Pages

Monday, 17 April 2017

739.NEXT TIME I'LL AIM FOR THE HEART(FRENCH,2014)

739.NEXT TIME I'LL AIM FOR THE HEART(FRENCH,2014),|Crime|Drama|,Dir:-Cédric Anger,*ing:-Guillaume Canet, Ana Girardot, Jean-Yves Berteloot


         "അലന്‍ ലമേര്‍" 1978 മുതല്‍ 1979 വരെ ഉള്ള ഒരു വര്‍ഷക്കാലം ഫ്രഞ്ച് ജനതയെ ഭീതിയിലാഴ്ത്തിയ കൊലയാളി ആയിരുന്നു.ഇതിലെ പ്രധാനപ്പെട്ട വസ്തുത അയാള്‍ ഒരു Gendarme (സൈനിക വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍) ആയിരുന്നു എന്നതായിരുന്നു.സ്ത്രീകളെ  മോഷ്ടിച്ച കാറുകളില്‍ കയറ്റി കൊണ്ട് പോയി വെടി വച്ച് കൊല്ലാന്‍ ശ്രമിക്കുന്ന കൊലയാളിയെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരും കഷ്ടപ്പെട്ടൂ.ഈ  സംഭവങ്ങള്‍ക്കിടയില്‍ നടന്ന ഒരു അപകടം പോലീസിനോടൊപ്പം സേന വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസും അന്വേഷണത്തില്‍ പങ്കാളികള്‍ ആകുന്നു.കൊലയാളി ആയ അലന്‍ അന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ അയാളെ ഒരു പരിധി കുറ്റവാളി എന്ന് മുദ്ര കുത്തുന്നതില്‍ നിന്നും രക്ഷിച്ചിരുന്നു.തന്‍റെ കൃത്യങ്ങള്‍ക്കിടയില്‍ അയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തിരുന്ന കുറിപ്പുകളില്‍ നിന്നും അയാള്‍ ഒരു Gendarme ആണെന്നുള്ള സൂചന ലഭിച്ചിരുന്നു.

   എന്നാല്‍ സേന വിഭാഗത്തിന് വരുത്താവുന്ന നാണക്കേട്‌ കാരണം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആ സംശയങ്ങള്‍ക്ക് കാത് കൊടുത്തില്ല.അലന്റെ കുറ്റകൃത്യങ്ങള്‍ എല്ലാം ഒരേ തരത്തില്‍ ഉള്ളവ ആയിരുന്നു.ഒരു പ്രത്യേക രീതി പിന്തുടര്‍ന്ന കുറ്റകൃത്യങ്ങള്‍ ആയിരുന്നു അവ.ഏകയായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആയിരുന്നു അയാളുടെ സ്ഥിരം ഇരകള്‍.അലന്‍ ഉപയോഗിച്ചിരുന്ന 9 mm Beretta തിരകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പലയിടത്തായി നടന്ന ഈ കുറ്റകൃത്യങ്ങളില്‍ സമാനമായ വസ്തുതകള്‍ ഉണ്ടെന്നു മനസ്സിലാക്കുവാന്‍ സഹായിച്ചു.വെടി ഉതിര്‍ക്കുമ്പോള്‍ തന്‍റെ ഇരയുടെ മുഖത്തിന്‌ നേരെ നോക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും ഉന്നം തെറ്റി അവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.ചിത്രത്തില്‍ അലന്റെ കഥാപാത്രം ആയ ഫ്രാങ്ക് ഒരിക്കല്‍ പറയുന്നുണ്ട് "അടുത്ത തവണ ഹൃദയത്തിലേക്ക്പ തന്നെ താന്‍ നിറയൊഴിക്കും എന്ന്ത".കൊലപാതകി തന്നെ കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന വിരോധാഭാസം കൊണ്ട് തന്നെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴികളില്‍ നിന്നും രൂപപ്പെടുത്തിയ രേഖാ ചിത്രങ്ങള്‍ അലനോട് സാദൃശ്യം ഉണ്ടായിട്ട് പോലും അയാളുടെ സ്വഭാവത്തില്‍ ഉള്ള മതിപ്പ് കാരണം ആരും ശ്രദ്ധിച്ചില്ല എന്നതും ശ്രദ്ധേയം ആയ ഒരു കാര്യമാണ്.ചിത്രത്തില്‍ ഒരു രംഗം ഉണ്ട് തന്‍റെ മുഖത്തോട് സാദൃശ്യം ഉള്ള രേഖാ ചിത്രവും ആയി അന്വേഷണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും കയറി "ഇയാളെ അറിയാമോ?" എന്ന് ചോദിക്കുന്നു.ചിലര്‍ക്കെങ്കിലും "ഇത് താന്‍ തന്നെ അല്ലെ" എന്ന് ചോദിക്കണം എന്ന് തോന്നിയിട്ട് പോലും ഉണ്ടാകാം.എന്നാല്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനോട് അങ്ങനെ ചോദിയ്ക്കാന്‍ ഉള്ള വിമുഖത പലരിലും ഉണ്ടായിരുന്നിരിക്കാം.തന്‍റെ ജോലി അയാളെ ഒരു പരിധി വരെ രക്ഷിച്ചിരുന്നു എന്നതും സത്യം ആണ്.

