Pages

Wednesday 14 December 2022

1616. Julia's Eyes(Spanish, 2010)

 

1616. Julia's Eyes(Spanish, 2010)
          Mystery, Horror.



സാറയുടെ മരണം ആത്മഹത്യ അല്ല എന്നു അവളുടെ ഇരട്ട സഹോദരി ആയ ഹൂലിയ വിശ്വാസിക്കുന്നു. എന്നാൽ പോലീസും മറ്റുള്ളവരും അവൾ ആത്മഹത്യ  ചെയ്തത് ആണെന്ന് തന്നെ ഉറപ്പിക്കാൻ ശ്രമിക്കുന്നു. പ്രത്യേകിച്ചും പതിയെ കാഴ്ച ശക്തി നഷ്ടപ്പെട്ടു പോകുന്ന അസുഖം ബാധിച്ച സാറയെ സംബന്ധിച്ച് തന്റെ ജീവിതം ഇരുട്ടിൽ ആയിരിക്കും ഇനി എന്നുള്ള ഭയം കാരണം ആയിരിക്കാം അവൾ ആത്മഹത്യ ചെയ്തത് എന്നു വിശ്വസിക്കാൻ ഉള്ള സാധ്യത തന്നെയായിരുന്നു കൂടുതലും. സമാനമായ അവസ്ഥയിലൂടെ പോകുന്ന ഹൂലിയ എന്നാൽ തന്റെ സഹോദരി അങ്ങനെ ചെയ്യില്ല എന്നു ഉറച്ചു വിശ്വസിക്കുന്നു.

ആ സമയം ആണ് അവൾ ഒരു രഹസ്യം അറിയുന്നത്. ഒറ്റപ്പെട്ടു താമസിക്കുന്നു എന്നു കരുതിയ സാറയ്ക്ക് ഇത് വരെ ആരും കണ്ടിട്ടില്ലാത്ത അദൃശ്യനായ ഒരു കാമുകൻ ഉണ്ടായിരുന്നുവത്രെ. അതിനും അപ്പുറം ഉള്ള ചില രഹസ്യങ്ങൾ കൂടി ഹൂലിയ സാറയെ കുറിച്ച് അറിയാത്തത് അവളുടെ മുന്നിലേയ്ക്ക് വരുന്നു. സാറയെയും അവളുടെ ജീവിതത്തെയും കുറിച്ച് തനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ടെന്ന് അവൾ മനസ്സിലാക്കുന്നതിനോടൊപ്പം അതിൽ ഇഴ ചേർന്നിരിക്കുന്ന നിഗൂഡതകൾ കൂടി കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ് അവൾ. എന്നാൽ ഏത് സമയം വേണമെങ്കിലും നഷ്ടപ്പെടാവുന്ന കാഴ്ചയ്ക്ക് മുന്നേ ഉള്ള സമയത്ത് ഹൂലിയയ്ക്ക് അത് ചെയ്യുകയും ചെയ്യണം. ഇതിന്റെ ഇടയിൽ കാര്യങ്ങൾ സങ്കീർണം ആക്കുവാൻ ഉതകുന്ന രീതിയിൽ കുറെയേറെ സംഭവങ്ങൾ കൂടി നടക്കുകയാണ്. ഹൂലിയയുടെ സംശയങ്ങൾ യാഥാർഥ്യം ആണോ?അതോ അവളുടെ തോന്നലുകൾ മാത്രമോ?

സിനിമയുടെ ഒരു ഘട്ടം കഴിഞ്ഞതിൽ പിന്നെ ഹൂലിയ ഒഴികെയുള്ള കഥാപാത്രങ്ങളുടെ മുഖം നേരെ ഫ്രേമിൽ കാണിക്കുന്നില്ല. ഹൂലിയയുടെ സംശയങ്ങൾക്ക് പിന്നിൽ ഒരു വ്യക്തി ഉണ്ടാകുമോ അത് ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം പ്രേക്ഷകന് ഊഹിക്കാമെങ്കിലും ഇത്തരത്തിൽ പല കഥാപാത്രങ്ങളും മുഖം ഇല്ലാത്തവർ ആയി വരുമ്പോൾ സംശയങ്ങൾ നീളും. അത് ആരും ആകാം എന്ന അവസ്ഥയും ആകും. നല്ലൊരു മിസ്റ്ററി, ഹൊറർ ചിത്രമാണ് Julia 's Eyes . ഞാൻ പണ്ട് കണ്ടതാണ്. പക്ഷേ അന്ന് ഇതിനെക്കുറിച്ച് എഴുതിയിരുന്നില്ല. ഇപ്പോൾ സ്പാനിഷ് സിനിമ റീമേക് രാജ്ഞി  തപ്സി Dobaara യ്ക്കു ശേഷം അടുത്തതായി ചെയ്ത Blurr ഇതിന്റെ റീമേക് ആണെന്ന് മനസ്സിലായി. ഒറിജിനൽ ഉള്ളപ്പോൾ എന്തിന് റീമേക് കാണണം എന്ന ചോദ്യമാണ് ഭാര്യ Blurr കാണണം എന്നു പറഞ്ഞപ്പോൾ മനസ്സിൽ വന്നത്. സ്പാനിഷ് അങ്ങനെ ആണ് ഒന്ന് കൂടി കണ്ടതും.

സിനിമ കാണാത്തവർ കുറവാണ് എന്നറിയാം. എങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കിക്കോളൂ. സിനിമ ഇറങ്ങിയ സമയത്ത് സസ്പെൻസ് നന്നായി ആണ് തോന്നിയത്. പിന്നീട് ധാരാളം സിനിമകൾ ഇതേ പോലെ ഒക്കെ വന്നത് കൊണ്ട് അന്നത്തെ അത്ര ഇംപാക്ട് ഉണ്ടാകുമോ എന്നറിയില്ല.

സിനിമ നേരത്തെ കണ്ടവരുടെ അഭിപ്രായം എന്താണ്?

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

No comments:

Post a Comment