Pages

Friday, 21 July 2017

768.MUNICH(ENGLISH,2005)

768.MUNICH(ENGLISH,2005),History|Thriller|Crime|,Dir:-Steven Spielberg,*ing:-Eric Bana, Daniel Craig, Marie-Josée Croze


 "Black September"."Citius, Altius, Fortius" എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോകമെമ്പാടും ഉള്ള രാജ്യങ്ങളെ ശത്രുത-നീരസങ്ങള്‍ മറന്ന്  കായിക മത്സരങ്ങളിലൂടെ ഒന്നിപ്പിക്കുന്ന ഒളിംപിക്സ് വേദിയില്‍ ചോരക്കളം തീര്‍ത്ത സംഘടനയുടെ പേരാണ് അത്.സംഭവം നടന്നത് ,പടിഞ്ഞാറന്‍ ജര്‍മനിയില്‍ നടന്ന 1972 ലെ ഒളിമ്പിക്സ് വേദിയില്‍ ആയിരുന്നു.ഇസ്രയേലി ടീം അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കടന്നു കയറിയ തീവ്രവാദികള്‍ പതിനൊന്നു ഇസ്രയേലി കായികതാരങ്ങളെ വധിക്കുക ആണുണ്ടായത്.കായിക ലോകത്തിനു നേരിട്ട തിരിച്ചടി എന്ന് വിശേഷിപ്പിക്കാം ആ സംഭവത്തെ.പ്രത്യേകിച്ചും ഒരുമയുടെ,വിദ്വേഷം ഇല്ലായ്മയുടെ ലോകത്തിനു വിഭാവനം ചെയ്യുന്ന ഒളിമ്പിക്സ് വേദിയില്‍ ഉണ്ടായ സംഭവം ലോകജനതയെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.

   Black September,പലസ്തീന് വേണ്ടി പോരാടുന്ന PLO യുടെ ഒപ്പം ചേര്‍ത്ത് വായിക്കുന്ന പേരായിരുന്നു അത്.പലസ്തീന്‍ ജനതയോട് അവരുടെ രാജ്യത്തിന് വേണ്ടി പിറവി കൊണ്ട തീവ്രവാദി സംഘടന.ഇസ്രയേല്‍-പലസ്തീന്‍ യുദ്ധ വേദിയില്‍ തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ വേണ്ടി ആണ് അവര്‍ അന്ന് ഒളിമ്പിക്സ് വേദി തിരഞ്ഞെടുത്തത്.തങ്ങള്‍ക്കു ഏറ്റ നഷ്ടത്തിനും അഭിമാന ക്ഷതത്തിനും തിരിച്ചടി നല്‍കാന്‍ ഇസ്രയേലി ഭരണകൂടം തീരുമാനിക്കുന്നു,മൊസാദിന്റെ പിന്‍ബലത്തോടെ.അവരുടെ ലക്‌ഷ്യം, മ്യൂണിക് കൂട്ടക്കുരുതിയിയുടെ സൂത്രധാരര്‍ ആയ പതിനൊന്നു പേരെ വധിക്കുക എന്നതായിരുന്നു.അതിനായി അവര്‍ ഒരു പട്ടികയും തയ്യാറാക്കി.

   'ആവ്നര്‍ കോഫ്മാന്‍' എന്ന മൊസാദ് ഉദ്യോഗസ്ഥനെ ആണ് തങ്ങളുടെ നീക്കങ്ങളുടെ നായകനായി അവര്‍ തിരഞ്ഞെടുത്തത്.പ്രധാനമന്ത്രി ആയ 'ഗോള്ഡ മേയറുടെ' സാനിധ്യത്തില്‍ അവര്‍ അതിനായി ഒരുക്കങ്ങള്‍ ചെയ്യുന്നു.തീര്‍ത്തും രഹസ്യ സ്വഭാവം ഈ നീക്കങ്ങള്‍ക്ക്‌ പിന്നില്‍ ഉണ്ടായിരുന്നത് കൊണ്ട് ആവ്നറോട് അവര്‍ മോസാദില്‍ നിന്നും രാജി വയ്ക്കാന്‍ ആവശ്യപ്പെടുന്നു.അയാളുടെ ഒപ്പം ലോകത്തിന്റെ പല ഭാഗത്തില്‍ നിന്നും ഉള്ള നാല് ഇസ്രയേലി ഉദ്യോഗസ്ഥരും സമാന അവസ്ഥയില്‍ ഈ നീക്കങ്ങളില്‍ പങ്കാളി ആകും എന്നതായിരുന്നു അവരുടെ പ്ലാന്‍.

  ഗര്‍ഭിണിയായ ഭാര്യയില്‍ നിന്ന് പോലും തന്‍റെ ഉദ്ദേശ്യ ലക്‌ഷ്യം മരയ്ക്കേണ്ടി വരുന്ന ആവ്നര്‍ രാജ്യത്തിനു നേരിട്ട തിരിച്ചടിക്ക് നേതൃത്വം നല്‍കാന്‍ തിരിക്കുന്നു.അവ്നറുടെയും കൂട്ടരുടെയും സംഭവ ബഹുലമായ കഥയാണ് മ്യൂണിക് എന്ന ചിത്രം അവതരിപ്പിക്കുന്നത്‌.ഇസ്രയേലി ജനതയുടെ അഭിമാനം വീണ്ടെടുക്കാന്‍ തുനിഞ്ഞ് തങ്ങളുടെ കുടുംബങ്ങളെ പോലും മറന്നു ഇറങ്ങിയവര്‍ എങ്കില്‍ കൂടി സാധാരണ മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും ഉള്ളവര്‍ ആണെന്നുള്ള ഒരു കാഴ്ചപ്പാടില്‍ ആണ് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു പക്ഷെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ആയി മാറുമായിരുന്ന ചിത്രത്തില്‍ നിന്നും മാനുഷികമായ മൂല്യങ്ങള്‍ കൂടി ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

  തങ്ങളുടെ ആദ്യ ഓപ്പറേഷന്‍ മുതല്‍ അവര്‍ പരമാവധി തങ്ങളുടെ ലക്ഷ്യത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഇടയ്ക്ക് അവരെ ചില ഘടങ്ങള്‍ അലോസരപ്പെടുത്തിയിരുന്നു.തന്‍റെ പുതുതായി ജനിച്ച  മകളെ കാണാനായി രഹസ്യമായി തിരികെ വന്ന ആവ്നര്‍ തന്നില്‍ ഉള്ള ഭര്‍ത്താവ്,പിതാവ് എന്നീ ബാധ്യതകളോട് നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നു.രണ്ടേ മുക്കാല്‍ മണിക്കൂര്‍ ഉള്ള ചിത്രം അവതരണ മികവു കൊണ്ട് തന്നെ പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചൂ.


  ഒരു പ്രത്യേക അവസരത്തില്‍ തങ്ങളുടെ ഉള്ളിലെ മനുഷ്യത്വം സ്വന്തം രാജ്യത്തോടുള്ള സ്നേഹത്തില്‍ നിന്നും കടമയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ തുടങ്ങുന്നു.പല കഥാപാത്രങ്ങളും  അതിനു ബാധകമായിട്ടുണ്ട്.PLO അംഗമായ അലിയുമായി ആവ്നര്‍ നടത്തിയ സംഭാഷണം ശ്രദ്ധേയം ആണ് ചിത്രത്തില്‍.തങ്ങള്‍ക്കു അവകാശം ഉണ്ടെന്നു രണ്ടു കൂട്ടര്‍ വാദിക്കുന്ന രാജ്യം.അതിനായി അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം അവിടെ കാണാം."പപ്പാ" എന്ന് വിളിക്കുന്ന അധോലോക തലവനും ആയുള്ള കൂടിക്കാഴ്ചയും സിനിമയുടെ കാഴ്ചയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാക്കുന്നു.ഒരു പക്ഷെ തന്‍റെ കുടുംബവും ആയി,കുടുംബത്തിനു ആണ് പ്രാധാന്യം എന്ന തോന്നല്‍ ആവ്നറില്‍ കൂട്ടുന്നതും അതായിരിക്കണം.


  സിനിമയുടെ തുടക്കം ഡാനിയല്‍ ക്രെയിഗ് അവതരിപ്പിച്ച സ്റ്റീവ് എന്ന കഥാപാത്രത്തിന്റെ "Don't Fuck with the Jews" എന്ന ഒറ്റ ഡയലോഗില്‍ ഉണ്ട് അന്നത്തെ ഇസ്രയേലി ജനതയുടെ പകരം വീട്ടലിന്റെ അഗ്നി.സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് എന്നാല്‍ ഈ ചിത്രത്തില്‍ balancing ആയ നിലപാട് പലപ്പോഴും ഉപയോഗിച്ചത്.ഇസ്രയേലി ജനതയുടെ ഒപ്പം നിന്ന് കൊണ്ട് തന്നെ പലസ്തീന്‍ ജനതയെയും അധികം  വേദനിപ്പിക്കാതെ ആണ് ചിത്രം ഒരുക്കിയിരുന്നത്.Black September നെയും മോസാദിനെയും മൂല്യങ്ങളുടെ അളവുക്കോലില്‍ ഒരേ വില നല്‍കിയ സ്പീല്‍ബര്‍ഗിന്റെ നീക്കം ഇസ്രയേലി സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.

  വ്യക്തമായ രാഷ്ട്രീയമുള്ള,പതിവ് സൂപ്പര്‍ എജന്റുകളില്‍ നിന്നും വ്യത്യസ്തമായി മജ്ജയും മാംസവും ഉള്ള സാധാരണ മനുഷ്യരായി അവരെ അവതരിപ്പിച്ച മ്യൂണിക് ,2006 ല്‍ 5 ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു."ന്യൂയോര്‍ക്ക് ടൈംസ്‌" ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി "മ്യൂണിക്"നെ തിരഞ്ഞെടുത്തിരുന്നു.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി എന്ന രീതിയില്‍ അവതരിപ്പിച്ച ചിത്രം 'യുവാല്‍ അല്‍വിവ്' എന്ന ,മുന്‍ക്കാല മൊസാദ് ഉദ്യോഗസ്ഥന്‍ എന്ന് അവകാശപ്പെടുന്ന ആളുടെ Vengeance എന്ന പുസ്തകത്തെ ആധാരമാക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് കൊണ്ട് ഫിക്ഷന്‍ ആയി അവതരിപ്പിച്ച ചിത്രം ഡോക്യുമെന്റ്റി നിലവാരത്തിലേക്ക് ഒരിക്കലും പോകുന്നില്ല.

  ഒരു ജനത യുദ്ധത്തിലേക്ക് ഇറങ്ങുമ്പോള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.തങ്ങളുടെ വഴി തങ്ങളുടെ സംസ്ക്കരതോട് നീതി പുലര്‍ത്തുന്നുണ്ടോ?വധ ശിക്ഷ പോലും നിര്‍ത്തലാക്കിയ രാജ്യത്തില്‍ നിന്നും ഇത്തരം ഒരു നീക്കത്തിന് ഭാഗം ആകേണ്ടി വന്നവരും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകും.സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് അവതരിപ്പിക്കുന്നതും ലോക ജനത ഒരു പക്ഷെ പരസ്പ്പരം വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രീതികളിലേക്ക് പോകുമ്പോള്‍ സ്വയം ചിന്തിക്കേണ്ട,ചോദിക്കേണ്ട ഈ ചോദ്യമാണ് അത്."മ്യൂണിക്" അതിനു അടിവരയിടുന്നു.