     അലന്റെ കുറ്റകൃത്യങ്ങള്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് സിനിമ ആക്കിയപ്പോള്‍ അലന്‍ എന്ന പേര് ഫ്രാങ്ക് ആയി മാറി.സെട്രിക്അന്ജെര്‍ സംവിധാനം ചെയ്ത "Next Time I'll Aim For The Heart", അലന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലേക്ക് ഉള്ള ഒരു എത്തി നോട്ടം കൂടി ആയി മാറുന്നു.താന്‍ എന്താണ് എന്ന് സ്വയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട വ്യക്തിത്വം ആയിരുന്നു അയാളുടെ.പ്രകടമായിരുന്നു ഈ സ്വഭാവ വൈചിത്ര്യം.പ്രത്യേകിച്ചും സ്ത്രീകളോട് അയാള്‍ക്ക്‌ ഉണ്ടായിരുന്ന സമീപനം.നല്ല കുടുംബം,ജോലി എന്നിവ ഉണ്ടായിരുന്നിട്ടു കൂടി തന്‍റെ ലൈംഗികാഭിമുഖ്യം എന്താണ് എന്നറിയാതെ അയാള്‍ കുഴങ്ങിയിരുന്നു.ചിത്രത്തില്‍ പലപ്പോഴും ഒരു സ്വവര്‍ഗാനുരാഗി ആണോ അയാള്‍ എന്ന സംശയം പോലും അയാള്‍ക്ക്‌ ഉണ്ടായിരുന്നതായി അവതരിപ്പിക്കുന്നുണ്ട്.സ്ത്രീകളെ സ്നേഹിക്കാന്‍ അയാളുടെ മനസ്സ് പലപ്പോഴും സമ്മതിക്കുന്നില്ലയിരുന്നു.അയാള്‍ക്ക്‌ പ്രണയം തോന്നിയ സോഫിയയോട് പോലും മുടിയിഴകള്‍ ചീപ്പില്‍ കാണുമ്പോള്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന വെറുപ്പ്‌ അയാളുടെ സ്വഭാവ വൈചിത്ര്യത്തിനു നല്ല ഒരു ഉദാഹരണം ആണ്.ആ സംഭവം കാരണം അയാള്‍ സോഫിയയെ അവളോട്‌ പറയാതെ ഉപേക്ഷിക്കാന്‍ കാരണം ആകുന്നു.

   ഉന്നത ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ പോലും പോലീസ് വിഭാഗത്തില്‍ ഉണ്ടായിരുന്നവരിലേക്ക് നീണ്ട സംശയത്തിന്‍റെ മുനകള്‍ കൃത്യം നടന്ന സമയത്ത് ഫ്രാങ്കിനെ തങ്ങളോടൊപ്പം കാണുന്നില്ല എന്ന വസ്തുതയും ആയി കൂട്ടി വായിച്ചപ്പോള്‍ ആണ് കേസിന് നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുന്നത്.അറസ്റ്റില്‍ ആയെങ്കിലും പ്രതിക്ക്  "Schizophrenia" ആണെന്ന കാരണത്താല്‍ കോടതി അയാളെ കുറ്റ  വിമുക്തന്‍ ആക്കി ജീവിതക്കാലം മുഴുവന്‍ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയാന്‍ വിധിക്കുക ഉണ്ടായി."വാസിലെ കൊലപാതകി " എന്ന് അറിയപ്പെട്ടിരുന്ന അലന്റെ കഥ പ്രമേയം ആക്കി സിനിമകള്‍ പിന്നീട് വന്നിട്ടുണ്ട്.കേസന്വേഷണം നടത്തുന്ന കുറ്റവാളി എന്ന കഥാപാത്രം അലനെ കേന്ദ്രീകരിച്ചു ആയിരുന്നു അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്.

   കുറ്റവാളികള്‍ ആയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ള ഏറ്റവും വലിയ രക്ഷാകവചം അവരുടെ ജോലിയില്‍ നിന്നും ലഭിക്കുന്ന സമൂഹത്തിലെ ഉന്നത സ്ഥാനം ആണ്.കാലിക പ്രസക്തി ഉള്ള പ്രമേയം ആണ് ഈ ചിത്രം എന്നുള്ളത് സേനാവിഭാഗങ്ങളില്‍ നിന്നും തന്നെ ഉള്ളവര്‍ പ്രതികള്‍ ആയി വരുമ്പോള്‍ നമ്മളെ ഓര്‍മപ്പെടുത്തുന്നു.ഒരാളുടെ മനസ്സില്‍ ഉള്ള കുറ്റ കൃത്യങ്ങളോട് ഉള്ള ആഭിമുഖ്യം മാത്രം ആണ് അയാളെ ക്രൂരതയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തന്‍ ആക്കുന്നത്.അയാളുടെ സമൂഹത്തില്‍ ഉള്ള സ്ഥാനമാനങ്ങള്‍ ഒന്നും അതില്‍ വരുന്നില്ല.സേനാവിഭാഗങ്ങളില്‍ കൂടി വരുന്ന കുറ്റവാളികളുടെ കാര്യവും ഇത് തന്നെ.ഇവിടെ അലന് തന്‍റെ മാനസിക പ്രശ്നങ്ങള്‍ വച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ന്യായീകരണം പറയാമയിരുന്നെങ്കില്‍ പോലും മറ്റുള്ളവരുടെ അവസ്ഥയും അത് തന്നെ ആണോ എന്നുള്ളതും പരിശോധിക്കേണ്ടത് ആണ്.

http://www.mathrubhumi.com/crime-beat/crime-flick/crimenews-1.1858924

No comments:

Post a Comment