Pages

Thursday, 6 July 2017

756.NIGHTFALL(2012,CANTONESE)

756.NIGHTFALL(2012,CANTONESE),|Crime|Mystery|,Dir:- Roy Hin Yeung Chow,*ing:-Nick Cheung, Simon Yam, Janice Man.


    തന്നെ വേട്ടയാടുന്ന തന്‍റെ തന്നെ  ഭൂതക്കാലം ഏതൊരു കുറ്റവാളിയുടെയും നിലനില്‍പ്പിനെ,അയാള്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു ഇറങ്ങിയാല്‍ പോലും സാരമായി ബാധിക്കും.അയാളുടെ ഭൂതക്കാലം മറക്കാന്‍ കഴിയാത്ത ആളുകള്‍ അയാള്‍ സ്വതന്ത്രന്‍ ആയി വരുന്ന പരിസരങ്ങളില്‍ ഉണ്ടാകും.തന്‍റെ ചെയ്തികളുടെ തീക്ഷണത അനുസരിച്ച് സമൂഹത്തിനു അയാളോട് ഉള്ള കാഴ്ചപ്പാടിലും ഏറ്റക്കുറചിലുകള്‍ ഉണ്ടാകാം.തേങ്ങ മോഷണ കേസിലെ പ്രതിയെ പോലെ അല്ല കൊലയാളിയെ കാണുന്ന സമൂഹം എന്ന് ചുരുക്കത്തില്‍ പറയാം.എന്നാല്‍ തന്‍റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം താന്‍ അല്ല ചെയ്തത് എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും തെളിവുകളുടെ പിന്‍ബലത്തില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഒരാളുടെ അവസ്ഥയോ?

    യൂന്‍ തന്‍റെ പത്തൊമ്പതാം വയസ്സില്‍,ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റ കൃത്യത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം പുറത്തു ഇറങ്ങുന്നു.ജയിലില്‍ അധികം ആരോടും സംസാരിക്കാതെ ജീവിച്ചിരുന്ന അയാള്‍ പുറത്തു ഇറങ്ങുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ ലക്ഷ്യത്തോടെ ആണ് കഴിഞ്ഞിരുന്നതും.ഇടയ്ക്ക് ശല്യം ചെയ്യാന്‍ വന്നവരോട് അയാള്‍ പ്രതികരിക്കുകയും ചെയ്തു ജയിലില്‍.

  പുറത്തിറങ്ങിയ അയാള്‍ ആദ്യം ചെയ്തത് ഹാന്‍ ട്സൂയി,അയാളുടെ മകള്‍ സോയി എന്നിവരെ അവര്‍ അറിയാതെ നിരീക്ഷിക്കുക എന്നതായിരുന്നു.ഹാന്‍ ട്സൂയി പ്രശസ്തന്‍ ആയ സംഗീത വിദ്വാന്‍ ആയിരുന്നു.തന്‍റെ മകളായ സോയിയെ അയാള്‍ കര്‍ക്കശമായ ചിട്ടകളോടെ,എന്നാല്‍ ക്രൂരമായ രീതിയില്‍ ആണ് വളര്‍ത്തിയിരുന്നത്.ട്സൂയിയുടെ മകള്‍ ആയ ഇവയെ കൊലപ്പെടുത്തിയതിനു ആണ് യൂന്‍ ജയിലില്‍ ആകുന്നതു.യൂന്‍ അയാളുടെ ബംഗ്ലാവിനു എതിര്‍വശം ആയി വരുന്ന രീതിയില്‍ ഒരു വീട് എടുത്തു താമസിക്കുന്നു,ഒപ്പം അയാളെ നിരീക്ഷിക്കാന്‍ ഉള്ള വഴികള്‍ കൂടി ഉപയോഗിച്ചുക്കൊണ്ട്.

     എന്നാല്‍ ഒരു ദിവസം ട്സൂയിയുടെ മരണ വാര്‍ത്ത ആണ് അവിടെ ഉള്ളവര്‍ അറിഞ്ഞത്.കടല്‍ക്കരയില്‍ കാണപ്പെട്ട മൃത ദേഹം തെളിവുകള്‍ ഇല്ലാതെ പോലീസിനെ കുഴക്കി.ജോര്‍ജ് ലാം എന്ന പോലീസ് ഉദ്യോഗസ്ഥന് ആയിരുന്നു കേസിന്‍റെ ചുമതല.തന്‍റെ ജോലിയില്‍ കണിശതയും ആത്മാര്‍ഥതയും ഉള്ള ജോര്‍ജ് എന്നാല്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ വേട്ടയാടുന്ന ആളാണ്‌.കേസന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് യൂന്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിവരം അറിയുന്നതും കേസന്വേഷണം അയാളിലേക്ക് നീങ്ങുന്നതും.

   എന്നാല്‍ ജോര്‍ജ് ലാമിനെ കാത്തിരുന്നത് നിഗൂഡതകളുടെ ഒരു കലവറ ആയിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങളുടെ ബാധ്യതയോട് ഒപ്പം ഇപ്പോഴത്തെ സംഭവങ്ങളും കൂട്ടി ഇനക്കുകയും വ്യക്തികളെ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് കൊണ്ട് വരുകയും ചെയ്യേണ്ട ഒരു വലിയ പ്രക്രിയ.കേസിന്‍റെ തുമ്പുകള്‍ ഓരോന്നായി അഴിയുമ്പോള്‍ അനാവരണംചെയ്യപ്പെടുന്നത് അപ്രതീക്ഷിതം ആയ കഥകള്‍ ആണ്.ഒരു പക്ഷെ അപസര്‍പ്പക കഥകള്‍ ആണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്ന കഥകള്‍.രഹസ്യങ്ങള്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ ആര്‍ക്കും തോന്നാവുന്ന സാഹചര്യങ്ങള്‍. ജോര്‍ജ് ലാമിന്റെ കേസിന്‍റെ കൂടെ പ്രേക്ഷകന് സഞ്ചരിക്കാം.ഒപ്പം അയാളോടൊപ്പം അത്ഭുതത്തോടെ കാണാവുന്ന അഴിയാക്കുരുക്കുകളുടെയും ആരൊക്കെയോ തയ്യാറാക്കിയ മിഥ്യകളുടെ ലോകത്തിലേക്കും.

  ഹോംഗ് കോംഗ് ചിത്രമായ Nightfall നല്ല ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആണ്.പ്രേക്ഷകന്റെ മുന്നില്‍ ഒരു കഥ അവതരിപ്പിക്കുകയും യാതാര്‍ത്ഥ്യം ഓരോ ഭാഗമായി പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അതിവിദഗ്ധം ആയി അവതരിപ്പിക്കുകയും ചെയ്യുന്നു.ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം ആകുന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് Nightfall.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment