Pages

Wednesday, 7 December 2022

1606. Kooman (Malayalam, 2022)

 1606. Kooman (Malayalam, 2022)

          Streaming on Amazon Prime.

          


 കാലിക പ്രസക്തിയുള്ള ഒരു കുറ്റാന്വേഷണം ആണ് കൂമൻ എന്ന ആസിഫ് അലി- ജിത്തു ജോസഫ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും ഈ സിനിമയിലെ ആസിഫ് അലിയുടെ ഗിരി എന്ന പോലീസുകാരന്റെ കഥാപാത്ര അവതരണം ആണ് എനിക്കു ഏറെ ഇഷ്ടപ്പെട്ടത്. വിദ്യാഭ്യാസം കുറവുള്ള ജോർജുക്കുട്ടി ദൃശ്യത്തിൽ  പൊലീസുകാരെ മൊത്തത്തിൽ ആശയക്കുഴപ്പത്തിൽ ആക്കിയത് പോലെ തന്നെ ആയിരുന്നു ഗിരിയുടെ സ്വഭാവം കൂമനിൽ . മനസ്സിൽ ഉള്ള പക വച്ച് അയാൾ മറ്റുള്ളവരോട് പക വീട്ടുന്നത്, അതും ഭ്രാന്തമായ ആവേശത്തോടെ ആകുമ്പോൾ ആസിഫിൽ സിനിമയിലെ സ്ഥിരം നായക കഥാപാത്രത്തെ  കാണാൻ സാധിക്കില്ല. പകരം സിനിമയിലെ തന്നെ ഏറ്റവും നെഗറ്റീവ് കഥാപാത്രം ആയി മാറുകയാണ് ഗിരി.  


  അവസാനം വരെയും നില നിർത്തിയ , തന്റെ എല്ലാ പ്രവൃത്തിയിലും ആരോടെങ്കിലും ഒക്കെ ജയിക്കണം എന്നുള്ള മനോഭാവം അവസാനം വരെയും ഉണ്ടായിരുന്നു എന്നതും ഗിരി എന്ന കഥാപാത്ര സൃഷ്ടിയുടെ മികവായി ആണ് കാണാൻ കഴിയുക. സിനിമയുടെ തേർഡ് ആക്ട് ഇതിൽ നിന്നും വിഭിന്നമായി കുറ്റാന്വേഷണം ആയി മാറുമ്പോൾ സിനിമയുടെ ഗ്രാഫ് മൊത്തത്തിൽ അത് വരെ നല്കിയ രസ ചരട് പൊട്ടിക്കുന്നതായി ആണ് തോന്നിയത്.എന്നാലും അതിലേക്ക് എത്തി ചേരുന്നത് ഗിരിയുടെ സ്വഭാവം കൊണ്ടാണ് എന്നത് കൊണ്ട് തന്നെ കണക്റ്റ് ചെയ്യാൻ പറ്റുന്നതും  ആണ്. ക്ലൈമാക്സ് മോശം ആണെന്ന് അല്ല. പകരം നേരത്തെ പറഞ്ഞത് പോലെ കാലിക പ്രസക്തവും ആണ്. പക്ഷേ  ആസിഫ് അലിയുടെ അത്രയും നേരം ഉള്ള സ്വഭാവം കാരണം തന്നെ നല്ലൊരു കഥയായി വേറെ രീതിയിൽ വികസിപ്പിക്കാം എന്നു തോന്നി. അങ്ങനെ ആയിരുന്നെങ്കിൽ കൂമൻ എന്ന പേര് അക്ഷരർഥത്തിൽ സിനിമയ്ക്ക് യോജിക്കുമായിരുന്നു. 


 ആസിഫ് തന്റെ സിനിമകളുടെ സ്ക്രിപ്റ്റുകൾ കണ്ടെത്തുന്നതിൽ കാണിക്കുന്ന ശ്രദ്ധാക്കുറവ് അയാളുടെ കരിയറിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്നു തന്നെ ഈ അടുത്ത് ഇറങ്ങിയ രണ്ടു സിനിമകളിലൂടെയും മനസ്സിലാക്കാം. നല്ല ടീം ആണെങ്കിൽ അയാൾ നന്നായി തന്നെ സിനിമ ചെയ്യാന് കഴിയുന്ന ഒരു നടൻ ആണ്. പ്രത്യേകിച്ചും അൽപ്പം ഡാർക് ഷെയ്ഡ് ഉള്ളത്.ആസിഫിനെ കുറിച്ച് ഇത്രയും നേരം പറഞ്ഞത് ഇത് അയാളുടെ സിനിമയാണ്, അയാൾ ആയിരുന്നു സിനിമയുടെ നട്ടെല്ല് എന്നത് കൊണ്ടാണ്. ഗിരി എന്ന പോലീസ് ഉദ്യോഗസ്ഥനെ പോലെ ഉള്ളവരെ ജീവിതത്തിൽ കണ്ടിട്ടുണ്ടെങ്കിൽ അത്തരം ഒരു കഥാപാത്രവുമായി കണക്ഷൻ കിട്ടും. എനിക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായി സിനിമ കണ്ടപ്പോൾ. 


 നേരത്തെ പറഞ്ഞത് പോലെ ക്ലൈമാക്സ് അൽപ്പം സീരിയൽ ലെവൽ ആയെങ്കിലും ജിത്തുവിന്റെ മറ്റ് സിനിമകളിലെ പോലുള്ള ഒരു  ത്രൂ -ഔട്ട് സീരിയൽ അവതരണം കൂമനിൽ കുറവായിരുന്നു. എനിക്കു ജിത്തു ജോസഫ് സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഗിരി. സിനിമ മൊത്തത്തിൽ തരക്കേടില്ലാതെ, അത്യാവശ്യം നല്ലത് പോലെ ത്രിൽ അടിപ്പിക്കുന്ന ഒന്നാണ്. ഈ അടുത്ത് ഇറങ്ങിയ സിനിമകളിൽ നല്ലതെന്ന് പറയാവുന്ന ഒരു മലയാളം സിനിമ . 


എന്റെ റേറ്റിംഗ്: 3.5/5 


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ ?

No comments:

Post a Comment