Pages

Tuesday, 10 December 2013

71.LUCIA (KANNADA,2013)

71.LUCIA (KANNADA,2013),|Sci-fi|Drama|Thriller|,Dir:-Pawan Kumar,*ing:- Sathish Neenasam, Sruthi Hariharan


"ഇന്ത്യയുടെ ഇന്‍സെപ്ഷന്‍ -കന്നഡയില്‍ നിന്നും ലൂസിയ"
നോളന്‍ എന്ന ഒറ്റ പേര് മാത്രം മതി സിനിമ കാണികളില്‍ എത്തിക്കാന്‍ .ഏതെങ്കിലും പുതുമ ;പലപ്പോഴും തലച്ചോറിനെ ചൂടാക്കാന്‍ മാത്രം ആവശ്യമുള്ളത്ര പുതുമകളുമായി വരുന്ന നോളന്‍ ചിത്രങ്ങള്‍ എന്നും കാത്തിരിക്കാന്‍ സിനിമയെ ഗൌരവമായി കാണുന്ന പലരും ഉണ്ട് .ആ ശ്രേണിയിലേക്ക് നിലവാരം കുറഞ്ഞ സിനിമകള്‍ സ്ഥിരമായി വന്നു കൊണ്ടിരിക്കുന്ന കന്നഡയില്‍ നിന്നും ഒരു അത്ഭുതമായി വന്നിരിക്കുന്ന സംവിധായകന്‍ ആണ് പവന്‍ കുമാര്‍ .ഈ സിനിമയുടെ ആരംഭം തന്നെ വ്യത്യസ്തമായിരുന്നു .ഒരു നിര്‍മാതാവിനെ തേടി പോകുന്നതിനു പകരം പൊതു സമൂഹത്തില്‍ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചത്‌ (സിനിമയുടെ തുടക്കം എഴുതി കാണിക്കുന്ന നിര്‍മാതാക്കളുടെ എണ്ണം സാക്ഷി ).കൂടുതല്‍ ആളുകളില്‍ സിനിമ എത്തിക്കണം എന്ന ഉദ്ദേശം ഉള്ളത് കൊണ്ട് ഇംഗ്ലീഷ് സബ് ടൈറ്റില്‍ എഴുതി കാണിച്ചു പ്രദര്‍ശിപ്പിച്ച സിനിമ .ഇവിടെ കൊണ്ട് മാത്രം തീരുന്നില്ല ഈ സിനിമയുടെ പുതുമകള്‍ .സിനിമ കാണുന്നവരെയും കാത്തിരിക്കുന്നത് അല്‍പ്പം കുഴയ്ക്കുന്ന ഒരു കഥയാണ് .ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞ് നിര്‍ത്തിയിട്ടു പോകാന്‍ അത് തന്നെ ധാരാളം.എങ്കില്‍ പോലും പിഴവുകള്‍ അധികം ഇല്ലാതെ ചിത്രം തയ്യാറാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു .എങ്കിലും ഇന്‍സെപ്ഷന്‍,മഷീനിസ്റ്റ് ,ഫൈറ്റ് ക്ലബ് പോലുള്ള സിനിമകള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ഇത് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു സിനിമയാണ് .



നോണ്‍ -ലീനിയര്‍ സിനിമാ രീതിയില്‍ നിര്‍മിച്ച ചിത്രമാണ് ലൂസിയ .ഈ സിനിമ സഞ്ചരിക്കുന്നത് സമാന്തരമായി പോകുന്ന മൂന്നു സംഭവ വികാസങ്ങളിലൂടെ ആണ് .തിയറ്ററില്‍ വെളിച്ചം അടിച്ച് ആളുകളെ ഇരിപ്പിടത്തില്‍ കൊണ്ടെത്തിക്കുന്ന നിക്കി .ആള്‍ക്കൂട്ടത്തിലെ അദൃശ്യനായ മനുഷ്യന്‍ ആണ് നിക്കി എന്ന ആ കഥാപാത്രം .പിന്നെ സൂപ്പര്‍ സ്റ്റാര്‍ ആയ നിക്കി എന്ന നടന്‍.ആള്‍ക്കൂട്ടത്തില്‍ എല്ലായ്പ്പോഴും ശ്രദ്ധാകേന്ദ്രം .മറ്റൊന്ന് സത്യാവസ്ഥ കണ്ടു പിടിക്കാന്‍ വന്നിരിക്കുന്ന സഞ്ജയ്‌ എന്ന ക്രൈം ബ്രാഞ്ച് ഓഫീസര്‍ എന്നിവരിലൂടെ ഈ സിനിമ സഞ്ചരിക്കുന്നു .ഈ സിനിമയുടെ പേര് ലൂസിയ എന്നാണു .എന്താണ് ലൂസിയ ?ലൂസിയ ഒരു സ്വപ്നം ആണ് .നിറങ്ങള്‍ ചാലിച്ച സുന്ദരമായ ഒരു സ്വപ്നം .ആ സ്വപ്നത്തിനു തിരക്കഥ എഴുതുന്ന ചിലര്‍ .ആ തിരക്കഥയില്‍ അവര്‍ ജീവിക്കുന്നു .സ്വന്തമായി നിര്‍മ്മിച്ച ലോകത്ത് ജീവിക്കുന്നവര്‍ എന്നാല്‍ യാതാര്‍ത്യങ്ങളുടെ അടിമകളും ആണ് .ഈ സിനിമ കൂടുതല്‍ മനസ്സിലാകണമെങ്കില്‍ ലൂസിയ എന്താണെന്ന് അറിയണം .നേരിട്ട് അനുഭവിച്ചല്ലെങ്കിലും കഥാപാത്രങ്ങളിലൂടെ .എങ്കില്‍ മാത്രമേ ഈ സിനിമയെ ഇഷ്ടപ്പെടാന്‍ ആരംഭിക്കുകയുള്ളൂ .ഒരു അടക്കും ചിട്ടയും ഇല്ലാതെ പോകുന്ന സംഭവങ്ങള്‍ പിന്നീട് ലിങ്ക് ചെയ്തു വരുമ്പോള്‍ ആണ് അതാണല്ലേ ഇത് എന്നൊരു തോന്നല്‍ ഉണ്ടാവുക .ലൂസിയയുടെ സ്വപ്നങ്ങളിലും യാഥാര്‍ത്യങ്ങള്‍ ഉണ്ട്.എന്നാല്‍ അത് മനസ്സിലാക്കണമെങ്കില്‍ ഈ സിനിമയുടെ അവസാനം വരെ കാത്തിരിക്കണം എന്ന് മാത്രം .ഇനി ഈ ലൂസിയ എന്താണ് സംഭവം എന്നറിയണം എങ്കില്‍ സിനിമ കാണുക ...