Tuesday, 18 July 2017

767.OKJA(KOREAN,2017)

767.OKJA(KOREAN,2017),|Drama|Adventure|,Dir:-Joon-ho Bong ,*ing:-Tilda Swinton, Paul Dano, Seo-Hyun Ahn


  കൂടുതല്‍ ലാഭം കൊയ്യാന്‍ ഉള്ള വഴികളും ആയി കോര്‍പ്പറേറ്റ് കമ്പനികള്‍ ദൈനംദിന ജീവിതത്തില്‍ ഇടപ്പെടലുകള്‍ ഉപഭോക്താവിന്‍റെ ഓരോ ചലനങ്ങളിലും സ്വാധീനിക്കുന്നുണ്ട്.പുതുതായി മാര്‍ക്കറ്റില്‍ വരുന്ന ഒരു ഉല്‍പ്പന്നം അതിന്റെ ഗുണ മേന്മയെക്കാള്‍ അതിനു നല്‍കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താവിന്‍റെ ജീവിതത്തില്‍ പ്രതിഫലനം ഉണ്ടാക്കുന്നു.ഒരു പ്രത്യേക വസ്തുവിനു ഇന്ന ബ്രാന്‍ഡ് എന്ന രീതിയില്‍ ഉപഭോക്താവിന്‍റെ ഓര്‍മയില്‍ അത് കടന്നു കയറിയാല്‍ അതായിരിക്കും നിര്‍മാതാക്കളുടെ ഏറ്റവും വലിയ വിജയവും.അവര്‍ ലക്‌ഷ്യം വച്ചിരുന്ന മാര്‍ക്കറ്റ് അവരുടേത് ആയി എന്ന് ചുരുക്കം.


   ലൂസി മിരാണ്ടോ തന്‍റെ കുടുംബ സ്വത്തായ മിറാണ്ടോ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമ്പോള്‍ അവരുടെ മുന്നില്‍ പഴയ കാലത്തിന്‍റെ ചില അനിഷ്ട സംഭവങ്ങള്‍ മുന്നിലുണ്ടായിരുന്നു.എന്നാല്‍ അവര്‍ തന്‍റെ വരവ് വിളിച്ചു അറിയിച്ചത് ലോകജനതയിലെ പെരുപ്പം കാരണം ഭാവിയില്‍ വരാന്‍ പോകുന്ന ഭക്ഷ്യ ക്ഷാമത്തിനെ നേരിടാന്‍ ഉള്ള വഴി കണ്ടെത്തി എന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു."സൂപ്പര്‍ പിഗ്സ്" എന്ന നവീന ആശയം മുന്നോട്ടു വച്ചത് മനുഷ്യന്റെ ഭക്ഷണ ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി എടുത്ത പന്നികളിലൂടെ ആയിരുന്നു.

   ഭീമാകാരം ആയ  Genetically Mutation സംഭവിച്ച പന്നികള്‍ ആയിരുന്നു അവര്‍ ലക്‌ഷ്യം വച്ചിരുന്നത്.എന്നാല്‍ GM ഉല്‍പ്പന്നങ്ങളോട് എങ്ങനെ ഉപഭോക്താക്കള്‍ പ്രതികരിക്കും എന്നതിനും അവരുടെ മുന്നില്‍ ഒരു ഉത്തരം ഉണ്ടായിരുന്നു.ലോകത്തിലെ പല രാജ്യങ്ങളിലായി ഈ പന്നികളെ വളര്‍ത്താന്‍ നല്‍കുക.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ലോകത്തിനു മുന്നില്‍ അവയെ അവതരിപ്പിക്കുക.ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഉള്ള മിജയും അവളുടെ അപ്പൂപ്പനും കൂടി ഇത്തരത്തില്‍ ഒരു പന്നിയെ വളര്‍ത്താന്‍ കിട്ടുന്നു.

  പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മിറാണ്ടോ കോര്‍പ്പറേഷന്‍ തങ്ങളുടെ അഭിമാന സ്തംഭം ആയ പന്നികളെ തിരികെ അമേരിക്കയിലേക്ക് കൊണ്ട് പോയി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ വരുമ്പോഴേക്കും മിജയും അവരുടെ പന്നി ആയ ഒക്ജയും വലിയ സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു.അവര്‍ ഒക്ജയെ മിജയില്‍ നിന്നും അകറ്റുന്നു.തന്‍റെ സ്വന്തം എന്ന് അവള്‍ വിശ്വസിക്കുന്ന ഒക്ജയെ വീണ്ടെടുക്കാന്‍ അവള്‍ തീരുമാനിക്കുന്നു.അവളുടെ സാഹസികതയുടെ കഥയാണ് ഒക്ജ അവതരിപ്പിക്കുന്നത്‌.

 സമാനമായ ആശയങ്ങള്‍ ഉള്ള ഒരു സംഘടന കൂടി അവളുടെ സഹായത്തിനു എത്തുന്നതോടെ ചിത്രം അതിന്റെ സാഹസികതയിലേക്ക് കിടക്കുന്നു.മുന്നില്‍ ഉള്ളത് വലിയ ഒരു കമ്പനി.അവരുമായി ഉള്ള ഏറ്റുമുട്ടലുകള്‍ മിജയെ  പോലെ ഉള്ള ഒരു പെണ്ക്കുട്ടിക്കു എളുപ്പം അല്ലായിരുന്നു.ഒപ്പം ബ്രന്തമായ് ആവേശത്തോടെ ലോകത്തെ കീഴടക്കാന്‍ ഒരുങ്ങുന്ന മിരാണ്ട ആയിരുന്നു അവരുടെ എതിര്‍ വശത്ത്.പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും അവള്‍ തന്‍റെ അവസാന ശ്രമം നടത്തുന്നതാണ് ബാക്കി സിനിമ.

Memories of Murder,Host,Snowpiercer,Mother തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒക്ജ.ജേക് ഗില്ലെന്ഹാല്‍ നെഗറ്റീവ് ടച്ച്‌ ഉള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു..വളരെ മികച്ച പ്രേക്ഷക പിന്തുണ ആണ് ഈ ചിത്രത്തിനും ലഭിച്ചത്.നല്ല ഒരു ഫീല്‍ -ഗുഡ് സിനിമ ആയി തോന്നി ഒക്ജ.

Sunday, 16 July 2017

766.THE ACCIDENTAL DETECTIVE(KOREAN,2015)

766.THE ACCIDENTAL DETECTIVE(KOREAN,2015),|Mystery|Crime|Thriller|,Dir:-Jeong-hoon Kim,*ing:- Sang-Woo Kwon, Dong-il Sung, Yeong-hie Seo


    പ്രേക്ഷകനില്‍ ആകാംക്ഷയും അത് പോലെ സിനിമയോട് ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാഹസികതയെ ആല്ഫ്രെഡ്‌ ഹിച്ച്കോക്ക് സിനിമകള്‍ എന്നും പ്രോത്സാഹിപ്പിച്ചു.സ്വന്തമായി ക്രൈം സിനിമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഘടന ഒരു chemist നെ പോലെ ആവശ്യമുള്ള സ്ഥലത്ത് ആവശ്യമായ തോതില്‍ അദ്ദേഹം നല്‍ക്കി അവതരിപ്പിച്ചു.ഒരു സംശയം തോന്നാം എന്ത് കൊണ്ടാണ് ഒരു കൊറിയന്‍ സിനിമയ്ക്ക് ആല്ഫ്രെഡ്‌ ഹിച്ച്കോക്ക് മുഖവുര ആയി വന്നതെന്ന്.അത് വ്യക്തമാക്കിയാല്‍ ഒരു പക്ഷെ ഈ കൊറിയന്‍ ചിത്രം കാണുന്നതില്‍ ഒരു രസച്ചരട് നഷ്ടമാകാന്‍ സാധ്യതയുണ്ട്.


   സമാനമായ പ്രമേയത്തില്‍ വരുന്ന കൊറിയന്‍ സിനിമകളുടെ മൂഡില്‍ അവതരിപ്പിക്കാതെ രസകരമായ,എന്നാല്‍ പ്രമേയത്തിന്റെ ഗൌരവം ഒട്ടും ചോരാതെ ആണ് The Accidental Detective അവതരിപ്പിച്ചിരിക്കുന്നത്.ഭര്‍ത്താവും സുഹൃത്തും മദ്യപിച്ച് ആവീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു ആദ്യ കൊലപാതകം നടന്നത്.ഡേ-മാന്‍ അന്ന് രാത്രി സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ ജൂന്‍ സൂവിനോട് ഒപ്പം മദ്യപിച്ചിട്ടു മറ്റൊരു സുഹൃത്തിന്‍റെ അടുക്കല്‍ ചെന്ന അന്ന് ആണ് സംഭവം നടക്കുന്നത്.

  ഡേ-മാന്‍ ഒരു കോമിക് കട നടത്തുന്നു.അയാള്‍ക്ക്‌ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അത് നടക്കുന്നില്ല.കുടുംബവും ആയി  മുന്നോട്ടു പോകുന്ന അയാള്‍ സ്വയം ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്‍ ആയി അവരോധിച്ച് കൊണ്ട് ഓണ്‍ലൈനില്‍ ഉള്ള ഫോറമുകളില്‍ കേസ് അന്വേഷണം നടത്തുന്നത് ഹോബി ആക്കിയിരിക്കുന്നു.കൊലപാതകം നടന്ന വീട്ടില്‍ രാവിലെ ആണ് ഡേ മാന്‍ തന്‍റെ സുഹൃത്തിന്റെ ഭാര്യ കൊല്ലപ്പെട്ടതായി മനസ്സിലാക്കുന്നത്.

 കേസില്‍ തോന്നിയ കൌതുകം കാരണം അയാളും കൂടെ കൂടുന്നു.എന്നാല്‍ അപ്രതീക്ഷിതം ആയി ജൂന്‍ സൂ ആണ് കൊലപാതകി എന്ന രീതിയില്‍ തെളിവുകള്‍ വരുന്നു.എന്നാല്‍ തന്‍റെ സുഹൃത്ത്‌ അല്ല കൊലപാതകി എന്ന വിശ്വാസത്തില്‍ ഡേ മാന്‍ കേസന്വേഷണം ആരംഭിക്കുന്നു.അതും,എന്നും അയാളുടെ കഴിവില്‍ സംശയം പ്രകടിപ്പിക്കുന്ന മറ്റൊരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ ഡിട്ടക്ട്ടീവ് നോ യുടെ ഒപ്പം.

  ഷെര്‍ലോക്ക് ഹോംസിന്റെ രീതി അവലംബിക്കാന്‍ ഡേ മാന്‍ ശ്രമിക്കുമ്പോള്‍ അതിലെ അപ്രായോഗികതയില്‍ ഊന്നല്‍ കൊടുക്കാന്‍ ആണ് നോ ശ്രമിക്കുന്നത്.രണ്ടു പേര്‍ക്കും താല്‍പ്പര്യമുള്ള സുഹൃത്താണ് ചെയ്യാത്ത കുറ്റം എന്ന് വിചാരിക്കുന്ന കേസില്‍ ജയിലില്‍ കിടക്കുന്നത്.അവര്‍ അവരുടെ ജോലി തുടങ്ങി.എന്നാല്‍ അവരെ കാത്തിരുന്നത് ദുരൂഹമായ സംഭവങ്ങള്‍ ആയിരുന്നു.സാധാരണ കൊലപാതകികള്‍ ചിന്തിക്കുന്നതിനും അപ്പുറം ഉള്ളത്.ഇവിടെ ആണ് ആദ്യം പറഞ്ഞ ഹിച്ച്കോക്കിയന്‍ ഘടകം കടന്നു വരുന്നത്.

ഒരു ക്രൈം സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള ഗൌരവകരമായ അവതരണ രീതി ഉപേക്ഷിച്ച് കൂടുതല്‍ ജനകീയമായ,ഭൂരിപക്ഷ ആസ്വധകര്‍ക്ക് കൂടി ഇഷ്ടമാകുന്ന രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.എന്തായാലും കഥയുടെ അവസാന ഭാഗങ്ങള്‍ അവിശ്വസനീയം ആയി തോന്നാം.പരിചിതം അല്ലാത്ത രീതി ആയവര്‍ക്ക് പ്രത്യേകിച്ചും.എന്നാല്‍ ഇതേ പ്രമേയത്തില്‍ ഉള്ള മറ്റു ചിത്രം കണ്ടവര്‍ക്ക് പുതുമയേറിയ ആസ്വാദനം ആണ് The Accidental Detective നല്‍കുന്നത്.


More movie suggestions @www.movieholicviews.blogspot.ca 

Wednesday, 12 July 2017

765.BADSHAHI ANGTI(BENGALI,2014)

765.BADSHAHI ANGTI(BENGALI,2014),|Mystery|Thriller|,Dir:-Sandip Ray,*ing:- Abir Chatterjee, Sourav Das, Paran Banerjee .


