Pages

Sunday, 28 May 2017

750.FRENZY(ENGLISH,1972)

750.FRENZY(ENGLISH,1972),|Crime|Mystery|,Dir:-Alfred Hitchcock,*ing:- Jon Finch, Barry Foster, Barbara Leigh-Hunt .


      മുന്‍ കോപി ആയ റിച്ചാര്‍ഡ് തന്‍റെ സ്വഭാവം കാരണം ജീവിതത്തില്‍ ഏറെ പഴി കേട്ട ആളാണ്‌.അയാളുടെ കുടുംബ ,ഔദ്യോഗിക ജീവിതത്തില്‍ എല്ലാം അയാളുടെ ഈ സ്വഭാവം വിനയായി.പില്‍ക്കാലത്ത് ഏറെ നിഗൂഡത ഉള്ള ഒരു കേസില്‍ പ്രതി ആകാനും അയാളുടെ ഈ സ്വഭാവം കാരണമായി.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് അവതരിപ്പിച്ച Frenzy എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ആണ് റിച്ചാര്‍ഡ് ബ്ലേനി.ബ്രിട്ടനിലെ വ്യോമ സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന റിച്ചാര്‍ഡ് ഒരു ബാറില്‍ ആണ് ജോലി ചെയ്യുന്നത്.അയാളില്‍ നിന്നും വിവാഹ മോചനം നേടിയ ഭാര്യ കൂടി ആയപ്പോള്‍  ജീവിതത്തിലെ ദുരിതം പൂര്‍ണമായി.എന്നാല്‍ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്‌.അപ്രതീക്ഷിതം ആയ ഏതൊരു സംഭവവും ജീവിതത്തെ മാറ്റി മറിക്കാം.എന്നാല്‍ റിച്ചാര്‍ഡിന്റെ കാര്യത്തില്‍ കുറച്ചു ദിവസങ്ങള്‍ താന്‍ ഇത് വരെ അനുഭവിച്ച ജീവിതത്തില്‍ നിന്നും കൂടുതല്‍ ദുരിത പൂര്‍ണം ആകുന്നു.

    കുപ്രസിദ്ധമായ ക്രിസ്റ്റിയുടെ "10 Rillington Place" ലെ കൊലപാതകങ്ങള്‍ക്ക് ശേഷം ഉള്ള കാലഘട്ടം ആണ് ഹിച്ച്കോക്ക് ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തത്."Neck-Tie Murders" എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പരമ്പര കൊലപാതകങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നു.തെളിവുകള്‍ ശാസ്ത്രീയമായ  അവലോകനം ചെയ്യാന്‍ ഉള്ള സാങ്കേതികത വളര്‍ന്നിട്ടില്ലാത്ത കാലഘട്ടം.പീഡനങ്ങള്‍ക്ക് വിധേയയായ ശേഷം ടൈ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുന്ന സ്ത്രീകളുടെ മൃത ദേഹങ്ങള്‍ പോലീസിനു തല വേദന ആയി മാറി.പ്രതിയിലേക്ക് എത്തി ചേരാന്‍ ഉള്ള തെളിവുകളുടെ അഭാവം തന്നെ കാരണം.എന്നാല്‍ റിച്ചാര്‍ഡ് ,തന്‍റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലേക്ക് ഉള്ള യാത്രയില്‍ ആയിരുന്നു.മോഷണം ആരോപിക്കപ്പെട്ട അയാള്‍, ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും പുറത്താക്കപ്പെട്ടൂ.ബാര്‍ മാനേജറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും റിച്ചാര്‍ഡിന്റെ ആരെയും കൂസാത്ത പ്രകൃതവും കൂടി ചേര്‍ന്നപ്പോള്‍ അയാളില്‍ അവിടെ കുറ്റം ആരോപിക്കപ്പെടുകയായിരുന്നു.

   ജോലി നഷ്ടപ്പെട്ട അയാള്‍ തന്‍റെ സുഹൃത്തും വ്യാപാരിയുമായ റസ്ക്കിന്റെ അടുക്കല്‍ പോകുന്നു.അയാള്‍ സഹായം ചെയ്യാന്‍ ഉള്ള മനസ്സ് കാണിച്ചുവെങ്കിലും റിചാര്‍ഡിലെ ദുരഭിമാനി അതിനു വഴങ്ങുന്നില്ല.പിന്നീട് തന്‍റെ മുന്‍ ഭാര്യയുടെ അടുക്കല്‍ പോയ അയാള്‍ അവരുടെ ഓഫീസില്‍ വച്ച് ചെറിയ രീതിയില്‍ വാഗ്വാദങ്ങള്‍ ഉണ്ടാകുന്നു.ഇവിടെയും കാരണം അയാളുടെ മുന്‍ കോപം ആയിരുന്നു.ഭാര്യയുടെ സെക്രട്ടറി ഇതെല്ലം കാണുന്നുമുണ്ടായിരുന്നു.അവര്‍ തമ്മില്‍ പിന്നീട് രമ്യതയില്‍ ആയി. എന്നാല്‍ അടുത്ത ദിവസം അവര്‍ കൊല്ലപ്പെടുമ്പോള്‍ അവരെ കാണാന്‍ കഴിയാതെ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്ന റിച്ചാര്‍ഡിനെ സെക്രട്ടറി കാണുന്നു.തലേ ദിവസത്തെ സംഭവങ്ങളും സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട റിച്ചാര്‍ഡും കൊലപാതകത്തിലെ മുഖ്യ പ്രതിയായി അയാളെ മാറ്റുന്നു.സത്യം മറ്റൊന്ന് ആണെങ്കിലും "തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിയ " ആളായിരുന്നു റിച്ചാര്‍ഡ്.പോലീസില്‍ നിന്നും രക്ഷപ്പെട്ടു തന്‍റെ ഇപ്പോഴത്തെ കാമുകിയുമായി സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിച്ചുവെങ്കിലും കാമുകിയും സമാനമായ രീതിയില്‍ കൊല്ലപ്പെടുന്നു.അയാളില്‍ കുറ്റാരോപിതമായ കൊലപാതകങ്ങള്‍ രണ്ടും നടന്നത് ഒരേ രീതിയില്‍ ആയിരുന്നു.വ്യക്തമായി പറഞ്ഞാല്‍ "Neck-Tie" കൊലപാതകങ്ങളുടെ അതെ രീതിയില്‍.റിച്ചാര്‍ഡ് ആണ് പരമ്പര കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുന്നു.

    കൊലപാതകി മാനസികമായ പ്രശ്നങ്ങള്‍ ഉള്ള ആളാണെന്നുള്ള നിഗമനത്തില്‍ ആയിരുന്നു പോലീസ്.റിച്ചാര്‍ഡ് കടന്നു പോകുന്ന ജീവിതം മതിയായിരുന്നു പോലീസിനു അയാളില്‍ മാനസിക പ്രശ്നങ്ങള്‍ ആരോപിക്കപ്പെടുന്ന കുറ്റവാളി ആകാന്‍.എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യന്‍ ആയ മറ്റൊരാള്‍ ആയിരുന്നു കൊലയാളി.ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ മാന്ത്രിക സ്പര്‍ശം ഇവിടെ ആണ് അവതരിപ്പിക്കപ്പെടുന്നത്.കൊലയാളി ആയ റോബര്‍ട്ട് റസ്ക്കിനെ അയാളുടെ കൊലപാതകം നടത്തുന്ന രംഗവും ആയി അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രേക്ഷകനില്‍ നിഗൂഡത അവശേഷിപ്പിക്കുന്നു.കൊലപാതകങ്ങള്‍ ഒരാളില്‍ ആരോപിക്കപ്പെടുന്നെങ്കിലും യഥാര്‍ത്ഥ കൊലയാളി വിദഗ്ദ്ധമായി രക്ഷപ്പെടുകയും തന്‍റെ ജീവിതം തുടര്‍ന്ന് പോവുകയും ചെയ്യുന്നു.റോബര്‍ട്ട് റസ്ക്കിലേക്ക് പോലീസ് എത്തി ചേരുന്നത് ചെറിയ സംശയങ്ങളുടെ പേരില്‍ ആയിരുന്നു."ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌" എന്ന് കരുതുന്ന ഓക്സ്ഫോര്‍ഡ് എന്ന അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയ സംശയങ്ങളില്‍ ആയിരുന്നു.ഈ സമയം കൊലപാതകി ആരാണെന്നു മനസ്സിലായ റിച്ചാര്‍ഡ് പോലീസ് വലയത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നു.കുറ്റാരോപിതനും യഥാര്‍ത്ഥ കൊലയാളിയും തമ്മില്‍ ഉള്ള അന്തരം എത്രത്തോളം കുറയുന്നു എന്ന് ബാക്കി ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

  ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് സിനിമകള്‍ തലമുറകളെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നു.അവാച്യമായ പുതുമ ഓരോ സിനിമയിലും അനുഭവപ്പെടാറുണ്ട്.സാമാന്യ യുക്തിയിലേക്ക് എത്തി ചേരാന്‍ അവതരിപ്പിക്കപ്പെടുന്ന അസാധാരണമായ സംഭവങ്ങള്‍ ഒരുക്കിയിട്ടുള്ള അവതരണ രീതി അദ്ദേഹത്തിന്റെ ചിത്രങ്ങളെ എക്കാലവും സമാനമായ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ക്ക് റഫറന്‍സ് ആയി മാറുന്നു എന്ന് നിസംശയം പറയാം.കാഴ്ചകളിലൂടെ ലഭിക്കുന്ന ക്രൈം  സിനിമയുടെ ത്രില്‍,അത് അനുഭവിച്ചു തന്നെ അറിയണം.Frenzy അത്തരം ഒന്നാണ്.പ്രേക്ഷകന് കാഴ്ച്ചയുടെ നിഗൂഡത നല്‍കുന്ന ഒന്ന്.


  More movie suggestions @www.movieholicviews.blogspot.ca

Tuesday, 23 May 2017

749.THE BOSTON STRANGLER(ENGLISH,1968)


749.THE BOSTON STRANGLER(ENGLISH,1968),|Crime|Drama|,Dir:- Richard Fleischer,*ing:-Tony Curtis, Henry Fonda, George Kennedy.

"It wasn't as dark and scary as it sounds.I had a lotto fun...Killing somebody's a funny experience"

    -Albert Desalvo (The Boston Strangler)

    വളരെയധികം ദുരൂഹമായ ഒരു കൊലപാതക പരമ്പര ആയിരുന്നു '60 കളിൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന 13 സ്ത്രീകളുടെ മരണം.ജൂണ് 14,1962 നും ജനുവരി 4,1964 നും ഇടയിൽ നടന്ന കൊലപാതക പരമ്പര വർഷങ്ങൾക്കു ശേഷവും അന്വേഷണ വിധേയം ആയി മാറുകയുണ്ടായി;വ്യത്യസ്തമായ കണ്ടെത്തലുകളിലൂടെ.കൊലപാതകങ്ങൾ നടത്തിയ രീതികൾ സാദൃശ്യം പുലർത്തിയിരുന്നു.അതു കൊണ്ട് തന്നെ കേസിന്റെ തുടക്കം ഒരാൾ തന്നെ ആണ് ബോസ്റ്റണിലെ കൊലപാതകി എന്നു പോലീസ് വിധി എഴുതി.പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ ഒരേ രീതിയിൽ ഉള്ള കുരുക്കുകൾ കൊണ്ടു ബന്ധിപ്പിക്കപ്പെട്ടത്തിനു ശേഷം കൊലപ്പെടുത്തുക ആയിരുന്നു.

      മരണപ്പെട്ടവർ 19 നും 85 നും ഇടയ്ക്കു പ്രായം ഉള്ളവർ ആയിരുന്നു.ഒരിക്കലും ബലം പ്രയോഗിച്ചു ഒരാൾ കൊല്ലപ്പെട്ട സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്തു കടന്നു കയറിയത് എന്നു പൊലീസിന് മനസ്സിലായി.രണ്ടു കാരണങ്ങൾ ആയിരുന്നു പോലീസ്  അതിനു വിശദീകരണം ആയി നൽകിയത്.

1.മരണപ്പെട്ടവർക്കു പരിചയം ഉള്ള ആൾ കൊലപാതകി ആകാൻ ഉള്ള സാധ്യത.

2.മരണപ്പെട്ടവരെ ഏതെങ്കിലും രീതിയിൽ വിശ്വസിപ്പിച്ചു അകത്തു കയറിയ ആൾ.ഉദാ:കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ വന്ന ആൾ.

      ശാസ്ത്രീയമായ അവലോകനം കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നത്ര സാങ്കേതിക വളർച്ച അന്ന് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ കേസന്വേഷണം കൂടുതൽ സങ്കീർണവും ആയിരുന്നു.പോലീസ് പ്രതികൾ എന്നു സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം തുടങ്ങി.സമാനമായ കേസുകളിൽ പണ്ട് ഉൾപ്പെട്ട ആളുകൾ ആയിരുന്നു പലരും.എന്നാലും ഇരുട്ടിൽ തപ്പുന്ന പോലീസ് ജനങ്ങളുടെ ഇടയിൽ ഉള്ള ഭീതി കൂട്ടി.പലരും തങ്ങളെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞുള്ള ഫോണ് വിളികൾ കൊണ്ടു പോലീസിനെ കൂടുതൽ കുഴപ്പിച്ചൂ.

  ബോസ്റ്റണിലെ കൊലയാളിയെ കണ്ടെത്താൻ പുതിയ സ്‌ക്വാഡ് വരെ രൂപീകരിച്ചൂ.കേസന്വേഷണത്തിൽ വഴി മുട്ടി പോലീസ് നിൽക്കുന്ന സമയം ഹർക്കോസ് എന്ന സൈക്കിക്കിനെ അന്വേഷണത്തിൽ സഹായിക്കാൻ സമീപിച്ചത് ഒക്കെ പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു.കൊലയാളിയെ സംബന്ധിച്ചു ഒരു ചെറു സൂചന എങ്കിലും ലഭിക്കാൻ വേണ്ടി ഏതു അറ്റം വരെ പോകാനും അവർ തയ്യാറും ആയിരുന്നു.എന്നാൽ ആകസ്മികം ആയി ആൽബർട്ട് ഡെസൾവോ ആണ് ബോസ്റ്റണിലെ കൊലയാളി എന്നു പൊലീസിന് വിവരം ലഭിക്കുന്നു.പിടിയിൽ ആയെങ്കിലും തുടക്കത്തിൽ അയാളിൽ നിന്നും ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.കുടുംബസ്ഥൻ ആയ ആൽബർട്ട് ഇത്തരം കൃത്യങ്ങളിൽ പ്രതി ആകും എന്നു അയാളെ അറിയാവുന്ന ആരും വിശ്വാസിച്ചിരുന്നുമില്ല.സിനിമ റിലീസ് ആയ സമയത്തെ വിവരങ്ങൾ പ്രകാരം അയാൾ തന്റെ കുറ്റ കൃത്യങ്ങൾ ഏറ്റു പറയുന്നതായും പിന്നീട് അയാളുടെ ചെയ്തികൾ മാനസിക നിലയിൽ ഉള്ള വ്യതിയാനം ആയാനും അവതരിപ്പിക്കുന്നത്."മൾട്ടിപ്പിൾ പേഴ്സണലിറ്റി ഡിസോർഡർ" ആണ് ഇവിടെ രോഗ കാരണം.ഈ കാരണങ്ങളാൽ അയാളെ കൂടുതൽ മനോരോഗ ചികിത്സയ്ക്കായി അയക്കുന്നതായി ചിത്രം ക്ളൈമാക്സിൽ അവതരിപ്പിക്കുന്നു.