നിരൂപക പ്രശംസ ധാരാളം പിടിച്ചു പറ്റിയ ചിത്രം ആണ് ലൂസിയ.കന്നഡ പോലെ ഒരു ഭാഷയില്‍ നിന്നും ഇക്കാലത്ത് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത സിനിമ ,എന്നാല്‍ അതില്‍ നിന്നും ഒരു പടി കൂടി കയറി നല്ല നിലവാരം ഉള്ള ഒരു സിനിമയിലേക്ക് ഈ കഥയെ അടുപ്പിച്ച പവന്‍ കുമാര്‍ എന്ന സംവിധായകന്‍ അഭിനന്ദനം തീര്‍ച്ചയായും അര്‍ഹിക്കുന്നു .തന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ,ഇന്ത്യയുടെ മികച്ച സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപ് ഒക്കെ ധാരാളം പ്രശംസിച്ച ഒരു സിനിമ ആണ് ലൂസിയ .പ്രോജക്റ്റ് ലൂസിയ എന്നൊരു സംരംഭത്തിലൂടെ ഏകദേശം 110 പേരില്‍ നിന്നും സംഭരിച്ച തുക കൊണ്ട് ആദ്യം നിര്‍മാതാക്കളെ ഒന്നും കിട്ടാതിരുന്ന ഒരു സംവിധായകന്‍ ചെയ്ത ചിത്രമാണ് ലൂസിയ എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ?ഇപ്പോള്‍ ഇതിന്‍റെ റീമേക്ക് അവകാശങ്ങള്‍ ഒക്കെ വന്‍കിട ഗ്രൂപ്പുകള്‍ വാങ്ങുമ്പോള്‍ തന്‍റെ ഉദ്യമം ഫലം കണ്ടു എന്ന് പവന്‍ കുമാറിന് സധൈര്യം പറയാം.കൂടുതലും പുതു മുഖങ്ങളും അധികം പ്രശസ്തരല്ലാത്ത അഭിനേതാക്കളും കൂടെ സങ്കീര്‍ണമായ കഥയും .സംവിധായകന്‍റെ ധൈര്യം സമ്മതിച്ചേ പറ്റൂ .എപ്പോള്‍ വേണമെങ്കിലും പാളി പോകാവുന്ന ഒരു കഥ.എന്നാല്‍ തികഞ്ഞ കയ്യടക്കത്തോടെ അത് ചെയ്തിരിക്കുന്നു .


ഒരു ത്രില്ലര്‍ പോലെ പോയ സിനിമയുടെ ആദ്യ പകുതി എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പ്പം പതുക്കെ ആയതു പോലെ തോന്നി .എന്നാല്‍ അവസാനം ചിത്രം പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞു തന്നെ മടങ്ങി .പ്രതീക്ഷയുണര്‍ത്തുന്ന അഭിനേതാക്കള്‍ .സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന സതീഷിനെ നായകനാക്കി ചെയ്ത ഈ സിനിമയില്‍ എന്നാല്‍ നായകന്‍ മോശം ആക്കിയില്ല എന്ന് തോന്നി.അത്  പോലെ തന്നെ സംഗീതവും ,ക്യാമറയും എല്ലാം സിനിമയുടെ സ്വഭാവത്തോട് ഇണങ്ങി നിന്നു .ഇന്‍സെപ്ഷന്‍ പോലെ ഒരു ഹൈ-ഫൈ ത്രില്ലര്‍ ഒന്നും പ്രതീക്ഷിച്ചു ഈ സിനിമ കാണരുത് ..ഈ സിനിമയുടെ പാത പ്രണയത്തിന്‍റെ ആണ് നഷ്ട സ്വപ്നങ്ങളുടെ ആണ്.എന്നാല്‍ ഈ ചിത്രം നമുക്ക് ആകാംക്ഷയും പ്രതീക്ഷയും നല്‍കുന്നുണ്ട് അവസാനം എങ്ങോട്ടയിരിക്കും എന്നുള്ളതിന് . .ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന റേറ്റിംഗ് 8/10!! ഇത് എനിക്കിഷ്ടപ്പെട്ട ഒരു സിനിമ എന്ന നിലയില്‍ കൊടുക്കുന്നതാണ് .എല്ലാവര്‍ക്കും ഇത് തന്നെ ആകണം എന്നില്ല .

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment