Pages

Monday, 25 June 2018

891.BLOW UP(ENGLISH,1966)


891.Blow Up(English,1966)
        Mystery,Drama

"Blow Up-ഒരു കൊലപാതകത്തിന്റെ നിഗൂഢതയിൽ നിന്നും തോമസിന്റെ മാനസിക പ്രതിഫലനങ്ങളിലൂടെ ഉള്ള യാത്ര."

    ലണ്ടൻ നഗരത്തിലെ ഫാഷൻ ഫോട്ടോഗ്രാഫർ ആയ തോമസ് ,തന്റെ മികച്ച ഫോട്ടോകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആൽബത്തിനു വേണ്ടി ആയിരുന്നു എന്ന് ആ പാർക്കിൽ എത്തിയത്.അവിടെ കണ്ട യുവതിയും അവളുടെ കൂട്ടുകാരനും ഉള്ള ഫോട്ടോകൾ അയാൾ പകർത്തി.പിന്നീട് ആ ഫോട്ടോകൾ develop ചെയ്തെടുത്തപ്പോൾ ആണ് അയാൾ അതിൽ ദുരൂഹമായ ഒന്നു കാണുന്നു.ഒരു കൊലയിലേക്കു നയിക്കുന്ന രംഗങ്ങൾ.

  സിനിമയുടെ കഥയിൽ പ്രാധാന്യത്തോടെ വരുന്ന ഈ ഭാഗം ദുരൂഹമായ,നിഗൂഢതകൾ ഏറെ ഉള്ള ഒരു സാധാരണ ക്രൈം ചിത്രമായി മാറുമായിരുന്നു.എന്നാൽ "മൈക്കിലഞ്ചേലോ ആന്റിയോണിനി" എന്ന ഇതിഹാസ സംവിധായകൻ ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് മാറ്റാൻ ആണ് ഈ കഥ ഉപയോഗിച്ചത്.പ്രേക്ഷകന് ആ കൊലപാതകത്തിൽ ഉള്ള താല്പര്യം പതിയെ മാറ്റി,തോമസിന്റെ മാനസികമായ ചിന്തകളിലേക്കു കൂട്ടി ചേർക്കുകയും,തിരക്കേറിയ അയാളുടെ ജീവിതത്തിലെ വിരസതയും അതൃപ്തിയും എല്ലാം കൂടി പരാമർശ വിധേയമാക്കി.പ്രത്യക്ഷത്തിൽ ഒരു മരണം എന്നു സൂചിപ്പിക്കുന്നിടത്തു നിന്നും തോമസിനെ ആ സംഭവത്തിന്റെ ഭയവും അതിൽ ഉള്ള താൽപ്പര്യവും അയാളുടെ ജീവിതത്തിൽ പുതിയ ഉണർവ് നൽകി.

  കേന്ദ്ര കഥാപാത്രമായ തോമസ് തിരക്കേറിയ ഫോട്ടോഗ്രാഫർ ആണ്.പ്രത്യക്ഷത്തിൽ സുഖമേറിയ ജീവിതം.ധാരാളം സ്ത്രീകൾ തങ്ങളുടെ ഫോട്ടോ അയാളുടെ ക്യാമറയിൽ നിന്നും അവരുടെ സുന്ദര രൂപങ്ങൾ പുറത്തു വരാൻ ആഗ്രഹിക്കുന്നു.എന്നാൽ അയാളുടെ തുടക്കത്തിൽ ഉള്ള ചിന്തനങ്ങളിൽ നിന്നും ഒരു തൃപ്തി കുറവ് കാണാം.ചിത്രത്തിൽ പലപ്പോഴും  പരാമർശിക്കപ്പെടുന്ന അത്തരം ചിന്തകൾ എന്നാൽ തുടക്കത്തിൽ വലിയ പ്രാധാന്യം ലഭിക്കുന്നതും ഇല്ല.

  60 കളിലെ ലണ്ടൻ സംസ്ക്കാരം,അവിടത്തെ കൾട്ടുകൾ തുടങ്ങിയവ എല്ലാം കൂടി ചിത്രത്തിലെ പല സീനുകളും നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചിത്രത്തിന്റെ പോസ്റ്ററിൽ ഉള്ള മോഡലും ആയുള്ള രംഗം,ക്ളൈമാക്സിലെ "White faced Clowns" ന്റെ സാങ്കൽപ്പിക ടെന്നീസ് കളി ഒക്കെ പല രീതിയിലും വ്യാഖ്യാനപ്പെട്ടിരുന്നു.സിനിമ ഇറങ്ങുന്ന സമയം ഏറ്റവും അധികം വിജയം ആയ ആർട്ട് ചിത്രങ്ങളിൽ ഒന്നായിരുന്നു Blow Up.2 ഓസ്‌കാർ നോമിനേഷൻ ലഭിച്ച ചിത്രത്തെ കുറിച്ചു ധാരാളം വ്യാഖ്യാനങ്ങൾ നിരൂപകർ നൽകിയിട്ടുണ്ട്.ഒരു പക്ഷെ നടന്നിട്ടുള്ള സംഭവം എന്ന നിലയിൽ ഉള്ളതും.നടന്ന സംഭവവും എന്ന നിലയിൽ ഉള്ളതും.രണ്ടിലും പ്രതിഫലിക്കുന്നത് തോമസിന്റെ ചിന്തകളും ആണ്.ഒരു പക്ഷെ അധികം ഒന്നും ചെയ്യാനില്ലാതെ പോകുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ excitement ആയിരിക്കും അയാൾ നടന്നു എന്നു കരുതുന്ന ആ സംഭവം.ആ ഒരു ചിന്തയോട് ആണ് താല്പര്യ കൂടുതൽ.

ഴോൻറെ കണ്ടു സാധാരണ ഒരു മിസ്റ്ററി ചിത്രമായി കണ്ടാൽ നിരാശ ആയിരിക്കും ഫലം.ആദ്യ കാഴ്ചയിൽ അങ്ങനെ തോന്നിയിരുന്നു.പക്ഷെ പിന്നീട് അൽപ്പം വായനയിലൂടെ മനസ്സിലാക്കേണ്ടി വന്നൂ.തീരെ പരിചിതം അല്ലാത്ത ഒരു കാലഘട്ടത്തിലെ ജന ജീവിതം,രാഷ്ട്രീയം എന്നിവ ഒക്കെ മനസ്സിലാക്കാൻ സാധിച്ചാൽ കണ്ടു തീർക്കുന്നത് under rated ആയ ഒരു "മൈക്കിലാഞ്ചലോ ആന്റിയോണിനി' മാജിക് ആണ്.



Director: Michelangelo Antonioni


Sunday, 24 June 2018

890.KHOJ(BENGALI,2017)


890.Khoj(Bengali,2017)
      Mystery/Crime

"ഡോക്റ്ററുടെ പരാതിയുടെ പിന്നിലെ രഹസ്യം" -Khoj

ഷെർലോക് ഹോംസിനെ അനുകരിച്ചു മികച്ച കുറ്റാന്വേഷണ കഥകളും സിനിമകളും ബംഗാളിൽ നിന്നും ധാരാളം വന്നിട്ടുണ്ട്.വന്നു കൊണ്ടിരിക്കുന്നു.എനിക്ക് ബംഗാളി സിനിമയുടെ കലാപരമായ സവിശേഷതകളെക്കാളും ആകർഷിച്ചത് ഇത്തരം പ്രമേയങ്ങൾ ഉള്ള ചിത്രങ്ങൾ ആയിരുന്നു.ഭാഷയുടെ ഭംഗിയും കൂടി ആകുമ്പോൾ ഒരു പ്രേക്ഷകന് എന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് മിക്ക ബംഗാളി ചിത്രവും.

Whodunnit,Wheredunnit,Whydunnit എന്നീ ചോദ്യങ്ങൾ ആകും 'ഖോജ്'സിനിമയുടെ ആദ്യ അര മണിക്കൂറിൽ പ്രേക്ഷകന് ഉണ്ടാവുക.ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കുന്നു എന്ന ഫോണ് കോളിൽ നിന്നുമാണ് പോലീസ് ഇൻസ്‌പെക്‌ടർ സയൻ,ഡോക്റ്റർ.പ്രശാന്തിന്റെ വീട്ടിലേക്കു പോകുന്നത്.എന്നാൽ രോഗിയായ തന്റെ ഭാര്യയുടെ ഇൻജക്ഷൻ കൊടുക്കുമ്പോൾ ഉള്ള കരച്ചിൽ ആണത് എന്നു പറഞ്ഞു അയാൾ സയനെ യാത്രയാക്കുന്നു.എന്നാൽ അടുത്ത ദിവസം തന്റെ ഭാര്യയെ കാണുന്നില്ല എന്ന പരാതി കൊടുക്കുന്ന ഡോക്റ്റർ,അന്ന് വൈകുന്നേരം സായനോട് മോശമായ രീതിയിൽ പെരുമാറുന്നു.ഡോക്റ്ററുടെ ഭാര്യയെ അധികം ആരും കണ്ടിട്ടുമില്ല.അങ്ങനെ ഒരാൾ ശരിക്കും ഉണ്ടോ എന്നുള്ള അന്വേഷണത്തിന്റെ സമയത്താണ് കയ്യിലെ ഞരമ്പുകൾ മുറിച്ച രീതിയിൽ ഡോ.പ്രശാന്തിന്റെ കാണുന്നത്.അതിനു ശേഷം നടന്ന സംഭവങ്ങളിലൂടെ ആണ് കഥ വികസിക്കുന്നത്.

" WWW" അന്വേഷിച്ചു കണ്ടെത്തുന്ന രീതിയിൽ അണിയിച്ചൊരുക്കാമായിരുന്ന ചിത്രത്തെ എന്നാൽ ഈ സസ്പെൻസ് എല്ലാം വഴിയേ പുറത്താക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ക്ളൈമാക്‌സ് ഒരു പക്ഷെ ഒരു open ending ആയി പോലും വ്യാഖ്യാനിക്കാം.ചിത്രത്തിന് അതിന്റെതസ്യ രീതികൾ സ്വീകരിക്കാമായിരുന്നെങ്കിലും സിനിമയുടെ കഥ അവതരണ രീതി ആ ഒരു മിസ്റ്ററി സിനിമ മൂഡ് കുറച്ചെങ്കിലും നശിപ്പിച്ചു.

എന്നാൽ സിനിമയിൽ കണ്ട ഏറ്റവും വലിയ കുറവ് അഭിനേതാക്കളുടെ മോശം പ്രകടനം ആണ്.സിനിമയ്ക്ക് തുടക്കം കിട്ടിയ മുൻ തൂക്കം കളയാൻ പര്യാപ്തം ആയിരുന്നു അതു.ഒന്നു 2 കഥാപാത്രങ്ങൾ ഒഴികെ ഉള്ളവരുടെ അഭിനയം ഇത്തരം ഒരു സിനിമയ്ക്കു ചേർന്നത് അല്ലായിരുന്നു എന്നു തോന്നി.പക്ഷെ ക്ളൈമാക്‌സ് എടുത്താൽ ചിത്രത്തിന്റെ സൃഷ്ട്ടാക്കൾ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലാകും.കുറവുകൾ മാറ്റി വച്ചു,ഇടയ്ക്കുള്ള ലോജിക്കില്ലായ്മ(പോലീസിനോട് ഡോക്റ്റർ കെട്ടിടത്തെ കുറിച്ച് പറയുന്ന സീനുകൾ) ഒക്കെ നോക്കിയാൽ പടം മൊത്തതിൽ ഒരു പക്ഷെ കണ്ടിരിക്കാം.

Watch out for the climax & cook your own story!!

Wednesday, 20 June 2018

889.THE FIVE(KOREAN,2013)



889.The Five(Korean,2013)
       Thriller,Drama


"ഒരു നിസഹായയുടെ പ്രതികാരം - The Five"

    സുന്ദരികളായ സ്ത്രീകൾ,എന്നാൽ അവർക്ക് അടുത്ത ജന്മത്തിൽ എങ്കിലും നന്നായി ജീവിക്കാൻ സാധിക്കണം എന്നു ആണ് അയാൾ ചിന്തിച്ചിരുന്നത്.അതിനായി അവർക്ക് ഈ ജന്മത്തിൽ നിന്നും മോക്ഷം നൽകുന്ന ജോലി കൂടി അയാൾ ഏറ്റെടുക്കുന്നു.തന്റെ ഇരയുടെ കണ്ണിൽ നോക്കി അവരെ ക്രൂരമായി കൊലപ്പെടുത്തി അവരുടെ എല്ലുകളിൽ നിന്നും ചെറിയ ശിൽപ്പങ്ങൾ നിർമിക്കുകയും അവരിൽ കൗതുകം തോന്നുകയും ചെയ്യുന്ന വസ്തു തന്റെ ജോലിക്കുള്ള ട്രോഫി ആയി കരുതി സൂക്ഷിക്കുന്നു അവൻ.


   ആകസ്മികം ആയാണ് ആ പതിന്നാലു വയസ്സുകാരി അയാളുടെ ശ്രദ്ധയിൽ പെടുന്നത്.എന്നാൽ മേൽപ്പറഞ്ഞ കാരണം കൊണ്ട് അല്ലെങ്കിലും അയാളുടെ നേർക്കുള്ള തെളിവ് ആയി അവൾ മാറുമോ എന്ന ചിന്ത അയാളെ കൊണ്ടു എത്തിച്ചത് കൂട്ടക്കുരുതിയിൽ ആയിരുന്നു.അതും അവളുടെ പിറന്നാൾ ദിവസം.ക്രൂരമായി ആക്രമിക്കപ്പെട്ട പെൻകുട്ടിയും അവളുടെ പിതാവും അവിടെ വച്ചു തന്നെ മരണപ്പെടുന്നു.എന്നാൽ അയാളുടെ ചെയ്തികൾക്കെല്ലാം കണക്കു തീർക്കാൻ ഒരാളുടെ ആയുസ് മാത്രം വിധി അവശേഷിപ്പിക്കുന്നു.പെണ്ക്കുട്ടിയുടെ അമ്മയായ യൂൻ-ആ യുടെ രൂപത്തിൽ!!

  എന്നാൽ ക്രൂരമായി ആക്രമിക്കപ്പെട്ട അവർക്ക് പ്രതികാരം ഒറ്റയ്ക്ക് ചെയ്യാൻ ഉള്ള ആരോഗ്യ സ്ഥിതി ഇല്ലായിരുന്നു.അതിനു അവർ ഒരു വഴി കണ്ടു പിടിക്കുന്നു.തന്റെ പ്രതികാരത്തിന്റെ വില ആയി തന്റെ ജീവൻ.മരണം പോലും അവരെ പിന്നോട്ടു കൊണ്ടു പോകില്ല എന്ന ദൃഢനിശ്ചയം അവരെ കൊണ്ട് ചില തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയാക്കി.എന്തായിരുന്നു അവരുടെ പദ്ധതി?കൂടുതൽ അറിയാൻ ചിത്രം കാണുക.

  നിസ്സഹായത മുഴച്ചു നിൽക്കുന്ന തന്റെ ജീവിതത്തിൽ ചെയ്തു തീർക്കാവുന്ന അത്രയും കാര്യങ്ങൾ തന്റെ പ്രതികാരത്തിന്റെ ചൂടിൽ ചെയ്തു തീർക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ സിനിമകൾക്ക് സാധാരണം ആയ പ്രമേയം ആണെങ്കിലും,സ്വർത്ഥമായ താല്പര്യങ്ങളോടെ,എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ഉദ്ദേശ്യങ്ങളോടെ വരുന്നവരെ അതിന്റെ അനന്തര ഫലങ്ങൾ അറിഞ്ഞു സ്വീകരിക്കുന്ന യൂൻ-ആ എന്ന കഥാപത്രം യഥാർത്ഥത്തിൽ വ്യത്യസ്തത നൽകുന്നുണ്ട്.ചിത്രത്തിന്റെ ശക്തിയും അത്തരം ഒരു കഥാപാത്ര സൃഷ്ടി ആണ്.

യൂണ്-സൈക്കിന്റെ 'The 5ive Hearts' എന്ന വെബ്ടൂണ് ആണ് സിനിമ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടത് വെബ്ട്ടൂണുകളുടെ സ്വാഭാവിക ഇരുണ്ട പശ്ചാത്തലം നിലനിർത്തി കൊണ്ടു തന്നെ കഥാപാത്രങ്ങളുടെ വൈകാരികമായ ഭാഗങ്ങൾക്കു കൂടി പ്രാധാന്യം നൽകാൻ സിനിമയിൽ ശ്രദ്ധിച്ചിട്ടുണ്ട്.പ്രേക്ഷകന് ഈ കഥ കൂടുതൽ convincing ആകാൻ ഈ രീതി തീർച്ചയായും സഹായിച്ചിട്ടും ഉണ്ട്.മാ-ഡോംഗ്-സിയോക്കിന്റെ ഒക്കെ ആദ്യ കാല കഥാപാത്രങ്ങളിൽ കഥയോട് ഏറെ ചേർന്നു നിൽക്കുന്ന ഒന്നാണ് ഇതിൽ ഉള്ളത്.അൽപ്പ കാലത്തിനു ശേഷം സിനിമയിൽ അഭിനയിക്കാൻ വന്ന കിം-സുൻ-ആ അമ്മയായുള്ള തന്റെ കഥാപാത്രം അവിസ്മരണീയം ആക്കി.കൊറിയൻ ചിത്രങ്ങളിൽ പോലും ഇത്തരം ധാരാളം അമ്മമാരെ കണ്ടിട്ടുണ്ടെങ്കിലും കഥയിൽ ആ കഥാപാത്രം നൽകുന്ന വ്യത്യസ്തമായ സ്വാധീനം തരക്കേടില്ലാത്ത പ്രതികാര/ത്രില്ലർ ആക്കി മാറ്റുന്നു "The Five" എന്ന ചിത്രത്തെ.

Sunday, 17 June 2018

888.THE WHISKEY ROBBER(HUNGARIAN,2017)


888.The Whiskey Robber(Hungarian,2017)
        Thriller,Biography

"വിസ്കി കുടിച്ചതിനു ശേഷം മോഷണം നടത്തുന്ന 'മാന്യനായ' ഹൻഗേറിയൻ കള്ളന്റെ കഥ"- 'The Whiskey Robber'  a.k.a 'A Viszkis'


   ഓരോ നാട്ടിലെയും പോലീസിനെ ഏറെ കുഴപ്പിക്കുന്ന മാന്യനായ കള്ളന് ലഭിക്കുന്ന ഒരു നായക പരിവേഷം ഉണ്ടാകും.പലപ്പോഴും സോഷ്യലിസം,ക്യാപിറ്റലിസം തുടങ്ങിയ "ഇസം" ങ്ങളോട് അവരുടെ വീര സാഹസിക കഥകൾ ചേർത്തു വായിക്കുന്നതും,പിന്നീട് നാടോടി കഥകൾ പോലെ അവരുടെ കഥകളും glorify ചെയ്യുകയും സ്വാഭാവികം.'ജെന്റിൽമാൻ റോബറി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇത്തരം മോഷണങ്ങളുടെ കഥകൾ അതാത് രാജ്യങ്ങളിൽ നില നിൽക്കുന്ന വ്യവസ്ഥിതികളോട് ചേർത്തു ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.കായംകുളം കൊച്ചുണ്ണി,ഇത്തിക്കര പക്കി മുതൽ ഫൂലൻ ദേവിയും വീരപ്പനും തുടങ്ങി ഇത്തരം പ്രാദേശിക ഇതിഹാസങ്ങൾക്കു എന്നും പൊതു സമൂഹത്തിൽ ഒരു സാധ്യതയുണ്ട്,വീരന്മാരും ധീരരും ആയി.

  ഇത്തരത്തിൽ ഹങ്കറിയിൽ പ്രശസ്തൻ ആയ ഒരാളാണ് 'Whisky Bandit' എന്നു അറിയപ്പെട്ടിരുന്ന റൊമേനിയയിൽ നിന്നും കുടിയേറിപ്പാർത്ത 'ആറ്റില അംബ്രോസ്'.തന്റെ മോഷണങ്ങൾക്ക് മുൻപ് വിസ്ക്കി കുടിക്കുന്ന കള്ളൻ,പിന്നീസ്‌ പൊലീസിന് സമ്മാനമായി വിസ്ക്കി ബോട്ടിലുകൾ മോഷണത്തിന് ശേഷം ഉപേക്ഷിച്ചു പോകാൻ തുടങ്ങി.തന്റെ മോഷണങ്ങൾക്കിടയിൽ തോക്കു കയ്യിൽ ഉണ്ടായിരുന്നിട്ടും ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടും ഇല്ല.ബാങ്കിൽ ഉള്ള സ്ത്രീ teller മാർക്ക് മോഷണ ശ്രമത്തിന്റെ സമയം പൂക്കൾ ഒക്കെ കൊടുക്കുമായിരുന്നു.കൗതുകം തോന്നുന്നു അല്ലെ?ഈ കാരണങ്ങൾ ആണ് അയാളെ ഹങ്കറിയുടെ ചരിത്രത്തിലെ മോഷ്ടാക്കളിലെ ഇതിഹാസം ആക്കി മാറ്റിയത്.

റൊമേനിയയുടെ അവസാന കമ്യൂണിസ്റ്റ് ഏകാധിപതി ആയിരുന്ന ,നിക്കൊലയ് ചവസെസ്‌ക്കൂവിന്റെ, ഭരണ കാലഘട്ടത്തിൽ ജനിച്ച അംബ്രോസിന്റെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു.മാതാപിതാക്കൾ അവരുടെ വഴിയ്ക്ക് പോയപ്പോൾ അമ്മൂമ്മയോടൊപ്പം ജീവിച്ച ആംബ്രോസ് കുട്ടിക്കാലത്തു തന്നെ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നു.പിന്നീട് മുതിർന്നപ്പോൾ റൊമേനിയയിൽ തനിക്കു ഒരു ജീവിതം ഇല്ല എന്നു മനസ്സിലാക്കിയപ്പോൾ അതിർത്തി കടന്ന് ഹങ്കറിയിൽ നിയമവിരുദ്ധമായ കുടിയേറ്റം നടത്തി.അതിനു ശേഷം തുടങ്ങുന്നു ആറ്റില്ല ആംബ്രോസിന്റെ Whiskey Bandit ലേക്കുള്ള പരിണാമം.

   രാഷ്ട്രീയ കാരണങ്ങൾ കാരണം അംബ്രോസ് നായക പരിവേഷം ലഭിച്ചുവെങ്കിലും ആദ്യ മോഷണം ഹങ്കറിയിൽ നടത്തിയതു നില നിൽപ്പിന് വേണ്ടി ആയിരുന്നെങ്കിലും പിന്നീട് അത് അയാളെ ഹരം കൊള്ളിച്ചു എന്നതാണ് കൗതുകം.പോലീസിന്റെ അറിവിൽ ഉള്ള 16 മോഷണങ്ങൾ അല്ല,താൻ 26 എണ്ണം നടത്തിയിട്ടുണ്ട് എന്നുള്ള അയാളുടെ ഏറ്റു പറച്ചിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആയ ബാർട്ടോസിന്റെ ഈഗോയെ ചെറുതായി അല്ല ബാധിച്ചത്.സിനിമയുടെ ആരംഭത്തിൽ ബാർട്ടോസിന്റെ മുന്നിൽ ഏറ്റു പറയുന്ന അംബ്രോസ് എന്നാൽ അയാളുടെ ഓരോ കഥകളിലും ബർട്ടോസിനെ മാനസികമായി കീഴ്പ്പെടുത്തുന്നും ഉണ്ടായിരുന്നു.ബാർട്ടോസ് പലപ്പോഴും അസ്വസ്ഥനായി മരുന്നും ഉണ്ടായിരുന്നു.പ്രത്യേകിച്ചും ഒരു കള്ളന് പൊതു സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത അയാളുടെ മാനസിക നിലയെ പോലും ബാധിച്ചു തുടങ്ങി.സംഭവ ബഹുലം ആണ് ആറ്റില്ല ആംബ്രോസിന്റെ കഥ,ഒപ്പം നല്ല ത്രില്ലിങ്ങും.വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന രീതി സാധാരണ ഗതിയിൽ ബയോഗ്രാഫി സിനിമകൾ നൽകുന്ന വിരസതകൾ മാറ്റി നിർത്തും.പ്രധാന കാരണം മോഷണം ,പിന്നീട് സിനിമയിൽ അതു അവതരിപ്പിച്ച രീതി.ഒപ്പം മികച്ച പശ്ചാത്തല സംഗീതവും.അംബ്രോസിനെ അവതരിപ്പിച്ച Bence Szalay തന്റെ വേഷത്തോട് നീതി പുലർത്തിയിട്ടുണ്ട്.

ഇത്രയും കാര്യങ്ങൾ വായിച്ചിട്ട് കൗതുകം തോന്നുന്നുണ്ടെങ്കിൽ ചിത്രം കാണാൻ ശ്രമിക്കുക!!!എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ആറ്റില്ല ആംബ്രോസിന്റെ കഥ...

Friday, 15 June 2018

887.IRAVUKKu AYIRAM KANKAL(TAMIL,

887.Iravukku Ayiram Kankal(Tamil,2018)
       Mystery,Crime

"ഇരവുക്കു ആയിരം കൺകൾ"-ട്വിസ്റ്റുകളുടെ പ്രളയം!!

  തമിഴ് എഴുത്തുകാരിൽ അപസർപ്പക കഥകൾ എഴുതുന്നവരുടെ സ്ഥിരം വായനക്കാർ ധാരാളം ഉണ്ടാകും.പലപ്പോഴും ആ കഥകൾ ഒക്കെ തന്നെ സിനിമ ആക്കാൻ കഴിയാതെ പോയ ചെറു നോവലുകൾ ആയി ഒതുങ്ങും.ഒരു പരിധി വരെ വായനക്കാർക്ക് എങ്കിലും. പണ്ട് "വികടൻ" പോലെ ഉള്ള പല മാസികകളിലും ഇത്തരം കഥകൾ വായിച്ചത് ഓർമ വരുന്നു.ഒരു തമിഴ് മസാല ചിത്രം പോലെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ശൈലിയിൽ ഉള്ള കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കരണം കൂടി ആകുമ്പോൾ പൂർണമായും ഒരു സിനിമ കണ്ട പ്രതീതി ഉണ്ടാകുമായിരുന്നു.സമാന്തരമായ ,കൂടുതൽ ജനപ്രീതി ഉള്ള സാഹിത്യ വിഭാഗം ആണ് ഇത്തരം കഥകൾ.

  ഇത്രയും പറഞ്ഞു വന്നത് ,സിനിമയുടെ പേരിൽ മുതൽ കഥയിലും,എന്തിനു ക്ളൈമാക്‌സിൽ പോലും, ഈ ചിത്രം അവതരിപ്പിച്ച രീതി അത്തരം ഒരു പ്രതീതി ഉളവാക്കും എന്നത് കൊണ്ടാണ്.തുടക്കത്തിൽ തന്നെ ചിത്രത്തിന്റെ പേരിൽ തോന്നിയ കൗതുകവും,അരുൾ നിധി അഭിനയിക്കുന്ന സിനിമ എന്നു കൂടി ആയപ്പോൾ ഉള്ള പ്രതീക്ഷയും ആണ് ചിത്രം കാണാൻ പ്രേരണ ആയതു.ചിലർക്കെങ്കിലും അങ്ങനെ ആയിരിക്കും എന്ന് കരുതുന്നു.

  ഒരു കൊലപാതകവും,Whodunnit,Whydunnit ചോദ്യങ്ങളും ആണ് സിനിമയുടെ കാതൽ.അതിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ എത്ര മാത്രം സാധിക്കുമോ,അത്രയധികം കഴിഞ്ഞിട്ടും ഉണ്ട് എന്നാണ് അഭിപ്രായം!!കഥ ആയി പറഞ്ഞാൽ വെറുതെ ഒരു കഥ എന്ന പോലെ തോന്നുമെങ്കിലും,കഥാപാത്രങ്ങളെയും,സന്ദര്ഭങ്ങളെയും പ്ളേസ് ചെയ്ത രീതിയും മികച്ച എഡിറ്റിങ്ങും എല്ലാം സിനിമയ്ക്ക് മുതൽക്കൂട്ടാണ്.പ്രേക്ഷകനിൽ,കഥയോട് ഉള്ള കൗതുകം,സാഹചര്യങ്ങൾ നൽകുന്ന ത്രില്ലിംഗ് സ്വഭാവം ഒക്കെ അന്ന് രാത്രി നടന്ന സംഭവങ്ങളുടെ മറു വശം കാണിക്കുമ്പോൾ പ്രേക്ഷകനിൽ കൂടുതൽ താൽപ്പര്യം ഉണ്ടാക്കുന്നു.അതു കൊണ്ടു തന്നെ കഥ സംഗ്രഹം എന്നതിലും ഉപരി,സിനിമ കാണാൻ തന്നെ ശ്രമിക്കണം.

  എതിരഭിപ്രായം ഉള്ളവർ ഉണ്ടാകുമെങ്കിലും ഇത്തരം ചിത്രങ്ങൾ നൽകുന്ന ത്രിൽ ആസ്വദിക്കുന്ന ഒരാൾക്ക് മികച്ച ഒരു സിനിമാനുഭവം തന്നെ ആയിരിക്കും.ക്ളൈമാക്‌സിൽ ചെറുതായി ഒളിപ്പിച്ച നിഗൂഢത നൽകുന്ന സൂചനകൾ പോലും ധാരാളം Interpretation നു വിധേയം ആയതു തന്നെ അത്തരം ഒരു ഘടകം സിനിമയുടെ മൊത്തത്തിൽ ഉള്ള അനുഭവത്തോടൊപ്പം കൂട്ടി യോജിപ്പിക്കാവുന്ന ഒന്നാണ്."സുജാത"യുടെ പ്രശസ്തമായ "ഗണേഷ്-വസന്ത്" പരമ്പരയിലെ "ഇതൻ പെയരും കൊലൈ" എന്ന പുസ്തകത്തിന്റെ പേര് എഴുതി കാണിക്കുമ്പോൾ ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് വീണ്ടും സ്‌ക്രീനിൽ കാണാത്ത കഥ മെനയാൻ അവസരം നൽകുന്നു.നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഓരോ "സുജാത"മാർ ഉണ്ടായിരിക്കാം.ആ ഒരു ഘടകം ഭംഗിയായി ഉപയോഗിച്ചു.എങ്കിൽ കൂടിയും ഇടയ്ക്കൊക്കെ ഒരു dark thriller എന്ന രീതിയിൽ വിളിക്കാൻ ഉള്ള സാധ്യതകൾ നല്ലതു പോലെ ഉപയോഗിച്ചില്ല എന്ന തോന്നൽ ഉണ്ടായി.ആദ്യ ക്ളൈമാക്‌സ് പെട്ടെന്ന് പറഞ്ഞു പോയത് പോലെയും ഒരു തോന്നൽ ഉണ്ടായി.എന്നാൽ ഇതിലേക്ക് അധികം ശ്രദ്ധ തിരിക്കാതെ ഇരിക്കാൻ മു.മാരനും ടീമിനും സാധിച്ചു,രണ്ടാമത് പ്രേക്ഷകന് നീട്ടിയ ക്ളൈമാക്സിലൂടെ!!അവരുടെ ശ്രദ്ധയും അതിൽ ആയിരുന്നിരിക്കണം..

  അരുൾ നിധി,അജ്മൽ അമീർ,ആനന്ദ് രാജ് തുടങ്ങിയുള്ള പ്രധാന അഭിനേതാക്കൾക്കു കഥാപാത്രങ്ങളോട് നീതി പുലർത്താൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.അജ്മലിന്റെ തമിഴ് ,ചെറിയ കല്ലു കടി ആയിരുന്നു.എന്തായാലും മിസ്റ്ററി/സസ്പെൻസ് ഴോൻറെയിൽ ഉള്ള തമിഴ് ചിത്രങ്ങളിൽ നല്ലത്/മികച്ച ചിത്രങ്ങളിൽ ഒന്നായി തോന്നി "ഇരവുക്കു ആയിരം കൺകൾ"!!

886.GOLDEN SLUMBER(KOREAN,2018)

886.Golden Slumber(Korean,2018)
        Action,Thriller.

നിരപരാധിയുടെ നേരെ തോക്കുകൾ നീളുമ്പോൾ -Golden Slumber.

Jason Bourne meets Gun-Wu

'Bourne' പരമ്പരയിലെ സിനിമയിലെ ജേസൻ ബോർണ് ഒരു സാധു മനുഷ്യൻ ആയിരുന്നെങ്കിലോ?ജേസൻ ,തന്നെ കൊല്ലാൻ നടക്കുന്നവരിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നെങ്കിലും സ്വന്തം രീതിയിൽ പ്രതിരോധം ഒരുക്കാൻ അയാൾക്ക്‌ സാധിച്ചിരുന്നു.എന്നാൽ  "Golden Slumber" ലെ 'ഗുൻ വൂ' ഇതിനു നേരെ വിപരീത സ്വഭാവക്കാരൻ ആയിരുന്നു സമാനമായ ഒരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടി വന്നപ്പോൾ.ആയാളും ഓടി രക്ഷപ്പെടുന്നുണ്ട്.പക്ഷെ വ്യത്യാസം, അയാളിൽ ഓർമകൾ ഉണ്ട്,സൗഹൃദം ഉണ്ട് അതിനപ്പുറം കളങ്കം ഇല്ലാത്ത ഒരു മനസ്സും.


    താനുൾപ്പെടുന്ന സമൂഹത്തിനു മാതൃകയായി ജീവിക്കാൻ കഴിയുകയും,മനുഷ്യ ജീവിതങ്ങൾക്ക് വില കൽപിക്കുകയും ചെയ്യുന്ന മൃദു സ്വഭാവം ഉള്ള ഒരാൾ.ഒരു ദിവസം അതു വരെ നേടിയെടുത്ത സൽപ്പേര് മായുകയും,രാജ്യം തേടുന്ന ഏറ്റവും വലിയ കുറ്റവാളിയും ആയി ഒരാൾ മാറിയാൽ??ജാപ്പനീസ് എഴുത്തുകാരൻ ആയ "കോട്ടറോ ഇസക്കയുടെ" കഥ ആദ്യം സിനിമയാക്കിയത് 2010 ലെ ജാപ്പനീസ് സിനിമ ആയിരുന്നു.അതിന്റെ കൊറിയൻ ഭാഷ്യം ആണ് 'Golden Slumber'.

   ഒരു കൊറിയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗുൻ വൂ,അടുത്തകാലത്ത്‌ നടത്തിയ ഒരു രക്ഷാപ്രവർത്തനം കാരണം "മാതൃക പൗരൻ" ആയി വാഴ്ത്തപ്പെട്ടൂ.തന്റെ പഴയകാല സൗഹൃദങ്ങളുടെ നൊസ്റ്റാൾജിയയിൽ ജീവിച്ചിരുന്ന ഗുൻ വൂ,പലക്കാരണങ്ങളാൽ തിരക്കിലായി പോയ പഴയ കൂട്ടുകാരെ ഇപ്പോഴും പഴയ പോലെ സ്നേഹിച്ചിരുന്നു.സിനിമയിൽ ഇടയ്ക്കുള്ള "ബീറ്റിൽസ്" പാട്ടൊക്കെ ആ ഒരു ഫീൽ ഉണർത്തുകയും ചെയ്യും.

   എന്നാൽ വളരെക്കാലത്തിനു ശേഷം പരിചയപ്പെട്ട പഴയ സുഹൃത്തുക്കളിൽ ഒരാൾ ആയാലും സമാധാന ജീവിതത്തിനു വിരാമം ഇട്ടൂ.ഗുൻ വൂ ,അയാൾ അറിയാതെ തന്നെ ആസൂത്രിതമായ ഒരു കൊലപാതകത്തിന് കാരണക്കാരൻ ആയി മാറി.നിമിഷങ്ങൾ കൊണ്ട് അത്രയും നാൾ,മാതൃക പൗരൻ ആയി കണക്കാക്കപ്പെട്ട ആൾ തീവ്രവാദി ആയി മുദ്ര കുത്തപ്പെട്ടൂ..സാധാരണ ഗതിയിൽ എന്താകും ഒരു ത്രില്ലർ സിനിമയിലെ നായക കഥാപാത്രത്തിന് ഇത്തരം അവസരങ്ങളിൽ ചെയ്യാൻ കഴിയുക?ഓടുക.അതിനൊപ്പം സ്വയം പ്രതിരോധം തീർക്കുക.എന്നാൽ ഗുൻ വൂവിന് ഓടാൻ മാത്രം ആണ് കഴിഞ്ഞിരുന്നത്.തന്റെ മാറിയ അവസ്ഥയിലും സ്വഭാവത്തിൽ നല്ല വശങ്ങൾ അയാൾ കൈ വിടുന്നില്ല.ഭാഗ്യം ഒന്നു മാത്രമാണ് അയാളുടെ ജീവിതം നില നിർത്തുന്നത്!!

പ്രേക്ഷകന്റെ മുന്നിൽ ഉള്ള ബാക്കി കഥ അതാണ്,ഇത്തരം സ്വഭാവ വിശേഷം ഉള്ള ഒരാൾ എങ്ങനെ രക്ഷപ്പെടും?അതും  ശത്രുക്കളുടെ എണ്ണം ഇത്ര അധികം ഉള്ളപ്പോൾ??അതിനൊപ്പം മറ്റൊരു ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തണം?ഗുൻ വൂവിന് ഉന്നം വച്ചിരിക്കുന്നത് ആരാണ്?സ്വാഭാവിക കൊറിയൻ ത്രില്ലർ ആയി തന്നെ മാറുമ്പോഴും ,ജാപ്പനീസ് സിനിമകളുടെ റീമേക്കുകളിൽ ഭൂരിഭാഗവും കാണുന്നത് പോലെ വൈകാരികമായ രീതിയിൽ കൂടുതൽ ഇടപെടലുകൾ ചിത്രത്തിൽ കാണാം.കൊറിയൻ സിനിമയുടെ മുഖ മുദ്ര കാത്തു സൂക്ഷിക്കുക ആണ് അവരുടെ രീതി.അതിൽ കൊറിയൻ Golden Slumber ഉം വ്യത്യസ്തമല്ല!!

Monday, 11 June 2018

885.RAID(HINDI,2018)

885.Raid(Hindi,2018)
        Thriller


ഒരു ഒന്നൊന്നര റെയ്ഡിന്റെ കഥയുമായി Raid.


   അഴിമതി ഒഴിഞ്ഞു ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു ആലോചിക്കാൻ പോലും കഴിയില്ല.പലപ്പോഴും 'വോട്ട് ബാങ്ക്' രാഷ്ട്രീയം കളിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചിലരുടെ എല്ലാം താൽപ്പര്യങ്ങൾ സംരക്ഷിച്ചേ മതിയാകൂ,തങ്ങളുടെ അധികാരം നില നിർത്താൻ.ഇത്തരം നീക്കുപ്പോക്കലുകൾ രാജ്യത്തിനു സൃഷ്ടിക്കുന്നത് ഭീകരമായ സാമ്പത്തിക സ്ഥിതി വിശേഷം ആണ്.തീവ്രവാദ പ്രസ്ഥാനങ്ങൾക്കു പോലും കഴിയാത്ത അത്ര നാശ നഷ്ടം അഴിമതിയിൽ മുങ്ങി കുളിച്ച രാഷ്ട്രീയക്കാർ,ബിസിനസുകാർ എന്നിവർ നൽകിയിട്ടുണ്ടെന്ന് ഉള്ളത് അപകടകരമായ ഒരു കാര്യവുമാണ്.


Aamir,No One Killed Jessica തുടങ്ങിയ സിനിമകൾ അവതരിപ്പിച്ച "രാജ് കുമാർ ഗുപ്ത" യുടെ പുതിയ ചിത്രം 'റെയ്ഡ്'  കൈകാര്യം ചെയ്യുന്നത് പേരിനോട് നീതി പുലർത്തിയ ഒരു യഥാർത്ഥ സംഭവത്തെ കുറിച്ചുള്ള അവതരണം ആണ് .80 കളിൽ നടന്ന ഒരു വലിയ റെയ്ഡിന്റെ കഥയാണ് ചിത്രം.അമയ് പട്‌നായിക് എന്ന കഥാപാത്രമായി അജയ് ദേവ്ഗൻ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇൻകം ടാക്‌സ് വിഭാഗത്തിലെ ഡെപ്യൂട്ടി കമ്മീഷണർ ആയ അമയ്,MP യും ഒരു പ്രദേശത്തെ അനൗദ്യോഗിക നാട്ടു രാജാവുമായി മാറിയ രാമേശ്വർ സിങിന്റെ വീട്ടിൽ നടത്തുന്ന റെയ്ഡും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം.

  അജ്ഞാത ഫോണ് കോളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചു രാമേശ്വറിന്റെ വീട് റെയ്ഡ് ചെയ്യാൻ പോകുമ്പോൾ  അമയ് എല്ല നടപടി ക്രമങ്ങളും നിയമ വിധേയമായി തന്നെ പൂർത്തിയാക്കിയിരുന്നു.കാരണം,അയാളുടെ രാഷ്ട്രീയ ശക്തി അത്ര മാത്രം ഉണ്ടായിരുന്നു.തന്റെ അധികാര പരിധിയുടെ അപ്പുറത്തുള്ള രാമേശ്വറിന്റെ രാഷ്ട്രീയ സ്വാധീനം എന്നാൽ അമയുടെ പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ തടസ്സം സൃഷ്ടിക്കുന്നു.ഒപ്പം പരിഭ്രാന്തർ ആയ കുറച്ചു സഹപ്രവർത്തകർ പോലും അയാളുടെ ദൃഢ നിശ്ചയത്തിനു മുന്നിൽ പിടിച്ചു നിന്നു.ദുരൂഹമായ സ്രോതസ്സിൽ നിന്നും അയാൾക്ക്‌ കിട്ടുന്ന വിവരങ്ങൾ യഥാർത്ഥത്തിൽ ആരാണ് നൽകുന്നത്?രാഷ്ട്രീയ ഇടപെടലുകൾ അമയുടെ ഉദ്യമത്തിന് വിലങ്ങു തടി ആകുമോ?ചിത്രം കാണുക..

  സാധാരണ ഹിന്ദി ചിത്രങ്ങൾ പോലെ മസാല അധികം കയറ്റാതെ ,വിഷയത്തോട് നീതി പുലർത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.ഇത്തരത്തിൽ ഉള്ള വിഷയം ഒരു ത്രില്ലർ ആയി മാറ്റുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് മികച്ച ഒരു ചിത്രമാണ്.ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രി ആയി കാണിച്ച രംഗങ്ങളും ക്ളൈമാക്സിലെ അവരുടെ സാന്നിധ്യം ഒക്കെ ഒരു രാഷ്ട്രീയ ത്രില്ലർ എന്ന നിലയിൽ നന്നായി തന്നെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.മികച്ച ഹിന്ദി പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്നാണ് റെയ്ഡ് എന്നു നിസംശയം പറയാം.


884.PARAVA(MALAYLAM,2017)


884.Parava(Malayalam,2017)
        Action,Drama

Rakesh Manoharan:
സൗഹൃദത്തിന്റെ ചിറകടി-പറവ

  2017 ൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും ഇഷ്ട ചിത്രങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ ആണ് 'പറവ' കാണാതെ അങ്ങനെ ഒരു ലിസ്റ്റിന് പ്രസക്തി ഇല്ല എന്നു സുഹൃത്തുക്കളിൽ നിന്നും മനസ്സിലായി ആ ഉദ്യമം ഉപേക്ഷിച്ചു.പ്രതീക്ഷ തെറ്റിയില്ല.മികച്ച ഒരു സിനിമാനുഭവം ആയിരുന്നു പറവ.എന്തു ഭംഗിയായി ആണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.വളരെ സ്വാഭാവികമായ കഥാപാത്രങ്ങൾ.ലാറ്റിൻ അമേരിക്കൻ ചിത്രങ്ങളിലെ പോലുള്ള ഒരു മേയ്ക്കിങ്.മലയാള സിനിമ നല്ലതു പോലെ വളരുകയാണ്.Trash,7 Cajas ഒക്കെ കണ്ട ഒരു പ്രതീതി.കഥയിൽ അല്ല.പകരം അവതരണത്തിൽ.

   മറ്റു കഥാപാത്രങ്ങളെ കുറിച്ചു പറയുന്നതിന് മുൻപ് പറയാൻ താൽപ്പര്യം ഉള്ളത് സൗബിന്റെയും,ശ്രീനാഥ് ഭാഷയുടെയും കഥാപാത്രങ്ങളെ കുറിച്ചാണ്.സൗബിൻ ഒക്കെ നാടൻ ഭാഷയിൽ പറഞ്ഞാൽ "നല്ല ചൊറി" കഥാപാത്രങ്ങൾ ആയിരുന്നു.സൗബിന്റെ ആ ചിരി തമാശയ്ക്കും ഇതു പോലെ ക്രൂരത കാണിക്കാനും ഭംഗിയായി ഉപയോഗിക്കാം.വല്ലാത്ത ഒരു ക്രൂരത ആയിരുന്നു ആ വേഷത്തിന്. സിദ്ധിക്കിന്റെ കഥാപാത്രവും ഇടയ്ക്കു ഒക്കെ കണ്ണീരു അണിയിച്ചു പോയി.'കമ്മട്ടിപ്പാടത്തിന്റെ' കച്ചവട മുഖ്യമായ ദുൽഖറിനെ ഇവിടെ അവതരിപ്പിച്ച രീതിയും ഗംഭീരമായി.

