Pages

Wednesday 28 June 2017

751.GET OUT(ENGLISH,2017)


751.GET OUT(ENGLISH,2017),|Crime|Horror|Mystery|,Dir:-Jordan Peele,*ing:-Daniel Kaluuya, Allison Williams, Bradley Whitford



   "കറുപ്പിന് ഏഴഴക് ആണ്. മോൻ/മോൾ വിഷമിക്കാതെ".ഇരുണ്ട നിറമുള്ള ഓരോ മലയാളിയും കുട്ടിക്കാലത്ത് തന്റെ നിറത്തെ ആളുകൾ പരിഹസിക്കുമ്പോൾ പ്രിയപ്പെട്ടവർ പറയുന്ന 'ആശ്വാസ വചനം' ആകുമിത്.എന്നാൽ "ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണ്" എന്നു മറുപടി നൽകുന്ന സമൂഹമാണ് അന്നുമിന്നും ഉള്ളത്.

  എക്കാലവും കറുപ്പിന് അതിന്റെതായ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.നെൽസൻ മണ്ടേല,മാർട്ടിൻ ലൂഥർ കിംഗ്‌ ജൂനിയർ തുടങ്ങിയ പലരും തങ്ങളെ പ്രതിധാനം ചെയ്യുന്ന ജനതയുടെ ശബ്ദം ആയി മാറിയത് ചരിത്രം.എന്നാൽ 'ആദി ദ്രാവിഡ സംസ്ക്കാരം' ചർച്ചയായ തമിഴ്നാട്ടിൽ കറുപ്പു നിറത്തിന് ആ വാദങ്ങളിൽ ഒരു സ്ഥാനം നേടാനുമായി.രാഷ്ട്രീയവും സിനിമയും ഇഴചേരുന്ന ആ സമൂഹത്തിൽ കറുപ്പിന് തനതായ വില നൽകുകയും ചെയ്തു."സൂപ്പർ സ്റ്റാർ","കറുപ്പു എം ജി ആർ" എന്നു വിശേഷണം സ്വയം ചാർത്തിയ വിജയകാന്ത് എന്നിവരെല്ലാം ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതു ആണ്.അതിലേക്കു കൂടുതൽ കടക്കുന്നില്ല.

  എന്നാൽ അതിനുമപ്പുറം ഉള്ള ലോകത്തിൽ പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിൽ സാമൂഹികമായ അന്തരം വർണത്തെ ആശ്രയിച്ച് നിലനിന്നിരുന്നു ഒരു കാലത്തു.ചരിത്രം എന്നാൽ അതിനെല്ലാം പലപ്പോഴായി മറുപടി നൽകുകയും ചെയ്തു.വർണ വിവേചനം ഇന്ന് പല രാജ്യങ്ങളിലും വലിയ കുറ്റങ്ങളിൽ ഒന്നാണ്.എന്നാൽ തലമുറകളായി പിന്തുടരുന്ന ഒന്നുണ്ട്.സായിപ്പിന്റെ കണ്ണിൽ എന്നും "ബ്രൗണ്" ആയ ഏഷ്യൻ വംശജർ,"ബ്ളാക്ക്" ആയ ആഫ്രിക്കൻ വംശജർ.

  വംശീയാധിക്ഷേപ/വിവേചനം അപരിഷ്കൃതവും,വിദ്യാഭ്യാസ-ലോക പരിചയം എന്നിവയുടെ അഭാവം മൂലം ആണെന്നുള്ള ചിന്താഗതി കാലങ്ങളായി ഉണ്ടായ മാറ്റങ്ങളിലൂടെ ഭൂരി ഭാഗം ആളുകളെയും അതിൽ നിന്നും പിന്തിരിപ്പിച്ചൂ.എന്നാൽ സമൂഹം അത്തരം വിവേചനങ്ങളിൽ നിന്നും മോചിതരായോ?"Get Out" എന്ന ഇംഗ്ലീഷ് ചിത്രം ചർച്ച ചെയ്യുന്നത് ഇത്തരം ഒരു പ്രമേയമാണ്.

    റോസ് അത്തവണ നഗരത്തിൽ നിന്നും വീട്ടിലേക്കു പോകുമ്പോൾ ഒരു പ്രത്യേകതയുണ്ട്.കറുത്ത വർഗ്ഗക്കാരൻ ആയ അവളും കാമുകൻ ക്രിസ് ,റോസിന്റെ കുടുംബത്തെ പരിചയപ്പെടാൻ യാത്ര തിരിക്കുന്നു.തന്നെ റോസിന്റെ കുടുംബം എങ്ങനെ സ്വീകരിക്കും എന്ന ക്രിസിന്റെ സംശയങ്ങൾ തെറ്റാണെന്ന് തെളിയിച്ചു കൊണ്ടാണ് റോസിന്റെ പിതാവും ന്യൂറ സർജനുമായ ഡീൻ,സൈക്കാട്രിസ്റ്റ് ആയ 'അമ്മ മിസി,സഹോദരൻ ജെറമി എന്നിവർ അയാളോട് പെരുമാറിയത്.അവിടെ ജോലിക്കാരായി നിൽക്കുന്നവർ രണ്ടു  പേരും കറുത്ത വർഗക്കാർ ആണെന്ന വസ്തുത ചൂണ്ടിക്കാട്ടി അവരെല്ലാം വിശ്വസിക്കാവുന്നവർ ആണെന്നായിരുന്നു അവരുടെ നിലപാട്.

  ഊഷ്മളമായ വരവേൽപ്പിനിടയിലും എന്തൊക്കെയോ ദുരൂഹത ആ വീടിനെ ചുറ്റിപ്പറ്റി ക്രിസിന് തോന്നിയിരുന്നു.എന്നാൽ റോസ് അതെല്ലാം അയാളുടെ തോന്നലുകൾ ആണെന്നും തന്റെ കുടുംബക്കാർ എല്ലാം ഒത്തു ചേരുന്ന ദിവസം ക്രിസിനെ എല്ലാവർക്കും പരിചയപ്പെടുത്താം എന്നും പറയുന്നു.അവസാനം ആ ദിവസം വന്നെത്തി...ക്രിസിന്റെ ജീവിതത്തിലെ അപ്രതീക്ഷിതം ആയ ദിവസം!!

   അയാളെ കാത്തിരുന്നത് അയാളുടെ മോശം സ്വപ്നങ്ങളിൽ പോലും കാണാത്ത സംഭവങ്ങൾ ആയിരുന്നു.ഊഹിക്കാവുന്നതിനുപ്പുറം ദുരൂഹത നിറഞ്ഞ സംഭവങ്ങൾ.പ്രമേയപരമായ ഭീകരത ചിത്രത്തെ ഹൊറർ ഴോൻറെയിൽ ഉള്ള ഒന്നാക്കി മാറ്റിയെങ്കിലും മനുഷ്യരാശിക്ക് തന്നെ അതിന്റെ നാൾ വഴികളിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണ് അവിടെ അരങ്ങേറിയത്.മാനസികമായി ഒരാളെ തളർത്തി അയാളെ അപർഷകത ബോധത്തിന് അടിമയാക്കുന്നതിലും തീവ്രത ഉള്ള കുറ്റകൃത്യം. "Mississippi Burning" പോലെ ഉള്ള ചിത്രങ്ങൾ യഥാർത്ഥ സംഭവ വികാസങ്ങളെ അവതരിപ്പിച്ചപ്പോൾ ഫിക്ഷന്റെ  സഹായത്തോടെ ഭീകരമായ ഒരു പ്രമേയം ആണ് ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്.

ഒരു പക്ഷേ വിവരണത്തെക്കാൾ അധികം പ്രേക്ഷകന്റെ കാഴ്ച പതിയേണ്ട ഭാഗങ്ങൾ ആണെന്നതിനാൽ ബാക്കി സിനിമ കാണുക.ഈ ചിത്രം തീർച്ചയായും ഭയപ്പെടുത്തും രക്തം വാർന്നൊലിക്കുന്ന രംഗങ്ങൾ,അപ്രതീക്ഷിതമായ ചലനങ്ങൾ തുടങ്ങിയ സ്ഥിരം ഗിമിക്കുകളിൽ കൂടി അല്ലാതെ പ്രമേയപരമായ ഭീകരതയിലൂടെ.

   ചെറിയ ബഡ്ജറ്റിൽ അവതരിപ്പിക്കുകയും ലോകമെമ്പാടും ഉള്ള പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം പ്രമേയം കൊണ്ടു തന്നെ സംസാര വിഷയം ആയി മാറി.ഒരു പക്ഷെ മനുഷ്യ മനസ്സിൽ തലമുറകളായി പകർന്നു നൽകുകയും എന്നാൽ ഉള്ളിന്റെയുള്ളിൽ പുറത്തു വരാൻ വെമ്പുന്ന ഭീകര സ്വത്വം മനുഷ്യരാശിയുടെ എല്ലാ പുരോഗതിയെയും പരിഹസിച്ചു കൊണ്ടു നിൽക്കുന്നു എന്ന സത്യം അവശേഷിക്കുന്നു ചിത്രം അവസാനിക്കുമ്പോഴും!!

More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment