Pages

Monday, 4 June 2018

882.CONTAGION(ENGLISH,2011)


882.Contagion(English,2011)
       Thriller.

'Contagion' കാലത്തെ അതിജീവിച്ച,പ്രവചന സ്വഭാവമുള്ള കാലഘട്ടത്തിന്‍റെ മെഡിക്കല്‍ ത്രില്ലര്‍!!


  ആദ്യ തന്നെ ഒരു ജാമ്യം എടുത്തു കൊണ്ട് തുടങ്ങുന്നു.മെഡിക്കല്‍ വിഷയങ്ങള്‍ ഉള്ള അറിവ് ചുറ്റും ഉള്ളത് കണ്ടും കേട്ടും വായിച്ചും മാത്രം പരിചയം ആണ് ഉള്ളത്.ഇപ്പോള്‍ പടരുന്ന 'നിപ' വൈറസും അതിനെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആയി ചെറുതല്ലാത്ത ഒരു ബന്ധം ചിത്രത്തില്‍ കാണാന്‍ സാധിച്ചു ആ അറിവ് വച്ച്.വസ്തുതകളും ആയി എത്ര മാത്രം സത്യം ഉണ്ടെന്നുള്ളത് ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള അറിവ് കുറവാണ്.

 ഹോങ്ങ്കൊങ്ങില്‍ നിന്നും തിരിച്ചു വന്ന 'ബെത്ത്' ക്ഷീണിതയായിരുന്നു.അവരുടെ യാത്രയ്ക്ക് ഒരു രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. അവിടെ നിന്നും തിരിക്കുന്ന രണ്ടാം ദിവസം മുതല്‍ ഉള്ള സംഭവങ്ങള്‍ ആണ് സിനിമയില്‍ കാണിച്ചു തുടങ്ങുന്നത്.രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവര്‍ മരിക്കുന്നു.അതിനു പുറകെ അവരുടെ മകനും. അജ്ഞാതമായ ആ രോഗത്തിന്‍റെ കാരണങ്ങള്‍ ആദ്യം മെഡിക്കല്‍ ലോകത്തിനെ കുഴപ്പിക്കുന്നു. ബെത്തിന്റെ ഭര്‍ത്താവായ 'മിച്'(Matt Damon) എന്നാല്‍ ആ അജ്ഞാത രോഗത്തില്‍ നിന്നും സ്വയം പ്രതിരോധ ശക്തി ലഭിച്ച ആളായിരുന്നു.എന്നാല്‍ പതിയെ രോഗം ലോകം മുഴുവന്‍ പടരുന്നു.

   ദിവസങ്ങള്‍ കഴിയുംതോറും അജ്ഞാതമായ അസുഖം അതിന്റെ രൌദ്ര ഭാവം കാണിച്ചു തുടങ്ങുന്നു.ലോകമെമ്പാടും ആളുകള്‍ മരണപ്പെടുന്നു.രോഗികളുമായി അടുത്ത് ഇടപ്പഴകുന്നവരും രോഗ ബാധിതരാകുന്നു.സംഘര്‍ഷ ഭരിതമായ ലോകമായിരുന്നു അതിന്റെ മോശം വശം.അതിന്റെ ഒപ്പം രോഗം വരാനുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാതെ യൂടൂബിലൂടെ വീഡിയോ ഇറക്കുകയും ,രോഗത്തിനുള്ള മരുന്ന് താന്‍ കണ്ടു പിടിച്ചു എന്നുള്ള അവകാശ വാദവും ആയി അലന്‍ ക്രംവേയ്ദ് രംഗതെതുന്നു.താന്‍ രോഗ ബാധിതന്‍ ആയിരുന്നു എന്നും ഹോമിയോപ്പതിയില്‍ അതിനുള്ള മരുന്ന് ഉണ്ടെന്നും ഉള്ള അവകാശവാദം 'ഫോര്സിതിയ' എന്ന മരുന്നിന്റെ പുറകെ ആളുകളെ നടത്താന്‍ കഴിഞ്ഞൂ.

    എന്നാല്‍ മെഡിക്കല്‍ ലോകം ,വളരെ വേഗത്തില്‍ പടരുകയും മരണം സംഭവിക്കുകയും ചെയ്യുന്ന രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു.വളരെയധികം ദിവസങ്ങള്‍ക്കു കഴിയുന്നു.ആളുകള്‍ പുറത്തു ഇറങ്ങാത്ത ,ഭക്ഷണത്തിന് പോലും സര്‍ക്കാര്‍ ഏജന്‍സികളുടെ കാരുണ്യത്തിനു ആളുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ സംജാതമാകുന്നു.എങ്കില്‍ കൂടിയും രോഗം എങ്ങനെ ?എവിടെ നിന്നും പടര്‍ന്നൂ എന്ന കാര്യം നിഗൂഡമായി നില നിന്നൂ.രോഗത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്കും,അതിന്റെ പ്രതിവിധിയും ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.


   കേരളത്തില്‍ ഇപ്പോള്‍ ആളുകളുടെ മരണത്തിനു ഇടയാക്കിയ 'നിപ' വൈറസ് രോഗവും ആയി സിനിമ അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു.പ്രത്യേകിച്ചും 'അലന്‍ ക്രംവേയ്, യെ പോലുള്ള കഥാപാത്രങ്ങള്‍ ശരിക്കുമുള്ള ജീവിതത്തില്‍ നമ്മുടെ മുന്നില്‍ തന്നെ ഏകദേശം അതേ Pattern ല്‍ തന്നെ കാണുമ്പോള്‍ ആണ് സിനിമയുടെ പ്രവചന സ്വഭാവം മനസ്സിലാവുക.രോഗികളെ പരിചരിക്കുന്നവരുടെ മരണം , അതിനൊപ്പം  രോഗത്തെ കുറിച്ചുള്ള രഹസ്യം അവസാനം ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പോലും ഈ ഒരു വസ്തുത കാണാവുന്നതാണ്.ആല്‍ക്കഹോള്‍ രോഗത്തെ പ്രതിരോധിക്കുന്നു എന്ന പരാമര്‍ശം ഒക്കെ സമീപ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നു. ഒരു മെഡിക്കല്‍ ത്രില്ലര്‍ മാത്രമല്ലാതെ ഒരു സിനിമയ്ക്ക് ആവശ്യമായ കഥ കൂടി വ്യക്തികളിലൂടെ അവതരിപ്പിച്ചു പോകുന്നും ഉണ്ട് 'സ്റ്റീവന്‍ സോടര്ബെര്ഗ്'.


     സിനിമ ഇറങ്ങുന്നതിനു മുന്‍പ് പടര്‍ന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ രൂപപ്പെടുത്തിയ സിനിമയ്ക്ക് 'Medical Accuracy' ഉണ്ടായിരുന്നു എന്ന് പല പ്രമൂഖരും രേഖപ്പെടുത്തിയിരുന്നു.സാധാരണ ഒരു Disaster സിനിമയ്ക്കും ഏറെ മുകളില്‍ നില്‍ക്കും  'Contagion'.ഇത്തരം സിനിമകളിലെ ക്ലീഷേകള്‍ ഒരു വിധം ഒഴിവാക്കാനും  'multi-narrative' "hyperlink cinema" അവതരണത്തിന് സാധിച്ചിട്ടും ഉണ്ട്.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Contagion.


Director: Steven Soderbergh
Writer: Scott Z. Burns
Stars: Matt Damon, Kate Winslet, Jude Law

No comments:

Post a Comment