Pages

Friday, 29 September 2017

774.CLASH(ARABIC,2016)



774.CLASH(ARABIC,2016),Thriller|Drama|,Dir:-Mohamed Diab,*ing:-Nelly Karim, Hani Adel, El Sebaii Mohamed.

   ക്ലാഷ് എന്ന ഇജിപ്ഷ്യന്‍ ചിത്രം പ്രേക്ഷകന്റെ മുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചത് രണ്ടു സംഘര്‍ഷങ്ങളിലൂടെ ആണ്.രാഷ്ട്രീയപരവും വ്യക്തിപരവുമായ സംഘര്‍ഷങ്ങളിലൂടെ.രാഷ്ട്രീയപരമായ പ്രമേയം ,അതിന്റെ വ്യക്തതയോടെ തന്നെ അവതരിപ്പിക്കുന്നതിനോടൊപ്പം സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യതിയാനം സംഭവിക്കുന്ന മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവത്തെയും സംവിധായകന്‍ മൊഹമദ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു.അറബ് ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു "മുല്ലപ്പൂ വിപ്ലവം"."മുല്ലപ്പൂ വസന്തത്തിന്‍റെ" ആദ്യ നാളുകളില്‍ ഇത്തരം ഒരു നീക്കത്തെ ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഭൂരിഭാഗവും പ്രശംസകള്‍ കൊണ്ട് മൂടുകയും ചെയ്തിരുന്നു.


  ലോകത്തിന്റെ വീക്ഷണത്തില്‍ നിന്നും അതില്‍ നേരിട്ട് ഇടപ്പെടലുകള്‍ നടത്തിയ ജനതയുടെ കഥയാണ് ക്ലാഷ് അവതരിപ്പിക്കുന്നത്‌.മുസ്ലീം ബ്രതര്‍ഹുഡ് (MB എന്ന് വിശേഷിപ്പിക്കാം) നേതൃത്വം നല്‍കിയ മുല്ലപ്പൂ വിപ്ലവം ഹോസ്നി മുബാറക്കിന്റെ ഭരണത്തിന് അവസാനമിട്ടു.പിന്നീട് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറിയ MB അധിക നാളുകള്‍ ആകുന്നതിനു മുന്‍പ് എല്‍-സിസിയുടെ നേത്രുത്വത്തില്‍ നടന്ന സൈനിക നീക്കത്തിലൂടെ ഭരണം നേടുന്നു.സ്വാഭാവികമായും രണ്ടു നിലപാടിനോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍ ഉണ്ടാകും.പ്രത്യേകിച്ചും യാഥാസ്തികമായ മതത്തിന്റെ ചട്ടക്കൂട്ടില്‍ കഴിയാന്‍ തീരുമാനിച്ചു ഉറപ്പിച്ചവരും ,മതത്തിന്റെ കണ്ണിലൂടെ അല്ലാതെ ജീവിതത്തെ കൂടുതല്‍ നോക്കി കാണുന്നവരും.

   അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടി വാര്‍ത്ത രേഖപ്പെടുത്താന്‍ എത്തിയ ഇജിപ്ഷ്യന്‍-അമേരിക്കന്‍ ലേഖകനും അയാളുടെ ഫോട്ടോഗ്രാഫറും സംശയത്തിന്‍റെ പേരില്‍ സൈനികരുടെ പിടിയിയിലായി.പിന്നെ നടന്ന സംഭവങ്ങളിലൂടെ MB യെ അനുകൂലിച്ചു ജാഥ നടത്തിയ പ്രകടനങ്ങളിലും എതിര്‍ത്ത് നടന്നവരുടെ നീക്കങ്ങളും എല്ലാം അവരെ കൊണ്ടെത്തിക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ ബലമായി തടഞ്ഞു വച്ചിരിക്കുന്ന വാഹനത്തില്‍ ആയിരുന്നു.ഇവിടെ പലയിടത്തും അമേരിക്ക ഈ പ്രശ്നങ്ങളില്‍ എങ്ങനെ എല്ലാം ഇടപ്പെടുന്നു എന്ന പൊതു ചിന്തകള്‍ കഥാപാത്രങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നു.


   ആശയപരമായ വ്യത്യാസങ്ങള്‍ തുടക്കം തന്നെ രണ്ടു കൂട്ടരുടെയുയം ഇടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്തു.എന്നാല്‍ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ഗൌരവം അവര്‍ക്ക് ആദ്യം മനസ്സിലാകുന്നില്ല. ഊഴമനുസരിച്ച് മാത്രമേ ശുദ്ധ വായൂ പോലും ശ്വസിക്കാന്‍ മാത്രമേ തങ്ങള്‍ക്കു അവസരമുള്ളൂ എന്ന് മനസ്സിലാക്കിയ അവര്‍ എന്നാല്‍ അടയ്ക്കപ്പെട്ട ആ വാഹനത്തില്‍ നിന്നു കൊണ്ട് തന്നെ അവരുടെ വ്യക്തിപരമായ ഈഗോയ്ക്കും ഒപ്പം പ്രാധാന്യം നല്‍കുന്നുണ്ട്.ചിലയവസരങ്ങളില്‍ അവര്‍ വ്യത്യസ്തമായി പെരുമാറി.പ്രത്യേകിച്ചും സംഗീതം,ഫുട്ബോള്‍ തുടങ്ങിയ വിഷയങ്ങള്‍ അവരുടെ ഇടയില്‍ വന്നപ്പോള്‍ ഒരു പക്ഷെ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും മാറിയെന്നുള്ള തോന്നല്‍ പ്രേക്ഷനില്‍ ഉണ്ടാക്കുന്നു.


  എന്നാല്‍ അല്‍പ്പായുസായ ഇത്തരം ചിന്തകളെ അര്‍ത്ഥ ശൂന്യതയിലേക്ക് തള്ളി വിട്ടു കൊണ്ട് മനുഷ്യര്‍ വീണ്ടും മനുഷ്യരായി മാറുന്നു.ഇത്തരം സംഭവങ്ങള്‍ ചിത്രത്തില്‍ എത്ര വേണമെങ്കിലും ഉദാഹരിക്കാന്‍ കഴിയും.ഉദാഹരണത്തിന്,സുഹൃത്തുക്കള്‍ ആയ യുവാക്കളുടെ ഇടയില്‍ വരുന്ന പ്രശ്നവും അതിനു മുന്‍പും ശേഷവുമുള്ള അവരുടെ പെരുമാറ്റ രീതികള്‍ നൈമിഷികമാണ് മനുഷ്യന്‍റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നതിന് ഊന്നല്‍ നല്‍കുന്നു.ഇത്തരത്തില്‍ ഏറെ കാഴ്ചകള്‍ സിനിമയില്‍ കാണാന്‍ സാധിക്കുന്നു.മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങള്‍,അപകടകരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങളുടെ ചുറ്റും നടന്നു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പോലും അവരില്‍ ഭൂരിഭാഗവും ഇത്തരം മാറ്റങ്ങളിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നതും.

   രാഷ്ട്രീയം പലപ്പോഴും രണ്ടാമതായുള്ള പ്രാധാന്യം മാത്രമേ ഉണ്ടാകൂ എന്ന തോന്നലുകള്‍ മേല്‍പ്പറഞ്ഞ അവതരണത്തിലൂടെ പ്രേക്ഷകന് തോന്നാം.ഈ രണ്ടു പ്രമേയങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ചിത്രം ഇടയ്ക്കിടെ ഭയാനകമായി മാറുന്നുണ്ട്.ഇടയ്ക്ക് പ്രേക്ഷകനെ ചിരിപ്പിക്കുകയും കണ്ണുകള്‍ ഈറനണിയിക്കുകയും ചെയ്യുന്നു.അത് കൊണ്ട് തന്നെ ഒരു രാഷ്ട്രീയ സിനിമ എന്ന ചട്ടക്കൂട്ടില്‍ മാത്രം നിര്‍ത്താതെ കൂടുതല്‍ വിശാലമായ സാദ്ധ്യതകള്‍ തുറന്നിടുകയാണ് ഇവിടെ.ആളുകള്‍ തിങ്ങി നിറഞ്ഞു പലരും മരിക്കാന്‍ വരെ കാരണമായ അടുത്ത വാഹനത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ പോലും പ്രേക്ഷകനില്‍ ഉണ്ടാക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.


  ഓസ്ക്കാര്‍ വേദിയിലെക്കായി ഇജിപ്ട്ടിന്റെ പ്രതിനിധി ആയി ഈ ചിത്രം നാമനിര്‍ദേശം ചെയ്തിരുന്നു.അന്താരാഷ്ട്ര വേദികളിലും സിനിമ കാഴ്ചകളിലും കൂടി വളരെയധികം പ്രശംസ ഈ ചിത്രം ഏറ്റു വാങ്ങിയിരുന്നു.തുടക്കത്തില്‍ ഒരു ചെറിയ ചിലവില്‍ എടുത്ത ചിത്രമാണ് എന്ന ധാരണ പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുവെങ്കിലും സംഘര്‍ഷങ്ങള്‍ എല്ലാം അവതരിപ്പിച്ചത് വലിയ ക്യാന്‍വാസില്‍ ആയിരുന്നു.ചിത്രം പലപ്പോഴും ചില കാര്യങ്ങളില്‍ മിതത്വം പാലിച്ചതായി തോന്നി.വണ്ടിയില്‍ ഉള്ള ആളുകളുടെ സ്വഭാവ-മാറ്റങ്ങള്‍ ഓരോരുത്തരുടെ ആയി അവതരിപ്പിക്കുമ്പോള്‍ സംവിധായകന്റെ കയ്യടക്കം പ്രാധാന്യമുള്ളതാണ്.മികച്ച ഒരു  ചിത്രത്തിന്റെ നിലവാരത്തിലേക്ക് ഉയരാന്‍ അത് കൊണ്ടൊക്കെ തന്നെ ക്ലാഷിനു കഴിഞ്ഞിട്ടുമുണ്ട്.

Wednesday, 27 September 2017

773.SARMASIK(TURKISH,2015)

773.SARMASIK(TURKISH,2015),|Fantasy|Thriller|,Dir:-Tolga Karaçelik,*ing:-Nadir Saribacak, Hakan Karsak, Kadir Çermik

ഭയം-ഏകാന്തത...പരസ്പര പൂരകമായ രണ്ടു വാക്കുകൾ.ഏകാന്തതയിൽ നിന്നും ഉടലെടുക്കുന്ന ഭയം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് അവന്റെ ഉള്ളിലെ ഭയാനകമായ ഒരു വശം തുറന്ന് കൊണ്ടായിരിക്കും.സിനിമ എന്ന മാധ്യമത്തിൽ വളരെയധികം ഉപയോഗിച്ചിട്ടുള്ള ഒരു പ്രമേയം ആകുമിത്.പ്രേക്ഷകൻ ഒരു പക്ഷെ സ്‌ക്രീനിൽ കാണുന്ന കഥാപാത്രങ്ങളെ തനിക്കു പകരം സങ്കല്പിക്കുന്ന ഭാഗം ഓർത്തു നോക്കുമ്പോൾ അവനും ആ സിനിമയുടെ ഭാഗം ആയി തീരുന്നു.പലപ്പോഴും തീക്ഷണമായ കഥാഗതിയിൽ പ്രേക്ഷകന്റെ കൂടി പങ്കാളിത്തം ചിത്രത്തിന് നൽകുന്നത് അതിന്റെ പരിപൂർണത ആണ്.

   അപസർപ്പക കഥകൾ,സിനിമകൾ എന്നിവയെല്ലാം കാഴ്ചയിലൂടെയും വാക്കുകളിലൂടെയും അനുവാചക ഹൃദയത്തിലേക്ക് എത്തി ചേരാൻ ആ സാഹചര്യങ്ങളിലേക്കു പ്രേക്ഷകന് സ്വയം എത്തിച്ചേരേണ്ടത് ആണ്.അത്തരത്തിൽ ഒരു ചിത്രമാണ് ടർക്കിഷ് ഭാഷ സംസാരിക്കുന്ന Sarmasik.
ഒരു ചരക്കു കപ്പലിൽ അകപ്പെട്ടു പോകുന്ന ക്യാപ്റ്റൻ ഉൾപ്പടെ ഉള്ള 6 പേരുടെ മാനസിക സംഘര്ഷങ്ങളിലൂടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സാധാരണ രീതിയിൽ യാത്ര  ചെയ്തിരുന്ന  ആ കപ്പലിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതായിരുന്നു അവരോടു ഉടൻ തന്നെ നങ്കൂരം ഇടാൻ ഉള്ള നിര്‍ദേശം ലഭിക്കുന്നു. കപ്പലിന്‍റെ ഉടമസ്ഥൻ അടച്ചു തീർക്കാൻ ഉള്ള കുടിശ്ശികയ്ക്ക് പകരമായി കപ്പൽ ഏറ്റെടുക്കാൻ ഉള്ള തീരുമാനം ഉണ്ടാകുന്നു.എത്ര ദിവസം അവർ അങ്ങനെ ജീവിക്കേണ്ടി വരും എന്നുള്ള വിവരവും ഇല്ല.ഏതാനും മാസങ്ങളായി മുടങ്ങിയ ശമ്പള കുടിശിക പലരുടെയും കുടുംബത്തിന്റെ താളം തെറ്റിച്ചിരുന്നു.

     ഇത്തരം അവസ്ഥകളിൽ കപ്പലിൽ ഉണ്ടായിരിക്കേണ്ട ആവശ്യമുള്ള 6 ആളുകളെ തിരഞ്ഞെടുക്കുന്നു.ചിലർക്ക് സ്വന്തം നാട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഉള്ളവർ ആയിരുന്നു.മറ്റുള്ളവർ എന്നെങ്കിലും ശമ്പളം മൊത്തമായി കിട്ടും എന്ന് പ്രതീക്ഷ ഉള്ളവരും.എന്നാല്‍  തുടക്കം തന്നെ ക്യാപ്റ്റൻ മറ്റുള്ളവരിൽ അനാവശ്യമായ സംശയം അധികാരത്തിന്റെയും വിശ്വസ്തതയുടെയും മുഖമൂടി അണിയിച്ചു നൽകിയിരുന്നു.കാരണം മറ്റൊന്നുമല്ല.അധികാരം,നിയന്ത്രണം എന്നിവയുടെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്നും പോകാത്ഹിരിക്കാന്‍ ഉള്ള പഴയക്കാല തന്ത്രം.

   ആദ്യ ദിവസങ്ങൾ വലിയ കുഴപ്പമില്ലാതെ,അധികം ജോലികൾ ഇല്ലാതെ പോയെങ്കിലും കടലിൽ 6 പേരും മാത്രമായുള്ള വലിയ ഒരു കപ്പലിലെ ജീവിതം പലതും മാറ്റി മറിച്ചു.പരസ്പരം ഉള്ള ശത്രുത,വിശ്വാസമില്ലായ്മ,അധികാരം പ്രാവർത്തികം ആക്കാൻ ഉള്ള ശ്രമങ്ങളിൽ നിന്നും ഉടലെടുക്കുന്ന സംഘർഷങ്ങൾ എന്നിവ അവരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു.ഒരു സന്ദര്‍ഭത്തില്‍ തങ്ങളുടെ കാത്തിരുപ്പ് തന്നെ നഷ്ടക്കണക്കു ആണോ എന്ന് വരെ അവര്‍ ആലോചിച്ചു തുടങ്ങി.കപ്പലിലെ ഭക്ഷണം ഏകദേശം തീരാറായി.

  പുറം ലോകവുമായി ഉള്ള ആശയവിനിമയത്തിൽ നിന്നും ഉടലെടുക്കുന്ന സംശയങ്ങൾ കപ്പലിലെ ജീവിതം കൂടുതൽ ദുർഘടമാക്കി.അനാഥമായി മാറിയ  ആ കപ്പലിൽ എന്തു സംഭവിച്ചൂ എന്നതാണ് ബാക്കി ഉള്ള ചിത്രം അവതരിപ്പിക്കുന്നത്.നേരത്തെ പരമാർശിച്ച ഭയം തന്നെയാണ് ഇവിടെയും പ്രമേയം.അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയം ആയ ഈ ടർക്കിഷ് ചിത്രം വളരെ വിശാലമായ ലോകത്തു നിന്നുള്ള മനുഷ്യരുടെ സങ്കുചിതമായ മാനസികാവസ്ഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയം പ്രസക്തമാണ്.തുർക്കിയിലെ രാഷ്ട്രീയം,കുര്ദുകളെ കുറിച്ചുള്ള പരാമർശം എന്നിവ ഉദാഹരണങ്ങൾ.ചിത്രത്തിന്റെ അവസാനം പ്രേക്ഷകനിൽ ഉളവാക്കുന്ന ഭയം ,രക്തത്തിൽ നിന്നും പിറവിയെടുക്കുന്ന പുതുനാമ്പുകൾ പ്രതീക്ഷയുടെ അല്ലാത്തത്  ആണെങ്കിള്‍ പോലും ആ സമയത്തെ ആളുകളുടെ മാനസികാവസ്ഥയിൽ ഉള്ള ഫാന്റസി കലർന്ന ചിന്തകൾ മാത്രമായും മാറാം.എന്നാലും ആ കാഴ്ചകൾ നമ്മെ ഭയപ്പെടുത്തും.

More movie suggestions @www.movieholicviews.blogspot.ca

Monday, 25 September 2017

772.REMEMORY(ENGLISH,2017)

772.REMEMORY(ENGLISH,2017),|Mystery|Drama|Sci-Fi|,Dir:-Mark Palansky,*ing:-Mark Palansky, Mike Vukadinovich


   ഓര്‍മകള്‍ക്ക് ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്ര മാത്രം പ്രാധാന്യമുണ്ട് എന്ന ഒരു ചോദ്യം തന്നെ ഒരു പക്ഷെ തെറ്റായിരിക്കാം.കാരണം ഒരാളുടെ ജീവിതം എന്ന് പറയുന്നത് തന്നെ അയാളുടെ ഓര്‍മകളുടെ പിന്തുടര്‍ച്ചയും അതിന്‍റെ നിഗൂഡമായ,ആവശ്യാനുസരണം ചലനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് എന്നതാണ് വാസ്തവം.വളരെ സങ്കീര്‍ണം ആണ് ശരിക്കും മനുഷ്യന്റെ ഓര്‍മകളുടെ പ്രവര്‍ത്തനം.ധാരാളം പഠനങ്ങള്‍ ആ വിഭാഗത്തില്‍ നടന്നു വരുന്നുമുണ്ട്.ഒരു സയന്‍സ് ഫിക്ഷന്‍  ചിത്രത്തിന് വേണ്ടുന്ന പ്രമേയം അത് കൊണ്ട് തന്നെ ഈ ഒരു വിഷയത്തിനു നല്‍കാനും സാധിക്കുന്നു.

   യാഥാര്‍ത്യങ്ങള്‍ക്കും അപ്പുറം ഉള്ള കണ്ടു പിടുത്തം ആയിരുന്നു ഗോര്‍ഡന്‍ എന്ന മനശാസ്ത്ര വിദഗ്ധന്‍ മുന്നോട്ടു വയ്ക്കുന്നത്.ഓര്‍മ്മകള്‍,അതെത്ര മാത്രം ഒരാളെ സ്വാധീനിക്കുന്നതും ആകട്ടെ,അത്  ഒരു പ്രത്യേക ഉപകരണം വഴി മനുഷ്യന്‍റെ മനസ്സില്‍ നിന്നും പിടിച്ചെടുക്കുകയും  വീഡിയോ രൂപത്തില്‍ കാണാനും സാധിക്കുന്ന രീതിയില്‍ ആയിരുന്നു ഒരുക്കിയിരുന്നത്.ഒരു വലിയ കമ്പനിക്ക് വേണ്ടി തന്‍റെ ആശയം പ്രാവര്‍ത്തികം ആക്കാന്‍ ഉള്ള അവസരം ഗോര്‍ഡന് ലഭിക്കുന്നു.പല രീതിയില്‍ ഉള്ള പരീക്ഷണങ്ങള്‍ ഈ ഒരു ഉപകരണത്തിന് ആവശ്യമായിരുന്നു.അതും യഥാര്‍ത്ഥ മനുഷ്യരെ ഉപയോഗിച്ച് കൊണ്ട് തന്നെ നടത്തുന്ന പരീക്ഷണങ്ങള്‍.

   പുതുതായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഉപകരണത്തിന്റെ ദോശവശങ്ങളെ  കുറിച്ച് അധികം ആളുകള്‍ക്കും അറിവില്ലായിരുന്നു.എന്നാല്‍ അന്ന് പൊതു സമൂഹത്തിനായി തന്‍റെ പുതിയ ഉപകരണം,അതിന്റെ നിര്‍മാണ അവസ്ഥയില്‍ പരിചയപ്പെടുത്തുന്ന ഗോര്‍ഡന് തന്‍റെ പരീക്ഷണ ടീമിലെ കുറച്ചു അതിഥികള്‍ കാണാന്‍ വന്നിരുന്നു.അന്ന് രാത്രി അയാള്‍ മരണപ്പെടുന്നു.


   ഗോര്‍ഡന്‍ മരണപ്പെട്ടതിനെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന സമയത്താണ് പല ആളുകളുംപല തരത്തില്‍ വിളിക്കുന്ന അയാള്‍ അവിടെ എത്തുന്നത്‌.അയാളുടെ ഉദ്ദേശ്യം,തന്റെ ജീവിതത്തില്‍ നടന്ന ഒരു അപകടത്തില്‍ നടന്ന ഒരു സംഭാഷണം എന്താണെന്ന് അറിയുക എന്നതായിരുന്നു.ഗോര്‍ഡന്‍ കൊല്ലപ്പെട്ടത് അയാളുടെ ഉദ്ദേശ്യങ്ങള്‍ തകര്തെങ്കിലും അയാള്‍ പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു.അയാള്‍ ഗോര്‍ഡന്‍ മരണപ്പെട്ടത് എങ്ങനെ ആണെന്ന് അറിയാന്‍ ഉള്ള ശ്രമം ആരംഭിക്കുന്നു.


   "Rememory" നിരൂപകരുടെ ഇടയില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ഒരു ചിത്രം ആയിരുന്നു.ഒരു മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രം ആകാമായിരുന്നു "പ്ലോട്ട്" ഉണ്ടായിരുന്നിട്ടു കൂടി പ്രാമൂഖ്യം നല്‍കിയത് കഥാപാത്രങ്ങളുടെ വൈകാരികമായ ഭാഗത്തിന് ആയിരുന്നു.ഒരു പക്ഷെ തെറ്റിദ്ധരിപ്പിക്കുന്ന ഴോന്രെ ആണ് ചിത്രത്തിന് ഉള്ളത് എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.പീറ്റര്‍ ദിങ്ക്ലെജിന്റെ മികച്ച പ്രകടനം ഒക്കെ ഈ ഒരു തെറ്റിധാരണ മൂലം പ്രേക്ഷകനില്‍ എത്ര മാത്രം എത്തി ചേരുന്നു എന്നും സംശയമാണ്.ശാസ്ത്രപരമായ കാര്യങ്ങള്‍ മുഖ്യ പ്രമേയം ആണെങ്കിലും ചിത്രം സ്വീകരിച്ചിരിക്കുന്ന അവതരണ രീതി ഈ സംശയത്തിനു ഇടയാക്കുകയും ചെയ്യുന്നു.

  ഗ്രിഗറി ടിപ്പിയുടെ പശ്ചാത്തല സംഗീതം മികച്ചതായിരുന്നു ചിത്രത്തില്‍.സിനിമയുടെ ശരിക്കുമുള്ള സ്വഭാവത്തോട് വളരെയധികം നീതി പുലര്‍ത്തിയിരുന്നു.എന്നാല്‍ മുന്‍ പറഞ്ഞ പ്രതീക്ഷകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ആകാത്ത ക്ലൈമാക്സ്,ചിത്രത്തിന്റെ ഒരു പകുതിക്ക് ശേഷം മാറുന്ന മൊത്തത്തില്‍ ഉള്ള സ്വഭാവം ഒക്കെ പ്രതീക്ഷകളോട് അത്ര നീതി പുലര്തിയതായി തോന്നാത്തത് ആയിരിക്കും ഇത്രയും സമ്മിശ്ര പ്രതികരണത്തിന് കാരണം.എന്നാല്‍ അത്തരം പ്രതീക്ഷകള്‍ ഒന്നുമില്ലാതെ കാണുമ്പോള്‍ ഉണ്ടാവുക വൈകാരിക തലങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആയിരിക്കും.


More movie suggestions @www.movieholicviews.blogspot.ca

Sunday, 24 September 2017

771.DEATH AT A FUNERAL(ENGLISH,2010)

771.DEATH AT A FUNERAL(ENGLISH,2010),|Comedy|,Dir:- Neil LaBute,*ing:-Chris Rock, Martin Lawrence, Keith David


   മരിച്ചു കഴിഞ്ഞാല്‍ മനുഷ്യന് കിട്ടുന്ന ഏറ്റവും അനുഗ്രഹം ആണ് അന്ന് വരെ ആരും പറയാതിരുന്ന രീതിയില്‍ ഉള്ള പുകഴ്ത്തലുകള്‍.ഒരാളെ കുറിച്ച് നല്ലത് പറഞ്ഞു കേള്‍ക്കണമെങ്കില്‍ അയാള്‍ മരിക്കണം എന്ന് പറയുന്നത് ഒരു യാഥാര്‍ത്യം ആണ്.മരണത്തോട് കൂടി ഒരു പരിധി വരെ ജീവിച്ചിരിക്കുമ്പോള്‍  "അത്ര വെടിപ്പില്ലാത്ത" ആളാണെങ്കില്‍ പോലും അയാളുടെ ഭൂമിയിലെ ജീവിതത്തിലെ പാപക്കറകള്‍ ഒരു പരിധി വരെ മായ്ക്കപ്പെട്ടേക്കാം.അങ്ങനെ നോക്കുമ്പോള്‍ എത്ര സുന്ദരം ആണല്ലേ മരണം?

   2007 ല്‍ റിലീസ് ആയ ഇതേ പേരിലുള്ള ബ്രിട്ടീഷ് ചിത്രത്തിന്റെ അമേരിക്കന്‍ അവതരണം ആണ് ഈ ചിത്രം.ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ കഥയുള്ള ചിത്രം രണ്ടു സംസ്ക്കാരങ്ങളിലേക്ക് മാറിയപ്പോള്‍ മാറിയത് മനുഷ്യരുടെ നിറം ആണ്.ഒരു യാഥാസ്ഥിക ബ്രിട്ടീഷ് കുടുംബം ആണ് ആദ്യം ഇറങ്ങിയ സിനിമയിലെ കഥാപാത്രങ്ങള്‍ എങ്കില്‍ അമേരിക്കന്‍ അവതരണത്തില്‍ അത് ആഫ്രോ-അമേരിക്കന്‍ വംശജര്‍ ആയി എന്ന് മാത്രം.കഥയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി പീറ്റര്‍ ദിന്ക്ലെജ് രണ്ടു അവതരണത്തിലും പ്രത്യക്ഷപ്പെടുന്നു.

  ഒരു മരണ വീട്.സമൂഹത്തില്‍ തികച്ചും മാന്യന്‍ ആയി അറിയപ്പെടുന്ന ഒരാള്‍ മരിക്കുന്നു.അയാളുടെ മക്കളും ഭാര്യയും മറ്റു കുടുംബാംഗങ്ങളും എല്ലാം മരണാന്തര കര്‍മങ്ങള്‍ക്ക് വേണ്ടി ഒത്തു ചേരുന്നു.കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്ന കുടുംബാംഗങ്ങള്‍ക്ക് സ്വതവേ സംഭവിക്കുന്ന കാഴ്ചകളിലൂടെ ചിത്രം പോകുന്നു.അപ്പോഴാണ്‌ അധികം ആര്‍ക്കും അറിയാത്ത ഒരു അജ്ഞാതന്‍ അവിടെ വരുന്നത്.മരണപ്പെട്ട ആള്‍ക്ക് അങ്ങനെ ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നതായി ആര്‍ക്കും അറിയില്ലായിരുന്നു.എന്നാല്‍ അവിടെ അയാള്‍ വന്നത് എന്തിനാണെന്ന് അറിഞ്ഞപ്പോള്‍ ജീവിതത്തില്‍ നല്ല രീതിയില്‍ ജീവിച്ച ഒരാള്‍,അയാളുടെ മരണ ശേഷം കൂടുതല്‍ വാഴ്ത്തപ്പെടും  എന്ന അവസ്ഥയില്‍ നിന്നും ആര്‍ക്കും അറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടെന്നുള്ള ഒരു രഹസ്യതിലൂടെ ആദ്യം പറഞ്ഞ ആ ഭാഗ്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍ വരെ ആകുന്നു.കുടുംബത്തിന്റെ അഭിമാനം മരിച്ചവരുടെ ചുമലില്‍ അല്ലല്ലോ എന്ന ഒരു സത്യവും നിലനില്‍ക്കുന്നു.പ്രത്യേകിച്ചും അമേരിക്കന്‍ സമൂഹത്തില്‍ വിലയുള്ള ഒരു കുടുംബം കൂടി ആകുമ്പോള്‍.

  രസകരമായ കുറെ കഥാപാത്രങ്ങള്‍.മരുന്ന് മാറി മയക്കു മരുന്ന് കഴിക്കുന്ന കാമുകന്‍,പ്രായമേറിയ ശല്യക്കാരന്‍ ആയ കാരണവര്‍.അങ്ങനെ ടോം ആന്‍ഡ്‌ ജെറി കളിയുമായി പോകുന്ന ചിത്രം.ബ്ലാക്ക് ഹ്യൂമറിലൂടെ ചിത്രം അവതരിപ്പിക്കപ്പെടുമ്പോള്‍ കണ്ടു കൊണ്ടിരിക്കാവുന്ന ഒരു തമാശ ചിത്രം ആയാണ് Death at a Funeral തോന്നിയത്.ബ്രിട്ടീഷ് ചിത്രവുമായി അവതരണ പശ്ചാതളതിന്റെതായ മാറ്റങ്ങള്‍ അല്‍പ്പം ഉണ്ടെങ്കിലും സമാനമായ കാഴ്ചയാണ് രണ്ടു ഭാഷ്യങ്ങളില്‍ നിന്നും ലഭിക്കുക.വെറുതെ ഇരിക്കുമ്പോള്‍ അധികം അല്ലലുകള്‍ ഒന്നുമില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

Friday, 22 September 2017

770.BLUEBEARD(KOREAN,2017)

770.BLUEBEARD(KOREAN,2017),|Crime|Mystery|Thriller|,Dir:-Soo-youn Lee,*ing:-Jin-woong Jo, Goo Shin, Dae-Myung Kim.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭയം അയാളുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നേരിടേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകം ആയിരിക്കും?ചുറ്റുമുള്ളവര്‍ അപരിചിതര്‍ ആകുന്ന നിമിഷങ്ങള്‍.ഒരു പക്ഷെ വ്യക്തിത്വം പോലും അന്യമാകുന്ന സന്ദര്‍ഭങ്ങള്‍.ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പരാജയ ഭാരവും അത് നല്‍കിയ നഷ്ടങ്ങളും അയാളെ കാര്‍ന്നെടുക്കുമ്പോള്‍ ,അയാള്‍ക്ക്‌ എത്രമാത്രം സമന്വയം തന്‍റെ സ്വഭാവത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കും?ഹ്യൂംഗ്-സൂന്‍ അത്തരത്തില്‍ ഒരു കഥാപാത്രമായിരുന്നു.ആരെയും മുഷിപ്പിക്കാതെ,കാഴ്ചക്കാര്‍ക്ക് ദയനീയത തോന്നുന്ന സ്വഭാവം.അയാള്‍ ഒരു ഡോക്റ്ററും കൂടി ആയിരുന്നു.


   തണുത്തുറഞ്ഞ ഹാന്‍ നദിയിലെ വെള്ളം വേനല്‍ക്കാലത്ത് ഉരുകുമ്പോള്‍ കാണപ്പെടുന്ന അജ്ഞാത മൃതദേഹങ്ങള്‍ എന്നും വാര്‍ത്തയായിരുന്നു.ഹാന്‍ നദിയുടെ ആ ഭാഗം അത്ര പുരോഗമിച്ചിട്ടില്ല.ഒരു കൊച്ചു നഗരത്തിന്റേതായ എല്ലാ സവിശേഷതകളും ഉണ്ടെങ്കിലും വികസനത്തിന്‌ സാദ്ധ്യതകള്‍ ഏറെ ആയിരുന്നു.പ്രത്യേകിച്ചും "Colonoscopy" ചെയ്യാന്‍ കഴിയുന്ന ക്ലീനിക്കുകളുടെ അഭാവം പുതുതായി അവിടെ ജോലിക്ക് ചേര്‍ന്ന സ്യൂംഗ്-ഹൂന്‍ എന്ന ഡോക്റ്ററുടെ തിരക്ക് വര്‍ദ്ധിപ്പിച്ചു."Colonoscopy" ചെയ്യുന്ന സമയം രോഗികള്‍ അസാധാരണമായ രീതികളില്‍ പെരുമാറുന്നതൊക്കെ സാധാരണമായിരുന്നു.എന്നാല്‍ "Colonoscopy"ക്ക് വിധേയനായ ആ രോഗി അബോധാവസ്ഥയില്‍, ശിരസ്സില്‍ നിന്നും  മുറിച്ചു മാറ്റപ്പെട്ട മൃതദേഹം എങ്ങനെ മറവു ചെയ്യാമെന്നും തെളിവുകള്‍ എങ്ങനെ നശിപ്പിക്കാം എന്നും പറയുന്ന അവസരത്തില്‍ ഡോക്റ്ററുടെ ജീവിതവും ചെറുതായി മാറുന്നു.


     കടമെടുത്തു ആരംഭിച്ച ക്ലീനിക് പരാജയപ്പെട്ടതോടെ വന്‍ കടക്കെണിയില്‍ ആവുകയും ,ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുന്ന അവസ്ഥയില്‍ വരെ സ്യൂംഗ് -ഹൂന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.എന്നാല്‍ അന്ന് അബോധാവസ്ഥയില്‍ താന്‍ താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട മാംസവ്യാപാര കേന്ദ്രത്തിന്റെ ഉടമയുടെ പിതാവില്‍ നിന്നും കേള്‍ക്കുന്ന അവ്യക്തമായ ആ സംഭാഷണ ശകലം അയാളില്‍ സംശയം തോന്നിപ്പിച്ചു തുടങ്ങി,എല്ലാത്തിനോടും.തന്‍റെ ചുറ്റും ഉള്ളവരുടെ അസാധാരണമായ പെരുമാറ്റം,രാത്രിക്കാലങ്ങളിലെ ഭീകര സ്വപ്‌നങ്ങള്‍ എല്ലാം അയാളെ തളര്‍ത്തി തുടങ്ങിയിരുന്നു.എന്നാല്‍ സ്യൂംഗ് ഹൂനിനെ പ്രതീക്ഷിച്ചു അതിലും വലുത് വരാന്‍ ഇരിക്കുന്നതെ ഉള്ളായിരുന്നു.

    കാലങ്ങളായി പോലീസിനെ കുഴപ്പിച്ചിരുന്ന മൃതടെഹങ്ങള്‍ക്ക് ഉള്ള ഉത്തരം അവര്‍ക്ക് ലഭിച്ചു തുടങ്ങുന്നു.അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ഒരാളുടെ ഭയങ്ങളും വിഹ്വലതകളും അയാളെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രതിയായി പോലും അവതരിപ്പിക്കാം.ഒരു പക്ഷെ സാഹചര്യ തെളിവുകളുടെ പിന്‍ബലം ,വ്യക്തിവിരോധം ഒക്കെ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ സ്വാധീനിക്കാം.അയാള്‍ക്ക്‌ നേരിട്ട് ബന്ധം ഉള്ളതോ അല്ലാത്തതോ ആയ കാര്യങ്ങളിലേക്ക് അയാളെ അടുപ്പിക്കാന്‍ ഉള്ള ശക്തമായ ശ്രമങ്ങള്‍ പോലെ തോന്നാം അവയെ ഒക്കെ.

   "Bluebeard" ചര്‍ച്ച ചെയ്യുന്ന കഥ പതിവ് കൊറിയന്‍ മിസ്റ്ററി സിനിമകളുടെ ഴോനറിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്.ഒരു ഘട്ടത്തില്‍ ക്യാറ്റ് ആന്‍ഡ്‌ മൗസ് കളി ആയി മാറിയേക്കാം എന്ന് തോന്നിയ കഥയെ ഒരു അവസരത്തില്‍ മുന്നോട്ടു കൊണ്ട് പോകുന്നത് കൊറിയന്‍ ചിത്രങ്ങളുടെ അപ്രതീക്ഷിതമായ തലത്തിലേക്ക് മാറുന്ന കഥാ സന്ദര്‍ഭങ്ങളിലൂടെ ആണ്.ഇവിടെയും അതിനു മാറ്റമില്ല.കഥ പ്രേക്ഷകന്‍ വിചാരിക്കാത്ത ഒരു തലത്തിലേക്ക് കൊണ്ട് പോകാന്‍ ഉള്ള ശ്രമം തീര്‍ച്ചയായും നടത്തിയിട്ടുണ്ട്.ഒപ്പം ആ തലത്തില്‍ നിന്നും മുന്നോട്ടു പോകുന്ന രീതിയില്‍ ഉള്ള അവസാനവും.ഒരു പക്ഷെ പ്രേക്ഷകനില്‍ അവസാനം കഥാപാത്രങ്ങളുടെ സ്വഭാവ വൈചിത്ര്യങ്ങളെ കുറിച്ച് സംശയം വരാമെങ്കിലും ഹാന്‍ നദിയില്‍ അടുത്ത ശൈത്യക്കാലത്തിനു ശേഷവും മുന്‍ വര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടാകുമോ എന്ന ചോദ്യം സ്വയം ചോദിപ്പിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു.

  അപ്രതീക്ഷിതമായ കഥാഗതി കൊറിയന്‍ സിനിമകളിലെ ക്ലീഷേ ആയി മാറുന്നത് കൊണ്ട് തന്നെ "Bluebeard" അത്ഭുതങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.പക്ഷെ ഇത്തരം ഴോനറില്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ?അത് ലഭിക്കുകയും ചെയ്യുന്നു.

 More movie suggestions @www.movieholicviews.blogspot.ca