Pages

Monday, 5 December 2022

1602. Kantara ( Kannada, 2022)

 1602. Kantara ( Kannada, 2022)

          Streaming on Amazon Prime.



കാന്താരാ റിലീസ് ആയ സമയത്തു തിയറ്ററിൽ കണ്ടവർ വരാഹാരൂപം സിനിമയ്ക്ക് മൊത്തത്തിൽ നൽകിയ മാസ്മരികമായ അനുഭവത്തിനെ കുറിച്ച് അറിവ് ഉള്ളത് കൊണ്ട് തന്നെ പുതിയ വരാഹാരൂപം ഉള്ള സിനിമ കാണേണ്ട എന്ന് തന്നെ തീരുമാനിച്ചത് ആണ്‌ പ്രൈം വീഡിയോയിൽ വന്നപ്പോൾ. അത് കൊണ്ട് തന്നെ എല്ലാ ദിവസവും പ്രൈം തുറന്നു ക്ലൈമാക്സ്‌ ഭാഗം നോക്കുമായിരുന്നു, ഒറിജിനൽ വന്നോ എന്ന് അറിയാൻ. എന്തായാലും ഇന്ന് നോക്കിയപ്പോൾ ഒറിജിനൽ വരാഹരൂപം തന്നെ കിടക്കുന്നതു കണ്ടു. അത് കൊണ്ട് സിനിമ പ്രൈമിൽ കണ്ടു.


  സിനിമയെക്കുറിച്ച് പറയുക ആണെങ്കിൽ, ഒരു മിത്തിൽ നിന്നും തുടങ്ങി ഫിക്ഷനൽ ആയ ഒരു ഗ്രാമവും, ആ ഗ്രാമത്തിന്റെ രക്ഷകനായ ദൈവ പ്രതിഷ്ഠയും അതിൽ നിന്നും കാലങ്ങൾക്ക് അപ്പുറം നടക്കുന്ന സംഭവങ്ങൾ എല്ലാം ആണ്‌ സിനിമയുടെ കഥ. മണ്ണിനോട് മനുഷ്യനുള്ള ആർത്തിയും, അതേ സമയം കാലുറച്ചു നിൽക്കാൻ മണ്ണ് വേണമെന്നുള്ള മനുഷ്യന്റെ ആവശ്യവും തമ്മിലുള്ള സംഘർഷം ആണ്‌ സിനിമയിൽ ഉള്ളത്. പതിവ് ഇന്ത്യൻ സിനിമകളിൽ കണ്ടു പഴകിയ ഒരു കഥ. അതിലേക്കു വരുന്ന ജീവിതം ചുമ്മാതെ എങ്ങനെയൊക്കെ ആഘോഷിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചു നടക്കുന്ന നായകൻ.


 എന്നാൽ കാന്താരാ അതിന്റെ ഉഗ്ര രൂപം എടുക്കുന്നത് അവസാന ഒരു അര മണിക്കൂർ ആണ്‌. ടി വിയിൽ കുഴപ്പമില്ലാത്ത ഒരു സൗണ്ട് സിസ്റ്റത്തിൽ കണ്ട എനിക്ക് പോലും ആ ഭാഗങ്ങൾ നൽകിയ സിനിമ അനുഭവത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ്‌ സിനിമ തിയറ്ററിൽ കണ്ടവരുടെ അനുഭവത്തെ കുറിച്ചുനോർത്തു പോകുന്നത്. അത്രയ്ക്കും ഇഷ്ടപ്പെട്ടൂ എന്ന് തന്നെ പറയാം. പ്രത്യേകിച്ചും ക്ലൈമാക്‌സിലെ വരാഹാരൂപം ഒരു സാധാരണ കഥ പറഞ്ഞ് പോയ സിനിമയെ  മറ്റൊരു തലത്തിലേക്കു എത്തിച്ചു എന്ന് തന്നെ പറയാം.


 പ്രദേശികമായ മിത്തും, ഫോക്ലോറിന്റെ സാധ്യതകൾ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതിനോടൊപ്പം ഒരു സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ എന്താണോ സിനിമ കഴിയുമ്പോൾ തങ്ങി നിൽക്കുക എന്നത് അറിഞ്ഞു തന്നെ ആണ് റിഷഭ് ഷെട്ടിയും കൂട്ടരും സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ട്രോളുകളിൽ കണ്ട അലർച്ച രംഗങ്ങൾ സിനിമ കാണുമ്പോൾ അത് കഥയുടെ ആത്മാവും ആയി എത്ര മാത്രം യോജിച്ചു നിൽക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.


 എന്ത് മാത്രം മിത്തുകൾ ആണ്‌ നമ്മുടെ ചുറ്റും ഫാന്റസിയുടെ വലിയ സാധ്യതകൾ ഉപയോഗിക്കാൻ പാകത്തിൽ ഉള്ളത് എന്ന് ചിന്തിച്ചു പോയി. ഈ ഒരു സിനിമ ഴോൻറെയിൽ തുമ്പാട് നൽകിയ അനുഭവം മറക്കാൻ സാധ്യതയില്ല എന്ന് വിശ്വസിക്കുന്നു. ആ സിനിമയുമായി കാന്താരയെ താരതമ്യം ചെയ്യുകയും അല്ല. പകരം നല്ല രീതിയിൽ കഥ അവതരിപ്പിക്കാൻ കഴിവ് ഉള്ളവർക്ക് ഓരോ ചെറിയ ഗ്രാമത്തിനും പറയാൻ ഇതു പോലെ കഥകൾ എത്രയോ കാണും.


പ്രദേശികമായ ദൈവ വിശ്വാസവും മിത്തും എല്ലാം കൂടി ചേർന്നു വലിയ ഒരു ലോകം ആണ്‌ കാന്താരാ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. സിനിമയുടെ വലിയ വിജയം, അത്തരം ഒരു സമീപനത്തിന്റെ ഫലവും ആണ്‌. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സിനിമ. പ്രത്യേകിച്ചും ക്ലൈമാക്സ്‌ തന്ന അനുഭൂതി. അത് അത്ര ഗംഭീരവും ആയിരുന്നു. കാത്തിരുന്നത് വെറുതെ ആയില്ല തന്നെ ഉറപ്പായി സിനിമ കഴിഞ്ഞപ്പോൾ.


ചെറിയ ഒരു റേറ്റിങ് കൊടുക്കുന്നു : 4/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

No comments:

Post a Comment