Pages

Friday 3 May 2019

1020.Jar City(Icelandic,2006)



1020.Jar City(Icelandic,2006)
Mystery,Crime

രണ്ടു ദിവസത്തോളം പഴകിയ നിലയിൽ ആണ് അയാളുടെ ശവ ശരീരം കണ്ടെത്തിയത്.തലയ്ക്കു ഏറ്റ ക്ഷതം കാരണം മരണപ്പെട്ട ഹോൾബെർഗ് ഒരു മുൻകാല കുറ്റവാളി ആണ്.കേസ് അന്വേഷിക്കാൻ എത്തിയ ഏർലണ്ടറും സംഘവും തെളിവുകൾ ഇല്ലാതെ കുഴയുന്നു.

നിഗൂഢമായ ധാരാളം കാര്യങ്ങൾ ആ കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നു.ഒരു പക്ഷെ കുറെ വർഷങ്ങൾക്കു മുൻപ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകും എന്ന് ബോധ്യം ഇല്ലാത്ത ആളുകൾ,അവരുടെ ചില രഹസ്യങ്ങൾ.അതിൽ നിന്നും ഉരുത്തിരിഞ്ഞ കേസുകൾ.അതിന്റെ ബാക്കി പത്രം ആയി കാലം മനുഷ്യരിലൂടെ തന്നെ രേഖപ്പെടുത്തിയ തെളിവുകൾ.സിനിമയുടെ കഥയിലെ നിഗൂഢത ഒരു കടങ്കഥ പോലെ , തെളിയിക്കാൻ ബുദ്ധിമുട്ടുള്ള കേസുകളിലെ, അല്ലെങ്കിൽ ഒരു സംഭവത്തിന്റെ പിന്നാലെ ഉള്ള രഹസ്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും 'ദൈവത്തിന്റെ കയ്യൊപ്പ്' എന്ന മാജിക് കാരണം വ്യക്തത വരുമെന്ന് ഊട്ടി ഉറപ്പിക്കുന്നു ഈ ചിത്രം.

പ്രേക്ഷകനെ കാത്തിരിക്കുന്നതും ഇത്തരത്തിൽ ഉള്ള രഹസ്യങ്ങളിലേക്കുള്ള വഴിയാണ്.നമുക്ക് അപരിചിതരായ കഥാപാത്രങ്ങൾ,അവരുടെ കഥ ആദ്യമായി കേൾക്കുക ആണെങ്കിലും അവരുടെ പിന്നിൽ ഉള്ള രഹസ്യങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ തെളിയാതെ കിടക്കുമ്പോൾ അതിന്റെ സത്യം അറിയാൻ ഉള്ള ആഗ്രഹം ആണ് ഓരോ മിസ്റ്ററി ചിത്രങ്ങളെയും പ്രിയപ്പെട്ടവ ആക്കുന്നത്.ഇവിടെ 'Jar City' പൂർണമായും വിജയിച്ചു എന്നു തോന്നും.

ഹോൾബെർഗിനെ ആരാണ് കൊലപ്പെടുത്തിയത്?എന്തായിരുന്നു ഈ കൊലപാതകത്തിന് പിന്നിലെ രഹസ്യം?വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ പിന്നിലെ രഹസ്യം എന്താണ്?കൂടുതൽ അറിയാൻ ചിത്രം കാണുക.

'Arnaldur Indriðason' രചിച്ച 'Myrin' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ഐസലാണ്ടിക് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഐസലാണ്ടിക് സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം നേടിയ ചിത്രം മികച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആയി കണക്കാക്കുന്നതിനോടൊപ്പം 'deCODE genetics' എന്ന ഐസ്‌ലാണ്ട് കമ്പനിയുടെ പ്രവർത്തനങ്ങളെ പരോക്ഷമായി പ്രതിപാദിച്ചു കൊണ്ടും ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആർലണ്ടറുടെ കുറ്റാന്വേഷണ കഥാപാത്രമായ ഏർലണ്ടറുടെ കഥകളിലെ ആദ്യ ഭാഗം ആണ് സിനിമ ആയി മാറിയത്.

നോർഡിക് സിനിമകളുടെ ദൃശ്യഭംഗിയും ഇരുളിമ നിറഞ്ഞ ഫ്രയിമുകളിലെ മരണത്തിന്റെ,നിഗൂഢതയുടെ പ്രതിഫലനവും എല്ലാം ചേരുമ്പോൾ ഇത്തരം ഒരു ചിത്രത്തിന് പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ഒരു അമ്പിയൻസ് സിനിമയിലൂടെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നുണ്ട്.കാണാതെ ഇരിക്കരുത്.മികച്ച ഒരു നോർഡിക് ചിത്രം തന്നെയാണ് 'Jar City'.

MHV rating :4/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

No comments:

Post a Comment