Pages

Monday, 12 February 2018

840.DUKUN(HOKKIEN,2007)


അന്ധ വിശ്വാസങ്ങളില്‍ പൊലിഞ്ഞ ജീവനുകളുടെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരു മലേഷ്യന്‍ ചിത്രം "Dukun"

 അന്ധ വിശ്വാസങ്ങള്‍ കാലാകാലങ്ങളായി എല്ലാ ജന സംസ്ക്കാരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കാണപ്പെട്ടിരുന്നു.ആധുനിക കാലത്ത് പോലും പല രൂപങ്ങളില്‍ ആചാരങ്ങളായി മനുഷ്യന്റെ ഇടയില്‍ കാണപ്പെടുന്നു.മലേഷ്യയെ പിടിച്ചു കുലുക്കിയ അത്തരം ഒരു സംഭവത്തിന്റെ കഥയാണ് 'Dukun' എന്ന 'ഹോക്കിയെന്‍' ഭാഷയില്‍ ഉള്ള ചിത്രം അവതരിപ്പിക്കുന്നത്‌.ഒരു പക്ഷെ സിനിമയുടെ വിവാദപരമായ വശങ്ങള്‍ കാരണം പ്രദര്‍ശന ശാലകള്‍ അന്യമായ ചിത്രമാണ് Dukun.



   സമ്പത്ത് വര്‍ധിപ്പിക്കാനും ഒപ്പം ശത്രുക്കളെ നശിപ്പിക്കാനും ദുര്‍മന്ത്രവാദം ചെയ്ത പല സംഭവങ്ങളും ലോകമെമ്പാടും വാര്‍ത്ത ആയി മാറാറുണ്ട്.പല മതങ്ങളും പരസ്യമായി തള്ളി പറഞ്ഞിട്ടുള്ള ഇത്തരം അനാചാരങ്ങള്‍ എന്നാല്‍ രഹസ്യമായി നടത്തി കൊണ്ട് പോരാന്‍ ആളുകള്‍ ഉണ്ട് താനും.ഡയാന ദാലന്‍ (യഥാര്‍ത്ഥ സംഭവങ്ങളില്‍ പേര് മോനാ ഫാന്ടെ) പ്രശസ്തയായ ഒരു ഗായിക ആയിരുന്നു.അതിനൊപ്പം ഒരു ദുര്‍മന്ത്രവാദിനിയും.ധാരാളം ആളുകള്‍ അവരുടെ അടുക്കല്‍ ആവശ്യങ്ങള്‍ സാധിക്കുന്നതിനായി എത്തുമായിരുന്നു.അവരുടെ കയ്യില്‍ ഉള്ള തലമുറകളായി കൈമാറി വന്ന മന്ത്ര വടിയുടെ ശക്തി അവരുടെ അടുക്കല്‍ വരുന്നവരെ വിശ്വസിപ്പിക്കാനും അവര്‍ക്ക് സാധിച്ചു.

   രാഷ്ട്രീയക്കാരനും ബിസിനസുകാരനും ആയ 'ദടുക് ജെഫ്രി'(യഥാര്‍ത്ഥ സംഭവങ്ങളില്‍ പേര് മസ്ലാന്‍ ഇദ്രിസ്) അവരുടെ അടുക്കല്‍ വരുന്നതും അതിനു ശേഷം അയാള്‍ കൊല്ലപ്പെടുന്നതും ആണ് യഥാര്‍ത്ഥ സംഭവം.എന്നാല്‍  ഈ സംഭവങ്ങളുടെ ഒപ്പം ഒരു കുറ്റാന്വേഷണ/കോര്‍ട്ട് റൂം ഡ്രാമ ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്."ദുകുന്‍" എന്ന വാക്കിന് ദുര്‍മന്ത്രവാദിനി എന്നാണ് അര്‍ഥം.സിനിമയില്‍ ഉടന്നീളം ഇത്തരം സംഭവങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

  എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമ സ്വതന്ത്രമായ കഥ ആണെന്ന് ആണ് അവകാശപ്പെടുന്നത്.അതിനായി അവര്‍ ചിത്രത്തില്‍ അവതരിപ്പിച്ച ഡയാനയുടെ അഭിഭാഷകന്‍ കരീമിന്‍റെ ഭാഷ്യത്തില്‍ ആണ് കഥയുടെ മുന്നോട്ടു ഉള്ള ഗതി.ചിത്രത്തില്‍ ഒരു അവസരത്തില്‍ കരീമും ഡയാനയുടെ ക്രൂര കൃത്യങ്ങള്‍ക്ക് ഇരയായതായി കാണാം.ഒപ്പം കുറ്റാന്വേഷണവും സമാന്തരമായി അവതരിപ്പിച്ചിരിക്കുന്നു.

    താന്‍ ഒരിക്കലും മരിക്കില്ല എന്ന് വിശ്വസിച്ചിരുന്ന ഡയാനയുടെ തനി പകര്‍പ്പ് ആയിരുന്നു മോണയുടെ കഥാപാത്ര സൃഷ്ടി എന്നാണ് പൊതുവേ ഉള്ള അഭിപ്രായം.എന്തായാലും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം പലപ്പോഴും ആഭിചാര ക്രിയകളും ശവശരീരങ്ങളും എല്ലാമായി പലപ്പോഴും നല്ല രീതിയില്‍ പ്രേക്ഷക മനസ്സിനെ അലട്ടും.പ്രത്യേകിച്ചും നടന്ന സംഭവങ്ങള്‍ ആണെന്നുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍ "Jump Scare" പോലുള്ള ഗിമിക്കുകള്‍ ഒന്നുമില്ലാതെ അവതരിപ്പിച്ച കഥയിലെ ഭീകരത കൊണ്ട് അല്‍പ്പം ഭയം ഉളവാക്കാന്‍ സാധിക്കും.

  എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനുഷ്യ രക്തവും ജീവനും ഉള്‍പ്പെടുന്ന അപകടകരമായ ആഭിചാര കര്‍മങ്ങള്‍ വീണ്ടും തുടര്‍ന്ന് കൊണ്ടിരിക്കും.മോണ ഫണ്ടേയുടെതായി അവര്‍ പറഞ്ഞെന്നു വിശ്വസിക്കുന്ന അവസാന വാക്കുകള്‍ "aku takkan mati"(ഞാന്‍ ഒരിക്കലും മരിക്കില്ല) പോലെ ആണ് ഇത്തരം ദുരാചാരങ്ങളുടെ അവസ്ഥയും.ഈ അനാചാരങ്ങള്‍ ഒരിക്കലും മരിക്കുകയും ഇല്ല,അവസാനിക്കുകയും ഇല്ല.പല ഭാവത്തില്‍ ഇവ മനുഷ്യ സംസ്ക്കാരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ജീവിക്കും കാലമെത്ര കഴിഞ്ഞാലും.!!

840.Dukun
Hokkien,2007
Horror,Drama

MHV Rating:✪✪✪

Director: Dain Said
Writer: Huzir Sulaiman
Stars: Umie Aida, Kin Wah Chew, Elyana

No comments:

Post a Comment