   പ്രദോഷ് സി മിത്തര്‍ എന്ന പ്രശസ്തനായ ഫിക്ഷന്‍ കഥാപാത്രത്തെ രൂപപ്പെടുത്തിയ സത്യജിത് റേ ബാല മാസിക ആയ സന്ദേശിലൂടെ നല്‍കിയ പ്രശസ്തി പിന്നീട് രണ്ടു സിനിമകളിലൂടെയും ഒട്ടനവധി നാടകങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക്‌ പരിചിതനായി മാറി.എന്നാല്‍ അദ്ദേഹത്തിന്റെ മകനായ സന്ദീപ്‌ റേ ഈ കഥാപാത്രത്തെ ഒരു ഫ്രാഞ്ചൈസീ ആക്കി മാറ്റി കൂടുതല്‍ ചിത്രങ്ങള്‍ അവതരിപ്പിച്ചു.പഴയക്കാല വായനയുടെ നോസ്റ്റാള്‍ജിയയും പഴമയുടെ മണവും ഉള്ള ,എന്നാല്‍ ആധുനിക ലോകത്ത് നടക്കുന്ന കുറ്റാന്വേഷണ സിനിമകളായി.

   Royal Bengal Rahasya യ്ക്ക് ശേഷം മുഖ്യ കഥാപാത്രങ്ങളെ എല്ലാം മാറ്റി ഒരു reboot ആയിരുന്നു സന്ദീപ്‌ ഉദ്ദേശിച്ചത്.എന്നാല്‍ പുതിയ Feluda ആയി വന്ന അബീര്‍ ചാട്ടര്‍ജീയുടെയും സന്ദീപിന്റെയും ചില താല്‍പ്പര്യങ്ങള്‍ അതിന്റെ ഇടയില്‍ കയറി വന്നതോടെ ഒറ്റ സിനിമ മാത്രമായി reboot അവസാനിച്ചു.വളരെ ചെറുപ്പക്കാരന്‍ ആയ ഫെലൂദയെ ആണ് ഈ ചിത്രത്തില്‍ കാണാന്‍ ആവുക.കുറ്റാന്വേഷണത്തില്‍ താല്‍പ്പര്യം തുടങ്ങിയ സമയം.തപേഷ് ഒപ്പം ഉണ്ട്.ജടായൂ ഈ കൂട്ടുക്കെട്ടില്‍ കയറുന്നതിനു മുന്‍പ് ഉള്ള കഥ.

  സത്യജിത് റേയുടെ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഇത്തവണ "ഇന്ത്യന്‍ ഷെര്‍ലോക്ക് ഹോംസിനെ "അവതരിപ്പിച്ചിരിക്കുന്നത്.ബാങ്ക് ഉദ്യോഗസ്ഥന്‍ ആണ് ഫെലൂദ ഇപ്പോള്‍.ലക്നവിലേക്ക് തപേഷിന്റെ അച്ഛനും താപെശിനും ഒപ്പം വന്ന ഫെലൂദ ,തപേഷിന്റെ പിതാവിന്റെ സുഹൃത്തായ സന്യാലിന്റെ ഒപ്പം ആണ് താമസം.പതിവ് പോലെ തന്‍റെ കഴിവിനെ കുറിച്ചുള്ള സംശയങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മാറ്റിയ ഫെലൂദ ഇത്തവണ കാണാതായ ഒരു രത്ന മോതിരത്തിന്റെ പിന്നാലെയാണ്.


  സന്യാലിന്റെ സുഹൃത്തായ ഡോ.ശ്രീവാസ്തവയ്ക്ക് പ്രിയലാല്‍ സേത്ത് തന്‍റെ മരണത്തിനു കുറച്ചു നാളുകള്‍ക്കു മുന്‍പ് സമ്മാനം നല്‍കിയതാണ് മൂന്നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഔറംഗസീബ്‌ ചക്രവര്‍ത്തി അണിഞ്ഞിരുന്നു എന്ന് വിശ്വസിക്കുന്ന ആ മോതിരം.എന്നാല്‍ ഡോക്റ്ററുടെ വീട്ടില്‍ തലേ ദിവസം നടന്ന മോഷണ ശ്രമം ആ മോതിരത്തിന് വേണ്ടി ആണെന്ന് അദ്ദേഹം സംശയിക്കുകയും അത് സന്യാലിനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ അടുത്ത ദിവസം തന്നെ ആ മോതിരം വിചിത്രമായ രീതിയില്‍ മോഷണം പോകുന്നു.ആരാണ് ആ മോതിരം മോഷ്ടിച്ചത്?ആ മോതിരത്തിന്റെ അടുത്ത കാലത്തുള്ള രഹസ്യം കൂടി കണ്ടെത്തണം.ആ കണ്ടെത്തല്‍ കൂടി ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.


  പഴയ ,വര്‍ണത്തില്‍ ചാലിക്കാത്ത ബാലരമ,പൂമ്പാറ്റ എന്നിവയുടെ കാലത്തിലേക്ക് വീണ്ടും ഒരു മടങ്ങി പോക്ക്.ഒരു ചിത്രക്കഥ വായിക്കുന്ന താല്‍പ്പര്യത്തോടെ ചിത്രത്തിലെ സംഭവങ്ങള്‍ മുന്നോട്ടു പോകുന്നു.ലക്നവിന്‍റെ ചരിത്രത്തിലേക്കും അവിടത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും അവയുടെ ഭംഗിയും ഒക്കെ കണ്ടു ഉള്ള ഒരു യാത്രയാണ് ഈ ചിത്രം അന്വേഷണത്തിന്റെ വഴിയിലൂടെ.ഒരു കുറ്റാന്വേഷണ ചിത്രക്കഥയില്‍ വായനക്കാര്‍ക്ക് വേണ്ടത്ര രസിപ്പിക്കാന്‍ ആകുന്നതും മനസ്സിലാകുന്നതുമായ അന്വേഷണ വഴികളിലൂടെ ചിത്രം അവതരിപ്പിക്കുന്നു.


   മാറിയ ഇന്ത്യയുടെ പട്ടണങ്ങളുടെ മറ്റൊരു തരത്തില്‍ ഉള്ള സൗന്ദര്യം ആണ് ചിത്രത്തില്‍ ഏറെയും അവതരിപ്പിക്കുന്നത്‌.വളരെ ലളിതമായി,ബഹങ്ങളുടെ അകമ്പടി ഇല്ലാതെ മനസ് കൊണ്ട് ഇഷ്ടപ്പെട്ടു പോകുന്ന അവതരണ രീതി ആണ് ഈ ചിത്രത്തിനും ഉള്ളത് ,മുന്‍ സന്ദീപ്‌ റേ ചിത്രങ്ങള്‍ പോലെ തന്നെ.അന്വേഷണ കുതുകിയായ ഒരു ബാല്യക്കാലം അല്‍പ്പം എങ്കിലും അവശേഷിക്കുന്നവരില്‍ ഓര്‍മയുടെ ശേഷിപ്പുകള്‍ ആകും ചിത്രം നല്‍കുക.


More movie suggestions @www.movieholicviews.blogspot.ca

764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985)

764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985),|Mystery|Crime|,Dir:- K.N. Sasidharan,*ing:-Gopi, Jayabharati, Mammootty.

കുറ്റാന്വേഷണ സിനിമകൾ സ്ഥിരമായി പിന്തുടരുന്ന ഒരു ഫോർമാറ്റ് ഉണ്ട്.കഥാപാത്രങ്ങളെ കുറിച്ചുള്ള ആമുഖം സിനിമയുടെ കഥയുമായി അധികം ബന്ധമില്ലാത്ത സന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുക.പ്രത്യേകിച്ചും അന്വേഷണം നടത്തുന്ന ആളുകളുടെ സ്വഭാവം വരച്ചു കാട്ടുന്ന രീതിയിൽ.

  എന്നാൽ ഇതൊന്നും ഇല്ലാതെ അവതരിപ്പിക്കാൻ ഉദ്ദേശിച്ച കഥ ആദ്യ സീൻ മുതൽ പറഞ്ഞു തുടങ്ങുന്ന ചിത്രമാണ് 'കാണാതായ പെണ്കുട്ടി'.ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ചും സ്ഥിരമായി ഉപയോഗിക്കുന്ന formula യിൽ നിന്നും വ്യതിചലിച്ച ,കാലത്തിനു മുൻപ് സഞ്ചരിച്ച ചിത്രം എന്നു വിശേഷിപ്പിക്കാം എന്നു തോന്നുന്നു ഇതിന്റെ അവതരണ രീതി.

  സ്ക്കൂളിൽ നിന്നും ടൂർ പോകുന്ന പതിനഞ്ചു വയസുള്ള പെണ്കുട്ടിയെ കാണാതാകുന്നു.ടൂറിന് പോകുന്ന വഴി ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചുവെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ട പെണ്കുട്ടി സ്ക്കൂളിൽ നിന്നും വീട്ടിലേക്കു പോയി എന്നാണ് അധ്യാപകരും സുഹൃത്തുക്കളുടെയും ഭാഷ്യം.എന്നാൽ മകൾ വീട്ടിലേക്കു വന്നിട്ടില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്.

  ഈ കേസിന്റെ അന്വേഷണം ആദ്യം പെണ്കുട്ടിയുടെ പ്രായം കാരണം ആരുടെയെങ്കിലും കൂടെ പോയതായിരിക്കും എന്ന അഭിപ്രായം വന്നു കഴിയുമ്പോൾ ആണ് റെയിൽവേ ട്രാക്കിൽ അടുത്തു ഒരു ശവ ശരീരം കാണപ്പെട്ടു എന്ന വാർത്ത വരുന്നത്.അതവൾ ആയിരുന്നു. "കാണാതായ പെണ്കുട്ടി".അവൾക്കു അന്ന് എന്താണ് സംഭവിച്ചത്?എങ്ങനെ ആണവൾ കൊല്ലപ്പെട്ടത്?സ്ക്കൂളിൽ നിന്നും വീട്ടിലേക്കു പോയ വഴിയിൽ എന്താണ് അവൾക്കു സംഭവിച്ചത്?തെളിവുകൾ അധികം ഇല്ലാതിരുന്ന ഈ മരണം കൊലപാതകം ആണോ അതോ മറ്റെന്തെങ്കിലും? കൂടുതൽ അറിയാൻ ചിത്രം കാണുക.

  അക്കാലത്തെ നല്ലൊരു താര നിര തന്നെ ഉണ്ടായിരുന്നു ചിത്രത്തിൽ.ഭരത് ഗോപി,ജയഭാരതി,തിലകൻ തുടങ്ങി തുടക്കക്കാരൻ ആയ മമ്മൂട്ടി വരെ നീളുന്ന നിര.എന്നാൽ ശ്രീരാമൻ,രാമചന്ദ്രൻ തുടങ്ങിയവർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.തികച്ചും കഥയ്ക്ക് മാത്രം പ്രാമുഖ്യം കൊടുത്തു കൊണ്ടു ഒരു കുറ്റാന്വേഷണ സിനിമ ഇക്കാലത്തു പോലും എത്ര മാത്രം പ്രായോഗികം ആണ് എന്നതു ഓർക്കുക.

  എന്തായാലും അധികം ഗിമിക്കുകൾ,നായക പ്രശംസകൾ ഒന്നുമില്ലാതെ ഒരു ചെറിയ ഗ്രാമത്തിൽ ലഭ്യമായ അന്വേഷണ സൗകര്യങ്ങൾ ഉപയോഗിച്ചു എടുത്ത നല്ലൊരു കുറ്റാന്വേഷണ ചിത്രമായി തോന്നി കെ എൻ ശശിധരൻ സംവിധാനം ചെയ്ത ബാബു മാത്യു രചന നിർവഹിച്ച ഈ കൊച്ചു ചിത്രം.

More movie suggestions @www.movieholicviews.blogpot.ca

Tuesday, 11 July 2017

763.13B:FEAR HAS A NEW ADDRESS(HINDI,2009)

763.13B:FEAR HAS A NEW ADDRESS(HINDI,2009),|Horror|Thriller|Mystery|,Dir:-Vikram K. Kumar,*ing:-Madhavan, Neetu Chandra, Poonam Dhillon.