  സാധാരണ ഇത്തരം നടന്ന സംഭവങ്ങൾ അവതരിപ്പിക്കുന്ന സിനിമകളിൽ നിന്നും വിഭിന്നമായി ഒരു ഡോക്യൂ-സിനിമ നിലവാരത്തിൽ നിന്നും വാണിജ്യ ചേരുവകൾ കൂടി ഉൾപ്പെടുത്തി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഹെൻറി ഫോണ്ടാ,ടോണി കുർട്ടീസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചൂ.Neo-noir രീതിയിൽ ഉള്ള അവതരണ ശൈലി ചിത്രത്തിന് ആസ്വാദ്യകരമായ ഒരു രൂപം നൽകുന്നുണ്ട്.

"സിനിമയ്ക്കപ്പുറം ബോസ്റ്റണിലെ കൊലപാതകി"

  എന്നാൽ സിനിമ അവസാനിച്ചതിൽ നിന്നും കേസ് പിന്നീടുള്ള വർഷങ്ങളിൽ വളരെയധികം മുന്നോട്ടു പോയി.പല അനുമാനങ്ങളും കടന്നു വന്നൂ.ഡസൾവോ പിന്നീട് തടവറയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടിയിലായി.ജയിലിൽ വച്ചു തന്നെ അയാൾ കുത്തി കൊല്ലപ്പെട്ടൂ.കൊലപാതകിയെ കണ്ടെത്താൻ കഴിഞ്ഞും ഇല്ല.2013 ൽ ഡെസൾവോയുടെ ഡി എൻ ഏ ബന്ധുവിന്റെ സാമ്പിളും മരണപ്പെട്ടവരിൽ നിന്നും ലഭിച്ചവയും വച്ചു താരതമ്യം നടത്തിയപ്പോൾ പൂർണമായും അതു അയാളുടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.ജീവിതത്തിൽ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കാൻ വേണ്ടി അയാൾ സ്വയം കൊലപാതക കുറ്റം ഏറ്റെടുക്കുക ആയിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടൂ.കൊലപാതകികൾ ഒന്നിൽ കൂടുതൽ കാണും എന്നുള്ള അഭിപ്രായവും ശക്തപ്പെട്ടൂ.കാരണം അവസാന കൊലപാതകങ്ങളുടെ Modus Operandi വ്യത്യസ്തമായിരുന്നു എന്നതായിരുന്നു ഒരു വാദം.കേസിൽ നിർണായകം ആയർക്കാവുന്ന പല കാര്യങ്ങളും പിന്നീട് ആണ് ലഭിച്ചത് എന്നത് കൊണ്ട് തന്നെ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ച വസ്തുതകളെ  "ഫിക്ഷൻ" വിഭാഗത്തിൽ ഉള്ള ഒരു കഥ വായിച്ച ലാഘവത്തോടെ കാണാൻ മാത്രമേ സാധിക്കൂ.

More movie suggestions @www.movieholicviews.blogspot.ca

Friday, 12 May 2017

748.THE UNKNOWN GIRL(FRENCH,2016)



748.THE UNKNOWN GIRL(FRENCH,2016),|Crime|Mystery|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Adèle Haenel, Olivier Bonnaud, Jérémie Renier

    Dardenne  Brothers എന്നത്തേയും പോലെ കഥയെഴുതി സംവിധാനം ചെയ്ത ബെല്ജിയൻ-ഫ്രഞ്ച് ചിത്രമാണ് The Unknown Girl.ചിത്രം അവതരിപ്പിക്കുന്ന കഥ ഒരു പക്ഷെ മറ്റൊരു തരത്തിൽ സജ്ജീകരിച്ച ശേഷം crime/mystery genre ൽ ഉള്ള ചിത്രം ആക്കാൻ ഉള്ള സാധ്യതകൾ ഏറെ ആയിരുന്നു.എന്നാൽ Dardenne സഹോദരന്മാർ പ്രേക്ഷകനോട് പറയാൻ ശ്രമിച്ചത് അതിലും ഗൗരവ പൂർണമായ മറ്റൊരു വിഷയം ആയിരുന്നു.

    ലോകത്തിലെവിടെയും ഇന്നത്തെ സാഹചര്യത്തിൽ കണ്ടു വരുന്ന അനധികൃത കുടിയേറ്റം,ക്രൈം സിന്ഡിക്കേറ്റുകൾ,തൊഴിലില്ലായ്മ,ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയവ എല്ലാം ഇവിടെ പരാമർശിക്കപ്പെടുന്നു.ഇനി സിനിമയുടെ കഥയിലേക്ക്.ജെന്നി എന്ന യുവ ഡോക്റ്റർ അന്ന് രാത്രി ക്ളീനിക് അടച്ചതിനു ശേഷം intercom ൽ സഹായത്തിനായി അഭ്യർത്ഥിച്ച യുവതിയെ കാര്യമായി എടുക്കുന്നില്ല.പിറ്റേന്ന് മ്യൂസ്‌ നദിയുടെ സമീപം കണ്ടെത്തിയ മൃതദേഹം ജെന്നിയോട് സഹായം അഭ്യർത്ഥിച്ച യുവതിയുടെ ആണെന്ന് പോലീസ് അന്വേഷണത്തിൽ മനസിലായപ്പോൾ അവൾക്കു ഉണ്ടായ ദുഃഖത്തേക്കാൾ ഉപരി കുറ്റബോധത്തിന്റെയും കൂടി ആയിരുന്നു.

  ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആ യുവതിയുടെ പിന്നിൽ ഉള്ള കഥ അറിയാൻ അവൾ ശ്രമം തുടങ്ങുന്നു.ഒരു പക്ഷെ കുറ്റബോധത്തിൽ നിന്നും ഉടലെടുത്ത ചിന്തകൾ ആയിരിക്കാം അന്നവൾ എന്തിനാണ് തന്നോട് സഹായം അഭ്യര്ഥിച്ചത് എന്നുള്ളത് കണ്ടു പിടിക്കാൻ ഉള്ള ത്വര ഉണ്ടാക്കിയത്.ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള സ്വഭാവം മാറിയത് ഇവിടെ ആയിരുന്നു.

    ജെന്നിയുടെ അന്വേഷണം അവളെ കൊണ്ടെത്തിക്കുന്നത് തീരെ പരിചിതം അല്ലാത്ത ഒരു ഇരുണ്ട ലോകത്തിൽ ആയിരുന്നു.എന്നാൽ സിനിമകളിൽ ഉള്ള സ്ഥിരം നാടകീയതകൾ മാറ്റി വച്ചു reality ക്കു പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുന്നുണ്ട് .പതിഞ്ഞ താളത്തിൽ പോകുന്ന ഒരു ചിത്രം ആയി മാറാൻ ഉള്ള മുഖ്യ കാരണം മേൽപ്പറഞ്ഞത് ആയിരിക്കും.എന്നാൽക്കൂടി എന്തിനാണ് അവൾ അന്ന് രാത്രി സഹായം അഭ്യർഥിച്ചു ജെന്നിയുടെ വാതിൽക്കൽ വന്നത്‌ എന്നുള്ള ചോദ്യം പ്രേക്ഷകനെയും അലട്ടുന്ന വിഷയം ആക്കി മാറ്റുന്നുണ്ട്.അവിടെയാണ് വ്യത്യസ്തം ആയ രീതിയുടെ ഒരു effect ഉണ്ടാകുന്നത്.ഒരു പക്ഷെ അന്വേഷണം വേറെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിൽ അവതരിപ്പിച്ചിരുന്നെങ്കിൽ കഥയുടെ സ്വഭാവം തന്നെ മാറിയേനെ!!

More movie suggestions @www.movieholicviews.blogspot.ca

747.DAGLICHT(DUTCH,2013)





747.DAGLICHT(DUTCH,2013),|Mystery|Thriller|,Dir:-Diederik Van Rooijen,*ing:-Derek de Lint, Fedja van Huêt, Maartje van de Wetering

       മരിയോൻ പോയുടെ നോവലിനെ  ആസ്പദമാക്കി അവതരിപ്പിച്ച ഡച്ച് ചിത്രമാണ് Daglicht.താൻ കണ്മുന്നിൽ കണ്ട ജീവിതം അല്ല പലരും മെനഞ്ഞെടുത്ത ഒരു മായിക ലോകം ആയിരുന്നു താൻ ഇതു വരെ ജീവിച്ച ജീവിതം എന്നു ഐറിസ് മനസ്സിലാക്കുന്നത് അവളുടെ മകന്റെ രോഗാവസ്ഥയുടെ സമയത്താണ്.ഐറിസ് പ്രശസ്തയും പ്രഗത്ഭയുമായ ഒരു അഭിഭാഷകയാണ്.ഒരു വലിയ Law Firm ൽ ജോലി ചെയ്യുന്നു.

   ധനികനായ ബിസിനസ്സ് കുടുംബത്തിലർ മകന്റെ ഒരു "കുസൃതി" നിയമത്തിന്റെ മുന്നിൽ അയാളെ കുറ്റവാളി ആക്കിയപ്പോൾ അയാൾക്ക്‌ വേണ്ടി കോടതിയിൽ വാദിക്കാൻ ഐറിസ് നിയോഗപ്പെടുന്നു.തന്റെ ദാമ്പത്യ ജീവിതത്തിലെ തകർച്ചയും മകന്റെ രോഗവും അവരെ തളർത്തിയ സമയം ആയിരുന്നു അത്.ഐറിസ് തന്റെ തിരക്കുകൾക്കിടയിൽ മകനെ നോക്കാനായി തന്റെ അമ്മയെ സമീപിക്കുന്നു.ഒരു പക്ഷെ ജീവിതത്തിൽ ,താൻ യഥാർത്ഥത്തിൽ ആരാണ് എന്നുള്ള ഐറീസിന്റെ കണ്ടെത്തലുകൾ അവിടെ ആരംഭിക്കുന്നു.

   ഈ അവസരത്തിൽ ആണ് അവൾ ആദ്യമായി ആ രഹസ്യത്തിന്റെ ഒരു അറ്റം അറിയുന്നത്.ഐറിസിന്റെ മൂത്ത സഹോദരനെ പോലെ ആണ് അവളുടെ മകനും എന്ന വീട്ടിൽ വന്ന ആളുടെ സംസാരം ഐറീസിനെ കുഴപ്പിച്ചൂ.കാരണം,അവളുടെ ഓർമയിൽ അങ്ങനെ ഒരു സഹോദരൻ അവർക്കില്ല.അതു കൊണ്ടു തന്നെ അജ്ഞാതനായ തന്റെ ആഹോദരനെ കണ്ടെത്താൻ ഉള്ള ശ്രമം അവൾ ആരംഭിക്കുന്നു.

  ചിത്രത്തിന്റെ മുഖ്യ കഥ ഇവിടെ നിന്നും തുടങ്ങുന്നു.ചില കുടുംബങ്ങളിൽ കാണും ഇത്തരം കഥകൾ.ഒരു പക്ഷെ നല്ലതിന് വേണ്ടി മറച്ചു വയ്‌ക്കേണ്ട കഥകൾ.പ്രേക്ഷകനെ ത്രസിപിപ്പിക്കുന്ന സസ്പെൻസുകളും തിരിച്ചറിവുകളും ആണ് പിന്നീട് ചിത്രം മുഴുവൻ.താൻ ആരാണെന്നുള്ള ഐറീസിന്റെ കണ്ടെത്തലുകൾ പ്രേക്ഷകനും ആസ്വാദ്യകരമാകും.


www.movieholicviews.blogspot.ca

Thursday, 11 May 2017

745.WILL YOU BE THERE(KOREAN,2016)

745.WILL YOU BE THERE(KOREAN,2016),|Fantasy|Mystery|Romance|,Dir:-Ji Yeong Hong,*ing:-Kim Yun Seok,Byun Yo-Han,Park Hye Soo.

  കഴിഞ്ഞ കാലങ്ങളിലെ ഓർമകൾ ചിലപ്പോഴെങ്കിലും നൊമ്പരങ്ങൾ ആയി മാറാറുണ്ട്.പ്രത്യേകിച്ചും നഷ്ടങ്ങൾ.ഓർമകൾ അവയെ എന്നും താലോലിക്കുന്നതായി തോന്നും.ഒരു പക്ഷെ നഷ്ടങ്ങളുടെ വിലയായി ജീവിച്ചു തീർക്കേണ്ട ജീവിതം മാറ്റി എഴുതാൻ കഴിഞ്ഞാലോ?കെടുതികൾ ബാക്കിയാക്കിയ മനുഷ്യ ജീവിതങ്ങൾക്ക് വില കൽപ്പിച്ച സൂ ഹ്യൂൻ എന്ന പൊലീസ് സർജന് ആ അവസരം ഒരിക്കൽ അപ്രതീക്ഷിതം ആയി ലഭിച്ചൂ.അയാളിലെ മനുഷ്യ സ്നേഹി ചിലർക്ക് താങ്ങായത്തിന്റെ പ്രതിഫലം ആയിരുന്നു നഷ്ടമായത് തിരികെ ലഭിക്കാൻ ഉള്ള ആ അവസരം.

   ദുരൂഹതകൾ ഏറെയുള്ള ആ വൃദ്ധനിൽ നിന്നും ലഭിച്ച 10 ഗുളികകൾ അയാൾ ഏറെ ഇഷ്ടപ്പെട്ട അയാളുടെ ഭൂതകാലത്തിൽ എത്തിക്കുന്നു.ആദ്യം അയാൾ ഭയന്നെങ്കിലും തന്റെ നഷ്ടപ്പെട്ട പ്രണയിനിയെ ,അയാളുടെ യൗവന കാലത്തു കണ്ടു മുട്ടുമ്പോൾ അവളോട്‌ ഒപ്പം സ്വപ്നത്തിൽ എന്ന പോലെ അൽപ്പ നേരം ചിലവഴിക്കണം എന്നു മാത്രമേ കരുതിയിരുന്നുള്ളൂ.തന്റെ മുന്നിൽ നിൽക്കുന്ന പ്രായമേറിയ സ്വന്തം പതിപ്പിനെ മനസ്സിലാകാതെ സംശയത്തോടെ നോക്കി കാണുന്ന യുവാവിനെ മുൻ നിർത്തി താൻ പിൽക്കാലത്തു അനുഭവിച്ച നഷ്ടങ്ങളുടെ ആഴം കുറയ്ക്കാം എന്നു അയാൾ  മനസ്സിലാക്കുന്നു.എന്നാൽ സൂ ഹ്യൂനു പ്രതിബന്ധങ്ങൾ ഏറെ ആണ്.പ്രത്യേകിച്ചും എണ്ണപ്പെട്ടു കഴിഞ്ഞ തന്റെ ദിവസങ്ങൾ ,ഒപ്പം ചെറിയ മാറ്റങ്ങൾ പോലും കാലങ്ങൾ കടന്നുള്ള ഈ യാത്രയിൽ ദോഷകരം ആയി മാറുകയും ചെയ്യാം എന്നുള്ള അറിവും. Trial and Error രീതിക്ക് വളരെയധികം സാധ്യതകൾ ഉണ്ടിവിടെ.

