Pages

Saturday, 7 December 2013

70.SILENCE (MALAYALAM,2013)

70.SILENCE(MALAYALAM,2013),Dir:-V K Prakash,*ing:-Mammootty,Anoop Menon,Pallavi

"കഥയില്ലായ്മയില്‍ കുരുങ്ങി പോയ  സൈലന്‍സ്"
 വാനോളം പ്രതീക്ഷ ഉയര്‍ത്തിയ ട്രയിലര്‍ മമ്മൂട്ടി -വി കെ പി ചിത്രത്തിന് നല്‍കിയ മൈലേജ് വളരയധികം ആണ് .ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ഭാവങ്ങളും ഉണ്ടായിരുന്ന ട്രയിലര്‍ ,പിന്നെ കൊട്ടിഘോഷിച്ച റിവേര്‍സ് കാര്‍ സീന്‍ ,വെള്ളത്തിന്‍റെ അടിയിലെ സംഘട്ടന രംഗങ്ങള്‍ ..അങ്ങനെ പലതും മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു വ്യത്യസ്തമായ സിനിമയുടെ മൂഡ്‌ ആണ് നല്‍കിയത് .എന്നാല്‍ ഇതിലും എല്ലാം അപ്പുറത്ത് ഈ സിനിമയ്ക്ക് കൈ മോശം വന്ന ഒന്നുണ്ട് .ഒരു തിരക്കഥ .ത്രില്ലര്‍ സിനിമകള്‍ തിരഞ്ഞു പിടിച്ചു കാണുന്നതില്‍ താല്‍പ്പര്യം ഉള്ളവര്‍ ധാരാളം ഉള്ള ഈ സമയത്ത് അപക്വമായ ,തീരെ ദുര്‍ബലമായ ഒരു കഥയും ആയി വന്ന വി കെ പി യും കൂട്ടരും എന്നാല്‍ പ്രതീക്ഷയോടെ സിനിമ കാണാന്‍ പോയ എന്നെ നിരാശപ്പെടുത്തി .അത് കൊണ്ട് എന്‍റെ സ്വന്തം നിരാശയാണ് ഈ അവലോകനത്തിന് ആധാരം .അത് കൊണ്ട് തന്നെ ഇത് മൊത്തത്തില്‍ ഉള്ള ഒരു അഭിപ്രായം ആയി കാണുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല .

   രാവിലെ ആദ്യ ഷോയ്ക്ക് അഭിലാഷില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു .സിനിമ തുടങ്ങിയതിനു ശേഷം അത് ഓരോന്നായി  കുറഞ്ഞു വന്നു എന്ന് എനിക്ക് തോന്നി .കര്‍ണാടക ഹൈക്കോടതിയിലെ പ്രമുഖനായ വക്കീല്‍ ആയ അരവിന്ദ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഹൈകോര്‍ട്ട്  ജഡ്ജി ആയി നിയമിതന്‍ ആകുന്നു .തന്‍റെ കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്ന അരവിന്ദിന്റെ ഉറ്റ സുഹൃത്താണ് അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന പോലീസ് ഓഫീസര്‍ കഥാപാത്രം ..എന്നാല്‍ ഒരു ദിവസം അരവിന്ദിനെ തേടി ഒരു അജ്ഞാത ഫോണ്‍ കോള്‍ വരുന്നു .ആരാണ് തന്നെ വിളിച്ചതെന്നോ ,എന്താണ് വിളിച്ചയാളുടെ ഉദ്ദേശം എന്നോ മനസ്സിലാക്കാതെ അരവിന്ദ് കുഴയുന്നു .അപകടകാരികള്‍ അല്ലായിരുന്നു എങ്കിലും അരവിന്ദിന് ഒരു വല്ലായ്മ അനുഭവപ്പെടുന്നു .അവസാനം അവരുടെ ലക്‌ഷ്യം തന്‍റെ  കുടുംബം ആണോ എന്ന സംശയം അരവിന്ദിനെ ഭയപ്പെടുത്തുന്നു .അരവിന്ദന്‍ തന്നെ ഫോണ്‍ വിളിച്ചവരുടെ ലക്‌ഷ്യം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നു .എന്നാല്‍ അരവിന്ദന്‍ കാത്തിരുന്നത് ഒരിക്കലും വിചാരിക്കാതിരുന്ന സംഭവങ്ങളാണ് .ആ സംഭവ വികാസങ്ങള്‍ അരവിന്ദനെ എവിടെ കൊണ്ടെത്തിക്കും എന്നുള്ളതാണ് ഈ സിനിമയുടെ ബാക്കി ഉള്ള കഥ .

  പ്രതീക്ഷ ഉള്ള ഒരു പ്ലോട്ട് ഈ സിനിമയ്ക്കുണ്ടായിരുന്നു കഥയുടെ രീതിയില്‍ .എന്നാല്‍ അശ്രദ്ധമായി  മെനഞ്ഞെടുത്ത തിരക്കഥ ഈ സിനിമയ്ക്ക് വില്ലനായി ഭവിച്ചു എന്ന് ഞാന്‍ കരുതുന്നു .മുടി നരച്ചാലും കറുപ്പിച്ചാലും മമ്മുക്ക എന്ന മഹാനടന്‍ എന്നും സുന്ദരന്‍ ആണ് .അതിനൊന്നും  ഒരു മാറ്റവും ഇല്ല .അഭിനയിച്ചു ഫലിപ്പിക്കാന്‍ ഉള്ള സംഭവ വികാസങ്ങള്‍ സിനിമയില്‍ ഇല്ലെങ്കില്‍ നടന്‍ എന്ന നിലയില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ ഇല്ല.ഇക്കയുടെ കാര്യവും അവിടെ വ്യത്യസ്തമല്ല  .ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ധാരാളം ഈ ചിത്രത്തില്‍ ഉണ്ട് .എന്നാല്‍ സിനിമയുടെ കഥ മൊത്തം വെളിപ്പെടുത്തേണ്ടി വരും എന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല.ആദ്യ പകുതി ഒരു സാധാരണ സിനിമ എന്നത് പോലെ പോയി .പ്രത്യേകിച്ച് ഒന്നും ഇല്ലായിരുന്നു .കഥാപാത്ര രൂപീകരണം മാത്രം ആണ് അവിടെ ഉണ്ടായിരുന്നത് ,കൂടെ പ്രധാന കഥയിലേക്കുള്ള സൂചനകളും .എന്നാല്‍ രണ്ടാം പകുതിയില്‍ എങ്ങോട്ട് പോകണം എന്ന് അറിയാതെ കുഴയുന്ന പോലീസുകാരനെ പോലെ ആയി സിനിമ .ശക്തമായ കഥാപശ്ചാത്തലം ഇല്ലാത്തത് കൊണ്ട് തന്നെ വിശ്വസനീയമായ രീതിയില്‍ തന്‍റെ അന്വേഷണങ്ങള്‍ പ്രേക്ഷകനില്‍ എത്തിക്കുവാന്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് എന്ത് മാത്രം സാധിച്ചു എന്നുള്ളതും ഒരു ചോദ്യം ആണ് .രതീഷ്‌ വേഗയുടെ സംഗീതം ഒരു ചലനവും ഉണ്ടാക്കിയില്ല .ശ്രദ്ധേയമായ ഒന്നും ഈ സിനിമയില്‍ ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും .ഒരു ത്രില്ലര്‍ സിനിമയുടെ വേഗമോ താളമോ ഈ ചിത്രത്തിന് അന്യമായിരുന്നു .രണ്ടു മണിക്കൂറില്‍ താഴെ മാത്രം ഉണ്ടായിരുന്ന സിനിമയില്‍ എന്നാല്‍ "ഒരു അഭിഭാഷകന്റെ കേസ് ഡയറി " പോലെ ഉള്ള മമ്മൂട്ടി സിനിമകള്‍ കണ്ടതിനു ശേഷം സംവിധായകന്‍ ഒരുക്കിയിരുന്നെങ്കില്‍ പോലും നന്നായേനെ എന്ന് തോന്നിപ്പോകും .സിനിമയുടെ തുടക്കം മാത്രം ആര്‍ത്തു വിളിച്ച ആരാധകര്‍ക്കും അവസാനം ആഘോഷിക്കാന്‍ ഒന്നുമില്ലായിരുന്നു .

  പ്രതീക്ഷ വാനോളം ഉയര്‍ത്തി വന്ന റിവേര്‍സ് കാര്‍ ചെയിസ് അവസാനം സിനിമയില്‍ കണ്ടപ്പോള്‍ പലരും ചിരിക്കുന്നതാണ് കണ്ടത് .അത് സിനിമ കാണുമ്പോള്‍ മനസ്സിലാകും അതിനുള്ള കാരണം  .വെള്ളത്തിന്‍റെ അടിയില്‍ ഉള്ള സംഘട്ടനം ഒരു രീതിയിലും എന്നെ തൃപ്തിപ്പെടുത്തിയില്ല .അതിലെ രംഗങ്ങളും പ്രതീക്ഷകളെ മൊത്തം തല്ലി ചതച്ചത്  പോലെ ആയി .നായികയ്ക്കും ,നായകനും,നായകന്‍റെ  സുഹൃത്തിനും ..എന്തിനു വില്ലന് പോലും ഒന്നും ചെയ്യാനില്ലായിരുന്ന സിനിമ .ഒരു കുറ്റാന്വേഷണ ത്രില്ലറില്‍ വരേണ്ട ഒരു അന്വേഷണാത്മക രീതികള്‍ ഒന്നുമിലായിരുന്നു .ഒന്നുമില്ലെങ്കില്‍ അസാധാരണ ബുദ്ധിയുടെ ഉടമയായ നായകന്‍ എന്നുള്ള രീതിയില്‍ ആയിരിക്കണം പാത്ര സൃഷ്ടി.എന്നാല്‍ അതിനെ സാധൂകരിക്കുന്ന ഒന്നും ഇതില്‍ ഇല്ലായിരുന്നു താനും .ഒരു അയ്യര്‍ ദി ഗ്രേറ്റ് പ്രതിഭാസം പലയിടത്തും ഉള്ളത് പോലെ തോന്നിച്ചു ."സൈലന്‍സ് " എന്ന ഈ ചിത്രത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇവിടെ നിര്‍ത്തുന്നു .ഓര്‍ക്കുക.ഇത് എന്‍റെ അഭിപ്രായം മാത്രം ആണ് .അത് കൊണ്ട് എന്‍റെ മാര്‍ക്ക് 5/10..സിനിമ ഉണ്ടാക്കാന്‍ എടുത്ത കഷ്ടപ്പാട് മാനിക്കുന്നു .ഈ സിനിമ കാണാന്‍ ഏറ്റവും പ്രചോദനമായ ആ മഹാനടനാണ് ബാക്കി ഉള്ള മാര്‍ക്ക് .നല്ല തിരക്കഥകള്‍ തിരഞ്ഞെടുത്തു കൊണ്ട് ശക്തമായ ഒരു തിരിച്ചു വരവ് അദ്ധേഹത്തില്‍  നിന്നും പ്രതീക്ഷിക്കുന്നു .പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രങ്ങള്‍ ആണ് വരാന്‍ പോകുന്നത് !!

  More reviews @ www.movieholicviews.blogspot.com

No comments:

Post a Comment