Pages

Monday, 16 August 2021

1400. Mare of Easttown (English, 2021)

 1400. Mare of Easttown (English, 2021)

           Crime (HBO Limited Series)



   മേർ ശിഹാൻ ഈസ്റ്റ് ടൗണിന്റെ സ്വന്തം ഡിറ്റക്ട്ടീവ്‌ ആയിരുന്നു. ആരോ ഒളിഞ്ഞു നോക്കുന്നു എന്നു പറഞ്ഞു അതിരാവിലെ വിളിക്കുന്ന സ്ത്രീയ്ക്ക് കാര്യങ്ങൾ പറയാൻ പോലും വിശ്വാസം ഉള്ള ഒരാൾ മേർ ആയിരിക്കണം.അതിനു ഒരു കാരണം അവർ മേറിനെ അത്രയും പരിചയം ഉള്ളത് കൊണ്ടായിരിക്കണം.

   

   ഈസ്റ്റ് ടൌൺ പോലുള്ള ചെറിയ ടൗണുകൾ അമേരിക്കയിലും കാനഡയിലും ഒക്കെ സാധാരണം ആണ്.നമ്മുടെ നാട്ടിലെ പഴയ നന്മ വറ്റാത്ത ഗ്രാമങ്ങൾ പോലെ, എല്ലാവരും പരസ്പ്പരം അറിയുന്ന, ഒരു കുടുംബത്തിലെ മാറിയ സാഹചര്യങ്ങൾ പോലും പ്രതീക്ഷിക്കുന്നതിനും അപ്പുറം ആളുകളെ ബാധിക്കുന്ന ഒരു ചെറിയ ടൗണ് ആണ് ഈ ഈസ്റ്റ് ടൗണ്.ഒരു മൂന്നു വർഷം അത്തരം ഒരു ടൗണിൽ ജീവിച്ചത് കൊണ്ടു അത്തരം സാഹചര്യങ്ങൾ പരിചിതമാണ് എനിക്ക്.അതു കൊണ്ടു തന്നെ വല്ലാത്തൊരു മാനസിക ബന്ധം തോന്നി ഈസ്റ്റ് ടൗണിനോടും. 

   

   സീരീസ് കണ്ടു തുടങ്ങിയപ്പോൾ Brad Ingelsby എഴുതിയ കഥാപാത്രങ്ങൾ പലരും പരിചിത മുഖങ്ങൾ ആയി മാറി.ഇടയ്ക്കു കുട്ടികളെ ആരെയെങ്കിലും കാണാതെ ആകുമ്പോൾ Amber Alert നൽകി അവരെ കണ്ടെത്താൻ കൂട്ടമായി പോകുന്ന കാഴ്ചകൾ ഒക്കെ പല സിനിമ/സീരീസുകളിൽ കണ്ടിട്ടുണ്ടെങ്കിലും അതു  യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങൾ ആണെന്നുള്ള അറിവ് ഉണ്ടായത് ആ ചെറിയ ടൗണിൽ ജീവിച്ചപ്പോൾ ആയിരുന്നു.ഈസ്റ്റ്ടൗണും അത്തരത്തിൽ ഒന്നായിരുന്നു.

   

  നേരത്തെ പറഞ്ഞതു പോലെ ഓരോ സംഭവങ്ങളും ഇത്തരം ഒരു ടൗണിൽ ഉണ്ടാക്കുന്ന impact ഭയങ്കരം ആയിരിക്കും.അത്തരത്തിൽ ഉള്ള ചില സംഭവങ്ങൾ ഈസ്റ്റ് ടൗണിൽ ഉണ്ടാവുകയാണ്.നേരത്തെ നടന്ന, ഇപ്പോഴും ജനങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങളുമായി അതിനെ താരതമ്യം ചെയ്യാൻ പലരും ഉണ്ടാകും.വ്യക്തി ബന്ധങ്ങളുടെ പേരിൽ ഒരു പരിധിയ്ക്കും അപ്പുറം ആളുകളോട് മറുപടി പറയേണ്ടിയും വരും.

