Pages

Friday 9 October 2015

512.SLEEPLESS NIGHT(FRENCH,2011)

512.SLEEPLESS NIGHT(FRENCH,2011),|Thriller|Crime|,Dir:- Frédéric Jardin,*ing:-Tomer Sisley, Serge Riaboukine, Julien Boisselier .

ഏതാനും മണിക്കൂറില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ആണ് Sleepless Night .പോലീസുകാരന്‍ ആയ വിന്‍സെന്റ്‌ മറ്റൊരു പോലീസുകാരന്‍ ആയ മാനുവലും ഒരുമിച്ചു നടത്തുന്ന മയക്കുമരുന്ന് മോഷണം ആണ് ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്‌.മാര്‍സിയാനോ എന്ന മാഫിയ തലവന്‍റെ കൂട്ടാളികളുടെ കയ്യില്‍ നിന്നും മയക്കു മരുന്ന് തട്ടി എടുക്കാന്‍ ഉള്ള ശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.വിന്‍സെന്റും ആ ശ്രമത്തിനിടയില്‍ അപകടപ്പെടുന്നു.പരുക്കുമായി വീട്ടില്‍ എത്തിയ വിന്‍സെന്റിനെ കാത്തിരുന്നത് അയാളുടെ മകന്‍ തോമസ്‌ മാത്രം ആയിരുന്നു.തോമസിന്റെ അമ്മ ജൂലിയ അയാളെ ഉപേക്ഷിച്ചു പോയിരുന്നു.

  പകല്‍ വെളിച്ചത്തില്‍ നടന്ന ആ മോഷണ ശ്രമത്തിനു ഉത്തരവാദികളെ തിരിച്ചറിഞ്ഞ മാര്‍സിയാനോ തോമസിനെ തട്ടി കൊണ്ട് പോകുന്നു.മയക്കുമരുന്ന് തിരിച്ചു ഏല്‍പ്പിച്ചാല്‍ മകനെ വിട്ടു നല്‍കാം എന്ന് അയാള്‍ വിന്‍സെന്‍റിനെ അറിയിക്കുന്നു.മകനെ എങ്ങനെ എങ്കിലും രക്ഷിക്കാന്‍ തീരുമാനിച്ച വിന്‍സെന്റ്‌ മാനുവലിന്റെ അടുക്കല്‍ ചെന്ന് ആ ബാഗ് എടുത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നു.എന്നാല്‍ തനിക്കു പണത്തിന്റെ ആവശ്യം ഉണ്ടെന്നു പറഞ്ഞു മാനുവല്‍ എതിര്‍ക്കുന്നു.എങ്കിലും വിന്‍സെന്റ്‌ എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് തോമസിനെ രക്ഷിക്കാനായി മാര്‍സിയനോയുടെ പബ്ബിലേക്ക് പോകുന്നു.അവിടെ ഒരു ടോയിലറ്റിന്റെ മുകളില്‍ ഒളിപ്പിച്ചു വച്ച ബാഗുമായി അയാള്‍ മാര്‍സിയാനോയെ കാണാന്‍ പോകുന്നു.

  എന്നാല്‍ വിന്‍സെന്റ്‌ അറിയാതെ അയാളെ പിന്തുടരുന്നവര്‍ ഉണ്ടായിരുന്നു.അവര്‍ വിന്‍സെന്റ്‌ പ്ലാന്‍ ചെയ്ത സംഭവങ്ങളെ അട്ടിമറിക്കുന്നു.വിന്‍സെന്റിന്റെയും ഒപ്പം മകന്‍ തോമസിന്റെയും ജീവന്‍ അപകടത്തില്‍ ആകുന്നു.പിന്നീട് നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ഫ്രഞ്ച് ചിത്രം അവതരിപ്പിക്കുന്നത്‌.സിനിമ ഏറെ കുറെയും മാര്‍സിയാനോയുടെ പബ്ബില്‍ ആണ് നടക്കുന്നത്.മകനെ കണ്ടെത്താന്‍ ഉള്ള ശ്രമവുമായി വിന്‍സെന്റ്‌ ഒരു വശത്തും മയക്കു മരുന്ന് കച്ചവടക്കാര്‍ മറു വശത്തും നില്‍ക്കുമ്പോള്‍ മറ്റൊരു എതിരാളി കൂടി അവരെ കാത്തിരിക്കുന്നു.പൂര്‍ണമായും ഒരു ത്രില്ലര്‍ ചിത്രം ആണ് Sleepless Night എന്ന് പറയാം.സിനിമയുടെ അവസാന ഭാഗം വരെ പ്രേക്ഷകന് ആകാംക്ഷ നല്‍കുന്ന രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  ഈ ചിത്രം തമിഴില്‍ കമല്‍ഹാസന്‍ നായകനായി "തൂങ്കാവനം" എന്ന പേരില്‍ ഒഫീഷ്യല്‍ റീമേക്ക് ആയി ഇറങ്ങുന്നുണ്ട്.

  More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment