Pages

Monday, 24 April 2017

742.MISSING WOMAN(KOREAN,2016)

742.MISSING WOMAN(KOREAN,2016),|Mystery|Thriller|,Dir:-Eon-hie Lee,*ing:-Ji-won Uhm, Hyo-jin Kong, Joon Go.

     ജീവിതം നമുക്കായി കാത്തു വച്ചിരിക്കുന്നത് എന്താണ് എന്ന് അറിയാതെ സന്ദര്ഭങ്ങൾക്കു അനുസരിച്ചു മായറ്റങ്ങൾക്കു വിധേയം ആവുക എന്ന പ്രക്രിയയാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും നിത്യേന ചെയ്തു കൊണ്ടിരിക്കുന്നത്.ചുരുക്കത്തിൽ,എല്ലാ സംഭവങ്ങളെയും ആപ്രതിക്ഷിതം എന്നു പറയേണ്ടി വരും.ജീ സുൻ പ്രഗത്ഭൻ ആയ ഒരു ഡോക്റ്ററെ തന്റെ ജീവിതപങ്കാളി ആക്കുമ്പോൾ ഒരിക്കലും അയാളിൽ നിന്നും പിരിയേണ്ടി വരും എന്ന് കരുതിയില്ലായിരിക്കും.അതിലും ഏറെ തന്റെ മകളുടെ തിരോധാനവും.അവൾ തന്റെ മോശപ്പെട്ട സ്വപ്നങ്ങളിൽ പോലും ചിന്തിക്കാത്ത ഒന്നാകും അത്.

   കാരണം,ഹാൻ മേയെ അവൾ അത്രയധികം വിശ്വസിച്ചിരുന്നു.അപ്രതീക്ഷിതമായി തന്റെ മകളെ സൂ ജീൻ ഹാൻ മേയെ നോക്കാൻ ഏല്പിക്കുമ്പോൾ ആ ബന്ധം സ്വന്തം ആയ ഒരാളോട് തോന്നുന്ന അത്ര ആകുമെന്ന് അവരും കരുതിയിരുന്നില്ല.തന്റെയും  മകളുടെയും വിശ്വാസം ഹാൻ മേ അവരിൽ നിന്നും പിടിച്ചു എടുക്കുക ആയിരുന്നു;അവരുടെ സ്നേഹവും പരിചരണവും വഴി.തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടം ആയ വിവാഹമോചന കേസിലെ നിർണായകം ആയ ഒരു സമയത്താണ് സൂ ജിനു അവളുടെ മകളെ നഷ്ടമാകുന്നത്.ഒപ്പം ഹാൻ മേയും അപ്രതിക്ഷം ആയി.മകൾ മരണപ്പെട്ടോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നറിയാത്ത ഒരു അമ്മ.അവൾക്കു മകളെ കുറിച്ചു അറിഞ്ഞേ തീരൂ.കാരണം രണ്ടാണ്.

  ഒന്നു,സ്വാഭാവികം ആയ മാതൃസ്നേഹം തന്നെ.രണ്ടാമതായി തന്റെ ഭാഗത്തു തെറ്റു ഉണ്ടെന്നു കരുതുന്നവരെ,അവർ തെറ്റാണ് എന്നു മനസ്സിലാക്കിക്കുക.എന്നാൽ ഹാൻ മേയെ കുറിച്ചു അന്വേഷിച്ചു ഇറങ്ങിയ സൂ ജിന്നെ കാത്തിരുന്നത് രഹസ്യങ്ങളുടെ ഒരു നിലവറ ആയിരുന്നു.സൂ ജിന്റെ പ്രതീക്ഷകൾക്ക് അപ്പുറം ഉള്ള സംഭവങ്ങൾ ആണ് പിന്നീട് സംഭവിക്കുന്നത്.അവ എന്താണെന്നറിയാണ് ചിത്രം കാണുക.തരക്കേടില്ലാതെ അവതരിപ്പിച്ച ഒരു കൊറിയൻ മിസ്റ്ററി ചിത്രം ആണ് "Missing Woman".സൂ ജിന്റെ മകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം കൊറിയൻ ചിത്രങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തില്ല!!

More movie suggestions @ www.movieholicviews.blogspot.ca

 

   

741.MEMORIES OF MURDER(KOREAN,2003)

|
741.MEMORIES OF MURDER(KOREAN,2003),|Mystery|Crime|,Dir:-Joon Ho Bong,*ing:-Kang-ho Song, Sang-kyung Kim, Roe-ha Kim .

   "മഴയുടെ കുളിരില്‍ ,ഇരുളിന്‍റെ കറുപ്പില്‍ ഉന്മാദത്തില്‍ ആകുന്ന കൊലപാതകി.സംഘര്‍ഷഭരിതം ആയ രാഷ്ട്രീയാവസ്ഥ.കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ അവലോകനങ്ങള്‍ പരിചിതം അല്ലാത്ത കുറ്റാന്വേഷകര്‍."കൊറിയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ കൊലപാതക പരമ്പരയുടെ കാലഘട്ടത്തെ ആകെ മൊത്തത്തില്‍ ഇങ്ങനെ അവതരിപ്പിക്കാം.1986 മുതല്‍ 1991 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊല്ലപ്പെട്ടത് പത്തോളം സ്ത്രീകള്‍.ഹോസോംഗ് എന്ന ചെറിയ കൊറിയന്‍ പട്ടണത്തില്‍ ലൈംഗികമായി പീഡനം നടത്തിയതിനു ശേഷം ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ അവശേഷിപ്പിച്ചത് ഒട്ടേറെ ദുരൂഹതകള്‍ ആയിരുന്നു.സ്ത്രീകളെ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ആയിരുന്നു ബന്ധനസ്ഥര്‍ ആക്കി ആയിരുന്നു കൊലപ്പെടുത്തിയിരുന്നത്.മഴയുടെ ശീതളതയില്‍ ചുവന്ന വസ്ത്രം ധരിച്ചിരുന്ന സ്ത്രീകള്‍ ആയിരുന്നു കൊലപാതകിയുടെ ഇരകള്‍.മഴയും ഇരുട്ടും ഈ കൊലപാതകങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം കൈവരിക്കുന്നുണ്ട്.

    ബോംഗ് ഹോ ജൂന്‍ അവതരിപ്പിച്ച Memories of Murder എന്ന കൊറിയന്‍ ചിത്രം പ്രതിപാദിക്കുന്നത് ഹോസോംഗിലെ കൊലപാതകങ്ങളെ കുറിച്ചാണ്.ചിത്രം അവതരിപ്പിക്കുന്നത്‌ പാര്‍ക്ക് ഡൂ മാന്‍ എന്ന കുറ്റാന്വേഷകനിലൂടെ.ചിത്രത്തിനു ആസ്പദം ആയ സംഭവങ്ങളുടെ കാലഘട്ടത്തിനു ഇവിടെ വലിയ പ്രാധാന്യം ഉണ്ട്.ശാസ്ത്രീയ അവലോകനങ്ങള്‍ക്ക്‌ വലിയ സ്ഥാനം ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍  കൊലയാളി എന്തെങ്കിലും തെളിവുകള്‍ അവശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലം കുറ്റകൃത്യം നടന്ന അതെ സമയം പോലെ കാത്തു സൂക്ഷിക്കാന്‍ ഉള്ള സാമാന്യ യുക്തി പോലും അന്യം ആയിരുന്നു അന്ന്.ഓടയില്‍ കണ്ടെത്തിയ ആദ്യ സ്ത്രീ ശരീരം പിന്നില്‍ ആയി കൈകള്‍ കെട്ടിയ നിലയില്‍ ആയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ പാര്‍ക്കും സഹായിയും പിന്തുടര്‍ന്ന രീതികള്‍ ഒരു പക്ഷേ ആധുനിക കുറ്റാന്വേഷണ രീതികളെ പരിഹസിക്കുന്ന രീതിയില്‍ ആയിരുന്നു.കുറ്റവാളിയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ തന്നെ തനിക്കു അവരെ മനസ്സിലാകും എന്ന് പാര്‍ക്ക്  വിശ്വസിക്കുന്നു.മര്‍ദ്ദനമുറകളിലൂടെ പ്രതികള്‍ കുറ്റം സമ്മതിക്കും എന്ന് സഹായിയും.

   ഇവരുടെ അടുക്കലേക്കു ആണ് സിയോളില്‍ നിന്നും സിയോ എന്ന കുറ്റാന്വേഷകന്‍ വരുന്നത്.ശാസ്ത്രീയമായ രീതിയില്‍ സിയോ കൊലപാതകങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിക്കുംനോള്‍ മന്ത്രവാദിനിയുടെ അടുക്കല്‍ പോയും ഒരു മുടി പോലും തെളിവായി കിട്ടാത്തതിനാല്‍ ബുദ്ധ സന്യാസികളുടെ മന്ദിരത്തിലും ആണുങ്ങള്‍ കുളിക്കുന്ന സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണം എന്ന അഭിപ്രായം ആണ് പാര്‍ക്കിനു.വ്യത്യസ്ത രീതികള്‍ അവലംബിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ അവരില്‍ പതിവായിരുന്നു.കുറ്റവാളി ആക്കാന്‍ സാധിക്കുന്ന ആളെ കണ്ടെത്തി അയാളെ ഭീഷണിയിലൂടെയും മറ്റും കേസിന് തുമ്പ് കണ്ടെത്താന്‍ പാര്‍ക്ക് ശ്രമിക്കുന്നു.മാനസിക വളര്‍ച്ച ഇല്ലാത്ത യുവാവ്,ഫാക്റ്ററി തൊഴിലാളി എന്നിവ ഉദാഹരണങ്ങള്‍.എന്നാല്‍ സിയോ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ മറ്റൊരു കൊലപാതകം നടന്നിട്ടുണ്ടാകം ഏന് സംശയിക്കുന്നു.അതിനു നിരത്തിയ കാരണങ്ങള്‍ ആയിരുന്നു അടുത്ത് കാണാതായ ചുവന്ന വസ്ത്രം ധരിച്ച മഴ ഉള്ള രാത്രി കാണാതായ സ്ത്രീ.മറ്റു രണ്ടു പേര്‍ കൊല്ലപ്പെട്ടപ്പോഴും മഴ ഉണ്ടായിരുന്നു.അവര്‍ ധരിച്ചിരുന്നത് ചുവന്ന വസ്ത്രവും ആയിരുന്നു.

   ഈ അവസരത്തില്‍ ആണ് റേഡിയോയില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന അനുസരിച്ച് പാട്ടുകള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ഒരു പ്രത്യേക ഗാനം പ്രേക്ഷകാഭ്യാര്‍ത്ഥന മാനിച്ചു വയ്ക്കുന്ന ദിവസം ആണ് കൊലപാതകങ്ങള്‍ സംഭവിക്കുന്നത്‌ എന്നും മനസ്സിലാകുന്നത്.അതിനോടൊപ്പം നേരത്തെ ലഭിച്ച തെളിവുകള്‍ കൂടി ആകുമ്പോള്‍ ഒരു പരമ്പര കൊലപാതകിയുടെ വിചിത്രം ആയ കുറ്റകൃത്യ രീതി ആണ് അനാവരണം ചെയ്യപ്പെടുന്നത്.ആ ഗാനങ്ങള്‍ ആവശ്യപ്പെട്ട പാര്‍ക്ക് ഹ്യേന്‍ ഗ്യൂവിനെ പോലീസ് പ്രതിയെന്നു സംശയിക്കുന്നു.എന്നാല്‍ അയാള്‍ ഒരിക്കലും കുറ്റകൃത്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല.തന്‍റെ രീതികളിലെ പാളിച്ചകള്‍ മനസ്സിലാക്കിയ പാര്‍ക്ക് സിയോയുടെ ഒപ്പം അന്വേഷണ വഴിയില്‍ സഞ്ചരിച്ചു തുടങ്ങുന്നു.എന്നാല്‍ കുറ്റകൃത്യം തങ്ങളുടെ കയ്യില്‍ അത്യാവശ്യത്തിനു തെളിവുണ്ടായിട്ടു പോലും തെളിയിക്കാന്‍ കാഴിയാതെ വരുമ്പോള്‍ സിയോ പഴയ പാര്‍ക്കിന്റെ രീതികളിലേക്ക് മാറി തുടങ്ങുന്നതായി കാണാന്‍ സാധിക്കുന്നു.കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പാര്‍ക്ക് പ്രതിയാക്കാന്‍ ശ്രമിച്ച മാനസിക വളര്‍ച്ചയില്ലാത്ത യുവാവിന്റെ മൊഴികളില്‍ നിന്നും പ്രധാനപ്പെട്ട ഒരു വസ്തുത അവര്‍ കണ്ടെത്തുന്നു.അവനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും കൊലപാതക രീതി അവന്‍ വിശദീകരികുന്നത്അവന്‍ നേരിട്ട് കണ്ട പോലെ ആയിരുന്നു.അവനെ സാക്ഷി ആക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് അന്ന് രാത്രി ഉണ്ടായ സംഭവങ്ങളില്‍ അവന്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.ഇനി പോലീസിന്റെ മുന്നില്‍ ഉള്ളത് പ്രതിയുടെ എന്ന് സംശയിക്കുന്ന ശരീര ദ്രാവകങ്ങള്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ നിന്നും ലഭിച്ചിരുന്നു.കൊറിയയില്‍ ഡി എന്‍ ഏ പരിശോധന നടത്താന്‍ സാഹചര്യം ഇല്ലാതിരുന്നത് കൊണ്ട് അത് അമേരിക്കയിലേക്ക് അയച്ചു അവര്‍ കാത്തിരിക്കുന്നു.ആ സമയം വീണ്ടും ഒരു കൊലപാതകം സമാനമായ രീതിയില്‍ സംഭവിക്കുന്നു.ഇത്തവണ ഇര ഒരു സ്ക്കൂള്‍ പെണ്‍ക്കുട്ടി ആയിരുന്നു.

   പ്രതി എന്ന് സംശയിക്കുന്ന പാര്‍ക്ക് ഹേന്‍ ഗ്യൂവിനെ സിയോ അതിന്റെ ദേഷ്യത്തില്‍ കൊല്ലപ്പെടുത്താന്‍ പോകുമ്പോള്‍ ആണ് അയാള്‍ അല്ല പ്രതി എന്ന രീതിയില്‍ ഉള്ള പരിശോധനാഫലം അമേരിക്കയില്‍ നിന്നും വരുന്നത്.പ്രതി ആരെന്നു കണ്ടെത്താന്‍ ആകാതെ അവര്‍ ആ റെയില്‍വേ പാളത്തില്‍ നില്‍ക്കുന്നിടത്ത് നിന്നും കാലം മുന്നോട്ട് പോയി 2003 ല്‍ നില്‍ക്കുമ്പോള്‍ പഴയ കുറ്റാന്വേഷകന്‍ പാര്‍ക്ക് ഇപ്പോള്‍ പഴയ ജോലി ഉപേക്ഷിച്ച് സെയില്‍സ് മാന്‍ ആയി പണിയെടുക്കുന്നു.അയാള്തനിക്ക് ആദ്യമായി മൃതദേഹം ലഭിച്ച ഓടയ്ക്കരുകില്‍ വെറുതെ ഒന്ന് നോക്കി നില്‍ക്കുമ്പോള്‍ ആണ് അവിടെ ഒരു ചെറു പെണ്‍ക്കുട്ടി വരുന്നത്.അന്ന് രാവിലെ മറ്റൊരാളും അവിടെ അതേ രീതിയില്‍ ആ ഓടയിലേക്കു നോക്കിയെന്നും  അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ ചെയ്ത ഒരു പ്രാധാനപ്പെട്ട കാര്യവും ആയി ആ ഓടയ്ക്ക്‌ ബന്ധം ഉണ്ടെന്നു പറഞ്ഞാതായി പറയുന്നു.അയാളെ കണ്ടാല്‍ എങ്ങനെ ഇരിക്കും എന്ന പാര്‍ക്കിന്റെ ചോദ്യത്തിന് സാധാരണ ആയ ഒരു മുഖം എന്നായിരുന്നു അവളുടെ ഉത്തരം.കുറ്റവാളികളുടെ കണ്ണില്‍ നോക്കി പ്രതിയെ കണ്ടെത്തുന്ന പാര്‍ക്ക് ഒരു പക്ഷേ തന്‍റെ കണ്ണുകളിലൂടെ സ്ക്രീനില്‍ നോക്കുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രതിയെ തിരയുന്നുണ്ടാകാം.

  കുറ്റകൃത്യങ്ങള്‍ നടന്നതിനു ശേഷം അവ തെളിയിക്കാന്‍ ആയില്ലെങ്കില്‍ അവയുടെ അന്വേഷണം അവസാനിപ്പിക്കുന്ന Statute of Limitation ഈ കേസില്‍ നിലവില്‍ വന്നെങ്കിലും 2004 ല്‍ സമാനമായ രീതിയില്‍ ഒരു പെണ്‍ക്കുട്ടി മരിക്കുമ്പോള്‍ വീണ്ടും ഈ കേസ് പോലീസിന്റെ മനസ്സില്‍ വന്നിരുന്നു.ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണം നടന ഈ സംഭവം ഇന്നും ദുരൂഹം ആയി തന്നെ അവശേഷിക്കുന്നു.കൊലപാതകിയുടെ ശ്രദ്ധയെക്കാളും പോലീസിന്റെ തുടക്കത്തില്‍ ഉള്ള അശ്രദ്ധയും മതിയാ പരിശീലനവും ശാസ്ത്രീയ അപഗ്രഥനങ്ങളുടെ അഭാവവും എല്ലാം ആയിരിക്കാം ഈ കേസിനെ ഇന്നും ദുരൂഹം ആയി അവശേഷിപ്പിച്ചത്.കൊറിയന്‍ ക്രൈം സിനിമകളെ മനോഹരം ആക്കുന്ന,കൊലപാതകങ്ങളെ സുന്ദരമാക്കുന്ന മഴയുടെ നനവുള്ള ഇരുട്ടിന്‍റെ ഭംഗി വ്യക്തമായി അവതരിപ്പിച്ച ചിത്രം ആയിരുന്നു Memories of Murder.ഹോസോംഗ് കൊലപാതകങ്ങള്‍ പലപ്പോഴായി സിനിമകള്‍ക്കും ടെലിവിഷന്‍ സീരീസുകള്‍ക്കും വിഷയം ആയിട്ടുണ്ടെങ്കിലും നിരൂപക പ്രശംസയോടൊപ്പം പ്രേക്ഷക പിന്തുണയും ലഭിച്ച ഈ ചിത്രം ഇന്ന് കൊറിയന്‍ സിനിമകളിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.പിന്നീട് വന്ന സമാന പ്രമേയം ഉള്ള പല ചിത്രങ്ങളും അവലംബിച്ചിരിക്കുന്നത് ഇതേ രീതി ആണ്.ഒരു പക്ഷേ കൊലപാതകങ്ങളുടെ സൗന്ദര്യം അവതരിപ്പിച്ച കൊറിയന്‍ സിനിമകളിലെ പ്രധാനപ്പെട്ട സിനിമ തന്നെ ആണ് Memories of Murder എന്ന് നിസംശയം പറയാം.

  ഹോസോംഗിലെ കൊലപാതകി ഇന്നും കാത്തിരിക്കുന്നുണ്ടാകാം മഴയുള്ള രാത്രിയില്‍ അയാളെ ഉന്മാദാവസ്ഥയില്‍ എത്തിക്കുന്ന ആ പാട്ടില്‍ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെ തന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളിലൂടെ പ്രാപിച്ചു അവളുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍...അയാളുടെ കൊലപാതകങ്ങളുടെ ഓര്‍മയില്‍!!!

Thursday, 20 April 2017

740.CITIZEN X(ENGLISH,1995)

740.CITIZEN X(ENGLISH,1995),|Crime|Biography|,Dir:-Chris Gerolmo,*ing:-Stephen Rea, Donald Sutherland, Max von Sydow


  “The Soviet Union doesn’t have serial killers! It is a decadent, western phenomenon.”

പ്രതിച്ഛായ ബാധ്യത ആയി തീര്‍ന്ന ഭരണക്കൂടത്തിന്റെ ഒരു വക്താവിന്റെ വാക്കുകള്‍ ആണിവ.പരമ്പര കൊലപാതകികളുടെ ഇരകളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കൊലയാളിയുടെ 52 ഇരകള്‍ക്ക് കാരണമായ സമീപനം മേല്‍പ്പറഞ്ഞ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.മിഖായേല്‍ ഗോര്‍ബചോവിന്റെ "ഗ്ലാസ്നോസ്റ്റ്‌" നയങ്ങള്‍ നില നിന്നിരുന്ന റഷ്യ ആണ് പശ്ചാത്തലം.പരമ്പര കൊലപാതകികള്‍ എന്നത് വൈദേശികമായ ഒരു മിഥ്യാധാരണ ആണെന്ന നിലപാട് ആണ് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.അതിനോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം ശരി ആണെന്ന് ലോകത്തോട്‌ വിളിച്ചു പറയുന്നതിന്‍റെ ഭാഗമായി പൊതു ജനമദ്ധ്യത്തില്‍ നിന്നും മറച്ചു വയ്ക്കേണ്ടി വരുന്നു ആ കൊലപാതകങ്ങള്‍.ഒപ്പം തങ്ങളുടെ സാങ്കേതിക വളര്‍ച്ചയെ കുറിച്ചുള്ള അമിതമായ ആത്മവിശ്വാസവും കൊണ്ടെത്തിക്കുന്നത് "ചിക്കാറ്റിലോ" യില്‍ ആണ്.

   എണ്‍പതുകളുടെ തുടക്കം മുതല്‍ അവസാനം വരെ റഷ്യന്‍ പോലീസിനെ കുരുക്കിയ പരമ്പര കൊലപാതകിയുടെ കഥ അവതരിപ്പിക്കുക ആണ് HBO യുടെ ടെലിവിഷന്‍ സിനിമ ആയ Ctizen X ലൂടെ.പാടം ഉഴുന്നതിന്റെ ഇടയില്‍ ആണ് ആദ്യ മൃത ദേഹം ലഭിക്കുന്നത്.ആ ഭാഗത്ത്‌ തന്നെ തെളിവുകള്‍ കാണും എന്ന് പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരെ അയക്കുന്ന പോലീസ് ഫോറന്‍സിക് വിദഗ്ധന്‍ ബുറക്കോവിനായി അവര്‍ അന്ന് കൊണ്ട് വന്നത് ഏഴു മൃതദേഹങ്ങള്‍ കൂടി ആയിരുന്നു.ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം മനസ്സിലായ ബുറക്കോവ്ഉന്നത കമ്മിറ്റിയുടെ മുന്നില്‍ തന്‍റെ സംശയം അവതരിപ്പിക്കുന്നു.ഒരു രാത്രിയില്‍ വിശ്രമം ഇല്ലാതെ 8 മൃതദേഹങ്ങളുടെ പരിശോധന നടത്തിയത് ബുറക്കോവിന്റെ മടുക്കാത്ത മനസ്സിന്‍റെ കഴിവ് ആണെന്ന് മനസ്സിലാക്കിയ കേണല്‍ ഫെറ്റിസോവ് കുറ്റാന്വേഷണത്തില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും അയാളെ കൊലപാതകങ്ങളുടെ അന്വേഷണ ചുമതല നല്‍കി.

  സമാനമായ ചിന്താഗതിക്കാര്‍ ആയിരുന്നു ബുറക്കോവും കേണല്‍ ഫെറ്റിസോവും.ബുറക്കോവ് അല്‍പ്പം കൂടി വൈകാരികതയ്ക്ക് അടിമപ്പെട്ടു പോകുന്ന ആള്‍ ആയിരുന്നു എന്ന് മാത്രം.തന്‍റെ മേല്‍ ഉദ്യോഗസ്ഥര്‍ ശകാരിക്കുമ്പോള്‍ കരയുകയും ,തന്നെ കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ സന്തോഷത്താല്‍ കരയുകയും ചെയ്തിരുന്ന ബുറക്കോവ് എന്നാല്‍ വര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോഴും തന്‍റെ ലക്ഷ്യമായ പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു.തന്‍റെ ആവശ്യങ്ങള്‍ കമ്മിറ്റി പലപ്പോഴും നിരാകരിച്ചു കൊണ്ടിരുന്നപ്പോള്‍ പോലും.ഒരിക്കല്‍ സംശയത്തിന്‍റെ പേരില്‍ ചിക്കാറ്റിലോയെ പിടിക്കൂടിയപ്പോള്‍ പോലും പാര്‍ട്ടി അംഗം ആണെന്ന കാരണത്താല്‍ വിട്ടയക്കുക ആണ് ഉണ്ടായിരുന്നത്.ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മാറാതിരുന്ന സാങ്കേതിക വിദ്യയും അന്ന് വിനയായി.

  ഇനി ആരാണ് ചിക്കാറ്റിലോ?ഒരു പക്ഷെ അമ്പതിലേറെ കൊലപാതകങ്ങള്‍ നടത്താനും മാത്രം ശക്തന്‍ ആണോ അയാള്‍ എന്ന് സംശയിക്കാവുന്ന രൂപത്തോട് കൂടിയ ആത്മവിശ്വാസം ഇല്ലാത്ത,കിടപ്പറയില്‍ പരാജയമായ,ജോലി സ്ഥലത്ത് പരിഹസിക്കപ്പെട്ടിരുന്ന ഒരാള്‍ ആയിരുന്നു കുടുംബസ്ഥന്‍ ആയ ചിക്കാറ്റിലോ.മുന്‍ അധ്യാപകന്‍ ആയിരുന്ന അയാള്‍ ലൈംഗിക ആരോപണങ്ങള്‍ കാരണം ആ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നു.തന്‍റെ ദിവസേന ഉള്ള  ജീവിതത്തിലെ പരാജയങ്ങള്‍ അയാള്‍ മറന്നിരുന്നത് കൊലപാതകങ്ങളിലൂടെ ആയിരുന്നു.ലൈംഗിക ആയി പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടികള്‍,ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ആണ്‍ കുട്ടികള്‍ എന്നിവ അയാള്‍ക്ക്‌ തന്നില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ള "വസ്തുക്കള്‍" മാത്രം ആയിരുന്നു.മരിച്ചതിനു ശേഷവും ഇരകളുടെ മേല്‍ തന്‍റെ ലൈംഗിക അഭിനിവേശം തീര്‍ക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു.

  റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആയിരുന്നു അയാള്‍ തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്.ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ദുര്‍ബലരായ ആളുകള്‍ ആയിരുന്നു അയാളുടെ ലക്‌ഷ്യം.തന്‍റെ 52 ഇരകളില്‍ 35 പേരും 17 നു വയസ്സില്‍ താഴെ ഉള്ളവര്‍ ആയിരുന്നു എന്നതിലൂടെ തന്നെ അയാളുടെ കൊലപാതകങ്ങളിലെ സുപ്രധാനമായ ഒരു സാദൃശ്യം ബുറക്കോവ് മനസ്സിലാകുന്നു.റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസിനെ നിയോഗിച്ചെങ്കിലും മേല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊലയാളി സ്വവര്‍ഗാനുരാഗി ആണെന്ന "കണ്ടെത്തല്‍" കാരണം അത്തരം ആളുകളുടെ വേട്ടയായി മാറ്റപ്പെട്ടു.എന്നാല്‍ 8 വര്‍ഷത്തോളം തന്‍റെ കണ്ടെത്തലുകളില്‍ വിശ്വസിച്ച ബുറക്കോവ് അവസാനം ലക്‌ഷ്യം കാണുന്നു.മാറപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്ഥാനക്കയറ്റം ലഭിച്ച ഫെറ്റിസോവും ബുറക്കോവും കുറ്റാന്വേഷണത്തില്‍ ശാസ്ത്രീയം ആയ രീതികളിലേക്ക് അന്വേഷണം മാറ്റുന്നു.അമേരിക്കയുടെ FBI സഹായം വരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു.

   അല്‍പ്പ ദിവസത്തിന് ശേഷം ചിക്കാറ്റിലോ ആകസ്മികം ആയി പിടിയിലാകുമ്പോള്‍ അയാള്‍ തന്‍റെ 52 മത്തെ ഇരയെ വകവരുത്തിയിട്ടുണ്ടായിരുന്നു.എട്ടു വയസ്സുള്ള ഒരു പെണ്‍ക്കുട്ടി.അവളുടെ ബന്ധുവായ പോലീസുകാരന്‍ ആ മൃത ശരീരം കണ്ടപ്പോള്‍ അല്‍പ്പം നേരത്തെ അയാളെ പിടിക്കൂടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നിരിക്കാം.അധികാരത്തിന്റെ വടം വലിയില്‍ ഉള്ള ഈഗോ ഈ കേസില്‍ അവസാനം വരെ വില്ലന്‍ ആയി.അശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ട ചിക്കാറ്റിലോ തന്‍റെ കുറ്റകൃത്യങ്ങള്‍ നീണ്ട ഏഴു ദിവസം സമ്മതിക്കുന്നില്ല.കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കില്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ പുറത്തു വിടേണ്ട ദിവസം നാടകീയ സംഭവങ്ങള്‍ക്ക് ആണ് സാക്ഷ്യം വഹിക്കുന്നത്. അവസാനം ബുറക്കോവ്, ബുക്കാനോവ്സ്ക്കി എന്ന "മനശാസ്ത്ര വിദഗ്ദ്ധനെ" രംഗത്തിറക്കുന്നു.കൊലപാതക രീതികള്‍ ഉപയോഗിച്ച് കൊലപാതകിയെ കുറിച്ച് അദ്ദേഹം നേരത്തെ തന്നെ വിശദമായ പഠനം നടത്തിയിരുന്നു.റഷ്യയില്‍ ആദ്യമായി കൊലപാതക കൃത്യങ്ങളെ പ്രതികളുടെ മനോനില അനുസരിച്ച് തെളിയിക്കുന്ന രീതികളുടെ തുടക്കം ആയിരുന്നു അതെന്ന് പറയാം.കുറ്റം ഏറ്റു പറയുന്ന ചിക്കാറ്റിലോ അതെങ്ങനെ നടപ്പാക്കി എന്ന് വിശദീകരിക്കുന്നു അവസാനം.

  തന്‍റെ കുറ്റകൃത്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാം ഒരു ഇരുമ്പ് കൂടില്‍ അടയ്ക്കപ്പെട്ട അയാളെ പിന്നീട് ശിക്ഷ ആയി വെടി വച്ച് കൊല്ലാന്‍ ഉത്തരവിടുക ആയിരുന്നു നീതി പീഠം അവസാനം.റോബര്‍ട്ട് കല്ലന്‍ രചിച്ച ""The Killer Department" എന്ന പുസ്തകത്തെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ടെലിവിഷന്‍ ചിത്രം എന്ന നിലയില്‍ ആണ് HBO ഈ ചിത്രം അവതരിപ്പിച്ചതെങ്കിലും പരമ്പര കൊലപാതകികളെ കുറിച്ചുള്ള സിനിമകളിലെ അധികം ശ്രദ്ധിക്കാതെ കിടക്കുന്ന മാണിക്യം ആണ് "Citizen X"എന്നത് ബുക്കാനോവസ്ക്കി,തന്‍റെ അജ്ഞാത കൊലയാളി കഥാപാത്രത്തിന് നല്‍കിയ പേര് ആണത്.വിലക്കുകള്‍ മൂലം പൊതു ജനങ്ങള്‍ക്ക്‌ ഇത്തരം ഒരു സംഭവത്തെ കുറിച്ച് സൂചന ഇല്ലാതിരുന്നതും ഒരു കേസ് അന്വേഷണത്തില്‍ ഭരണക്കൂട നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുണ്ടാകും എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് ചിക്കാറ്റിലോയും അയാളുടെ 52 ഇരകളും.എട്ടു വര്‍ഷത്തോളം സ്വവര്‍ഗാനുരാഗികളെ കണ്ടത്താന്‍ ബുറക്കോവ് ചവിട്ടി തുറക്കുന്ന വാതിലുകളില്‍ നിന്നും തന്‍റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അയാള്‍ക്ക്‌ അവസരം വരുന്നതിലൂടെ ആണ് കേസ് അന്വേഷണം പൂര്‍ത്തി ആകുന്നതു എന്ന് വേണമെങ്കില്‍ പറയാം.

Monday, 17 April 2017

739.NEXT TIME I'LL AIM FOR THE HEART(FRENCH,2014)

739.NEXT TIME I'LL AIM FOR THE HEART(FRENCH,2014),|Crime|Drama|,Dir:-Cédric Anger,*ing:-Guillaume Canet, Ana Girardot, Jean-Yves Berteloot


         "അലന്‍ ലമേര്‍" 1978 മുതല്‍ 1979 വരെ ഉള്ള ഒരു വര്‍ഷക്കാലം ഫ്രഞ്ച് ജനതയെ ഭീതിയിലാഴ്ത്തിയ കൊലയാളി ആയിരുന്നു.ഇതിലെ പ്രധാനപ്പെട്ട വസ്തുത അയാള്‍ ഒരു Gendarme (സൈനിക വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍) ആയിരുന്നു എന്നതായിരുന്നു.സ്ത്രീകളെ  മോഷ്ടിച്ച കാറുകളില്‍ കയറ്റി കൊണ്ട് പോയി വെടി വച്ച് കൊല്ലാന്‍ ശ്രമിക്കുന്ന കൊലയാളിയെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരും കഷ്ടപ്പെട്ടൂ.ഈ  സംഭവങ്ങള്‍ക്കിടയില്‍ നടന്ന ഒരു അപകടം പോലീസിനോടൊപ്പം സേന വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസും അന്വേഷണത്തില്‍ പങ്കാളികള്‍ ആകുന്നു.കൊലയാളി ആയ അലന്‍ അന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ അയാളെ ഒരു പരിധി കുറ്റവാളി എന്ന് മുദ്ര കുത്തുന്നതില്‍ നിന്നും രക്ഷിച്ചിരുന്നു.തന്‍റെ കൃത്യങ്ങള്‍ക്കിടയില്‍ അയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തിരുന്ന കുറിപ്പുകളില്‍ നിന്നും അയാള്‍ ഒരു Gendarme ആണെന്നുള്ള സൂചന ലഭിച്ചിരുന്നു.

   എന്നാല്‍ സേന വിഭാഗത്തിന് വരുത്താവുന്ന നാണക്കേട്‌ കാരണം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആ സംശയങ്ങള്‍ക്ക് കാത് കൊടുത്തില്ല.അലന്റെ കുറ്റകൃത്യങ്ങള്‍ എല്ലാം ഒരേ തരത്തില്‍ ഉള്ളവ ആയിരുന്നു.ഒരു പ്രത്യേക രീതി പിന്തുടര്‍ന്ന കുറ്റകൃത്യങ്ങള്‍ ആയിരുന്നു അവ.ഏകയായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആയിരുന്നു അയാളുടെ സ്ഥിരം ഇരകള്‍.അലന്‍ ഉപയോഗിച്ചിരുന്ന 9 mm Beretta തിരകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പലയിടത്തായി നടന്ന ഈ കുറ്റകൃത്യങ്ങളില്‍ സമാനമായ വസ്തുതകള്‍ ഉണ്ടെന്നു മനസ്സിലാക്കുവാന്‍ സഹായിച്ചു.വെടി ഉതിര്‍ക്കുമ്പോള്‍ തന്‍റെ ഇരയുടെ മുഖത്തിന്‌ നേരെ നോക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും ഉന്നം തെറ്റി അവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.ചിത്രത്തില്‍ അലന്റെ കഥാപാത്രം ആയ ഫ്രാങ്ക് ഒരിക്കല്‍ പറയുന്നുണ്ട് "അടുത്ത തവണ ഹൃദയത്തിലേക്ക്പ തന്നെ താന്‍ നിറയൊഴിക്കും എന്ന്ത".കൊലപാതകി തന്നെ കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന വിരോധാഭാസം കൊണ്ട് തന്നെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴികളില്‍ നിന്നും രൂപപ്പെടുത്തിയ രേഖാ ചിത്രങ്ങള്‍ അലനോട് സാദൃശ്യം ഉണ്ടായിട്ട് പോലും അയാളുടെ സ്വഭാവത്തില്‍ ഉള്ള മതിപ്പ് കാരണം ആരും ശ്രദ്ധിച്ചില്ല എന്നതും ശ്രദ്ധേയം ആയ ഒരു കാര്യമാണ്.ചിത്രത്തില്‍ ഒരു രംഗം ഉണ്ട് തന്‍റെ മുഖത്തോട് സാദൃശ്യം ഉള്ള രേഖാ ചിത്രവും ആയി അന്വേഷണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും കയറി "ഇയാളെ അറിയാമോ?" എന്ന് ചോദിക്കുന്നു.ചിലര്‍ക്കെങ്കിലും "ഇത് താന്‍ തന്നെ അല്ലെ" എന്ന് ചോദിക്കണം എന്ന് തോന്നിയിട്ട് പോലും ഉണ്ടാകാം.എന്നാല്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനോട് അങ്ങനെ ചോദിയ്ക്കാന്‍ ഉള്ള വിമുഖത പലരിലും ഉണ്ടായിരുന്നിരിക്കാം.തന്‍റെ ജോലി അയാളെ ഒരു പരിധി വരെ രക്ഷിച്ചിരുന്നു എന്നതും സത്യം ആണ്.

     അലന്റെ കുറ്റകൃത്യങ്ങള്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് സിനിമ ആക്കിയപ്പോള്‍ അലന്‍ എന്ന പേര് ഫ്രാങ്ക് ആയി മാറി.സെട്രിക്അന്ജെര്‍ സംവിധാനം ചെയ്ത "Next Time I'll Aim For The Heart", അലന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലേക്ക് ഉള്ള ഒരു എത്തി നോട്ടം കൂടി ആയി മാറുന്നു.താന്‍ എന്താണ് എന്ന് സ്വയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട വ്യക്തിത്വം ആയിരുന്നു അയാളുടെ.പ്രകടമായിരുന്നു ഈ സ്വഭാവ വൈചിത്ര്യം.പ്രത്യേകിച്ചും സ്ത്രീകളോട് അയാള്‍ക്ക്‌ ഉണ്ടായിരുന്ന സമീപനം.നല്ല കുടുംബം,ജോലി എന്നിവ ഉണ്ടായിരുന്നിട്ടു കൂടി തന്‍റെ ലൈംഗികാഭിമുഖ്യം എന്താണ് എന്നറിയാതെ അയാള്‍ കുഴങ്ങിയിരുന്നു.ചിത്രത്തില്‍ പലപ്പോഴും ഒരു സ്വവര്‍ഗാനുരാഗി ആണോ അയാള്‍ എന്ന സംശയം പോലും അയാള്‍ക്ക്‌ ഉണ്ടായിരുന്നതായി അവതരിപ്പിക്കുന്നുണ്ട്.സ്ത്രീകളെ സ്നേഹിക്കാന്‍ അയാളുടെ മനസ്സ് പലപ്പോഴും സമ്മതിക്കുന്നില്ലയിരുന്നു.അയാള്‍ക്ക്‌ പ്രണയം തോന്നിയ സോഫിയയോട് പോലും മുടിയിഴകള്‍ ചീപ്പില്‍ കാണുമ്പോള്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന വെറുപ്പ്‌ അയാളുടെ സ്വഭാവ വൈചിത്ര്യത്തിനു നല്ല ഒരു ഉദാഹരണം ആണ്.ആ സംഭവം കാരണം അയാള്‍ സോഫിയയെ അവളോട്‌ പറയാതെ ഉപേക്ഷിക്കാന്‍ കാരണം ആകുന്നു.

   ഉന്നത ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ പോലും പോലീസ് വിഭാഗത്തില്‍ ഉണ്ടായിരുന്നവരിലേക്ക് നീണ്ട സംശയത്തിന്‍റെ മുനകള്‍ കൃത്യം നടന്ന സമയത്ത് ഫ്രാങ്കിനെ തങ്ങളോടൊപ്പം കാണുന്നില്ല എന്ന വസ്തുതയും ആയി കൂട്ടി വായിച്ചപ്പോള്‍ ആണ് കേസിന് നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുന്നത്.അറസ്റ്റില്‍ ആയെങ്കിലും പ്രതിക്ക്  "Schizophrenia" ആണെന്ന കാരണത്താല്‍ കോടതി അയാളെ കുറ്റ  വിമുക്തന്‍ ആക്കി ജീവിതക്കാലം മുഴുവന്‍ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയാന്‍ വിധിക്കുക ഉണ്ടായി."വാസിലെ കൊലപാതകി " എന്ന് അറിയപ്പെട്ടിരുന്ന അലന്റെ കഥ പ്രമേയം ആക്കി സിനിമകള്‍ പിന്നീട് വന്നിട്ടുണ്ട്.കേസന്വേഷണം നടത്തുന്ന കുറ്റവാളി എന്ന കഥാപാത്രം അലനെ കേന്ദ്രീകരിച്ചു ആയിരുന്നു അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്.

   കുറ്റവാളികള്‍ ആയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ള ഏറ്റവും വലിയ രക്ഷാകവചം അവരുടെ ജോലിയില്‍ നിന്നും ലഭിക്കുന്ന സമൂഹത്തിലെ ഉന്നത സ്ഥാനം ആണ്.കാലിക പ്രസക്തി ഉള്ള പ്രമേയം ആണ് ഈ ചിത്രം എന്നുള്ളത് സേനാവിഭാഗങ്ങളില്‍ നിന്നും തന്നെ ഉള്ളവര്‍ പ്രതികള്‍ ആയി വരുമ്പോള്‍ നമ്മളെ ഓര്‍മപ്പെടുത്തുന്നു.ഒരാളുടെ മനസ്സില്‍ ഉള്ള കുറ്റ കൃത്യങ്ങളോട് ഉള്ള ആഭിമുഖ്യം മാത്രം ആണ് അയാളെ ക്രൂരതയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തന്‍ ആക്കുന്നത്.അയാളുടെ സമൂഹത്തില്‍ ഉള്ള സ്ഥാനമാനങ്ങള്‍ ഒന്നും അതില്‍ വരുന്നില്ല.സേനാവിഭാഗങ്ങളില്‍ കൂടി വരുന്ന കുറ്റവാളികളുടെ കാര്യവും ഇത് തന്നെ.ഇവിടെ അലന് തന്‍റെ മാനസിക പ്രശ്നങ്ങള്‍ വച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ന്യായീകരണം പറയാമയിരുന്നെങ്കില്‍ പോലും മറ്റുള്ളവരുടെ അവസ്ഥയും അത് തന്നെ ആണോ എന്നുള്ളതും പരിശോധിക്കേണ്ടത് ആണ്.

http://www.mathrubhumi.com/crime-beat/crime-flick/crimenews-1.1858924

Friday, 7 April 2017

738.ELEVATOR TO THE GALLOWS(FRENCH,1958)

738.ELEVATOR TO THE GALLOWS(FRENCH,1958),|Crime|Thriller|,Dir:-Louis Malle,*ing:-Jeanne Moreau, Maurice Ronet, Georges Poujouly .


   "If you want to kill someone, you'd better pull off a perfect crime. Our security lies in the fact that that's damnably hard to do." .

  പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ആയ ക്ലോഡ് ലെലോയുടെ "Perfect Crime" നെ കുറിച്ചുള്ള പ്രശസ്തമായ വാക്കുകള്‍  ആണിത്.ഒരാളെ കൊല്ലണം  എങ്കില്‍ പൂര്‍ണത ഉള്ള ഒരു കൊലപാതകം ചെയ്യുക എന്നത് ആയിരിക്കും  ഓരോ കൊലയാളിയുടെയും ലക്‌ഷ്യം.നിയമത്തിന്റെ കണ്ണില്‍ അയാള്‍ തെറ്റുകാരന്‍ ആകുന്നതു വരെ അത് ഒരു പരിപൂര്‍ണ വിജയം ആയ കുറ്റകൃത്യം ആയി മാറുന്നു.എന്നാല്‍ പലപ്പോഴും കുറ്റകൃത്യം ചെയ്ത ആള്‍ ബാക്കി വയ്ക്കുന്ന ചെറിയ ഒരു അശ്രദ്ധ മതിയാകുംഅയാളുടെ പ്രവൃത്തിക്ക് കളങ്കം ചാര്‍ത്താന്‍.മനുഷ്യനാല്‍ ഏറെക്കുറെ അസാധ്യം ആയ ഒന്നാണെന്ന് പറയാം തെളിവില്ലാതെ ഒരു കുറ്റകൃത്യം ചെയ്യുക എന്നത്."Elevator To the Gallows " എന്ന ഫ്രഞ്ച് ചലച്ചിത്രം പ്രതിനിധീകരിക്കുന്നത് ഇത്തരം സങ്കീര്‍ണം ആയ ആശയത്തെ ആണ്;ഒപ്പം അതിന്റെ പാളിച്ചകളെയും.

 
   ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.ഫ്ലോറന്‍സ് കരാല ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നും തന്‍റെ കാമുകന്‍ ആയ ജൂലിയനും  ആയുള്ള സംഭാഷണത്തിലാണ്.വൈകിട്ട് അവര്‍ തമ്മില്‍ കാണാം എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ ക്രൂരമായ ഒരു കൊലപാതകത്തിന് അരങ്ങൊരുങ്ങുന്നു.ഫ്ലോരന്സിന്റെ ഭര്‍ത്താവും പ്രശസ്ത ആയുധ വ്യാപാരിയും ആയ കരാലയെ അന്ന് ജൂലിയന്‍ കൊല ചെയ്യാന്‍ തീരുമാനിക്കുന്നു.ജൂലിയന്‍ കരാലയുടെ വിശ്വസ്തനായ ജോലിക്കാരന്‍ ആണ്.സൈനിക സേവനം അനുഷ്ഠിച്ച ജൂലിയന്  ആത്മഹത്യ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കൃത്യം നടത്താന്‍ സാധിക്കുന്നു.ഓഫീസില്‍ വച്ച് കൊല നടത്തിയതിനു ശേഷം ജൂലിയന്‍ തന്‍റെ കാറിന്റെ അടുക്കലേക്കു പോകുന്നു.

   ചിത്രത്തിന്‍റെ നേരത്തെ സൂചിപ്പിച്ച അപ്രതീക്ഷിതം ആയ "അശ്രദ്ധ" ഇവിടെ ആരംഭിക്കുന്നു.കൊലപാതകം നടത്താന്‍ വേണ്ടി കരാലയുടെ ഓഫീസിലേക്ക് കയറാന്‍ ജൂളിയനെ സഹായിച്ച കയര്‍ അയാള്‍ അവിടെ നിന്നും മാറ്റാന്‍ മറന്നു പോയി.ഒരു വലിയ അശ്രദ്ധ തന്നെ ആയിരുന്നു അത്.ഒരു പക്ഷെ ഒരിക്കലും തെളിയാതെ പോകുമായിരുന്ന കേസില്‍ പ്രധാന ഭാഗം ആ കയറിനു കൈ വരുന്നു.തന്‍റെ കാറില്‍ ഇരുന്നു കൊണ്ട് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ ആടുന്ന ആ കയര്‍ കണ്ട ജൂലിയന്‍ അതെടുക്കാന്‍ ആയി വെപ്രാളത്തില്‍ തിരിച്ചു കയറുന്നു.ഓഫീസിലെ ലിഫ്റ്റില്‍ കയറിയ ജൂലിയന്റെ വിധി അവിടെ മാറുന്നു.ഓഫീസ് അടയ്ക്കാന്‍ നേരം വൈദ്യുതി നിലയ്ക്കുമ്പോള്‍ അയാള്‍ അവിടെ അകപ്പെട്ടു പോകുന്നു.പുറത്തിറങ്ങാന്‍ ഒരു വഴിയും ഇല്ലാതെ ആയ ജൂലിയന്‍ അവിടെ അകപ്പെടുന്നു."തൂക്കു കയറിലേക്ക് ഉള്ള അയാളുടെ യാത്ര അവിടെ ആരംഭിക്കുന്നു".

     ഇനി ഇതിനു സമാന്തരം ആയി മറ്റൊരു കഥ കൂടി നടക്കുന്നു.ജൂലിയന്റെ വിലപ്പിടിപ്പ് ഉള്ള കാറില്‍ ആകൃഷ്ടന്‍ ആയ ചെറിയ കുറ്റകൃത്യങ്ങളും ആയി നടക്കുന്ന ലൂയിസും അവന്റെ കാമുകി വെറോനിക്കയും ആ കാര്‍ മോഷ്ടിച്ച് യാത്ര തുടങ്ങുന്നു.ഒരു പക്ഷെ പിടിക്കപ്പെടും  എന്ന ഉറപ്പു ഉണ്ടായിരുന്നിട്ടു കൂടി അത്ര വിലപ്പിടിപ്പ് ഉള്ള കാറില്‍ യാത്ര ചെയ്യാന്‍ ഉള്ള അവരുടെ ആഗ്രഹം ആയിരുന്നു അവരെ കൊണ്ട് അത് ചെയ്യിച്ചത്.അവരുടെ യാത്രയില്‍ കണ്ടു മുട്ടുന്ന ബെന്ക്കര്‍-ഫ്രീഡ ദമ്പതികളും ആയി അവര്‍ ചങ്ങതത്തില്‍ ആകുന്നു.ലൂയിസിന്‍റെ പേര് മാറ്റി ജൂലിയന്‍ എന്ന പേരാണ് അവര്‍ അവിടെ ഉപയോഗിച്ചത്.എന്നാല്‍ അന്ന് നടന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവസാനിക്കുന്നത്‌  ബെന്ക്കര്‍-ഫ്രീഡ ദമ്പതികളുടെ കൊലപാതകത്തില്‍ ആയിരുന്നു.ജൂലിയന്റെ കാര്‍ അവിടെ ഉപേക്ഷിച്ച്  ലൂയിസും വെറോനിക്കയും മരണപ്പെട്ടവരുടെ കാറില്‍ തിരിച്ചു എത്തുന്നു.തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തിന് ശിക്ഷ ലഭിക്കും എന്ന് ഭയന്ന അവര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു.

     പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പുള്ള ചിത്രത്തിന്റെ കഥ ഇതാണ്.നേരിട്ട് പരിചയം ഇല്ലാത്ത വ്യക്തികള്‍ ചെയ്യുന്ന 3 കൊലപാതകങ്ങള്‍.എന്നാല്‍ ജിഗ്സോ പസിലില്‍ ചേര്‍ത്ത് വയ്ക്കുന്ന പരസ്പര പൂരകങ്ങള്‍ ആയ  വിടവുകള്‍ പോലെ അവരുടെ ഇടയില്‍ ഒരു ബന്ധം ഉണ്ട്.അന്ന് ഈ മൂന്നു പേരുടെയും അവസ്ഥയ്ക്ക് പ്രധാന കഥാപാത്രം ആയ കാര്‍.മോട്ടലില്‍ കൊലപാതക സമയത്ത് ഉപയോഗിച്ച കാര്‍ ജൂലിയനെ ബെന്ക്കര്‍-ഫ്രീഡ ദമ്പതികളുടെ കൊലയാളി ആയി മാറ്റുന്നു.അവിടെ അവര്‍ ഉപയോഗിച്ച പേരും ജൂലിയന്‍ എന്നായിരുന്നു.ജൂലിയന്‍ ചെയ്യാത്ത കുറ്റകൃത്യത്തില്‍ അയാള്‍ പ്രതിയാകുന്നു.അയാള്‍ പിറ്റേദിവസം  ലിഫ്റ്റില്‍ നിന്നും പുറത്തു വരുമ്പോള്‍ പോലീസ് പിടിയില്‍ ആകുന്നു.

  ആത്മഹത്യക്ക് ശ്രമിച്ച ലൂയിസിനെയും വെറോനിക്കയെയും ഫ്ലോറന്‍സ് കണ്ടെത്തുന്നു.തലേ ദിവസം രാത്രി തന്‍റെ കാമുകന്റെ ഒപ്പം എത്തി ചേരാന്‍ കൊതിച്ച ഫ്ലോറന്‍സ് ജൂലിയന്റെ കാറില്‍ യാത്ര ചെയ്യുന്ന വെറോനിക്കയെ കണ്ടു ഇടയ്ക്ക് തെറ്റിദ്ധരിക്കുന്നുണ്ട്.എന്നാല്‍ മോട്ടലില്‍ നടന്ന കൊലപാതകത്തിന്റെ പിന്നില്‍ ഉള്ള രഹസ്യം അറിയാന്‍ ഉള്ള അവരുടെ ത്വര ആണ് അവളെ അവിടെ എത്തിക്കുന്നത്.ഇവിടെ ആണ് അടുത്ത തെളിവ് വില്ലന്‍ ആകുന്നതു.ജൂലിയന്റെ പോക്കറ്റ് ക്യാമറ.കരാലയുടെ മരണം ആത്മഹത്യ ആണെന്ന് കരുതിയ പോലീസിനു അടുത്ത പിടി വള്ളി ആയി അത് മാറുന്നു.ആ ഫോട്ടോയില്‍ കണ്ടെത്തുന്ന തെളിവുകളോടെ ചിത്രം അവസാനിക്കുന്നു.നേരത്തെ പൂരിപ്പിക്കാന്‍ കഴിയാതെ ഇരുന്ന സമസ്യ അവിടെ തീരുന്നു.ഒരു പക്ഷെ തെളിവുകളുടെ അഭാവത്തില്‍ ജൂലിയനും,ലൂയിസ്-വെറോണിക്ക എന്നിവര്‍ക്കും ഒപ്പം ഈ കേസുകളില്‍ വരാന്‍ സാധ്യത പോലും ഇല്ലാതിരുന്ന ഫ്ലോറന്‍സ് പോലും അവിടെ അകപ്പെടുന്നു.,


  ഇവിടെ വിധി മാറുന്നത് അവസാനം 4 വ്യക്തികളുടെ ആണ്.കുറ്റകൃത്യം ചെയ്യുമ്പോള്‍ അവര്‍ വിചാരിക്കുന്നത് തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുക ഇല്ല എന്ന് തന്നെ ആണ്.ആത്മഹത്യക്ക് ശ്രമിച്ച ലൂയിസും വെറോനിക്കയും പോലുംചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അങ്ങനെ തന്നെ കരുതി.എന്നാല്‍ "ദൈവത്തിന്റെ കരങ്ങള്‍" എന്ന് വിശേഷിക്കപ്പെടുന്ന നിര്‍ണായക തെളിവുകള്‍,അത് ഒളിപ്പിച്ചു വയ്ക്കാന്‍ തക്ക കഴിവ് ഓരോരുത്തരുടെയും പ്രവൃത്തികളുടെ ശേഷിപ്പുകള്‍ ആയി ചുറ്റും ഉണ്ട് എന്നതാണ് ഒരു വസ്തുത.തങ്ങളുടെ ബാക്കി ഉള്ള ജീവിതത്തില്‍ വര്‍ഷങ്ങള്‍ ഇരുട്ട് മുറിയില്‍ പകല്‍ എന്നോ രാത്രി  എന്നോ അറിയാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന അവരുടെ വിധിയിലേക്ക് നയിച്ച കാര്യങ്ങള്‍ ഒരു സിനിമ എന്ന നിലയില്‍ ആസ്വദിച്ചു തന്നെ കാണണം.യാഥാസ്ഥിക കൊലപാതക ചിത്രങ്ങളില്‍ നിന്നും മാറി കഥാപാത്രങ്ങളില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതം ആയ സംഭവങ്ങളിലൂടെ പോകുന്ന ചിത്രത്തിലെ പല രംഗങ്ങളും ഊഹിക്കവുന്നതിന്റെ അപ്പുറം ആണ്.അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ ഈ ചിത്രം അവതരിപ്പിച്ചാല്‍ പോലും സുപ്രധാനം ആയി മാറുന്ന തെളിവുകള്‍ അവരെ തേടി എത്തുന്നതായി കാണാം.

  ഒരു ബ്ലാക്ക് & വൈറ്റ് ചിത്രം എന്ന നിലയില്‍ അവഗണിക്കണ്ട ചിത്രം അല്ല Elevator of the Gallows.കാരണം ഇതിലെ വര്‍ണമില്ലായ്മ കൂട്ടിച്ചേര്‍ക്കുന്നത് പ്രേക്ഷകനില്‍ സങ്കീര്‍ണം എന്ന് തോന്നിപ്പിക്കുന്ന കൊലപതങ്ങളിലെ തീക്ഷണതയിലേക്ക് ആണ്.ഫ്രഞ്ച് സിനിമകളില്‍ മാറ്റത്തിന്റെ അലയടികള്‍ തുടങ്ങിയ സമയത്ത് അവതരിപ്പിച്ച ഈ ചിത്രം ഇന്നത്തെ പരിതസ്ഥിതികളില്‍ പോലും പുതുമയേറിയ വിഷയം ആണ്.കാമുകന്‍/കാമുകിയും  ആയി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവ്/ഭാര്യയെ കൊല്ലുന്ന എത്രയോ കേസുകള്‍ മിക്കപ്പോഴും വായിക്കുന്നു മാധ്യമങ്ങളിലൂടെ.ആ കുറ്റകൃത്യങ്ങളില്‍ എല്ലാം ഇത് പോലെ തന്നെ അശ്രദ്ധമായ തെളിവുകള്‍ പടര്‍ന്നു കിടക്കുന്നുണ്ടാകാം.എത്ര മറച്ചാലും ഒളിച്ചാലും കുറ്റാന്വേഷണ സമയത്ത് അപ്രതീക്ഷിതമായി വരുന്ന തെളിവുകള്‍.Elevator to the Gallows ലെ കാറും,ക്യാമറയും പോലെ.


More movie suggestions @www.movieholicviews.blogspot.ca