Pages

Sunday, 1 March 2015

308.THE NEVERENDING STORY(ENGLISH,1984)

308.THE NEVERENDING STORY(ENGLISH,1984),|Fantasy|Adventure|,Dir:-Wolfgang Petersen,*ing:-Noah Hathaway, Barret Oliver, Tami Stronach.

   സ്വപ്‌നങ്ങള്‍ കാണുന്ന ഒരാള്‍ അയാളുടെ ഭാവനയിലൂടെ ആകാം സഞ്ചരിക്കുക.ഭാവന സ്വപ്നം  ആയി മാറുമ്പോള്‍ ജനിക്കുന്നത് ഒരു പക്ഷേ മികച്ച കഥയും ആകാം.ഭാവന ആവശ്യം ഉള്ള മറ്റൊന്നാണ് വായന.ഒരു കഥ  വായിക്കുമ്പോള്‍ അത് എഴുതിയ ആളുടെ ഭാവനയുടെ ഒപ്പം വായനക്കാരന്‍ സഞ്ചരിച്ചാല്‍ മാത്രമേ അയാള്‍ക്ക്‌ ആ കഥയുടെ സാരം അറിയാന്‍ സാധിക്കൂ.ഇത്തരം ഒരു ആശയം പ്രധാനമായി മുന്നോട്ടു വയ്ക്കുന്ന ഒരു ചിത്രം ആണ് 1984 ല്‍ ഇറങ്ങിയ The Neverending Story .കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമായി അവതരിപ്പിക്കുമ്പോഴും ചിത്രത്തിന്‍റെ അവസാനം സാധാരണ ഹോളിവുഡ് ചിത്രം ആകാതെ വ്യക്തമായ ഒരു ആശയവും മുന്നോട്ടു വയ്ക്കുന്നുണ്ട്‌ The Neverending Story.

  ഇനി ചിത്രത്തിന്‍റെ കഥയിലേക്ക്.ബാസ്ടിയന്‍ എന്ന കുട്ടി ചെറുപ്പത്തിലെ അമ്മ മരിച്ചത് കാരണം പിതാവിനോടൊപ്പം ആണ് ജീവിക്കുന്നത്.കൂട്ടുകാര്‍ അധികം ഇല്ലാത്ത ബാസ്ടിയന്‍ ചങ്ങാത്തം കൂടിയിരിക്കുന്നത് പുസ്തകങ്ങളും ആയാണ്.ചെറുപ്പത്തില്‍ തന്നെ ആ കുട്ടി വിശ്വോത്തര ക്ലാസ്സിക്കുകള്‍ ഇഷ്ടപ്പെടുകയും അവ വായിക്കുകയും ചെയ്യുന്നു.കണക്ക് പഠിപ്പിക്കുന്ന അധ്യാപിക കണക്ക് പുസ്തകത്തില്‍ അവന്‍ വരച്ച ഒറ്റ കൊമ്പുള്ള കുതിരയെ കണ്ട് അവന്‍റെ പിതാവിനോട് മകന് പഠിക്കാന്‍ ഇഷ്ടമില്ല എന്ന് പറയുന്നു.ക്ലാസിലെ വികൃതി ആയ കുട്ടികളുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്ന ബാസ്ടിയന്‍ ഒരു ദിവസം അവരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടു എത്തുന്നത്‌ ഒരു വൃദ്ധന്റെ അടുക്കല്‍ ആണ്.വളരെയധികം പുസ്തകങ്ങള്‍ ഉള്ള ആ വൃദ്ധന്‍റെ അടുക്കല്‍ നിന്നും സുപ്രധാനമായ ഒരു പുസ്തകം അവന്‍ എടുക്കുന്നു ,പിന്നീട് തിരിച്ചു തരാം എന്ന ഉറപ്പില്‍.

  ബാസ്ടിയന്‍ ക്ലാസിലെ കണക്ക് പരീക്ഷ തുടങ്ങിയത് കണ്ടു ക്ലാസില്‍ കയറാതെ സ്ക്കൂളിലെ നിലവറയില്‍ ഇരുന്നു ആ പുസ്തകം വായിച്ചു തുടങ്ങുന്നു.അവന്‍ ഒരിക്കലും അവസാനിക്കാത്ത ആ പുസ്തകത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു.Fantasia എന്ന ലോകത്തിലേക്ക്‌ അവന്‍ ഇറങ്ങുമ്പോള്‍ The Nothing എന്ന ഭീകര രൂപിയായ അജ്ഞാത ശത്രുവിനെയും രോഗക്കിടക്കയില്‍ ആയ അവിടത്തെ രാജ്ഞിയേയും അറിയുന്നു.ഒപ്പം അട്രെയു എന്ന യോദ്ധാവിനെയും.അതി സുന്ദരമായ ലോകവും അതിനെ രക്ഷിക്കാന്‍ അട്രെയു ശ്രമിക്കുന്നതും ബാസ്ടിയന്‍ ആ ഉദ്യമത്തിന്റെ ഭാഗം ആകുന്നതും ആണ് ബാക്കി ചിത്രം.

  The Fourth Wall എന്ന കഥാപാത്രങ്ങളുടെ ലോകവും കാഴ്ചക്കാരന്റെ ലോകവും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഈ ചിത്രം പറയുന്നുണ്ട് പല രംഗങ്ങളിലും.ഭാവനയുടെ ചിറകിലേറി നടത്തുന്ന ഒരു പ്രക്രിയ ഈ ചിത്രത്തില്‍ ഉടന്നീളം കാണുന്നുണ്ട്.അവസാനം Fantasia എന്താണെന്ന് ബാസ്റ്റിയന്‍ മനസ്സിലാകുന്ന സ്ഥലത്ത് ഈ പരമ്പരയിലെ ആദ്യ ഭാഗം അവസാനിക്കുന്നു.പടിഞ്ഞാറേ ജര്‍മനിയില്‍ നിര്‍മിച്ച ഈ ചിത്രം അന്ന് ഹോളിവുഡ് എന്ന സിനിമ ഭീകരന് പുറത്തു നിര്‍മ്മിച്ച ഏറ്റവും ചിലവ് കൂടിയ ചിത്രമായിരുന്നു.

  കഥയുടെ സാരാംശം വായിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് എന്നുള്ള തോന്നല്‍ ഉണ്ടാകുമെങ്കിലും ഈ ചിത്രം പറഞ്ഞത് ഭാവനയുടെ ശക്തിയും അത് നഷ്ടപ്പെടുമ്പോള്‍ മനുഷ്യ രാശിക്ക് എന്ത് സംഭവിക്കും എന്നും ഉള്ള വിവരണം ആയിരുന്നു.ഭാവനയില്‍ അഭിരമിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ആ ആശയം ഇഷ്ടം ആകും എന്നും കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

Also read @ http://www.malayalanatu.com/component/k2/item/44

No comments:

Post a Comment