Pages

Sunday, 22 October 2017

784.THE UNKNOWN WOMAN(ITALIAN,2006)

784.THE UNKNOWN WOMAN(ITALIAN,2006),|Mystery|Thriller|Drama|,Dir:-Giuseppe Tornatore,*ing:-Kseniya Rappoport, Michele Placido, Claudia Gerini.


      ഒരു സിനിമയുടെ കഥ തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്നും വ്യത്യസ്തം ആണ് The Unknown Woman എന്ന ഇറ്റാലിയന്‍ ചിത്രം.കഥയില്‍ ആണ് വൈരുധ്യം കാണാന്‍ കഴിയുക.തികച്ചും അസാധാരണം ആയ നിഗൂഡത നിറഞ്ഞ കഥ.എന്നാല്‍ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം പ്രേക്ഷകന്റെ നിലപാടും മാറി തുടങ്ങും.

 ****കഥ ചുരുക്കത്തില്‍***


    ഐറീന ആ ചെറിയ പട്ടണത്തിലേക്ക് വന്നത് ചില  ഉദ്ധേശ്യത്തോടെ ആയിരുന്നു.ആദ്യം ക്ലീനിംഗ് ജോലികള്‍ ചെയ്തു തുടങ്ങിയ അവള്‍ തന്‍റെ ലക്‌ഷ്യത്തിലേക്ക് എത്തുവാന്‍ ആയുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങുന്നു.അവിടെ ഉള്ള ഒരു വീട്ടില്‍ കയറുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം.സമ്പന്നമായ ആ കുടുംബത്തില്‍ അവള്‍ക്കു താല്‍പ്പര്യം തോന്നാന്‍ കാരണങ്ങളും ഉണ്ട്.അതിനായി അവള്‍ ഒരുക്കുന്ന വഴികള്‍ ചില സമയങ്ങളില്‍ അപകടകരം ആയി മാറുന്നുണ്ട്.നേരത്തെ അവിടെ ജോലി ചെയ്തിരുന്ന സ്ത്രീയെ അവള്‍ ക്രൂരമായി ഒഴിവാക്കി.ആ വീട്ടില്‍ കടന്നു കൂടിയ അവള്‍ അവിടെ ഉള്ളവരുടെ വിശ്വാസം നേടുന്നു.അവിടെ ഉള്ള കൊച്ചു കുട്ടിയ ആ തിയില്‍ ദുരൂഹമായ ഒരു ബന്ധം അവള്‍ക്കുണ്ടായിരുന്നു.അത് എന്താണെന്ന് അറിയാന്‍ ബാക്കി ചിത്രം കാണുക.



  ***സിനിമയെക്കുറിച്ച്***

  ഐറീന ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നത് അവളുടെ ഭൂതക്കാലത്തിലെ ഓര്‍മകളിലൂടെ ആണ്.ഒരു വേശ്യയായി ജീവിക്കുന്ന അവളുടെ പ്രണയവും,പിന്നീട് അവളുടെ ജീവിതത്തില്‍ സംഭവിച്ച ദുരിതങ്ങളില്‍ നിന്നും എല്ലാം രക്ഷപെടാന്‍ അവള്‍ കഴിയുന്നതും ശ്രമിക്കുന്നുണ്ട്.അവളുടെ ജീവിതം ക്രൂരമായ രീതിയില്‍ ഉപയോഗിക്കുന്ന പിമ്പിനെ അവള്‍ നേരിടുന്നതും അവളുടെ പ്രിയപ്പെട്ടവന്റെ മരണവും,അവള്‍ അന്വേഷിച്ചു ഇറങ്ങുന്ന സ്വന്തം ചോരയും എല്ലാം അവളുടെ ജീവിതത്തില്‍ ഇഴകി ചേര്‍ന്നിരിക്കുന്നു.

  വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ നടത്തുന്ന അന്വേഷണം അപകടം നിറഞ്ഞത്‌ ആണെന്ന് അവള്‍ക്കു അറിയാമായിരുന്നെങ്കിലും അവള്‍ക്കു സ്വന്തം ജീവിതത്തിലെ അവസാന പ്രതീക്ഷ അത് മാത്രമായിരുന്നു.അതിനായി ഏതു രീതിയും സ്വീകരിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു.ഏറെക്കുറെ അവള്‍ അതില്‍ പലതിലും വിജയിച്ചുവെങ്കിലും സിനിമയുടെ അവസാന നിമിഷങ്ങളില്‍ അവളെ കാത്തിരുന്നത് നാടകീയമായ മറ്റു ചില സത്യങ്ങള്‍ ആയിരുന്നു.ലക്‌ഷ്യം മുന്നില്‍ ഉണ്ടെങ്കിലും അതില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ അവളുടെ സമനില പോലും തെറ്റിച്ചിരിക്കാം.

  ദുരൂഹതകള്‍ ഏറെ നിറഞ്ഞ കഥാപാത്രങ്ങളും അത് പോലെ തന്നെ ദുരൂഹതകള്‍ ഏറെ നിറഞ്ഞ കഥയും ആണ് The Unknown Woman (La sconosciuta) യിലൂടെ Giuseppe Tornatore അവതരിപ്പിക്കുന്നത്‌.മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും നല്ലൊരു സിനിമ കാഴ്ച ആയിരിക്കും ഈ ഇറ്റാലിയന്‍ ചിത്രം.





No comments:

Post a Comment