Pages

Friday, 29 September 2017

774.CLASH(ARABIC,2016)



774.CLASH(ARABIC,2016),Thriller|Drama|,Dir:-Mohamed Diab,*ing:-Nelly Karim, Hani Adel, El Sebaii Mohamed.

   ക്ലാഷ് എന്ന ഇജിപ്ഷ്യന്‍ ചിത്രം പ്രേക്ഷകന്റെ മുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചത് രണ്ടു സംഘര്‍ഷങ്ങളിലൂടെ ആണ്.രാഷ്ട്രീയപരവും വ്യക്തിപരവുമായ സംഘര്‍ഷങ്ങളിലൂടെ.രാഷ്ട്രീയപരമായ പ്രമേയം ,അതിന്റെ വ്യക്തതയോടെ തന്നെ അവതരിപ്പിക്കുന്നതിനോടൊപ്പം സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യതിയാനം സംഭവിക്കുന്ന മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവത്തെയും സംവിധായകന്‍ മൊഹമദ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു.അറബ് ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു "മുല്ലപ്പൂ വിപ്ലവം"."മുല്ലപ്പൂ വസന്തത്തിന്‍റെ" ആദ്യ നാളുകളില്‍ ഇത്തരം ഒരു നീക്കത്തെ ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഭൂരിഭാഗവും പ്രശംസകള്‍ കൊണ്ട് മൂടുകയും ചെയ്തിരുന്നു.


  ലോകത്തിന്റെ വീക്ഷണത്തില്‍ നിന്നും അതില്‍ നേരിട്ട് ഇടപ്പെടലുകള്‍ നടത്തിയ ജനതയുടെ കഥയാണ് ക്ലാഷ് അവതരിപ്പിക്കുന്നത്‌.മുസ്ലീം ബ്രതര്‍ഹുഡ് (MB എന്ന് വിശേഷിപ്പിക്കാം) നേതൃത്വം നല്‍കിയ മുല്ലപ്പൂ വിപ്ലവം ഹോസ്നി മുബാറക്കിന്റെ ഭരണത്തിന് അവസാനമിട്ടു.പിന്നീട് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറിയ MB അധിക നാളുകള്‍ ആകുന്നതിനു മുന്‍പ് എല്‍-സിസിയുടെ നേത്രുത്വത്തില്‍ നടന്ന സൈനിക നീക്കത്തിലൂടെ ഭരണം നേടുന്നു.സ്വാഭാവികമായും രണ്ടു നിലപാടിനോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍ ഉണ്ടാകും.പ്രത്യേകിച്ചും യാഥാസ്തികമായ മതത്തിന്റെ ചട്ടക്കൂട്ടില്‍ കഴിയാന്‍ തീരുമാനിച്ചു ഉറപ്പിച്ചവരും ,മതത്തിന്റെ കണ്ണിലൂടെ അല്ലാതെ ജീവിതത്തെ കൂടുതല്‍ നോക്കി കാണുന്നവരും.

   അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടി വാര്‍ത്ത രേഖപ്പെടുത്താന്‍ എത്തിയ ഇജിപ്ഷ്യന്‍-അമേരിക്കന്‍ ലേഖകനും അയാളുടെ ഫോട്ടോഗ്രാഫറും സംശയത്തിന്‍റെ പേരില്‍ സൈനികരുടെ പിടിയിയിലായി.പിന്നെ നടന്ന സംഭവങ്ങളിലൂടെ MB യെ അനുകൂലിച്ചു ജാഥ നടത്തിയ പ്രകടനങ്ങളിലും എതിര്‍ത്ത് നടന്നവരുടെ നീക്കങ്ങളും എല്ലാം അവരെ കൊണ്ടെത്തിക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ ബലമായി തടഞ്ഞു വച്ചിരിക്കുന്ന വാഹനത്തില്‍ ആയിരുന്നു.ഇവിടെ പലയിടത്തും അമേരിക്ക ഈ പ്രശ്നങ്ങളില്‍ എങ്ങനെ എല്ലാം ഇടപ്പെടുന്നു എന്ന പൊതു ചിന്തകള്‍ കഥാപാത്രങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നു.


   ആശയപരമായ വ്യത്യാസങ്ങള്‍ തുടക്കം തന്നെ രണ്ടു കൂട്ടരുടെയുയം ഇടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്തു.എന്നാല്‍ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ഗൌരവം അവര്‍ക്ക് ആദ്യം മനസ്സിലാകുന്നില്ല. ഊഴമനുസരിച്ച് മാത്രമേ ശുദ്ധ വായൂ പോലും ശ്വസിക്കാന്‍ മാത്രമേ തങ്ങള്‍ക്കു അവസരമുള്ളൂ എന്ന് മനസ്സിലാക്കിയ അവര്‍ എന്നാല്‍ അടയ്ക്കപ്പെട്ട ആ വാഹനത്തില്‍ നിന്നു കൊണ്ട് തന്നെ അവരുടെ വ്യക്തിപരമായ ഈഗോയ്ക്കും ഒപ്പം പ്രാധാന്യം നല്‍കുന്നുണ്ട്.ചിലയവസരങ്ങളില്‍ അവര്‍ വ്യത്യസ്തമായി പെരുമാറി.പ്രത്യേകിച്ചും സംഗീതം,ഫുട്ബോള്‍ തുടങ്ങിയ വിഷയങ്ങള്‍ അവരുടെ ഇടയില്‍ വന്നപ്പോള്‍ ഒരു പക്ഷെ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും മാറിയെന്നുള്ള തോന്നല്‍ പ്രേക്ഷനില്‍ ഉണ്ടാക്കുന്നു.


  എന്നാല്‍ അല്‍പ്പായുസായ ഇത്തരം ചിന്തകളെ അര്‍ത്ഥ ശൂന്യതയിലേക്ക് തള്ളി വിട്ടു കൊണ്ട് മനുഷ്യര്‍ വീണ്ടും മനുഷ്യരായി മാറുന്നു.ഇത്തരം സംഭവങ്ങള്‍ ചിത്രത്തില്‍ എത്ര വേണമെങ്കിലും ഉദാഹരിക്കാന്‍ കഴിയും.ഉദാഹരണത്തിന്,സുഹൃത്തുക്കള്‍ ആയ യുവാക്കളുടെ ഇടയില്‍ വരുന്ന പ്രശ്നവും അതിനു മുന്‍പും ശേഷവുമുള്ള അവരുടെ പെരുമാറ്റ രീതികള്‍ നൈമിഷികമാണ് മനുഷ്യന്‍റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നതിന് ഊന്നല്‍ നല്‍കുന്നു.ഇത്തരത്തില്‍ ഏറെ കാഴ്ചകള്‍ സിനിമയില്‍ കാണാന്‍ സാധിക്കുന്നു.മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങള്‍,അപകടകരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങളുടെ ചുറ്റും നടന്നു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പോലും അവരില്‍ ഭൂരിഭാഗവും ഇത്തരം മാറ്റങ്ങളിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നതും.

   രാഷ്ട്രീയം പലപ്പോഴും രണ്ടാമതായുള്ള പ്രാധാന്യം മാത്രമേ ഉണ്ടാകൂ എന്ന തോന്നലുകള്‍ മേല്‍പ്പറഞ്ഞ അവതരണത്തിലൂടെ പ്രേക്ഷകന് തോന്നാം.ഈ രണ്ടു പ്രമേയങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ചിത്രം ഇടയ്ക്കിടെ ഭയാനകമായി മാറുന്നുണ്ട്.ഇടയ്ക്ക് പ്രേക്ഷകനെ ചിരിപ്പിക്കുകയും കണ്ണുകള്‍ ഈറനണിയിക്കുകയും ചെയ്യുന്നു.അത് കൊണ്ട് തന്നെ ഒരു രാഷ്ട്രീയ സിനിമ എന്ന ചട്ടക്കൂട്ടില്‍ മാത്രം നിര്‍ത്താതെ കൂടുതല്‍ വിശാലമായ സാദ്ധ്യതകള്‍ തുറന്നിടുകയാണ് ഇവിടെ.ആളുകള്‍ തിങ്ങി നിറഞ്ഞു പലരും മരിക്കാന്‍ വരെ കാരണമായ അടുത്ത വാഹനത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ പോലും പ്രേക്ഷകനില്‍ ഉണ്ടാക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.


  ഓസ്ക്കാര്‍ വേദിയിലെക്കായി ഇജിപ്ട്ടിന്റെ പ്രതിനിധി ആയി ഈ ചിത്രം നാമനിര്‍ദേശം ചെയ്തിരുന്നു.അന്താരാഷ്ട്ര വേദികളിലും സിനിമ കാഴ്ചകളിലും കൂടി വളരെയധികം പ്രശംസ ഈ ചിത്രം ഏറ്റു വാങ്ങിയിരുന്നു.തുടക്കത്തില്‍ ഒരു ചെറിയ ചിലവില്‍ എടുത്ത ചിത്രമാണ് എന്ന ധാരണ പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുവെങ്കിലും സംഘര്‍ഷങ്ങള്‍ എല്ലാം അവതരിപ്പിച്ചത് വലിയ ക്യാന്‍വാസില്‍ ആയിരുന്നു.ചിത്രം പലപ്പോഴും ചില കാര്യങ്ങളില്‍ മിതത്വം പാലിച്ചതായി തോന്നി.വണ്ടിയില്‍ ഉള്ള ആളുകളുടെ സ്വഭാവ-മാറ്റങ്ങള്‍ ഓരോരുത്തരുടെ ആയി അവതരിപ്പിക്കുമ്പോള്‍ സംവിധായകന്റെ കയ്യടക്കം പ്രാധാന്യമുള്ളതാണ്.മികച്ച ഒരു  ചിത്രത്തിന്റെ നിലവാരത്തിലേക്ക് ഉയരാന്‍ അത് കൊണ്ടൊക്കെ തന്നെ ക്ലാഷിനു കഴിഞ്ഞിട്ടുമുണ്ട്.

No comments:

Post a Comment