   Guillaume Musso യുടെ ഫ്രഞ്ച് നോവൽ ആയ "Seras Tu La" യെ ആസ്പദം ആക്കി അവതരിപ്പിച്ചിരിക്കുന്ന ഈ "ടൈം ട്രാവൽ" ചിത്രം അധികം സങ്കീർണതകൾ ഇല്ലാതെ മനോഹരമായി എടുത്ത പ്രണയത്തിന് കൂടി പ്രാധാന്യം ഉള്ള ചിത്രമാണ്.ഭൂതകാലത്തിൽ ഉള്ള കഥാപാത്രങ്ങൾ പലപ്പോഴും രസകരം ആയിരുന്നു.ഒരാളുടെ ഇപ്പോഴത്തെ ജീവിതത്തിൽ നിന്നും സുന്ദരമായ അയാളുടെ തന്നെ ഓർമകൾ ഒക്കെ ചിത്രത്തിന് കൂടുതൽ നിറമേകി.ടൈം ട്രാവൽ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്കു കൊറിയൻ സിനിമയുടെ പുതിയ താരങ്ങൾ പഴയ കാലവും പഴയ താരങ്ങൾ പുതിയ ലോകവും അവതരിപ്പിക്കുന്ന ചിത്രം ഈ ചിത്രം ഇഷ്ടം ആകാൻ സാധ്യത ഏറെയാണ്.

More movie suggestions @www.movieholicviews.blogspot.ca

746.LUCK KEY(KOREAN,2016)




746.LUCK KEY(KOREAN,2016),|Comedy|Action|,Dir:-Lee Gae Byok,*ing:-Yoo Hae Jin,Lee Joon,Jo Yoon Hee..



   ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും,പിന്നീട് അപ്രതീക്ഷിതമായി ലഭിക്കുന്ന വലിയ അവസരങ്ങളിലൂടെ തരപരിവേഷം ലഭിച്ച ഒരു പിടി താരങ്ങളെ സിനിമ ലോകത്തു കാണാൻ സാധിക്കും സിനിമ എന്ന മായിക ലോകത്തിന്റെ പ്രത്യേകതയും അതാണ്.ഒരു പക്ഷെ ശരിയായ സമയത്തു ലഭിക്കുന്ന അവസരങ്ങളും കഴിവ് പ്രകടിപ്പിക്കാൻ ഉള്ള സന്ദർഭവും തലവര മാറ്റി എഴുതുന്ന അത്ഭുത ലോകം.

  സിനിമയോടുള്ള അഭിനിവേശം യൂ ഹേ ജിന്നിനെ എല്ലാവരെയും പോലെ കൊണ്ടെത്തിച്ചത് അഭിനയം പഠിക്കാൻ ഉള്ള കോളേജുകളുടെ പടിവാതിൽക്കൽ.എന്നാൽ ഒരു സിനിമ നടൻ ആകാൻ ഉള്ള ആകാര ഭംഗി ഇല്ല എന്ന കാരണത്താൽ 2 പ്രാവശ്യം തഴയപ്പെട്ടൂ.എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറാതെ ശ്രമങ്ങളിലൂടെ അവസാനം കോളേജിൽ ചേരുന്നു.പിന്നീട് ലഭിച്ച അപ്രധാന വേഷങ്ങൾ പിന്നീട് വരാൻ ഇരുന്ന ചെറിയ റോളുകളുടെ തുടക്കമായിരുന്നു.പിന്നീട് മികച്ച ഒരു സ്വഭാവ നടൻ എന്ന ലേബലിൽ നിന്നും നായകൻ ആയി ഒരു സിനിമ വിജയിപ്പിക്കുക എന്ന ഒരു വലിയ പരിണാമത്തിലൂടെ ആണ് അയാൾ കടന്നു പോയത്.ശരിക്കും സിനിമയിലെ അതിഭാവുകത്വം ജീവിതത്തിൽ സംഭവിച്ച നടൻ.അതു സംഭവിച്ചത് ജാപ്പനീസ് വിജയ  ചിത്രം ആയ Key of Life ന്റെ കൊറിയൻ റീമേക്കിലൂടെ.

  ആകസ്മികമായി സ്വന്തം ജീവിതങ്ങൾ പരസ്പരം മാറ്റപ്പെടുന്ന രണ്ടു പേരുടെ കഥയാണ് Luck Key അവതരിപ്പിക്കുന്നത്.ഒരു അഭിനേതാവ് ആകാൻ ആഗ്രഹിക്കുന്ന ജെ സൂങ്,അപകടകാരി ആയ വാടക കൊലയാളി  ഹ്യൂംഗ് വൂക്കിന്റെ ജീവിതം ജീവിക്കുന്നു.തിരിച്ചു എല്ലാം മറന്നു പോയ ഹ്യൂംഗ് വൂക്കിന്റെ ജീവിതം ഏറ്റെടുക്കുന്നു.സർവ സുഖങ്ങളിലും കഴിഞ്ഞ,ആളുകൾ ഭയപ്പെടുന്ന ഒരാളും ,തന്റെ ലക്ഷ്യങ്ങൾ നിറവേരൻ സാധിക്കാതെ ആത്മഹത്യ ചെയ്യാൻ പോയ ഒരാളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സങ്കീർണതകൾ നിറഞ്ഞ സംഭവങ്ങൾ ആണ് Luck Keyയുടെ ബാക്കി ഉള്ള കഥ.

  കൊമേർഷ്യൽ ചേരുവകൾ കൂട്ടിയിണക്കിയ ഈ ചിത്രം മികച്ച ഹാസ്യ രംഗങ്ങളാൽ സമ്പന്നമാണ്.മികച്ച വിജയ ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ച ഈ ചിത്രം കഥാപാരമായി പുതുമകൾ അധികം ഇല്ലെങ്കിലും അവതരണ - അഭിനയ മികവുകൾ കാരണം ആണ് ശ്രദ്ധേയമായത്.ഏതു ഭാഷയിൽ അവലംബിക്കാൻ കഴിയുന്ന കഥാ ശൈലി പരിചിതമായ ഭാഷ സിനിമ കാണുന്നു എന്ന പ്രതീതി ആണ് ഉളവാക്കുന്നത്.കൊറിയൻ സിനിമകളിലെ മികച്ച കോമഡി സിനിമകളിൽ ഒന്നായി ഈ ചിത്രം മാറുന്നതിനു ഇതെല്ലാം ആകാം കാരണം..



More movie suggestions @www.movieholicviews.blogspot.ca
 

Tuesday, 9 May 2017

744.Le VAMPIRE De DUSSELDORF(FRENCH,1965)

744.Le VAMPIRE De DUSSELDORF(FRENCH,1965),|Crime|Drama|,DIr:-Robert Hossein,*ing:-Robert Hossein, Marie-France Pisier, Roger Dutoit


   "Tell me, after my head has been chopped off will I still be able to hear; at least for a moment, the sound of my own blood gushing from the stump of my neck?"

   തന്‍റെ തല അറുത്തു മാറ്റിയുള്ള വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ പീറ്റര്‍ കൂര്‍ട്ടന്‍ ജയിലിലെ മനശാസ്ത്രജ്ഞനോട് ചോദിച്ച ചോദ്യമാണ്.ബ്ലേഡ് കഴുത്തില്‍ കൊള്ളുന്ന അല്‍പ്പ സമയത്തേക്ക് ചെവിയും തലച്ചോറും പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം മറുപടി നല്‍കി.പീറ്റര്‍ അപ്പോള്‍ പറഞ്ഞൂ "That would be the pleasure to end all pleasures".അതെ,രക്തദാഹി ആയിരുന്നു പീറ്റര്‍.തന്‍റെ ഇരകളുടെ രക്തം രുചിച്ചു നോക്കാന്‍ പോലും അയാള്‍ ശ്രമിച്ചിരുന്നു.ഡിസല്ടോര്ഫ് എന്ന  ജർമൻ  പട്ടണത്തെ തന്റെ വിളനിലം ആക്കിയ രക്തദാഹിയുടെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് ക്യാമറ തിരിച്ചിരിക്കുകയാണ്  "റോബര്‍ട്ട് ഹൊസൈന്‍" സംവിധാനത്തിനോടൊപ്പം കഥയെഴുതി മുഖ്യ കഥാപാത്രം ആയ പീറ്റര്‍ കൂര്‍ട്ടനെ അവതരിപ്പിച്ച "Le Vampire De Dusseldorf" എന്ന ഫ്രഞ്ച് ചിത്രത്തില്‍.


   സിനിമയിലേക്ക് കടക്കും മുന്‍പ് പീറ്റര്‍ കൂര്‍ട്ടന്‍ എന്ന കൊലപാതാകിയെ കുറിച്ച്.പീറ്ററിലെ രക്തദാഹിയുടെ വിത്ത് പാകിയത്‌ അയാളുടെ വീട്ടില്‍ നിന്ന് തന്നെ ആയിരുന്നു എന്ന് പറഞ്ഞാല്‍ തീരെ അതിശയോക്തി ആകില്ല.പതിമൂന്നു മക്കളില്‍ ഒരാളായി ജനിച്ച പീറ്ററിന്റെ വീട്ടില്‍ സ്ഥിരം അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നു.ലൈംഗിക വൈകൃതങ്ങളില്‍ തല്‍പ്പരന്‍ ആയ സ്വപിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയതാകാം അയാളുടെ ചെയ്തികള്‍ക്ക് ഉള്ള പ്രചോദനം.സ്വന്തം മകളെ പീഡിപ്പിച്ച കുറ്റത്തിന് അയാള്‍ പിടിയിലാവുകയും ഭര്‍ത്താവില്‍ നിന്നും  വിവാഹ മോചനം നേടിയ പീറ്ററിന്റെ അമ്മ ഡിസൾഡോർഫിലേക്കു പുന:വിവാഹിത ആയി വരുകയാണ് ഉണ്ടായത്.എന്നാല്‍ പീറ്ററിന്റെ ഉള്ളിലെ കൊലപാതകി വളരെ ചെറുപ്പത്തില്‍ തന്നെ ജനിച്ചിരുന്നു.കുട്ടിക്കാലത്ത് തന്നെ തന്‍റെ രണ്ടു സഹപാഠികളെ അയാള്‍ വെള്ളത്തില്‍ മുക്കി കൊന്നെങ്കിലും അത് അപകട മരണം ആയി കേസ് അവസാനിപ്പിക്കുക ആണ് ഉണ്ടായത്.പലപ്പോഴായി സ്ത്രീകളെയും കൊച്ചു പെണ്‍ക്കുട്ടികളെയും ഇരയാക്കിയ അയാള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരെയും കൊല്ലപ്പെടുത്തിയിട്ടുണ്ട്.

    ജർമൻ ഹിറ്റ്ലര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകളെ പീഡിപ്പിച്ചു കത്തി കൊണ്ട് കുത്തി കൊല്ലപ്പെടുതുന്ന കൊലപാതകിയെ പിടിക്കൂടാന്‍ ഉള്ള ശ്രമങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു.ഇടക്കാലത്ത് സൈനിക സേവനം അനുഷ്ഠിച്ച പീറ്റര്‍ പിന്നീട് ഒരു ഫാക്റ്ററിയില്‍ അലസനായ തൊഴിലാളി ആയി ആണ് കഴിഞ്ഞിരുന്നത്.അയാളുടെ ജീവിതത്തിലെ ആ കാലഘട്ടം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.ബാറിലെ നര്‍ത്തകി ആയ അന്നയോട്‌ അയാള്‍ക്ക്‌ പ്രണയം തോന്നിയിരുന്നു.മറ്റു പെണ്‍ക്കുട്ടികളെ അയാള്‍ തന്‍റെ സംസാരത്തിലൂടെയും മാന്യമായ പെരുമാറ്റത്തിലൂടെയും ആകര്‍ഷിച്ച അയാള്‍ക്ക്‌ പക്ഷെ അന്നയെ ഒരിക്കലും ഒരു ഇര ആയി കാണാന്‍ കഴിഞ്ഞിരുന്നില്ല.തന്നെ തിരിച്ചറിയാന്‍ തക്ക വിധത്തില്‍ സാക്ഷി ആയി മാറിയേക്കാവുന്ന സ്ത്രീയെ പോലും അയാള്‍ പോലീസിനെ മുന്‍ക്കൂട്ടി അറിയിച്ചതിനു ശേഷം വിദഗ്ധമായി കൊല്ലപ്പെടുത്തി.

  അയാളുടെ രീതി അതായിരുന്നു.തന്‍റെ ഇരയെ കുറിച്ച് പോലീസില്‍ അറിയിക്കും.എല്ലായ്പ്പോഴും പോലീസ് എത്തുമ്പോഴേക്കും അയാള്‍ കൃത്യം നിര്‍വഹിച്ചതിന് ശേഷം മടങ്ങിയിട്ടുണ്ടാകും.അയാളുടെ ഇരകള്‍ ആയ സ്ത്രീകളുടെ രീതികള്‍ അവലംബിച്ച് മഫ്തിയില്‍ കൊലയാളിയെ പിടിക്കൂടാന്‍ ആയി വന്ന പോലീസുകാരിയെ പോലും അയാള്‍ കൊലപ്പെടുത്തുന്നു.ആര്‍സന്‍ ഉപയോഗിച്ചുള്ള തീപിടുത്തം അയാള്‍ ആസ്വദിച്ചിരുന്നു.പലപ്പോഴും അതില്‍ ഇരകള്‍ ആകുന്നവരുടെ വേദന അയാള്‍ ആസ്വദിച്ചിരുന്നു എന്ന് പറയാം.ഈ ചെയ്തികളുടെ എല്ലാം ഇടയില്‍ തന്‍റെ ഭാര്യ ആയ ഫ്രോ കൂര്‍ട്ടനോട് അയാള്‍ ഒരു പ്രത്യേക സ്നേഹം കരുതി വച്ചിരുന്നു.താന്‍ പിടിയില്‍ ആകും എന്ന് തോന്നിയ സമയം അയാള്‍ അവരോടു തന്‍റെ കുറ്റങ്ങള്‍ ഏറ്റു പറയുകയും പോലീസിനോട് അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പറയുന്നു.അത് വഴി അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആള്‍ക്ക് ലഭിക്കുന്ന പാരിതോഷികം അവര്‍ക്ക് ലഭിക്കും എന്ന് കണക്കു കൂട്ടുന്നു.അവസാനം അയാള്‍ നേരത്തെ പറഞ്ഞത് പോലെ ഭാര്യ പോലീസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും ഒരു പള്ളിയില്‍ വച്ച് ശാന്തന്‍ ആയി കീഴടങ്ങുകയും ചെയ്യുന്നു. സിനിമ ഈ ഭാഗത്തിലേക്ക് പോകുന്നില്ല.പിടിയിലായപ്പോള്‍ അയാള്‍ ഒമ്പത് കൊലപാതകങ്ങള്‍ക്കും ഏഴു കൊലപാതക ശ്രമങ്ങള്‍ക്കും കേസ് ചുമത്തപ്പെട്ടൂ.എന്നാല്‍ 79 കുറ്റകൃത്യങ്ങള്‍ അയാള്‍ നടത്തിയതായി അവകാശപ്പെട്ടു.കൂടുതലും കൊലപാതകങ്ങള്‍!!

