Pages

Sunday, 13 May 2018

873.FRONT OF THE CLASS(ENGLISH,2008)


"Tourette Syndrome" എന്ന അപൂര്‍വ രോഗത്തെ അതി ജീവിച്ച ബ്രാഡിന്റെ കഥ.


    'Tourette Syndrome'  -ഈ പേര് ടൈപ്പ് ചെയ്യുമ്പോള്‍ അതിന്റെ അടിയില്‍ ചുവന്ന വര കാണിക്കുന്നു.അതായതു തെറ്റായ ഒരു വാക്കാണ്‌ ടൈപ്പ് ചെയ്തതെന്ന് അര്‍ത്ഥം.അതെ,Tourette Syndrome അങ്ങനെ ഒരു അവസ്ഥയാണ്.ഒരു വിധം ഇത് പോലത്തെ രോഗങ്ങളുടെ പേരുകള്‍ മനസ്സിലാകുന്ന ഗൂഗിളിനു പോലും വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല ഈ വാക്ക്.അതാണല്ലോ അങ്ങനെ കാണിച്ചത്.ഇത് തന്നെയാണ് ഈ അവസ്ഥയുടെ ഭീകരമായ വശവും.'അജ്ഞത'.തലച്ചോറിനെ സംബന്ധിക്കുന്ന ചില അവസ്ഥകള്‍  Tourette Syndrome നു കാരണം ആകുന്നതു.എന്നാല്‍ അത്തരത്തില്‍ ഒരു അവസ്ഥയില്‍ ഉള്ള ആളുടെ സാമൂഹികമായ ഇടപ്പെടലുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും.അയാളെ ശല്യക്കാരന്‍ ആയും,സമൂഹത്തില്‍ ഇടപ്പെടാന്‍ കൊള്ളാത്ത ആളായും കണക്കാക്കും.കാരണം.നമ്മള്‍ ആരും പരിചിതര്‍ അല്ല ഈ രോഗാവസ്ഥയെ.


   'ബ്രാഡ്' ചെറുപ്പം മുതല്‍ ശാന്ത ശീലന്‍ ആയിരുന്നു.പ്രത്യേകിച്ചും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അവന്‍ പിന്നീട് ചില അപ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു തുടങ്ങി.കണക്ക് വിഷമകരമായ ആ  വിദ്യാര്തിക്ക് ടെന്‍ഷന്‍ കൂടുമ്പോള്‍ അത്തരത്തില്‍ ഉള്ള ശബ്ദവും കൂടുമായിരുന്നു.എന്നാല്‍ അധ്യാപകര്‍ ,സഹപാഠികള്‍ എന്ന് വേണ്ട അവന്റെ സ്വന്തം അച്ഛന്‍ പോലും ശല്യക്കാരന്‍ ആയി അവനെ മുദ്ര കുത്തി.എന്നാല്‍ അവന്റെ അമ്മ അങ്ങനെ അവനെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു.ഡോക്റ്റര്‍ പോലും സമാനമായ അഭിപ്രായം പറഞ്ഞപ്പോള്‍ അക്കാലത്തെ പരിമിത സൌകര്യങ്ങളില്‍ നിന്ന് കൊണ്ട് മെഡിക്കല്‍ പുസ്തകങ്ങളില്‍ നിന്നും അവര്‍ കണ്ടു പിടിച്ചു.ബ്രാഡ് 'Tourette Syndrome' എന്ന അപൂര്‍വ അവസ്ഥ ഉള്ള ആളാണ്‌ എന്ന്.


  നല്ല വിദ്യാഭ്യാസം ലഭിച്ച ബ്രാഡ് എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആയി തന്റെ അസുഖത്തെ കാണുന്നില്ല.ഒരു ടീച്ചര്‍ ആവുക എന്നതായിരുന്നു അവന്റെ ഉദ്ദേശം.അതിനായി അവനെ സഹായിച്ച മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.അവന്റെ സ്ക്കൂളിലെ പ്രിന്‍സിപ്പാള്‍.ഒരു പക്ഷെ ബ്രാഡിന്റെ അമ്മയും  പ്രിന്‍സിപ്പാളും ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അവന്റെ കഥ പുസ്തകം ആയും സിനിമ ആയും നമ്മുടെ മുന്നില്‍ എത്തില്ലായിരുന്നു.തീര്‍ച്ച!!തന്റെ ശാരീരികാവസ്ഥ ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ കഴിയില്ല എന്നുള്ള ആത്മവിശ്വാസം ആയിരുന്നു ബ്രാഡിന്റെ ഏറ്റവും വലിയ കൈ മുതല്‍.ബ്രാഡിന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് ബാക്കി ചിത്രം.


ടി വി സിനിമകളിലെ 'ക്ലാസിക്' എന്ന് വിശേഷിപ്പിക്കാം.അത്ര മാത്രം പോസിറ്റീവ് എനെര്‍ജി ആയിരുന്നു ഈ ചിത്രം നല്‍കിയത്.'Hallmark Hall of Fame ' ടി വി ചിത്രമായി അവതരിപ്പിക്കപ്പെട്ട ചിത്രം പിന്നീട് CBS ല്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.ജെയിംസ് വോക്ക് എന്ന പുതുമുഖ നടന്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.എന്നാല്‍ മികച്ച രീതിയില്‍ ,ഒരു ഫീല്‍ ഗുഡ് മൂവി ആക്കി മാറ്റാന്‍ ആ പുതുമുഖത്തിന് തന്റെ കഥാപാത്രത്തിലൂടെ സാധിച്ചു.അത്രയ്ക്കും പോസിറ്റീവ് ആയിരുന്നു അയാളുടെ അഭിനയം.എന്നെന്നും ഓര്‍ക്കുന്ന കഥാപാത്രം ആണ് ഈ ചിത്രത്തിലെ ബ്രാഡ്.

"ഹിച്കി" എന്ന റാണി മുഖര്‍ജീ സിനിമ റിലീസ് ആയപ്പോള്‍ ഒരു സുഹൃത്തിന്റെ സജഷന്‍ ആയിരുന്നു 'Front of the Class' എന്ന ചിത്രം."ഹിച്കി", 'Front of the Class' നു ആസ്പദമായ 'Front of the Class: How Tourette Syndrome Made Me the Teacher I Never Had' എന്ന ബ്രാഡ് കൊഹന്റെ ജീവിത കഥയെ ആസ്പദമാക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഉള്ള ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ചിത്രത്തിന്റെ അവസാനം കാണുമ്പോള്‍ ആണ് കഷ്ടപ്പാടുകളെയും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും മാറ്റി മറിയ്ക്കാന്‍ കഴിയുന്ന മനുഷ്യന്റെ ദൃഡ നിശ്ചയത്തിന്റെ ശക്തിയെ കുറിച്ച് ഓര്‍ത്തു അഭിമാനം തോന്നുന്നത്.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ് 'Front of the Class'


873.Front of the Class
       English,2008
       Drama
       Dir:Peter Werner
       Stars:James Wolk, Treat Williams, Dominic Scott Kay
   

No comments:

Post a Comment