  

  മേർ അങ്ങനെ ഒരു അവസ്ഥയിൽ ആണ്. എറിൻ എന്ന പെണ്കുട്ടിയുടെ മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത്തി.ഒരു കുട്ടിയുടെ അമ്മയായ അവളെ അതിനു മുന്നേ കുറച്ചു ആളുകൾ ഉപദ്രവിച്ചു എന്നതിന് സാക്ഷികളും ഉണ്ട്.ചോദ്യങ്ങൾ ഏറെ ഉയരുകയാണ്.എറിനെ ആരാണ് കൊലപ്പെടുത്തിയത്?പെട്ടെന്ന് തന്നെ പലരും സംശയത്തിന്റെ പരിധിയിൽ വരുന്നു. ഒരു ചീറിയ ടൌൺ ആയത് കൊണ്ട് തന്നെ അവൾ കൊല്ലപ്പെടുന്നതിനു മുന്നേ അവളെ കണ്ടവരും ഏറെയാണ്.


  എന്നാൽ മുൻകാല സംഭവങ്ങളുടെ പേരിൽ മേറിന്റെ ഡിറ്റക്ട്ടീവ്‌ എന്ന കഴിവിനെ പലരും അവിശ്വസിക്കുന്നു.പിന്നീട് അന്വേഷണത്തിന് അവരുടെ ഒപ്പം ഒരു പാർട്ണറും ചേരുന്നു. മേർ ഈ കൊലപാതകത്തിന്റെ പിന്നിൽ ആരാണെന്നു കണ്ടെത്തുമോ, അതോ?


  ഒരു സ്ലോ പോയിസണ് പോലെ പ്രേക്ഷകന്റെ മനസ്സിൽ കയറാൻ കഴിയുന്ന കഥയും കുറെയേറെ കഥാപാത്രങ്ങളും ആണ് Mare of Easttown ബലം.ഒരു ത്രില്ലർ സീരീസിന്റെ ഫോർമാറ്റ് അല്ലെങ്കിലും ദുരൂഹതകൾ ഓരോന്നായി അഴിഞ്ഞു തുടങ്ങുമ്പോൾ പതിയെ കഥാപാത്രങ്ങളെ കുറിച്ചു വ്യക്തത വരുന്നുണ്ട്.അതു അവസാന എപ്പിസോഡ് വരെ ആകാംക്ഷ നില നിർത്താൻ സാധിക്കുന്നുണ്ട്.ഏകദേശം അഞ്ചാം എപ്പിസോഡ് ആയപ്പോൾ കഥ തീർന്നൂ എന്നു കരുതിയിരുന്നിടത്തു നിന്ന് ഏഴാം എപ്പിസോഡിൽ എത്തിയപ്പോൾ ആണ് ദുരൂഹതകൾ കുറെയേറെ ഉണ്ടെന്നു മനസ്സിലായത്.


  Pure Class ആണെന്ന് ഉള്ള അഭിപ്രായം ആണ് Easttown ലെ മേറിന്റെ കഥ പറഞ്ഞ HBO സീരീസിനെ കുറിച്ചു പറയാൻ ഉള്ളത്. കഥാപാത്രങ്ങൾ പലതും മനസ്സിൽ നിന്നിരുന്നു സീരീസ് കഴിയുമ്പോഴും.പ്രത്യേകിച്ചും മാനസികമായി സങ്കീർണതകൾ ഏറെയുള്ള കഥാപാത്രമായി കേറ്റ് വിൻസ്‌ലറ്റിന്റെ മേർ മികച്ചു നിന്നൂ.വളരെയേറെ ഇഷ്ടപ്പെട്ട സീരീസുകളിൽ ഒന്നാണ് Mare of Easttown ഇപ്പോൾ.


@mhviews rating: 4/4

No comments:

Post a Comment