Pages

Friday, 12 July 2024

1820. Kill (Hindi, 2024)

 1820. Kill (Hindi, 2024)

          Action, Thriller.



കഴിഞ്ഞ ഞായറാഴ്ച ആണ് സിനിമ തിയറ്ററിൽ നിന്നും കണ്ടതെങ്കിലും , കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായ excitement വളരെ വലുതായത് കൊണ്ടു ഈ സിനിമയെ കുറിച്ച് ആകെ തള്ളി മറിക്കൽ അവസ്ഥയിൽ ആകുമോ എന്നുള്ള സംശയം കൊണ്ടും എഴുതാതെ വച്ചതാണ്. സിനിമ കണ്ടു അഞ്ചു ദിവസം കഴിഞ്ഞിട്ടും അതേ ഫീൽ തന്നെ ആണ് ഇപ്പോഴും. ഒരു മികച്ച ആക്ഷൻ ചിത്രം കണ്ടതിന്റെ സന്തോഷം. അതും ഇൻഡ്യയിൽ നിന്നും ഇത്തരം ഒരെണ്ണം !!


  Kill പോലുള്ള ചിത്രങ്ങൾ പല ഭാഷയിലും പാലപ്പോഴുമായി വന്നിട്ടുണ്ട്. അതിലെ ക്ലാസിക് എന്നു പറയാവുന്ന 2011 ലെ The Raid കാണാത്തവർ അധികം ഉണ്ടാകില്ല. ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ നടക്കുന്ന മികച്ച സംഘട്ടന രംഗങ്ങൾ ആയിരുന്നു അതിലെ ഹൈലൈറ്റ്. അതേ പോലെ Kill എന്ന ചിത്രത്തിൽ ഒരു ട്രെയിനും.  കഥ എന്നു പറയാൻ വലുതായി ഒന്നും ഇല്ല. നായികയുടെ കുടുംബവും നായകനും യാത്ര ചെയ്യുന്ന ട്രയനിൽ കുറച്ചു കൊള്ളക്കാർ കയറുന്നു. അവിടെ നായകനും ആയി അടി പിടി. ഇങ്ങനെ ഒരു കഥയിൽ എന്താകും നടക്കുക എന്നു സാധാരണ സിനിമ കാണുന്നവർക്ക് എല്ലാവർക്കും മനസ്സിലാകും. അത് തന്നെ ആണ് ഇവിടെയും. 


പക്ഷേ, Kill ഈ കഥയിൽ നിന്നും ഏറെ ഉയരത്തിലാണ് പ്രേക്ഷകനെ ഹരം കൊള്ളിക്കുന്നത്. അതിനു കാരണം ഒന്നേയുള്ളൂ. അതിലെ സംഘട്ടന രംഗങ്ങൾ. നായകനൊപ്പം നിൽക്കുന്ന വില്ലൻ മുതലുള്ള പല ഘടകങ്ങളും സിനിമയെ പ്രേക്ഷകനുമായി കൂടുതൽ അടുപ്പിച്ചു . ഇടി കൊള്ളുന്നവരും അന്തരിച്ചു പോകുന്നവരും എല്ലാം തന്നെ അതിനു അർഹരാണ് എന്നു പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുകയും, പ്രേക്ഷകന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ ഫീൽ പുറത്തേക്ക് കൊണ്ട് വരാൻ പോലും കഴിയുന്ന രീതിയിൽ ആണ് Kill അവതരിപ്പിച്ചിരിക്കുന്നതും. 


സിനിമയിലെ ഹീറോ ലക്ഷ്യ മികച്ചു തന്നെ നിന്നെങ്കിലും ഇതിലെ യഥാർഥ ഹീറോകൾ ആക്ഷൻ കോറിയോഗ്രാഫി ചെയ്ത സീ -യോങ്-ഹോ, പർവേസ് ഷൈഖ് എന്നിവരാണ്. ലോകത്തിൽ ഉള്ള ഏത് ആക്ഷൻ സിനിമയുമായും താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു ഇൻഡ്യൻ സിനിമ പ്രൊഡക്റ്റ് ആയി മാറിയത് ഇവരുടെ പരിശ്രമം കൂടി കൊണ്ടാണ് എന്നു ഉറപ്പിച്ച് പറയാം. നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂഷൻ എടുത്ത ലയൺസ്ഗേറ്റ് കൂടി ഉൾപ്പെടുന്ന പ്രൊഡക്ഷൻ ഹൌസ് Kill ന്റെ ഹോളിവുഡ് റീമേക്ക് ആയി വരുന്നു എന്ന വാർത്തകളും കണ്ടിരുന്നു. എന്തായാലും അതും നടക്കട്ടെ. 


തിയറ്ററിൽ നിന്നും തന്നെ കാണുക. ഇല്ലേൽ OTT വരുമ്പോൾ നല്ലൊരു സൌണ്ട് സിസ്റ്റം ഉള്ള ടി വിയിലോ, മൊബൈൽ ആണെങ്കിൽ നല്ല ഇയർഫോണോ ഉപയോഗിക്കുക. ആ ഇടിയുടെ സൌണ്ട് ഒക്കെ ഹരം കൊള്ളിക്കും . തീർച്ച!! 



No comments:

Post a Comment