Pages

Thursday, 19 October 2017

782.SLEEP TIGHT(SPANISH,2011)

782.SLEEP TIGHT(SPANISH,2011),|Mystery|Thriller|,Dir:-Jaume Balagueró,*ing:-Luis Tosar, Marta Etura, Alberto San Juan.

 
  പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ തനിക്കു ലഭിക്കാതെ പോയ സന്തോഷങ്ങള്‍ മറ്റാര്‍ക്കും കിട്ടരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍.എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അയാള്‍ക്ക്‌ തോന്നുന്നവരില്‍ വിപരീത ചിന്തകള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.പരിപൂര്‍ണമായ സാഡിസ്റ്റ് ചിന്താഗതികള്‍ ആയിരുന്നു അയാളെ നിയന്ത്രിച്ചിരുന്നത്.ധാരാളമാളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിപ്പുകാരന്‍ ആയി ജോലി ചെയ്തിരുന്ന അയാള്‍ക്ക്‌ ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവരില്‍ പലരും മടങ്ങി വരുന്നത് വരെയുള്ള ഭാവവ്യത്യസങ്ങള്‍ അറിയാമായിരുന്നു.

   അയാള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയാത്ത സന്തോഷം എന്ന വികാരം അവരില്‍ പലരില്‍ നിന്നും അകത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നു.ലൂയി ടോസ്സാര്‍ അവതരിപ്പിച്ച സീസര്‍ എന്ന കഥാപാത്രം ഇത്തരത്തില്‍ ഒരു വൈകൃത സ്വഭാവത്തിന് അടിമയായിരുന്നു.അയാളുടെ സന്തോഷത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,മറ്റുള്ളവരില്‍ അയാള്‍ അത് കാണുമ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ നിസഹായ ആയി ആശുപത്രി കിടക്കയില്‍ കഴിയുന്ന അമ്മയോട് വിവരിക്കുമായിരുന്നു.പ്രതികരണ ശേഷി ഇല്ലാത്ത അവരോടു മാത്രമേ അയാള്‍ക്ക്‌ തന്‍റെ രഹസ്യങ്ങള്‍ പറയാന്‍ കഴിയുമായിരുന്നുള്ളൂ.കാരണം അത്ര മാത്രം നീചമായ പ്രവൃത്തികള്‍ ആയിരുന്നു അയാള്‍ ചെയ്തിരുന്നത്.

  ക്ലാര ,അയാളുടെ നേരെ വിപരീതമായ സ്വഭാവം ഉള്ളവളായിരുന്നു.ആ കെട്ടിടത്തിലെ താമസക്കാരി ആയ ക്ലാര ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചിരിച്ച മുഖത്തോടെ നേരിടാന്‍ ശ്രമിച്ചിരുന്നു.സീസര്‍ അവളെ തന്‍റെ ഇരയാക്കി ആത്മസംതൃപ്തിയോടെ ദിവസങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു.തന്‍റെ ദൈനംദിന ജീവിതം അവസാനിക്കുന്നത്‌ എങ്ങനെ ആണെന്ന് പോലും അറിയാതെ അവള്‍ നിദ്രയെ പുല്‍കുമ്പോള്‍ സീസര്‍ ഒരു വിജയിയെ പോലെ തന്‍റെ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു.അയാളുടെ നീക്കങ്ങളെ എല്ലാം തെറ്റിച്ച് കൊണ്ട് ഒരു ദിവസം അപ്രതീക്ഷമായി ഒരു അതിഥി വന്നെത്തി.സീസര്‍ കുറച്ചു ദിവസങ്ങളായി കണ്ടെത്തിയിരുന്ന ആത്മസംതൃപ്തി അതോടെ അവസാനിക്കുന്നു.

  എന്നാല്‍ സീസര്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറാകുന്നില്ല.അയാളുടെ ഭ്രാന്തമായ ചിന്തകള്‍ അതിന്റെ നശീകരണ വശം കാണിച്ചു തുടങ്ങി.പിന്നീട് നടന്നതെല്ലാം പ്രേക്ഷകന്‍റെ മനസ്സില്‍ സീസറിനോട് ഉള്ള വെറുപ്പ്‌ കൂട്ടുന്നവയായിരുന്നു.സീസര്‍ എന്ന കഥാപാത്രം സിനിമ അവസാനിക്കുമ്പോഴും അയാള്‍ ക്ലാരയോട്‌ ചെയ്തത് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകനെ ഒരല്‍പം ശ്വാസം മുട്ടിക്കും എന്ന് തീര്‍ച്ച.വില്ലന്‍ കഥാപാത്രങ്ങളില്‍ ഇത്രയേറെ വെറുക്കാന്‍ കഴിയുന്നത്ര രീതിയിലുള്ള കഥാപാത്ര സൃഷ്ടി തന്നെ അപൂര്‍വ്വം ആയിരിക്കും.സീസര്‍ അണിഞ്ഞിരുന്ന മുഖമൂടി അയാളുടെ ചിന്തകളുടെ മേലെ ഉള്ള ഒരു രക്ഷാകവചം ആയിരുന്നു.

  സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ ശരിക്കും പ്രേക്ഷകനെ ഭയപ്പെടുത്തും.സ്വന്തം താമസ സ്ഥലത്ത് സുരക്ഷിത ആണെന്ന് കരുതി ദിവസങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരാള്‍ പിന്നിലുണ്ടാകും എന്ന് ആരും കരുതുന്നില്ലല്ലോ.സീസറിന് ക്ലാര എന്ന വ്യക്തി അല്ലായിരുന്നു പ്രശ്നം.അവളുടെ ജീവിതത്തിലെ സന്തോഷം ആയിരുന്നു അയാളെ ഭയപ്പെടുത്തിയിരുന്നത്‌.സ്പാനിഷ് ത്രില്ലറുകളില്‍ മികച്ച ഒന്നായി പരിഗണിക്കാന്‍ കഴിയുന്ന ചിത്രമാണ് Sleep Tight.

No comments:

Post a Comment