Pages

Sunday 28 May 2017

750.FRENZY(ENGLISH,1972)

750.FRENZY(ENGLISH,1972),|Crime|Mystery|,Dir:-Alfred Hitchcock,*ing:- Jon Finch, Barry Foster, Barbara Leigh-Hunt .


      മുന്‍ കോപി ആയ റിച്ചാര്‍ഡ് തന്‍റെ സ്വഭാവം കാരണം ജീവിതത്തില്‍ ഏറെ പഴി കേട്ട ആളാണ്‌.അയാളുടെ കുടുംബ ,ഔദ്യോഗിക ജീവിതത്തില്‍ എല്ലാം അയാളുടെ ഈ സ്വഭാവം വിനയായി.പില്‍ക്കാലത്ത് ഏറെ നിഗൂഡത ഉള്ള ഒരു കേസില്‍ പ്രതി ആകാനും അയാളുടെ ഈ സ്വഭാവം കാരണമായി.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് അവതരിപ്പിച്ച Frenzy എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ആണ് റിച്ചാര്‍ഡ് ബ്ലേനി.ബ്രിട്ടനിലെ വ്യോമ സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന റിച്ചാര്‍ഡ് ഒരു ബാറില്‍ ആണ് ജോലി ചെയ്യുന്നത്.അയാളില്‍ നിന്നും വിവാഹ മോചനം നേടിയ ഭാര്യ കൂടി ആയപ്പോള്‍  ജീവിതത്തിലെ ദുരിതം പൂര്‍ണമായി.എന്നാല്‍ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്‌.അപ്രതീക്ഷിതം ആയ ഏതൊരു സംഭവവും ജീവിതത്തെ മാറ്റി മറിക്കാം.എന്നാല്‍ റിച്ചാര്‍ഡിന്റെ കാര്യത്തില്‍ കുറച്ചു ദിവസങ്ങള്‍ താന്‍ ഇത് വരെ അനുഭവിച്ച ജീവിതത്തില്‍ നിന്നും കൂടുതല്‍ ദുരിത പൂര്‍ണം ആകുന്നു.

    കുപ്രസിദ്ധമായ ക്രിസ്റ്റിയുടെ "10 Rillington Place" ലെ കൊലപാതകങ്ങള്‍ക്ക് ശേഷം ഉള്ള കാലഘട്ടം ആണ് ഹിച്ച്കോക്ക് ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തത്."Neck-Tie Murders" എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പരമ്പര കൊലപാതകങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നു.തെളിവുകള്‍ ശാസ്ത്രീയമായ  അവലോകനം ചെയ്യാന്‍ ഉള്ള സാങ്കേതികത വളര്‍ന്നിട്ടില്ലാത്ത കാലഘട്ടം.പീഡനങ്ങള്‍ക്ക് വിധേയയായ ശേഷം ടൈ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുന്ന സ്ത്രീകളുടെ മൃത ദേഹങ്ങള്‍ പോലീസിനു തല വേദന ആയി മാറി.പ്രതിയിലേക്ക് എത്തി ചേരാന്‍ ഉള്ള തെളിവുകളുടെ അഭാവം തന്നെ കാരണം.എന്നാല്‍ റിച്ചാര്‍ഡ് ,തന്‍റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലേക്ക് ഉള്ള യാത്രയില്‍ ആയിരുന്നു.മോഷണം ആരോപിക്കപ്പെട്ട അയാള്‍, ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും പുറത്താക്കപ്പെട്ടൂ.ബാര്‍ മാനേജറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും റിച്ചാര്‍ഡിന്റെ ആരെയും കൂസാത്ത പ്രകൃതവും കൂടി ചേര്‍ന്നപ്പോള്‍ അയാളില്‍ അവിടെ കുറ്റം ആരോപിക്കപ്പെടുകയായിരുന്നു.