  മട്ടാഞ്ചേരിയിൽ നടക്കുന്ന കഥ.അതിനു ഒരു രീതിയുണ്ട്.അതിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ല.എന്നാൽ സൗഹൃദം എന്ന ഘടകം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.പ്രത്യക്ഷത്തിൽ കഥയുടെ ആത്മാവ്,ഇച്ചാപ്പിയും ഹസീബും ആണെന്ന് തോന്നുമെങ്കിലും സിനിമയിൽ ഭൂരിഭാഗവും ഒളിഞ്ഞിരിക്കുന്ന ഷെയ്‌നിന്റെയും കൂട്ടുകാരുടെയും കഥയാണ്.പ്രാവ് വളർത്തൽ,ബാല്യത്തിലെ ചെറിയ രസങ്ങൾ ഒക്കെ ആയി പോകുന്ന കഥയുടെ ആ ഭാഗവും നല്ല രസമായിരുന്നു.

  സൗബിൻ സിനിമയിൽ ഉൾപ്പെടുത്താൻ ശ്രമിച്ച മത -രാഷ്ട്രീയം ചിന്തിക്കപ്പെടേണ്ടത് ആണ്.ഒരു വിഭാഗത്തിന്റെ മാത്രമല്ല എന്നു മാത്രം.പ്രത്യേകിച്ചും മത-രാഷ്ട്രീയ കാരണങ്ങളാൽ കൂടുതൽ ആളുകളെയും ചാപ്പ അടിക്കുന്ന ഈ സമയത്തു.അതിനും അപ്പുറം അപകടകരമായി മാറുന്ന ഒരു തലമുറ.അതു ഉപദേശത്തിന്റെ രീതിയിൽ ഒന്നും കാണിക്കാതെ നേരിട്ടു തന്നെ പ്രേക്ഷകന്റെ മുന്നിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..All praise for Soubin & Team!!

   തിയറ്റർ എക്സ്പീരിയൻസിന് ഉള്ള അവസരം ഇല്ലാത്തത്തിൽ നല്ല നിരാശ ഉണ്ട് പറവയുടെ കാര്യത്തിൽ.നല്ല പാട്ടുകൾ,മികച്ച അവതരണം.മോശം വശങ്ങളെ കുറിച്ചു ഒന്നും ആലോചിക്കാൻ പോലും ഇല്ലായിരുന്നു ആഷിക് അബു,അൻവർ റഷീദ് തുടങ്ങിയവരുടെ പേരിൽ അറിയപ്പെടുന്ന 'കൊച്ചിൻ നവ സിനിമ'യുടെ വക്താക്കളിൽ നിന്നും.അവരിൽ മിയ്ക്കവരും ചിത്രത്തിൽ തല കാണിച്ചു പോവുകയും ചെയ്‌തു.

സൗഹൃദത്തിന്റെ വ്യത്യസ്ത ഭാവങ്ങളും ,ഒപ്പം മത- സാമുദായിക വ്യവസ്ഥകളും ആയി സംവദിക്കാൻ 'പറവ' ശ്രമം നടത്തി എന്ന് തന്നെ കരുതുന്നു.സിനിമകളുടെ ഇഷ്ടാനിഷ്ടങ്ങളിൽ വളരെയധികം ഇഷ്ടമായ സിനിമ ആയി മാറി 'പറവ'.

Monday, 4 June 2018

883.KAALAKAANDI(HINDi,2018)


883.Kaalakaandi(Hindi,2018)
      Comedy,Thriller.


        മോശം സിനിമ എന്ന അഭിപ്രായങ്ങള്‍ വായിച്ചു കൊണ്ടാണ് ചിത്രം കാണാന്‍ തീരുമാനിക്കുന്നത്.'Delhi Belly' യുടെ സംവിധായകന്‍ അക്ഷത് വെര്‍മ എഴുതി,സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ തന്നെയാണ് ചിത്രം കാണാന്‍ ആരംഭിച്ചതും.മോശം ആകും എന്നുള്ള മുന്വിധി കാരണമാകും,എന്നാല്‍ 'കാലകാണ്ടി' ഇഷ്ടമായി.


  ദല്‍ഹി ബെല്ലി പോലെ തന്നെ ഡാര്‍ക്ക്‌ ഹ്യൂമറിലൂടെ ആയിരിക്കും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചന കാരണം ആ രീതിയില്‍ സിനിമയെ കാണുവാന്‍ ശ്രമിച്ചത്‌.ചിത്രം സഞ്ചരിക്കുന്നത് മൂന്നു ട്രാക്കുകളിലൂടെ ആണ്.

1.അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം മരണപ്പെടും എന്ന് ഡോക്റ്റര്‍ പറയുമ്പോള്‍,താന്‍ ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കുകയോ,സിഗരറ്റ് വലിക്കുകയോ,മയക്കു മരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല എന്ന് ഡോക്റ്റരോട്    പറയുമ്പോള്‍ 'കാന്‍സര്‍' എന്ന അസുഖം ഇപ്പോഴും ഒരു സമസ്യ ആണെന്ന് പറയുന്ന ഡോക്റ്ററെ നോക്കി വിഷമിക്കുന്ന പണക്കാരന്‍ ആയി സെയ്ഫ് അലി ഖാന്റെ കഥാപാത്രം.

2.അമേരിക്കയിലേക്ക് ഉയര്‍ന്ന പഠനത്തിനായി പോകാന്‍ തയ്യാറാകുന്ന യുവതിക്ക് ആ രാത്രി നേരിടേണ്ടി വരുന്ന സംഭവങ്ങള്‍.

3.രണ്ടു ഗുണ്ടകള്‍ തമ്മില്‍ ഉള്ള ബന്ധം.

    പടത്തിന് മോശം അഭിപ്രായങ്ങള്‍ ഏറെ ലഭിക്കാന്‍ കാരണം ഒരു പക്ഷെ മികച്ച ത്രില്ലര്‍ ആക്കാന്‍ ധാരാളം സാധ്യത ഉള്ള വിഷയത്തെ സമീപിച്ച രീതി ആയിരിക്കാം.എന്നാല്‍ക്കൂടിയും ഒരു രാത്രി നടക്കുന്ന സംഭവങ്ങള്‍ രസകരമായി തന്നെ ബ്ലാക്ക് ഹ്യൂമറിലൂടെ തന്നെ അവതരിപ്പിച്ചതായി ആണ് തോന്നിയത്.പ്രത്യേകിച്ചും സെയ്ഫ് അലി ഖാന്‍.സെയ്ഫിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലെ കഥാപാത്രം.ജീവിതത്തില്‍ മരണത്തിനു മുന്‍പ് ചെയ്തു തീര്‍ക്കാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടെന്നു പറയുകയും,അതെല്ലാം അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയുടെ  പ്രതിഫലനം ആയി മാറുകയും ചെയ്യുന്നത് രസകരമായിരുന്നു.


  അത് പോലെ ക്ലൈമാക്സ്.വിശ്വസനീയം അല്ല എന്ന് ആദ്യ കാഴ്ചയില്‍ തോന്നുമെങ്കിലും അത്തരത്തില്‍ നടക്കാന്‍ ഉള്ള സാധ്യത Theoretically സാധ്യമാണ് എന്ന് പലയിടത്തും കണ്ടിരുന്നു.അത്തരം ഒരു സാധ്യതയെ സിനിമ നല്ലത് പോലെ ഉപയോഗിച്ച് എന്ന് വേണം പറയാന്‍.ചിത്രം പറയാന്‍ ശ്രമിക്കുന്ന ഒന്നുണ്ട്.'Karma'.തങ്ങളുടെ പ്രവര്‍ത്തികള്‍,അതിന്‍റെ പ്രതിഫലനങ്ങള്‍,തങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവ്യം ആക്കും എന്ന് ഡാര്‍ക്ക് ഹ്യൂമറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

   ചുരുക്കത്തില്‍ വിദേശ സിനിമകളുടെ pattern ഉപയോഗിച്ച് എടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ചിത്രമാണ് 'കാലകാണ്ടി'.പ്രേക്ഷക സ്വീകാര്യത കുറവായത് കൊണ്ട് മോശം ചിത്രം ആണെന്ന അഭിപ്രായവും ഇല്ല.

882.CONTAGION(ENGLISH,2011)


882.Contagion(English,2011)
       Thriller.

'Contagion' കാലത്തെ അതിജീവിച്ച,പ്രവചന സ്വഭാവമുള്ള കാലഘട്ടത്തിന്‍റെ മെഡിക്കല്‍ ത്രില്ലര്‍!!


  ആദ്യ തന്നെ ഒരു ജാമ്യം എടുത്തു കൊണ്ട് തുടങ്ങുന്നു.മെഡിക്കല്‍ വിഷയങ്ങള്‍ ഉള്ള അറിവ് ചുറ്റും ഉള്ളത് കണ്ടും കേട്ടും വായിച്ചും മാത്രം പരിചയം ആണ് ഉള്ളത്.ഇപ്പോള്‍ പടരുന്ന 'നിപ' വൈറസും അതിനെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആയി ചെറുതല്ലാത്ത ഒരു ബന്ധം ചിത്രത്തില്‍ കാണാന്‍ സാധിച്ചു ആ അറിവ് വച്ച്.വസ്തുതകളും ആയി എത്ര മാത്രം സത്യം ഉണ്ടെന്നുള്ളത് ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള അറിവ് കുറവാണ്.

 ഹോങ്ങ്കൊങ്ങില്‍ നിന്നും തിരിച്ചു വന്ന 'ബെത്ത്' ക്ഷീണിതയായിരുന്നു.അവരുടെ യാത്രയ്ക്ക് ഒരു രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. അവിടെ നിന്നും തിരിക്കുന്ന രണ്ടാം ദിവസം മുതല്‍ ഉള്ള സംഭവങ്ങള്‍ ആണ് സിനിമയില്‍ കാണിച്ചു തുടങ്ങുന്നത്.രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവര്‍ മരിക്കുന്നു.അതിനു പുറകെ അവരുടെ മകനും. അജ്ഞാതമായ ആ രോഗത്തിന്‍റെ കാരണങ്ങള്‍ ആദ്യം മെഡിക്കല്‍ ലോകത്തിനെ കുഴപ്പിക്കുന്നു. ബെത്തിന്റെ ഭര്‍ത്താവായ 'മിച്'(Matt Damon) എന്നാല്‍ ആ അജ്ഞാത രോഗത്തില്‍ നിന്നും സ്വയം പ്രതിരോധ ശക്തി ലഭിച്ച ആളായിരുന്നു.എന്നാല്‍ പതിയെ രോഗം ലോകം മുഴുവന്‍ പടരുന്നു.

   ദിവസങ്ങള്‍ കഴിയുംതോറും അജ്ഞാതമായ അസുഖം അതിന്റെ രൌദ്ര ഭാവം കാണിച്ചു തുടങ്ങുന്നു.ലോകമെമ്പാടും ആളുകള്‍ മരണപ്പെടുന്നു.രോഗികളുമായി അടുത്ത് ഇടപ്പഴകുന്നവരും രോഗ ബാധിതരാകുന്നു.സംഘര്‍ഷ ഭരിതമായ ലോകമായിരുന്നു അതിന്റെ മോശം വശം.അതിന്റെ ഒപ്പം രോഗം വരാനുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാതെ യൂടൂബിലൂടെ വീഡിയോ ഇറക്കുകയും ,രോഗത്തിനുള്ള മരുന്ന് താന്‍ കണ്ടു പിടിച്ചു എന്നുള്ള അവകാശ വാദവും ആയി അലന്‍ ക്രംവേയ്ദ് രംഗതെതുന്നു.താന്‍ രോഗ ബാധിതന്‍ ആയിരുന്നു എന്നും ഹോമിയോപ്പതിയില്‍ അതിനുള്ള മരുന്ന് ഉണ്ടെന്നും ഉള്ള അവകാശവാദം 'ഫോര്സിതിയ' എന്ന മരുന്നിന്റെ പുറകെ ആളുകളെ നടത്താന്‍ കഴിഞ്ഞൂ.

    എന്നാല്‍ മെഡിക്കല്‍ ലോകം ,വളരെ വേഗത്തില്‍ പടരുകയും മരണം സംഭവിക്കുകയും ചെയ്യുന്ന രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു.വളരെയധികം ദിവസങ്ങള്‍ക്കു കഴിയുന്നു.ആളുകള്‍ പുറത്തു ഇറങ്ങാത്ത ,ഭക്ഷണത്തിന് പോലും സര്‍ക്കാര്‍ ഏജന്‍സികളുടെ കാരുണ്യത്തിനു ആളുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ സംജാതമാകുന്നു.എങ്കില്‍ കൂടിയും രോഗം എങ്ങനെ ?എവിടെ നിന്നും പടര്‍ന്നൂ എന്ന കാര്യം നിഗൂഡമായി നില നിന്നൂ.രോഗത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്കും,അതിന്റെ പ്രതിവിധിയും ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.


   കേരളത്തില്‍ ഇപ്പോള്‍ ആളുകളുടെ മരണത്തിനു ഇടയാക്കിയ 'നിപ' വൈറസ് രോഗവും ആയി സിനിമ അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു.പ്രത്യേകിച്ചും 'അലന്‍ ക്രംവേയ്, യെ പോലുള്ള കഥാപാത്രങ്ങള്‍ ശരിക്കുമുള്ള ജീവിതത്തില്‍ നമ്മുടെ മുന്നില്‍ തന്നെ ഏകദേശം അതേ Pattern ല്‍ തന്നെ കാണുമ്പോള്‍ ആണ് സിനിമയുടെ പ്രവചന സ്വഭാവം മനസ്സിലാവുക.രോഗികളെ പരിചരിക്കുന്നവരുടെ മരണം , അതിനൊപ്പം  രോഗത്തെ കുറിച്ചുള്ള രഹസ്യം അവസാനം ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പോലും ഈ ഒരു വസ്തുത കാണാവുന്നതാണ്.ആല്‍ക്കഹോള്‍ രോഗത്തെ പ്രതിരോധിക്കുന്നു എന്ന പരാമര്‍ശം ഒക്കെ സമീപ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നു. ഒരു മെഡിക്കല്‍ ത്രില്ലര്‍ മാത്രമല്ലാതെ ഒരു സിനിമയ്ക്ക് ആവശ്യമായ കഥ കൂടി വ്യക്തികളിലൂടെ അവതരിപ്പിച്ചു പോകുന്നും ഉണ്ട് 'സ്റ്റീവന്‍ സോടര്ബെര്ഗ്'.


     സിനിമ ഇറങ്ങുന്നതിനു മുന്‍പ് പടര്‍ന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ രൂപപ്പെടുത്തിയ സിനിമയ്ക്ക് 'Medical Accuracy' ഉണ്ടായിരുന്നു എന്ന് പല പ്രമൂഖരും രേഖപ്പെടുത്തിയിരുന്നു.സാധാരണ ഒരു Disaster സിനിമയ്ക്കും ഏറെ മുകളില്‍ നില്‍ക്കും  'Contagion'.ഇത്തരം സിനിമകളിലെ ക്ലീഷേകള്‍ ഒരു വിധം ഒഴിവാക്കാനും  'multi-narrative' "hyperlink cinema" അവതരണത്തിന് സാധിച്ചിട്ടും ഉണ്ട്.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Contagion.


Director: Steven Soderbergh
Writer: Scott Z. Burns
Stars: Matt Damon, Kate Winslet, Jude Law