Pages

Thursday, 5 January 2023

1633. No Date, No Signature (Persian, 2017)

 1633. No Date, No Signature (Persian, 2017)

           Mystery, Drama.


പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ടി വന്ന മൃതദേഹത്തിന്റെ പേര് കണ്ടപ്പോൾ ആണ് ഡോ. നരിമാൻ അത് എവിടെയോ പരിചയം ഉള്ളതാണല്ലോ എന്നു സംശയിച്ചത്. അയാളുടെ സംശയം ശരി ആയിരുന്നു താനും. പക്ഷേ ഈ ഒരു ചിന്ത ഫോറൻസിക് പത്തോളജിസ്റ്റ് ആയ നരിമാന്റെ ജീവിതവും മാറുകയായിരുന്നു. ഇതേ സമയം മൂസ എന്നയാളുടെ ജീവിതവും മാറുകയായിരുന്നു. ഒരേ സംഭവം തന്നെ രണ്ടു മനുഷ്യരുടെ ജീവിതത്തിനെ ആകെ മൊത്തം മാറ്റി മറിയ്ക്കുമ്പോൾ പ്രേക്ഷകനും ചോദിക്കും ഇവിടെ ആരാണ് ശരി ആരാണ് തെറ്റ് എന്ന്. ആ ഒരു ചോദ്യം ചിന്തകൾ ആയി വരുമ്പോൾ സിനിമയുടെ ക്ലൈമാക്സ് പോലും പൂർണ സംതൃപ്തി തരില്ല. അത് മോശം ആയത് കൊണ്ടല്ല. പകരം ആ കഥാപാത്രങ്ങൾ കടന്നു പോയ മാനസിക സംഘർഷവും , അതിൽ ആർക്കെങ്കിലും ഒരാൾക്ക് എങ്കിലും ആശ്വാസം ലഭിക്കുമോ എന്ന ചിന്തയും ആകാം. ക്ലൈമാക്സിൽ നിന്നും ഒരുമ്പക്ഷെ നമ്മൾ ഇതിലും കൂടുതൽ പ്രതീക്ഷിരുന്നിരിക്കണം.

ഈ സിനിമയിലെ മിസ്റ്ററി എന്നു പറയുന്നത് അതാണ്. സിനിമയിലെ അവസാന സംഭാഷണം പോലും നമുക്ക് പിടി തരില്ല. പകരം വീണ്ടും ചോദ്യങ്ങൾ ചോദിപ്പിക്കും. ഡോ. നരിമാനും മൂസയും വിഭിന്ന ജീവിത നിലവാരത്തിൽ ഉള്ളവരാണ്. എന്നാൽ അവർ രണ്ടു പേരും സ്വയം ശിക്ഷിക്കാൻ ഒരുങ്ങുകയും അതിന്റെ ഫലങ്ങൾ രണ്ടു പേർക്കും സമാനമായി വരുമ്പോൾ ആകെ ഒരു വിഷമം. ശരിക്കും മനസ്സിൽ കെട്ടി കിടക്കുന്നുണ്ട് ഈ കഥാപാത്രങ്ങൾ. രണ്ട് സാധാരണ മനുഷ്യർ അസാധാരണമായ സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ ഉള്ള അവരുടെ അവസ്ഥ നല്ലത് പോലെ അവതരിപ്പിച്ചിട്ടുണ്ട്, അതിനു ആവശ്യമായ വേഗതയോടെ.

ഒരു മിസ്റ്ററി ചിത്രം എന്നതിൽ നടക്കുന്ന അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തം ആണ് ഇതിന്റെ കഥ എങ്കിലും, ഏതൊരു മിസ്റ്ററി ചിത്രം പ്രേക്ഷകനിൽ ഉളവാക്കുന്ന അറിയുവാനുള്ള ആകാംക്ഷ ഈ ചിത്രത്തിൽ ഏറെ കൂടുതലാണ്. 2017 ലെ ഇറാനിൽ നിന്നുമുള്ള ഓസ്ക്കാർ നോമിനേഷൻ ആയിരുന്നു No Date, No Signature. മികച്ച ഒരു സിനിമ ആണെന്നുള്ള അഭിപ്രായം തന്നെയാണ് സിനിമ കണ്ടു കഴിഞ്ഞും മനസ്സിൽ ഉള്ളത്. മൂസയും ഡോ. നരിമാനും നല്കിയ നൊമ്പരം ഇപ്പോഴും അവിടെ തന്നെയുണ്ട്. കാൽപ്പനികമായി എഴുതിയത് അല്ല. ആ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകനിൽ അത് പോലെ സ്വാധീനം ഉണ്ടാക്കും. പേർഷ്യൻ സിനിമകൾ കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ തുടങ്ങിയത് മുതൽ വേറെ ഒരു ഫീൽ ആണ്.

തീർച്ചയായും കാണാൻ മറക്കരുത്. നല്ലൊരു അനുഭവം ആയിരിക്കും. സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ആണ് സിനിമ വികസിക്കുന്നതും . സിനിമ കാണുമ്പോൾ അത്തരത്തിൽ ഒരു മൂഡിൽ തന്നെ കാണുക.  സിനിമ കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കണം, കാണാൻ സാധിച്ചാൽ!!

സിനിമയുടെ ഡൌൺലോഡ് ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.

എന്റെ റേറ്റിംഗ്: 4.5/5


No comments:

Post a Comment