Pages

Sunday 6 January 2019

999.C/o Kancharapalem(Telugu,2018)


999.C/o Kancharapalem(Telugu,2018)
       Drama,Romance

          ജീവിതത്തില്‍ നഷ്ടങ്ങള്‍ ആണ് ഇവര്‍ക്ക് കൂടുതലും ഉണ്ടായത്.സുന്ദരം, തനിക്കു ഇഷ്ടമായ് പെണ്‍ക്കുട്ടിയുടെ പ്രിയപ്പെട്ട നിറമായ 'പിങ്ക്" ഷര്‍ട്ട്‌ അണിയുന്നതും,ജാക്സണ്‍ തന്‍റെ പ്രിയസഖിക്കു വേണ്ടി  ജീവിത മാര്‍ഗം മാറ്റിയതും ഗദാം സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കിയ 'ഇഷ്ടമുള്ളത് ചെയ്യാന്‍" ഉള്ള സ്വാതന്ത്ര്യത്തിന്റെയും പിന്നില്‍ പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അവരെ കാത്തിരുന്നത് മറ്റെന്തോ ആണ്.സര്‍ക്കാര്‍ ആഫീസിലെ പ്യൂണ്‍ ആയ രാജുവിന്റെ ജീവിതം കൂടി ഒന്ന് നോക്കിക്കൊള്ളൂ.50 വയസ്സിനോട് അടുക്കുമ്പോഴും വിവാഹം കഴിക്കാതെ നില്‍ക്കുന്ന അയാളെ തേടി വന്ന പ്രണയം.ഈ കഥകളില്‍ എല്ലാം തന്നെ പ്രണയമുണ്ട്.എന്നാലും ആ ഒരു പൊതു ഘടകം മാറ്റി നോക്കിയാല്‍ കഥാപാത്രങ്ങള്‍ക്ക് പിന്നെയും സാദൃശ്യം തോന്നാം.അവരുടെ നഷ്ടപ്പെടലുകളിലൂടെ.

   നാല് വ്യത്യസ്ത കഥകള്‍ ആണ് C/o Kancharapalem എന്ന ചിത്രം അവതരിപ്പിക്കുന്നത്‌.വിസാഗിലെ കഞ്ചരപലേം എന്ന സ്ഥലം ആണ് സിനിമയുടെ കഥ നടക്കുന്ന സ്ഥലം.ഒരു ചെറിയ ഗ്രാമത്തിന്റെ ചുറ്റുവട്ടത്തില്‍ നടക്കുന്ന 4 വ്യത്യസ്ത സംഭവങ്ങള്‍ സമാന്തരമായി ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.നാലും പ്രണയ കഥകള്‍ ആണ്.വളരെ വ്യത്യസ്തമായ നാല് ചുറ്റുപ്പാടുകള്‍.ഈ കഥയില്‍ പലതിലും വില്ലന്‍ ആയി വരുന്ന ഒന്നുണ്ട് 'മതം'.പ്രത്യേകമായി ഒരു മതത്തോടും മമത കാണിക്കാതെ,നിശബ്ദമായി പ്രേക്ഷകനെ മനസ്സിലാക്കാന്‍ സംവിധായകന്‍ 'മഹാ' യും കൂട്ടരും അവതരിപ്പിച്ച കഥകള്‍ ചെറിയ ഒരു നൊമ്പരത്തോടെ അല്ലാതെ മാഞ്ഞു പോകില്ല കണ്മുന്നില്‍ നിന്നും.

   മനുഷ്യ ജീവിതത്തില്‍ എന്ത് മാത്രം സ്വാധീനം ചെലുത്താന്‍ മതങ്ങള്‍ക്ക് കഴിയും എന്നതിന്‍റെ മോശപ്പെട്ട ഒരു വശമാണ് കാണാന്‍ സാധിക്കുക.അത് കഥാപാത്രങ്ങളോടൊപ്പം യാത്ര ചെയ്‌താല്‍ മാത്രമേ മനസ്സിലാകൂ.അത്രയ്ക്കും തീക്ഷണം ആണ് തുടക്കത്തില്‍ അല്‍പ്പം തമാശയുടെ അകമ്പടിയോടെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍, ചുറ്റുപ്പാടുകള്‍ എന്നിവയ്ക്ക് ഉണ്ടായത്.കഥാപാത്രങ്ങളെ പ്രേക്ഷകന് കൂടുതല്‍ മനസ്സിലാക്കിക്കാന്‍ വേണ്ടി ആണ് കഥ കൂടുതല്‍ നേരവും ശ്രമിച്ചത്‌.ഒരു പക്ഷെ ഈ കഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും അതായിരുന്നിരിക്കണം.

  പതിവ് തെലുങ്ക്‌ മസാലകളില്‍ നിന്നും വ്യത്യസ്തമായി,ചെറിയ മുതല്‍മുടക്കില്‍ ,മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.നിര്‍മാതാവായ വിജയ പ്രവീണ,മോഹന്‍ ഭഗത്,സുബ്ബ റാവു,കാര്‍ത്തിക് രത്നം തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷം മികവോടെ അവതരിപ്പിച്ചു.പുതുമുഖങ്ങള്‍ ആയിരുന്നു ചിത്രത്തില്‍ ഭൂരിഭാഗവും.അതും കഞ്ചരപലേം നിവാസികള്‍.ഒരു കഥ വായിക്കുന്ന പ്രസന്നതയോടെ സമാധാനപരമായി കണ്ടു പോകാവുന്ന ചിത്രം പിന്നീട് റൂട്ട് മാറി സഞ്ചരിക്കുന്നുണ്ട്.മനസ്സില്‍ തങ്ങി നില്‍കും പല കഥാപാത്രങ്ങളും.പ്രത്യേകിച്ചും നിര്‍മാതാവ് തന്നെ അവതരിപ്പിച്ച നസീമ എന്ന കഥാപാത്രം.അതിനൊപ്പം മോഹന്‍ ഭാഗത്തിന്റെ നിഷ്കളങ്കതയില്‍ പൊതിഞ്ഞ പ്രണയം.ഇതിന്റെ എല്ലാം അവസാനം മനസ്സില്‍ കുറേ കാലം തങ്ങി നില്‍ക്കും എന്ന് തോന്നുന്നു.അത് പോലെ മറ്റൊരാള്‍ ആണ് സുന്ദരത്തിന്റെ അച്ഛന്‍.വല്ലാത്ത ഒരു കഥാപാത്രമായി പോയി അത്.ശരിയും തെറ്റും ഒന്നും കണ്ടെത്താന്‍ ആകാതെ അല്‍പ്പ സമയം മരവിച്ചു പോയി കാഴ്ച. മറ്റു രണ്ടു കഥാപാത്രങ്ങളുടെ കഥയ്ക്കും അത്ര തീവ്രത ഇല്ലായിരുന്നു.എങ്കിലും സിനിമയുടെ പൂര്‍ണതയ്ക്കു ആവശ്യമായിരുന്നു അവരും.സമൂഹത്തിലെ ചില അനാചാരങ്ങള്‍ക്ക് എതിരെ പ്രതികരിച്ചു അവസാനം ജീവിതത്തില്‍ ധൈര്യം കാണിക്കുവാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് കഴിയുമോ?ചിത്രം കാണുക!!

   ചിത്രത്തിന്‍റെ അവസാനം നല്ല ഒരു സസ്പന്‍സ് ഒളിച്ചിരുപ്പുണ്ട്!!

   More movie suggestions @www.movieholicviews.blogsot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
  Telegram channel link: t.me/mhviews

No comments:

Post a Comment