   പരമ്പര കൊലയാളികളെ ആസ്പദം ആക്കിയുള്ള ചിത്രങ്ങള്‍ പലപ്പോഴും അവരുടെ കൃത്യങ്ങളിലേക്ക് അധികം കടന്നു ചെല്ലുന്നതിനു പകരം വൈകാരികം ആയ അവരുടെ വശങ്ങളിലേക്ക് ആകും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.ഇവിടെയും അത് തന്നെ സംഭവിച്ചിട്ടുണ്ട്.ഹിറ്റ്‌ലറുടെ ഭരണത്തിലെ ആദ്യ നാളുകളിലെ അടിച്ചമര്‍ത്തല്‍ ചിത്രത്തില്‍ ഇടയ്ക്കിടെ സൂചിപ്പിക്കുന്നും ഉണ്ട്.വിദഗ്ധമായി ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയം അവിടെ സ്പഷ്ടമാണ്.ഒരു docu-cinema എന്നത്തില്‍ നിന്നും കൊലയാളിയുടെ മറ്റു ചില വശങ്ങളിലേക്കും ചിത്രം സഞ്ചരിച്ചത് നല്ലൊരു ഉദ്യമം ആയിരുന്നു.ചലച്ചിത്രം ഉണ്ടാക്കിയ ചലനത്തെക്കാളും പീറ്റര്‍ കൂര്‍ട്ടന്‍ എന്ന രക്തദാഹി ആയ,മാദ്ധ്യമങ്ങള്‍ "ദാസല്ടോര്ഫിലെ രക്തരക്ഷസ്സ്" എന്ന് കൊലപാതകിയുടെ ജീവ ചരിത്രം ആയിരിക്കും കൂടുതല്‍ ഭയാനകം.











 



  

743.10 RILLINGTON PLACE(ENGLISH,1971)

743.10 RILLINGTON PLACE(ENGLISH,1971),|Crime|Drama|,Dir:-Richard Fleischer,*ing:-Richard Attenborough, Judy Geeson, John Hurt .




   "I remember as I gazed down at the still form of my first victim, experiencing a strange, peaceful thrill."

  തന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ,അതിന് അവാച്യമായ അനുഭൂതി നല്‍കാന്‍ ജോണ്‍ ക്രിസ്റ്റി എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി തിരഞ്ഞെടുത്ത വഴി കൊലപാതകം ആയിരുന്നു.അയാളുടെ കുറ്റ സമ്മതത്തിന്റെ ഇടയില്‍ ഉള്ള വാചകങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. അയാളുടെ കൊലപാതക പരമ്പര ഭാവിയില്‍ ഇംഗ്ലണ്ടിലെ "മോശമായ" രീതിയില്‍ പ്രസിദ്ധി നേടിയ ആ സ്ഥലത്തിന്‍റെ രൂപഘടന പോലും മാറ്റി മറിച്ചു.മനുഷ്യന്‍റെ വൈകൃതമായ മനസ്സിന്റെ ചെയ്തികളോടൊപ്പം നീതി പീഠം പോലും തങ്ങള്‍ക്കു സംഭവിച്ച തെറ്റിനെ കുറിച്ച് പശ്ചാത്തപിക്കുക ഉണ്ടായി ഈ കേസിന്‍റെ അവസാനം.10 Rillington Place ല്‍ എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞാല്‍ മാത്രമേ സംഭവം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷവും സംസാരവിഷയം ആയ ഈ കേസിന്‍റെ പ്രാധാന്യം മനസ്സിലാകൂ.

   എട്ടോളം സ്ത്രീകളെ കൊല്ലപ്പെടുത്തിയ ജോണ്‍ ക്രിസ്റ്റി എന്നയാളുടെ വിലാസം ആയിരുന്നു 10 Rillington Place.ആദ്യ ലോക മഹായുദ്ധത്തില്‍ ഭാഗം ആവുകയും യുദ്ധത്തില്‍ പരുക്കേറ്റത്തിനു ശേഷം സൈനിക സേവനം അവസാനിപ്പിച്ച്‌ കുടുംബ ജീവിതത്തിലേക്ക് മാറിയ ജോണ്‍ രണ്ടാം ലോക മഹായുദ്ധത്തിലും തന്‍റെ സാന്നിധ്യം അറിയിച്ചു.ഒരു പക്ഷെ സമൂഹത്തിനു മുന്നില്‍ അയാളുടെ ഈ പശ്ചാത്തലം തന്നെ ആയിരിക്കണം ആളുകള്‍ക്ക് അയാളോടും അയാളുടെ പ്രായത്തേയും ബഹുമാനിക്കാന്‍ കാരണം.ഓഫീസിലെ ജോലിയും ആയി തന്‍റെ ഭാര്യ ആയ എതെലിനോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍ എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ തികഞ്ഞ ഒരു കുറ്റവാളിയും ആയിരുന്നു.സൈനിക സേവനത്തിന്റെ ഇടയില്‍ പലപ്പോഴായും പിന്നീടും നാലോളം പ്രാവശ്യം കുറ്റകൃത്യങ്ങള്‍ നടത്തിയ അയാള്‍ എന്നാല്‍ അതെല്ലാം മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥം ആയി മറച്ച് വച്ചു.തന്‍റെ ജീവിത ശൈലി കണ്ടു അയാളില്‍ വിശ്വാസം വരുന്ന തന്‍റെ ഇരകളോട് അവരുടെ അസുഖങ്ങള്‍ പോലെ ഉള്ള പ്രശ്നങ്ങള്‍ മാറ്റി തരാം എന്ന് പറഞ്ഞു അവരെ വിഷ വാതകം ശ്വസിപ്പിച്ചതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ച് ആണ് കൊലപ്പെടുത്തിയിരുന്നത്.

   മൃതദേഹങ്ങള്‍ ആ കെട്ടിടത്തിന്റെ ചുറ്റുപാടുകളില്‍ തന്നെ ആണ് അയാള്‍ ഒളിപ്പിച്ചിരുന്നത് ഫാക്റ്ററി ജീവനക്കാരി ആയ.റൂത്ത്,അയാളുടെ സഹ പ്രവര്‍ത്തക ആയ മുറ്യല്‍ എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയതിനു ശേഷം നടന്ന സംഭവങ്ങള്‍ ആണ് സിനിമയ്ക്ക് ആധാരം.ഇവാന്‍സ്-ബെറില്‍ ദമ്പതികള്‍ അവരുടെ മകളായ ജെരാള്‍ടിനും ആയി ജോണ്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ താമസിക്കാന്‍ വരുന്നു.ഇവാന്‍സ് വിദ്യാഭ്യാസം കുറഞ്ഞ ആളായിരുന്നുവെങ്കിലും തന്‍റെ ജോലിയെക്കുറിച്ച് ഒക്കെ വിടുവായത്തം പറയുകയും അത് വഴി തന്‍റെ കുറവുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളായിരുന്നു.ഭാര്യയും ആയുള്ള അയാളുടെ വഴക്കുകള്‍ സമീപവാസികള്‍ക്ക്‌ അറിയാവുന്നതും ആയിരുന്നു.സുന്ദരിയായ ബെറില്‍ ജോണ്‍ ക്രിസ്റ്റിയുടെ അടുത്ത ഇര ആകാന്‍ ഉള്ള അവസ്ഥ ഉണ്ടാകുന്നു.രണ്ടാമതൊരു കുട്ടിയെ കൂടി വളര്‍ത്താന്‍ ഉള്ള വരുമാനം ഇല്ലാതിരുന്ന അവര്‍ ബെറില്‍ രണ്ടാമതും ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭചിദ്രം നടത്താന്‍ തീരുമാനിക്കുന്നു.അവര്‍ അതിനായി അധികം ചിലവില്ലാതെ അത് ചെയ്യുന്ന ഒരു ഡോക്റ്ററെതിരയുന്നു. അപ്പോഴാണ്‌ തന്‍റെ സൈനിക സേവന കാലത്ത്  വൈദ്യ ശാസ്ത്ര രംഗത്ത്‌ അഗാധമായ ജ്ഞാനം തനിക്കു ലഭിച്ചെന്ന് ബോധ്യപ്പെടുത്തി ജോണ്‍, ബെറിലിനെ തന്‍റെ വരുതിയിലാക്കുന്നു.ഇവാന്സിന്റെ സമ്മതത്തോടെ നടന്ന "ഗര്‍ഭചിദ്രം" എന്നാല്‍ ബെറിലിന്റെ മരണത്തിലേക്ക് ഉള്ള കയ്യൊപ്പ് ആണെന്ന് അയാള്‍ അറിഞ്ഞില്ലെന്നു മാത്രം.

   ഗര്‍ഭചിദ്രം നടന്നതിന്റെ ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ ബെറില്‍ മരിച്ചു എന്ന് ജോണ്‍ ,ഇവാന്സിനെ വിശ്വസിപ്പിക്കുന്നു.പോലീസിന്റെ അടുക്കല്‍ പോകാന്‍ തീരുമാനിച്ച ഇവാന്‍സിനെ ജോണ്‍ ക്രിസ്റ്റി പല രീതിയിലും പിന്തിരിപ്പിക്കുന്നു.അന്ന് രാത്രി കൈ കുഞ്ഞായ മകളെയും ഏല്‍പ്പിച്ചു നാട് വിട്ട ഇവാന്‍സ് അയാളുടെ ബന്ധുവിന്‍റെ വീട്ടില്‍ എത്തിയ സമയം ജോണ്‍ ക്രിസ്റ്റി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു.പിന്നീട് സാഹചര്യങ്ങള്‍ മൂലം പശ്ചാത്താപ വിവശന്‍ ആയ ഇവാന്‍സ് പോലീസിനോട് സത്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു.അയാള്‍ ആദ്യം മുതല്‍ തന്നെ ജോണ്‍ ക്രിസ്റ്റിയുടെ പേര് പറയുന്നും ഇല്ല.കാരണം ജോണ്‍ അയാളുടെ മാനസിക നില അങ്ങനെ ആക്കിയിരുന്നു.ആ സമയത്ത് തന്നെ തന്‍റെ മകളുടെയും മരണ വാര്‍ത്ത‍ അറിഞ്ഞ അയാള്‍ കൊലപാതകങ്ങള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു.വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഇവാന്‍സ്.കോടതിയില്‍ പിന്നീട് 10 Rillington Place ന്‍റെ പരിസര പ്രദേശങ്ങളില്‍ നിന്നും മൃത ദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ ജോണ്‍ ക്രിസ്റ്റി സാക്ഷി ആയി ഇവാന്‍സിന് എതിരെ മൊഴി നല്‍കുകയും ചെയ്തു.


  പലപ്പോഴായി മൊഴികള്‍ മാറ്റി പറഞ്ഞ ഇവാന്‍സിനു വധ ശിക്ഷ ലഭിക്കാന്‍  അധികം താമസം ഉണ്ടായില്ല.എന്നാല്‍ ഈ സമയം തന്‍റെ ഭര്‍ത്താവിനെ കുറിച്ച് പലതും മനസ്സിലാക്കിയ ഭാര്യ എതെലിനേയും അയാള്‍ കൊലപ്പെടുത്തി ശവശരീരം ചുവരുകളുടെ ഇടയില്‍ ഒളിപ്പിക്കുന്നു.പിന്നീട് അവിടത്തെ ചെറിയ പണികള്‍ക്ക് ആയി വന്ന തൊഴിലാളികള്‍ അവരുടെ ശവശരീരം കണ്ടെത്തുമ്പോള്‍ അനാവരണം ചെയ്യപ്പെട്ടത് ക്രൂരനായ ഒരു കൊലയാളിയെ ആയിരുന്നു.തന്‍റെ ഭാര്യ വേറെ ഒരു സ്ഥലത്തേക്ക് താമസം മാറ്റി എന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ച ജോണിന്‍റെ പൊയ്മുഖം അവിടെ അഴിയുന്നു.പിടികിട്ടാപ്പുള്ളിയായി ആയാല്‍ മാറിയതിനു ശേഷവും മൂന്നോളം കൊലപാതകങ്ങള്‍ അയാള്‍ നടത്തി.എന്നാല്‍ ഇതിലും എല്ലാം ഭീകരം ആയിരുന്നു അയാള്‍ നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ച രീതി.തെറ്റിദ്ധരിക്കപ്പെട്ട കോടതി വധ ശിക്ഷ നല്‍കിയ  ഇവാന്‍സിന്റെ വിധി നിശിതമായി വിമര്‍ശിക്കപ്പെട്ടൂ.പോലീസിനെയും കോടതിയേയും അതി വിദഗ്ധമായി തന്‍റെ ഇരകളെ പോലെ തന്നെ ജോണ്‍ ക്രിസ്റ്റി കബളിപ്പിച്ചിരുന്നു.


    ബെറിലിനെ കൊലപ്പെടുത്തിയത് താന്‍ ആണെന്ന് ജോണ്‍ ക്രിസ്റ്റി പിനീട് സമ്മതിക്കുകയും ഒപ്പം തന്‍റെ മറ്റു കൊലപാതകങ്ങളും ഏറ്റു പറഞ്ഞിരുന്നു,ജെരാള്‍ടിന്റെ ഒഴികെ.എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ജോണ്‍ ക്രിസ്റ്റി ആണ് അതും ചെയ്തതെന്ന് മനസ്സിലാക്കി തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഇംഗ്ലണ്ടിലെ നീതി വ്യവസ്ഥ ഇവാന്‍സിനോട് "മരണാന്തര മാപ്പ്" അപേക്ഷിക്കുകയും ഉണ്ടായി.ഇതിനോടൊപ്പം വന്ന പല തെറ്റുകള്‍ കാരണം അവസാനം 1965 ല്‍ ഇംഗ്ലണ്ടില്‍ വധ ശിക്ഷ നിര്‍ത്തലാക്കാന്‍ പോലും ഈ സംഭവങ്ങള്‍ വഴി തെളിച്ചു.ജോണ്‍ ക്രിസ്റ്റി ആയി അഭിനയിച്ച സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ ജോണ്‍ ക്രിസ്റ്റിയുടെ വലിഞ്ഞ ശബ്ദം പോലുള്ള പലതും ഓര്‍മിപ്പിച്ചു എന്നുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു.

  കേസിന്‍റെ പലപ്പോഴും ആയി ശേഖരിച്ച രേഖകളുടെ ഒപ്പം സംഭവം നടന്ന 10 Rillington Place ല്‍ തന്നെ ആണ് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതും.ഒരു ക്രൈം ഡ്രാമ എന്നതിലുപരി കണ്മുന്നില്‍ അവതരിപ്പിക്കപ്പെട്ട വെറുക്കപ്പെടേണ്ട വ്യക്തിത്വും മനസ്സ് നിറയെ വൈകൃതം ആയ കുറ്റകൃത്യ വാസന ഉള്ള ജോണ്‍ ക്രിസ്റ്റിയുടെ ജീവ ചരിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ച ചിത്രം ആയിരുന്നു 10 Rillington Place എന്ന് പറയാം.ചെറുപ്പത്തില്‍ തനിക്കു നേരിട്ട കളിയാക്കലുകള്‍ ആയിരിക്കാം ജോണ്‍ ക്രിസ്റ്റിയുടെ മനസ്സില്‍ ഇത്തരം ചിന്തകള്‍ നിറച്ചിരുന്നത്. തന്‍റെ ലക്‌ഷ്യം പന്ത്രണ്ടോളം കൊലപാതകങ്ങള്‍ ആണെന്ന് പറഞ്ഞ ഒരു കുറ്റവാളി പരമ്പര കൊലപാതകികളില്‍ ഇന്നും വെറുക്കപ്പെട്ട പേരായി തന്നെ അവശേഷിക്കുന്നു.1953 ജൂലൈ 15 നു അയാള്‍ തൂക്കിലെറ്റപ്പെട്ടൂ.