    ടെലിവിഷന്‍ ഒരു ആര്‍ഭാടം എന്ന നിലയില്‍ നിന്നും മാറി എല്ലാ വീട്ടിലും സാധാരണയായി കാണുന്ന വസ്തുവായി മാറിയിട്ട് കാലം ഏറെ ആയി.ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം തുടങ്ങിയതോട് കൂടി ഇന്ത്യയിലെ ഓരോ വീടിന്റെയും ഭാഗമായി മാറിയ ടി വി പിന്നീട് വന്ന കേബിള്‍ കണക്ഷനിലൂടെ കൂടുതല്‍ ജനകീയമായി മാറി.ദൂരദര്‍ശന്റെ ഏകാധിപത്യം അവസാനിച്ചതിന് ശേഷം ഉള്ള ലോകത്തില്‍ നിന്നും ഏറെ മാറി ആണ് ഇപ്പോള്‍ ടെലിവിഷന്‍ ഉള്ളത്.സാദ്ധ്യതകള്‍ ഏറെ ഉള്ള ഒരു ഇലക്ട്രോണിക് ഉപകരണം ആയി മാറി അതിന്റെ ഓരോ പടവുകളിലും.

  13B (യാവരും നലം :തമിഴ്) അവതരിപ്പിച്ചത് ടെലിവിഷന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു ഹൊറര്‍ സിനിമ ആയാണ്.ഹൊറര്‍ പരമ്പരയായ Ring ല്‍ ടെലിവിഷന്‍ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ ഉള്ള ശ്രമം വിജയകരമായി നടന്നിരുന്നു.അതില്‍ നിന്നും മാറി ചിന്തിച്ചുള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിന് ഉള്ളത്.


  മനോഹറും കുടുംബവും പുതുതായി താമസം മാറി വന്നതാണ് ആ സ്ഥലത്തേക്ക്.ജിവിതത്തില്‍ ഇനി സമ്പാദിക്കുന്ന പണം മുഴുവനും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തിലേക്ക് ചിലവഴിക്കാന്‍ ജ്യേഷ്ഠനും ആയി തീരുമാനിച്ചതിന്റെ ഫലം ആണ് 13 ആം നിലയില്‍ ഉള്ള ആ അപാര്ട്ട്മെന്റ്റ്.ആര്‍ക്കും അസൂയ തോന്നി പോകുന്നത്ര ഐക്യം ഉള്ള കുടുംബാംഗങ്ങള്‍,സമൂഹത്തില്‍ മാന്യത ഉള്ള ജോലി,ചുറ്റുപാടുകള്‍.ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച് എല്ലാം ആയി എന്ന് പറയാവുന്ന സ്ഥിതി വിശേഷം.

   സാധാരണ ഇന്ത്യന്‍ വീടുകളിലെ പോലെ അവിടത്തെ സ്ത്രീകളും സീരിയലുകളുടെ ആരാധകര്‍ ആയിരുന്നു.The Great Indian Soaps ന്‍റെ ആരാധകര്‍ ആയ അവരുടെ അടുക്കലേക്കു ആണ് ആ പുതിയ ചാനല്‍ വരുന്നത്.ഉച്ചയ്ക്ക് ഒരു മണിക്ക് പതിമൂന്നാം ചാനലില്‍ അവര്‍ ആ സീരിയല്‍ കാണാന്‍ തുടങ്ങി.Sab Khairiyat എന്ന ആ സീരിയലിനു രണ്ടു പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

1.ആ സീരിയല്‍ അവരുടെ ടി വിയില്‍ മാത്രം ആയിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്.
2.ആ സീരിയലില്‍ അവതരിപ്പിക്കുന്ന കഥ. (?)

  എന്തായിരുന്നു ആ സീരിയലിന്റെ കഥ?ഒരു ഹൊറര്‍ ചിത്രം ആയി ഈ ചിത്രം എങ്ങനെ മാറുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കാരണം സിനിമയുടെ ആരംഭം മുതല്‍ അതില്‍ കാത്തു സൂക്ഷിച്ച മൂഡ്‌ ഒരു കുടുംബ ചിത്രം എന്ന നിലയില്‍ ആയിരുന്നു ഭൂരിഭാഗവും.

  ഇന്ത്യന്‍ കുടുംബങ്ങളിലെ ആദ്യ കാഴ്ച്ചയുടെ ശീലങ്ങള്‍ മുതല്‍ വര്‍ത്തമാന കാലം വരെ ഉള്ള കാഴ്ച്ചയുടെ വ്യത്യാസങ്ങള്‍ സൂക്ഷ്മമായി ചിത്രത്തില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.ഒപ്പം ചിത്രം പറയുന്ന കഥ ഹൊറര്‍ ആണെങ്കിലും ആവശ്യത്തിനു മിസ്റ്ററി/സസ്പന്‍സ് elements കൂടി ചേര്‍ത്താണ് അവതരിപ്പിച്ചത്.

 കണ്ടു മടുത്ത,കേട്ട് പഴകിയ ഇന്ത്യന്‍ ഹൊറര്‍ സിനിമകളില്‍ നിന്നും ഒരു ആശ്വാസം ആയിരുന്നു ഈ ചിത്രം.പ്രമേയത്തിലെ പുതുമയും പ്രേക്ഷകനില്‍ തങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് ഒരു ഹൊറര്‍ ചിത്രം ആണ് എന്ന് തോന്നിപ്പിക്കാന്‍ അധികം ഗ്രാഫിക്കല്‍ ഗിമിക്കുകള്‍ ഉപയോഗിക്കാതെ സാഹചര്യങ്ങളിലൂടെ (ലിഫ്റ്റ്,മൊബൈല്‍ ക്യാമറ....തുടങ്ങിയവയിലൂടെ) സൂചനകള്‍ നല്‍കിയാണ്‌ അവതരിപ്പിച്ചത്.

  ഇന്ത്യന്‍ ഹൊറര്‍ സിനിമകളിലെ നല്ല ഹൊറര്‍ ചിത്രങ്ങളില്‍ എന്നും 13B ഉണ്ടാകും.കാരണം ചിത്രം ചെറിയ രീതിയില്‍ സാമ്പ്രദായികമായ അച്ചില്‍ നിന്നും ഉള്ള മാറ്റത്തിന് ശ്രമിച്ചു എന്നത് തന്നെ.ചിത്രത്തിന്റെ അവസാനം ചെറിയ ട്വിസ്ട്ടുകളിലൂടെ അവസാനിക്കുമ്പോള്‍ അധികം മോശമല്ലാത്ത ഈ genre ല്‍ ഉള്ള ചിത്രം കണ്ട സംതൃപ്തി ഉണ്ടാകും.

More movie suggestions @www.movieholicviews.blogspot.ca

762.ROYAL BENGAL RAHASYA(BENGALI,2011)


762.ROYAL BENGAL RAHASYA(BENGALI,2011),|Mystery|Thriller|,Dir:-Sandip Ray,*ing:-Sabyasachi Chakraborty, Saheb Bhattacharjee, Bibhu Bhattacharya



"Old man in the hollow of people's tree.
Five times a dozen,less 2 and 3.
Face the rising sun,and walk the left point.
Where Arjuna waits with his palms joint.
Amidst them,search a thing.
Make a dind to stagger,even a King".


    പ്രദോഷ് സി മിതർ അഥവാ Feluda എന്ന സത്യജിത് റേയുടെ ഫിക്ഷൻ കഥാപാത്രമായ കുറ്റാന്വേഷകൻ, മഹിതോഷ് സിംഗ റോയ് എന്ന ധനികന്റെ ക്ഷണപ്രകാരം ഭൂട്ടാൻ അതിർത്തിയിൽ ഉള്ള ആ ഗ്രാമത്തിൽ എത്തിയപ്പോൾ കൊടുത്ത സമസ്യ ആണ്.Royal Bengal Rahasya സംവിധാനം ചെയ്തത് സന്ദീപ് റേ ആണ് .സത്യജിത് റേയുടെ ഒരേ ഒരു മകൻ.

   സത്യജിത് റേ രൂപം കൊടുത്ത "ഷെർലോക് ഹോംസ്" എന്നു വിളിക്കാം പ്രദോഷ് എന്ന കഥാപാത്രത്തെ.സന്ദേശ് എന്ന കുട്ടികളുടെ മാസികയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ കഥാപാത്രം പിന്നീട് ഒട്ടേറെ സിനിമകളിലൂടെയും നാടകങ്ങളിലൂടെയും പ്രേക്ഷകന്റെ മുന്നിൽ എത്തി.Sonar Kella,Baba Felunath എന്നീ സിനിമകൾ സത്യജിത് റേ നേരിട്ട് സംവിധാനം ചെയ്യുകയും പിന്നീട് സന്ദീപ് റേ അതൊരു ഫ്രാഞ്ചൈസി ആക്കി മാറ്റുകയും ആണ് ഉണ്ടായായത്‌.

 ഹോംസിന് വാട്സൻ എന്ന പോലെ പ്രദോഷിന് ബന്ധുവായ തപേഷ് ഉണ്ടായിരുന്നു.ഒപ്പം പിന്നീട് അവതരിപ്പിച്ച ജടായൂ എന്ന എഴുത്തുകാരനും.

21 Rajani Sen Road,
Ballygunge ,Kolkata എന്ന മേൽവിലാസം തന്റെ കഥാപാത്രത്തിന് റേ നൽകുകയുണ്ടായി. (221ബി ബേക്കർ സ്ട്രീറ്റ് പോലെ).ബംഗാളി സിനിമ പരമ്പരയിൽ Feluda കഥാപാത്രത്തെ അവതരിപ്പിച്ച ഏഴാമത്തെ ചിത്രം ആണ് Royal Bengal Rahasya.


   മനുഷ്യഭോജികൾ ആയ കടുവകൾ ഉള്ള കാടിനു അടുത്തായിരുന്നു ആ വലിയ ബംഗ്ളാവ്.ദുരൂഹതകളും ചരിത്രവും ഉറങ്ങുന്ന അവിടെ മഹിതോഷ്,അയാളുടെ സെക്രട്ടറി ആയ താരിത്,സുഹൃത്തായ ശശാങ്ക,പിന്നെ മഹിതോഷിന്റെ സഹോദരൻ എന്നിവർ ആണ് ഉണ്ടായിരുന്നത് മറ്റു ജോലിക്കാരോടൊപ്പം.

  തന്റെ പൂർവികരുടെ വീര കഥകൾ പറയാൻ ആഗ്രഹിക്കുന്ന മഹിതോഷ് തന്റെ കുടുംബ ചരിത്രം എഴുതാൻ ഉള്ള ശ്രമത്തിൽ ആണ്.താരിത് ആണ് അതിനു സഹായിക്കുന്നത്.

പ്രദോഷിന് തന്റെ മുത്തച്ഛൻ എഴുതി വച്ച സമസ്യ കണ്ടു പിടിക്കാൻ അയാൾ 6 ദിവസം ആണ് നൽകിയിരിക്കുന്നത്.പ്രദോഷിന് വളരെ കൗതുകം തോന്നി ആ സമസ്യയിൽ.അദ്ദേഹം അതിനു പുറകെ പോകുമ്പോൾ ആണ് എന്ന് രാത്രി അവിടെ അതു സംഭവിച്ചത്.താരിത് ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.പോലീസ് അയാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആണെന്ന് വിധിയെഴുതാൻ പോകുമ്പോൾ ആണ് പ്രദോഷ് അസാധാരണമായ ഒന്നു അവിടെ കണ്ടെത്തുന്നത്.

സമസ്യയുടെ ഉത്തരം കണ്ടെത്താൻ വന്ന പ്രദോഷ് അങ്ങനെ മറ്റൊരു സാഹസികതയിൽ കൂടി പങ്കാളിയാകുന്നു.ആ സാഹസികതയുടെ കഥ ആണ് Royal Bengal Tiger അവതരിപ്പിക്കുന്നത്.താരിത് എങ്ങനെ ആണ് കൊല്ലപ്പെടുന്നത്?ആ വലിയ ബംഗ്ളാവിനെ ചൂഴ്ന്നു നിൽക്കുന്ന രഹസ്യം എന്താണ്?എന്തായിരുന്നു പ്രദോഷിന് ഉത്തരം കണ്ടെത്തേണ്ട സമസ്യയുടെ രഹസ്യം?കൂടുതൽ അറിയാൻ ചിത്രം കാണുക.