   ജോലി നഷ്ടപ്പെട്ട അയാള്‍ തന്‍റെ സുഹൃത്തും വ്യാപാരിയുമായ റസ്ക്കിന്റെ അടുക്കല്‍ പോകുന്നു.അയാള്‍ സഹായം ചെയ്യാന്‍ ഉള്ള മനസ്സ് കാണിച്ചുവെങ്കിലും റിചാര്‍ഡിലെ ദുരഭിമാനി അതിനു വഴങ്ങുന്നില്ല.പിന്നീട് തന്‍റെ മുന്‍ ഭാര്യയുടെ അടുക്കല്‍ പോയ അയാള്‍ അവരുടെ ഓഫീസില്‍ വച്ച് ചെറിയ രീതിയില്‍ വാഗ്വാദങ്ങള്‍ ഉണ്ടാകുന്നു.ഇവിടെയും കാരണം അയാളുടെ മുന്‍ കോപം ആയിരുന്നു.ഭാര്യയുടെ സെക്രട്ടറി ഇതെല്ലം കാണുന്നുമുണ്ടായിരുന്നു.അവര്‍ തമ്മില്‍ പിന്നീട് രമ്യതയില്‍ ആയി. എന്നാല്‍ അടുത്ത ദിവസം അവര്‍ കൊല്ലപ്പെടുമ്പോള്‍ അവരെ കാണാന്‍ കഴിയാതെ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്ന റിച്ചാര്‍ഡിനെ സെക്രട്ടറി കാണുന്നു.തലേ ദിവസത്തെ സംഭവങ്ങളും സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട റിച്ചാര്‍ഡും കൊലപാതകത്തിലെ മുഖ്യ പ്രതിയായി അയാളെ മാറ്റുന്നു.സത്യം മറ്റൊന്ന് ആണെങ്കിലും "തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിയ " ആളായിരുന്നു റിച്ചാര്‍ഡ്.പോലീസില്‍ നിന്നും രക്ഷപ്പെട്ടു തന്‍റെ ഇപ്പോഴത്തെ കാമുകിയുമായി സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിച്ചുവെങ്കിലും കാമുകിയും സമാനമായ രീതിയില്‍ കൊല്ലപ്പെടുന്നു.അയാളില്‍ കുറ്റാരോപിതമായ കൊലപാതകങ്ങള്‍ രണ്ടും നടന്നത് ഒരേ രീതിയില്‍ ആയിരുന്നു.വ്യക്തമായി പറഞ്ഞാല്‍ "Neck-Tie" കൊലപാതകങ്ങളുടെ അതെ രീതിയില്‍.റിച്ചാര്‍ഡ് ആണ് പരമ്പര കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുന്നു.

    കൊലപാതകി മാനസികമായ പ്രശ്നങ്ങള്‍ ഉള്ള ആളാണെന്നുള്ള നിഗമനത്തില്‍ ആയിരുന്നു പോലീസ്.റിച്ചാര്‍ഡ് കടന്നു പോകുന്ന ജീവിതം മതിയായിരുന്നു പോലീസിനു അയാളില്‍ മാനസിക പ്രശ്നങ്ങള്‍ ആരോപിക്കപ്പെടുന്ന കുറ്റവാളി ആകാന്‍.എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യന്‍ ആയ മറ്റൊരാള്‍ ആയിരുന്നു കൊലയാളി.ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ മാന്ത്രിക സ്പര്‍ശം ഇവിടെ ആണ് അവതരിപ്പിക്കപ്പെടുന്നത്.കൊലയാളി ആയ റോബര്‍ട്ട് റസ്ക്കിനെ അയാളുടെ കൊലപാതകം നടത്തുന്ന രംഗവും ആയി അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രേക്ഷകനില്‍ നിഗൂഡത അവശേഷിപ്പിക്കുന്നു.കൊലപാതകങ്ങള്‍ ഒരാളില്‍ ആരോപിക്കപ്പെടുന്നെങ്കിലും യഥാര്‍ത്ഥ കൊലയാളി വിദഗ്ദ്ധമായി രക്ഷപ്പെടുകയും തന്‍റെ ജീവിതം തുടര്‍ന്ന് പോവുകയും ചെയ്യുന്നു.റോബര്‍ട്ട് റസ്ക്കിലേക്ക് പോലീസ് എത്തി ചേരുന്നത് ചെറിയ സംശയങ്ങളുടെ പേരില്‍ ആയിരുന്നു."ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌" എന്ന് കരുതുന്ന ഓക്സ്ഫോര്‍ഡ് എന്ന അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയ സംശയങ്ങളില്‍ ആയിരുന്നു.ഈ സമയം കൊലപാതകി ആരാണെന്നു മനസ്സിലായ റിച്ചാര്‍ഡ് പോലീസ് വലയത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നു.കുറ്റാരോപിതനും യഥാര്‍ത്ഥ കൊലയാളിയും തമ്മില്‍ ഉള്ള അന്തരം എത്രത്തോളം കുറയുന്നു എന്ന് ബാക്കി ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

  ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് സിനിമകള്‍ തലമുറകളെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നു.അവാച്യമായ പുതുമ ഓരോ സിനിമയിലും അനുഭവപ്പെടാറുണ്ട്.സാമാന്യ യുക്തിയിലേക്ക് എത്തി ചേരാന്‍ അവതരിപ്പിക്കപ്പെടുന്ന അസാധാരണമായ സംഭവങ്ങള്‍ ഒരുക്കിയിട്ടുള്ള അവതരണ രീതി അദ്ദേഹത്തിന്റെ ചിത്രങ്ങളെ എക്കാലവും സമാനമായ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ക്ക് റഫറന്‍സ് ആയി മാറുന്നു എന്ന് നിസംശയം പറയാം.കാഴ്ചകളിലൂടെ ലഭിക്കുന്ന ക്രൈം  സിനിമയുടെ ത്രില്‍,അത് അനുഭവിച്ചു തന്നെ അറിയണം.Frenzy അത്തരം ഒന്നാണ്.പ്രേക്ഷകന് കാഴ്ച്ചയുടെ നിഗൂഡത നല്‍കുന്ന ഒന്ന്.


  More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment