Pages

Saturday, 8 July 2017

760.THE INVISIBLE GUEST(SPANISH,2016)




760.THE INVISIBLE GUEST(SPANISH,2016),|Crime|Mystery|Thriller|,Dir:-Oriol Paulo,*ing:-Mario Casas, Ana Wagener, José Coronado .


വക്കീലിനോടും ഡോക്ക്റ്ററോടും കള്ളം പറയരുത് എന്നു എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.രണ്ടു പേരുടെയും സേവനം ആവശ്യമായ ആൾ ഒരു പക്ഷെ നേരിടുന്നത് ജീവിതത്തിലെ ഏറ്റവും നിർണായകം ആയ കാര്യങ്ങളിൽ ആയിരിക്കും.പ്രത്യേകിച്ചും കുറ്റവാളി എന്നു സംശയിക്കപ്പെടുന്ന ആൾ.ഓരോ രാജ്യത്തേയും നിയമ സംഹിത അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ട അവസാന നിമിഷങ്ങളിൽ അയാളെ രക്ഷിക്കാൻ കഴിയുക അയാൾക്കായി വാദിക്കുന്ന വക്കീലിന് മാത്രം ആകും.

  കുറ്റകൃത്യം നടന്നാൽ പോലും നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി സ്വന്തം കക്ഷിയെ രക്ഷിക്കാൻ ,അയാളെ വാദ മുഖങ്ങളിൽ കൂടുതൽ അപകടത്തിലേക്ക് തള്ളി വിടാതെ സംരക്ഷിക്കാൻ വക്കീലിന് കഴിഞ്ഞാൽ, തെറ്റിന്റെയും ശരിയുടെയും നിലപാടുകളിൽ നിന്നും വീക്ഷിക്കാതെ അവിടെ വക്കീലിന് വിജയം ആയിരിക്കും.

  വിര്ജീനിയ ഗുഡ്‌മാൻ തന്റെ കരിയറിലെ അവസാന കേസ് വാദിക്കാൻ പോവുകയാണ്.വിജയങ്ങളുടെ നിറം ചാലിച്ച അവരുടെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാൻ ഒരു വിജയം മാത്രമേ അവരെ തൃപ്തിപ്പെടുത്തൂ.അവര്‍ക്ക് ലഭിച്ച അവസാന കേസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്‌.ബിസിനസ് മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത അഡ്രിയാന്‍ ഡോരിയ ഇന്ന് ഒരു കൊലപാതക കേസിലെ പ്രതിയാണ്.കാമുകിയെ ഒരു ഹോട്ടല്‍ റൂമില്‍ വച്ച് കൊല്ലപ്പെടുത്തി എന്ന രീതിയില്‍ ഉള്ള തെളിവുകള്‍ അയാള്‍ക്ക്‌ എതിരെ ഉണ്ട്.എന്നാല്‍ അജ്ഞാതന്‍ ആയ ഒരാളുടെ നിര്‍ദേശപ്രകാരം ആ ഹോട്ടലില്‍ എത്തിയ അഡ്രിയാന്‍ ,അയാളുടെ കാമുകി ലോറ എന്നിവരെ കുടുക്കാന്‍ വേണ്ടി ചെയ്തതാണ് എന്ന് മൊഴി നല്‍കുന്നു.അഡ്രിയാനെ തലയ്ക്കടിപ്പിച്ചു ബോധം കെടുതിയത്തിനു ശേഷം ആണ് ലോറയെ കൊല്ലപ്പെടുത്തിയത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.

   എന്നാല്‍ അകത്തു കയറിയ ഒരാള്‍ക്ക്‌ എളുപ്പം പുറത്തു കടക്കാന്‍ ആകാത്ത രീതിയില്‍ ആണ് ആ മുറിയുടെ രൂപ കല്‍പ്പന.അഡ്രിയാന്‍ ആണോ അതോ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ പ്രതിയാക്കിയ പോലീസ് ആണോ  ശരി?The Invisible Guest എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌ ആ കഥയാണ്.

  ഒരു സിനിമ എന്ന നിലയില്‍ കഥാപരമായി സങ്കീര്‍ണത നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ ആണ് വിര്‍ജീനിയ അയാളെ കാണാന്‍ എത്തുന്നത്‌.അവര്‍ അയാളോട് സത്യമായ കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നു.ആദ്യം അഡ്രിയാന്‍ താന്‍ ആദ്യം മുതല്‍ പറയുന്ന കഥയില്‍ ഉറച്ചു നില്‍ക്കുന്നെങ്കിലും ഈ കേസിലെ നിര്‍ണായകമായ ഒരു തെളിവ് വിര്‍ജീനിയ അയാളുടെ മുന്നില്‍ വയ്ക്കുന്നു.അയാള്‍ കഥ പറയാന്‍ തുടങ്ങുന്നു.

   ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അങ്ങനെയാണ് സ്വന്തം കാര്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവരുടെ വേറൊരു മുഖം പുറത്തെടുക്കാനും ശ്രമിക്കും.അഡ്രിയാന് അങ്ങനെ ഒരു കഥ പറയാന്‍ ഉണ്ട്.എന്നാല്‍ ആ കഥ സത്യമോ മിഥ്യയോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ എന്ന നിലയില്‍ ആ genre നോട് പരമാവധി നീതി പുലര്‍ത്തി ഈ ചിത്രം.ക്ലൈമാക്സ്‌ വരെ നില നിര്‍ത്തിയ പിരിമുറുക്കം ധാരാളം ട്വിസ്ട്ടുകളിലൂടെയും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആകുന്നുണ്ട്."El Cuerpo" യുടെ സംവിധായകന്‍ ഒറിയോല്‍ പോളോയുടെ രണ്ടാമത്തെ ചിത്രമാണ് The Invisible Guest.അദ്ധേഹത്തിന്റെ രണ്ടാമത്തെ സംരംഭവും പ്രേക്ഷകനെ നിരാശരാക്കില്ല.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment