Pages

Friday, 22 September 2017

770.BLUEBEARD(KOREAN,2017)

770.BLUEBEARD(KOREAN,2017),|Crime|Mystery|Thriller|,Dir:-Soo-youn Lee,*ing:-Jin-woong Jo, Goo Shin, Dae-Myung Kim.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭയം അയാളുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നേരിടേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകം ആയിരിക്കും?ചുറ്റുമുള്ളവര്‍ അപരിചിതര്‍ ആകുന്ന നിമിഷങ്ങള്‍.ഒരു പക്ഷെ വ്യക്തിത്വം പോലും അന്യമാകുന്ന സന്ദര്‍ഭങ്ങള്‍.ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പരാജയ ഭാരവും അത് നല്‍കിയ നഷ്ടങ്ങളും അയാളെ കാര്‍ന്നെടുക്കുമ്പോള്‍ ,അയാള്‍ക്ക്‌ എത്രമാത്രം സമന്വയം തന്‍റെ സ്വഭാവത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കും?ഹ്യൂംഗ്-സൂന്‍ അത്തരത്തില്‍ ഒരു കഥാപാത്രമായിരുന്നു.ആരെയും മുഷിപ്പിക്കാതെ,കാഴ്ചക്കാര്‍ക്ക് ദയനീയത തോന്നുന്ന സ്വഭാവം.അയാള്‍ ഒരു ഡോക്റ്ററും കൂടി ആയിരുന്നു.


   തണുത്തുറഞ്ഞ ഹാന്‍ നദിയിലെ വെള്ളം വേനല്‍ക്കാലത്ത് ഉരുകുമ്പോള്‍ കാണപ്പെടുന്ന അജ്ഞാത മൃതദേഹങ്ങള്‍ എന്നും വാര്‍ത്തയായിരുന്നു.ഹാന്‍ നദിയുടെ ആ ഭാഗം അത്ര പുരോഗമിച്ചിട്ടില്ല.ഒരു കൊച്ചു നഗരത്തിന്റേതായ എല്ലാ സവിശേഷതകളും ഉണ്ടെങ്കിലും വികസനത്തിന്‌ സാദ്ധ്യതകള്‍ ഏറെ ആയിരുന്നു.പ്രത്യേകിച്ചും "Colonoscopy" ചെയ്യാന്‍ കഴിയുന്ന ക്ലീനിക്കുകളുടെ അഭാവം പുതുതായി അവിടെ ജോലിക്ക് ചേര്‍ന്ന സ്യൂംഗ്-ഹൂന്‍ എന്ന ഡോക്റ്ററുടെ തിരക്ക് വര്‍ദ്ധിപ്പിച്ചു."Colonoscopy" ചെയ്യുന്ന സമയം രോഗികള്‍ അസാധാരണമായ രീതികളില്‍ പെരുമാറുന്നതൊക്കെ സാധാരണമായിരുന്നു.എന്നാല്‍ "Colonoscopy"ക്ക് വിധേയനായ ആ രോഗി അബോധാവസ്ഥയില്‍, ശിരസ്സില്‍ നിന്നും  മുറിച്ചു മാറ്റപ്പെട്ട മൃതദേഹം എങ്ങനെ മറവു ചെയ്യാമെന്നും തെളിവുകള്‍ എങ്ങനെ നശിപ്പിക്കാം എന്നും പറയുന്ന അവസരത്തില്‍ ഡോക്റ്ററുടെ ജീവിതവും ചെറുതായി മാറുന്നു.


     കടമെടുത്തു ആരംഭിച്ച ക്ലീനിക് പരാജയപ്പെട്ടതോടെ വന്‍ കടക്കെണിയില്‍ ആവുകയും ,ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുന്ന അവസ്ഥയില്‍ വരെ സ്യൂംഗ് -ഹൂന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.എന്നാല്‍ അന്ന് അബോധാവസ്ഥയില്‍ താന്‍ താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട മാംസവ്യാപാര കേന്ദ്രത്തിന്റെ ഉടമയുടെ പിതാവില്‍ നിന്നും കേള്‍ക്കുന്ന അവ്യക്തമായ ആ സംഭാഷണ ശകലം അയാളില്‍ സംശയം തോന്നിപ്പിച്ചു തുടങ്ങി,എല്ലാത്തിനോടും.തന്‍റെ ചുറ്റും ഉള്ളവരുടെ അസാധാരണമായ പെരുമാറ്റം,രാത്രിക്കാലങ്ങളിലെ ഭീകര സ്വപ്‌നങ്ങള്‍ എല്ലാം അയാളെ തളര്‍ത്തി തുടങ്ങിയിരുന്നു.എന്നാല്‍ സ്യൂംഗ് ഹൂനിനെ പ്രതീക്ഷിച്ചു അതിലും വലുത് വരാന്‍ ഇരിക്കുന്നതെ ഉള്ളായിരുന്നു.

    കാലങ്ങളായി പോലീസിനെ കുഴപ്പിച്ചിരുന്ന മൃതടെഹങ്ങള്‍ക്ക് ഉള്ള ഉത്തരം അവര്‍ക്ക് ലഭിച്ചു തുടങ്ങുന്നു.അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ഒരാളുടെ ഭയങ്ങളും വിഹ്വലതകളും അയാളെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രതിയായി പോലും അവതരിപ്പിക്കാം.ഒരു പക്ഷെ സാഹചര്യ തെളിവുകളുടെ പിന്‍ബലം ,വ്യക്തിവിരോധം ഒക്കെ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ സ്വാധീനിക്കാം.അയാള്‍ക്ക്‌ നേരിട്ട് ബന്ധം ഉള്ളതോ അല്ലാത്തതോ ആയ കാര്യങ്ങളിലേക്ക് അയാളെ അടുപ്പിക്കാന്‍ ഉള്ള ശക്തമായ ശ്രമങ്ങള്‍ പോലെ തോന്നാം അവയെ ഒക്കെ.

   "Bluebeard" ചര്‍ച്ച ചെയ്യുന്ന കഥ പതിവ് കൊറിയന്‍ മിസ്റ്ററി സിനിമകളുടെ ഴോനറിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്.ഒരു ഘട്ടത്തില്‍ ക്യാറ്റ് ആന്‍ഡ്‌ മൗസ് കളി ആയി മാറിയേക്കാം എന്ന് തോന്നിയ കഥയെ ഒരു അവസരത്തില്‍ മുന്നോട്ടു കൊണ്ട് പോകുന്നത് കൊറിയന്‍ ചിത്രങ്ങളുടെ അപ്രതീക്ഷിതമായ തലത്തിലേക്ക് മാറുന്ന കഥാ സന്ദര്‍ഭങ്ങളിലൂടെ ആണ്.ഇവിടെയും അതിനു മാറ്റമില്ല.കഥ പ്രേക്ഷകന്‍ വിചാരിക്കാത്ത ഒരു തലത്തിലേക്ക് കൊണ്ട് പോകാന്‍ ഉള്ള ശ്രമം തീര്‍ച്ചയായും നടത്തിയിട്ടുണ്ട്.ഒപ്പം ആ തലത്തില്‍ നിന്നും മുന്നോട്ടു പോകുന്ന രീതിയില്‍ ഉള്ള അവസാനവും.ഒരു പക്ഷെ പ്രേക്ഷകനില്‍ അവസാനം കഥാപാത്രങ്ങളുടെ സ്വഭാവ വൈചിത്ര്യങ്ങളെ കുറിച്ച് സംശയം വരാമെങ്കിലും ഹാന്‍ നദിയില്‍ അടുത്ത ശൈത്യക്കാലത്തിനു ശേഷവും മുന്‍ വര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടാകുമോ എന്ന ചോദ്യം സ്വയം ചോദിപ്പിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു.

  അപ്രതീക്ഷിതമായ കഥാഗതി കൊറിയന്‍ സിനിമകളിലെ ക്ലീഷേ ആയി മാറുന്നത് കൊണ്ട് തന്നെ "Bluebeard" അത്ഭുതങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.പക്ഷെ ഇത്തരം ഴോനറില്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ?അത് ലഭിക്കുകയും ചെയ്യുന്നു.

 More movie suggestions @www.movieholicviews.blogspot.ca

  

No comments:

Post a Comment