Pages

Friday, 15 June 2018

887.IRAVUKKu AYIRAM KANKAL(TAMIL,

887.Iravukku Ayiram Kankal(Tamil,2018)
       Mystery,Crime

"ഇരവുക്കു ആയിരം കൺകൾ"-ട്വിസ്റ്റുകളുടെ പ്രളയം!!

  തമിഴ് എഴുത്തുകാരിൽ അപസർപ്പക കഥകൾ എഴുതുന്നവരുടെ സ്ഥിരം വായനക്കാർ ധാരാളം ഉണ്ടാകും.പലപ്പോഴും ആ കഥകൾ ഒക്കെ തന്നെ സിനിമ ആക്കാൻ കഴിയാതെ പോയ ചെറു നോവലുകൾ ആയി ഒതുങ്ങും.ഒരു പരിധി വരെ വായനക്കാർക്ക് എങ്കിലും. പണ്ട് "വികടൻ" പോലെ ഉള്ള പല മാസികകളിലും ഇത്തരം കഥകൾ വായിച്ചത് ഓർമ വരുന്നു.ഒരു തമിഴ് മസാല ചിത്രം പോലെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ശൈലിയിൽ ഉള്ള കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കരണം കൂടി ആകുമ്പോൾ പൂർണമായും ഒരു സിനിമ കണ്ട പ്രതീതി ഉണ്ടാകുമായിരുന്നു.സമാന്തരമായ ,കൂടുതൽ ജനപ്രീതി ഉള്ള സാഹിത്യ വിഭാഗം ആണ് ഇത്തരം കഥകൾ.

  ഇത്രയും പറഞ്ഞു വന്നത് ,സിനിമയുടെ പേരിൽ മുതൽ കഥയിലും,എന്തിനു ക്ളൈമാക്‌സിൽ പോലും, ഈ ചിത്രം അവതരിപ്പിച്ച രീതി അത്തരം ഒരു പ്രതീതി ഉളവാക്കും എന്നത് കൊണ്ടാണ്.തുടക്കത്തിൽ തന്നെ ചിത്രത്തിന്റെ പേരിൽ തോന്നിയ കൗതുകവും,അരുൾ നിധി അഭിനയിക്കുന്ന സിനിമ എന്നു കൂടി ആയപ്പോൾ ഉള്ള പ്രതീക്ഷയും ആണ് ചിത്രം കാണാൻ പ്രേരണ ആയതു.ചിലർക്കെങ്കിലും അങ്ങനെ ആയിരിക്കും എന്ന് കരുതുന്നു.

  ഒരു കൊലപാതകവും,Whodunnit,Whydunnit ചോദ്യങ്ങളും ആണ് സിനിമയുടെ കാതൽ.അതിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ എത്ര മാത്രം സാധിക്കുമോ,അത്രയധികം കഴിഞ്ഞിട്ടും ഉണ്ട് എന്നാണ് അഭിപ്രായം!!കഥ ആയി പറഞ്ഞാൽ വെറുതെ ഒരു കഥ എന്ന പോലെ തോന്നുമെങ്കിലും,കഥാപാത്രങ്ങളെയും,സന്ദര്ഭങ്ങളെയും പ്ളേസ് ചെയ്ത രീതിയും മികച്ച എഡിറ്റിങ്ങും എല്ലാം സിനിമയ്ക്ക് മുതൽക്കൂട്ടാണ്.പ്രേക്ഷകനിൽ,കഥയോട് ഉള്ള കൗതുകം,സാഹചര്യങ്ങൾ നൽകുന്ന ത്രില്ലിംഗ് സ്വഭാവം ഒക്കെ അന്ന് രാത്രി നടന്ന സംഭവങ്ങളുടെ മറു വശം കാണിക്കുമ്പോൾ പ്രേക്ഷകനിൽ കൂടുതൽ താൽപ്പര്യം ഉണ്ടാക്കുന്നു.അതു കൊണ്ടു തന്നെ കഥ സംഗ്രഹം എന്നതിലും ഉപരി,സിനിമ കാണാൻ തന്നെ ശ്രമിക്കണം.

  എതിരഭിപ്രായം ഉള്ളവർ ഉണ്ടാകുമെങ്കിലും ഇത്തരം ചിത്രങ്ങൾ നൽകുന്ന ത്രിൽ ആസ്വദിക്കുന്ന ഒരാൾക്ക് മികച്ച ഒരു സിനിമാനുഭവം തന്നെ ആയിരിക്കും.ക്ളൈമാക്‌സിൽ ചെറുതായി ഒളിപ്പിച്ച നിഗൂഢത നൽകുന്ന സൂചനകൾ പോലും ധാരാളം Interpretation നു വിധേയം ആയതു തന്നെ അത്തരം ഒരു ഘടകം സിനിമയുടെ മൊത്തത്തിൽ ഉള്ള അനുഭവത്തോടൊപ്പം കൂട്ടി യോജിപ്പിക്കാവുന്ന ഒന്നാണ്."സുജാത"യുടെ പ്രശസ്തമായ "ഗണേഷ്-വസന്ത്" പരമ്പരയിലെ "ഇതൻ പെയരും കൊലൈ" എന്ന പുസ്തകത്തിന്റെ പേര് എഴുതി കാണിക്കുമ്പോൾ ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് വീണ്ടും സ്‌ക്രീനിൽ കാണാത്ത കഥ മെനയാൻ അവസരം നൽകുന്നു.നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഓരോ "സുജാത"മാർ ഉണ്ടായിരിക്കാം.ആ ഒരു ഘടകം ഭംഗിയായി ഉപയോഗിച്ചു.എങ്കിൽ കൂടിയും ഇടയ്ക്കൊക്കെ ഒരു dark thriller എന്ന രീതിയിൽ വിളിക്കാൻ ഉള്ള സാധ്യതകൾ നല്ലതു പോലെ ഉപയോഗിച്ചില്ല എന്ന തോന്നൽ ഉണ്ടായി.ആദ്യ ക്ളൈമാക്‌സ് പെട്ടെന്ന് പറഞ്ഞു പോയത് പോലെയും ഒരു തോന്നൽ ഉണ്ടായി.എന്നാൽ ഇതിലേക്ക് അധികം ശ്രദ്ധ തിരിക്കാതെ ഇരിക്കാൻ മു.മാരനും ടീമിനും സാധിച്ചു,രണ്ടാമത് പ്രേക്ഷകന് നീട്ടിയ ക്ളൈമാക്സിലൂടെ!!അവരുടെ ശ്രദ്ധയും അതിൽ ആയിരുന്നിരിക്കണം..

  അരുൾ നിധി,അജ്മൽ അമീർ,ആനന്ദ് രാജ് തുടങ്ങിയുള്ള പ്രധാന അഭിനേതാക്കൾക്കു കഥാപാത്രങ്ങളോട് നീതി പുലർത്താൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.അജ്മലിന്റെ തമിഴ് ,ചെറിയ കല്ലു കടി ആയിരുന്നു.എന്തായാലും മിസ്റ്ററി/സസ്പെൻസ് ഴോൻറെയിൽ ഉള്ള തമിഴ് ചിത്രങ്ങളിൽ നല്ലത്/മികച്ച ചിത്രങ്ങളിൽ ഒന്നായി തോന്നി "ഇരവുക്കു ആയിരം കൺകൾ"!!

No comments:

Post a Comment