  ചിത്രം കാണുമ്പോൾ മനസ്സിൽ വന്നത് പണ്ട് തൊണ്ണൂറുകളിൽ ബാലരമ,പൂമ്പാറ്റ തുടങ്ങിയവയിൽ ഒക്കെ വായിക്കുമ്പോൾ ലഭിക്കുന്ന അക്കാലത്തെ ഇന്നത്തെ നിറങ്ങൾ ഇല്ലാത്ത കഥാപാത്രങ്ങളുടെ അവതരണ ശൈലി ആയിരുന്നു.കഥ ഇന്നത്തെ സാഹചര്യങ്ങളിലേക്കു മാറ്റിയെങ്കിലും കഥാവതരണം ഏറെ പുറകിൽ ഉള്ള അന്നത്തെ വായനയുടെ ഓർമകളിലേക്ക് കൊണ്ടു പോയി.

 ഒരു കുറ്റാന്വേഷകന്റെ സ്ഥായിയായ നിരീക്ഷണ പാടവവും സാമർത്ഥ്യവും ഒരു പോലെ യോജിപ്പിച്ച കഥാപാത്ര സൃഷ്ടി പ്രേക്ഷകനിൽ കൂടുതൽ താൽപ്പര്യം ഉണ്ടാക്കും.പഴയ കാലത്തിന്റെ രഹസ്യങ്ങളും ചരിത്രവും ഒരു മുത്തശ്ശി കഥ പോലെ ലാളിത്യത്തോടെ അവതരിപ്പിക്കുകയും അതു സിനിമ എന്ന മീഡിയ വഴി ഇന്നത്തെ പ്രേക്ഷകനിലും കഥാപാത്രങ്ങളിലൂടെ ആ കാലം ഒക്കെ അവതരിപ്പിക്കുന്നത് തീർത്തും പ്രശംസനീയം ആണ്.

  ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങൾ,പുസ്തകങ്ങൾ എന്നിവ ഒരു പക്ഷെ വന്നത് ബംഗാളിയിൽ നിന്നും ആകാം.അതു കൊണ്ടു തന്നെയാകാം ഒരു കാലത്തിന്റെ ഓർമകൾ വീണ്ടും തിരികെ നൽകാൻ ഇത്തരം ചിത്രങ്ങൾക്ക് കഴിയുന്നതും.മികച്ച എഴുത്തുകാരുടെ സാന്നിധ്യം ആയിരിക്കും ഇതിനു കാരണം.ഒരു സിനിമ എന്ന നിലയിൽ ഒരു ഇന്ത്യൻ കുറ്റാന്വേഷണ നോവൽ വായിക്കുന്ന സുഖത്തിൽ കാണാം ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

Monday, 10 July 2017

761.HOUSE OF THE DISAPPEARED(KOREAN,2017)

761.HOUSE OF THE DISAPPEARED(KOREAN,2017),|Thriller|Mystery|Fantasy|,Dir:-Dae-wung Lim,*ing:-Do-bin Baek, Jae-yoon Jo, Yunjin Kim.



   താന്‍ ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ള കുറ്റത്തിന് ഉത്തരവാദിത്തം തന്നില്‍ നിക്ഷേപിച്ച് ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുന്ന 'പ്രതിയുടെ' അവസ്ഥ എന്താകും?പക്ഷേ കുറ്റ കൃത്യം നടന്ന പരിസരങ്ങളില്‍ തെളിവായി ആ 'പ്രതിയുടെ' അടയാളങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു എങ്കില്‍ ലഭ്യമായ തെളിവുകളുടെ,അതും വ്യക്തമായ തെളിവുകള്‍ ലഭ്യമായ നീതിന്യായ വ്യവസ്ഥയില്‍ ഒരാളെ കുറ്റവാളി ആയി മാത്രമേ പരിഗണിക്കൂ.

  അത്തരം ഒരു അവസ്ഥയിലൂടെ ആണ് ആ സ്ത്രീ കടന്നു പോകുന്നത്.ജീവിതത്തില്‍ ഒന്നൊഴിയാതെ അവരെ ദുരന്തങ്ങള്‍ പിന്തുടരുന്നു.അവസാനം നടന്നത് അന്ന് രാത്രി നടന്ന ആ കൊലപാതകവും തിരോധാനവും ആണ്.കൊല്ലപ്പെട്ടത് മി ഹീ എന്ന യുവതിയുടെ ഭര്‍ത്താവ്.ദുരൂഹമായി അപ്രത്യക്ഷനായത് അവരുടെ മകനും.ഭര്‍ത്താവിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയിലും എല്ലാം അവശേഷിച്ചത് അവരുടെ വിരല്‍പ്പാടുകള്‍ മാത്രം.

 ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ ശിക്ഷ അവസാനിച്ച അവര്‍ വീണ്ടും ആ പഴയ വീട്ടില്‍ വരുന്നു.വിവാഹം കഴിഞ്ഞ സമയത്ത് അവര്‍ക്ക് താമസിക്കാനായി തുച്ഛമായ വിലയ്ക്ക് വാങ്ങിച്ച ആ വീട്ടിലേക്കു.അവര്‍ അന്ന് രാത്രി നടന്ന സംഭവങ്ങളെ കുറിച്ച് പറയുന്നത് കേട്ടാല്‍ ആരും വിശ്വസിക്കില്ല.പ്രത്യേകിച്ചും വാതിലിനപ്പുറം ഉള്ള അടയ്ക്കപ്പെട്ട ചുമരിലൂടെ അപ്രത്യക്ഷന്‍ ആയ മകനെ കുറിച്ച്.അവരുടെ തിരിച്ചു വരവില്‍ അവര്‍ക്ക് ഒരു വിശ്വാസം ഉണ്ട്.കാണാതായ മകനെ കണ്ടെത്തും എന്ന് ഒരു വിശ്വാസം.വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു.അവര്‍ വൃദ്ധയായി .എങ്കിലും അവരില്‍ പ്രതീക്ഷകളുടെ ഒരു വലിയ വെളിച്ചം ഒപ്പം ഉണ്ട് അതിനോടൊപ്പം ഭയവും.അജ്ഞാതനായ ആ ശക്തിയെ കുറിച്ചുള്ള ഭയം.


  മി ഹൂ അവരെ ഇത്രയും കാലം വിഷമിപ്പിച്ച സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തുമോ?അന്ന് രാത്രി എന്താണ് സംഭവിച്ചത്?മി ഹൂവിന്റെ ഭാഷ്യത്തില്‍ ഉള്ള സംഭവ വിവരണത്തില്‍ അതിശയോക്തിയുടെ അപ്പുറം ഉള്ള യാഥാര്‍ത്ഥ്യം എന്തെങ്കിലും ഉണ്ടായിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   വളരെയധികം പ്രേക്ഷകനെ കുഴപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രമാണ്‌ House of the Disappeared.ഒരു ഹൊറര്‍ ചിത്രമെന്ന പൂര്‍ണ ബോധ്യത്തിലേക്ക് കഥ മാറുമ്പോള്‍ ആണ് കൗതുകകരമായ ആ ട്വിസ്റ്റ് ഉണ്ടാകുന്നത്.സമയത്തില്‍ അകപ്പെട്ടു മുന്നോട്ടു പോകാതെ അവശേഷിക്കുന്നവര്‍.ആ ഭാഗത്തിലേക്ക് വരുമ്പോള്‍ ചിത്രം ആദ്യം സഞ്ചരിക്കും എന്ന് കരുതിയ ഹൊറര്‍ എന്ന ചട്ടക്കൂട്ടില്‍ നിന്നും വളരെ ഫ്രഷ് ആയ ഒരു പ്രമേയത്തിലേക്ക്  നീങ്ങുന്നു.പ്രശസ്തമായ പല സിനിമകളിലും ഉപയോഗിച്ചിട്ടുള്ള ഈ രീതി എന്നാല്‍ മേല്‍പ്പറഞ്ഞ കഥയുമായി യോജിക്കുമ്പോള്‍ മികച്ച ഒന്നായി മാറുന്നുണ്ട്.അതാണ്‌ പുതുമ എന്ന് ഉദ്ദേശിച്ചതും.ഒപ്പം ആദ്യം പ്രതീക്ഷിച്ച ഹൊറര്‍ സിനിമയേക്കാളും ഭീതിദമായ ഒരു അന്തരീക്ഷത്തിലേക്ക്.പ്രത്യേകിച്ചും ക്ലൈമാക്സ്‌ ഒക്കെ പ്രേക്ഷകനില്‍ വിഷമവും സൃഷ്ടിക്കുന്നു.കൊറിയന്‍ സിനിമയിലെ മിസ്റ്ററി എന്ന ഘടകം താല്‍പ്പര്യമുള്ള പ്രേക്ഷകര്‍ക്ക്‌ ചിത്രം ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.

  The House at the End of Time എന്ന Venezuelan  ചിത്രത്തില്‍ നിന്നും ഉള്ള പ്രചോദനം ഈ ചിത്രത്തിനുണ്ട്.


More movie suggestions @www.movieholicviews.blogspot.ca

Saturday, 8 July 2017

760.THE INVISIBLE GUEST(SPANISH,2016)




760.THE INVISIBLE GUEST(SPANISH,2016),|Crime|Mystery|Thriller|,Dir:-Oriol Paulo,*ing:-Mario Casas, Ana Wagener, José Coronado .


വക്കീലിനോടും ഡോക്ക്റ്ററോടും കള്ളം പറയരുത് എന്നു എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.രണ്ടു പേരുടെയും സേവനം ആവശ്യമായ ആൾ ഒരു പക്ഷെ നേരിടുന്നത് ജീവിതത്തിലെ ഏറ്റവും നിർണായകം ആയ കാര്യങ്ങളിൽ ആയിരിക്കും.പ്രത്യേകിച്ചും കുറ്റവാളി എന്നു സംശയിക്കപ്പെടുന്ന ആൾ.ഓരോ രാജ്യത്തേയും നിയമ സംഹിത അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ട അവസാന നിമിഷങ്ങളിൽ അയാളെ രക്ഷിക്കാൻ കഴിയുക അയാൾക്കായി വാദിക്കുന്ന വക്കീലിന് മാത്രം ആകും.

  കുറ്റകൃത്യം നടന്നാൽ പോലും നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി സ്വന്തം കക്ഷിയെ രക്ഷിക്കാൻ ,അയാളെ വാദ മുഖങ്ങളിൽ കൂടുതൽ അപകടത്തിലേക്ക് തള്ളി വിടാതെ സംരക്ഷിക്കാൻ വക്കീലിന് കഴിഞ്ഞാൽ, തെറ്റിന്റെയും ശരിയുടെയും നിലപാടുകളിൽ നിന്നും വീക്ഷിക്കാതെ അവിടെ വക്കീലിന് വിജയം ആയിരിക്കും.

  വിര്ജീനിയ ഗുഡ്‌മാൻ തന്റെ കരിയറിലെ അവസാന കേസ് വാദിക്കാൻ പോവുകയാണ്.വിജയങ്ങളുടെ നിറം ചാലിച്ച അവരുടെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാൻ ഒരു വിജയം മാത്രമേ അവരെ തൃപ്തിപ്പെടുത്തൂ.അവര്‍ക്ക് ലഭിച്ച അവസാന കേസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്‌.ബിസിനസ് മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത അഡ്രിയാന്‍ ഡോരിയ ഇന്ന് ഒരു കൊലപാതക കേസിലെ പ്രതിയാണ്.കാമുകിയെ ഒരു ഹോട്ടല്‍ റൂമില്‍ വച്ച് കൊല്ലപ്പെടുത്തി എന്ന രീതിയില്‍ ഉള്ള തെളിവുകള്‍ അയാള്‍ക്ക്‌ എതിരെ ഉണ്ട്.എന്നാല്‍ അജ്ഞാതന്‍ ആയ ഒരാളുടെ നിര്‍ദേശപ്രകാരം ആ ഹോട്ടലില്‍ എത്തിയ അഡ്രിയാന്‍ ,അയാളുടെ കാമുകി ലോറ എന്നിവരെ കുടുക്കാന്‍ വേണ്ടി ചെയ്തതാണ് എന്ന് മൊഴി നല്‍കുന്നു.അഡ്രിയാനെ തലയ്ക്കടിപ്പിച്ചു ബോധം കെടുതിയത്തിനു ശേഷം ആണ് ലോറയെ കൊല്ലപ്പെടുത്തിയത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.

   എന്നാല്‍ അകത്തു കയറിയ ഒരാള്‍ക്ക്‌ എളുപ്പം പുറത്തു കടക്കാന്‍ ആകാത്ത രീതിയില്‍ ആണ് ആ മുറിയുടെ രൂപ കല്‍പ്പന.അഡ്രിയാന്‍ ആണോ അതോ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ പ്രതിയാക്കിയ പോലീസ് ആണോ  ശരി?The Invisible Guest എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌ ആ കഥയാണ്.

  ഒരു സിനിമ എന്ന നിലയില്‍ കഥാപരമായി സങ്കീര്‍ണത നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ ആണ് വിര്‍ജീനിയ അയാളെ കാണാന്‍ എത്തുന്നത്‌.അവര്‍ അയാളോട് സത്യമായ കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നു.ആദ്യം അഡ്രിയാന്‍ താന്‍ ആദ്യം മുതല്‍ പറയുന്ന കഥയില്‍ ഉറച്ചു നില്‍ക്കുന്നെങ്കിലും ഈ കേസിലെ നിര്‍ണായകമായ ഒരു തെളിവ് വിര്‍ജീനിയ അയാളുടെ മുന്നില്‍ വയ്ക്കുന്നു.അയാള്‍ കഥ പറയാന്‍ തുടങ്ങുന്നു.

   ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അങ്ങനെയാണ് സ്വന്തം കാര്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവരുടെ വേറൊരു മുഖം പുറത്തെടുക്കാനും ശ്രമിക്കും.അഡ്രിയാന് അങ്ങനെ ഒരു കഥ പറയാന്‍ ഉണ്ട്.എന്നാല്‍ ആ കഥ സത്യമോ മിഥ്യയോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ എന്ന നിലയില്‍ ആ genre നോട് പരമാവധി നീതി പുലര്‍ത്തി ഈ ചിത്രം.ക്ലൈമാക്സ്‌ വരെ നില നിര്‍ത്തിയ പിരിമുറുക്കം ധാരാളം ട്വിസ്ട്ടുകളിലൂടെയും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആകുന്നുണ്ട്."El Cuerpo" യുടെ സംവിധായകന്‍ ഒറിയോല്‍ പോളോയുടെ രണ്ടാമത്തെ ചിത്രമാണ് The Invisible Guest.അദ്ധേഹത്തിന്റെ രണ്ടാമത്തെ സംരംഭവും പ്രേക്ഷകനെ നിരാശരാക്കില്ല.


More movie suggestions @www.movieholicviews.blogspot.ca

759.2:22(ENGLISH,2017)

759.2:22(ENGLISH,2017),|Thriller|Fantasy|,Dir:-Paul Currie,*ing:-Teresa Palmer, Michiel Huisman, Sam Reid.


  ഓസ്‌ട്രേലിയൻ-അമേരിക്കൻ സംരംഭം ആയ ഈ ചിത്രത്തിൽ നായകൻ ആയ Dylan പൈലറ്റ് ആകാൻ ഉള്ള പഠനം കഴിഞ്ഞെങ്കിലും അതു തന്റെ മേഖല അല്ല എന്ന് തീരുമാനിച്ചു പകരം വ്യോമമേഖലയോട് അടുത്തു നിൽക്കുന്ന Air Traffic Conttoller ആയി ജോലി ചെയ്യുന്നു.സ്ഥിരം Pattern കൾ ഓരോന്നിലും കാണുന്ന അയാൾക്ക്‌ എന്നാൽ ഒരു പ്രത്യേക സമയത്തു തന്റെ ജോലിയിലെ മികവ് പുറത്തെടുക്കാൻ ആയില്ല.അപകടകരമായ ആ അവസ്ഥയ്ക്ക് കാരണക്കാരൻ ആയ അയാളെ അവിടെ നിന്നും സസ്പെൻഡ് ചെയ്യുന്നു.

 Dylan പിന്നീട് സാറയെ കണ്ടു മുട്ടുന്ന അവസരത്തിൽ ആണ് താൻ അടുത്തായി കാണുന്ന pattern കളും ,ആവർത്തിക്കപ്പെടുന്ന സമയ രേഖകളും എല്ലാം തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്.Dylan റെ കണ്ടു പിടുത്തം അയാളെ സംബന്ധിച്ചു അപകടകരം ആയിരുന്നു.

  New York ലെ Grand Central Station ൽ അവസാനിക്കുന്ന ,ആവർത്തിക്കപ്പെടുന്ന സംഭവങ്ങളുടെ രഹസ്യം തേടി അയാൾ ഇറങ്ങുന്നു.അയാളുടെ ജീവിതത്തിലെ ആ രഹസ്യം ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്.


   ജീവിതത്തിലെ രണ്ടാം അവസരങ്ങളെ കുറിച്ചുള്ള സിനിമകൾ ധാരാളം വന്നിട്ടുണ്ട്.പലപ്പോഴും ടൈം ട്രാവലിലൂടെ ഭൂത/ഭാവി കാലത്തേക്ക് യാത്ര ചെയ്തു ജീവിതം മറ്റൊരു രീതിയിൽ ആക്കുന്ന കഥാപാത്രങ്ങൾ ഉള്ളവയാകും ഇതിൽ പലതിലും.അൽപ്പം cliche ആയി ഇത്തരം പ്രമേയങ്ങൾ മാറി എങ്കിലും പലപ്പോഴും ലഭിച്ചിരിക്കുന്ന ക്യാൻവാസിൽ ഫാന്റസി element വൃത്തിയായി ഉപയോഗിക്കുമ്പോൾ ഇത്തരം ചിത്രങ്ങൾ ആസ്വാദ്യകരം ആകും.

  Back to the Future പരമ്പര,Butterfly Effect പോലെ multiple chances അവതരിപ്പിച്ച ചിത്രങ്ങൾ ,Donnie Darko പോലെ കുറച്ചും കൂടി സങ്കീർണമായ ചിന്തകൾ ഉള്ള ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ നിര തന്നെ ഉണ്ട് ഈ ശാഖയിൽ.എന്നാൽ 2 22 അവതരിപ്പിച്ചത് Groundhog Day,12:01 എന്നിവ പോലുള്ള ചിത്രങ്ങളിൽ അവതരിപ്പിച്ച തരം ടൈം ലൂപ്പും ഒപ്പം ഭൂത-വർത്തമാന-ഭാവി കാലങ്ങളിലൂടെ ഉള്ള സൂചനകളിലൂടെ ആയിരുന്നു.

  ഈ തീം ചില പ്രാദേശിക സിനിമകളിലൂടെ പരിചിതം ആയിരിക്കണം പലർക്കും.മയിൽപ്പീലിക്കാവ്,മഗധീര  ആണ് ഓർമയിൽ പെട്ടന്ന് വരുന്ന ഇന്ത്യൻ ചിത്രങ്ങൾ.ഇന്ത്യൻ സിനിമകളിലെ പുന:ജന്മ സിനിമകളിൽ പലതിലും ഇത്തരം ഒരു കഥ ആയിരിക്കും.വർത്തമാന കാലത്തു അധികം പ്രശ്നങ്ങൾ ഇല്ലാത്ത കഥാപാത്രം ക്രൂരനും വില്ലനും ആയിരിക്കാം പഴയ കാലത്തു.തെറ്റിദ്ധരിക്കപ്പെട്ട നായകൻ,നായിക അങ്ങനെ കുറെ cliche.


  2 22 എന്ന ചിത്രം എന്നാൽ തൊട്ടു മുകളിൽ അവതരിപ്പിച്ച ഒറ്റ dimension ൽ കൂടി മാത്രം അല്ല സഞ്ചരിക്കുന്നത്.പകരം ചിത്രത്തിൽ ടൈം ലൂപ്പിന് കൂടി ചെറുതായ സ്ഥാനം നൽകിയിരിക്കുന്നു.മേൽപ്പറഞ്ഞ സിനിമകളുടെ പ്രമേയം ഇഷ്ടം ആയവർക്കു ഈ ചിത്രം നിരാശർ ആക്കില്ല.സങ്കീർണതകൾ അധികം ഇല്ലെങ്കിലും ചില സ്ഥലങ്ങളിൽ കഥാപാത്രങ്ങളെ കുറിച്ചുള്ള വ്യക്തതയില്ലായ്മ ചിത്രത്തിന്റെ നിലവരത്തിൽ കല്ലു കടി ആകുന്നുണ്ട്.


More movie suggestions @www.movieholicviews.blogspot.ca

758.LENS(MALAYALAM,2017)

758.LENS(MALAYALAM,2017),|Thriller|,Dir:-Jayaprakash Radhakrishnan,*ing:-Jayaprakash Radhakrishnan, Misha Ghoshal, Ashwathy Lal, Kulothungan Udayakumar, Anand Sami.


'അയാളെ' തേടി അന്ന് ആ അതിഥി എത്തി.ജീവിതത്തിൽ അയാൾ അനുഭവിച്ച "സുഖത്തിന്റെ" കണക്കെടുപ്പിന് വന്ന അതിഥി.ക്ഷണിക്കപ്പെടാതെ,മുൻകൂട്ടി അറിയിക്കാതെ വന്ന ആ അതിഥിക്കു 'അയാളോട്' പറയാൻ ഏറെ ഉണ്ടായിരുന്നു.ഒരു പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാളുടെ വില സ്വയം 'അയാൾ' തന്നെ മനസ്സിലാക്കുന്ന അപൂർവ സന്ദർഭം ആയിരുന്നത്.അതിഥിക്കു ചോദിക്കാൻ ചോദ്യങ്ങളും 'അയാൾക്ക്‌' അതിന്റെ ഉത്തരങ്ങൾ നൽകുകയും വേണം.ഒരു പക്ഷെ അയാളുടെ ജീവിതത്തിലെ ഏറ്റവും കാഠിന്യം ഉള്ള ചോദ്യാവലി ആണ് അതിഥിയുടെ അടുക്കൽ ഉള്ളത്.

  "ലെൻസ്" എന്ന സിനിമയുടെ കഥ മേൽപ്പറഞ്ഞ രീതിയിൽ സംഗ്രഹിക്കുക ആണ് എളുപ്പം.കാരണം 'കാഴ്ച്ച' ആണ് ഈ സിനിമ ആവശ്യപ്പെടുന്നത്.പ്രേക്ഷകന്റെ ഉള്ളിൽ ഈ ചിത്രം സൃഷ്ടിക്കുന്ന വികാരം എന്താണ് എന്ന് സ്വയം ചിന്തിക്കണം.ചിലർക്ക് ഭയം ആയിരിക്കും തോന്നുക.മറ്റു ചിലർക്ക് പശ്ചാത്താപം.മറ്റു ചിലർക്ക് മാറി ചിന്തിക്കാൻ ഉള്ള അവസരം.ഓരോ ആൾക്കും വ്യത്യസ്തം ആകും ഈ സിനിമ.

  ലോകം വിരൽത്തുമ്പിൽ access ചെയ്യാൻ ഉള്ള സാങ്കേതികത മനുഷ്യൻ സ്വയത്തം ആക്കിയപ്പോൾ ലൈംഗികതയിൽ പോലും സ്വയം പര്യാപ്തത നേടാൻ ഉള്ള അവസരം അവനുണ്ടായി.അടയ്ക്കപ്പെട്ട മുറികളിൽ virtual ആയ ലോകത്തു സ്വന്തം identity മാറ്റി വച്ചുള്ള സാഹസികതകളുടെ ആരാധകർ ആണ് പലരും.എന്നാൽ സിനിമയിൽ അവതരിപ്പിച്ചത് പോലെ ഉള്ള ഒരു അതിഥി ഒരിക്കൽ അപ്രതീക്ഷിതം ആയി പ്രത്യക്ഷപ്പെട്ടാൽ തീരാവുന്ന സാഹസികത മാത്രമേ ഇപ്പോഴും സ്വന്തം ആയുള്ളൂ.

