവിതത്തില്‍ പ്രകടമായ  മാറ്റം  കൊണ്ട്  വരാന്‍  സാധിച്ചു.പ്രത്യേകിച്ചും  ഫുഡ്  ട്രക്ക്  എന്ന ആശയം.അയാളുടെ  ജീവിതത്തില്‍  കൊണ്ട്  വന്നത്  സ്വന്തം  മകനെ  കൂടുതല്‍  അടുത്തറിയാന്‍  സാധിച്ച  ഒരു  പിതാവിനെ  ആയിരുന്നു.അയാളുടെ  നൈസര്‍ഗ്ഗികം  ആയ  രുചിക്കൂട്ടുകള്‍ കൂടുതല്‍  സ്ഥലങ്ങള്‍  പിന്നിടുമ്പോള്‍  പ്രേക്ഷകര്‍ക്ക്‌  അടുക്കളയില്‍  കയറി  ചെറുതായി  പാചകം  ചെയ്യാന്‍  തോന്നിപ്പിക്കും  ഈ  ചിത്രം.ജീവിതത്തിലെ  ഇങ്ങനെയും  ചില  വശങ്ങള്‍  കാണിച്ചു  തരുന്ന   ഒരു  കൊച്ചു  ചിത്രം.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്.കാരണം  ജീവിതത്തില്‍  ഇഷ്ടങ്ങളുടെ  പിന്നാലെ  പായുമ്പോള്‍  നഷ്ടമാകുന്ന  ചിലതുണ്ട്.അതൊക്കെ  മനസ്സിലാകാതെ  പോകുമ്പോള്‍  ഉള്ള  ഒരു  ഓര്‍മ്മപ്പെടുത്തല്‍  ആണ്  Chef!!


More movie suggestions @www.movieholicviews.blogspot.com