Pages

Friday, 20 August 2021

1407. Home (Malayalam, 2021)

 1407. Home (Malayalam, 2021)

           Drama.




   ടിം ബർട്ടൻ സംവിധാനം ചെയ്ത Big Fish എന്ന സിനിമ കാണുന്നത് 2012 ൽ ആണ്. അവിശ്വസനീയമായ കഥകൾ പറയുന്ന സ്വന്തം പിതാവിന്റെ മരണത്തിന് ശേഷം ആ കഥകളുടെ സത്യാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്ന മകന്റെ കഥ ആയിരുന്നു Big Fish.ഫാന്റസി വിഭാഗത്തിൽ ഉൾപ്പെടുന്ന കഥ ആണെന്ന് കരുതി കണ്ടിരുന്ന ഞാൻ സിനിമയുടെ ക്ളൈമാക്സിലേക്കു എത്തുമ്പോൾ മനസ്സു നിറഞ്ഞ സന്തോഷത്തോടെ നല്ലതു പോലെ കരയുകയായിരുന്നു.സിനിമ കണ്ടിട്ടു എന്തിനാണ് കരയുന്നത് എന്നു ഭാര്യ ചോദിച്ചിട്ട് ഒന്നും മിണ്ടിയില്ല.കരയാൻ പല കാരണങ്ങളും ഉണ്ടായിരുന്നു.അന്ന് മനസ്സിൽ കരുതിയതാണ് ഇതേ ഫീലിംഗ് കിട്ടുന്ന ഒരു കഥ വേണം എന്നെങ്കിലും സിനിമയ്ക്ക് കഥ എഴുതുമ്പോൾ എന്നു.


   അവസാനം അതേ ഫീൽ തന്ന ഒരു സിനിമ കണ്ടൂ. 'Home'. റോജിൻ തോമസ് എന്ന സംവിധായകന് അതു സാധിച്ചു. മനസ്സു കൊണ്ടു ഏറെ ഇഷ്ടപ്പെടുകയും സിനിമ കണ്ടതിനു ശേഷം നല്ലത് പോലെ കരയുകയും ചെയ്തു.സങ്കടം കൊണ്ടല്ല, വീണ്ടും ഒരു സിനിമ കണ്ടു മനസ്സു നിറഞ്ഞ അവസ്ഥ ആയിരുന്നു.


  പല സുഹൃത്തുക്കളും എഴുതിയ അതേ അഭിപ്രായം ആണുള്ളത് Home നെ കുറിച്ചു. നമ്മളിൽ പലരുടെയും വീട്ടിലേക്കു ഒരു ക്യാമറ തിരിച്ചു വച്ചാൽ പതിയുന്ന അതേ കാഴ്ചകൾ പകർത്തി വച്ചതു പോലെ തോന്നി സിനിമ കണ്ടപ്പോൾ. ഒലിവർ ട്വിസ്റ്റ് എന്ന ഇന്ദ്രൻസിന്റെ കഥാപാത്രവും ഭാര്യയും മക്കളും എല്ലാം നമ്മളിൽ പലർക്കും ലഭിച്ചതോ അല്ലെങ്കിൽ ആഗ്രഹിച്ചതോ ആയ റോളുകൾ ആണ് യഥാർത്ഥ ജീവിതത്തിൽ. 3 മണിക്കൂറിന്റെ അടുത്തുള്ള ഒരു ചിത്രം. അതും ത്രില്ലർ സിനിമകൾ മാത്രം ട്രെൻഡ് ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരിക്കൽ പോലും സിനിമ നിർത്താൻ പോലും തോന്നിക്കാത്ത അത്ര ആഴത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തി എന്നു തന്നെ പറയാം. ഒരു സിനിമയുടെ വിജയം എന്നു പറയുന്നത് അതാണ്.


   നമ്മൾ പലരും ജീവിതത്തിൽ കണ്ടു മുട്ടിയിട്ടുള്ള കഥാപാത്രങ്ങൾ ആയതു കൊണ്ട് പുതുമ എന്തെങ്കിലും ഉണ്ടെന്നു തോന്നിയില്ല സിനിമയിലെ കഥാപാത്രങ്ങൾക്ക്.പക്ഷെ അതിലും ഉപരി ജീവിതത്തിൽ നഷ്ടമായ അല്ലെങ്കിൽ കൂടെ ഇല്ലാത്ത പലരെയും കുറിച്ചു സിനിമ ഓർമിപ്പിച്ചു. മഞ്ജു പിള്ളയുടെ 'അമ്മ വേഷം ഒക്കെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഈ അടുത്തു കൂടെ ഇല്ലാതായ അമ്മയെ കുറിച്ചൊക്കെ ഓർത്തു പോയി.ഒപ്പം കുറെ വർഷമായി പോകാൻ സാധിക്കാതെ ഇരുന്ന വീടിനെ കുറിച്ചും.


  സിനിമയിൽ നീരജിന്റെ കഥാപാത്രം പറയുന്നത് പോലെ എന്തും പറയാൻ കഴിയുന്ന നമ്മളെ മുൻവിധികളോടെ കാണാത്തതായി ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഉള്ളത് നമ്മുടെ എല്ലാം സ്വന്തം വീട്ടിലാണ്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ സ്വന്തം വീട്ടിലേക്ക് പോയ ഒരു അനുഭവം ആയിരുന്നു.ജീവിതത്തിൽ ഒരിക്കലും മൈലുകൾ അകലെ ആണെങ്കിൽ പോലും തോന്നാത്ത Home-Sickness സത്യം പറഞ്ഞാൽ Home കണ്ടപ്പോൾ ഉണ്ടായി.എനിക്ക് മാത്രമല്ല, സിനിമ കണ്ട പലർക്കും അങ്ങനെ തന്നെ ആണെന്നാണ് സിനിമ ആസ്വാദന പോസ്റ്റുകൾ പലതും കണ്ടപ്പോൾ തോന്നിയത്.


  സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ മികച്ചു നിന്നൂ.ഇന്ദ്രൻസ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം ആയിരിക്കും ഈ ചിത്രത്തിലെ. സ്നേഹവും, നിസ്സഹായതയും, വിഷമവും എല്ലാം ബോഡി language ലൂടെ തന്നെ പ്രേക്ഷകനിൽ ആഴത്തിൽ തന്നെ എത്തിക്കാൻ സാധിച്ച മികച്ച അഭിനയം ആയിരുന്നു. ഈ വർഷത്തെ മികച്ച നടനെ തേടി പോകേണ്ട കാര്യമില്ല. 

  

എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ എന്നും ഉണ്ടാകും Home. നന്ദി റോജിൻ തോമസ് ആൻഡ് ടീം.


  A Must Watch!!

  

@mhviews rating : 4/4

No comments:

Post a Comment