 സംവിധായകൻ ആയ ജയപ്രകാശ് രാധാകൃഷ്ണൻ തന്നെ കഥയെഴുതി നിർമിച്ച സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായി സ്‌ക്രീനിൽ നിറയുകയും ഉണ്ടായി.ആനന്ദ് സാമി ആണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇടക്കാലത്ത് ഇംഗ്ലീഷ് ആദിയായ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ട Social Networking ഉമായി ബന്ധപ്പെട്ട സിനിമകളിൽ നിന്നും വളരെയധികം മുന്നേറിയിട്ടുണ്ട് അവതരണത്തിലും പ്രമേയത്തിലും ഈ ചിത്രം എന്നു തോന്നി.

 ബഹുഭാഷാ ചിത്രം ആയി അവതരിപ്പിക്കപ്പെട്ട 'ലെൻസ്'  പ്രമേയപരമായി ഭാഷയുടെയും അതിർത്തികളുടെയും വേലിക്കെട്ടുകൾക്കും അപ്പുറം സ്വീകാര്യവും എളുപ്പം മനസിലാകാവുന്ന ഒന്നാണ്.കാരണം ഈ സിനിമയിൽ ആദ്യം പറഞ്ഞ 'അയാൾ' ഒറ്റപ്പെട്ട ഒരു മനുഷ്യൻ അല്ല.ഓരോരുത്തരുടെ ഉള്ളിലും കാണാൻ സാധിക്കും 'അയാളെ'.


More movie suggestions @www.movieholicviews.blogspot.ca

Thursday, 6 July 2017

757.MEA CULPA(FRENCH,2014)

757.MEA CULPA(FRENCH,2014),|Crime|Thriller|,Dir:-Fred Cavayé,*ing:-Vincent Lindon, Gilles Lellouche, Nadine Labaki.


  നല്ല സൗഹൃദങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്.മോശം സമയത്ത് പോലും നല്ല സൌഹൃദങ്ങള്‍ ഒരു കൈ താങ്ങ് ആയിരിക്കും.സൈമണ്‍ ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ ആണ്.കുടുംബ ജീവിതം തകര്‍ന്ന്,ഒരു അപകടത്തില്‍ തന്‍റെ ജോലിയില്‍ പ്രശ്നം ഉണ്ടാവുകയും അതിനോട് അനുബന്ധിച്ച് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നൂ അയാള്‍ക്ക്‌.അയാള്‍ ഉണ്ടാക്കിയ അപകടം ഇന്നും ഒരു ദു:സ്വപ്നം  പോലെ അയാളെ വേട്ടയാടുന്നുണ്ട്‌.ഇപ്പോള്‍ ജീവിതത്തില്‍ ആകെ ഉള്ള ആശ്വാസം മകന്‍ മാത്രം ആണ്.

  എന്നാല്‍ സൈമണിനെ എന്നും ഒപ്പം നിന്ന് സഹായിക്കാന്‍ ഒരു സുഹൃത്തുണ്ട് ഫ്രാങ്ക്.സൈമണ്‍ ,ഫ്രാങ്കിന്റെ അടുക്കല്‍ നിന്നും മാറാന്‍ ശ്രമിക്കുമ്പോഴും ഒരു അദൃശ്യ ശക്തി ആയി അയാളുടെ എല്ലാ പ്രവര്‍ത്തിയിലും ഫ്രാങ്കും ഉണ്ട്.ഫ്രാങ്കും പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.നഗരത്തില്‍ പലയിടത്തായി കാണപ്പെട്ട മൃത ദേഹങ്ങള്‍ പോലീസിനു തലവേദന ആയി മാറുന്നു.പരമ്പര കൊലപാതകങ്ങള്‍ നടക്കുന്നത് മൊത്തം മാഫിയയുടെ പേരില്‍ ആയിരുന്നു.

 നഗരം അടക്കി വാഴാന്‍ തുടങ്ങുന്ന ഒരു ക്രൈം സിണ്ടിക്കേറ്റ് അവിടെ ശക്തം ആയി തുടങ്ങിയിരുന്നു.ആകസ്മികം ആയാണ് സൈമണിന്റെ മകന്‍ ഒരിക്കലും കാണരുതാത്ത ആ കാഴ്ച കാണുന്നത്.അത് അവന്റെ ജീവന് തന്നെ ഭീഷണി ആകുന്നു.എന്നാല്‍ ഉത്തരവാദിത ബോധം ഉണ്ടായിരുന്ന ഒരു പോലീസുകരനില്‍ നിന്നും തനിക്കു ഇപ്പോഴും മാറ്റം ഇല്ല എന്ന് തെളിയിച്ചു കൊണ്ട് തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ സൈമണ്‍ മുന്നോട്ടു ഇറങ്ങുന്നു.കൂട്ടിനു ഫ്രാങ്കും ഉണ്ട്.അവര്‍ക്ക് നേരിടേണ്ടി വരുന്നത് അപകടകാരികള്‍ ആയ ഒരു കൂട്ടം ആളുകളെ ആയിരുന്നു.

  അവരുടെ അതിജീവനത്തിന്റെ ആ കഥയാണ് ബാക്കി ഉള്ള സിനിമ.ഒരിക്കല്‍ സൈമണ്‍ ഫ്രാങ്കിനോട് ചോദിക്കുന്നുണ്ട് (അയാള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും) എന്തിനാണ് ഇപ്പോഴും ഫ്രാങ്ക് അയാളെ സഹായിക്കുന്നതെന്ന്.ഫ്രാങ്കിന് അതിനു ഉത്തരം ഇല്ലായിരുന്നു.എന്നാല്‍ ചിത്രത്തില്‍ അതിനു മറ്റൊരു ഭാഷ്യം നല്‍കുന്നുണ്ട്.കഥയുടെ വഴിത്തിരിവ് ഉണ്ടാകുന്നത് മുതല്‍ ചിത്രം ചടുലം ആയാണ് സഞ്ചരിക്കുന്നത്.പ്രത്യേകിച്ചും ചേസിംഗ് രംഗങ്ങള്‍ ഒക്കെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.തരക്കേടില്ലാത്ത ഫ്രഞ്ച് ക്രൈം/ത്രില്ലര്‍ ആണ് Mea Culpa.

More movie suggestions @www.movieholicviews.blogspot.ca

756.NIGHTFALL(2012,CANTONESE)

756.NIGHTFALL(2012,CANTONESE),|Crime|Mystery|,Dir:- Roy Hin Yeung Chow,*ing:-Nick Cheung, Simon Yam, Janice Man.


    തന്നെ വേട്ടയാടുന്ന തന്‍റെ തന്നെ  ഭൂതക്കാലം ഏതൊരു കുറ്റവാളിയുടെയും നിലനില്‍പ്പിനെ,അയാള്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു ഇറങ്ങിയാല്‍ പോലും സാരമായി ബാധിക്കും.അയാളുടെ ഭൂതക്കാലം മറക്കാന്‍ കഴിയാത്ത ആളുകള്‍ അയാള്‍ സ്വതന്ത്രന്‍ ആയി വരുന്ന പരിസരങ്ങളില്‍ ഉണ്ടാകും.തന്‍റെ ചെയ്തികളുടെ തീക്ഷണത അനുസരിച്ച് സമൂഹത്തിനു അയാളോട് ഉള്ള കാഴ്ചപ്പാടിലും ഏറ്റക്കുറചിലുകള്‍ ഉണ്ടാകാം.തേങ്ങ മോഷണ കേസിലെ പ്രതിയെ പോലെ അല്ല കൊലയാളിയെ കാണുന്ന സമൂഹം എന്ന് ചുരുക്കത്തില്‍ പറയാം.എന്നാല്‍ തന്‍റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം താന്‍ അല്ല ചെയ്തത് എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും തെളിവുകളുടെ പിന്‍ബലത്തില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഒരാളുടെ അവസ്ഥയോ?

    യൂന്‍ തന്‍റെ പത്തൊമ്പതാം വയസ്സില്‍,ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റ കൃത്യത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം പുറത്തു ഇറങ്ങുന്നു.ജയിലില്‍ അധികം ആരോടും സംസാരിക്കാതെ ജീവിച്ചിരുന്ന അയാള്‍ പുറത്തു ഇറങ്ങുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ ലക്ഷ്യത്തോടെ ആണ് കഴിഞ്ഞിരുന്നതും.ഇടയ്ക്ക് ശല്യം ചെയ്യാന്‍ വന്നവരോട് അയാള്‍ പ്രതികരിക്കുകയും ചെയ്തു ജയിലില്‍.

  പുറത്തിറങ്ങിയ അയാള്‍ ആദ്യം ചെയ്തത് ഹാന്‍ ട്സൂയി,അയാളുടെ മകള്‍ സോയി എന്നിവരെ അവര്‍ അറിയാതെ നിരീക്ഷിക്കുക എന്നതായിരുന്നു.ഹാന്‍ ട്സൂയി പ്രശസ്തന്‍ ആയ സംഗീത വിദ്വാന്‍ ആയിരുന്നു.തന്‍റെ മകളായ സോയിയെ അയാള്‍ കര്‍ക്കശമായ ചിട്ടകളോടെ,എന്നാല്‍ ക്രൂരമായ രീതിയില്‍ ആണ് വളര്‍ത്തിയിരുന്നത്.ട്സൂയിയുടെ മകള്‍ ആയ ഇവയെ കൊലപ്പെടുത്തിയതിനു ആണ് യൂന്‍ ജയിലില്‍ ആകുന്നതു.യൂന്‍ അയാളുടെ ബംഗ്ലാവിനു എതിര്‍വശം ആയി വരുന്ന രീതിയില്‍ ഒരു വീട് എടുത്തു താമസിക്കുന്നു,ഒപ്പം അയാളെ നിരീക്ഷിക്കാന്‍ ഉള്ള വഴികള്‍ കൂടി ഉപയോഗിച്ചുക്കൊണ്ട്.

     എന്നാല്‍ ഒരു ദിവസം ട്സൂയിയുടെ മരണ വാര്‍ത്ത ആണ് അവിടെ ഉള്ളവര്‍ അറിഞ്ഞത്.കടല്‍ക്കരയില്‍ കാണപ്പെട്ട മൃത ദേഹം തെളിവുകള്‍ ഇല്ലാതെ പോലീസിനെ കുഴക്കി.ജോര്‍ജ് ലാം എന്ന പോലീസ് ഉദ്യോഗസ്ഥന് ആയിരുന്നു കേസിന്‍റെ ചുമതല.തന്‍റെ ജോലിയില്‍ കണിശതയും ആത്മാര്‍ഥതയും ഉള്ള ജോര്‍ജ് എന്നാല്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ വേട്ടയാടുന്ന ആളാണ്‌.കേസന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് യൂന്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിവരം അറിയുന്നതും കേസന്വേഷണം അയാളിലേക്ക് നീങ്ങുന്നതും.

   എന്നാല്‍ ജോര്‍ജ് ലാമിനെ കാത്തിരുന്നത് നിഗൂഡതകളുടെ ഒരു കലവറ ആയിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങളുടെ ബാധ്യതയോട് ഒപ്പം ഇപ്പോഴത്തെ സംഭവങ്ങളും കൂട്ടി ഇനക്കുകയും വ്യക്തികളെ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് കൊണ്ട് വരുകയും ചെയ്യേണ്ട ഒരു വലിയ പ്രക്രിയ.കേസിന്‍റെ തുമ്പുകള്‍ ഓരോന്നായി അഴിയുമ്പോള്‍ അനാവരണംചെയ്യപ്പെടുന്നത് അപ്രതീക്ഷിതം ആയ കഥകള്‍ ആണ്.ഒരു പക്ഷെ അപസര്‍പ്പക കഥകള്‍ ആണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്ന കഥകള്‍.രഹസ്യങ്ങള്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ ആര്‍ക്കും തോന്നാവുന്ന സാഹചര്യങ്ങള്‍. ജോര്‍ജ് ലാമിന്റെ കേസിന്‍റെ കൂടെ പ്രേക്ഷകന് സഞ്ചരിക്കാം.ഒപ്പം അയാളോടൊപ്പം അത്ഭുതത്തോടെ കാണാവുന്ന അഴിയാക്കുരുക്കുകളുടെയും ആരൊക്കെയോ തയ്യാറാക്കിയ മിഥ്യകളുടെ ലോകത്തിലേക്കും.

  ഹോംഗ് കോംഗ് ചിത്രമായ Nightfall നല്ല ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആണ്.പ്രേക്ഷകന്റെ മുന്നില്‍ ഒരു കഥ അവതരിപ്പിക്കുകയും യാതാര്‍ത്ഥ്യം ഓരോ ഭാഗമായി പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അതിവിദഗ്ധം ആയി അവതരിപ്പിക്കുകയും ചെയ്യുന്നു.ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം ആകുന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് Nightfall.


More movie suggestions @www.movieholicviews.blogspot.ca

755.THE ADVOCATE:A MISSING BODY(KOREAN,2015)

755.THE ADVOCATE:A MISSING BODY(KOREAN,2015),|Thriller|Mystery|Crime|,Dir:-Jong-ho Huh,*ing:-Sun-kyun Lee, Go-eun Kim, Hyeong-seong Jang.


   പ്രാഥമികമായി കുറ്റകൃത്യം നടന്നൂ എന്ന് തന്നെ വിശ്വസിക്കാവുന്ന സാഹചര്യങ്ങള്‍.ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും മരണ കാരണം ആകുന്ന രീതിയില്‍ രക്തം നഷ്ടം ആയിരിക്കുന്നു.കൊലപാതകി എന്ന് സംശയിക്കാവുന്ന ആള്‍,ആകസ്മികം ആയി കൃത്യം നടന്ന സ്ഥലത്ത് എത്തപ്പെട്ട സാക്ഷി.ഒരു കേസ് സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാതെ അവസാനിപ്പിച്ച്‌ കൊലപാതകി എന്ന് കരുതാവുന്ന ആള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കാവുന്ന സാഹചര്യം ആണ് ഉള്ളത്.

  എന്നാല്‍ ഇവിടെ നഷ്ടമായ ഒന്നുണ്ട്.കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളുടെ മൃതദേഹം.മിന്‍ ജുംഗ് എന്ന യുവതി ആണ് അവളുടെ കാമുകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ജുംഗ് ഹ്വാന്റെ കൈകളാല്‍ കൊല്ലപ്പെട്ടു എന്ന് പോലീസ് വിശ്വസിക്കുന്നു.എന്നാല്‍ അവളുടെ മൃത ദേഹം എവിടെ ആണ് അപ്രത്യക്ഷം ആയതു?ഹോ സുംഗ് എന്ന അഭിഭാഷകന്‍ ഈ കേസില്‍ എത്തിപ്പെടുന്നത് യാദൃചികം ആയിട്ടായിരുന്നു.മൂണ്‍ എന്ന ധനികനും വന്‍കിട മരുന്ന് കമ്പനിയുടെ ഉടമയുടെ ഡ്രൈവര്‍ ആണ് കുറ്റാരോപിതന്‍ ആയ ജുംഗ് ഹ്വാന്‍.മൂണ്‍,തന്‍റെ വിശ്വസ്തനു വേണ്ടി അടുത്തക്കാലത്ത് അയാളുടെ കമ്പനി നടത്തിയ മരുന്ന് പരീക്ഷണങ്ങളില്‍ ജീവന്‍ നഷ്ടമാകാന്‍ പോകുന്ന യുവതിക്ക് എതിരെ വാദിച്ചു അവിശ്വസനീയമായ വിജയം നേടിയിരുന്നു കോടതിയില്‍.അത് കൊണ്ട് തന്നെ ഈ കേസ് ഹോ സുംഗിനെ ഏല്‍പ്പിക്കുന്നു.


   ജുംഗ് ഹ്വാന്റെ കാമുകി ആണെന്ന് പറഞ്ഞ യുവതിയും അയാളുമായും ഉള്ള ബന്ധം ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം.മൃതദേഹം അപ്രത്യക്ഷം ആയതു കൊണ്ട് തന്നെ പോലീസ് അന്വേഷണവും എങ്ങും എത്തുന്നില്ല.തന്‍റെ കക്ഷിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉള്ള വഴികള്‍ കണ്ടു പിടിക്കുക ഹോ സുംഗിനു എളുപ്പം ആയിരുന്നു.എന്നാല്‍ ഹോ സുംഗ് വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.കേസ് അത്ര എളുപ്പം അല്ലായിരുന്നു.മൃതദേഹത്തിന്റെ തിരോധനത്തോട്‌ അനുബന്ധിച്ച്  ധാരാളം കുരുക്കുകള്‍ അഴിക്കാന്‍ ഉണ്ടായിരുന്നു.ആഴിയും തോറും മുറുകുന്ന കുരുക്കുകള്‍.

  ഹോ സുംഗിന്റെ ജൂനിയര്‍ ആയി നിയമ ബിരുദം ചെയ്ത ജിന്‍ സുന്‍ മി പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ആയി വന്നതോടെ കഴിവുകള്‍ തമ്മില്‍ ഉള്ള മത്സരം കൂടി ആയി മാറി ആ കേസ്.രണ്ടു അഭിഭാഷകരും വിജയത്തിനായി ശ്രമിക്കുന്നു.എന്നാല്‍ അവരെ കാത്തിരുന്ന ദുരൂഹത എന്താണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വളരെ ചടുലമായി പോകുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.ഒപ്പം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ത്രില്ലര്‍ കൂടി ആയി മാറുമ്പോള്‍ കൊറിയന്‍ സിനിമകളില്‍ ഇഷ്ടപ്പെടാവുന്ന ഒരു ക്രൈം/ത്രില്ലര്‍ ആയി മാറുന്നു The Advocate:A missing Body.

754.LUCID DREAM(KOREAN,2017)

754.LUCID DREAM(KOREAN,2017),|Thriller|Crime|Sci-Fi|,Dir:-Kim Joon-Sung,*ing:-Ho-jin Chun, Soo Go, Suk-ho Jun.

    "Lucid Dream" ഡച്ച്‌ മനശാസ്ത്രജ്ഞന്‍ ആയ "ഫ്രെദ്രിക് വാന്‍", ' A Study of Dreams' എന്ന ലേഖനത്തില്‍ ആണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.അരിസ്റ്റോട്ടില്‍ മുതല്‍ പലരും വളരെ പണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.ബുദ്ധ മതത്തിലും ഇതിനെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു.യോഗ നിദ്രയിലൂടെ ഇന്ത്യയിലും ഈ പ്രതിഭാസത്തെക്കുറിച്ച് സൂചനകള്‍ ഉണ്ടായിട്ടുണ്ട്.(Source:Wiki).ഈ പ്രക്രിയയില്‍ സ്വപ്നം കാണുന്ന ആള്‍ ചില സംഭവങ്ങളില്‍ കഥാപാത്രങ്ങള്‍,സ്ഥലങ്ങള്‍ എന്നിവയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമത്രേ!!പലപ്പോഴും നമ്മള്‍ സാധാരണ കാണുന്ന സ്വപ്നങ്ങളില്‍ നിയന്ത്രണം ഉണ്ടാവുകയില്ലെങ്കിലും Lucid Dreams ല്‍ ഈ നിയന്ത്രണം സ്വപ്നം കാണുന്ന ആള്‍ക്ക് ഉണ്ടാകും.

  കൊറിയന്‍ കുറ്റാന്വേഷണ സിനിമ ആയ Lucid Dream ഇത്തരം ഒരു പ്രതിഭാസതിന്റെ അകമ്പടിയോടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.മൂന്നു വര്‍ഷങ്ങള്‍ക്കു തന്‍റെ കണ്‍ മുന്നില്‍ വച്ച് കാണാതായ സ്വന്തം മകനെ കണ്ടെത്താന്‍ ഡേ ഹോ എന്ന പത്രപ്രവര്‍ത്തകന്‍ തന്നാലാകും വിധം ശ്രമിച്ചു.എന്നാല്‍ തന്‍റെ ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് പോലും മനസ്സിലാകാതെ അയാള്‍ നിരാശയിലേക്ക് ആണ്ടു പോവുകയാണ് ഉണ്ടായത്.കുട്ടിയെ കാണാതായ സ്ഥലത്ത് വച്ച് അയാളെ ആരോ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയില്‍ ആക്കിയിരുന്നു.ഒരിക്കലും തട്ടി കൊണ്ട് പോയവര്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലവും അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചതും ഇല്ല.സ്വന്തം മകന്‍ മരിച്ചോ അതോ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിയാതെ അയാള്‍ കുഴങ്ങിയ സമയത്താണ് അയാള്‍ Lucid Dream നെ കുറിച്ച് അറിയുന്നത്.

   പരിചയക്കാരിയായ ഡോക്റ്റര്‍ സോ-ഹ്യൂന്റെ സഹായം അയാള്‍ അഭ്യര്‍ത്ഥിക്കുന്നു.ഇന്റര്‍നെറ്റില്‍ നിന്നും ഈ പ്രക്രിയയെ കുറിച്ച് അറിഞ്ഞ ഡേ ഹോ അവസാന ശ്രമം എന്ന നിലയില്‍ Lucid Dream ല്‍ വിശ്വാസം കാണിക്കുന്നു.എന്നാല്‍ ഇതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് അധികം ഉറപ്പു ഇല്ലാതിരുന്ന സോ-ഹ്യൂ മനസ്സിലാമാനസ്സോടെ അവരുടെ അറിവില്‍ ഉള്ള അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവാനാക്കി കൊണ്ട് തന്നെ ഡേ ഹോയുടെ ശ്രമങ്ങള്‍ക്ക് സഹായം ചെയ്യാന്‍ തീരുമാനിക്കുന്നു.

  ഇതേ സമയം പോലീസും ആ കേസ് പതുക്കെ മറന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.ഒരു വിധം ആത്മ വിശ്വാസം നഷ്ടപ്പെട്ട പോലെ.എന്നാല്‍ ഡേ ഹോയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ ബാംഗ് സബ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായി.പിന്നീട് Lucid Dream ലൂടെ അവര്‍ അന്നത്തെ സംഭവങ്ങളിലെ ദുരൂഹതകളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നു.ഡേ ഹോയുടെ മകന് എന്താണ് സംഭവിച്ചത്?എന്ത് കൊണ്ടാണ് ആ തിരോധാനത്തിനു ശേഷം ആരും അയാളെ ബന്ധപ്പെടാതെ ഇരുന്നത്?ബാക്കി അറിയാന്‍ ചിത്രം കാണുക.


  യാഥാര്‍ത്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു പ്രക്രിയ ആണ് Lucid Dreaming .എന്നാല്‍ വിദഗ്ധമായി ഈ ചിത്രത്തിന് ആവശ്യമായ രീതിയില്‍ നിഗൂഡതകള്‍ ഒക്കെ ഒളിപ്പിച്ചു കൊണ്ട് ആണ് കിം ജൂന്‍ തന്‍റെ പ്രഥമ സംവിധാന സംരംഭത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളുടെ സ്ഥിരം മുഖമുദ്ര ആയ ട്വിസ്റ്റുകള്‍ ഈ ചിത്രത്തിലും അന്യമല്ല.കഥയുടെ രീതി തന്നെ ഒരു പക്ഷെ പ്രേക്ഷകന്‍ മനസ്സില്‍ വിചാരിക്കുന്ന കഥയില്‍ നിന്നും മാറുന്നുണ്ട്.കൊറിയന്‍ ത്രില്ലര്‍ സിനിമ ആരാധകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത ഉള്ള ഒരു കുറ്റാന്വേഷണ കഥയാണ് ചടുലമായി അവതരിപ്പിച്ച ഈ Sci-Fi ചിത്രത്തില്‍ ഉള്ളത്.


More movie suggestions @www.movieholicviews.blogspot.ca