Pages

Sunday 12 November 2017

800.OLDBOY(KOREAN,2003)

800.OLDBOY(KOREAN,2003),|Thriller|Mystery|Action|,Dir:-Chan-wook Park,*ing:-Min-sik Choi, Ji-tae Yu, Hye-jeong Kang

Remember this: "Be it a rock or a grain of sand, in water they sink as the same."

   ജീവിതത്തിലെ സംഭവങ്ങളും ഇത് പോലെയാണ്.തുല്യ പ്രാധാന്യം ഇല്ലാത്ത സംഭവങ്ങള്‍ ആണെങ്കിലും അവസാന ഫലം പലപ്പോഴും ഒന്ന് തന്നെയായിരിക്കും.

 
 ചാന്‍ വുക്ക് പാര്‍ക്കിന്റെ പ്രതികാരം പ്രമേയം ആയി വരുന്ന Vengeance Trilogy യിലെ രണ്ടാമത്തെ ചിത്രമാണ് Oldboy.കൊറിയന്‍ സിനിമകളിലെ കള്‍ട്ടുകളില്‍ ഒന്നായി മാറിയ ചിത്രം പലപ്പോഴും ലോക സിനിമ വേദിയില്‍ കൊറിയന്‍ ചിത്രങ്ങളുടെ മുഖമുദ്ര ആയി മാറുകയും ചെയ്തിരുന്നു.കൊറിയന്‍ സിനിമകള്‍ക്ക്‌ മാത്രം ചേരുന്ന തരത്തില്‍ ബന്ധങ്ങളും പ്രതികാരവും എല്ലാം സമന്വയിപ്പിച്ച ചിത്രം അതിന്റെ മറ്റു ഭാഷകളില്‍ ഉള്ള റീമേക്കുകളില്‍ വന്‍ പരാജയങ്ങള്‍ ആയി മാറിയത് ചരിത്രം.കാന്‍സില്‍ പ്രീമിയര്‍ നടത്തിയ ചിത്രം അവിടെ നിന്നും ഗ്രാന്‍ഡ്‌ പ്രിക്സ് നേടുകയുണ്ടായി.

   കഥാപരമായ കൗതുകം പ്രേക്ഷകനില്‍ ഉണ്ടാക്കുവാന്‍ ചിത്രത്തിന് തുടക്കം തന്നെ സാധിച്ചിട്ടുണ്ട്.പതിനഞ്ചോളം വര്‍ഷമായി ഒരു മുറിയില്‍ അകപ്പെട്ട ഡേ സൂ എന്ന നായക കഥാപാത്രം.തന്നെ എന്തിനാണ് ആ മുറിയില്‍ ഇത്രയും കാലം ആയി പാര്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍ അയാള്‍ക്ക്‌ അതിനുള്ള ഉത്തരങ്ങള്‍ ഇല്ലായിരുന്നു.താനും ആയി ശത്രുത ഉള്ള ആളുകളുടെ പേരുകള്‍ നോക്കി ഒരു ആത്മവിശകലനം നടത്തിയെങ്കിലും ഉത്തരം അയാളില്‍ നിന്നും അകന്നു തന്നെ നിന്നൂ.

  ടെലിവിഷന്‍ ആയിരുന്നു പുറം ലോകവും ആയുള്ള അയാളുടെ ഏക ബന്ധം.അയാളുടെ പള്ളിയും,കാമുകിയും,ലൈംഗികതയും,സുഹൃത്തും എല്ലാം ആ കാലയളവില്‍ ടെലിവിഷനില്‍ മിന്നി മായുന്ന കാഴ്ചകള്‍ ആയിരുന്നു.ആ മുറിയില്‍ കഴിയുന്ന ഓരോ ദിവസവും അയാള്‍ എണ്ണി സൂക്ഷിച്ചു.അയാളില്‍ പ്രതികാരം കൂടിക്കൊണ്ടിരുന്നു ഓരോ ദിവസവും.ആ മുറിയില്‍ വച്ച് പുറം ലോകത്ത് പോയി തന്‍റെ ശത്രുവിനെ കണ്ടെത്തുമ്പോള്‍ അയാളെ നേരിടാന്‍ വേണ്ടി ശരീരം പോലും അതിനായി പ്രാപ്തമാക്കാന്‍ അയാള്‍ ശ്രമിച്ചു.

  അവസാനം ആ ദിവസം വന്നെത്തി.അയാള്‍ സ്വതന്ത്രന്‍ ആയി.ആ സമയത്ത് പലപോഴുമായി അയാള്‍ തന്‍റെ ശത്രുവിന്റെ അവ്യക്തമായ രൂപം കണ്ടൂ.പലപ്പോഴും അയാള്‍ക്ക്‌ അന്വേഷണങ്ങള്‍ കൊണ്ടെത്തിക്കുന്ന സ്ഥലങ്ങളില്‍ കണ്ടെത്തുന്ന പ്രതിയോഗികളെ നേരിടെണ്ടാതായി വരുന്നു.ഈ ഇടയ്ക്ക് അയാള്‍ തന്നെക്കാളും വളരെയധികം പ്രായം കുറഞ്ഞ ഒരു പെണ്‍ക്കുട്ടിയെ പരിചയപ്പെടുന്നു.അവളുമായുള്ള പ്രണയം അയാളെ ഇത്രയും കാലം അടച്ചിട്ട മുറിയില്‍ കഴിഞ്ഞത് നന്നായി എന്ന് പോലും തോന്നിപ്പിക്കുന്നു.അല്ലെങ്കില്‍ അയാള്‍ക്ക്‌ അവളെ ഒരിക്കലും കണ്ടു മുട്ടന്‍ സാധിക്കില്ല എന്ന് പോലും കരുതുന്നു.

   ഡേ-സൂ വിന്റെ അന്വേഷണം ആണ് ബാക്കി ചിത്രം.അയാള്‍ എന്ത് കൊണ്ട് ഇത്രയും കാലം ശിക്ഷ അനുഭവിച്ചു?ആരാണ് അയാളുടെ ശത്രു?അയാളുടെ ശത്രുതയ്ക്ക് കാരണം എന്താണ്?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബാക്കി ചിത്രം.റിപ്പര്‍ മോടലില്‍ ആക്രമിക്കുന്ന നായകന്‍.അയാളുടെ ബലഹീനതകള്‍ പലപ്പോഴും ദൃശ്യമാണ്.മികച്ച ആക്ഷന്‍ രംഗങ്ങള്‍.പരിധിയിലും കൂടുതല്‍ ഉള്ള വയലന്‍സ്,പ്രമേയപരമായി വിലക്കപ്പെട്ട ലൈംഗിക രംഗങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ ഉണ്ടെങ്കിലും കഥാപരമായി അവയെല്ലാം നീതി പുലര്‍ത്തിയോ എന്നത് പ്രേക്ഷകന്‍റെ കണ്ണിലൂടെ ഉള്ള കാഴ്ചയില്‍ വന്നു ചേരുന്ന ചിന്തകള്‍ ആണ്.അത് കൊണ്ട് പ്രമേയം എത്രത്തോളം സ്വീകാര്യം എന്നത് അനുസരിച്ചിരിക്കും സിനിമ ആസ്വാദനവും.

No comments:

Post a Comment