Pages

Wednesday, 11 October 2017

780.HERMANO(SPANISH,2010)

780.HERMANO(SPANISH,2010),|Sports|Crime|,Dir:-Marcel Rasquin,*ing:-Fernando Moreno, Eliú Armas, Alí Rondón.


  When Soccer Meets "City of God",it's Hermano from Venenzula.

 മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരു പക്ഷെ അതിശയോക്തി ആയി തോന്നാം.ബ്രസീലിയന്‍ തെരുവുകളിലെ "കുട്ടി കുറ്റവാളികള്‍" പ്രമേയമായി വരുന്ന City of God പോലെ ഒരു ചിത്രം ഇനിയുണ്ടാവുക അസംഭവ്യം ആയിരിക്കും.പ്രത്യേകിച്ചും അത്രയും വൈകാരികമായി ആകും പ്രേക്ഷകനെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവുക.Hermano അത്തരത്തില്‍ ഒരു ചിത്രമാണ്.എന്നാല്‍ സ്പോര്‍ട്സിനു പ്രാധാന്യം കൊടുക്കുകയും,അതില്‍ സഹോദര സ്നേഹം കൂടുതല്‍ വിശദമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ക്രിമിനലുകളുടെ ലോകത്തിലേക്ക്‌ എത്തി നോക്കുന്നുണ്ടെങ്കിലും സിനിമ പൂര്‍ണം ആകുന്നതു ആ ലോകത്തില്‍ ആണ്.

   തനിക്കു വളര്‍ത്തുവാന്‍ ഒരു പൂച്ചക്കുട്ടിയെ വേണം എന്ന് വാശി പിടിച്ച കൊച്ചു ജൂലിയോ ആരോ ഉപേക്ഷിച്ച് പോയ ആയ കുഞ്ഞിന്റെ കരച്ചില്‍ ഒരു പൂച്ചക്കുട്ടിയുടെ ആയാണ് തോന്നിയത്.അവനെ എടുത്തു വീട്ടില്‍  എടുത്തു കൊണ്ട് പോകാന്‍ അമ്മ ആദ്യം സമ്മതിക്കുന്നില്ലെങ്കിലും അവരുടെ സഹജമായ മാതൃസ്നേഹം ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോകാന്‍ നിര്‍ബന്ധിതയാക്കി.വര്‍ഷങ്ങള്‍ക്കു ശേഷം യൗവന കാലത്തിലേക്ക് എത്തി ചേര്‍ന്ന ജൂലിയോയുടെ സഹോദരനും സുഹൃത്തും എല്ലാം അന്ന് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ ഡാനിയല്‍ ആണ്.

  ഫുട്ബോള്‍ ഒരു വികാരമായി കരക്കാസിലെ തെരുവുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഡാനിയല്‍ അവിടത്തെ ലോക്കല്‍ ക്ലബിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ ആണ്.ജൂലിയോ ടീമിന്‍റെ ക്യാപ്റ്റനും.ജൂലിയോ-ഡാനിയല്‍ കൂട്ടുക്കെട്ട് മികച്ച വിജയം ആയി മാറുകയും അവരുടെ ക്ലബ് ആ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു.തെരുവുകളില്‍ നിന്നും മികച്ച പ്രതിഭകളെ കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രൊഫഷനല്‍ ക്ലബുകളിലേക്ക് അവര്‍ക്ക് രണ്ടു പേര്‍ക്കും കോച്ചിന്റെ സഹായത്തോടെ ട്രയലുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നു.


  ചെറുപ്പത്തിന്റെ ചോര തിളപ്പില്‍ ജൂലിയോ അവിടെ ഉള്ള ഏതൊരു യുവാവിനെ പോലെയും മാഫിയകളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.എന്നാല്‍ ഡാനിയലിന് ഫുട്ബോള്‍ മാത്രമായിരുന്നു ജീവ.അവന്‍ തികച്ചും പാവത്താനും ആയിരുന്നു.ആഘോഷിച്ചും സന്തോഷിച്ചും പൊയ്ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തില്‍ ഒരു ദിവസം ആ സംഭവം ഉണ്ടാകുന്നു.അവരുടെ അമ്മ വെടിയേറ്റ്‌ മരിക്കുന്നു.കൊലപാതകിയെ കണ്ടെത്തി പ്രതികാരം ചെയ്യാന്‍ ജൂലിയോ തീരുമാനിക്കുന്നു.എന്നാല്‍ അതിനു പിന്നിലെ രഹസ്യം സ്വയം സൂക്ഷിക്കുന്ന ഡാനിയല്‍ ,ജൂലിയോ പ്രതികാരത്തിനു പോയാല്‍ അവനു നഷ്ടമാകാവുന്ന ഫുട്ബോളിലൂടെ ഉള്ള ജീവിതം മുന്നില്‍ക്കണ്ട് രഹസ്യം തന്നില്‍ സൂക്ഷിക്കുന്നു.


 എന്നാല്‍ എല്ലാ രഹസ്യങ്ങളും സ്ഥായിയായ രഹസ്യങ്ങള്‍ ആയിരിക്കില്ല.അതിന്റെ ആവിര്‍ഭാവത്തോടെ നഷ്ടമാകുന്നത് സ്ഥിരതയോടെ പോയിരുന്ന പലതുമാകാം.ജീവിതം,സൗഹൃദം,ജീവന്‍ അങ്ങനെ പലതും.ഒരു പ്രതികാര കഥയിലൂടെ അല്ലാതെ ചിത്രം പിന്നീട് സഞ്ചരിക്കുന്നത് മറ്റു വഴികളിലൂടെ ആണ്.സ്പോര്‍ട്സ് സിനിമ എന്ന നിലയില്‍ ഉള്ള ക്ലീഷേകള്‍ അല്‍പ്പം ഉണ്ടെങ്കിലും ചിത്രം അവതരിപ്പിക്കുന്നതില്‍ മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ്‌.ജീവിതം എന്ത് മാത്രം ക്രൂരം ആണെന്ന് തോന്നിപ്പോകും.എല്ലാം തന്നിലേക്ക് തന്നെ വന്നെത്തുന്ന സമയത്ത് ജീവിതം ഒരു ട്വിസ്റ്റ് ആയിരിക്കും നല്‍കാന്‍ ഉദ്ദേശിച്ചത്.Hermano അഥവാ സഹോദരന്‍ എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വെനിന്‍സ്വോലയിലെ വിധി വൈപരത്യതിന്റെ കഥയിലൂടെ ആണ്.

No comments:

Post a Comment